ജോഡോ യാത്ര:
പാഴാകരുത് ഈ പരിശ്രമം

Reading Time: 3 minutes

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ അതിനിര്‍ണായകമായേക്കാവുന്ന പുറപ്പാടിനൊരുങ്ങുകയാണ് രാഹുല്‍ഗാന്ധി. ഒരു കോണ്‍ഗ്രസ് നേതാവിന്റെ ആദ്യ ഭാരതയാത്ര എന്ന സവിശേഷത കൂടിയുണ്ട് ജോഡോ യാത്രയ്ക്ക്. സമകാല ഇന്ത്യയില്‍ രാഹുലിന്റെ യാത്രയ്ക്ക് എന്ത് ധര്‍മമാണ് നിര്‍വഹിക്കാനുള്ളതെന്നന്വേഷിക്കുന്നു.



കോണ്‍ഗ്രസിന്റെ രാഷ്ട്രീയചരിത്രത്തില്‍ ആദ്യമായി പാര്‍ട്ടിയുടെ ദേശീയ നേതാവ് ഒരു ഭാരതയാത്ര നടത്തുകയാണ്. രാഹുല്‍ ഗാന്ധി ഒരു ഭാരതയാത്ര നടത്തി രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കണം എന്ന് രാജ്യത്തെ മതനിരപേക്ഷ രാഷ്ട്രീയ ഉജ്ജീവനം ഇഷ്ടടപ്പെടുന്ന സാധാരണക്കാരായ ആളുകള്‍ വരെ വര്‍ഷങ്ങളായി പറഞ്ഞുവരുന്നതാണ്. പലരും ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ എഴുതി. പൗരത്വ പ്രക്ഷോഭ കാലത്ത് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ഇത് ആഗ്രഹിച്ചു. കോണ്‍ഗ്രസ് അങ്ങനെയൊരു ആലോചന നടത്തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കോവിഡ് അടച്ചുപൂട്ടലില്‍ അതു മുങ്ങിപ്പോയി. ഇപ്പോഴിതാ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുക എന്ന രാഷ്ട്രീയ മുദ്രാവാക്യവുമായി രാഹുല്‍ ഗാന്ധി ഭാരതപര്യടനം നടത്തുന്നു. മിലേ ഖദം, ജുഡേ വതന്‍ അഥവാ ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം എന്ന ആശയം രാജ്യത്തിന്റെ രാഷ്ട്രീയ വര്‍ത്തമാനത്തിലും ഭാവിയിലും എന്തു സ്വാധീനം സൃഷ്ടിക്കുമെന്നാണ് കാത്തിരിക്കേണ്ടത്. ഒരുകാര്യം തീര്‍ത്തുപറയാം, സംഘ്പരിവാര്‍ ഫാഷിസം നേതൃത്വം നല്‍കുന്ന ഇന്ത്യയിലെ വിഭജന ഭരണത്തിനും വര്‍ഗീയ രാഷ്ട്രീയത്തിനുമെതിരായ രാഷ്ട്രീയ ഐക്യവും മുന്നേറ്റവും ഏറെ വൈകിപ്പോയ പ്രവര്‍ത്തനമാണ്. അത് ഇപ്പോഴെങ്കിലും, അതും കോണ്‍ഗ്രസിന്റെ തന്നെ നേതൃത്വത്തില്‍ സംഭവിച്ചില്ലെങ്കില്‍ പിന്നൊരിക്കല്‍ ഉണ്ടാകില്ല. ഈ രാഷ്ട്രീയ ധാരണയില്‍ വേണം രാഹുല്‍ഗാന്ധിയുടെ ജോഡോ യാത്രയെ വിലയിരുത്താന്‍.
ഈ യാത്ര തനിക്ക് തപസ്യയെന്നാണ് രാഹുല്‍ഗാന്ധി വിശേഷിപ്പിച്ചത്. രാജ്യം ധ്രുവീകരിക്കപ്പെടുകയാണ്. ഒരു ഭാഗത്ത് സംഘ്പരിവാര്‍ രാഷ്ട്രീയവും മറുഭാഗത്ത് ജനങ്ങളെ ഒന്നിപ്പിക്കുന്ന പ്രത്യയശാസ്ത്രവുമാണ്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ദില്ലിയില്‍ നടത്തിയ ജോഡോ യാത്രാ കോണ്‍ക്ലേവില്‍ രാഹുല്‍ വ്യക്തമാക്കിയതായി