ഡ്രം ഡെത്ത്‌

Reading Time: 2 minutes

ബ്രോയ് ലർ ചിക്കന്റെ കഥയിലൂെട, ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ ജീവിത കഥ പറയുന്ന ചെറുകഥ.

ഒരു മാര്‍ബിള്‍ കഷണത്തിന്റെ സഹായത്തോടെ അയാള്‍ ആയുധം മൂര്‍ച്ച കൂട്ടാന്‍ തുടങ്ങി. തുരുമ്പുകള്‍ നര വീഴ് ത്തിയ അരിവാളിന് മിനുസവും ഉരവും വന്നു. ഫൈബര്‍ പെട്ടികളില്‍ നിന്ന് കഴുത്തു നീട്ടി അയാളുടെ കരവിരുതുകളിലേക്ക് ഞങ്ങള്‍ നോക്കിയിരുന്നു. ഉള്ളംകൈയിലെ ലക്ഷണവരകളിലും നഖങ്ങളിലും പൂര്‍വികരുടെ രക്തപ്പാടുകള്‍ മെറൂണ്‍ നിറത്തില്‍ നിഴലിക്കുന്നുണ്ടായിരുന്നു. ആരാലോ നിഗ്രഹിക്കപ്പെട്ട ഞങ്ങളുടെ ജീവനുകള്‍ക്ക് മനുഷ്യരാല്‍ അറുക്കപ്പെടാനായിരുന്നു യോഗം.
പുലര്‍ച്ചേ തന്നെ കോഴിവണ്ടികള്‍ നിരത്തിലിറങ്ങും. ഫാമുകളില്‍ നിന്ന് 22 മുതല്‍ 40 ദിവസം വരെ പ്രായം തികഞ്ഞ കോഴികളെ തിരഞ്ഞുപിടിച്ച് വാഹനങ്ങളിലെ ഗ്രില്‍ മുറികളിലടക്കും. കോഴികള്‍ പിടി കൊടുക്കാതെ ഓടാന്‍ ശ്രമിക്കുന്നതിന്റെ തിടുക്കത്തിലുണ്ടാകുന്ന അസഹ്യശബ്ദങ്ങള്‍ അറുക്കപ്പെടാനിരിക്കുന്ന ഞങ്ങളുടെ ഉറക്കിനെ അലട്ടും. പ്രാണനനുവദിക്കപ്പെട്ട തുച്ഛമായ ദിനങ്ങളിലെ സന്തുഷ്ടപൂര്‍ണമായ നിദ്ര പോലും ഞങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയാണോ? നാടന്‍കോഴികള്‍ക്കുള്ള വിവിധ ഭക്ഷ്യപദാര്‍ഥങ്ങളൊന്നും നമുക്ക് ആരും ഇത് വരെ വിളമ്പിത്തന്നില്ല. ഒരേ നിറവും മണവുമുള്ള ഒരുതരം ഫീഡാണ് കഴിക്കാനായി എന്നും ഞങ്ങള്‍ക്ക് കിട്ടിയത്. ഒരു കുഞ്ഞു ബക്കറ്റില്‍ വെള്ളവും. വിരസതയായിരുന്നു ഞങ്ങള്‍ക്ക്. ഞങ്ങൾ മിണ്ടാപ്രാണികളെന്ന് മനുഷ്യര്‍ പറയുന്നത് വെറുതെയാണ്. ഞങ്ങൾ മിണ്ടുന്നത് അവരറിയുന്നില്ലെന്ന് മാത്രം.
