ആര്‍എസ്എസിന്റെ രൂപീകരണവും മലബാര്‍ സമരവും

Reading Time: 3 minutes

മലബാർ സമരവും ആർ എസ് എസ് രൂപീകരണവും തമ്മിൽ ബന്ധമുണ്ടോ?
ആര്‍എസ്എസ് ഔപചാരികമായി രൂപീകരിച്ചത് 1925ലാണ്. അതേസമയം ആര്‍എസ്എസിന്റെ വേരുകള്‍ ഇന്ത്യന്‍ ജാതി മേല്‍ക്കോയ്മയിലാണ് ആഴ് ന്നുകിടക്കുന്നത്. അതായത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് പുറകില്‍ നിന്നുവേണം ആര്‍എസ്എസിന്റെ രൂപീകരണം പഠിക്കാന്‍. അതിനുപകരം 1925ലാണ് ആര്‍എസ്എസ് യഥാര്‍ഥത്തില്‍ രൂപംകൊണ്ടത് എന്ന് കരുതുന്നവരാണ് അതിന്റെ രൂപീകരണത്തെ 1921മായി കൃത്രിമമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ആശ്ലേഷിക്കുക എന്നതിനു പകരം അകറ്റുക എന്നതാണ് ജാതിമേല്‍ക്കോയ്മയുടെ മൗലികമായ തത്വം. അതായത് ജാതിമേല്‍ക്കോയ്മ നിലനില്‍ക്കുന്നത് തന്നെ എല്ലാറ്റിനെയും അപരവത്കരിക്കാനുള്ള അതിന്റെ ശക്തിയിലാണ്. അപരവത്കരണം എന്ന് സമ്പൂര്‍ണമായി അവസാനിക്കുന്നുവോ അന്നേ ജാതിമേല്‍ക്കോയ്മയും അവസാനിക്കൂ. ഇന്ത്യന്‍ അപരസൃഷ്ടിയുടെ ഫാക്ടറിയാണ് ജാതിമേല്‍ക്കോയ്മ. ആ ജാതിമേല്‍ക്കോയ്മയിലാണ് അപരത്വത്തെ ആഘോഷിക്കുന്ന ആര്‍എസ്എസിന്റെ വേരുകളാഴ് ന്നിരിക്കുന്നത്. അതിന് ഹിന്ദുമതവുമായി സത്യത്തില്‍ ഒരു ബന്ധവുമില്ല. പില്‍ക്കാലത്ത് അത് ജനകീയ ഹിന്ദുമതത്തെ കീഴ്‌പ്പെടുത്തുകയാണുണ്ടായത്. അതിനെ മാത്രമല്ല, സൈദ്ധാന്തികമായി ജാതിയെ തള്ളിക്കളയുന്ന ക്രിസ്ത്യന്‍-ഇസ്‌ലാം-ബുദ്ധ മതങ്ങളെയും, ജാതിമേല്‍ക്കോയ്മയെ പ്രത്യക്ഷത്തില്‍ തന്നെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും സ്വയം മതരഹിതരായി ജീവിക്കുന്ന മനുഷ്യരെപ്പോലും അറിഞ്ഞോ അറിയാതെയോ ജാതിമേല്‍ക്കോയ്മ സ്വന്തം വരുതിയില്‍ നിര്‍ത്തുന്നുണ്ട്. അതുകൊണ്ട് ജാതിമേല്‍ക്കോയ്മ തന്നെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്. അതാണ് സംഘപരിവാര രൂപീകരണത്തിന്റെ ആദ്യപ്രചോദനം. ഇന്നും ഇതേ ജാതിമേല്‍ക്കോയ്മയുടെ പ്രത്യയശാസ്ത്രമാണ് ആര്‍എസ്എസ് സവിശേഷമായി ആവിഷ്‌കരിക്കുന്നത്. ജാതിമേല്‍ക്കോയ്മയുടെ സാമാന്യ പ്രത്യയശാസ്ത്രം നമ്മുടെ ജീവിതത്തെ നിരന്തരം സമ്മര്‍ദത്തിലാക്കുന്നുണ്ട്. ആ സമ്മര്‍ദത്തെ സവിശേഷ രൂപത്തിലേക്ക് വികസിപ്പിക്കുകയാണ് ആര്‍എസ്എസ് ചെയ്തത്. എന്നാല്‍ ആര്‍എസ്എസ് അല്ല ജാതിമേല്‍ക്കോയ്മയുടെ ആദ്യ രാഷ്ട്രീയ രൂപം.
