ദരിദ്രരെ കടത്താത്ത മോഡേണ്‍ നഗരങ്ങള്‍

Reading Time: 3 minutes

ആധുനിക നഗരങ്ങളുടെ വാസ്തു വിദ്യയും ശത്രുതാ
മനോഭാവവും എന്ന വിഷയത്തിൽ ഫാദര്‍ ജൂലിയോ
ലാന്‍സലോട്ടിയുമായി നടത്തിയ അഭിമുഖം.

“നവലിബറല്‍ സമ്പ്രദായത്തില്‍ നിന്ന് വിഭാവനം ചെയ്യപ്പെടുന്ന വാസ്തുവിദ്യാപദ്ധതി എപ്പോഴും വിദ്വേഷ സ്വഭാവമുള്ളതായിരിക്കും.’ സാവോ പോളോയിലെ ഭവനരഹിതരെ സഹായിക്കുന്ന സന്നദ്ധ പ്രവര്‍ത്തകന്‍ ഫാദര്‍ ജൂലിയോ ലാന്‍സലോട്ടിയാണ് ഈ അഭിപ്രായം പങ്കുവെക്കുന്നത്. പാസ്റ്ററല്‍ ഡോ. പോവോ ഡാറുവയുടെ തലവനായ അദ്ദേഹത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അതുപോലെ തന്നെ സ്വന്തം സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പതിവായി എഴുത്തുകള്‍ പ്രസിദ്ധീകരിക്കുകയും തന്റെ എഴുത്തുകളിലൂടെ അസമത്വം, സാമൂഹികമായി ദുര്‍ബലരായവരുടെ അദൃശ്യത, വാസ്തുവിദ്യയുടെയും പൊതു ഇടങ്ങളുടെയും ശത്രുതാ മനോഭാവം എന്നീ അടിയന്തിര പ്രശ്‌നങ്ങളിലേക്ക് പൊതുജനങ്ങളുടെയും അധികാരികളുടെയും ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്യുന്ന വ്യക്തിയാണദ്ദേഹം.
സ്പാനിഷ് തത്വചിന്തകനായ അഡേല കോര്‍ട്ടിന രൂപപ്പെടുത്തിയ അപ്പോറോഫോബിയ എന്നൊരു സിദ്ധാന്തമുണ്ട്. ദാരിദ്ര്യത്തോടും ദരിദ്രരോടും ശക്തമായ വെറുപ്പും വിദ്വേഷവുമുണ്ടാകുന്നതിനെയാണ് അപ്പോറോഫോബിയ എന്ന് വിളിക്കുന്നത്. ലാന്‍സലോട്ടി പറയുന്നു: “ആധുനിക (പടിഞ്ഞാറന്‍) നഗരങ്ങള്‍ക്ക് ആതിഥ്യ സ്വഭാവം വളരെ കുറവാണ്. അത് ദരിദ്രരെ തീരെ സ്വാഗതം ചെയ്യുന്നില്ല.’
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം അദ്ദേഹം പ്രത്യേകം എടുത്തു പറയുന്നു. വാസ്തുവിദ്യയും നഗരവും ഒരു വലിയ സമൂഹത്തിന്റെ ഭാഗമാണ്. ഘടനാപരമായ മാറ്റമാണ് നമുക്ക് വേണ്ടത്. ലാന്‍സലോട്ടിയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം ചുവടെ വായിക്കാം:


റോമില്ലോ ബരാട്ടോ: മിക്ക രാജ്യങ്ങളിലും പൊതു-സ്വകാര്യ സ്ഥലങ്ങളില്‍ ശത്രുതാപരമായ നിര്‍മാണ വിദ്യകള്‍ (Hostile construction technique) നിയമം നിരോധിക്കുന്നുണ്ടല്ലോ. എന്നാല്‍ ഈ നിയമങ്ങള്‍ക്കത്രയും വാസ്തുവിദ്യയുമായും നഗരവുമായും നേരിട്ട് ബന്ധമുണ്ട്. വാസ്തുവിദ്യ, അന്തസ്, മനുഷ്യാവകാശം എന്നിവ തമ്മിലുള്ള ബന്ധത്തെ നിങ്ങള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഫാദര്‍ ജൂലിയോ ലാന്‍സലോട്ടി: പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അല്ലെങ്കില്‍ ബന്ധപ്പെട്ടിരിക്കേണ്ട മൂന്ന് ആശയങ്ങളുണ്ട് ഇവിടെ. വാസ്തുവിദ്യ അന്തസിനെ സേവിക്കുന്നതും മനുഷ്യാവകാശത്തെ സംരക്ഷിക്കുന്നതുമായിരിക്കണം. മറുവശത്ത്, മനുഷ്യാവകാശങ്ങളും അന്തസും വാസ്തുവിദ്യയെ സ്വാധീനിക്കുന്നതും രൂപപ്പെടുത്തുന്നതുമായിരിക്കണം. എന്നാല്‍ ഈ സമവാക്യം എല്ലായിപ്പോഴും ഇതുപോലെ പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് സത്യം.
അതേ സമയം, നാമിന്ന് കാണുന്ന സാമൂഹികവും ഘടനാപരവുമായ അനീതിയെ പരിഹരിക്കാവുന്ന ഒരു നിയമവുമില്ല എന്നതാണ് സത്യം. ഒരു അറിവും നിഷ്പക്ഷമല്ല. വാസ്തുവിദ്യയും അങ്ങനെ തന്നെ. ശാസ്ത്രം നിഷ്പക്ഷമല്ലാത്തതുപോലെ, മനുഷ്യാവകാശങ്ങളും അന്തസും വൈദ്യശാസ്ത്രവുമെല്ലാം അവ കൈകാര്യം ചെയ്യുന്നവരുടെ മാത്രം താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നത്.
ഉദാഹരണത്തിന്, സാവോ പോളോ പോലെയുള്ള ഒരു നഗരത്തില്‍, റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനാണ് സര്‍വാധിപത്യം ഉള്ളത്. റിയല്‍ എസ്റ്റേറ്റിന് വിപണിയുടെ താത്പര്യങ്ങളാണ് പ്രധാനം. വിദ്യാഭ്യാസത്തേക്കാളും ആരോഗ്യത്തേക്കാളും പ്രധാനമാണ് ഈ രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് വിപണി. നിയമനിര്‍മാണങ്ങളിലൂടെ ചരിത്രപരമായ മാറ്റങ്ങള്‍ തന്നെ സൃഷ്ടിക്കാന്‍ നാം ശ്രമിച്ചാല്‍ അതൊരു ചരിത്രപരമായ മുന്നേറ്റം തന്നെയായിരിക്കും. അതിലൂടെ നവലിബറല്‍ വ്യവസ്ഥയെ തന്നെ നമുക്ക് മാറ്റി മറിക്കാന്‍ സാധിക്കും.
പടിഞ്ഞാറന്‍/ ആധുനിക (കുറച്ചു കൂടെ വിശാല അര്‍ഥത്തില്‍ പറഞ്ഞാല്‍ മിക്ക രാജ്യങ്ങളിലുമുള്ള) വാസ്തുവിദ്യ നവലിബറല്‍ വ്യവസ്ഥയില്‍ അധിഷ്ഠിതമാണ്. ഒരു വ്യവസ്ഥിതിയുടെയും സ്വാധീനമില്ലാത്ത ഒരു വാസ്തുവിദ്യയുണ്ടെന്ന് നമുക്ക് പറയാനാവില്ല. നമുക്ക് ആവശ്യമായ മാറ്റം ഘടനാപരമാണ്.