ഞങ്ങള്‍ക്കുള്ള ഫീഡ് പ്ലേറ്റില്‍ നിക്ഷേപിച്ച് അവര്‍ മറ്റു ജോലികളിലേക്ക് ചേക്കേറും. നമ്മുടെ ജനുസില്‍ പെട്ട നാടന്‍, ലഗൂണ്‍ കോഴികള്‍ ഫാമിന്റെ ചുറ്റുവട്ടങ്ങളില്‍ സാറ്റ് കളിക്കുന്നത് ജയിലറകളില്‍ കൊതിയോടെ ഞങ്ങള്‍ നോക്കി നില്‍ക്കും. ജീവന്റെ തുടിപ്പുള്ള ഒരു നാളെങ്കിലും അങ്ങനെയൊക്കെ ചാടിക്കളിക്കണമെന്ന് ആശിക്കുമെങ്കിലും ഞങ്ങള്‍ക്കീ ജയിലറകളില്‍ നിന്ന് മോചനമില്ലായിരുന്നു. ഞങ്ങളുടെ നാഡികള്‍ ബലഹീനമാണെങ്കിലും വിശാലമായ മനസ് കനിയുന്നതില്‍ ദൈവം ഒട്ടും തടഞ്ഞില്ല. ചുരുങ്ങിയ ദിവസങ്ങളില്‍ ഈ കുഞ്ഞു ലോകത്ത് പ്രണയിക്കാനും പരസഹായം ചെയ്യാനുമൊക്കെ ഞങ്ങളുടെ മനസ് ഉടലിനെക്കാളും വളര്‍ന്നു.
ഞങ്ങളുടെ മുറിയില്‍ 22 പേരുണ്ടായിരുന്നു. ഞങ്ങള്‍ പിറന്നിട്ടിന്നേക്ക് ഇരുപതാം നാളാണ്. ഞങ്ങള്‍ക്കമ്മയായോ അപ്പനായോ ആരും ഇല്ല. മെഷീനുകളാണ് നമ്മെ വിരിയിക്കുന്നത്. വ്യത്യസ്ത പേരുകളില്ലായിരുന്നു. ജനനത്തിന്റെ നാലാം നാള്‍ മുതല്‍ “ബ്രോയ്‌ലര്‍’ എന്നാണ് ഞങ്ങളെ വിളിച്ചത്. ഇത് ഞങ്ങള്‍ 22 പേര്‍ക്ക് പ്രത്യേകം പേര് വെച്ചതാണെന്നാണെന്നാണ് ആദ്യം കരുതിയെങ്കിലും മുതിര്‍ന്നവരൊക്കെ വിളി കേള്‍ക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ബോധ്യമായി, ഇത് ഞങ്ങൾ ഇരകളുടെ വര്‍ഗനാമമാണെന്ന്. പിറവിയുടെ മുപ്പതാം നാള്‍ ചിലര്‍ ഞങ്ങളെ തേടിയെത്തി. ഞങ്ങൾ അലറി, പക്ഷേ മനുഷ്യപരുന്തുകള്‍ കൂസലേതുമില്ലാതെ ഒറ്റയെടുപ്പിന് അഞ്ചോ ആറോ ബ്രോയ്‌ലറുകളുടെ ചിറകുകള്‍ വിരലില്‍ കൊളുത്തി ഇരുമ്പ് വല നെയ്ത ടെമ്പോ വാനിലേക്ക് എറിഞ്ഞു. ഒരു നിമിഷം നാം ചിറകനക്കാതെ പറന്നു. ഞങ്ങള്‍ പതിനൊന്ന് പേര്‍ വീതം ഫൈബര്‍ പെട്ടിക്കളിലകപ്പെടുകയായിരുന്നു. പുതച്ചു മൂടിയ മഞ്ഞുവലയത്തെ ഭേദിച്ച് ടെമ്പോവാന്‍ അതിശീഘ്രം ഉരുണ്ടു നീങ്ങി. ഞങ്ങള്‍ പുറംലോകത്തെ കൗതുകങ്ങളിലേക്ക് മിഴികള്‍ നീട്ടി. ഒടുവില്‍ ടെമ്പോവാന്‍ ബ്രേക്കിട്ടു. ഞങ്ങളാ ബോര്‍ഡ് കണ്ടു. “ഹാപ്പി ടെന്‍ഡര്‍ ചിക്കന്‍ റീട്ടെയില്‍ ഷോപ്പ്.’ ഡ്രൈവര്‍ ചെന്ന് ഷട്ടറുയര്‍ത്തിയപ്പോഴേക്കും ആ മുറികള്‍ക്കുള്ളില്‍ ഒരുങ്ങിയിരിക്കുന്ന ജയിലറകള്‍ ഞങ്ങള്‍ കണ്ടു. അവകളിലൊക്കെ നമുക്ക് മുമ്പേ നടന്നവരെ അടക്കപ്പെട്ടിരുന്നു. അവിടെ ഒരുക്കിയിരുന്ന ഇരുമ്പ് മുറികളിലേക്ക് ഞങ്ങളെ പിടിച്ചിട്ടു. വെള്ളവും ഫീഡും തന്ന് സത്കരിക്കുകയും ചെയ്തു. ആ കട നടത്തിയിരുന്നയാള്‍ നല്ലവനാണെന്ന് ഞങ്ങള്‍ക്കിടയില്‍ പലരും കുറുകി.