ജന്മഭൂമി പത്രവും റിപ്പോര്‍ട്ട് ചെയ്തു. ബിജെപി നേതൃത്വം നല്‍കുന്ന വര്‍ഗീയരാഷ്ട്രീയത്തിനെതിരെ മതനിരപേക്ഷ പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും ദേശീയവും പ്രാദേശികവുമായ ചേര്‍ന്നുനില്‍ക്കലുകള്‍ക്കു വേണ്ടി പലവിധ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. ഈ ഘട്ടത്തിലാണ് രാഹുല്‍ഗാന്ധിയുടെ യാത്രയുമായി കോണ്‍ഗ്രസ് ഇറങ്ങിവരുന്നത്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ പദയാത്രകള്‍ക്ക് നിര്‍ണായകമായ സ്ഥാനവും വിജയചരിത്രവുമുണ്ട്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഉപ്പു തീരുവക്കെതിരായി 1930ല്‍ മഹാത്മാഗാന്ധി ദണ്ഡിയിലേക്ക് നടത്തിയ പദയാത്രയാണ് ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ ആദ്യയാത്ര. 388 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായ ഈ സമരയാത്ര രാജ്യത്തിന്റെ രാഷ്ട്രീയ സമര പ്രയോഗങ്ങളില്‍ ഇന്നും ജ്വലിക്കുന്ന മാതൃകയാണ്. ദണ്ഡിയാത്രയില്‍ തുടങ്ങുന്ന പദയാത്രകളുടെ പരമ്പരയില്‍ ഏറ്റവും പുതിയതാണ് ജോഡോ യാത്ര. യാത്രകള്‍കൊണ്ട് പാര്‍ട്ടികളും നേതാക്കളും വിജയം കൊയ്തിട്ടുണ്ട്. എന്നാല്‍ രാഹുല്‍ഗാന്ധി മുമ്പൊരിക്കല്‍ നയിച്ച യാത്രക്ക് തിരഞ്ഞെടുപ്പു ജയം നേടാനായില്ല. കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കേ 2016ല്‍ ഉത്തര്‍പ്രദേശിലാണ് രാഹുല്‍ഗാന്ധി കിസാന്‍ യാത്ര സംഘടിപ്പിച്ചത്. 26 ദിവസമെടുത്ത് 141 മണ്ഡലങ്ങളിലൂടെ 3483 കിലോമീറ്ററാണ് താണ്ടിയത്. ശേഷം 2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അമ്പേ പരാജയപ്പെട്ടു. ജോഡോ യാത്ര പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ രാഹുലിന്റെ ഈ മുന്‍യാത്രയും ഇന്ത്യയില്‍ നടന്ന മറ്റു യാത്രകളും താരതമ്യം ചെയ്ത് നിരീക്ഷണങ്ങള്‍ വരുന്നുണ്ട്. ഇന്ത്യയില്‍ സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള രാഷ്ട്രീയ വിഭജനത്തിനു ആക്കംകൂട്ടിയതും ബിജെപിക്ക് പാര്‍ലിമെന്റില്‍ അംഗസംഖ്യ വര്‍ധിപ്പിക്കാനായതും ബാബരി മസ്ജിദ് തകര്‍ക്കാനുള്ള വീര്യം ഉണ്ടാക്കിയതും എല്‍കെ അദ്വാനി നയിച്ച രഥയാത്രയിലൂടെയായിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലൂടെ 10000-ത്തിലധികം കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ആസൂത്രണം ചെയ്ത രഥയാത്ര യഥാർഥത്തില്‍ ഇന്ത്യക്കുമേല്‍ ചോരയൊലിപ്പിച്ചു.
