ശെയ്ഖ് ഖലീഫ: മനുഷ്യരിലേക്ക് ഒഴുകിയ സ്‌നേഹം

Reading Time: 3 minutes

അറബ് ഐക്യ നാടുകളുടെ തലവന്‍ ശെയ്ഖ് ഖലീഫ ബിന്‍ സായിദ് ആലു നഹിയാന്‍ വിടവാങ്ങിയിരിക്കുന്നു. കേവലം ഒരു രാജ്യത്തിന്റെ തലവന്‍ എന്നതിലുപരി ലോകം മുഴുവന്‍ ബഹുമാനിക്കുന്ന ഒരു പ്രതീകമായി മാറിയതാണ് അദ്ദേഹം ഇത്രമേല്‍ സ്മരിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നത്. ഭൂമിയുടെ വിവിധ കോണുകളില്‍നിന്നും അദ്ദേഹത്തിനായി പ്രാർഥനാപൂര്‍വം കൈകളുയരുന്നു. രോഗാതുരമായിരുന്ന അവസാന കാലങ്ങളില്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതെ വിട്ടുനിന്നതൊഴിച്ചാല്‍ തന്റെ 73 വര്‍ഷത്തെ ജീവിതത്തില്‍ അബുദാബിയെയും പിന്നീട് യുഎഇയെയും പടുത്തുയര്‍ത്താന്‍ വേണ്ടി അഹോരാത്രം പരിശ്രമിച്ച രാഷ്ട്രശില്‍പിയായിരുന്നു അദ്ദേഹം. ലോകത്തിലെ തന്നെ മികച്ച പ്രാദേശിക ശക്തി കേന്ദ്രങ്ങളിലൊന്നായി യുഎഇയെ മാറ്റിയെടുക്കാന്‍ നിമിത്തമായത് അദ്ദേഹത്തിന്റെ ദീര്‍ഘദൃഷ്ടിയുള്ള ആധുനികവത്കരണ തന്ത്രങ്ങളായിരുന്നു. അതില്‍നിന്നാണ് മലയാളികളടക്കമുള്ള നിരവധി ജനങ്ങള്‍ ജീവനോപാധി കണ്ടെത്തിയത്, കേരളമടക്കമുള്ള വിവിധ നാടുകള്‍ക്ക് സാമ്പത്തികമായി പുഷ്ടിച്ചു വരാന്‍ ഇടം കിട്ടിയത്.
അറബ് ഐക്യ രാഷ്ട്രങ്ങളുടെ ശില്‍പിയായ പിതാവ് ശെയ്ഖ് സായിദ് ആലു നഹിയാന്റെ പിന്‍ഗാമിയായി 2004ലാണ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അലു നഹിയാന്‍ യുഎഇയുടെ ഭരണ സാരഥ്യം ഏറ്റെടുക്കുന്നത്. രാജകുടുംബത്തില്‍ ജനിച്ചത് കൊണ്ടോ പിതൃ-പുത്ര പാരമ്പര്യത്തിലെ അധികാരവ്യവസ്ഥിതി കൊണ്ടോ മാത്രം കേവലം ഭരണത്തിലെത്തിയ ആളല്ല ശെയ്ഖ് ഖലീഫ ബിന്‍ സായിദ് ആലു നഹിയാന്‍. 1948ല്‍ അബുദാബിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ശെയ്ഖ് സായിദിന്റെ മൂത്ത പുത്രനായി ജനിച്ച അദ്ദേഹത്തിനു ഭാവിയില്‍ പ്രസിഡന്റ് പദവി ഏറ്റെടുക്കേണ്ടി വരുമെന്ന് മുന്‍കൂട്ടി അറിഞ്ഞ പിതാവ് മതിയായ ഭരണ കാര്യങ്ങളെല്ലാം പഠിക്കാനും അനുഭവിക്കാനും അവസരം നല്‍കിയിരുന്നു. 