മരുഭൂമിയില്‍ കണ്ടെടുത്ത രേഖകളില്ലാത്ത മനുഷ്യര്‍

Reading Time: 3 minutes

മലയാളിയുടെ ഗള്‍ഫ് കുടിയേറ്റത്തിന്റെ 60 വര്‍ഷത്തെ ചരിത്രം പറയുന്ന പുസ്തകം. 1960കളില്‍ ബോംബെ തീരംവഴി പത്തേമാരിയില്‍ ദുബൈക്ക് പോയവരുടെ കഥകള്‍ പറഞ്ഞുതുടങ്ങുന്ന പുസ്തകം കൊവിഡിന്റെ സമയത്തു വെറുംകൈയോടെ എല്ലാം നഷ്ടപ്പെട്ടു തിരിച്ചുവന്നവരുടെ കഥകളില്‍ അവസാനിക്കുന്നു. ഏഴു അധ്യായങ്ങളിലൂടെ ഗള്‍ഫിലെ ആരും പറയാത്ത കഥകളാണ് റജിമോന്‍ കുട്ടപ്പന്‍ തന്റെ Undocumented: Stories of Indian Migrants in the Arab Gulf എന്ന പുസ്തകത്തിലൂടെ പറയുന്നത്. തിരിച്ചറിയല്‍ രേഖകളില്ലാതെ കഷ്ടപ്പെടുന്ന കുടിയേറ്റത്തൊഴിലാളികളുടെ കണ്ണീരും കഥകളുമാണ് പുസ്തകത്തില്‍ ഉടനീളം.
രേഖകള്‍ ഇല്ലാത്തവരുടെ വിഷമം ആരും തിരിച്ചറിയില്ല. കഥകള്‍ ആരും പറയില്ല. പറഞ്ഞിട്ടില്ല. അവരെ അവിടുത്തെ സര്‍ക്കാരുകള്‍ക്കു വേണ്ട. ജനിച്ച നാട്ടിലേക്ക് തിരിച്ചുവരണമെങ്കില്‍ രേഖകള്‍ ഇല്ലാതെ പറ്റില്ല. ഗള്‍ഫിലെ വലിയ കെട്ടിടങ്ങളുടെ ഇരുണ്ട ഇടനാഴികളില്‍, പൊളിഞ്ഞ കെട്ടിടങ്ങളില്‍, മരുഭൂമിയില്‍ ഒക്കെ അവര്‍ അലഞ്ഞുനടക്കും. കാറ് കഴുകിയും പാത്രം കഴുകിയും ഒളിച്ചും പാത്തും ജോലി ചെയ്തു പട്ടിണി കിടന്നും പക്ഷേ, നാട്ടിലേക്ക് പൈസ അയക്കും. അവരെ ഇല്ലീഗല്‍ എന്നാണ് ആ സര്‍ക്കാരുകള്‍ വിളിക്കുന്നത്. മനുഷ്യന്‍ നിയമവിരുദ്ധമാകുമോ? മനുഷ്യരുടെ പ്രവൃത്തി മാത്രമേ നിയമവിരുദ്ധമാകൂ. അല്ലാതെ മനുഷ്യന്‍ നിയമവിരുദ്ധമാകില്ല എന്നാണ് ഐക്യരാഷ്ട്രസഭ പോലും പറയുന്നതെന്ന് എഴുത്തുകാരന്‍ പറയുന്നു.

പുസ്തകത്തിലെ ചില കഥകള്‍
1963ലാണ് കേരളീയനായ പതിനഞ്ചുകാരന്‍ മണിക്കുട്ടന്‍ ദാമന്‍ ദിയുവില്‍ നിന്നും “ദുഫായ്’ വഴി ഇറാനിലേക്ക് പോകുന്ന കള്ളലോഞ്ചില്‍ കയറിപ്പറ്റിയത്. മസ്‌കത്ത് തീരത്ത് ഇറങ്ങിയാണ് ദുബൈയിലേക്കു പോയത്. അന്നു യുഎഇ രൂപപ്പെട്ടിട്ടില്ല. മണിക്കുട്ടന്‍ ആദ്യ പാസ്‌പോര്‍ട്ട് എടുക്കുന്നത് ദുബൈയില്‍ നിന്നാണ്. അതാവട്ടെ തന്റെ പ്രവാസത്തിന്റെ മൂന്നാം വര്‍ഷം നാട്ടിലേക്കുള്ള മടക്കയാത്രക്കു വേണ്ടി.
ആറു വര്‍ഷങ്ങള്‍ക്കുശേഷം 1969ലാണ് മണിക്കുട്ടന്റെ അയല്‍വാസിയായ അല്‍ത്താഫ് ദുബൈയിലെത്തിയത്. ബോംബെയില്‍ നിന്നും കള്ളലോഞ്ച് കയറിയാണ് അല്‍ത്താഫും അങ്ങോട്ടു തിരിച്ചത്. സാഹസികമായ സമുദ്രയാനത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ അദ്ദേഹം പങ്കുവെക്കുന്നുണ്ട്. നടുക്കടലില്‍ വെച്ച് സഹയാത്രികരിലൊരാള്‍ മരിച്ചു. മൃതദേഹം കല്ലുകെട്ടി കടലിലെറിഞ്ഞ് ബാക്കിയുള്ളവര്‍ യാത്ര തുടര്‍ന്നു. ജീവന്‍ പണയംവെച്ചുള്ള ഭാഗ്യാന്വേഷണം. അല്‍ത്താഫിനെയും സംഘത്തെയും ഒരു പുലർക്കാലത്ത് ഖോര്‍ഫുഖാന്‍ തീരത്ത് ഇറക്കിവിട്ട് ഉരു പോയി. അവര്‍ തീരത്തേക്ക് നീന്തിക്കയറി തങ്ങളുടെ സ്വപ്‌ന ഭൂമിയിലേക്കുള്ള യാത്ര തുടര്‍ന്നു. അന്നും യുഎഇ ഉണ്ടായിട്ടില്ല.
മണിക്കുട്ടനും അല്‍ത്താഫുമൊക്കെ കേരളത്തില്‍നിന്നും ഗള്‍ഫിലേക്ക് കുടിയേറിയ തൊഴിലാളികളുടെ ആദ്യ തലമുറയിൽപ്പെട്ടവരാണ്. അക്കാലത്ത് മലയാളിയുടെ സ്വപ്‌നങ്ങളിലെ ഗള്‍ഫ് തൊഴിലും പണവും ലഭിക്കുന്ന പറുദീസയായിരുന്നു. ഭാഗ്യാന്വേഷികള്‍ സാഹസിക യാത്രകളിലൂടെ എത്തിപ്പെടുന്ന ഇടം.
1993 ആകുമ്പോഴേക്കും കഥയാകെ മാറി. അപ്പുണ്ണി 1993ല്‍ ബോംബേ വഴി മസ്‌കത്തിലേക്ക് പറന്നത് ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ഇതര രേഖകളുമായാണ്. പക്ഷേ, നിര്‍ഭാഗ്യവാനായ അയാളെ കാത്തിരുന്നത് മതിയായ രേഖകളില്ലാതെ കടന്നുകയറിയ ഒരുവന്‍ എന്ന നിലയില്‍ 22 വര്‍ഷം നീണ്ട അടിമജീവിതമായിരുന്നു. 2015ല്‍ നിസ്വനും നിരാലംബനുമായി അയാള്‍ മടങ്ങിയെത്തിയത് ഒമാന്‍ നടപ്പാക്കിയ പൊതുമാപ്പിന്റെ ആനുകൂല്യത്തിലാണ്. അയല്‍വാസികളായ ഗള്‍ഫുകാരെപ്പോലെ വളരാത്ത അയാള്‍ വീട്ടുകാര്‍ക്കും ഒരു ബാധ്യതയായി. തന്റെ “ശവപ്പെട്ടി’ എന്ന് അയാള്‍ തന്നെ വിശേഷിപ്പിക്കുന്ന മാരുതി 800ല്‍ അദ്ദേഹം “ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന അവസ്ഥയില്‍ കഴിഞ്ഞുകൂടുന്നു.
മണിക്കുട്ടനും അല്‍ത്താഫിനും അപ്പുണ്ണിക്കുമൊക്കെ നിയമ വിധേയമായ മടങ്ങിവരവ് സാധിച്ചെങ്കില്‍ മജീദിന് അതു പോലുമായില്ല. അയാള്‍ക്ക് ഇന്ത്യന്‍ പൗരത്വം തെളിയിക്കാനുള്ള ഉപാധികളൊന്നും കൈവശമില്ലായിരുന്നു. പൊതുമാപ്പിന്റെ ആനുകൂല്യവും കിട്ടിയില്ല. അവസാനം ബംഗ്ലാദേശികളും പാകിസ്ഥാനികളുമായ സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു പാതിരാത്രിയില്‍ അദ്ദേഹം ഒമാന്‍ മലനിരകള്‍ താണ്ടി യുഎഇ അതിര്‍ത്തിയിലെത്തി പൊലീസിനു കീഴടങ്ങി. അവിടെനിന്നും ബോംബെ വഴി കേരളത്തിലെത്തി.
