വയസ്സര്‍ ഒഴിഞ്ഞുപോയ നാട്ടിന്‍ പുറങ്ങള്‍

Reading Time: 3 minutes

പ്രായമേറെള്ളവര്‍ നമുക്കിടയില്‍ ധാരാളമുണ്ടെങ്കിലും അവർ സമൂഹത്തിന്റെ രൂപഘടനയില്‍ വേണ്ടത്ര പരിഗണിക്കപ്പെടുന്നുണ്ടോ? പ്രായമായവര്‍ക്ക് സമൂഹം വളരെയേറെ പ്രാധാന്യം കൊടുത്ത ഒരു കാലമുണ്ടായിരുന്നു. വീടിന്റെ അകത്തളങ്ങളിലും പൊതുയിടങ്ങളിലും പ്രായമേറിയവര്‍ക്ക് പ്രത്യേക പരിഗണനയുണ്ടായിരുന്നു. എന്നാല്‍ കാലത്തിന്റെ മുന്നേറ്റത്തില്‍ ഇത്തരത്തിലുള്ള പരിഗണനാക്രമങ്ങള്‍ക്കൊക്കെ കാതലായ മാറ്റംവന്നു. സമ്പത്ത് കൈയാളുന്നവരിലും അധികാരം നിയന്ത്രിക്കുന്നവരിലുമൊക്കെ പ്രായം അത്രയൊരു ഭാരമല്ലെങ്കിലും പൊതുവെ സാമൂഹ്യശ്രേണിയുടെ പലതലങ്ങളിലും പ്രായത്തോടുള്ള ഈ വിവേചനം വളരെ വ്യക്തമായി കാണാന്‍ കഴിയും.
സമൂഹത്തിന്റെ ഇന്നത്തെ ഒരവസ്ഥയില്‍ പ്രായം ഒരന്യവല്‍കരിക്കേണ്ട ഘടകമല്ല. കഴിഞ്ഞ കാലങ്ങളെപ്പോലെ പ്രായം ഒരാളില്‍ അത്ര പ്രകടമായി ഇപ്പോള്‍ പ്രത്യക്ഷപ്പെടാറില്ല. മുമ്പൊക്കെ ഒരു വ്യക്തി ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിക്കുന്നതോടെ പ്രായത്തിന്റെ എല്ലാ അടയാളങ്ങളും അയാളില്‍ പ്രത്യക്ഷപ്പെടും. വാര്‍ധക്യത്തിന്റെ സകല ഭാരവും അയാളുടെ വാക്കുകളിലും ചലനങ്ങളിലും മനോഭാവങ്ങളിലും കാണാന്‍കഴിയും. ഒരാള്‍ വൃദ്ധനായി എന്നുള്ളതിന്റെ പ്രഖ്യാപനം ഒരോ അണുവിലും അയാളില്‍ നിന്നു പുറത്തുവന്നുകൊണ്ടേയിരിക്കും. ഇത്തരത്തില്‍ പ്രായമായ ഒരു വ്യക്തി എല്ലാ പൊതുരംഗങ്ങളിലും സ്വയം വിമുക്തനാകും. തന്നെക്കൊണ്ട് സമൂഹത്തിന് ഇനി ഒട്ടും പ്രയോജനമില്ലെന്ന തിരിച്ചറിവില്‍ അയാള്‍ സ്വയം അന്തര്‍മുഖനാകും.
എന്നാല്‍ ഇന്നതാണോ അവസ്ഥ? മുമ്പ് ഔദ്യോഗിക ജീവിതത്തില്‍നിന്നും പുറത്തുവന്നതോടെ ജീവിതത്തില്‍ നിന്നുതന്നെ പുറത്താകുന്നു എന്നതായിരുന്നു സ്ഥിതി. പിന്നെ ആ വ്യക്തി പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെടുക പതിവില്ല. ഇപ്പോള്‍ അതെല്ലാം മാറിയിരിക്കുന്നു. ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചാൽ പോലും പഴയതുപോലെ തന്നെ സക്രിയമായി പൊതുരംഗത്തു പ്രവർത്തിക്കുന്നവര്‍ എത്രയോ പേര്‍ നമ്മുടെ ഇടയിലുണ്ട്. അവര്‍ക്കൊരിക്കലും പ്രായമാകുന്നില്ല. ഒരേ സമയത്ത് പ്രായമായവര്‍ക്ക് പ്രസക്തി ഇല്ലാതാകുകയും എന്നാല്‍ അതേ കാലയളവില്‍ തന്നെ പ്രായമായവര്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ വ്യവഹരിക്കുകയും ചെയ്യുന്നതിന്റെ കാരണമെന്ത്? അതാണ് പരിശോധിക്കപ്പെടേണ്ടത്.
വീട്, കുടുംബം, സമൂഹം എന്നീ മേഖലകളിലൊക്കെ ഒരു കാലത്ത് പ്രായമായവര്‍ക്ക് വളരെയേറെ പ്രാധാന്യം ലഭിച്ചിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് കാരണവര്‍ എന്ന പ്രായം കൂടിയ വ്യക്തിക്കായിരുന്നു കുടുംബത്തിന്റെ പൂര്‍ണമായ നിയന്ത്രണം. അമ്മാവന്റെ വാക്കിന് എതിര്‍വാക്ക് പറയാന്‍ കഴിയുമായിരുന്നില്ല. എം ടിയുടെ “നാലുകെട്ട്’ എന്ന നോവലിലെ കാരണവര്‍ ആ കാലത്തെ കൂട്ടുകുടുംബ വ്യവസ്ഥയുടെ ചോദ്യം ചെയ്യപ്പെടാത്ത പ്രതീകമായിരുന്നു. “നാലുകെട്ടി’ല്‍ സൂചിപ്പിച്ചതുപോലെ നാലുകെട്ടുകള്‍ തകര്‍ന്നു ഇരുളടഞ്ഞ മുറിക്കുള്ളിലേക്ക് വെളിച്ചം കടന്നുവന്നതോടെയാണ് അമ്മാവന്റെ പ്രാധാന്യം കുറഞ്ഞുപോയത്. വീടുകള്‍ അണുകുടുംബവ്യവസ്ഥയിലേക്ക് മാറിയതോടെയാകാം പ്രായമായവര്‍ വീടുകളില്‍ അധികഭാരമെന്ന ചിന്തയിലേക്ക് സമൂഹം എത്തിയതെന്ന് തോന്നുന്നു. കുടുംബമെന്നാല്‍ അച്ഛനും അമ്മയും മക്കളും തുടങ്ങിയ ഒരു സംവിധാനം മാത്രമാണെന്ന കാഴ്ചപ്പാടിലേക്ക് നമ്മള്‍ അറിയാതെ എത്തുകയായിരുന്നു. ഇവര്‍ക്കപ്പുറത്തേക്ക് ഒരാളെ പ്രതിഷ്ഠിക്കുവാന്‍ കഴിയാത്ത സങ്കുചിത ചിന്തയിലേക്ക് സമൂഹം പതുക്കെപ്പതുക്കെ മാറാന്‍ തുടങ്ങി. കുടുംബസംവിധാനത്തില്‍ വന്ന മാറ്റം സമൂഹത്തിലും പ്രതിഫലിക്കുകയായിരുന്നു. നാട്ടിലെ പ്രായംചെന്നവര്‍ക്കും സാമ്പത്തിക അടിത്തറയുള്ളവര്‍ക്കും വലിയ പ്രാധാന്യം കൊടുക്കുന്ന നിലപാടായിരുന്നു സമൂഹത്തില്‍ മുമ്പുണ്ടായിരുന്നത്. അവരുടെ വാക്കുകള്‍ക്ക് വലിയ വിലകല്‍പിച്ചിരുന്നു. നാട്ടുകാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ മിക്കതും പരിഹരിച്ചിരുന്നത് നാട്ടിലെ പ്രായംചെന്നവരായിരുന്നു. എന്നാല്‍ കാലം ചെല്ലുന്നതോടെ ഈ സംവിധാനത്തിലും മാറ്റംവന്നു. ഉപദേശങ്ങള്‍ക്കോ നിര്‍ദേശങ്ങള്‍ക്കോ വേണ്ടി പ്രായംചെന്നവരെ സമീപിക്കുന്ന രീതിയും പതുക്കെ ഇല്ലാതായി. കുടുംബങ്ങളില്‍ എന്നപോലെ സമൂഹത്തിലും പ്രായമായവര്‍ക്ക് സ്വീകര്യത നഷ്ടപ്പെട്ടു. സമൂഹത്തിലെ സാമ്പത്തിക സംവിധാനത്തില്‍ വന്ന മാറ്റമാണ് പ്രധാനമായും പ്രായമായവരോടുള്ള സമീപനത്തില്‍ മാറ്റംവരുത്താന്‍ നിമിത്തമായത്. മുമ്പ് സാമ്പത്തിക അടിത്തറയുള്ളവര്‍ സമൂഹത്തില്‍ വളരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ സാമ്പത്തിക ഭദ്രതയുള്ളവര്‍ സമൂഹത്തില്‍ കൂടുതല്‍ ആദരിക്കപ്പെട്ടു. എല്ലാവര്‍ക്കും സാമ്പത്തിക ഭദ്രതയുണ്ടായതോടെ ആര്‍ക്കും ആരെയും ആശ്രയിക്കേണ്ട അവസ്ഥ ഇല്ലാതായി. പ്രായമായവര്‍ക്ക് ആദരവ് ലഭിക്കാതിരിക്കാനുള്ള കാരണങ്ങളില്‍ ചിലത് ഇതാണ്.
നമ്മുടെ ആരോഗ്യ രംഗത്തുണ്ടായ വളര്‍ച്ച ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ ഒരു പരിധിവരെ സഹായിച്ചു. ആദ്യകാലത്ത് പ്രായത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാല്‍ ശാരീരികമായും മാനസികമായും വാര്‍ധക്യത്തിന് അടിമപ്പെടുന്ന തലമുറയാണ് ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ കാലത്ത് അത്തരത്തിലുള്ള ജീവിതശൈലി പാടെ മാറിയിരിക്കുന്നു. വാര്‍ധക്യം ഏശാത്ത എത്രയോ പ്രായമായവര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ അവരുടെ ആരോഗ്യകരമായ അവസ്ഥ സാമൂഹ്യനിര്‍മിതിക്കു വേണ്ടി വിനിയോഗിക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതാണ്. പലപ്പോഴും “ഇല്ല’ എന്ന മറുപടി പല കോണുകളില്‍ നിന്നും ലഭിക്കാവുന്നതാണ്. ഔദ്യോഗിക മേഖലകളില്‍ നിന്നും വിരമിച്ചതിനുശേഷം ജോലി ചെയ്ത വര്‍ഷങ്ങളെക്കാളേറെ ജീവിക്കാന്‍ കഴിയുന്ന ഭാഗ്യവാന്മാരാണേറെയും. അവര്‍ക്കെല്ലാം മുമ്പ് കിട്ടിയിരുന്ന വേതനത്തെക്കാള്‍ അധികം തുക പെന്‍ഷനായി ലഭിക്കുന്നുമുണ്ട്. അത്തരം വ്യക്തികള്‍ തങ്ങളുടെ അറിവും പരിചയവും സമൂഹത്തിന്റെ നിര്‍മിതിക്ക് വേണ്ടി വിനിയോഗിക്കേണ്ടതാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, അത്തരമൊരു മനോഭാവം പലരില്‍നിന്നും ഉണ്ടാകുന്നില്ല. ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ചതിന് ശേഷം വീടിന്റ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടി കഴിയുന്ന എത്രയോ പേര്‍ നമുക്കിടയിലുണ്ട്. ഇത്രയൊന്നും സാമ്പത്തികാടിത്തറ സമൂഹത്തിനില്ലാതിരുന്ന കാലത്ത് ആയുര്‍ദൈര്‍ഘ്യം വളരെ പിറകിലായിരുന്ന ഘട്ടത്തില്‍ പൊതുരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്ന എത്രയോ പേര്‍ ഉണ്ടായിരുന്നു. സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ യുവാക്കളെക്കാളേറെ പൊതുരംഗത്ത് ഇടപെട്ടുകൊണ്ടിരുന്നവര്‍ പ്രായമായവരായിരുന്നു. എന്നാല്‍ ഇന്ന് അത്തരമൊരു ചിത്രം അപ്പാടെ മാറിയിരിക്കുന്നു. ആദ്യകാലങ്ങളില്‍ യുവത്വവും വാര്‍ധക്യവും തമ്മില്‍ ആരോഗ്യകരമായ ഒരു സംവാദതലമുണ്ടായിരുന്നു. ആ ഒരു ചിത്രത്തിനും മാറ്റം വന്നിരിക്കുന്നു. യുവത്വത്തിന്റെ സമീപനങ്ങളെ ഉള്‍ക്കൊള്ളാന്‍ പ്രായമായ പലര്‍ക്കും കഴിയുന്നില്ല. യുവത്വത്തിനാകട്ടെ, പ്രായമായവരെ ഉള്‍ക്കൊള്ളാനും സാധിക്കുന്നില്ല. ഇത്തരത്തിലുള്ള ഒരു വൈരുധ്യത്തിന്റെ മണ്ഡലത്തിലൂടെയാണ് പുതിയ കാലം കടന്നുപോകുന്നത്.
വൃദ്ധസദനങ്ങള്‍ കാലത്തിന്റെ വളരെ പരിചിതമായ ചിത്രങ്ങളായി മാറിയിരിക്കുന്നു. ആദ്യകാലത്ത് വൃദ്ധര്‍ക്ക് അഭയം തേടാനുള്ള ഒരിടം എന്ന ആശയം നമുക്കത്ര പരിചിതമായിരുന്നില്ല. ടി വി കൊച്ചുബാവ തന്റെ നോവലിന് “വൃദ്ധസദനം’ എന്ന പേര് നല്‍കിയപ്പോള്‍ പലരും വിമര്‍ശിച്ചത് അതിന്റെ പേരിനെക്കുറിച്ചായിരുന്നു. വായനക്കാര്‍ക്ക് അത്ര പരിചിതമല്ലാത്ത ഒരാശയത്തിന്റെ പേര് അവര്‍ ഉള്‍ക്കൊള്ളുമോ എന്നായിരുന്നു സംശയം. എന്നാല്‍ പുസ്തകമിറങ്ങി ഏതാനും മാസങ്ങള്‍ കഴിഞ്ഞതോടെ വൃദ്ധസദനങ്ങളെക്കുറിച്ചുള്ള പല വാര്‍ത്തകളും പുറത്തുവരാന്‍ തുടങ്ങി. വൃദ്ധസദനത്തില്‍ അഭയം തേടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയായിരുന്നു. സമ്പന്നരായ പല മക്കളും അവരുടെ പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള ശീലത്തിലേക്ക് കടന്നുചെല്ലുന്നതും കാണാമായിരുന്നു. സാമ്പത്തിക അടിത്തറയുള്ളവരിലും ഇല്ലാത്തവരിലും ഈ പ്രവണത പ്രകടമായിരുന്നു. പ്രായേണ സാമ്പത്തിക അടിത്തറ കുറഞ്ഞവരുടെ കുടുംബങ്ങളിലാണ് പ്രായമായവരോട് ആര്‍ദ്രമായ മനോഭാവം കാണിക്കുന്നതെന്നും ചില പഠനങ്ങളില്‍ വെളിപ്പെടുകയുണ്ടായി. തിരക്കേറിയ ആരാധനാലയ പരിസരങ്ങള്‍, പ്രായമായവരെ സംരക്ഷിക്കുന്ന കേന്ദ്രങ്ങളായി മാറുന്നതും അടുത്ത കാലത്ത് കാണുകയുണ്ടായി.