18 വയസായപ്പോള്‍തന്നെ പ്രസിഡന്റിന്റെ പ്രതിനിധിയായി കിഴക്കന്‍ പ്രവിശ്യയില്‍ നിയമിക്കുകയും അല്‍ഐന്‍ കോടതികളുടെ തലവനാക്കുകയും ചെയ്തു. പിന്നീട് അബുദാബി കിരീടാവകാശിയായതോടൊപ്പം പ്രതിരോധ സേനയുടെ ഉത്തരവാദിത്വം കൂടി നല്‍കി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അബുദാബി പ്രതിരോധസേന വികസിക്കുകയും പിന്നീട് അറബ് ഐക്യനാടുകളുടെ തന്ത്രപ്രധാന സേനയായി മാറുകയും ചെയ്തു. അബുദാബിയുടെ ഉന്നത പദവിയിലിരുന്ന് ഭരണം നടത്തിയ അതേസമയത്തു തന്നെ തന്ത്രപ്രധാനമായ എണ്ണ നിയമം രൂപപ്പെടുത്തിയ അബുദാബിയിലെ വിഖ്യാതമായ പെട്രോളിയം കൗണ്‍സില്‍ തലവനും അദ്ദേഹമായിരുന്നു. 1971ല്‍ യുഎഇ സ്ഥാപിക്കപ്പെട്ടത് മുതല്‍ 2004ല്‍ പ്രസിഡന്റ് ആകുന്നത് വരെ ഡെപ്യൂട്ടി പ്രധാന മന്ത്രി, എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാന്‍, പെട്രോളിയം കൗണ്‍സില്‍ തലവന്‍ തുടങ്ങി നിരവധി പദവികളില്‍ അദ്ദേഹം ശോഭിച്ചുനിന്നു.
പിതാവിന്റെ വിയോഗ ശേഷം യുഎഇ പ്രസിഡന്റ് പദവി നേടിയതോടെ അന്നത്തെ ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപങ്ങളില്‍ ഒന്നായ, നൂറുകണക്കിന് ബില്യൻ ഡോളറുകള്‍ ആസ്തിയുള്ള അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ തലവനായി ശെയ്ഖ് ഖലീഫ ബിന്‍ സായിദ് ആലു നഹിയാന്‍ മാറി. ലോകത്തെ ഏറ്റവും സമ്പന്നരായ ഭരണാധികാരികളില്‍ ഒരാളായിട്ടും രാജ്യത്തിന്റെയും നാട്ടുകാരുടെയും വളര്‍ച്ചക്കൊപ്പം, തന്നെ ആശ്രയിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും രാജ്യമേതെന്നോ മതമേതെന്നോ നോക്കാതെ സഹായ ഹസ്തങ്ങള്‍ നീട്ടി എന്നതാണ് ശെയ്ഖ് ഖലീഫ ബിന്‍ സായിദിനെ വ്യത്യസ്തനാക്കിയത്. തികഞ്ഞ മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിന്നടക്കം എത്രയോപേര്‍ മതിയായ രേഖകള്‍ ഒന്നുമില്ലാതെ ഉരുകേറി അറേബ്യന്‍ തീരത്തണഞ്ഞ കഥകള്‍ നമ്മള്‍ കേട്ടിരിക്കുന്നു. എന്നിട്ടും അവരെ മുഴുവന്‍ അടുത്തറിഞ്ഞ് വിശക്കുന്നവര്‍ക്ക് ഭക്ഷണവും കിടപ്പാടവും നല്‍കി ജീവിതം കെട്ടിപ്പടുക്കാന്‍ അവസരം നല്‍കുകയാണ് ശെയ്ഖ് ഖലീഫ ചെയ്തത്. അതിലൂടെ ജീവിതവും കുടുംബവും സമൂഹവും സ്ഥാപനങ്ങളും മറ്റു സംവിധാനങ്ങളും പടുത്തുയര്‍ത്തിയവരെത്ര. എല്ലാ രേഖകളുമുണ്ടായിട്ടും സ്വന്തം രാജ്യത്തു നിന്നുപോലും മതിയായ സുരക്ഷിതത്വം അനുഭവിക്കാത്ത മനുഷ്യര്‍ ജീവിക്കുന്ന കാലത്തും യുഎഇ ശെയ്ഖ് ഖലീഫക്കു കീഴില്‍ ലോക രാഷ്ട്രങ്ങള്‍ക്ക് മാതൃകയാവുകയായിരുന്നു.
