കുട്ടികളുടെ സ്‌ക്രീന്‍ ടൈം: കരുതല്‍ നല്ലതാണ്‌

Reading Time: 2 minutes

സ്‌ക്രീനുകള്‍ നിത്യജീവിതത്തിന്റെ ഭാഗമായതോെട അത് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് കുട്ടികളുടെ കാര്യത്തിലാണ്. അമിതമായ സ്‌ക്രീന്‍ ടൈമിനെക്കുറിച്ചു പറയുംമുമ്പ് എന്താണ് സ്‌ക്രീന്‍ ടൈമെന്ന് മനസിലാക്കാം. മൊബൈല്‍ ഫോണ്‍, ടിവി, കംപ്യൂട്ടര്‍, ടാബ്‌ലെറ്റ് എന്നിവയിലോ മറ്റു വിഷ്വല്‍ ഉപകരണങ്ങളുടെ സ്‌ക്രീനുകളിലോ ആയി ചെലവഴിക്കുന്ന സമയമാണ് സ്‌ക്രീന്‍ ടൈം. ആഹാരങ്ങളെ ശരീരത്തിന് അനുഗുണമായി ക്രമീകരിക്കുന്നത് പോലെ തന്നെ പ്രധാനമാണ് സ്‌ക്രീന്‍ സമയ ക്രമീകരണവും. ശരിയായവ തിരഞ്ഞെടുത്ത് കൃത്യമായ അളവിലും ആവശ്യത്തിലും അത് ക്രമീകരിക്കേണ്ടതുണ്ട്.
ഏതു കാര്യവും പോലെ സ്‌ക്രീന്‍ സമയത്തിന്റെയും അടിസ്ഥാനം നമ്മുടെ മനോഭാവമാണ്. അഥവാ എന്തുകാര്യത്തിനു വേണ്ടിയാണ് സ്‌ക്രീന്‍ ഉപയോഗപ്പെടുത്തുന്നത് എന്നതാണ് പ്രധാനം. കുട്ടികളുടെ കാര്യത്തില്‍ കൂടുതൽ നിയന്ത്രണം വേണം. സ്‌കൂള്‍ പഠത്തിനും മറ്റു ഉപയോഗത്തിനും സ്‌ക്രീന്‍ ടൈം ഒഴിച്ചുകൂടാനാകാത്തതാണല്ലോ. വിദ്യാഭ്യാസത്തിനും സാമൂഹികമായ മറ്റിടപാടുകൾക്കും സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സ്‌ക്രീന്‍ ഉപയോഗിക്കുന്നത് അനിവാര്യമായി വരാം. സര്‍ഗാത്മകമായി ഉപയോഗപ്പെടുത്തുന്നതിന് പകരം സമയംകൊല്ലിയായി മാത്രം ദുരുപയോഗം ചെയ്യുന്നു എന്നതാണ് ഇതിലെ അപകടം. അക്രമണോത്സുകതയുണര്‍ത്തുന്ന വീഡിയോ ഗെയിമുകള്‍, അനുചിതമായ ടിവി ഷോകള്‍, അപകടകരമായ വെബ്‌സൈറ്റ് സന്ദര്‍ശനം തുടങ്ങിയവയാണ് സ്‌ക്രീനിലെ വില്ലന്മാര്‍. ഇവ പകരുന്ന ആസ്വാദനലഹരിയില്‍ മയങ്ങിപ്പോകുന്ന പലരും സമയത്തെക്കുറിച്ചോ അവ കുത്തിവെക്കുന്ന അപകടകരമായ ചിന്തകളക്കുറിച്ചോ ഒട്ടും ബോധവാന്മാരാകുന്നില്ല.
ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്, കുട്ടികളുടെ സ്‌ക്രീന്‍ ഉപയോഗത്തിന് കര്‍ശനനിയന്ത്രങ്ങളാണ് മുന്നേട്ടുവെക്കുന്നത്. രണ്ടു വയസിനു താഴെയുള്ള കുഞ്ഞുങ്ങളെ ഒരു കാരണവശാലും ഒരു വിധത്തിലുള്ള സ്‌ക്രീനും കാണിക്കരുത്. രണ്ടു മുതല്‍ അഞ്ചു വയസുള്ളവരെയുള്ളവര്‍ക്ക് ഒരു മണിക്കൂറില്‍ കവിയാത്ത ഉപയോഗമാവാം. പ്രായമായ കുട്ടികളും കൗമാരക്കാരും സ്‌ക്രീന്‍ സമയത്തോടൊപ്പം ശാരീരിക പ്രവര്‍ത്തനങ്ങള്‍, മതിയായ ഉറക്കം, സ്‌കൂള്‍-പഠന പ്രവര്‍ത്തനങ്ങള്‍, ഭക്ഷണം, വിനോദം, വ്യക്തിവികാസം എന്നിവക്കായി സമയം കണ്ടെത്തേണ്ടതുണ്ട്.
