സൂഫിയും കോഫിയും

Reading Time: 3 minutes

“ഓ ഖഹ്‌വാ..
അനുരാഗത്തിന്റെ
അഹ്‌ലുകാരാ..
ഉറക്കം വെടിയാന്‍
നീ എന്നെ തുണച്ചു.
ദൈവസഹായത്താല്‍
നീ എന്നെ പ്രാപ്തനാക്കി
ആളുകള്‍ ഉറങ്ങുന്നേരം
അവനെ ആരാധിക്കാന്‍.
ഇത് കുടിക്കുന്നതിന്
എന്നെ പഴിക്കരുത്
ശ്രേഷ്ഠജനങ്ങളുടെ
പാനീയമാണിത്.’

പതിനാലാം നൂറ്റാണ്ടില്‍ ഷെയ്ഖ് അലി ബിന്‍ ഉമര്‍ അല്‍ ശാദുലിയെ നിദ്രാരഹിതനായി പ്രാര്‍ഥനയില്‍ മുഴുകാന്‍ സഹായിച്ച ഖഹ്‌വയാണ് ടര്‍ക്കിഷില്‍ കാഹ്‌വെയായും ഫ്രഞ്ചില്‍ കഫെയായും (Cafe) ഇവിടെ കാപ്പിയായും മാറിയത്. കോഫിയുടെ പദോല്പത്തി മാത്രമല്ല, അതിന്റെ കണ്ടെത്തലിന്റെയും സംസ്‌കരണത്തിന്റെയും പ്രചാരത്തിന്റെയും ചരിത്രം സൂഫികളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ കുടിക്കപ്പെടുന്ന പാനീയങ്ങളില്‍ ഒന്നാണ് കോഫി. വ്യാപാരം ചെയ്യപ്പെടുന്ന കാര്‍ഷിക ഉത്പന്നങ്ങളില്‍, മൂല്യത്തില്‍ മുന്‍പന്തിയില്‍ തന്നെ കാപ്പിക്കുരുവുണ്ട്. പത്ത് രൂപക്ക് കിട്ടുന്ന ഫില്‍റ്റര്‍ കോഫി തൊട്ട് ഒരു കപ്പിന് രണ്ടായിരം രൂപയോളം വില വരുന്ന കോപ്പി ലുവാക് (സിവറ്റ് കോഫി) വരെ നീളുന്ന വിവിധതരത്തിലുള്ള കാപ്പികള്‍ ഇക്കാലത്ത് ലഭ്യമാണ്. അവ അഥിതിമുറികളിലും തട്ടുകടകളിലും സ്റ്റാര്‍ബക്‌സ് മക്-കഫെ തുടങ്ങിയ ബഹുരാഷ്ട്ര കോഫി ഹൗസ് ശൃംഖലകളിലും നമ്മുടെ വര്‍ത്തമാനങ്ങളുടെ സഹകാരിയാവുന്നു. എന്നാല്‍ ഇതിനെല്ലാം തുടക്കം കുറിച്ചത് ദക്ഷിണ അറേബ്യയിലെ ചില മുസ്‌ലിം മിസ്റ്റിക്കുകളാണെന്ന വസ്തുത ഒരു അദ്ഭുതമായി തോന്നിയേക്കാം. കാരണം ലോകത്ത് ഏറ്റവും ഉത്പാദിപ്പിക്കപ്പെടുന്ന കാപ്പികുരു “അറബിക്ക’ ഇനമാണ് എന്നതൊഴിച്ച് പ്രത്യക്ഷത്തില്‍ കോഫിയെ അതിന്റെ സൂഫിവേരുകളിലെത്തിക്കുന്ന ഒന്നും ഇന്ന് ദൃശ്യമല്ല.