ഇതില്‍ നിന്നെല്ലാം ഭിന്നമായ കഥയാണു ജുമൈലയുടേത്. ഒമാനിലെ ഒരു ശൈഖിന്റെ ഭാര്യയായാണ് അവരവിടെ എത്തിപ്പെടുന്നത്. ഒമാനികളായ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ജുമൈലയെ ഭര്‍ത്താവായ ഒമാനി വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്ക് വീടുവിട്ട് ഓടിപ്പോകേണ്ടിവന്നു. ഭര്‍ത്താവ് ത്വലാഖ് ചൊല്ലിയതോടെ അവര്‍ രേഖയില്ലാത്ത അനധികൃത കുടിയേറ്റക്കാരിയായിമാറി. ഇതിനേക്കാള്‍ ദയനീയമാണ് സുസ്മിതയുടെ കഥ. അവര്‍ ഗള്‍ഫിലെത്തിയത് മനുഷ്യക്കടത്തിന്റെ ഇരയായാണ്. ലൈംഗികത്തൊഴിലാളിയായി കുറേക്കാലം വേശ്യാലയത്തില്‍ കഴിയേണ്ടിവന്നു. പിന്നീട് വേശ്യാലയം നടത്തിപ്പുകാര്‍ ഒരു അറബിക്ക് അവരെ അടിമയായി വിറ്റു. അവിടെയും എല്ലാതരം ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായി. പ്രസീദ എന്ന സ്ത്രീയാകട്ടേ, തൊഴിലുടമയുടെ അടുത്തുനിന്നും പലായനം ചെയ്ത് ഒരു സുഹൃത്തിന്റെ വീട്ടില്‍ അഭയംതേടി. അവിടെവെച്ച് ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. അമ്മക്കും കുഞ്ഞിനും ഇന്ത്യന്‍ പൗരത്വം സ്ഥാപിക്കാനുള്ള യാതൊരു രേഖയും അവരുടെ പക്കല്‍ ഇല്ലായിരുന്നു. ഈയടുത്ത് കൊവിഡ് കാലത്താണ് വത്സല ഒരു ഇറാനിയന്‍ ദ്വീപില്‍ ഒറ്റക്കു കഴിയേണ്ടിവന്ന കഥ പറഞ്ഞത്.
ഈ ജീവിതസാക്ഷ്യങ്ങളിലൂടെ കേരളത്തില്‍ നിന്നുമുള്ള ഗള്‍ഫ് കുടിയേറ്റത്തിന്റെയും കുടിയേറ്റത്തൊഴിലാളികളുടെയും ആറു പതിറ്റാണ്ടു കാലത്തെ അറിയപ്പെടാത്ത ചരിത്രം എഴുതാനാണ് താന്‍ ശ്രമിച്ചതെന്ന് റെജിമോന്‍ പറയുന്നു. ഓരോ കഥയും ജലോപരി തെളിയുന്ന മഞ്ഞുമലയുടെ കഷണം മാത്രമാണ്. അതോടൊപ്പം അനേക ജീവിതങ്ങളെ പ്രതിഫലിപ്പിക്കുന്ന സചേതനമായ ഉദാഹരണങ്ങളുമാണ്. നാടുവിടുന്ന ഭാഗ്യാന്വേഷികളില്‍ ചിലര്‍ “അനധികൃത കുടിയേറ്റ’ക്കാരായി അന്യനാടുകളില്‍ അകപ്പെട്ടുപോകുന്നു. ഗള്‍ഫ് പണത്തിന്റെ മാസ്മരിക പ്രഭയില്‍ നാം കാണാതെപോകുന്ന മറുപുറമാണ് ഓരോ കഥയും. നാം കേള്‍ക്കാനാഗ്രഹിക്കാത്ത അപശ്രുതികളാണ് അവരുടെ വിലാപങ്ങള്‍. ഓരോ കഥക്കും അതിന്റേതായ പശ്ചാത്തലവും കാര്യകാരണങ്ങളുമുണ്ട്. എല്ലാ കഥകളിലും സന്തോഷവും സന്താപവും ഭയവും അദ്ഭുതവും കോപവും താപവും ഉത്കണ്ഠയുമെല്ലാം ഉറഞ്ഞുകിടപ്പുണ്ട്. ഗള്‍ഫ് കുടിയേറ്റത്തിന്റെ നാള്‍വഴികളില്‍ കടന്നുകൂടിയ മനുഷ്യക്കടത്തിന്റെയും ആധുനിക കാല അടിമത്തത്തിന്റെയും ഒറ്റപ്പെടലിന്റെയും ചൂഷണത്തിന്റെയും ഇരുണ്ട ഇടനാഴികളിലൂടെയുള്ള സഞ്ചാരമാണ് ഈ പുസ്തകം. പെൻഗ്വിൻ പ്രസിദ്ധീകരിച്ച പുസ്തകം ആമസോണിൽ ലഭിക്കും.