പക്ഷേ ഇതൊന്നും അത്ര പെട്ടെന്ന് നടപ്പിലാവില്ല എന്നതാണ് യാഥാര്‍ഥ്യം. ഇക്കാലത്ത് റിയല്‍ എസ്റ്റേറ്റ് വിപണിയുടെയും ആരുടെയും താത്പര്യങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. കലുഷിതമായ ഈ കാലത്ത് നമ്മള്‍ യാഥാര്‍ഥ്യ ബോധമുള്ളവരായിരിക്കുകയാണ് വേണ്ടത്. വീട് പോലുമില്ലാത്ത പാവപ്പെട്ടവരെയാണോ അതോ റിയല്‍ എസ്റ്റേറ്റ് വികസനത്തിലാണോ നമ്മള്‍ ശ്രദ്ധ ചെലുത്തുന്നത് എന്ന് ആലോചിക്കേണ്ട സമയമായിരിക്കുന്നു. ശത്രുതാ മനോഭാവത്തോടെയുള്ള വാസ്തുവിദ്യകളാല്‍ അരികുവത്കരിക്കപ്പെടുന്ന ഭവനരഹിതരായവര്‍ക്കോ അതോ കരാറുകാര്‍ക്കും വന്‍കിട റിയല്‍ എസ്റ്റേറ്റ് കോര്‍പറേഷനുകള്‍ക്കുമാണോ ഇക്കാലത്ത് കൂടുതല്‍ പ്രാധാന്യം നല്‍കപ്പെടുന്നത്?
അപ്പോറോഫോബിയ സമകാലിക സമൂഹത്തില്‍ ആഴത്തില്‍ ബാധിച്ചിരിക്കുന്നു. പ്രധാനമായും നഗര മേഖലയിലാണ് ചിന്ത നിലനില്‍ക്കുന്നത്. ദരിദ്രരായ ഭവനരഹിതര്‍ സമീപിക്കാതിരിക്കാന്‍ ശത്രുതാ മനോഭാവത്തോടെ മനഃപൂര്‍വം സ്ഥാപിക്കുന്ന ഒരുതരം തടസമാണിത്. ഇക്കാലത്തത് റിയല്‍ എസ്റ്റേറ്റ് ഭവനരഹിതരായ പരിഗണിക്കുന്നില്ല എന്ന് മാത്രമല്ല പുതിയ ഭവനരഹിതരെ കൂടി സൃഷ്ടിക്കുകയാണ്. ഒന്നുകില്‍ ഭവനരഹിതരായ ആളുകളുള്ള ഒരു പ്രദേശത്ത് ഒരു റിയല്‍ എസ്റ്റേറ്റ് വികസനം കൊണ്ടുവരാതെ അവഗണിക്കപ്പെടും. ഇനി വികസനം വരികയാണെങ്കില്‍ അവരെ മുഴുവന്‍ അവിടെ നിന്ന് പുറത്താക്കാന്‍ എന്തെങ്കിലുമൊക്കെ ചെയ്യും.
ബാരാട്ടോ: സത്യം പറഞ്ഞാല്‍ നിങ്ങളുടെ വാക്കുകള്‍ കേട്ടപ്പോള്‍, വളരെ ബുദ്ധിമുട്ടുള്ള, നിരാശാജനകമായ ഒരു കാര്യമാണ് ഇതെന്ന് തോന്നിപ്പോയി. എന്താണ് നിങ്ങള്‍ നിര്‍ദേശിക്കുന്ന പരിഹാരം?
ലാന്‍സലോട്ടി: വിദ്യാഭ്യാസത്തിലൂടെയുള്ള ഒരു പരിഹാരം മാത്രമേ ഞാന്‍ ഇതില്‍ കാണുന്നുള്ളൂ. അപ്പോറോഫോബിയ എന്ന പദം ഉപയോഗിച്ച തത്വചിന്തകനായ അഡേല കോര്‍ട്ടിനയും ഇത് തന്നെയാണ് നിര്‍ദേശിക്കുന്നത്. ഒരു വിദ്യാഭ്യാസ പ്രക്രിയയിലൂടെ മാത്രമേ ഈ ചിന്താഗതി മാറ്റിയെടുക്കാന്‍ ആവുകയുള്ളൂ. ശത്രുതാമനോഭാവം ഉപേക്ഷിച്ച് ആതിഥ്യമര്യാദയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് നാം ലഭ്യമായി എടുക്കേണ്ടത്. നമ്മുടെ വാസ്തുവിദ്യാ പദ്ധതികള്‍ക്ക് ശത്രുതാപരമായ നിരവധി ഇടപെടലുകളും വളരെ കുറച്ച് ആതിഥ്യമര്യാദകളുമാണുള്ളത്.
ബരാട്ടോ: അപ്പോറോഫോബിയയുടെ ഈ പ്രശ്‌നം ശത്രുതാപരമായ വാസ്തുവിദ്യയുടെ (Hostile architecture) പ്രമേയവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ആധുനിക നഗരങ്ങള്‍ക്കാണ് കൂടുതല്‍ ശത്രുതാ മനോഭാവം ഉള്ളത്. അത് അങ്ങനെയാണ്!
ലാന്‍സലോട്ടി: ശരിയാണ് മിക്ക ആധുനിക നഗരങ്ങളും ആതിഥ്യ സ്വഭാവം ഉള്ളവരല്ല. പാവപ്പെട്ടവരെ അത് സ്വാഗതം ചെയ്യുന്നുമില്ല.