കോഫി കണ്ടെത്തിയ സൂഫികള്‍
ആഫ്രിക്കയിലെ സൊമാലി ഉപദ്വീപിലെ എത്യോപ്യന്‍ മലനിരകളാണ് കാപ്പിയുടെ ജന്മദേശം. കോഫി ചെടിയുടെ ഉണര്‍വേകുന്ന ഗുണത്തെ പറ്റി അവിടുത്തെ ഗോത്രവര്‍ഗക്കാര്‍ക്ക് ബോധ്യമുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന ചില ഐതിഹ്യകഥകളുണ്ട്. എന്നാല്‍ ഇന്ന് കാണുന്ന വിധത്തില്‍ കോഫി എന്ന പാനീയം ലോകത്തിന് പരിചയപ്പെടുത്തി കൊടുത്തത് ശാദുലി സരണിയില്‍പെട്ട സൂഫികളാണ്. എത്യോപ്യയില്‍ നിന്ന് ചെറിയൊരു കടലിടുക്കിനാല്‍ മാത്രം വേറിട്ട് കിടക്കുന്ന യമനില്‍, അവരുടെ സ്വാധീനഫലമായി കാപ്പി ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്തു തുടങ്ങുകയും മറ്റ് ദിക്കുകളിലേക്ക് വ്യാപിക്കുകയും ചെയ്തു. അല്‍ജീരിയയില്‍ കോഫി ഇന്നും അറിയപ്പെടുന്നത്, “ശാദുലിയ്യ’ എന്ന പേരിലാണ്.
കാപ്പി എന്ന പാനീയത്തിന്റെ ഉദ്ഭവത്തെ ശാദുലി സൂഫിമാരിലേക്ക് ചേര്‍ത്തി വ്യത്യസ്തങ്ങളായ വിവരണങ്ങളുണ്ട്. ശാദുലി ത്വരീഖത്തിന്റെ സ്ഥാപകനായ അബുല്‍ ഹസന്‍ ശാദുലി (റ) അബ്‌സീനിയയിലൂടെ (എത്യോപ്യ) സഞ്ചരിക്കുമ്പോള്‍ കാപ്പിപഴം കഴിച്ച പക്ഷികളുടെ ഊര്‍ജസ്വലത കണ്ട് അത് പരീക്ഷിച്ചു നോക്കിയത് വഴിയാണ് കാപ്പിയില്‍ എത്തിയത് എന്നൊരു കഥയുണ്ട്. അതല്ല, അദ്ദേഹത്തിന്റെ ശിഷ്യനായ ഉമര്‍ അല്‍ ശാദുലിയാണ് ഈ അജ്ഞാതമായ നിധിയുടെ ചുരുളഴിച്ചത് എന്ന് മറ്റൊരു വിശദീകരണമുണ്ട്. കാട്ടിലൂടെ അലയുകയായിരുന്ന ഉമര്‍ വിശപ്പടക്കാന്‍ കഴിച്ച കാട്ടുപഴത്തിന് കയ്പ് കൂടുതലായതിനാല്‍ അത് തുപ്പിക്കളഞ്ഞ്, അതിന്റെ പരുക്കന്‍ കുരു തിളപ്പിക്കാനുള്ള ശ്രമമാണ് കോഫിയുടെ കണ്ടെത്തലില്‍ കലാശിച്ചതത്രെ!
തുടര്‍ന്ന് തന്റെ നഗരമായ മോഖയില്‍ തിരിച്ചെത്തിയ അദ്ദേഹം ശിഷ്യന്മാര്‍ക്ക് രാപ്രാര്‍ഥനകളില്‍ കൂടുതല്‍ ഏകാഗ്രത കിട്ടാന്‍ കോഫി നിര്‍ദേശിച്ചു എന്നും കരുതപ്പെടുന്നു. പില്‍ക്കാലത്ത്, ലോകത്തിന്റെ തന്നെ കാപ്പി ഉപഭോഗത്തെ നിയന്ത്രിച്ചത് മോഖ എന്ന യമനി തുറമുഖനഗരമാണ് എന്നത് തര്‍ക്കമില്ലാത്ത ചരിത്രസത്യമാണ്.