മുന്‍പ്രധാനമന്ത്രി ചന്ദ്രശേഖറാണ് രാജ്യത്ത് രാഷ്ട്രീയശ്രദ്ധ നേടിയ മറ്റൊരു ദേശീയ യാത്ര നടത്തിയത്. ജനതാപാര്‍ട്ടി അധ്യക്ഷനായിരുന്ന അദ്ദേഹം 1983ല്‍ കന്യാകുമാരിയില്‍നിന്നു തുടങ്ങി രാജ്ഘട്ടില്‍ ഗാന്ധി സമാധിയിലേക്ക് 4000 കിലോമീറ്റര്‍ താണ്ടി. 1990ല്‍ അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. 2003ല്‍ ആന്ധ്രയില്‍ വൈ എസ് രാജശേഖര റെഡ്ഡിയുടെ 1500 കിലോമീറ്റര്‍ യാത്ര, തെലുങ്കുദേശത്ത് 2013ല്‍ ചന്ദ്രബാബു നായിഡുവിന്റെ 1700 കിലോമീറ്റര്‍ യാത്ര, 2017ല്‍ മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ദിഗ് വിജയ് സിങിന്റെ 3300 കിലോമീറ്റര്‍ നര്‍മദ യാത്ര, 2017ല്‍ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ 341 ദിവസം നീണ്ട 3648 കിലോമീറ്റര്‍ ആന്ധ്രയാത്ര എന്നിവയാണ് രാജ്യത്തെ പ്രധാന രാഷ്ട്രീയ യാത്രകള്‍. രാഹുലിന്റെ കിസാന്‍ യാത്രക്കൊഴികെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വിജയിപ്പിക്കാന്‍ സാധിച്ചുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. 2022 സെപ്റ്റംബറില്‍ തമിഴ്നാട്ടിലെ കന്യാകുമാരിയില്‍നിന്നു തുടങ്ങി കാശ്മീര്‍വരെ 150 ദിവസം നീളുന്ന 3500ലധികം കിലോമീറ്റര്‍ താണ്ടുന്ന രാഹുലിന്റെ രാഷ്ട്രീയദൗത്യം ലക്ഷ്യം കാണണം എന്ന് രാജ്യമൊട്ടാകെ ആഗ്രഹിക്കുന്നുണ്ട്. സംഘ്പരിവാര്‍ രാഷ്ട്രീയപക്ഷം മാത്രമാണ് ഈ യാത്രയുടെ പ്രതിപക്ഷത്തുണ്ടാവുക. ഒരുവേള മഹാത്മാഗാന്ധി നയിച്ച ദണ്ഡിയാത്രക്കുശേഷം രാഷ്ട്രീയ ഇന്ത്യയില്‍ ഇത്രമേല്‍ പിന്തുണ ലഭിക്കുന്ന ദേശീയ യാത്രയും ഇതായിരിക്കും.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ കേന്ദ്രബിന്ദുവായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ലോകത്തെ ഏറ്റവും പഴയതും വലുതുമായ ജനാധിപത്യ പാര്‍ട്ടിയായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട പ്രസ്ഥാനമാണല്ലോ. സ്വാതന്ത്ര്യത്തിനുശേഷം നടന്ന 15 ലോക്്സഭാ തിരഞ്ഞെടുപ്പുകളില്‍ ആറു തവണ ഒറ്റക്കും നാലു തവണ മുന്നണിയായും കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചു. ജവഹര്‍ലാല്‍ നെഹ്റു മുതല്‍, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കളിലൂടെ മുന്നോട്ടുപോയ കോണ്‍ഗ്രസ് ഇന്ന് അതിന്റെ രാഷ്ട്രീയവും സംഘടനാപരവും നേതൃപരവുമായ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ് എത്തിനിൽക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ച ഉദാരീകൃത സാമ്പത്തിക നയങ്ങളും മൃദുഹിന്ദുത്വ നിലപാടുകളും രാഷ്ട്രീയ അവിവേകങ്ങളും പാര്‍ട്ടിയെ കൂടുതൽ കൂടുതല്‍ വഷളാക്കി. അധികാരം, അഴിമതി, അവസരവാദം, ഗ്രൂപ്പുകളി തുടങ്ങിയവയുടെയെല്ലാം പര്യായങ്ങളായി കോണ്‍ഗ്രസ് ദേശീയതലത്തിലും പ്രാദേശികതലത്തിലും വേറെവേറെ വിശേഷണങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടവരുത്തി. ഒപ്പം പാര്‍ട്ടിയുടെ രാഷ്ട്രീയ മേല്‍കോയ്മയും അധികാരാവസരങ്ങളും സംഘടനാബലവും ശുഷ്‌കമായി. രാജീവ് ഗാന്ധിയുടെ മരണത്തിനുശേഷം ചുമതലയില്‍വന്ന നരസിംഹറാവു എന്ന പ്രസിഡന്റും പ്രധാനമന്ത്രിയുമാണ് കോണ്‍ഗ്രസിന്റെ പതനത്തിന് ആക്കം കൂട്ടിയത്. സോണിയഗാന്ധി പാര്‍ട്ടി ചുമതലയില്‍വന്നെങ്കിലും പാര്‍ട്ടിയെ ഉണര്‍ത്താന്‍ സാധിച്ചില്ല. യുവത്വത്തിന്റെ ഊര്‍ജസ്വലതയും ഗാന്ധി കുടുംബം എന്ന മേല്‍വിലാസത്തിലും പാര്‍ട്ടി നേതൃത്വത്തില്‍ വന്ന രാഹുല്‍ഗാന്ധിക്കു കേള്‍ക്കേണ്ടിവന്ന അത്രയും പഴി നരസിംഹറാവു പോലും കേട്ടിട്ടില്ല. ഉത്തരവാദിത്വമില്ലാത്ത കുട്ടിക്കളി നേതാവ് എന്ന് പാര്‍ട്ടിക്കാര്‍ തന്നെ വിലയിരുത്തി. പലവട്ടം പരിഭവിച്ചു പിന്‍വാങ്ങിയിട്ടുള്ള നേതാവാണ് രാഹുല്‍. നേതൃതലത്തിലും പാര്‍ട്ടിനയത്തിലും മാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ കരുത്തരായ 23 നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കി. ജി 23 എന്ന പേരില്‍ കോണ്‍ഗ്രസ് സംഘടനയുമായി ബന്ധപ്പെട്ട് സംവാദങ്ങള്‍ ഉയര്‍ന്നുവരാന്‍ ഇതു കാരണമായി. അവരിൽ രണ്ടു പ്രമുഖർ, കപിൽസിബലും ഗുലാം നബി ആസാദും പാർട്ടി വിട്ടു.
ഇതിനപ്പുറത്ത് ബിജെപിയിലേക്ക് പാര്‍ട്ടിനേതാക്കളുടെ ഒഴുക്ക് അനുസ്യൂതം തുടരുന്ന അന്തരീക്ഷത്തില്‍ തന്നെയാണ് രാഹുല്‍ഗാന്ധിയുടെ ജോഡോ യാത്ര ഫ്ളാഗ് ഓഫ് ചെയ്യപ്പെടുന്നത്. ഈ കുറിപ്പിന്റെ തുടക്കത്തില്‍ പറഞ്ഞതുപോലെ ഇപ്പോഴില്ലെങ്കില്‍ പിന്നെയെപ്പോള്‍, കോണ്‍ഗ്രസ് അല്ലാതെ മറ്റേതു പാര്‍ട്ടി, രാഹുല്‍ അല്ലെങ്കില്‍ പിന്നെയാര് എന്നീ ലളിതമായ ചോദ്യങ്ങള്‍കൊണ്ട് ഉത്തരം മുട്ടിപ്പോകുന്ന അതിദയനീയമായ രാഷ്ട്രീയ സന്ദര്‍ഭത്തില്‍ തന്നെയാണ് നമ്മുടെ ഇന്ത്യ. അതുകൊണ്ട് ഇത് രാഹുല്‍ഗാന്ധിയെയോ കോണ്‍ഗ്രസിനെയോ നിരൂപണം ചെയ്യാനുള്ള രാഷ്ട്രീയസന്ദര്‍ഭം അല്ല. രാജ്യത്തിന് ഒരു പുതിയ ജനാധിപത്യ രാഷ്ട്രീയഭാവി എന്ന ഒറ്റത്തീര്‍പ്പില്‍ മുന്നോട്ടു പോകുകയും വിജയം വരിക്കുകയും വേണ്ടതുണ്ട് ജോഡോ യാത്ര. അഥവാ ഈ യാത്ര ഇന്ത്യന്‍ സാംസ്‌കാരിക ദേശീയതക്കും ജനാധിപത്യ സൗന്ദര്യത്തിനും മതനിരപേക്ഷ മാന്യതക്കും വേണ്ടിയുള്ളതാകണം. രാജ്യത്തെ പൗരന്‍മാര്‍ക്കും സമൂഹങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും വേണ്ടിയുള്ളതാകണം.