ഒരുപാട് നേരം സ്‌ക്രീനില്‍ കണ്ണും നട്ടിരിക്കുന്നത് നമ്മുടെ ആരോഗ്യത്തെ എല്ലാ നിലയിലും തളര്‍ത്തും. ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ കൗമാരക്കാര്‍ വരെയുള്ള എല്ലാ പ്രായത്തിലുമുള്ള കുട്ടികളുടെ മാനസിക ആരോഗ്യത്തെയും ഇത് ബാധിക്കും. സംസാരം വൈകല്‍, അതിപ്രസരം, ആക്രമണോത്സുകത, തല്‍ക്ഷണ സംതൃപ്തി നേടാനുള്ള ആഗ്രഹം, നഷ്ടപ്പെടുമോ എന്ന ഭയം, ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം, സൈബര്‍ ഇടങ്ങളിലെ ഭീഷണിപ്പെടുത്തല്‍, പോണോഗ്രഫി വഴിയുള്ള അമിതമായ ലൈംഗികാസക്തി, മയക്കുമരുന്ന് ഉപയോഗം, സ്വയം മുറിവേല്‍പ്പിക്കാനുള്ള പ്രവണത, ഉത്കണ്ഠ എന്നിവയിലേക്ക് വരെ നയിക്കാന്‍ സ്‌ക്രീന്‍ ഉപയോഗം കാരണമാകുന്നു.
സ്‌ക്രീനിനോടുള്ള കുട്ടികളുടെ അമിത ആഭിമുഖ്യം മാനസിക ആരോഗ്യത്തെ മാത്രമല്ല, ശാരീരിക ക്ഷമതയേയും ബാധിക്കും. പ്രത്യേകിച്ചും പൊണ്ണത്തടി, ഉദാസീനമായ ജീവിതശൈലി, അസ്വസ്ഥമായ ഉറക്കം, കണ്ണിന്റെ ആയാസം, കഴുത്ത്, പുറം, കൈത്തണ്ട വേദന എന്നിവയിലേക്ക് നയിക്കും. കുട്ടികളില്‍ കാണുന്ന സാമൂഹിക വിമുഖത, സാമൂഹിക ഉത്കണ്ഠ, അക്കാദമിക് പ്രകടനത്തിലെ കുറവ് എന്നിവ മാനസിക ആരോഗ്യത്തിനേറ്റ ആഘാതത്തെയാണ് കാണിക്കുന്നത്.
കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചക്ക് സാമൂഹിക ഇടപെടല്‍ പ്രധാന ഘടകമാണ്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെടാനും കാര്യങ്ങള്‍ പങ്കുവെക്കാനും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകൾ ഉപയോഗിക്കപ്പെടുന്നു. കുട്ടികളും കൗമാരക്കാരും ഉപയോഗിക്കുന്ന ഇത്തരം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളാണ് സോഷ്യല്‍ മീഡിയയുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നത്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, സ്‌നാപ് ചാറ്റ്, യൂടൂബ്, സ്‌കൈപ്പ് എന്നിവയാണ് ജനപ്രിയമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍. അടുത്ത കാലത്തായി പബ്ജി, ക്ലാഷ് ഓഫ് ക്ലാന്‍സ് പോലോത്ത ഓണ്‍ലൈന്‍ മള്‍ട്ടിപ്ലെയര്‍ ഗെയിമുകള്‍ യുവാക്കള്‍ളുടെ ജനപ്രിയ ഇടങ്ങളായി