പുസ്തകത്തെപ്പറ്റി
സങ്കീര്‍ണവും ഭംഗുരവുമായ ആഗോള സാമ്പത്തിക ക്രമത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു വിഭാഗമാണ് രേഖകളില്ലാത്ത കുടിയേറ്റത്തൊഴിലാളികള്‍. മുഖ്യധാരയുടെ പരിഗണനയിലേക്ക് കടന്നുവരാത്ത ഇവര്‍ അതിരുകളില്ലാത്ത ലാഭേച്ഛയുടെ ഇരകളും അങ്ങേയറ്റം പാര്‍ശ്വവത്കൃതരുമാണ്. മതിയായ രേഖകളുടെ പിന്‍ബലമില്ലാത്ത ഇവരുടെ മനുഷ്യാവകാശവും പൗരാവകാശവുമൊക്കെ വിസ്മൃതിയുടെ ആഴങ്ങളിലൊടുങ്ങുന്നു. ജന്മനാടും കര്‍മഭൂമിയും നഷ്ടമായ പരിത്യക്തരുടെ വിലാപങ്ങള്‍ പുറംലോകത്തെത്തുന്നില്ല. അസ്തിത്വം തന്നെ നിഷേധിക്കപ്പെട്ട ഹതഭാഗ്യരാണവര്‍!
ഇവരിലെ സ്ത്രീകളാകട്ടെ, ഒരേസമയം പുരുഷാധിപത്യത്തിന്റെയും അപരവത്കരണത്തിന്റെയും ഇരകളാണ്. ബ്യൂറോക്രസിയുടെ കടുംപിടുത്തത്തില്‍ ഇവരുടെ കുഞ്ഞുങ്ങളുടെ ജനനം രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോകുകയും അവര്‍ പാസ്‌പോര്‍ട്ടില്ലാത്തവരാവുകയുമാണ്. ഇതിലൂടെ പുറംലോകമറിയാത്തവരും അസ്തിത്വം നഷ്ടപ്പെട്ടവരുമായ ഒരു ജനത നിരന്തര ചൂഷണത്തിന്റെ ഇരകളായി പെരുകുന്നു. അവരുടെ ചോരയും കണ്ണീരും വിയര്‍പ്പും ആതിഥേയ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്കുള്ള ഇന്ധനമായി മാറുന്നു.
മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനും കുടിയേറ്റത്തൊഴിലാളി പ്രശ്‌നങ്ങളിലെ ഗവേഷകനുമായ റെജിമോന്‍ കുട്ടപ്പന്‍ “രേഖകളില്ലാത്തവര്‍’ എന്ന പുസ്തകത്തിലൂടെ ഗള്‍ഫ് ജീവിതത്തിന്റെ ഇരുണ്ട നിലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ്. ഗള്‍ഫിലെത്തിപ്പെട്ട ആറു കുടിയേറ്റത്തൊഴിലാളികളുടെ ജീവിത കഥയിലൂടെ പൊതുസമൂഹം കാണാതെപോകുന്ന ജീവിത യാഥാര്‍ഥ്യങ്ങളിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്. മാനവികതയുടെ മുന്നില്‍ ചോദ്യചിഹ്നമായി മാറുന്ന നിരവധി പ്രശ്‌നങ്ങളെ വ്യക്തി തലത്തിലും ദേശീയ തലത്തിലും ആഗോള തലത്തിലും വിശകലനം ചെയ്യാനുള്ള ശ്രമവും ഈ രചനയുടെ ഭാഗമാണ്. ചരിത്രപരമായി കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിലൂടെ ചതിയുടെയും മനുഷ്യക്കടത്തിന്റെയും ദാരിദ്ര്യത്തിന്റെയും പലായനത്തിന്റെയും വാഗ്ദാനങ്ങളുടെയും വാഗ്ദാന ലംഘനങ്ങളുടെയും വിശ്വാസത്തിന്റെയും വിശ്വാസരാഹിത്യത്തിന്റെയുമൊക്കെ വിശാലമായ ക്യാന്‍വാസാണു തുറക്കുന്നത്.
“രേഖകളില്ലാത്തവരുടെ കഥകള്‍’ തുറന്നിടുന്നത് ഗള്‍ഫിലെ കുടിയേറ്റത്തൊഴിലാളികളുടെ ഹൃദയഭേദകവും ദയനീയവുമായ ജീവിതചിത്രങ്ങളുടെ നേര്‍ക്കാഴ്ചയാണ്. അവര്‍ നേരിടുന്ന നിയമപരവും വ്യക്തിപരവുമായ പ്രതിസന്ധികളും പ്രശ്‌നങ്ങളുമാണ്. വിസ തട്ടിപ്പിനിരയായവരുടെ തകര്‍ന്നടിഞ്ഞ സ്വപ്‌നങ്ങളുടെയും അറുതിയില്ലാത്ത വറുതിയുടെയും സഹനത്തിന്റെയും കഥകള്‍ ഏതൊരു ഇന്ത്യക്കാരന്റെയും കണ്ണു തുറപ്പിക്കാന്‍ പര്യാപ്തമാണെന്ന് ഡോ. ശശി തരൂര്‍ എം പി പുസ്തകത്തിന്റെ അവതാരികയില്‍ പറയുന്നു.
കേരളത്തില്‍ നിന്നും ഒമാനില്‍ കുടിയേറിയ തൊഴിലാളികളുടെ സഞ്ചാരവഴികളിലൂടെ വായനക്കാരെ ആനയിക്കുന്ന ഈ പുസ്തകം അവരുടെ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന സുതാര്യമായ രചനയാണ്. കുടിയേറ്റക്കാരുടെ പാര്‍ശ്വവത്കരണം രേഖകളില്ലാത്തവരുടെ കാര്യത്തില്‍ എത്ര ഭയാനകവും ആഴമേറിയതുമാണെന്നു അതു വെളിപ്പെടുത്തുന്നു. രേഖകള്‍ ഇല്ലാതായി അസ്തിത്വം നഷ്ടപ്പെട്ടവര്‍ വിധിയുടെ വേട്ടയാടലിൽ അദൃശ്യരായി എല്ലാ മനഷ്യാവകാശങ്ങളും നഷ്ടപ്പെട്ടവരായിത്തീരുന്നുവെന്ന് ഡോ. രാജാ റേയും സാക്ഷ്യപ്പെടുത്തുന്നു.

