പാര്‍ട്ടിക്കാരന്‍

Reading Time: 2 minutes

രക്തസാക്ഷിയുടെ അച്ഛൻ പാർട്ടിക്കാരനായിരുന്നു.
മകൻ കൊല്ലപ്പെട്ടതോടെ കള്ളുകുടിയനായി. കുടുംബം
തകർന്നു. ഓർമച്ചുരുളുകളിൽ പെട്ട രാജന്റെ കഥ.

ഇരുള്‍ പതിയെ പരന്നുതുടങ്ങിയിരിക്കുന്നു. തെക്കേകടവിലെ അമ്പലക്കുളത്തിനപ്പുറത്ത് പൊട്ടിപൊളിഞ്ഞ റോഡിനും പൊളിഞ്ഞു വീഴാറായ പാലത്തിനുമിടയില്‍ പരന്നുകിടക്കുന്ന തരിശു നിലത്ത് ഉയര്‍ത്തിക്കെട്ടിയ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ക്കരികില്‍ നിന്ന് പടക്കങ്ങളുടെ നിലക്കാത്ത ശബ്ദം കേട്ടാണ് രാജന്‍ ഞെട്ടിയുണര്‍ന്നത്. രോഗശയ്യയില്‍ അച്ചമ്മ അസ്വസ്ഥതയോടെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ടില്ലെന്ന് വരുത്തി രാജന്‍ തെക്കേകടവ് ലക്ഷ്യമാക്കി നടന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ആഹ്ലാദപ്രകടനമാണ്. കൊട്ടും കുരവയും ചെണ്ടമേളവുമുണ്ട്. കൂറ്റന്‍ കൊടികള്‍ ഏന്തി കൂട്ടുകാരെല്ലാം നേതാവിന് തൊട്ടുപുറകിലുണ്ട്. ഞാനും ഇതില്‍ ഒരു അംഗമായിരുന്നല്ലോ. രാജനെ ഭൂതക്കാല ഓര്‍മകള്‍ വന്നുപൊതിഞ്ഞു.
ശബ്ദകോലാഹലങ്ങള്‍ പതിയെ അകന്നതോടെ രാജന്‍ തിരികെ നടക്കാന്‍ തുടങ്ങി. കൂട്ടിന് മേലേപ്പറമ്പിലെ ജോര്‍ജും അശോകനുമുണ്ടായിരുന്നു. കട്ടപിടിച്ച ഇരുട്ടില്‍ മിന്നാമിനുങ്ങുകളുടെ കാഴ്ചകള്‍ കണ്ട് നടക്കുകയാണ് രാജന്‍. നിലാവെട്ടത്തില്‍ പഴയ സ്‌കൂള്‍ കെട്ടിടത്തിന് അരികിലൂടെ നടക്കുമ്പോള്‍ കെട്ടിടത്തിനുള്ളിലെ ആള്‍പ്പെരുമാറ്റം അയാള്‍ ശ്രദ്ധിച്ചില്ല. അശോകനത് ശ്രദ്ധിക്കുകയാണ്. ജോര്‍ജിന്റെ നിര്‍ബന്ധം കൂടിയായതോടെ അവര്‍ അങ്ങോട്ട് ചെന്നു. പാര്‍ട്ടി പതാകകള്‍ക്കും പാതി കുടിച്ച കള്ളുകുപ്പികള്‍ക്കുമിടയില്‍ ബോധമില്ലാതെ കിടക്കുകയാണ് നാലഞ്ചുപേര്‍. മദ്യം നുണയാനുള്ള അശോകന്റെയും ജോര്‍ജിന്റെയും ഏറെക്കാലത്തെ ആഗ്രഹം പതിയെ തലപൊക്കി. രാജനും അവര്‍ക്കൊപ്പമിരുന്നു. പെട്ടെന്ന് ഒരു കൊള്ളിയാന്‍ രാജന്റെ ഉള്ളില്‍ മിന്നി. മൂക്കോളം കുടിച്ചു വീട്ടില്‍ കയറി വരാറുള്ള അച്ഛന്റെ തൊഴികൊള്ളുന്ന അമ്മയുടെ മുഖം മനസില്‍ തെളിഞ്ഞു. “മോന്‍ അച്ഛനെപ്പോലെ ആവരുത്..’ കലങ്ങിയ കണ്ണുകളോടെ അമ്മ പറയാറുള്ള വാക്ക് ഇടിത്തീ പോലെ ഓർമയിലേക്ക് വന്നുവീണു.
ഒന്നും മിണ്ടാതെ രാജന്‍ എഴുന്നേറ്റു. ഒന്നും മനസിലാവാതെ മിഴിച്ചുനോക്കുന്ന ജോര്‍ജിനെയും അശോകനെയും നോക്കി പുറത്തിറങ്ങുമ്പോഴാണ് ആ മുഖം ശ്രദ്ധിച്ചത്. തലയില്‍ ചെങ്കൊടി ചുറ്റി വായില്‍ നിന്ന് നുരയും പതയും വന്ന് കൈയില്‍ കള്ളുകുപ്പിയുമായി ബോധമില്ലാതെ കിടക്കുന്ന സ്വന്തം അച്ഛന്‍! രാജന്റെ കണ്ണുകളില്‍ നിന്ന് ചോര ഒഴുകുന്നപോലെ.
ഇതുപോലൊരു ദിവസം ഏട്ടന്റെ രക്തം റോഡില്‍ പരന്നൊഴുകുന്നത് കണ്മുന്നില്‍ കണ്ടതുമുതലാണ് അച്ഛന്‍ കള്ളിനെ കൂട്ടുപിടിച്ചത്. സ്വന്തം മകന്‍ കണ്‍മുന്നില്‍ വെട്ടേറ്റ് വീഴുന്നത് കാണുമ്പോള്‍ ഒന്ന് ശബ്ദിക്കാന്‍ പോലുമാവാത്ത നിസഹായതയില്‍ മറ്റൊരു വഴിയും മുന്നില്‍ തെളിഞ്ഞുകണ്ടിരുന്നില്ല.