ജാതിമേല്‍ക്കോയ്മയെ ന്യായീകരിക്കുന്ന, നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കൃതികളില്‍ അപരവത്കരണം നമുക്ക് സൂക്ഷ്മമായി കാണാന്‍ പറ്റും. അതിന്റെ ഏറ്റവും ശക്തമായ സാന്നിധ്യം, “വേദങ്ങളിലേക്കു മടങ്ങുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ, ആര്യസമാജത്തിന്റെ സ്ഥാപകനായ സ്വാമി ദയാനന്ദസരസ്വതിയുടേതാണ്. സത്യത്തില്‍ ജാതിമേല്‍ക്കോയ്മക്കെതിരെയുള്ള സമരമെന്ന അര്‍ഥത്തിലാണ് അദ്ദേഹത്തിന്റെ ആര്യസമാജം രൂപംകൊള്ളുന്നത്. പക്ഷേ ജാതിമേല്‍ക്കോയ്മയുടെ അപരവിദ്വേഷത്തിലധിഷ്ഠിതമായ ആശയങ്ങളാണ് ദയാനന്ദസരസ്വതിയുടെ ഏറ്റവും ശ്രദ്ധേയമായ “സത്യാര്‍ഥപ്രകാശം’ എന്ന ഗ്രന്ഥത്തിലുള്ളത്. ഹിന്ദുമതത്തിന്റെ തന്നെ വ്യത്യസ്ത ധാരകളെയും ഇസ്‌ലാമിനെയും ക്രിസ്തുമതത്തെയും ബുദ്ധമതത്തെയും സത്യാര്‍ഥ പ്രകാശത്തില്‍ പരാമര്‍ശിക്കുന്നത് ജനാധിപത്യ കാഴ്ചപ്പാട് പുലര്‍ത്തുന്ന ആര്‍ക്കും യോജിക്കാനാകാത്തവിധം വളരെ സങ്കുചിതമായിട്ടാണ്.
പിന്നീട് 1884ല്‍ തന്നെ രാമസഭ രൂപംകൊള്ളുന്നുണ്ട്. രാമസഭ സത്യത്തില്‍ മര്യാദാപുരുഷോത്തമനായ ശ്രീരാമ ദേവനെയല്ല, രാഷ്ട്രീയ രാമനെയാണ് മുന്നോട്ടുവെക്കാന്‍ ശ്രമിച്ചത്. ശേഷം ഭാരത് ധര്‍മമണ്ഡല്‍ എന്നൊരു സംഘടന രൂപംകൊള്ളുന്നുണ്ട്. 1887ലാണത്. ആ സംഘടന മതനിരപേക്ഷ ധര്‍മത്തെയല്ല, ജനകീയ ഹിന്ദുമതത്തിലെ ധര്‍മത്തെയല്ല, വര്‍ണാശ്രമ വ്യവസ്ഥയിലെ ജാതിമേല്‍ക്കോയ്മയെയാണ് ലക്ഷ്യം വെച്ചത്. അതിന്റെ തുടര്‍ച്ചയിലാണ് 1907ൽ പഞ്ചാബ് ഹിന്ദുമഹാസഭ രൂപംകൊള്ളുന്നത്. അതിന്റെയും തുടര്‍ച്ചയിലാണ് 1913ൽ അഖിലേന്ത്യാ ഹിന്ദുമഹാസഭ രൂപംകൊള്ളുന്നത്. അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ സൈദ്ധാന്തികരായിട്ടാണ് സവര്‍ക്കറും പില്‍ക്കാലത്ത് ഡോ. മൂഞ്ചേയുമൊക്കെ ഉയര്‍ന്നുവരുന്നത്. 1923ലെ സവര്‍ക്കറുടെ “ഹിന്ദുത്വ’ എന്ന പുസ്തകം ഫാഷിസ്റ്റ് രൂപീകരണത്തെ നേരിട്ട് സഹായിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍, 1921ല്‍ മലബാറില്‍ ഒരു വിപ്ലവം നടന്നു. ആ സമരത്തോടുള്ള ഒരു പ്രതികരണമായി 1925ല്‍ ആര്‍എസ്എസുണ്ടായി എന്നു പറയുന്നത് ചരിത്രപരമായ അജ്ഞതയും അസംബന്ധവുമാണ്.
