വരൂ, ഞങ്ങളെ പറ്റിച്ചുപോകൂ

Reading Time: 3 minutes

പ്രബുദ്ധ മലയാളി, അതാണ് വിളിപ്പേര്. അതിപ്പോള്‍ ഒന്നാന്തരം സെല്‍ഫ് ട്രോളായി മാറിയിരിക്കുന്നു. ആര്‍ക്കും എളുപ്പത്തില്‍ പറ്റിക്കാന്‍ നിന്നുകൊടുക്കുകയാണ് നാമിപ്പോള്‍. നമ്മുടെ പ്രബുദ്ധതയെ അടപടലം ചുരണ്ടിക്കൊണ്ടുപോയ ഒരാളെക്കുറിച്ച് പറയാം. ആളുടെ പേര്, മോണ്‍സണ്‍ മാവുങ്കല്‍. ഉന്നതരുമായിട്ടായിരുന്നു കൂട്ട്. രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ നിത്യസന്ദര്‍ശകരായിരുന്നു മോണ്‍സന്റെ വസതിയില്‍. മോശയുടെ വടി മുതല്‍ ടിപ്പുവിന്റെ സിംഹാസനം വരെയുള്ള പുരാവസ്തു ശേഖരമായിരുന്നു മോണ്‍സന്റെ വസതി നിറയെ. പത്രങ്ങള്‍ ഫീച്ചറെഴുതിയും ചാനലുകള്‍ സ്റ്റോറി ചെയ്തും മോണ്‍സന്റെ പുരാവസ്തു താല്പര്യത്തെ വാഴ്ത്തിപ്പാടി. ഒടുവില്‍ നിയമത്തിന്റെ പിടിവീണപ്പോള്‍ ചെമ്പ് പുറത്തുവന്നു; മോണ്‍സന്റെ കയ്യിലുള്ള പുരാവസ്തുക്കളെല്ലാം തനിവ്യാജമാണ്. കേരളത്തില്‍ തന്നെ പണിത സിംഹാസനവും പാത്രവും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് എന്ന് എത്ര ലാഘവത്തോടെയാണ് അയാള്‍ അവകാശപ്പെട്ടത്? എത്രയെത്ര പ്രമുഖരാണ് അത് വിശ്വസിച്ച് അയാളെത്തേടി പുറപ്പെട്ടത്? ടിപ്പു സുല്‍ത്താനൊഴികെ എല്ലാവരുമിരുന്നു ഫോട്ടോയെടുത്ത സിംഹാസനം എന്നാണ് മോണ്‍സന്റെ വീട്ടിലെ “ടിപ്പുവിന്റെ സിംഹാസന’ത്തെ ട്രോളന്മാര്‍ പൊങ്കാലയിട്ടത്.
ഇത് മലയാളിക്ക് സംഭവിക്കുന്ന ആദ്യത്തെ അമളിയല്ല, അവസാനത്തേതുമാകില്ല. പണം വെച്ച് ചൂതുകളിച്ച് ജീവിതം തുലച്ചുകളഞ്ഞ എത്രയോ പേരുണ്ട് കേരളത്തില്‍. മുമ്പ് ഉത്സവപ്പറമ്പുകളില്‍ വ്യാപകമായി നടന്നിരുന്ന ചൂതുകളിലൊന്ന് നാടകുത്തായിരുന്നു. കോഴിക്കോട് നഗരത്തിലെ ചില ഫുട്പാത്തുകളില്‍ പകല്‍ നേരങ്ങളില്‍ ഈ ചൂത് കണ്ടത് ഓര്‍മയിലുണ്ട്. ചുരുട്ടിവെച്ച നാട. പല മടക്കുകളായി കിടക്കുന്ന ആ നാടയുടെ ഒത്തനടുവില്‍ പേന കുത്തിയാല്‍ കൊടുത്ത കാശിന്റെ ഇരട്ടി കിട്ടും. പേന കുത്തിയത് തെറ്റായ പോയിന്റിലെങ്കില്‍ കൊടുത്ത പണം നാടകുത്ത് നടത്തുന്നയാള്‍ കീശയിലിടും. ഓരോ കുത്തിലും പരാജയപ്പെടുമ്പോഴും അടുത്ത കുത്തില്‍ എല്ലാംകൂടി തിരിച്ചുപിടിക്കും എന്ന വാശിയോടെ വീണ്ടും വീണ്ടും പണം വെയ്ക്കുന്ന മനുഷ്യര്‍. ഒടുവില്‍ വണ്ടിക്കൂലിക്ക് കണ്ണില്‍ കാണുന്നവരോട് മുഴുവന്‍ യാചിക്കുന്ന നിസ്സഹായത. അങ്ങനെയൊരു മനുഷ്യനെ വര്‍ഷങ്ങള്‍ക്കുമുമ്പ് അഭിമുഖീകരിച്ചിട്ടുണ്ട്.
