പ്രവാസത്തിനിടയിലെ ചലനലോകം

Reading Time: 2 minutes

വാങ്മയത്തിന്റെ ലോകത്തുനിന്ന് പുറത്തുകടക്കുമ്പോള്‍ മണലാരണ്യം തുണ. ചന്ദ്രക്കലയെ സാക്ഷിനിര്‍ത്തി സ്‌നേഹം കൊണ്ട് നേരിടാനൊരുങ്ങട്ടെ. ചിന്തയും യുക്തിയും മുന്നിട്ടുനില്‍ക്കുന്നതിനപ്പുറം എവിടെയോ തട്ടി മുറിയുന്ന മൗലികത ജീവിതത്തിനു വേണ്ടതുണ്ടല്ലോ. “സ്‌നേഹം തോട്ടങ്ങളില്‍ വളരുന്നില്ല. കമ്പോളങ്ങളില്‍ വില്‍ക്കപ്പടുന്നില്ല, ആത്മസമര്‍പ്പണം കൊണ്ടു മാത്രമേ അത് നേടാന്‍ കഴിയൂ’ എന്ന് കബീര്‍. ഗ്ലോബലൈസേഷനെ ആര്‍ക്കും തിരസ്‌കരിക്കാനാവില്ല. പക്ഷേ, അതിനകത്തെ ലാഭമെന്ന് ലക്ഷ്യം അറിവിനകത്തുള്ള കെണി, ഭീഷണി തിരിച്ചറിഞ്ഞേ പറ്റൂ. ദേശാടനത്തിന്റെ ജീവിത ഭൂമികയില്‍ നൊമ്പരവും നിറംമങ്ങലും കുടിപാര്‍ക്കുന്നു. മനസില്‍ നിന്ന് ആര്‍ഭാടം സടകുടഞ്ഞെറിഞ്ഞ് സാഹിത്യം ഭ്രാന്തന്‍ഹരമായിക്കൊണ്ട് നടക്കുമ്പോൾ അണ്‍ഫിറ്റ് എന്ന വിളി വരുന്നു. വലിയവര്‍ക്കിടയില്‍ ചെറിയ ലോകം അതൊരു സമാന്തര ജീവിത മാതൃക തന്നെയാകുന്നു. ഇതിലൂടെ പുളഞ്ഞിറങ്ങുന്നത് ഒരു നാടും മലയാളം ഭാഷയുമാകുന്നു. അതാകട്ടെ സ്‌നേഹം പുസ്തകങ്ങളല്ല, മനുഷ്യഹൃദയങ്ങളിലെ വിളികളാകുന്നു എന്ന് വിളിച്ചോതുന്നു. ഒരിക്കലും പറഞ്ഞു തീരാത്തതാണ് പ്രവാസിയുടെ മനുഷ്യപ്പറ്റിന്റെ ലോകം. ചില അപവാദങ്ങള്‍ ശരിവെക്കുന്നു. സ്വയം മതിപ്പിന്റെ എഴുത്തില്‍ എല്ലാം തീരുമോ എന്ന് ആരെങ്കിലും ചോദ്യം എയ്തു വിട്ടാല്‍ സമ്മതിക്കുന്നു. പാടില്ലായിരുന്നു, പക്ഷേ പുറംലോകത്തിന്റെ അംശവും ഛേദവും വെളിപ്പെടുത്തുമ്പോള്‍ സ്വയം സാക്ഷ്യം പറയാതെ പറ്റില്ലല്ലോ. ഭാവിയുടെ അനുകൂല സ്ഥാനത്തുനിന്നുകൊണ്ട് തിരിച്ചറിയുന്നു. പുറപ്പാട് ഇനിയും ഒരുക്കേണ്ടതുണ്ട്. അത് സംഭവിച്ചേ തീരൂ. “കാരുണ്യത്തിന്റെ പൂമരങ്ങളാണ് ഗള്‍ഫുകാരന്റെ ഭാര്യ’ എന്നറിയിച്ച സുഹൃത്ത് ഇപ്പോള്‍ എവിടെയാണ് എന്നറിയില്ല. ശരിയാണ്, ഉള്ളില്‍ തട്ടുന്ന ഈ വാചകം ഞാന്‍ മറക്കില്ല. അത്രത്തോളം ഞങ്ങളുടെ ഹൃദയത്തെ തൊടുന്നതാണത്. ഹരിതമായ മനസും ശുദ്ധിയാക്കപ്പെട്ട ശരീരവും സ്വപ്‌നം കാണാനും പ്രകാശം പരത്താനും സത്യത്തെ തേടാനും പാകപ്പെടുന്നു. മണ്ണ്, വായു, വെളിച്ചം, ജലം, വീട് പുതിയ സമവാക്യങ്ങളായി അഭിസംബോധനക്കൊരുങ്ങുന്നു. എന്നിലെ മെരുങ്ങാത്തവന്‍ പച്ചോലക്കീറും ഒച്ചയായ്, തെച്ചിപ്പൂക്കും പാടമായ്, തെറിപ്പൂരത്തിന്റെ അമ്പലപ്പറമ്പായ് കവിതയില്‍ ജീവിതം തേടുന്നു. ചിലപ്പോഴത് മറ്റൊന്നിനും പകരമാകാത്ത ഗ്രാമീണാനുഭവം തേടുന്നു. മീന്‍ചാപ്പയും പഞ്ചായത്ത് റോഡും റെയില്‍വേ കട്ടിംഗും നോക്കി നടക്കവെ ചെന്നെത്തിയ പഞ്ചായത്ത് വായനശാല ഒരു തുടക്കമായിരുന്നു. ഇന്നിപ്പോള്‍ കേബിളുകള്‍ ചിരിക്കുന്നു. ചിരിപ്പുറത്ത് വിവര്‍ത്തനം ചെയ്യാനാകാത്ത നിരവിധി ഫോണുകൾ ശബ്ദിക്കുന്നു. എന്തിനും ഓര്‍ഡര്‍, ഹോം ഡെലിവറി, സ്പീഡ് പോസ്റ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഓണ്‍ലൈന്‍ വായന ആലീസിനില്ലാത്ത അദ്ഭുതങ്ങൾ. പഴയ നടത്തം പലിശയും കൂട്ടുപലിശയുമായി പറയുന്നു. വല്ലാത്ത കിതപ്പ്, ഗ്യാസ്, ഷുഗര്‍, രക്തസമ്മര്‍ദം.. വായനശാല ആശ്വസിപ്പിക്കുന്നു. “ചങ്ങാതീ, എന്നെ മറന്നേക്കൂ. ഞാനിപ്പോള്‍ ചാനലുകള്‍ക്കിടയില്‍ കാണിശാലയാകുന്നു. ഈ മലയാളഗ്രാഫില്‍ തൊടുമ്പോള്‍ ഒരു പെരുംചുഴി വട്ടം കറക്കുന്നു. എതിരുണ്ടോ എന്ന ശബ്ദം ചെവിയിലേക്ക് എത്തുന്നു. ഇത് സമുദ്രസഞ്ചാരവിളിയും ദിക്കുനോട്ടവും പോറ്റുന്നു. സ്വയം പ്രതിനിധാനം ചെയ്യാന്‍ ഉശിര് നല്‍കുന്നു. കൊടുക്കല്‍, വാങ്ങല്‍ എന്നത്തേയും ജീവിതാമുഖം തന്നെ. അതുകൊണ്ടാണ് സുഡാനിയായ അബൂബക്കറിനും പാകിസ്താന്‍ പഞ്ചാബ് പ്രവിശ്യയിലെ ഡ്രൈവര്‍ക്കും അറബ് നാട്ടിലെ സ്വറൂറിനും ഒപ്പം ജീവിച്ചുപോകാനാവുന്നത്. റീചാര്‍ജ് മനുഷ്യജീവിതത്തിനും ബാധകമാണല്ലോ. പെണ്‍സാന്നിധ്യത്തിന്റെ അഭാവം നിറഞ്ഞ പ്രവാസ ഏകാന്തതയില്‍ പലരും പല സ്വഭാവവിശേഷത്തിനും അടിമയായിത്തീരുന്നതിന്റെ പിന്നില്‍ വിശകലനം അര്‍ഹിക്കുന്ന ഒട്ടനവധി മനഃശാസ്ത്ര ഘടകങ്ങളുണ്ട്. കാരണങ്ങൾ ഏറെ പഠിക്കാനിരിക്കുന്നു. പ്രണയത്തിന്റെ തീ വരമ്പത്തുനിന്ന് കണ്ണീരും ചിരിയും ചേര്‍ത്ത് പണിക്കരുടെ കവിത ഞാന്‍ മണലാരണ്യ ശബ്ദകോശത്തിലേക്ക് പകര്‍ത്തിയെഴുതുന്നു:
തലയിണകളില്‍
മയങ്ങുന്ന
പൊട്ടും ഉമിനീര്‍പ്പാടും
ഭിത്തികള്‍ ഭിത്തിയില്‍
ചേര്‍ത്ത കണ്ണാടി
താഴത്തെ
മേശവലിപ്പുകള്‍
മേശക്കുള്ളില്‍
സൂക്ഷിച്ചുവെച്ച
ചിത്രങ്ങള്‍, കുറിപ്പുകളും
ചിത്രത്തില്‍
പാതി കുതിര്‍ന്നു
കീറിയ ചിരിയുള്ള
മുഖങ്ങളും.