രണ്ടാമത്തേത്, ജാതിമേല്‍ക്കോയ്മയുടെ സാമാന്യമായ അപരത്വ ആശയത്തെ സവിശേഷ രൂപത്തിലേക്ക് ക്രമപ്പെടുത്തിയ രാമസഭ, ഭാരത് ധര്‍മണ്ഡല്‍, പഞ്ചാബ് ഹിന്ദുമഹാസഭ, അഖിലേന്ത്യാ ഹിന്ദുമഹാസഭ തുടങ്ങിയ സംഘടനകളുടെ തുടര്‍ച്ചയിലാണ് ആര്‍എസ്എസ് ഉണ്ടാകുന്നത്.
മറ്റൊന്ന്, ആര്‍എസ്എസ് ഉണ്ടാകാനുള്ള സന്ദര്‍ഭത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ മാത്രമായി പരിമിതപ്പെടുത്താനാകില്ല. 1917ലെ സോവിയറ്റ് യൂനിയന്‍ കൃഷിക്കാരുടെയും തൊഴിലാളികളുടെയും ജാതിമത കാഴ്ചപ്പാടിനപ്പുറം തൊഴിലെടുക്കുന്ന മനുഷ്യരുടെയും കര്‍ഷകരുടെയും കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു. അതിന്റെ തുടര്‍ച്ചയില്‍ ഇന്ത്യയില്‍ 1920കളില്‍ വിപുലമായി തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നു. ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി സംഘടന ട്രേഡ് യൂനിയന്‍ 1920ലാണ് രൂപംകൊള്ളുന്നത്. അതോടൊപ്പം തന്നെ 1920കളില്‍ സാമ്രാജ്യത്വ വിരുദ്ധ സമരം ശക്തിപ്പെട്ടു. 1920ലാണ് നാഗപ്പൂരില്‍ അബ്രാഹ്മണ സമ്മേളനം നടക്കുന്നത്. അതായത് ഇന്ത്യയില്‍ ജാതിമേല്‍ക്കോയ്മയാല്‍ അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യയിലെ കീഴാള സമൂഹങ്ങള്‍ കരുത്ത് പ്രാപിക്കുന്നത് 1920കള്‍ മുതലാണ്. ഇന്ത്യയിലെ കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങള്‍ കരുത്താര്‍ജിക്കുന്നതും ഇക്കാലയളവിലാണ്. സാമ്രാജ്യത്വ വിരുദ്ധ സമരവും കരുത്താര്‍ജിക്കുന്നത് ഇതേ സമയത്താണ്. ഇതില്‍ പരിഭ്രാന്തരായ ഇന്ത്യയിലെ ജാതിമേല്‍ക്കോയ്മാശക്തികള്‍ കീഴാള മുന്നേറ്റത്തെ തളര്‍ത്തുക എന്നൊരു ലക്ഷ്യം വെച്ചുകൊണ്ടാണ് ആര്‍എസ്എസ് രൂപീകരിക്കുന്നത്. അതിന്റെ യഥാര്‍ഥ അജണ്ട ജാതിമേല്‍ക്കോയ്മ നിലനിര്‍ത്തുക എന്നുള്ളതും ആ ജാതിമേല്‍ക്കോയ്മക്ക് വിള്ളലുണ്ടാക്കുന്ന കീഴാള പ്രസ്ഥാനങ്ങളെ തകര്‍ക്കുക എന്നുള്ളതുമായിരുന്നു. എന്നാല്‍ ഇന്ത്യയിലെ ക്രൈസ്തവരും മുസ്‌ലിംകളുമടങ്ങുന്ന സാമൂഹ്യവിഭാഗങ്ങളുടെ വേര് കീഴാള ജനവിഭാഗത്തിലാണ് കണ്ടെത്താന്‍ കഴിയുക. അതുകൊണ്ടു തന്നെ മുസ്‌ലിംകളും ക്രിസ്ത്യാനികളുമടങ്ങുന്നവര്‍ സംഘപരിവാര്‍ കാഴ്ചപ്പാടില്‍ അപരരായിത്തീരുകയാണുണ്ടായത്. ഇതാണ് രൂപീകരണത്തിന്റെ രണ്ടാമത്തെ പശ്ചാത്തലം. ഇങ്ങനെ ആര്‍എസ്എസ് രൂപീകരണത്തിന്റെ ദേശീയവും സാര്‍വദേശീയവുമായ പശ്ചാത്തലം പകല്‍പോലെ വ്യക്തമാണ്.

മലബാർ സമരത്തിന്റെ ചരിത്രപശ്ചാത്തലങ്ങളെ എങ്ങനെ നിരീക്ഷിക്കുന്നു?
1921ലെ സമരം 1921ല്‍ പെട്ടെന്ന് അദ്ഭുതകരമാംവിധം രൂപംകൊണ്ടതല്ല. 1921ന് ദീര്‍ഘമായ ഒരു ചരിത്രമുണ്ട്. ആ ചരിത്രത്തെ രണ്ടുവിധത്തില്‍ വിശകലനം ചെയ്യാവുന്നതാണ്. ഒന്ന്, പോര്‍ച്ചുഗീസ് അധിനിവേശം മുതല്‍ ആരംഭിക്കുന്ന പ്രതിരോധവുമായി ബന്ധപ്പെട്ടുകൊണ്ട് ഈ സമരത്തെ പഠിക്കാവുന്നതാണ്. രണ്ടാമത്തേത് 1792 ശ്രീരംഗപട്ടണം ഉടമ്പടി മുതലുള്ള തെക്കന്‍മലബാറിലുണ്ടായ പ്രതിരോധത്തെ അടിസ്ഥാനമാക്കി പഠിക്കാവുന്നതാണ്.
1792ലെ ശ്രീരംഗപട്ടണം ഉടമ്പടി, കേരളത്തിന്റെ കാര്‍ഷിക രംഗത്തും സാംസ്‌കാരിക രംഗത്തും മൗലികമായി മാറ്റം വരുത്തിയ ടിപ്പുസുല്‍ത്താനെ പരാജയപ്പെടുത്തി മലബാര്‍ ബ്രീട്ടീഷ് പ്രവിശ്യയായി മാറുന്ന പശ്ചാത്തലം മുതല്‍ തന്നെ ജന്മിത്വത്തിനെതിരെയുള്ള സമരം ആരംഭിക്കുന്നുണ്ട്. 1836 മുതല്‍ സമരം ശക്തമാകുന്നുണ്ട്. 1852ല്‍ മമ്പുറം തങ്ങളെ നാടുകടത്തലോടു കൂടി അത് ശക്തിയാര്‍ജിച്ചു. കാരണം ഈ കര്‍ഷക സമരങ്ങള്‍ക്ക് പ്രചോദനമായിത്തീര്‍ന്നത് മമ്പുറം തങ്ങളുടെ സാന്നിധ്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ നാടുകടത്തുന്നത്. നാടുകടത്തലിനു ശേഷം സമരം തകരുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അത് പൂര്‍വാധികം ശക്തമായിത്തുടര്‍ന്നു. അങ്ങനെ ചെറുതും വലുതുമായ കര്‍ഷകസമരങ്ങളുടെ വലിയൊരു രൂപാന്തരമാണ് 1921ല്‍ സംഭവിച്ചത്.