മാറിയിട്ടുണ്ട്. കളിക്കിടയില്‍ അവര്‍ പരസ്പരം ചാറ്റുചെയ്യുകയും ആഹ്ലാദവും ആവേശവും പങ്കിടുകയും ചെയ്യുന്നു. തങ്ങള്‍ക്കാവശ്യമായ സോഷ്യല്‍ സപ്പോർട്ടിങ് ഗ്രൂപ്പുകളെയും വ്യക്തികളെയും ഇത്തരം ഇടങ്ങളില്‍ നിന്ന് കണ്ടുപിടിച്ച് അവര്‍ ഉന്നത ലക്ഷ്യങ്ങളിലേക്കുള്ള പാത സുഗമമാക്കുന്നു. അതേസമയം തങ്ങളുടെ അഭിരുചിക്കനുസരിച്ച് ഒന്നിരിച്ചിരുന്ന് പഠിക്കാനായി ചങ്ങാതിമാരെ കണ്ടെത്തുന്ന വിദ്യാര്‍ഥികളുമുണ്ട്.
പഠനത്തിനും പ്രൊഫഷനല്‍ ആവശ്യങ്ങള്‍ക്കുമല്ലാതെ, ആനന്ദം തേടി സോഷ്യല്‍ മീഡിയയില്‍ അലയുന്നവരുടെ എണ്ണം പെരുകുകയാണിന്ന്. അവിടെ വലവിരിച്ചിരിക്കുന്ന ഗൂഢസംഘങ്ങളിലേക്കാണ് ഇവര്‍ അവസാനം എത്തിപ്പെടുന്നത്. അനുചിതമായ വ്യക്തി സമ്പര്‍ക്കങ്ങള്‍, അപകടകരമായ പെരുമാറ്റങ്ങള്‍, ചാറ്റിങ് പ്ലാറ്റ്‌ഫോമുകളിലെ ലൈംഗിക ചുവയുള്ള സംസാരങ്ങള്‍, സൈബര്‍ ഗുണ്ടകളുടെ ഭീഷണി തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളുടെ അപകടകരമായ തുരുത്തിലേക്ക് നാമറിയാതെ നമ്മുടെ മക്കള്‍ എത്തിപ്പെടുന്നത് ഈ വഴിയാണ്.
പലരുടെയും ജീവിതം തന്നെ സാമൂഹ്യമാധ്യമങ്ങള്‍ നിര്‍ണയിക്കുന്ന, ഡിസൈന്‍ ചെയ്യുന്ന അവസ്ഥകളുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു ചിരിക്കുന്നവര്‍ പലപ്പോഴും പുറത്തിറങ്ങുമ്പോള്‍ പുഞ്ചിരിക്കാന്‍ പോലും മറന്നുപോകുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്ന ലൈക്കുകളുടെയും കമന്റുകളുടെയും എണ്ണമാണ് എല്ലാത്തിന്റെയും അന്തിമം. അതിനപ്പുറത്തൊരു ബോധ്യമോ കാഴ്ചപ്പാടോ അവര്‍ക്കുണ്ടാകുന്നില്ല.
ഒരു കരുതലുമില്ലാതെ പൊടുന്നനേ പരിചയപ്പെട്ടവര്‍ക്ക് സ്വകാര്യ ചിത്രങ്ങളും വ്യക്തി ഡാറ്റകളും നല്‍കാന്‍ പലരും തയാറാകുന്നു എന്നത് വിചിത്രം തന്നെ. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വരെ കൈമാറുന്ന രംഗങ്ങള്‍. ഇത് വലിയ അപകടങ്ങള്‍ക്ക് വഴിതുറക്കാന്‍ കാരണമാകുന്നു. വിവിധ പ്ലാറ്റ്‌ഫോമുകളുടെ അനുവദനീയമായ പ്രായപരിധിയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കണം. വീട്ടുവിലാസവും വ്യക്തിഗത ചിത്രങ്ങളും പങ്കുവെക്കാതിരിക്കുക. പകര്‍പ്പവകാശ നിയമങ്ങളെ മാനിക്കാത്ത ഇടപെടല്‍, ഇതുവരെ കണ്ടിട്ടില്ലാത്ത ഡിജിറ്റല്‍ വ്യക്തിയുമായുളള സമ്പര്‍ക്കം, സാമൂഹിക മാധ്യമങ്ങളില്‍ സ്വകാര്യ വിവരങ്ങള്‍ പോസ്റ്റ് ചെയ്യല്‍ തുടങ്ങിയ ഓണ്‍ലൈന്‍ സാക്ഷരതയെക്കുറിച്ച് കുട്ടികളെ ശീലിപ്പിക്കേണ്ടത് നമ്മളാണ്.
