സ്വാതന്ത്ര്യ സമരം

Reading Time: 2 minutes

കൊതുകുകള്‍ക്ക് പുറത്തുകടക്കാന്‍ ഒരു പഴുതുമില്ലാത്തവിധം വാതിലും ജനലുമടച്ച്, വെളിച്ചം കെടുത്തി അയാള്‍ വീണ്ടും കിടന്നു. കുറേ നേരം ഇരുട്ടിനെ നോക്കി നിന്നാല്‍ ഇരുട്ടിലുള്ളവ കാണാന്‍ കഴിയും. അയാള്‍ കണ്ണുകള്‍ തുറന്നുപിടിച്ചു. വെളുത്ത ചുമരുകളും ചുമരില്‍ തന്നെ പണിത അലമാരയും ഏസിയും ആണിയില്‍ തൂക്കിയിട്ട കലണ്ടറും അയാള്‍ക്ക് ഏറെക്കുറെ കാണാമായിരുന്നു. റോട്ടില്‍, വീടിനെ നോക്കി നില്‍ക്കുന്ന സ്ട്രീറ്റ് ലൈറ്റ് കത്താറില്ലാത്തതുകൊണ്ട് പേരിനുപോലും ഒരു വെളിച്ചം മുറിക്കകത്തേക്ക് കയറിവന്നില്ല.
കൊതുകുകളുടെ മൂളല്‍ കേള്‍ക്കാന്‍ ശ്വാസം അടക്കിപ്പിടിച്ച് അയാള്‍ അനങ്ങാതെ കിടന്നു. മുറിയിലാകെ നാല് കൊതുകുകളാണുള്ളതെന്ന് ശബ്ദം വിലയിരുത്തി അയാള്‍ തിട്ടപ്പെടുത്തി. പുതപ്പ് അല്‍പം മുകളിലേക്ക് കയറ്റി കാലില്‍ അയാള്‍ അവര്‍ക്ക് ഇരിപ്പിടം ഒരുക്കിക്കൊടുത്തു. ചോര കുടിച്ചു മത്തായി പറക്കാന്‍ കഴിയാതായതിനു ശേഷം കൊതുകുകളെ ആക്രമിക്കാം എന്നായിരുന്നു അയാളുടെ പദ്ധതി. അല്‍പ സമയം കഴിഞ്ഞ് എഴുന്നേല്‍ക്കുന്നതും ലൈറ്റ് ഇടുന്നതും ബലൂണ്‍ പോലെ വീര്‍ത്ത അവകളെ അടിച്ചു കൊല്ലുന്നതും കൈയില്‍ പറ്റിപ്പിടിച്ച ചോരയും അവകളുടെ കാലുകളും ചിറകുകളും ഒക്കെ കഴുകിക്കളയുന്നതും ഓര്‍ത്ത് അയാള്‍ മനസില്‍ ഊറിച്ചിരിച്ചു. വാതിലിന്റെയും അലമാരയുടെയും താക്കോലിടുന്ന തുളകളില്‍ വരെ അയാള്‍ കടലാസ് കഷണങ്ങള്‍ തിരുകിവെച്ചു. കട്ടിലിനടിയിലേക്ക് അവകള്‍ക്ക് പോകാന്‍ കഴിയാത്തവിധം ബെഡ്ഷീറ്റ് താഴ് ത്തിയിടുകയും ചെയ്തു. കൊതുക് കടിക്കുന്ന വേദന കടിച്ചുപിടിക്കാമെന്നും കരുതി അയാള്‍ അയാളുടെ അവസരത്തിനായി കാത്തിരുന്നു.
നേരം വെളുക്കുന്നതിനു മുന്‍പ് തങ്ങള്‍ കൊല്ലപ്പെടുമെന്ന് കൊതുകുകള്‍ക്ക് മനസിലായി. അവര്‍ നാലു പേരും അയാളുടെ കാലില്‍ ചര്‍ച്ചക്കിരുന്നു. നാലു പേരും നാലിടങ്ങളില്‍ നിന്ന് വരുന്നവരാണ്. ഒന്നാമന്‍, രണ്ടാമന്‍, മൂന്നാമന്‍, നാലാമന്‍ എന്ന് അവര്‍ സ്വയം പേരിട്ടു. കൂട്ടത്തില്‍ പ്രായം തോന്നിച്ച മൂന്നാമന്‍ സംസാരിച്ചുതുടങ്ങുമ്പോള്‍ ഒന്നാമന്‍ ചോര വലിച്ചെടുത്തുകൊണ്ടിരിക്കുന്നത് മറ്റു കൊതുകുകളുടെ ശ്രദ്ധയില്‍ പെട്ടു.