ആധുനികവത്കരണത്തിന്റെ ഭാഗമായി രാജ്യത്ത് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോഴും അദ്ദേഹത്തിന്റെ മാനവിക മൂല്യങ്ങള്‍ നിറഞ്ഞ കാഴ് ചപ്പാടുകള്‍ എങ്ങും തെളിഞ്ഞു കാണപ്പെട്ടു. 2007-08 കാലയളവില്‍ നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധി ഒരു ഉദാഹരണമാണ്. സാമ്പത്തിക പ്രതിസന്ധിയിലായ ദുബായ് എമിറേറ്റ്‌സിനെ രക്ഷിക്കാന്‍ അടിയന്തരമായി ബില്യൻ കണക്കിന് ഡോളറുകള്‍ ശെയ്ഖ് ഖലീഫ ദാനം നല്‍കി. എമിറേറ്റ്സിനെ കരകയറ്റിയ പ്രസിഡന്റിനോടുള്ള ആദരവ് പ്രകടിപ്പിക്കാനാണ് ലോകത്തെ ഏറ്റവും നീളം കൂടിയ മനുഷ്യ നിര്‍മിത കെട്ടിടത്തിന് ബുര്‍ജ് ഖലീഫ എന്നു നാമകരണം നടത്താന്‍ ദുബൈ സന്നദ്ധമായത്. നേരത്തേ ബുര്‍ജ് ദുബൈ എന്ന പേരില്‍ ആരംഭിച്ച പ്രൊജക്ടായിരുന്നു ഇത്. അതിര്‍ത്തിയുടെയും സുരക്ഷയുടെയും പേരില്‍ നിരന്തരം പോരടിച്ചു കൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ ഭരണകര്‍ത്താക്കള്‍ക്കെല്ലാം ശെയ്ഖ് ഖലീഫ ബിന്‍ സായിദില്‍ മാതൃകയുണ്ട്.
ലക്ഷ്യവും മാതൃകയുമെല്ലാം പാശ്ചാത്യന്‍ രീതിയിലുള്ള ആധുനികവത്കരണമായിരുന്നെങ്കിലും യഥാര്‍ഥ വികസനം പ്രാപ്തമാകാന്‍ വിദ്യാഭ്യാസവും കലയും വാണിജ്യവും നന്നായി പ്രോത്സാഹിപ്പിക്കപ്പെടണമെന്നത് അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണമായിരുന്നു. തന്റെ രാജ്യത്തിന്റെ സര്‍വോന്മുഖ വികാസം ലക്ഷ്യമിട്ട് കലകള്‍ക്കും വിദ്യാഭ്യാസത്തിനും അദ്ദേഹം നിക്ഷേപങ്ങള്‍ ധാരാളമായി നല്‍കി. സമ്പന്നമായിരുന്ന ഇസ്‌ലാമിക കലാസംസ്‌കാരം പുനരുജ്ജീവിപ്പിക്കാനും ആധുനികതയുടെ ആസ്വാദന തലങ്ങളിലേക്ക് പരിവര്‍ത്തിപ്പിക്കാനും പരിപോഷിപ്പിക്കാനും ഇതിലൂടെ ശെയ്ഖ് ഖലീഫ ഉത്സാഹം കാണിച്ചു. മുസ്‌ലിം നാഗരികതകളുടെ കലാപൈതൃകം സംരക്ഷിക്കാനും വീണ്ടെടുക്കാനും ലക്ഷ്യമിട്ട് ഇസ്‌ലാമിക കലകള്‍ക്കായുള്ള അന്താരാഷ്ട്രദിനത്തില്‍ പ്രസിദ്ധമായ ശെയ്ഖ് സായിദ് മസ്ജിദില്‍ ഒരുക്കിയ പ്രദര്‍ശനത്തില്‍ ഇസ്‌ലാമിക നാഗരികത സംഭാവന ചെയ്ത ശാസ്ത്രവും കലയും കാലിഗ്രാഫികളും ഉള്‍ക്കൊള്ളുന്ന അപൂര്‍വശേഖരങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. അതോടൊപ്പം ശെയ്ഖ് സായിദ് മസ്ജിദിന്റെ വാസ്തുവിദ്യാ ചാരുതയും എടുത്തു പറയേണ്ടിയിരിക്കുന്നു. കലാസൃഷ്ടികളുടെ വികാസത്തിനായി