ന്യൂ നോര്‍മല്‍ യുവത്വം; മാരികള്‍ക്ക് ലോക്കിടും

Reading Time: 2 minutes

പുതിയകാലത്തെയും ഇനിയങ്ങോട്ടുള്ള ജീവിത നിലപാടുകളെയും സ്വാംശീകരിക്കുന്ന ഒന്നാന്തരം പ്രയോഗമാണ് ‘ന്യൂനോര്‍മല്‍’. ചരിത്രത്തില്‍ മുമ്പും ഈ വാക്ക് പ്രയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും സാധാരണക്കാര്‍ക്കിടയില്‍ അത്ര ആശയ പ്രചാരം ഉണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്. ചാക്രികമായ ഇടവേളകളില്‍ ആവര്‍ത്തിക്കുന്ന മഹാമാരികളുടെ ചരിത്രം വെറും സംഭവങ്ങളുടെ ആവര്‍ത്തനം മാത്രമല്ല. ചരിത്രത്തെയും മനുഷ്യരുടെ ജീവിതത്തെയും ബാധിക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ വിവക്ഷകള്‍ കൂടി അതിനുണ്ട്. ലോകത്തെയാകെ അസ്ഥിരപ്പെടുത്തിയ മഹാമാരിയുടെ നടുവിലൂടെ കടന്നുപോകുമ്പോള്‍ പതിവുള്ളതൊന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്ന ചിന്തയാണ് നമ്മെ അസ്വസ്ഥമാക്കുന്നത്. വീടുകളില്‍, പൊതുസ്ഥലങ്ങളില്‍, ഭക്ഷണശാലകളില്‍, പൊതുഗതാഗതങ്ങളില്‍, ആരാധനലായങ്ങളില്‍, മാര്‍കറ്റുകളില്‍ തുടങ്ങി എവിടെയും പതിവുരീതികള്‍ ഇന്ന് നമുക്ക് അന്യമാണ്. സാമൂഹിക ഇടപഴകലുകളുടെ രീതി ആകെപ്പാടെ മാറുകയും തികച്ചും പരിചിതമല്ലാത്തതും നിയന്ത്രണങ്ങള്‍ക്ക് വിധേയമായതുമായ ഒരു വ്യവസ്ഥിതിയെ പിന്തുടര്‍ന്നു ജീവിക്കാന്‍ നാം നിര്‍ബന്ധിതരാവുകയും ചെയ്തിരിക്കുന്നു.
മനുഷ്യനെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന വൈറസ് പുറത്ത് കറങ്ങി നടക്കുന്നുണ്ട് എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുമ്പോഴും മനുഷ്യര്‍ക്ക് മുറിക്കുള്ളില്‍ അടച്ചിരുന്നുകൊണ്ട് അധികനാള്‍ മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. നിയന്ത്രണങ്ങള്‍ക്കുവിധേയമായി പുറത്തിറങ്ങിയാല്‍ മാത്രമാണ് ജീവിതചക്രം തിരിക്കാന്‍ കഴിയൂ എന്ന നിലപാടില്‍ അവനെത്തിയിട്ടുണ്ട്. കോവിഡിനൊപ്പം സഞ്ചരിച്ചുകൊണ്ട് അവിചാരിതവും അപരിചിതവുമായ പുതുകാലത്തെ കീഴ്പ്പെടുത്തുകയാണ് ലക്ഷ്യം.