റെജിമോന്‍ കുട്ടപ്പന്‍
സ്വതന്ത്ര പത്രപ്രവര്‍ത്തകനും കുടിയേറ്റത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുമാണ് റെജിമോന്‍. ടൈം ഓഫ് ഒമാന്റെ ചീഫ് റിപ്പോര്‍ട്ടറായിരുന്നു. ഇപ്പോള്‍ തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍, എ എഫ് പി, മിഡില്‍ ഈസ്റ്റ് ഐ, ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ദ കാരവാന്‍ തുടങ്ങി നിരവധി ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ എഴുതുന്നു. ഐ എല്‍ ഒ, റോയിട്ടേഴ്‌സ്, എന്‍ എഫ് ഐ എന്നിവയുടെ ഫെല്ലോയുമാണ്. 2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ അനേകരെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെക്കുറിച്ച് എഴുതിയ മേല്‍ക്കൂരകള്‍ക്കിടയില്‍ തുഴയുമ്പോള്‍ എന്ന ലേഖനം ആഗോള ശ്രദ്ധനേടി. കേരളത്തിലെ ദലിത് വിഭാഗങ്ങളിലൊന്നായ പാണ സമുദായാംഗമാണ് റെജിമോന്‍. പാരമ്പര്യമായി രാജാക്കന്മാരെയും യോദ്ധാക്കളെയും പറ്റിയുള്ള വീരകഥാഗാനങ്ങള്‍ കെട്ടിയുണ്ടാക്കി പാടിവന്നിരുന്ന സമുദായമാണ് പാണര്‍. ഈ കഥനവൈഭവം തന്റെ രചനകളിലൂടെ റെജിമോന്‍ നിലനിര്‍ത്തുകയാണ് ■
Share this article

About ബെറ്റിമോൾ മാത്യൂ

bettymolmathew030@gmail.com

View all posts by ബെറ്റിമോൾ മാത്യൂ →

Leave a Reply

Your email address will not be published. Required fields are marked *