തെരുവിലെ ചൂതാട്ടമിപ്പോള്‍ ഓണ്‍ലൈനിലേക്ക് മാറി. റമ്മിയാണിപ്പോള്‍ തരംഗം. ഇതു ചൂതല്ല, നിയമവിധേയമാണ് എന്നൊക്കെ അവകാശവാദങ്ങളുണ്ട്. ഓണ്‍ലൈന്‍ റമ്മി കളിച്ച് പണമുണ്ടാക്കി എന്ന അവകാശവാദവുമായി പരസ്യവീഡിയോയില്‍ അഭിനയിച്ച പാലക്കാട് എലപ്പുള്ളി സ്വദേശി പ്രദീപ് കുമാര്‍ ഈയിടെ ഒരു ചാനലിനോട് പറഞ്ഞത് അത് വെറും പരസ്യവാചകമാണെന്നും തന്റെ ജീവിതാനുഭവം അല്ലെന്നുമാണ്. പരസ്യത്തില്‍ പറയുന്നതുപോലെ റമ്മി കളിച്ച് തനിക്ക് ലക്ഷങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല, അത് സ്‌ക്രിപ്റ്റില്‍ ഉള്ളത് പറഞ്ഞതാണ്. അതു കണ്ടിട്ട് ആരും റമ്മി കളിക്കരുതെന്നും പ്രദീപ് കുമാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട് ആ സംസാരത്തില്‍. എന്നിട്ടും ദിനേന ആയിരക്കണക്കിന് പേര്‍ ഓണ്‍ലൈന്‍ റമ്മിയില്‍ പണമിറക്കുന്നു. നാടകുത്തുമ്പോള്‍ ഉണ്ടാകുന്ന അതേ മാനസിക നിലയാണ് ഇവര്‍ക്കും. ഒരിക്കല്‍ പോയാല്‍ മറ്റൊരിക്കല്‍ വരും. കീശ കാലിയായാലും ഈ മനോനിലയില്‍ മാറ്റമുണ്ടാകില്ല. കാരണം പണത്തോട് ഇത്രയ്ക്ക് ആര്‍ത്തിയുള്ള മറ്റൊരു സമൂഹം ഇന്ത്യയിലുണ്ടോ എന്നതു സംശയമാണ്.
കൈ നനയാതെ മീന്‍ പിടിക്കണം, മെയ്യനങ്ങാതെ പണം സമ്പാദിക്കണം- ഇതാണ് ശരാശരി മലയാളിയുടെ മനോഗതം. മണിച്ചെയിന്‍ ബിസിനസുകളില്‍ പണമിറക്കി വഞ്ചിക്കപ്പെട്ട മലയാളികളുടെ എണ്ണം കുറച്ചൊന്നുമല്ല. എളുപ്പത്തില്‍ പണക്കാരനാകാം എന്ന മോഹവാഗ്ദാനങ്ങളില്‍ മനസുടക്കി വീണുപോകുന്നത് നിത്യവാര്‍ത്തയാണ്. ക്യൂ നെറ്റ് തട്ടിപ്പ് ഓര്‍ക്കുക. രാജ്യവ്യാപകമായി ഏഴായിരം കോടി രൂപയുടെ തട്ടിപ്പാണ് ഇന്ത്യയില്‍ കമ്പനി നടത്തിയത്. കേരളത്തില്‍ മാത്രം നൂറു കോടി രൂപയുടെ തട്ടിപ്പാണ് ക്യൂ നെറ്റിന്റെ പേരില്‍ നടന്നിട്ടുള്ളത്. പണം നഷ്ടപ്പെട്ട പലരും തുറന്നുപറയാന്‍ ഇനിയും സന്നദ്ധമായിട്ടില്ല. കോവിഡ് മഹാമാരിയുടെ കാലത്തും നൂറുകോടി രൂപ ആലോചനകളേതുമില്ലാതെ നിക്ഷേപിക്കാന്‍ മലയാളികള്‍ കാണിച്ച ഉത്സാഹം അതിശയിപ്പിക്കുന്നതാണ്.
മലയാളികളുടെ പണംചോരുന്ന മറ്റൊരു വഴി മന്ത്രവാദമാണ്. കാര്യസാധ്യത്തിനും രോഗശമനത്തിനും പ്രേതബാധ ഒഴിപ്പിക്കാനും ശത്രുനിഗ്രഹത്തിനും വരെ മന്ത്രവാദികളെ ആശ്രയിക്കുന്നുണ്ട് മലയാളികള്‍. ഈയടുത്ത ദിവസം കോഴിക്കോട് ജില്ലയില്‍ നിന്നുള്ള വാര്‍ത്ത, മന്ത്രവാദത്തിന്റെ പേരില്‍ ഒരു കുടുംബത്തില്‍ നിന്ന് 400 പവന്‍ സ്വര്‍ണാഭരണവും 20 ലക്ഷം രൂപയും തട്ടിയെടുത്ത വനിതയെ രണ്ടുവര്‍ഷത്തെ തടവുശിക്ഷയ്ക്ക് കോടതി വിധിച്ചതാണ്. വീടുപണി വേഗത്തിലാക്കാന്‍ സഹായം തേടിയാണത്രെ മന്ത്രവാദിനിയെ സമീപിച്ചത്.
