വായനയുടെ ടേസ്റ്റൊരുക്കുന്ന ബുക്‌ടെസ്റ്റ് മത്സരങ്ങള്‍

Reading Time: < 1 minutes

കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളായി പ്രവാസികള്‍ക്കിടയില്‍ അക്ഷരങ്ങളിലൂടെയുള്ള സാംസ്‌കാരിക കൈമാറ്റം സാധ്യമാക്കുകയായിരുന്നു ബുക് ടെസ്റ്റിലൂടെ, രിസാല സ്റ്റഡി സര്‍ക്കിള്‍. ബുക് ടെസ്റ്റുകളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും പുതുമകളുടേതായിരുന്നു. നാട്ടില്‍ നിന്ന് വിമാനം കയറിയ അൽപം പുസ്തകങ്ങളില്‍ നിന്നും അരലക്ഷം വായനക്കാരില്‍ സന്ദേശമെത്തുന്ന വായനാ വിപ്ലവമായി ബുക് ടെസ്റ്റ് ഇന്ന് മാറി. പ്രവാചകരുടെ വിവിധ ദര്‍ശനങ്ങള്‍ തിരഞ്ഞെടുക്കുന്നതോടൊപ്പം ഐ പി ബിയുമായി സഹകരിച്ച് പുതിയ എഴുത്തുകാരെയും പുതിയ പുസ്തകങ്ങളെയും വെളിച്ചം കാണിക്കാന്‍ ഓരോ വര്‍ഷവും ശ്രമിക്കുന്നു. ന്യൂ നോര്‍മല്‍ കാലത്ത് ഓണ്‍ലൈന്‍ സംവിധാനം സര്‍വ സാധാരണമായപ്പോള്‍ രണ്ടു വര്‍ഷമായി ആര്‍ എസ് സി ടെക്കി ടീം തയാറാക്കിയ ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ് വായനയും പരീക്ഷയും നടക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പുറത്തുകടന്ന് ഗ്ലോബല്‍ തലത്തിലെ ഇരുപതോളം രാജ്യങ്ങള്‍ ബുക് ടെസ്റ്റില്‍ പങ്കാളികളാകുന്നത് ഉയര്‍ച്ചയുടെ പുതിയ പടവുകള്‍ തന്നെയാണ്.
വായനക്കും പരീക്ഷക്കുമപ്പുറം മുത്ത് നബിയെ(സ്വ) സ്‌നേഹിക്കാനും അവിടുത്തെ ജീവിതം പൊതുവിടത്തില്‍ കോറിയിടാനും സാധിക്കുന്ന വിധത്തിലാണ് ബുക് ടെസ്റ്റുകളുടെ ക്രമീകരണം. മതത്തെ തെറ്റിദ്ധരിപ്പിക്കുകയും വിദ്വേഷങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന നവകാലത്ത് ഇസ്‌ലാമിനെയും പ്രവാചകരെയും മനസിലാക്കാന്‍ ഇതിലൂടെ വഴിയൊരുങ്ങുന്നു.
പ്രവാചകരുടെ സ്‌നേഹം, ദര്‍ശനം, സൗന്ദര്യം, കുടുംബം, വിശിഷ്ട ഗുണങ്ങള്‍ തുടങ്ങി വിവിധ ഭാഗങ്ങള്‍ പറയുന്ന “മുഹമ്മദ് റസൂല്‍(സ്വ)’ എന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എഴുതിയ പുസ്തകവും ഉമര്‍, ഖാലിദ് എന്നീ രണ്ട് കുട്ടികള്‍ കഥപറയുന്ന രൂപത്തില്‍ ചിട്ടപ്പെടുത്തിയ “Beloved of the Nation’ എന്ന നൗഫല്‍ അബ്ദുല്‍ കരീം എഴുതിയ സ്റ്റുഡന്റ്‌സ് പുസ്തകവുമാണ് ഇത്തവണ ബുക് ടെസ്റ്റിന് തിരഞ്ഞെടുത്തിരിക്കുന്നത്.
ഓരോ രാജ്യങ്ങളിലും നടന്ന ബുക് കഫെയിലൂടെ വിളംബരവും ശില്‍പശാലയും പൂര്‍ത്തിയാക്കിയും സോഷ്യല്‍ മീഡിയയില്‍ ബുക് കവര്‍ പ്രകാശനം ചെയ്തും ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പ്രൗഢമായ തുടക്കം കുറിച്ചു. ഘടകങ്ങള്‍ക്ക് നിശ്ചയിച്ചു നല്‍കിയ ടാര്‍ഗറ്റില്‍ ബുക്ഹബ്ബിലൂടെ അനുവാചകരിലേക്ക് പുസ്തക രജിസ്‌ട്രേഷനും വായനയും പരീക്ഷയും കൈമാറും. ബൊണാന്‍സയിലൂടെ ലക്ഷ്യം പൂര്‍ത്തീകരിച്ച കമ്മിറ്റികള്‍ക്ക് ആദരം നല്‍കും.
ഒന്നാം ഘട്ടമായ പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് നവംബര്‍ അവസാന വാരത്തില്‍ നടത്തുന്ന ഫൈനല്‍ പരീക്ഷ എഴുതാം. ഡിസംബര്‍ ഒന്നിന് നടക്കുന്ന ഫലപ്രഖ്യാപനത്തില്‍ ജനറല്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി ഗ്ലോബല്‍ അടിസ്ഥാനത്തില്‍ വിജയിക്കുന്നവര്‍ക്ക് 50,000 ഇന്ത്യന്‍ രൂപ ഒന്നാം സമ്മാനമായും 25,000 രൂപ രണ്ടാം സമ്മാനമായും സ്റ്റുഡന്റ്‌സ്‌ വിഭാഗത്തില്‍ 10,000 രൂപ ഒന്നാം സമ്മാനവും 5000 രൂപ രണ്ടാം സമ്മാനവുമായി നല്‍കും ■

Share this article

Leave a Reply

Your email address will not be published. Required fields are marked *