“നമ്മള്‍ ഒരു കാര്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ചര്‍ച്ചയെ മാനിക്കാത്ത പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ല. ദയവായി ചോരകുടി നിര്‍ത്തൂ.’ രണ്ടാമന്‍ പറഞ്ഞു.
അയാളുടെ കാലില്‍ നിന്ന് കൊമ്പ് ഊരിയെടുത്ത് ഒന്നാമന്‍ പറഞ്ഞു: “ഏതായാലും ഇയാള്‍ നമ്മളെ കൊല്ലുമെന്ന് ഉറപ്പാണ്. ജീവിക്കുന്ന അത്രയും സമയം മാക്‌സിമം എന്‍ജോയ് ചെയ്യുക എന്നതാണ് എന്റെ ഫിലോസഫി.’
“നീയിപ്പോള്‍ ചോര കുടിക്കുകയാണെങ്കില്‍ ദേഷ്യം വന്ന് അയാള്‍ കൊല്ലുക നമ്മളെ എല്ലാവരെയുമായിരിക്കും. നിനക്കൊരു സാമൂഹിക പ്രതിബദ്ധതയില്ലേ? നിന്റെ സ്വാതന്ത്ര്യാഘോഷം മറ്റുള്ളവരുടെ അവകാശങ്ങളെ നിഷേധിച്ചുകൊണ്ടാകരുത്.’ മൂന്നാമന്‍ പറഞ്ഞു.
ഒന്നാമന്‍ ഒന്നുകൂടെ കൊമ്പ് താഴ് ത്തി വയറ് നിറച്ച്, ആകുംവിധം പറന്നുചെന്ന് അടുത്തുള്ള ചുമരിലിരുന്നു. ചര്‍ച്ചയില്‍ അവര്‍ മൂന്നു പേര്‍ ബാക്കിയായി.
“നമുക്ക് ഒളിച്ചിരിക്കാം.’ രണ്ടാമന്‍ പറഞ്ഞു.
“അയാള്‍ കൊന്നേ അടങ്ങൂ. നമുക്ക് രക്ഷപ്പെടാനാകില്ല.’ നാലാമന്‍ മറുപടി പറഞ്ഞു.
“ഏതായാലും അയാള്‍ ചോര കുടിക്കാന്‍ അവസരം തരുന്നതല്ലേ? നമുക്ക് അല്പം ചോര കുടിക്കാം? എന്നിട്ട് ബാക്കി ആലോചിക്കാം?’ മൂന്നാമന്‍ പറഞ്ഞു.
“വേണ്ട കുടിക്കുന്നതിനനുസരിച്ച് നമ്മള്‍ കൊഴുക്കും. അത് നമ്മുടെ ശരീരത്തിന്റെ വഴക്കത്തെ ബാധിക്കും.’ നാലാമന്‍ പറഞ്ഞു.
“അയാള്‍ ഏസി അടച്ചിട്ടില്ല. അതിനകത്ത് കയറി ഒളിക്കാം നമുക്ക്.’ രണ്ടാമന്‍ വീണ്ടും പറഞ്ഞു.
“അത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. നമുക്കതിന്റെ തണുപ്പ് താങ്ങാന്‍ കഴിയില്ല.’ നാലാമന്‍ അതിന് മറുപടി പറഞ്ഞു.
“താനെന്താ? നേതാവാകാന്‍ നോക്കുകയാണോ? ഞങ്ങള്‍ പറയുന്നതിനെ മുഴുവന്‍ ഇങ്ങനെ ഓരോന്നു പറഞ്ഞ് എതിര്‍ക്കാന്‍ താനാരാ?’ രണ്ടാമന്‍ പൊട്ടിത്തെറിച്ചു.