അതിനു വാല്‍കഷണമായി ജിബ്രാന്റെ വരികളും:
മെയ്, എന്നോടു പറയൂ,
ഞാന്‍ മറ്റൊരു മേഘമാണ്
നമുക്കൊന്നിച്ചു
പര്‍വതനിരകളിലും
താഴ്‌വരകളിലും പടരാം
തരുനിരകള്‍ക്കിടയില്‍
ഒന്നിച്ചുലാത്താം
കൂറ്റന്‍ പാറകളെ മൂടാം
മനുഷ്യരാശിയുടെ
ആത്മാവിലേക്ക് ചൂഴ് ന്നിറങ്ങാം.

(1926 മെയ് സിയാദ എന്ന സ്‌നേഹിതക്ക് ഖലീല്‍ ജിബ്രാന്‍ എഴുതിയ കത്ത്)


നാട്ടിലെ ചുറ്റുപാടല്ല മുപ്പതു കൊല്ലം മുമ്പ് ഗള്‍ഫില്‍ വന്നപ്പോള്‍ നേരിട്ടത്. ഭക്ഷണം, വസ്ത്രം, വെള്ളം, വൈദ്യുതി, കിടപ്പുമുറി എല്ലാറ്റിനും പണം കൊടുക്കേണ്ട അവസ്ഥ. ഒരു ജോലിക്കായി ദിവസേന പലയിടത്തും കയറിയിറങ്ങി. ഒടുവില്‍ പറ്റിയ ജോലി തരപ്പെട്ടു. എങ്കിലും മനഃസമാധാനമായില്ല. ഈ വഴിത്തിരിവിലെ വലിയ പ്രതിസന്ധി സമാന മനസിന്റെ അഭാവമായിരുന്നു. അക്കാലത്ത് ഫുജൈറയില്‍ ടൈപ്പിസ്റ്റായ ബഷീറായിരുന്നു ഏകകൂട്ട്. സമയം കിട്ടുമ്പോഴൊക്കെ സമകാലീന സാഹിത്യചര്‍ച്ചയും വായനയുമായി ഞങ്ങള്‍ ഒത്തുചേര്‍ന്നു. ആ വീട്ടില്‍ നിന്നാണ് നാട് വിട്ടതിനു ശേഷം കുടുംബാന്തരീക്ഷത്തിലെ ഭക്ഷണം ഗൾഫിൽ നിന്ന് കഴിച്ചത്. ഗൃഹാതുരത്വം നിറഞ്ഞ അക്കാലത്ത് അതൊരു വലിയ കാര്യമായിരുന്നു. ഇത്തരം നട്ടംതിരിയലിനിടയിലാണ് ഒരു ദിവസം ഷാര്‍ജയില്‍ നിന്ന് കൊച്ചുബാവ വിളിക്കുന്നത്. “സത്യന്‍ ഫുജൈറയില്‍ ഉണ്ടെന്നറിഞ്ഞു. ഇങ്ങോട്ട് എന്നാണ്?’ അങ്ങനെ ഒത്തുകിട്ടിയ ലീവ് ദിവസം ഷാര്‍ജയിലേക്ക് പുറപ്പെട്ടു. ഷാര്‍ജ ടൗണില്‍നിന്ന് കുറച്ചുമാറി ഒരു വില്ലയില്‍ പ്രേംദാസിന്റെ കൂടെയായിരുന്നു ബാവയുടെ താമസം. അവിടെ പ്രേംദാസിന് നല്ലൊരു ഐസ്‌ക്രീം ഷോപ്പുണ്ടായിരുന്നു. അവിടെ എത്തുന്ന ദിവസം ഞങ്ങള്‍ മൂന്നുപേരും കോര്‍ണീഷില്‍ നടക്കാന്‍ പോകുമായിരുന്നു. നടത്തത്തിനിടയില്‍ സാഹിത്യം മാത്രമല്ല നാട്ടിലുള്ള ചങ്ങാതിമാരും സംസാരത്തില്‍ വരുമായിരുന്നു. അതൊരു അനുഭവമായിരുന്നു. കൊച്ചുബാവക്ക് ശേഷം അടുത്തിടപഴകിയത് സുറാബുമായിട്ടാണ്. സുറാബിന്റെ സര്‍ഗാത്മകത ചന്ദ്രഗിരിപ്പുഴയുടെ നാട്ടുതീര ജലഛായ സ്പര്‍ശം, നീലേശ്വരം പുകയില പോലെയുള്ള നാട്ടുവായ്‌മൊഴിവഴക്കം ശ്രദ്ധിക്കപ്പെടേണ്ടതാണ്.
കൂടിച്ചേരലിന്റേതല്ല, ഒറ്റപ്പെട്ട് മാറിനില്‍ക്കുന്ന വികര്‍ഷണമാണ് പൊതുവേ പ്രവാസത്തിലെ പുത്തനവസ്ഥ. ഇത് മാറിയേ പറ്റൂ. കൂടിച്ചേരലിന്റെ നല്ല പാഠങ്ങളാണല്ലോ തിരുവിതാംകൂറില്‍ കേസരി സദസ്സ്, കോഴിക്കോട് ബഷീര്‍, പൊറ്റക്കാട്, എംടി കൂട്ടുകെട്ട്, മദിരാശി എം ഗോവിന്ദന്‍, എം വി ദേവന്‍, ടി പത്മനാഭന്‍ അരങ്ങ്, ദില്ലി ഒ വി വിജയന്‍, നാരായണപ്പിള്ള, ആനന്ദ്, സക്കറിയ, കാക്കനാടന്‍, സേതു, മുകുന്ദന്‍ നവീനത, ബോംബെയിലെയും കല്‍ക്കത്തയിലെയും മലയാളിക്കൂട്ടം തുടങ്ങിയവ നമുക്ക് നല്‍കിയത്. നല്ല മനസോടെ ചരിത്രപാഠങ്ങള്‍ ഉള്‍ക്കൊണ്ട് സജീവമാകുമ്പോള്‍ അംഗീകരിക്കപ്പെടുന്ന ഏത് പ്രതിഭയും പ്രവാസത്തിന്റെ മൊത്തം അഭിമാനമാകുന്നു. എഴുത്തിന്റെ പൂമുഖത്തിരുന്ന് നമുക്കതില്‍ സന്തോഷിക്കാം.
പട്ടണത്തില്‍
ഇലകളെല്ലാം
കടലാസുകളായി-
ക്കഴിഞ്ഞിരുന്നു.
എന്നാല്‍
കുന്നുകളെല്ലാം
വിശ്വാസങ്ങളുടെ
കൂട്ടമായി
മേഞ്ഞുകൊണ്ടിരുന്നു
എല്ലാ നാളും
ഒറ്റയക്കു നടന്നിരുന്ന
ഒരു ബാലന്
ഓരോ ഇലയും
ഹരിതമായ
ജീവശ്വാസമായിരുന്നു.
നഖങ്ങള്‍ പോലെ
ചത്തടിഞ്ഞതെന്ന്
ഞാന്‍ കരുതിയ
സ്‌നേഹത്തെ
തിരിച്ചുകൊണ്ടുവരുന്ന
ജീവശ്വാസമായിരുന്നു
ഓരോ ഇലയും
.
(ഡെറക് വാല്‍ക്കോട്ട്, പരിഭാഷ: ദേശമംഗലം രാമകൃഷ്ണന്‍)