ഈ ആശയം ഇന്ത്യയിലെ ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തേ അംഗീകരിച്ചിട്ടുണ്ട്. സംഘ്പരിവാറിനെതിരെ രാജ്യത്തുടനീളം ചെറുതും വലുതുമായ പാര്‍ട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും കൂട്ടായ്മകളും പരിശ്രമങ്ങളും നടന്നുവരുന്നുണ്ട്. സിപിഎം, സിപിഐ ഉള്‍പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ പാര്‍ട്ടി നയത്തില്‍ തന്നെ മാറ്റംവരുത്തി ബിജെപിക്കെതിരായി കോണ്‍ഗ്രസിനോടു ചേര്‍ന്ന രാഷ്ട്രീയസഖ്യം അംഗീകരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ അധികാരത്തിലും പ്രതിപക്ഷത്തുമുള്ള പാര്‍ട്ടികള്‍ മൂന്നാംസഖ്യം എന്ന കോണ്‍ഗ്രസ് ഉള്‍പ്പെട്ടതും അല്ലാത്തതുമായ രാഷ്ട്രീയ ചര്‍ച്ചകളില്‍ സംബന്ധിക്കുന്നുണ്ട്. ഇതെല്ലാം ജോഡോ യാത്രയെ അഥവാ അതിന്റെ ആശയത്തെ സ്ഥാപിച്ചെടുക്കുന്നുണ്ട് പക്ഷേ, നമ്മുടെ രാഷ്ട്രീയത്തില്‍ അധികാരം എല്ലാകാലവും നയങ്ങള്‍ക്കു കുറുകെ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടികളുടെയും പ്രാദേശികതയുടെയും സങ്കുചിതബോധങ്ങള്‍ വിശാലതാല്പര്യങ്ങളോട് പിണങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ രാഹുല്‍ഗാന്ധിയുടെ ജോഡോ യാത്രയെ കേരളത്തിലെ ഇടതുപക്ഷം കളിയാക്കാന്‍ മിനക്കെടും. അത് നമ്മുടെ താല്പര്യങ്ങളോടുള്ള പരിഹാസമായി മാറും. കേരളത്തിലെ കോണ്‍ഗ്രസുകാരുടെ ഉന്നം അടുത്ത സംസ്ഥാന ഭരണവും പിണറായി വിജയനുമായാല്‍ ജോഡോ യാത്ര പോടോ യാത്രയായി ചീത്തവിളിയേല്‍ക്കാന്‍ വേറെ പണി വേണ്ടിവരില്ല. അതേസമയം സംഘടനാ ശാക്തീകരണത്തിനും പാര്‍ട്ടി ഐക്യത്തിനും ഈ യാത്ര കോണ്‍ഗ്രസുകാര്‍ക്ക് മികച്ച അവസരം തുറക്കുന്നുമുണ്ട്. ഇന്ത്യയില്‍ നല്ല രാഷ്ട്രീയനാളെകള്‍ ഉണ്ടാകണം എന്നാഗ്രഹിക്കുന്ന ജനാധിപത്യ മനുഷ്യരെ സംബന്ധിച്ച് പ്രതീക്ഷകളിലേക്ക് കണ്ണു തുറപ്പിക്കുന്ന, കൂടുതല്‍ തെളിച്ചമുള്ള രാഷ്ട്രീയ സംവാദങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കരുത്തായി മാറേണ്ട യാത്രയുമായാണ് രാഹുല്‍ഗാന്ധി ഇന്ത്യ ചുറ്റുന്നത്. അതാണ് ഈ യാത്രയുടെ സന്ദേശവും എന്നു കരുതാം ■

Share this article

About അലി അക്ബർ

taaliakbar@gmail.com

View all posts by അലി അക്ബർ →

Leave a Reply

Your email address will not be published. Required fields are marked *