സൂഫി സദസുകളിലെ കോഫി
ദൈവത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്ന സിദ്ധൗഷധമായി കോഫിക്ക് സൂഫി വൃത്തങ്ങളില്‍ സവിശേഷമായ പരിവേഷം ലഭിച്ചു. കാപ്പിയെകുറിച്ച് കവിതകള്‍ രചിക്കപ്പെട്ടു. അല്‍-ഷിഹ്‌റിലെ സൂഫിയും പണ്ഡിതനുമായിരുന്ന ശൈഖ് ബിനു ഇസ്മാഈല്‍ ബാഅലവി പ്രസ്താവിച്ചു: “കാപ്പിയുടെ ഉപയോഗം, പ്രാര്‍ഥനാഭരിതമായ ഉദ്ദേശ്യത്തോടെയും ഭക്തിയോടെയും കൂടിയായാല്‍ “ഖഹ്‌വ മഅ്‌നവിയ്യ’ (സാരസമ്പൂര്‍ണമായ ഖഹ്‌വ), “ഖഹ്‌വ അല്‍ സൂഫിയ്യ’ തുടങ്ങിയ ആത്മീയ അനുഭവത്തിലേക്ക് നയിക്കും.’
മക്കയില്‍ കാപ്പി എത്തിയതിന് ശേഷം, ഹറമില്‍ കോഫിയുടെ അഭാവത്തിലുള്ള ദിക്റ്-മൗലിദ് സദസുകള്‍ അപൂര്‍വമായിരുന്നെന്ന് ആദ്യകാല അറബ് ചരിത്രകാരനായ അല്‍ജസീരി രേഖപ്പെടുത്തുന്നുണ്ട്. പതിനാറാം നൂറ്റാണ്ടിലെ മറ്റൊരു ചരിത്രകാരനായ ഇബ്‌നു അബ്ദുല്‍ ഗഫാര്‍, കൈറോയില്‍ വെള്ളി- തിങ്കള്‍ രാവുകളിലെ ദര്‍വീശുകളുടെ സമാഗമത്തില്‍ കലിമ ചൊല്ലുന്നതോടൊപ്പം കാപ്പി കൈമാറി കുടിക്കുന്നതിനെ പറ്റി പറയുന്നുണ്ട്. യമനില്‍ കാപ്പി കുടിച്ചതിന് ശേഷം 116 തവണ “യാ ഖവി’ എന്ന ദിവ്യനാമം ഉരുവിടുന്ന ഒരു പ്രത്യേക റാത്തീബ് തന്നെ നടന്നിരുന്നത്രെ! ശാദുലി സൂഫിമാര്‍ക്ക് പുറമെ, ദീര്‍ഘമായ ദിക്റ് ചടങ്ങുകള്‍ക്കും ധ്യാനത്തിനും ആവശ്യമായ കരുത്താര്‍ജിക്കാന്‍ ഖല്‍വതി ദര്‍വീശുകളും ആവേശത്തോടെ കാപ്പി സേവിച്ചിരുന്നു. ഓട്ടോമന്‍ സാമ്രാജ്യത്തിലുടനീളം കാപ്പി സുലഭമായതിന് ശേഷം, ഖല്‍വതി ദര്‍ഗകളില്‍ അത് ദൈനംദിന ജീവിതത്തിന്റെ അഭിവാജ്യ ഘടകമായി മാറി.

വിവാദം, നിരോധനം, വ്യാപനം
മുമ്പൊന്നും കേട്ടിട്ടില്ലാത്ത പുതിയൊരു പാനീയത്തിന്റെ കടന്നുവരവും അദ്ഭുതാവഹമായ ജനകീയതയും പല വിവാദങ്ങള്‍ക്കും കളമൊരുക്കി. മുന്‍കാലങ്ങളില്‍ വീഞ്ഞിന് പര്യായമായി ഉപയോഗിച്ച “ഖഹ്‌വ’ എന്ന നാമവും, സമാനമായ ആസ്വാദനവിവരണങ്ങളും, അതിലടങ്ങിയിരിക്കുന്ന കഫീനിന് (caffeine) ലഹരി പിടിപ്പിക്കുന്ന ഗുണമുണ്ടെന്ന സംശയം ബലപ്പെടുത്തുകയും കാപ്പിക്കെതിരെ ഫത്‌വകള്‍ ഇറങ്ങുകയും ചെയ്തു. മാത്രമല്ല സൂഫികള്‍ പോലും പരാതിപ്പെടുന്ന വിധത്തില്‍, വഷളായ കോഫി ഹൗസുകളിലെ ധാര്‍മികാന്തരീക്ഷം, മക്കയിലും അലെപ്പോയിലും ദമസ്‌ക്കസിലും ജെറുസലേമിലും പല തവണ കാപ്പി നിരോധനത്തിലേക്ക് വഴിവെച്ചു. ഇതിനൊക്കെ പുറമെ, ഖാഹ്‌വേഖാനകളില്‍ കാപ്പിക്കൊപ്പം പുകഞ്ഞിരുന്ന ഭരണവിരുദ്ധവികാരങ്ങളും ഗൂഢാലോചനകളും അധികാരികളെ അസ്വസ്ഥരാക്കിയിരുന്നു. ഇത്തരം രാഷ്ട്രീയ കാരണങ്ങള്‍ ഓട്ടോമന്‍ സുല്‍ത്താന്‍ മുറാദ് നാലാമനെ കൊണ്ട് കാപ്പിക്കുടിക്കെതിരെ വധശിക്ഷ വിധിക്കാന്‍ വരെ പ്രേരിപ്പിച്ചു.
വൈകാതെ, നിയന്ത്രണങ്ങളും നിരോധനങ്ങളും വര്‍ഗവംശ വ്യത്യാസങ്ങളും ഭേദിച്ച് മധ്യ ഇസ്‌ലാമിക നാടുകളില്‍ കാപ്പി പ്രിയങ്കരമായ പാനീയമായി വളര്‍ന്നു. പതിനേഴാം നൂറ്റാണ്ടില്‍ കോഫിയുടെ മോഹന ഗന്ധം മെഡിറ്ററേനിയന്‍ കടലും കടന്ന് യൂറോപ്പിലേക്കും പരന്നു. ആദ്യം, അവിടെ ഒരു മുസ്‌ലിം പാനീയമായി, കാപ്പിയെ സംശയത്തോടെയാണ് കണ്ടിരുന്നത്. എന്നാല്‍ മാര്‍പ്പാപ്പ ക്ലെമന്റ് എട്ടാമന്‍ ഒരു കപ്പ് കാപ്പി ആസ്വദിച്ചതിന് ശേഷം, ഇത് മുസ്‌ലിംകളെ കുത്തകയാക്കാന്‍ അനുവദിക്കുന്നത് തെറ്റാണെന്നും, അതിനാല്‍ തന്നെ എത്രയും പെട്ടെന്ന് കോഫിയെ ജ്ഞാനസ്‌നാനം ചെയ്യണമെന്നും പറഞ്ഞതായി റിപോര്‍ട്ടുണ്ട്.