കൊലയാളിയോടുള്ള അടങ്ങാത്ത പ്രതികാരാഗ്‌നിയില്‍ നില്‍ക്കുമ്പോള്‍ “രക്തസാക്ഷിയുടെ അച്ഛന്‍’ എന്ന പട്ടവും നല്‍കി കൈയിലേല്‍പ്പിച്ചതാണ് ഈ പാര്‍ട്ടി പതാക. എംഎ പൊളിറ്റികല്‍ സയന്‍സില്‍ യൂനിവേഴ്‌സിറ്റി റാങ്കുകാരനായിരുന്നു ഏട്ടന്‍. അധ്യാപകന്‍, നാട്ടിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍. എന്തോ രാഷ്ട്രീയത്തോട് അകലം പാലിച്ചിരുന്നു. മത്സരിക്കാന്‍ നിര്‍ബന്ധിപ്പച്ചപ്പോഴെല്ലാം നിരസിച്ചതാണ്. “പോര്‍വിളിയും പോരടിക്കലുമാണോ രാഷ്ട്രീയം..?’ മെമ്പര്‍ഷിപ് ചേര്‍ക്കാന്‍ സമീപിച്ച എന്നോട് കയര്‍ത്തതോര്‍ക്കുന്നു. തിരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സദസുകളിലെല്ലാം ഏട്ടന് പ്രഭാഷണമുണ്ടാകും. “രാഷ്ട്രസേവനമാണ് രാഷ്ട്രീയം. രാഷ്ട്രത്തിന്റെ ഉന്നമനമാണ് രാഷ്ട്രീയം ലക്ഷ്യമാക്കേണ്ടത്. നിങ്ങള്‍ രാഷ്ട്രീയകക്ഷികള്‍ക്കിടയിലെ അന്ധരായ ബലിമൃഗങ്ങളാവാതിരിക്കുക..’
നേരം കുറേ വൈകിയ രാത്രിയില്‍ പോസ്റ്ററുകളുമായി ഇറങ്ങിയതിന് അന്നന്നെ ഏട്ടന്‍ ശകാരിച്ചു. പക്ഷേ പാര്‍ട്ടിക്കാരുടെ കൂടെ ഞാന്‍ ഇറങ്ങിനടന്നു. എത്രയും മദ്യം സേവിക്കാന്‍ കിട്ടും. അതാണ് ഒരു ലാഭം. മദ്യത്തിന്റെ മത്തില്‍ രാത്രി എവിടെയൊക്കെയാണ് പോസ്റ്റര്‍ പതിച്ചെന്ന് നോക്കിയില്ല. എതിര്‍സ്ഥാനാര്‍ഥിയുടെ പോസ്റ്ററുകള്‍ക്ക് മുകളിലായിരുന്നു മിക്കതും. അവരത് കണ്ടു. വഴക്കായി. എവിടെ നിന്നോ ജീപ്പില്‍ കൊലവിളിച്ച് വരുന്ന സംഘത്തെ കണ്ടപ്പോള്‍ ഞാന്‍ ഓടി. അവര്‍ എന്നെ ലക്ഷ്യമാക്കി പിന്നാലെ വന്നു. ഞാന്‍ വീട്ടിലേക്ക് ഓടിക്കയറി. ബഹളം കേട്ട് പുറത്തിറങ്ങിയ ഏട്ടന് നേരെ അവര്‍ ബോംബെറിഞ്ഞു. അരിശം തീര്‍ക്കാന്‍ അവര്‍ അവനെ ആഞ്ഞു വെട്ടി. അത് മരണത്തില്‍ കലാശിച്ചു. വീട്ടില്‍ അന്ന് കുടിയേറിയ മൂകതയും പേടിയും ഇന്നും വിട്ടുപോയിട്ടില്ല. അമ്മ പിന്നീട് കുറേ കാലം മിണ്ടിയില്ല. രക്തസാക്ഷിയുടെ പേരില്‍ നാടുതോറും അനുസ്മരണങ്ങള്‍ നടന്നു. അന്നാണ് ആദ്യമായി പാര്‍ട്ടിയോട് വെറുപ്പ് തോന്നിത്തുടങ്ങിയത്.
രാജന്റെ നെഞ്ചില്‍ തീ പുകയായിരുന്നു ഇത്രയും നേരം. പാര്‍ട്ടി വിജയച്ചതിന്റെ ആരവങ്ങള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. എവിടെ നിന്നൊക്കെയോ പടക്കങ്ങള്‍ പൊട്ടുന്നുണ്ട്. അതിന്റെ പുകച്ചുരുളുകളില്‍ കാഴ്ചകള്‍ മങ്ങിപ്പോകുന്നു. ആ പുകച്ചുരുളുകള്‍ നിരപരാധികളെ വെട്ടിവീഴ് ത്താനുള്ള ഇരുട്ടാവാതിരിക്കട്ടെ എന്ന് രാജന്റെ ചുണ്ടുകള്‍ മന്ത്രിച്ചുകൊണ്ടിരുന്നു ■

Share this article

About സഹല്‍ അബ്ദുല്ല വെണ്ണക്കോട്

msktvkd@gmail.com

View all posts by സഹല്‍ അബ്ദുല്ല വെണ്ണക്കോട് →

Leave a Reply

Your email address will not be published. Required fields are marked *