ബരാട്ടോ: ആധുനിക നഗരങ്ങളില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്നു. എന്നാല്‍ ഇത് ദരിദ്രരുടെയും ഭവനരഹിതരുടെയും ചലനാത്മകതയെ ഏതെങ്കിലും തരത്തില്‍ സ്വാധീനിച്ചിട്ടുണ്ടോ?
ലാന്‍സലോട്ടി: ആളുകള്‍ക്ക് ശത്രുതാമനോഭാവം കൂടിവരികയാണ്. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുന്നു. ചിലര്‍ നഗര അഭയാര്‍ഥികളായി മാറുന്നു. ആരും അവരെ തങ്ങളുടെ പരിസരത്ത് കാണാന്‍ പോലും ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് പോകാന്‍ ഒരിടവുമില്ല. അവര്‍ക്ക് എവിടെയും ആഥിത്യം നല്‍കപ്പെടുന്നുമില്ല. അവരുടെ ജീവന് സംരക്ഷണവുമില്ല. നവലിബറല്‍ യുക്തിയാണ് ഇവിടെ പിന്തുടരപ്പെടുന്നത്.
ബരാട്ടോ: ശത്രുതാപരമായ നഗരവത്കരണത്തെ (Hostile urbanism) കുറിച്ച് പറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത് അതാണ്. നഗരത്തിലേക്കുള്ള പ്രവേശനവും ഇവിടെ താമസിക്കാനുള്ള അവകാശവും നിയന്ത്രിക്കുന്നത് ശത്രുതാപരമായ നഗരവത്കരണ യുക്തിയുടെ ഭാഗം മാത്രമാണ്.
ലാന്‍സലോട്ടി: അടുത്തിടെ ഇടവകയില്‍ വന്ന വിദ്യാര്‍ഥികളോട് ഞാന്‍ പറഞ്ഞത് ഇതാണ്. നഗരങ്ങളില്‍ അപ്പാര്‍ട്ടുമെന്റുകള്‍ വില്‍ക്കാന്‍ വെച്ചത് വാങ്ങിക്കൂട്ടുക. എന്നിട്ട് ഭവനരഹിതര്‍ക്കോ ദരിദ്രര്‍ക്കോ കുറഞ്ഞവിലയില്‍ സൗജന്യമായി അവ നല്‍കുക. ദരിദ്രർക്കും ആധുനിക നഗരങ്ങളിലേക്ക് പ്രവേശനം ഉണ്ടാകട്ടെ. ഇത് ശരിക്കും നമ്മുടെ പ്രശ്‌നമാണ്. നമ്മുടെ അപകര്‍ഷതാപരമായ യുക്തിയാണ്. പണം കൊണ്ട് ആഗ്രഹിക്കുന്നതെന്തും ചെയ്യാം എന്നാണല്ലോ നവലിബറല്‍, മെറിറ്റോക്രാറ്റിക് ജ്ഞാനശാസ്ത്രം. നമ്മുടെ വ്യവസ്ഥയിലെ രീതികളെ ഉപയോഗിച്ചുകൊണ്ട് തന്നെ വ്യവസ്ഥയില്‍ മാറ്റങ്ങളുണ്ടാക്കാന്‍ ശ്രമിക്കാം. ആദ്യമായി നമ്മുടെ ചിന്തയിലാണ് മാറ്റംവരുത്തേണ്ടത്. അതിനനുസരിച്ച് നമ്മുടെ പ്രവൃത്തിയും മെച്ചപ്പെട്ടതാവും.
ഒരു നവലിബറല്‍ എപിസ്റ്റമോളജിയില്‍ നിന്ന് വിഭാവനം ചെയ്ത ഒരു വാസ്തുവിദ്യാ പദ്ധതിക്ക് ഈ സ്വഭാവം കാണിക്കാന്‍ കഴിയുള്ളൂ. നിരവധി തടസങ്ങളുണ്ട് അതിന്. അവിടേക്കുള്ള പ്രവേശനം വളരെ തിരഞ്ഞെടുക്കപ്പെട്ടതാണ്. മാളുകളില്‍ വീടില്ലാത്ത ഒരാളെ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അവന്‍ അതിന്റെ വാതില്‍ പോലും ശരിക്ക് കണ്ടിട്ടുണ്ടാവില്ല. “പൊതുസമൂഹം’ എന്നതിന്റെ വിവക്ഷയുടെ പരിധിയില്‍ പോലും അവര്‍ പെടുന്നില്ല. വേലി കെട്ടിയ ചതുരങ്ങളിലെ പോലെയാണ് അവരുടെ ജീവിതം.
ബരാട്ടോ: ആ അര്‍ഥത്തില്‍ നോക്കുമ്പോള്‍, ഘടനാപരമായ മാറ്റങ്ങളിലേക്ക് സഞ്ചരിക്കണമെങ്കില്‍ പോലും നമുക്ക് ഒരുപാട് ദൂരമുണ്ടെന്നു തോന്നുന്നു. അല്ലേ?