എന്തിനും ഏതിനും മറ്റുള്ളവരെ സംശയിക്കുന്ന മലയാളിയുടെ “മനോരോഗമാണ്’ പലപ്പോഴും വ്യാജസിദ്ധമാര്‍ക്കും മന്ത്രവാദികള്‍ക്കും കൊയ്ത്തായി മാറുന്നത്. വീട് പണി വിചാരിച്ച വേഗത്തില്‍ പൂര്‍ത്തിയായില്ലെങ്കില്‍, വീട്ടിലാര്‍ക്കെങ്കിലും രോഗം ബാധിച്ചാല്‍, രാത്രിയില്‍ ഞെട്ടി ഉണര്‍ന്നാല്‍, കടം കയറിയാല്‍, ബിസിനസ് പൊളിഞ്ഞാല്‍, വീട്ടുപരിസരത്ത് പാമ്പിനെ കണ്ടാല്‍, മക്കളുണ്ടാകാഞ്ഞാല്‍… കാര്യമേതായാലും മന്ത്രവാദം തന്നെ ശരണം! ആഭിചാരം, കണ്ണേറ്, ശത്രുദോഷം, പ്രേതബാധ- മന്ത്രവാദികള്‍ കാരണം കണ്ടെത്തും. പിന്നെ മന്ത്രമായി, മാറ്റലായി, ഹോമമായി- പണവും സ്വര്‍ണവുമൊക്കെ മന്ത്രവാദിയുടെ കൂടെ ഇറങ്ങിപ്പോകും. പിന്നെ കരച്ചിലായി, കേസായി, തെക്കുവടക്ക് നടക്കലായി. നമുക്കെതിരെ ആരെങ്കിലും എന്തെങ്കിലും ചെയ്‌തോ എന്ന അടുക്കളവര്‍ത്താനത്തിലാണ് മന്ത്രവാദത്തിലേക്കുള്ള വഴി പലപ്പോഴും തുറക്കപ്പെടുന്നത്. അയലത്തുകാരനെ, കുടുംബക്കാരനെ, വീടിന്റെ മുമ്പിലൂടെ വഴി നടക്കുന്നവരെപ്പോലും സംശയിച്ചുകൊണ്ടാണ് ആ അടുക്കളസംസാരം പലപ്പോഴും അവസാനിക്കുക. ആത്മീയപ്രധാനമായ പ്രശ്‌നപരിഹാരങ്ങളെപ്പോലും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നവിധം വ്യാജന്മാര്‍ തിമിര്‍ക്കുകയാണ് മന്ത്രവാദത്തിന്റെ മറവില്‍.
ഇത് മലയാളികളുടെ മാത്രം പ്രശ്‌നമല്ല. മന്ത്രവാദത്തിന്റെ പേരില്‍ നരബലി പോലും നടക്കാറുണ്ട് ഇന്ത്യയുടെ മറ്റു ചില സംസ്ഥാനങ്ങളില്‍. സാമ്പത്തിക തട്ടിപ്പിന്റെ കാര്യം പറയുകയും വേണ്ട. കഴിഞ്ഞ വര്‍ഷം ബംഗളുരുവില്‍ നിന്ന് വന്ന വാര്‍ത്ത ഇങ്ങനെയാണ്. ഭര്‍ത്താവ് മരിച്ച യുവതിക്കും മക്കള്‍ക്കും അകാല മരണം സംഭവിക്കുമെന്ന് വിശ്വസിപ്പിച്ച് മന്ത്രവാദി കയ്യിലാക്കിയത് അഞ്ചുകോടി രൂപയും മൂന്നുകിലോ സ്വര്‍ണവുമാണ്. രാമമൂര്‍ത്തി നഗര്‍ സ്വദേശിയായ ഗീതയ്ക്കാണ് പണവും സ്വര്‍ണവും നഷ്ടപ്പെട്ടത്. നാഗരാജ് എന്ന മന്ത്രവാദിയേയും കൂട്ടാളികളേയും പൊലീസ് അറസ്റ്റ് ചെയ്തു. അതുകൊണ്ടെന്താണ്? രണ്ടോ മൂന്നോ വര്‍ഷം ജയിലില്‍ കിടന്ന് അവര്‍ പുറത്തുവരും. സ്വത്തുക്കള്‍ കൈവശം വെക്കുന്നത് അപകടമാണ് എന്ന് വിശ്വസിപ്പിച്ചാണത്രെ നാഗരാജ് ഈ തട്ടിപ്പ് നടത്തിയത്. കേട്ടപാടെ ഭര്‍ത്താവിന്റെ പേരിലുള്ള സ്വത്തുക്കള്‍ വിറ്റു പണം മന്ത്രവാദിയെ ഏല്പിച്ചു. കയ്യിലുണ്ടായിരുന്ന സ്വര്‍ണവും കൊണ്ടുപോയി കൊടുത്തു.