മാതാപിതാക്കള്‍ക്ക് മക്കളില്‍ നല്ല കരുതല്‍ വേണം. അവരുടെ വ്യവഹാര ഇടങ്ങളെക്കുറിച്ചും ഇടപെടലിനെക്കുറിച്ചും അവരോട് സംസാരിക്കണം. മാതാപിതാക്കള്‍ തങ്ങളുടെ നല്ല സുഹൃത്തുക്കളാണെന്നും ഏതു പ്രതിസന്ധി ഘട്ടത്തിലും എന്തു സഹായത്തിനും അവര്‍ കൂടെയുണ്ടാകുമെന്നുമുളള ചിന്ത അവരിലുണ്ടാക്കണം. പക്ഷേ അമിത ലാളന ഒട്ടും ആഗ്രഹിക്കാത്തവരാണ് പുതിയ കാലത്തെ കുട്ടികള്‍ എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണം. ഡിജിറ്റല്‍ ഉപയോഗം നമ്മുടെ കുട്ടികളുടെ ജീവിത വിശുദ്ധിക്ക് കളങ്കമേല്‍ക്കാന്‍ ഒരിക്കലും കാരണമാകരുത്. ഭൗതിക ജീവിതത്തില്‍ നാം പുലര്‍ത്തുന്ന ശുചിത്വ ബോധം ഡിജിറ്റല്‍ ലോകത്തും അത്യാവശ്യമാണ്. ഇതിനായി ഡിജിറ്റല്‍ മര്യാദകള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുകയും പഠിപ്പിക്കുകയും വേണം. സ്‌ക്രീന്‍ സമയം അമിതമാകാതിരിക്കുക, ഇരിക്കുമ്പോള്‍ ശരിയായ രീതി സ്വീകരിക്കുക, കണ്ണുകള്‍ക്ക് ആയാസം വരാതിരിക്കാന്‍ ഇടവേളകള്‍ നല്‍കുക എന്നിവ പ്രാഥമികമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
കുട്ടികളുടെ ഏറ്റവും മികച്ച മാതൃകകള്‍ മാതാപിതാക്കള്‍ തന്നെയാണെന്ന് ഓരോ രക്ഷിതാവും തിരിച്ചറിയണം. കണ്ടുപിടുത്തങ്ങള്‍ക്കു പിന്നിലെ ലക്ഷ്യം മനുഷ്യ പുരോഗതിയും സമയ ലാഭവുമാണ്. എന്നാല്‍ ഫലത്തില്‍ പലപ്പോഴുമത് വിനാശകാരിയും സമയംകൊല്ലിയുമായി മാറുന്നു. സമയ നിഷ്ഠയുള്ളവരാക്കാനും സക്രിയമാക്കാനും സഹായിക്കുന്ന ഒരുപാട് ആപ്പുകളും ഡിജിറ്റല്‍ സംവിധാനങ്ങളുമുണ്ട്. അവ ഉപയോഗപ്പെടുത്താം. മക്കളെ ശരിയായ ഡിജിറ്റല്‍ ശീലങ്ങള്‍ പഠിപ്പിക്കുന്നതിന്റെ ആദ്യ പടിയാണിത്. മെറ്റാവേഴ്‌സ് വാഴുന്ന ലോകമാണിനി വരാനിരിക്കുന്നത്. വെര്‍ച്വല്‍ ജീവിതം വ്യാപകമാവും. നല്ല കരുതല്‍ ആവശ്യമാണ്. ഇന്റര്‍നെറ്റ് ആസക്തി പോലോത്ത മാനസിക അവസ്ഥകള്‍ തടയാന്‍ ഓഫ് ലൈന്‍ തന്നെ ഉചിതം ■

Share this article

About അബ്ദുല്ല എം പി ചെമ്പ്ര

mpaabdullahchembra@gmail.com

View all posts by അബ്ദുല്ല എം പി ചെമ്പ്ര →

Leave a Reply

Your email address will not be published. Required fields are marked *