ലാന്‍സലോട്ടി: അതേയതെ. വളരെ അകലെയാണ്. ഇതൊരു ചരിത്രപരമായ പോരാട്ടമാണ്. ചിലപ്പോള്‍ പരാജയപ്പെട്ടേക്കാം. ഇത് പരാജയപ്പെട്ടവരുടെ പോരാട്ടമാണ്. അതിന്റെ ഫലത്തിലേക്ക് ഞാന്‍ നോക്കുന്നില്ല. ആധുനികതക്കു മുമ്പില്‍ നമ്മള്‍ ഒരുപക്ഷേ, നമ്മള്‍ തോല്‍ക്കപ്പെടും, ചവിട്ടിമെതിക്കപ്പെടും. പൗലോ ഫ്രെയര്‍ തന്റെ പുസ്തകമായ പെഡഗോഗി ഓഫ് ദി ഒപ്രെസ്ഡ് ഇത് തന്നെയാണ് പറയുന്നത്.
ബരാട്ടോ: സമീപ വര്‍ഷങ്ങളിലായി 2018 മുതല്‍, തെരുവുകളെ കേന്ദ്രീകരിച്ച് നിങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനം വര്‍ധിച്ചതായി മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ജനഹൃദയങ്ങളില്‍ നിങ്ങള്‍ക്കുള്ള അംഗീകാരവും സോഷ്യല്‍ മീഡിയയിലും മറ്റും നിങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡുകളിലും അത് കാണാന്‍ കഴിയും. പരാജിതര്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഇതെന്ന തിരിച്ചറിവുണ്ടായിട്ടും അതിന് നല്ല വശങ്ങളുണ്ടെന്ന് പറയാതിരിക്കാനാവില്ല.
ലാന്‍സലോട്ടി: വൈരുധ്യങ്ങളുണ്ടെന്നും ചരിത്രത്തിലെ വൈരുധ്യങ്ങളില്‍ ജീവിക്കേണ്ടതുണ്ടെന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത്. പലപ്പോഴും, നിങ്ങള്‍ക്ക് ബഹുമാനം നല്‍കുന്നവര്‍ നിങ്ങളെ നിശബ്ദരാക്കാനും മാറ്റത്തിന് പ്രതിജ്ഞാബദ്ധരാകാതിരിക്കാനും അങ്ങനെ ചെയ്യുന്നു. നമ്മുടെ വ്യവസ്ഥയിലെ ആധിപത്യ സ്വഭാവം വളരെ ശക്തവും അതിനെ പിന്തുണക്കാന്‍ ശക്തമായ ഒരു പ്രത്യയശാസ്ത്ര ശരീരവുമുണ്ട്. സിമോണ്‍ ഡി ബ്യൂവോറിന്റെ വാചകം ഞാന്‍ എപ്പോഴും ഉദ്ധരിക്കാറുണ്ട്: അടിച്ചമര്‍ത്തപ്പെട്ടവരുടെ ഇടയില്‍ ഇത്രയധികം കൂട്ടാളികള്‍ ഇല്ലായിരുന്നെങ്കില്‍ പീഡകര്‍ക്ക് ഇത്രയധികം ശക്തി ഉണ്ടാകുമായിരുന്നില്ല. വീണ്ടും, പൗലോ ഫ്രെയര്‍ പറയുന്നതുപോലെ: വിദ്യാഭ്യാസം വിമോചനമാകുന്നില്ലെങ്കില്‍, അടിച്ചമര്‍ത്തപ്പെട്ടവന്റെ സ്വപ്‌നം പീഡകനാവുക എന്നത് എന്നതാണ്.
ഇതു തന്നെ ആയിരിക്കും നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്വവും. വാസ്തുവിദ്യയെക്കുറിച്ചോ നഗരങ്ങളെക്കുറിച്ചോ മാത്രം സംസാരിക്കുന്നത് അസാധ്യമാണ്. സമഗ്രതയിലാണ് നമ്മള്‍ സഞ്ചരിക്കുന്നത്. പക്ഷേ, മാറ്റം മന്ദഗതിയിലാണെന്ന് മാത്രം. സമൂഹത്തില്‍ സമത്വം ഉണ്ടാകണമെങ്കില്‍, ഘടനാപരമായ ഒരു മാറ്റത്തിനു വേണ്ടിയാണ് നാം ശ്രമിക്കേണ്ടത് ■
കടപ്പാട് :
Archdaily Journal

Share this article

About വിവര്‍ത്തനം: എന്‍ ഹബീബ ജാഫര്‍

View all posts by വിവര്‍ത്തനം: എന്‍ ഹബീബ ജാഫര്‍ →

Leave a Reply

Your email address will not be published. Required fields are marked *