അക്ഷരാഭ്യാസമില്ലാത്ത സാധുക്കള്‍ ഈ വക തട്ടിപ്പുകളില്‍ അകപ്പെടുന്നത് മനസിലാക്കാം. പക്ഷേ പഠിപ്പും പത്രാസുമുണ്ട് എന്ന് നമ്മള്‍ കരുതുന്ന ഉന്നതരാണ് തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരില്‍ നല്ലൊരു ശതമാനം എന്നത് കേസുകളിലൂടെ കടന്നുപോകുമ്പോള്‍ അറിയുന്നു. മോണ്‍സണ്‍ മാവുങ്കല്‍ പറ്റിച്ചത് ചെറുമീനുകളെയല്ലല്ലൊ. പ്രബുദ്ധതയുടെ പേരില്‍ അഹങ്കരിക്കുന്ന മലയാളികളുടെ മുഖത്തേക്ക് കാര്‍ക്കിച്ചുതുപ്പുന്ന തട്ടിപ്പുവീരന്മാര്‍ മോണ്‍സണില്‍ അവസാനിക്കില്ല. പണത്തോടും പ്രശസ്തിയോടും ആര്‍ത്തി അവസാനിക്കാത്തിടത്തോളം അവര്‍ ഇവിടെത്തന്നെയുണ്ടാകും.
പട്ടുനൂല്‍പുഴു വളര്‍ത്തലുമായി (Sericulture) ബന്ധപ്പെട്ട് നടന്ന ഒരു തട്ടിപ്പിനെ കുറിച്ചുകൂടി പറഞ്ഞ് ഈ ലേഖനം അവസാനിപ്പിക്കാം. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ കൃഷിരീതിയാണിത്. ഒരേക്കര്‍ സ്ഥലത്ത് മള്‍ബറിച്ചെടി കൃഷി ചെയ്താല്‍ പ്രതിമാസം ചരുങ്ങിയത് അമ്പതിനായിരം രൂപ ലാഭം കിട്ടുമെന്നാണ് കണക്കാക്കപ്പെടുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് വന്ന “സംരംഭകന്‍’ അതിലേറെ മോഹിപ്പിച്ചാണ് കോഴിക്കോട്ടു നിന്നുള്ള പ്രമുഖനെ സമീപിച്ചത്. എങ്കില്‍ ഒരു കൈനോക്കാമെന്നായി അദ്ദേഹം. തമിഴ്‌നാട്ടുകാരനെ തന്നെ മേല്‍നോട്ട ചുമതല ഏല്പിച്ചു. അയാള്‍ക്ക് താമസസൗകര്യവും ഭക്ഷണവും ശമ്പളവും നിശ്ചയിച്ചു. മള്‍ബറി കൃഷി ജോറായിത്തന്നെ ആരംഭിച്ചു. തമിഴ്‌നാട്ടുകാരന്‍ കാര്യമായിത്തന്നെ പണിയെടുത്തു, നല്ലോണം പണവും വാങ്ങി. കിട്ടാനിരിക്കുന്ന ലാഭത്തെക്കുറിച്ച് അയാള്‍ മുതലാളിയെ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചു. കൃഷി പുരോഗമിച്ചു, ആഴ്ചകളും മാസങ്ങളും പിന്നിട്ടു. തൊഴിലാളിക്ക് മുടങ്ങാതെ പണം കിട്ടിക്കൊണ്ടിരുന്നു. കൃഷിയില്‍ നിന്ന് പക്ഷേ വരുമാനം മാത്രം കിട്ടാക്കനിയായി. ഒടുവില്‍ തമിഴ്‌നാട്ടുകാരന്‍ നാട്ടിലൊന്നു പോയിവരാമെന്നു പറഞ്ഞുപോയതാണ്. വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. അയാള്‍ ഇനിയെന്ന് വരാനാണ്! ■

Share this article

About മുഹമ്മദലി കിനാലൂർ

mdalikinalur@gmail.com

View all posts by മുഹമ്മദലി കിനാലൂർ →

Leave a Reply

Your email address will not be published. Required fields are marked *