പ്രായമായവരെ സംരക്ഷിക്കുന്നതിനുള്ള ധാരാളം നിയമങ്ങള്‍ നമുക്കുണ്ട്. മക്കള്‍ പ്രായമായ മാതാപിതാക്കള്‍ക്ക് സംരക്ഷണം ഒരുക്കണമെന്ന എഴുതപ്പെട്ട നിയമമുണ്ടായിട്ടും പല വീടുകളില്‍നിന്നും പ്രായമായവര്‍ക്ക് അത്തരമൊരു സംരക്ഷണം ലഭിക്കുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. ഈ നിയമങ്ങള്‍ക്ക് അടിസ്ഥാനമായ പല വാര്‍ത്തകളും മാധ്യമങ്ങളില്‍ അനുദിനം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുയാണ്. പ്രായമായവര്‍ക്ക് പരിരക്ഷ നല്‍കാനുള്ള നിമയങ്ങള്‍ ധാരാളമുണ്ടെങ്കിലും അത് മാത്രം മതിയോ എന്നതാണ് പ്രസക്തമായ ചോദ്യം.
പ്രായമായവരോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തുകയാണ് നാം ആദ്യമായി ചെയ്യേണ്ടത്. പ്രായമാകുന്നത് ഒരു കുറ്റമല്ല. അതിനെ ബാധ്യതയായിട്ടും നാം കാണാന്‍ പാടില്ല. അത്തരമൊരു കാഴ്ചപ്പാടിലേക്ക് നമ്മുടെ സാമൂഹ്യബോധത്തെ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തണ്ടത്. പുതിയ തലമുറയിലാണ് ആദ്യം ഈ രീതിയിലുള്ള ബോധവത്കരണം ഉണ്ടാകേണ്ടത്. നമ്മുടെ പാഠ്യപദ്ധതിയില്‍ തന്നെ അതിനുള്ള മാറ്റങ്ങള്‍ വരുത്തണം. പ്രായമായവര്‍ ഏതു രംഗത്തും ആദരിക്കപ്പെടേണ്ടവരാണെന്ന് പുതിയ തലമുറയെക്കൊണ്ട് ചിന്തിപ്പിക്കാന്‍ കഴിയുന്ന ഒരു പാഠ്യക്രമമാണ് നമുക്ക് വേണ്ടത്. ഇതുമായി ബന്ധപ്പെട്ട കഥകളും കവിതകളും ലേഖനങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇത് സാധിക്കാവുന്നതാണ്.
പ്രായമായവരുടെ അനുഭവജ്ഞാനം വളരെ വലുതാണ്. ഇത് ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് ഇന്ന് ഏറെ പരിമിതികളുണ്ട്. അങ്ങനെ ഉപയോഗിക്കുന്ന അവസരം തുറന്നുകിട്ടിയാല്‍ പ്രായമായവരില്‍ കുറേക്കൂടി സജീവത പ്രത്യക്ഷപ്പെടാനും ഇടയാകും. തങ്ങളെക്കൊണ്ട് ഇനി ആര്‍ക്കും ആവശ്യമില്ലെന്ന വെറുംബോധമല്ല പ്രായമായവരില്‍ വളരേണ്ടത്. മറിച്ച് സമൂഹത്തിന് തങ്ങളുടെ സാന്നിധ്യം ഇനിയും ആവശ്യമാണെന്ന ബോധ്യത്തിലേക്ക് അവര്‍ എത്തിച്ചേരണം. അങ്ങനെ സംഭവിച്ചാല്‍ പ്രായമായവരില്‍ പലപ്പോഴും പ്രകടമാകുന്ന നിസംഗതക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരമാകും ■

Share this article

About യു കെ കുമാരന്‍

ukkumaran1950@gmail.com

View all posts by യു കെ കുമാരന്‍ →

Leave a Reply

Your email address will not be published. Required fields are marked *