‘ഇങ്ങനെയും ജീവിക്കാം’ എന്ന് നവ കാലം നമ്മെ പഠിപ്പിച്ചിരിക്കുന്നു. പുതുകാലത്തിന് അനുസരിച്ചുള്ള ജീവിത ക്രമങ്ങള്‍ മനുഷ്യന്‍ കൈവരിക്കുകയെന്നതാണ് പുതു സാധാരണത്വം. ഒരുപാട് തിരിച്ചറിവുകള്‍ സമ്മാനിച്ചുകൊണ്ട് അതിജീവനത്തിനായുള്ള പലവിധ പാഠങ്ങളും അനുഭവങ്ങളും പകര്‍ന്നുതന്ന കാലം കൂടിയാണിത്. കോവിഡ് മഹാമാരിക്കൊപ്പമുള്ള ജീവിതവും അതിജീവനവും ഒരിക്കലും സാധാരണമായിരിക്കില്ല. അനതിസാധാരണത്വം നിറഞ്ഞതാണ് തുടര്‍ന്നുള്ള സാമൂഹിക ജീവിതം. സാമൂഹിക പ്രവര്‍ത്തനവും പുതു സാധാരണമാകണം. മുനുഷ്യരാശി ഉള്‍ക്കൊള്ളേണ്ട ഒരു നവ ജീവിതാവസ്ഥയെ അടയാളപ്പെടുത്തുകയാണ് ഈ പ്രമേയത്തിലെ ന്യൂ നോര്‍മല്‍ എന്ന പ്രയോഗം.
സമൂഹത്തില്‍ യുവതയുടെ കരുത്ത് പ്രധാനമാണ്. ഇത്തരമൊരു കാലത്ത് പ്രത്യേകിച്ചും. യുവത്വം മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലയളവാണ്, സമൃദ്ധവും പുഷ്‌കലവുമായ സമയം. യുവാക്കള്‍ എപ്പോഴും കര്‍മനിരതമായിരിക്കണം, അതിനു ദിശയറിയുന്ന ഒരു യുവത്വം രൂപപ്പെടണം. ആരോഗ്യമുള്ള ഒരു സമൂഹത്തിനു ചലനാത്മകമായ യൗവനം അനിവാര്യമാണ്. സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയും യുവാക്കളില്‍ വളര്‍ത്തി നിര്‍മാണാത്മക വഴിയില്‍ ഉപയോഗപ്പെടുത്താനായാല്‍ അവിടെ സജീവമായ സാമൂഹ്യ സൃഷ്ടി ഉറപ്പാക്കാന്‍ കഴിയും. യുവത്വത്തിന്റെ ചിന്താപരവും സര്‍ഗപരവുമായ നിര്‍ജീവതയും നിഷ്‌ക്രിയത്വവും നാശത്തിലേക്കാണ് നയിക്കുക. അടച്ചിരിപ്പു കാലത്ത് ലോകമാറ്റത്തിന് കെല്പുറ്റ ഈ വിഭാഗത്തെ വിളിച്ചുണര്‍ത്തുകയാണ് പ്രമേയം.
രോഗം മാത്രമല്ല, മനുഷ്യജീവിതത്തെ ഗ്രസിക്കുന്ന ബഹുമുഖ നാശവും ഭീഷണികളുമാണ് മാരികള്‍ എന്ന് വിളിച്ചു പറയാനും ഈ മുദ്രാവാക്യം മുതിരുന്നു. മനുഷ്യന്റെ ആരോഗ്യത്തെയും ജീവിതാവസ്ഥകളെയും ധിഷണയെയും ക്ഷയിപ്പിക്കുന്ന വൈറസുകള്‍, ബാധകള്‍, ആപത്തുകള്‍ തുടങ്ങിയവയെല്ലാം മാരികളില്‍ ഉള്‍പ്പെടും. അവക്ക് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സന്ദേശമാണ് ലോക്കിടുമെന്ന പ്രതിജ്ഞ. മനുഷ്യരാശിയുടെ മുഴുവന്‍ നന്മകളെയും റദ്ദ് ചെയ്യുന്ന വൈറസുകള്‍, ദുശീലങ്ങള്‍, ജീര്‍ണതകള്‍, വികലമായ നയങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രശനങ്ങള്‍ മാരി കണക്കെ വ്യാപനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം അരുതായ്മകളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ജാഗ്രതയും അത്തരം പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള പ്രഖ്യാപനവും മുന്നറിയിപ്പും ആയി പ്രമേയം മാറുന്നു.