ബാബാ ബുദാന്‍ വഴി ഇന്ത്യയിലേക്ക്
വിപണനത്തിന്റെ ആരംഭദശകങ്ങളില്‍ യമനിലും എത്യോപിയയിലും മാത്രമേ കാപ്പി വിളഞ്ഞിരുന്നുള്ളൂ. അറബികള്‍ അവരുടെ അതിവിശിഷ്ടമായ സ്വത്ത് ജാഗ്രതയോടെ കാത്തുസൂക്ഷിച്ചു. അതുകൊണ്ട് തന്നെ, പ്രജനനശേഷിയറ്റ തിളപ്പിച്ചതോ വറുത്തതോ ആയ കാപ്പിക്കുരു മാത്രമാണ് അവര്‍ കയറ്റുമതി ചെയ്തിരുന്നത്. കൂടാതെ, പച്ചയായ കാപ്പിക്കുരു കടത്താന്‍ ശ്രമിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അവരുടെ കണ്ണ് വെട്ടിച്ച് ആദ്യമായി കാപ്പിക്കുരു കടല്‍ കടന്ന് വന്ന് വിളഞ്ഞത് ഇന്ത്യന്‍ മണ്ണിലാണ്. അതും ഒരു സൂഫിവര്യനിലൂടെ!
പതിനാറാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യയിലെ കര്‍ണാടകയില്‍ ജീവിച്ചിരുന്ന ഹസ്രത് ഷാഹ് ജമീര്‍ അല്ലാഹ് മസ്‌റബി എന്ന ബാബ ബുദാന്‍ മക്കയിലേക്ക് ഹജ്ജിന് പോയത് വഴിയാണ് ഇന്ത്യയില്‍ കോഫി എത്തിയതെന്ന് പറയപ്പെടുന്നു. തീര്‍ഥാടനത്തിന്റെ മടക്കയാത്രയില്‍ യമനിലെ മോഖയില്‍ വെച്ച് കാപ്പിയുടെ സ്വാദറിഞ്ഞ അദ്ദേഹം ഏഴ് കാപ്പിവിത്തുകള്‍ തന്റെ താടിയില്‍ ഒളിപ്പിച്ച് നാട്ടിലെത്തിച്ച്, ചന്ദ്രഗിരിക്കുന്നിന്റെ ചെരുവുകളില്‍ നട്ടു എന്നാണ് ഐതിഹ്യം. ഇന്ന്, ചിക്മംഗളൂരുവിലെ സമൃദ്ധമായ കാപ്പിത്തോട്ടങ്ങളെ സാക്ഷിയാക്കി ബാബ ബുദാന്‍ ഗിരി എന്ന് നാമകരണം ചെയ്യപ്പെട്ട ആ കുന്നിന്റെ നെറുകയില്‍ അദ്ദേഹത്തിന്റെ ദര്‍ഗ നിലകൊള്ളുന്നു.