കണ്ടും കേട്ടും മടുത്തതില്‍ നിന്ന് നേരുകള്‍ ചിലപ്പോഴൊക്കെ നമ്മളെ ഉണര്‍ത്തുന്നു. അത് നിറങ്ങളില്ലാത്ത ലോകം. അങ്ങനെ ഭയമല്ലാത്ത ജാഗ്രതയുമായി ജനബന്ധുവാകുന്നു. തിരിച്ചറിവ് പ്രവാസത്തിന്റെ എഴുതപ്പെടാത്ത ചരിത്രം വിശദമാക്കുന്നു. അഹന്തയില്ലാത്ത വിനയം, സമര്‍പ്പണമാണ് മണലിലെ ഏറ്റുവാങ്ങല്‍. ധര്‍മബോധം മനസില്‍ തീര്‍ക്കുന്ന വിശാലതയില്‍ ഞാന്‍ വീണ്ടും വീണ്ടും വിജയന്‍ മാഷെ ഓര്‍ക്കുന്നു:
“മാധ്യമങ്ങള്‍ പെയ്തുകൊണ്ടിരിക്കുന്ന മഴയില്‍ നിന്നും ഒരു കുടയും നമ്മെ രക്ഷിക്കാതായിട്ടുണ്ട്. വാര്‍ത്തകള്‍ എത്തിക്കുകയാണ് മാധ്യമങ്ങളുടെ ലക്ഷ്യമെങ്കിലും ഇന്ന് അവയുടെ ഫലം ഇച്ഛകള്‍ ഉത്പാദിപ്പിക്കുകയാണ്. ആഗ്രഹങ്ങള്‍ നിര്‍മിക്കാനുള്ള, കൊതിപ്പിക്കാനുള്ള യാത്രകളായി മാധ്യമങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു.’ (പ്രൊഫ. എം എന്‍ വിജയന്‍) ■

Share this article

About സത്യന്‍ മാടാക്കര

sathyanmadakkara@gmail.com

View all posts by സത്യന്‍ മാടാക്കര →

Leave a Reply

Your email address will not be published. Required fields are marked *