യുവതയുടെ വിഭവശേഷിയെ കൃത്യമായി ഉപയോഗപ്പെടുത്താനുള്ള താത്പര്യമാണ് രിസാല സ്റ്റഡി സര്‍ക്കിളിനെ മുന്നോട്ടു നയിക്കുന്നത്. നാ ടിന്റെ ഗൃഹാതുരത്വവും തൊഴിലിടങ്ങളിലെ അസ്വസ്ഥതയും സാമൂഹിക ഒറ്റപ്പെടലും തുടങ്ങി യാന്ത്രികമായ പ്രവാസ ജീവിതചക്രത്തിലേക്കാണ് കോവിഡ് വിതച്ച പ്രതിസന്ധികളും പ്രയാസങ്ങളും കയറിക്കൂടിയത്. ജോലി നഷ്ടമായവര്‍, സാമ്പത്തികമായി തകര്‍ന്നവര്‍, സംരംഭങ്ങള്‍ അടച്ചു പൂട്ടേണ്ടി വന്നവര്‍ അങ്ങനെ തുടങ്ങി മാനസിക പിരിമുറുക്കം പിടിപെട്ടവര്‍ക്ക് നവകാലത്ത് മനോധൈര്യത്തോടെ പിടിച്ചു നില്‍ക്കാനാകണം. അനന്തമായ സാധ്യതകളിലേക്ക് അവന് എഴുന്നേറ്റ് നടക്കാനാകും എന്ന പ്രതീക്ഷ പകരുക. അങ്ങനെ തളരാതെയും വീഴാതെയും ഈ കാലത്തെ അതിജയിക്കാനാകുമെന്നും പുതിയ ലോകം കെട്ടിപ്പടുക്കാനാകും എന്നുള്ള സന്ദേശം, അങ്ങനെ യുവത്വത്തെ ചേര്‍ത്തുപിടിക്കുകയാണ് ഈ കാലത്ത്. സര്‍ഗാത്മകവും സക്രിയവുമായ ഒരു യുവത്വത്തെ പുനര്‍ രചിക്കാനുള്ള ശ്രമം.
മനുഷ്യന്‍ മനുഷനെ തിരിച്ചറിയാന്‍ പ്രയാസപ്പെടുന്ന ഒരു കാലമാണ്. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് പ്രതിരോധിക്കുന്നതിനു പകരം ആയുധങ്ങള്‍ സംസാരിക്കുന്നു. ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കാമെന്ന് പ്രായോഗികമായി തെളിയിച്ച രാഷ്ട്ര പിതാവിനെ രാജ്യം മറക്കുന്നു. അനീതിയുടെ പോര്‍വിളികളും വൈരവും വംശീയതയും ഉയര്‍ന്നു കേള്‍ക്കുന്നു. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു ദുരന്തത്തിന്റെ ഉത്തരവാദികളില്‍ ഒരാളെ പോലും ശിക്ഷിക്കാന്‍ കഴിയാതെപോയി നീതിന്യായ വ്യവസ്ഥ തകര്‍ന്നിരിക്കുന്നു. ജീവഭയവും മാനഭയവും കൊണ്ട് പൗരന്മാരുടെ നിലവിളികള്‍ ഉയര്‍ന്നു കേള്‍ക്കുന്നു. ഇത്തരം അട്ടിമറികള്‍ക്കെതിരെ മാനസിക പ്രതിരോധം ഉണ്ടാക്കുക എന്ന ദൗത്യം അനിവാര്യമാണ്. പൊതുബോധ നിര്‍മിതിയില്‍ ഇനിയും ഇടപെട്ടില്ലെങ്കില്‍ നഷ്ടപ്പെടുക ഇന്ത്യ എന്ന ആശയമായിരിക്കും എന്ന രാഷ്ട്രീയമാണ് ഇപ്പോള്‍ ഉയര്‍ത്തേണ്ടത്.
സാധാരണക്കാര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത വിധം അവകാശ ധ്വംസങ്ങള്‍ നിറഞ്ഞ നയങ്ങളും നിയമങ്ങളും പിറക്കുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്ന രാഷ്ട്രീയ സാമൂഹിക അപചയങ്ങള്‍ തിരിച്ചറിയാനായാല്‍ മാത്രമാണ് ന്യൂനോര്‍മല്‍ കാലത്ത് പിടിച്ചുനില്‍ക്കാനുള്ള കെല്‍പ്പ് നേടാനാകുക.