“അവന്‍ പറയുന്നതില്‍ കാര്യമില്ലേ? നീ മിണ്ടാതിരിക്ക്. നാലാമന് എന്തെങ്കിലും ബുദ്ധി തോന്നുന്നുണ്ടോ?’ മൂന്നാമന്‍ ഇടപെട്ടു.
താനൊരു നേതാവായിരിക്കുന്നു എന്ന ഭാവത്തില്‍ നാലാമന്‍ പറഞ്ഞു: “ഞാന്‍ നോക്കിയിട്ട് ഒറ്റ വഴിയെ കാണുന്നുള്ളൂ.’
“എന്താത്?’
“തിരിച്ചടിക്കുക.’
രണ്ടാമനും മൂന്നാമനും ഞെട്ടി നിന്നു. അല്‍പം ആലോചിച്ച ശേഷം നാലാമന്‍ ഒരു പദ്ധതി പറഞ്ഞു:
“അയാള്‍ എണീക്കുന്നത് വരെ ചോര കുടിക്കാതെ നമ്മള്‍ കാത്തിരിക്കുക. അയാള്‍ ആക്രമിക്കാന്‍ തുടങ്ങുന്ന സമയം തിരിച്ചാക്രമിക്കുക. അയാള്‍ എണീക്കുമ്പോള്‍ രണ്ടാമന്‍ അയാളുടെ മുന്നിലൂടെ പറന്ന് അലമാരയിലെ കണ്ണാടിയുടെ മേല്‍ ചെന്നിരിക്കണം. പിന്നില്‍ അയാള്‍ വരുന്നതൊക്കെ നിനക്കപ്പോള്‍ കാണാന്‍ കഴിയും. ആ സമയം മൂന്നാമന്‍ ബെഡ്ഡില്‍ തന്നെ ഇരിക്കണം. രണ്ടാമനെ കണ്ട അയാള്‍, അലമാരയുടെ ഭാഗത്തേക്ക് എണീക്കും. എണീക്കുന്ന സമയത്ത് മൂന്നാമന്‍ അയാളുടെ തുടയില്‍ കടിക്കണം. അപ്രതീക്ഷിതമായി കിട്ടുന്ന കടിയില്‍ അയാള്‍ ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ബെഡ്ഷീറ്റ് നീങ്ങാനും നമുക്ക് കട്ടിലിനടിയില്‍ ഒളിക്കാനും ഒരു സാധ്യതയുണ്ട്.’
“അങ്ങനെ ലഭിച്ചില്ലെങ്കിലോ? ഇനി ലഭിച്ചാല്‍ തന്നെ, വൈകിയാണെങ്കിലും അയാള്‍ നമ്മളെ പിടികൂടില്ലേ?’
“നമ്മള്‍ മനസിലാക്കേണ്ട ഒരു കാര്യം, വാതിലോ ജനലോ തുറന്ന് പുറത്തുകടക്കാന്‍ നമുക്ക് ശക്തിയില്ല. നമുക്ക് ചെയ്യാനുള്ളത് കഴിയുന്നത്രയും സമയം പിടിച്ചുനില്‍ക്കുക എന്നുള്ളതാണ്. മനുഷ്യര്‍ പെട്ടെന്ന് തളരുന്നവരാണ്. അല്‍പം ശ്രമിച്ചിട്ട് നടക്കില്ല എന്ന് തോന്നിയാല്‍ അവര്‍ അവരുടെ പദ്ധതികള്‍ പെട്ടെന്നു തന്നെ ഉപേക്ഷിക്കുന്നവരാണ്. നമുക്ക് കുറച്ചു കൂടെ സമയം പിടിച്ചുനില്‍ക്കാനായാല്‍, അയാള്‍ക്ക് ഒരു മടുപ്പ് വരാനും നമ്മളെ ശപിച്ച് വാതില്‍ തുറന്ന് അയാള്‍ പുറത്തുകടക്കാനും സാധ്യതയുണ്ട്.’