പകലുണര്‍ന്നു. സൂര്യന്‍ വെളിച്ചം കോരിയൊഴിക്കുന്നു. ഒരാള്‍ അകലെ നിന്ന് വരുന്നതും നോക്കി നൂണ്ടിരുന്നു. നമ്മുടെ വാര്‍ഡന്‍ മുതലാളി എണീറ്റ് അയാളെ സ്വീകരിക്കുന്ന രംഗങ്ങള്‍. ചിലരുടെ സംസാരങ്ങള്‍ക്കൊടുവില്‍ മുതലാളി കുനിഞ്ഞു നിന്ന് ഞങ്ങളുടെ മുറിയിലേക്ക് കണ്ണോടിച്ചു. ഗ്രില്‍ തുറന്ന്, 40 ദിവസം തോന്നിപ്പിക്കുന്ന ഒരു കോഴിയെ ഇലക്ട്രിക് സ്‌കെയിലിലേക്ക് വലിച്ചെറിഞ്ഞു. അവള്‍ പ്രാണനു വേണ്ടി കെഞ്ചി. അയാള്‍ ചുണ്ട് ഞെളിഞ്ഞു ചിരിച്ചു. സ്‌കെയ്‌ലില്‍ അവള്‍ രണ്ടര കിലോഗ്രാമായി തൂങ്ങി. കസ്റ്റമര്‍ ഇത് മതി എന്ന മട്ടില്‍ തലയാട്ടി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഫൈബര്‍ ഡ്രമ്മിനെ ലക്ഷ്യമാക്കി അയാള്‍ നടന്നു. കൈയില്‍ അരിവാളും. അവളുടെ മിഴികളില്‍ ആളിക്കത്തുന്നു. അയാള്‍ വാട്ടര്‍ ടാപ് ഓണ്‍ ചെയ്ത് തൊണ്ട നനച്ചു. വിരലുകള്‍ കൊണ്ട് കാലിലും ചിറകിലും ലോക്കിട്ട് കഴുത്തിന്റെ ഒരറ്റം പിടിച്ച് ബിസ്മി ചൊല്ലി കത്തി വലിച്ചു. പ്രാണന്‍ നിലച്ചുപോയിരുന്നു. ചോര പുരണ്ട ഒരു രോമരൂപത്തെ അയാള്‍ കട്ടിങ് ടേബിലേക്ക് വലിച്ചിഴച്ചു. ഫ്രൈ പീസ്, ഫ്രൈ പീസ് എന്ന് കസ്റ്റമര്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. അവളെ 12 കഷണങ്ങളാക്കി പാക്ക് ചെയ്ത് കസ്റ്റമര്‍ക്ക് കൊടുത്തു. ഞങ്ങള്‍ക്ക് നിഷ്‌ക്രിയ ദൃക്‌സാക്ഷികളാവാനേ കഴിഞ്ഞുള്ളൂ. നാളെ ഞങ്ങളുടെ ഊഴമാണല്ലോ. അത് കഴിഞ്ഞാല്‍ അടുത്ത ടെമ്പോ വരും. അത് കഴിയുമ്പോഴേക്കും അടുത്ത ടോമ്പോ വരും. അനന്തമായ യാത്രയും മരണവും ■

Share this article

About സനീർ മുഹമ്മദ്‌ ഗോളിയടുക്ക

saneerkmsaneer@gmail.com

View all posts by സനീർ മുഹമ്മദ്‌ ഗോളിയടുക്ക →

Leave a Reply

Your email address will not be published. Required fields are marked *