കോഫി സംസ്‌കാരത്തിന്റെ രുചിപരിണാമങ്ങള്‍
സൂഫികളിലൂടെ ആവിര്‍ഭവിച്ച “വൈജ്ഞാനികതയുടെ വീഞ്ഞ്’ പകര്‍ന്നിടത്തെല്ലാം സാമൂഹ്യവത്കരണത്തിന്റെയും ആശയസംവാദനങ്ങളുടെയും ഒരു പുതുസംസ്‌കൃതി രൂപപ്പെടുത്തിയിരുന്നു. പേര്‍ഷ്യയിലെ ഇസ്ഫഹാനിലെ ഖാഹ്‌വെഖാനകളില്‍, ദര്‍വീശുകളും മൊല്ലമാരും കവികളും മാറിമാറി ഗദ്യത്തിലോ പദ്യത്തിലോ സാരോപദേശ കഥകള്‍ പങ്കുവെച്ചു. ഓട്ടോമന്‍ സുല്‍ത്താന്‍ സുലൈമാന്‍ ഒന്നാമന്റെ ആജ്ഞപ്രകാരം, വായിക്കാന്‍ പുസ്തങ്ങള്‍ കൂടി ഒരുക്കിയിരുന്ന “കിരാതാനെ’കള്‍ എന്ന പ്രത്യേക കോഫിഹൗസുകള്‍ ഇസ്താംബൂളിന്റെ പൈതൃകസ്വത്തായി ഇന്നും അവശേഷിക്കുന്നു. യൂറോപ്പില്‍ കൂണ്‍ പോലെ മുളച്ച് പൊങ്ങിയ കോഫിഹൗസുകള്‍, വിദ്യാസമ്പന്നരുടെ വിനിമയ ഇടമായതിനാല്‍ ചില്ലറ സര്‍വകലാശാലകള്‍ (Penny Universities) എന്ന് പോലും വിളിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍, ഡല്‍ഹിയിലെയും കൊല്‍ക്കത്തയിലെയും കോഫി ഹൗസുകളില്‍ ബുദ്ധിജീവികള്‍ എന്നും ഒത്തുചേരുകയും ചൂടേറിയ സംവാദങ്ങളുടെ ഭാഗമാവുകയും ചെയ്തിരുന്നു!
വിപ്ലവങ്ങള്‍ക്ക് പോലും തിരികൊളുത്തിയ സജീവമായ കോഫി ഹൗസുകള്‍, ആഗോളവത്കൃത ലോകം വരച്ചുവെച്ച ആഢ്യത്വത്തിന്റെയും മൂകതയുടെയും പരിണാമപാതയിലാണ്. കോഫി കണ്ടെത്തിയ സൂഫികളുടെ നാടുകളില്‍ പോലും ചായ കൂടുതല്‍ പ്രിയങ്കരമായപ്പോള്‍, പടിഞ്ഞാറ് ഏറെക്കുറെ കാപ്പിയെ പുണരുകയാണ് ചെയ്തത്. കോഫി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അമേരിക്കാനെയും, ക്യാപ്പുചീനൊയും, എസ്‌പ്രേസ്സോയും മനസിലേക്ക് ഓടി വരുന്ന കാലമായി. യൂറോപ്യര്‍ തുടങ്ങി വെച്ച കാപ്പിത്തോട്ടങ്ങള്‍ വഴി ബ്രസീലും വിയറ്റ്‌നാമും ഇന്തോനേഷ്യയും കാപ്പി ഉത്പാദനത്തില്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍, ഒരു കാലത്ത് വിപണി അടക്കിഭരിച്ചിരുന്ന യമന്‍ ഇന്ന് ചിത്രത്തില്‍ കൂടി ഇല്ലാതായി. എന്നിരുന്നാലും ദൈവനാമത്തോടൊപ്പം തന്നെ ചുംബിച്ചിറക്കിയ സൂഫികളുടെ പാരമ്പര്യം ഖഹ്‌വക്ക് തള്ളിക്കളയാനൊക്കുമോ? ഓ ഖഹ്‌വാ.. അനുരാഗത്തിന്റെ അഹ്‌ലുകാരാ! ■

Share this article

About മുഹമ്മദ് ലുഖ്മാന്‍ ഒ പി

lukkulukman7@gmail.com

View all posts by മുഹമ്മദ് ലുഖ്മാന്‍ ഒ പി →

Leave a Reply

Your email address will not be published. Required fields are marked *