“ഉം.’ രണ്ടാമനും മൂന്നാമനും മൂളി. നാലാമന്‍ പറഞ്ഞ പദ്ധതിയില്‍ രണ്ടാമനും മൂന്നാമനുമാണ് ജോലികളുള്ളത്. നാലാമന്‍ പദ്ധതിയിലുണ്ടായിരുന്നില്ല. ആ സമയത്ത് നാലാമന്‍ എന്ത് ചെയ്യുകയായിരിക്കുമെന്ന് രണ്ടാമനും മൂന്നാമനും ചിന്തിച്ചു. അവരതിനെക്കുറിച്ച് ചോദിച്ചില്ല. നേതാവ് നമുക്കറിയാത്ത വല്ലതും മനസില്‍ വിചാരിച്ചുകാണുമെന്ന് അണികള്‍ വിശ്വസിച്ചു.
രണ്ടാമനും മൂന്നാമനും നിശ്ചയിക്കപ്പെട്ട ഇടങ്ങളില്‍ ആക്രമണത്തിനായി ഒരുങ്ങിനില്‍ക്കുമ്പോള്‍ നാലാമന്‍ ചെന്നിരുന്നത് തൂക്കിയിട്ട കലണ്ടറിലെ ഒരു കറുത്ത സംഖ്യയുടെ പുറത്താണ്. ചുവന്ന അക്കങ്ങളുടെ മേല്‍ ഇരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
പെട്ടെന്നയാള്‍ എണീറ്റ് ലൈറ്റിട്ടു. രണ്ടാമന്‍ കണ്‍മുന്നിലൂടെ പാറി. കണ്ണാടിയില്‍ എത്തുന്നതിനു മുന്‍പേ അയാളതിനെ ചാടിപ്പിടിച്ച് അടിച്ചുകൊന്നു. മൂന്നാമന്‍ അയാളുടെ തുടയില്‍ കടിച്ചു. അയാള്‍ അയാളുടെ ട്രൗസറിന്റെ പുറത്ത് തന്നെ അതിനെ അടിച്ചുകൊന്നു. ബഹളം കേട്ട് നാലാമന്‍ കലണ്ടറില്‍ മുറുകെ പിടിച്ചിരുന്നു. അയാള്‍ നേരെ നടന്നു വന്ന് നാലാമനെയും അടിച്ചുകൊന്നു. അടിയില്‍ ജനുവരി 30 എന്നെഴുതിയ കലണ്ടറിന്റെ ഒരു കഷണം കീറി നിലത്തു വീണു.
മൂന്ന് പേരെ കൊന്നിട്ടും അയാളുടെ കൈയില്‍ ചോര പറ്റിയില്ല. വീര്‍ത്തു നില്‍ക്കുന്ന ഒന്നാമനെ അയാള്‍ കണ്ടു. ചുമരില്‍ നിന്നും അതിനെ നുള്ളിയെടുത്ത് അകം കൈയില്‍വച്ചു. മറുകൈകൊണ്ട് ആഞ്ഞടിച്ച് അയാളതിനെ കൊന്നു. കൈയിലാകെ പുരണ്ട ചോര നോക്കി അയാള്‍ ചിരിച്ചു. കൈ കഴുകാന്‍ വാതില്‍ തുറന്ന് പുറത്തുകടന്നു. വാതില്‍ തുറന്നതും അയാളുടെ തലക്കു മുകളിലൂടെ ഒരു കൊതുക് പുറത്തേക്ക് അതിവേഗം പറന്നുപോയി. മൂര്‍ധാവിലെ തിങ്ങിയ മുടികള്‍ക്കുള്ളിലെ ഒളിത്താവളത്തിന്റെ വാതില്‍ മുടികള്‍ വീണ് പതിയെ അടയുന്നതയാളറിഞ്ഞു ■

Share this article

About ശിബിലി മഞ്ചേരി

sibilimanjeri00@gmail.com

View all posts by ശിബിലി മഞ്ചേരി →

Leave a Reply

Your email address will not be published. Required fields are marked *