അധികാരത്തിനെതിരെയുള്ള മനുഷ്യന്റെ സമരമെന്നത് മറവിക്കെതിരെയുള്ള ഓര്‍മയുടെ സമരമാണ് എന്ന് പറഞ്ഞത് മിലന്‍ കുന്ദേരയാണ്. ചരിത്രങ്ങള്‍ മറക്കുന്ന നവ കാലത്ത് ചരിത്രത്തെ ഓര്‍മിച്ചെടുക്കുകയെന്നതാണ് വര്‍ത്തമാന ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥിതിയിലെ ഏറ്റവും വലിയ പ്രതിരോധ പ്രവര്‍ത്തനം. മനുഷ്യനെ ആഴത്തില്‍ ബാധിക്കുന്ന പല പ്രശ്നങ്ങളും ഉപരിപ്ലവമായ ചില സംവാദങ്ങളില്‍ മുങ്ങിപ്പോകരുതെന്ന ശാഠ്യം കൂടി നമുക്ക് ഉണ്ടാകണം.
മതനിരാസ വികാരങ്ങളും മതനവീകരണ ചിന്തകളും സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുമ്പോഴും വിശ്വാസത്തിന്റെ നിറവില്‍ പ്രകാശിച്ചു നില്‍ക്കാന്‍ കഴിയയേണ്ടതുണ്ട്. കാലത്തെ സാക്ഷ്യപ്പെടുത്തി നാശത്തെ മറികടക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ പറയുന്ന അതിജയ മാര്‍ഗങ്ങളുണ്ട്, അതില്‍ പ്രധാനം വിശ്വാസമാണ്. ജീവിതത്തെക്കുറിച്ചുള്ള ബോധ്യങ്ങളും കാഴ്ചപ്പാടുകളുമാണ് മനുഷ്യനെ മുന്നോട്ടു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. നിരന്തരമായ സമര്‍ദങ്ങളുടെ മറവില്‍ ഒരു തുണിക്കഷണത്തിലോ നീളന്‍ കയറിലോ തീര്‍ക്കാനുള്ള ഒറ്റവരി കഥയല്ല ജീവിതം. ഇത്തരത്തില്‍ ആന്തരികവും ബാഹ്യവുമായ നിരവധി ദുര്‍ഘടങ്ങള്‍ മറികടക്കാന്‍ മനുഷ്യന്‍ പ്രാപ്തമാകണമെന്ന ധ്വനിയാണ് ഇവിടെ ഉയര്‍ത്തുന്നത്.
ന്യൂ നോര്‍മല്‍ കാലം പ്രവാസത്തെ കൂടി പ്രതിനിധീകരിക്കുന്നു. പുതുകാലത്തെ പ്രവാസത്തിലെ ജോലികള്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നിവ മുന്‍നിര്‍ത്തിയുള്ള വര്‍ത്തമാനങ്ങളും സര്‍ഗാത്മകവും പ്രായോഗികവുമായ ഭാവി ആലോചനകളും പ്രമേയത്തില്‍ കടന്നുവരുന്നു. പ്രവാസികളുടെ പ്രതിസന്ധികളെ മറികടക്കാനുള്ള ഉപാധികള്‍ അന്വേഷിക്കുക, അതിജീവന ആശയങ്ങള്‍ നിരന്തരം ഉത്പാദിപ്പിക്കുക എന്നതൊക്കെ പ്രമേയത്തിന്റെ താത്പര്യമാണ്. പുതുസാധാരണ ജീവിതത്തില്‍ സ്തംഭിച്ചു നില്‍ക്കാതെ എല്ലാ മാരികള്‍ക്കും ലോക്കിട്ടുകൊണ്ട് ചുറ്റുപാടുകള്‍ മനസിലാക്കിയും ജീവിതത്തെ പുനഃക്രമീകരിച്ചും മുന്നോട്ടു കുതിക്കാനുള്ള ബഹുമുഖ മാനമുള്ള സന്ദേശമാണ് പ്രമേയത്തിലൂടെ ആര്‍എസ്‌സി ഉയര്‍ത്തിപ്പിടിക്കുന്നത്.

Share this article

About ഫൈസല്‍ സി എ

faisalca313@gmail.com

View all posts by ഫൈസല്‍ സി എ →

Leave a Reply

Your email address will not be published. Required fields are marked *