ഒന്നാം ലോക മഹായുദ്ധത്തില്‍ മുസ്‌ലിംസമൂഹത്തിന് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും ബ്രിട്ടന്‍ ലംഘിക്കുകയാണുണ്ടായത്. ഇതില്‍ അസംതൃപ്തരായ മുസ്‌ലിംസമൂഹം ബ്രിട്ടനെതിരെയുള്ള സമരത്തിന് ഖിലാഫത്ത് എന്ന ആശയം രൂപപ്പെടുത്തി. ആ ഖിലാഫത്ത് സമരവും നിസഹകരണ സമരവും യോജിപ്പിച്ചുകൊണ്ട് മഹാത്മാഗാന്ധി 1920കളില്‍ തന്നെ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ ഒരു വലിയ ചരിത്രസമരത്തിന് തുടക്കം കുറിച്ചു. അതുകൊണ്ട് ഖിലാഫത്ത്-നിസഹകരണ സമരത്തിന്റെ തുടര്‍ച്ചയില്‍ സംഭവിച്ച സാമ്രാജ്യത്വ വിരുദ്ധ സമരമാണിത്.
ജന്മിമാരില്‍ ഭൂരിപക്ഷം സവര്‍ണ സമ്പന്നവിഭാഗവും കുടിയാന്മാരില്‍ ഭൂരിപക്ഷം മുസ്‌ലിം അധഃസ്ഥിത വിഭാവും ആയത് കൊണ്ടുതന്നെ സമരത്തിന് സവര്‍ണമേല്‍ക്കോയ്മക്കെതിരെയുള്ള ഉള്ളടക്കം കൂടിയുണ്ടായിരുന്നു. ആ അര്‍ഥത്തില്‍ 1921, സാമ്രാജ്യത്വ വിരുദ്ധ സമരവും ജന്മിത്വവിരുദ്ധ സമരവും സവര്‍ണ മേല്‍ക്കോയ്മക്കെതിരെയുള്ള സമരവുമാണ്. ഈ സമരം സാമ്രാജ്യത്വത്തെ പരിഭ്രാന്തരാക്കി. കാരണം 1857ലെ സമരത്തില്‍ സാമ്രാജ്യത്വത്തിന് നേരിടേണ്ടി വന്നിട്ടില്ലാത്ത തരത്തിലുള്ള വലിയ ജനകീയ പ്രക്ഷോഭമാണ് 1921ല്‍ തെക്കന്‍ മലബാറില്‍ നടന്നത്. അതുകൊണ്ടു തന്നെ അവര്‍ ആ സമരം അടിച്ചമര്‍ത്താനുള്ള എല്ലാവിധ ആയുധങ്ങളും പ്രയോഗിച്ചു. അതിലേറ്റവും പ്രധാനപ്പെട്ട ആയുധം പ്രചാരണ യുദ്ധമാണ്. ഒരുതരം പ്രൊപഗണ്ടാ വാര്‍. സമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍, ഈ സമരത്തിന്റെ മഹത്വത്തെ മലിനമാക്കാന്‍ അവര്‍ എല്ലാതരത്തിലുള്ള നുണപ്രചാരണങ്ങളും ഉപയോഗപ്പെടുത്തി. അത്തരം നുണകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കി. ഈ സമരത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തുള്ളലുകള്‍, കവിതകള്‍, കഥകള്‍, കിംവദന്തികള്‍, ഐതിഹ്യങ്ങള്‍ എന്നിവ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഒരുപക്ഷേ ബ്രിട്ടീഷുകാരുടെ തോക്കിനെക്കാള്‍, കഴുമരങ്ങളെക്കാള്‍ ഈ സമരത്തെ തകര്‍ക്കാന്‍ അവര്‍ ഉപയോഗിച്ചത് കിംവദന്തികളും ഐതിഹ്യങ്ങളും കെട്ടുകഥകളും കള്ളക്കഥകളും നുണകളും അപവാദപ്രചരണങ്ങളും ഉള്‍ക്കൊള്ളുന്ന, ഏറ്റവും ജീര്‍ണമായ ആശയങ്ങളാണ്. അവരുടെ പീരങ്കിപ്പടയെക്കാള്‍ ശക്തമാണ് ജീര്‍ണ ആശയങ്ങളുടെ പട. അതിനെയാണ് പ്രൊപഗണ്ടാ വാര്‍ എന്നു വിളിക്കുന്നത്. അത് അദ്ഭുതപ്പെടുത്തുന്നതല്ല. കാരണം ഒരു സാമ്രാജ്യത്വ വിരുദ്ധ സമരത്തെ സാമ്രാജ്യത്വം സ്വാഗതം ചെയ്യും എന്ന് കരുതുന്നതാണല്ലോ അസംബന്ധം.
മറ്റൊന്ന്, ജന്മിത്വ വിരുദ്ധ സമരമാണ് 1921. ബ്രിട്ടീഷുകാര്‍ കഴിഞ്ഞാല്‍ പിന്നെ ജന്മിമാര്‍ക്കാണ് അന്ന് പ്രാദേശിക സമൂഹങ്ങളില്‍ സ്വാധീനം. അതുകൊണ്ടുതന്നെ ജന്മിത്വത്തിനെതിരെയുള്ള സമരത്തെ ജന്മിത്വം ഒരിക്കലും സ്വാഗതം ചെയ്യില്ല. ജന്മിമാരും അവരുടെ സില്‍ബന്ധികളും ഈ സമരത്തിനെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ച് തങ്ങളുടേതായ പങ്ക് നിര്‍വഹിച്ചു. ഈ അപവാദപ്രചരണം കഥകളായിട്ടു മാത്രമല്ല ലഘുലേഖകളായിട്ടും മറ്റും ഉത്തരേന്ത്യയില്‍ വരെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അന്ന് എല്ലാ വിനിമയ സംവിധാനങ്ങളും സാമ്രാജ്യത്വത്തിന്റെ കൈകളിലായിരുന്നു. അതുകൊണ്ടു തന്നെ ഈ സമരത്തെക്കുറിച്ചുള്ള സത്യം, സമരം നടത്തുന്ന പ്രദേശത്തുള്ള ജനങ്ങളെ പോലും വേണ്ടത്ര ബോധ്യപ്പെടുത്താന്‍ അന്നത്തെ സമര നേതൃത്വത്തിന് കഴിയുമായിരുന്നില്ല. ഉത്തരേന്ത്യയില്‍ ഈ സമരത്തിന്റെ സത്യസന്ധമായ സന്ദേശം എത്തിക്കുക നന്നേ പ്രയാസമായിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഈ സമരത്തെപ്രതി കൊടുമ്പിരി കൊള്ളുന്ന അപവാദ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട് എന്ന് മനസിലാക്കിയ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജി, ഇതെല്ലാം അപവാദ പ്രചരണങ്ങളാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് ഹിന്ദു പത്രത്തിന് ഒരു കത്തെഴുതുന്നത്. ആ കത്ത് തന്നെ തെളിവാണ് അന്ന് നടന്ന അപവാദ പ്രചാരണങ്ങള്‍ക്കും അതിന്റെ ഭീകരതക്കും. അതിനെ പ്രതിരോധിക്കാന്‍ ആകെക്കൂടി സമരരംഗത്തുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം ഒരു കത്തെഴുതുക എന്നുള്ളതാണ്. കിംവദന്തികളുടെ വെള്ളപ്പൊക്കത്തില്‍ ഇതുപോലെ ഒരു കത്തിനു മാത്രമായി എത്രത്തോളം പിടിച്ചുനില്‍ക്കാന്‍ കഴിയും.! ■

Share this article

About കെ ഇ എൻ

kenpukasa@gmail.com

View all posts by കെ ഇ എൻ →

Leave a Reply

Your email address will not be published. Required fields are marked *