ഫ്രാന്‍സുമായി ചേര്‍ന്ന് അബുദാബിയില്‍ അദ്ദേഹം സ്ഥാപിച്ച ലുറെ മ്യൂസിയത്തില്‍ ലോകത്തിന്റെ വ്യത്യസ്ത കോണുകളില്‍നിന്നുള്ള കലകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പശ്ചിമ പൗരസ്ത്യ ദേശങ്ങളിലെ കലകള്‍ തമ്മിലുള്ള അന്തരം നികത്താന്‍ ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ ഈ മ്യൂസിയത്തിന് കീഴില്‍ നടന്നുവരുന്നു. അമേരിക്കയിലെ ന്യൂയോര്‍ക് സര്‍വകലാശാല, ഫ്രാന്‍സിലെ സോര്‍ബോണ്‍ സര്‍വകലാശാല തുടങ്ങിയ മികച്ച വിദ്യാഭ്യാസ സമുച്ചയങ്ങള്‍ അബൂദാബിയില്‍ ആരംഭിക്കാന്‍ നിമിത്തമായത് അദ്ദേഹത്തിന്റെ വിശാല കാഴ് ചപ്പാടുകള്‍ കാരണമായിരുന്നു. വിഖ്യാതമായ ഇത്തിഹാദ് വിമാനക്കമ്പനിയും അദ്ദേഹമാണ് സ്ഥാപിച്ചത്. സാമ്പത്തിക സ്രോതസുകള്‍കൊണ്ട് മുഖച്ഛായ മാറ്റുന്നതോടൊപ്പം വിദ്യാഭ്യാസത്തിലൂടെയും കലയിലൂടെയും ആഴത്തില്‍ വേരോട്ടമുണ്ടാക്കി മനുഷ്യ ഹൃദയങ്ങളില്‍ ആന്തരികമായ വളര്‍ച്ചയും വികസനവും കൈവരിച്ചാലെ ശാശ്വതമായ ആധുനികവത്കരണം സാധ്യമാകൂ എന്നദ്ദേഹം മുന്‍കൂട്ടി മനസിലാക്കി. അതിനായി ലോകത്തിന്റെ പല ഭാഗത്തുനിന്നും മനുഷ്യ വിഭവങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്തു.
ശെയ്ഖ് ഖലീഫ ബിന്‍ സായിദ് ആലു നഹിയാന്റെ ഭരണകാലത്ത് ഏറ്റവും വലിയ സാമ്പത്തിക ശക്തികേന്ദ്രമായി യുഎഇ മാറി. പെട്രോളിയം വഴിയല്ലാതെ തന്നെ സാമ്പത്തിക മേഖലകളില്‍ വന്‍ മുന്നേറ്റം കൈവരിക്കാനും രാജ്യത്തിന് സാധിച്ചു. വിദേശത്തുനിന്നും വന്ന് യുഎഇയില്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തിയവരെ ഇരു കൈകളും നീട്ടി സ്വീകരിക്കാനും തന്റെ രാജ്യത്തെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ അവരെ അഭിനന്ദിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. അതുകൊണ്ടുതന്നെ ലോകത്തെ മികച്ച വ്യവസായ വാണിജ്യ സൗഹൃദ രാജ്യങ്ങളില്‍ ഒന്നായി മാറാന്‍ യുഎഇക്ക് എളുപ്പത്തില്‍ സാധിച്ചു. രാഷ്ട്രത്തലവന്മാര്‍ ആയാലും മത നേതാക്കള്‍ ആയാലും എല്ലാവരുമായും സൗഹൃദം കാത്തു സൂക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. മത വിജ്ഞാനത്തോടും പണ്ഡിതന്മാരോടും മതചിഹ്നങ്ങളോടും അങ്ങേയറ്റം ആദരവും സ്‌നേഹവും കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പ്രത്യേകിച്ച് കേരളത്തിലെ ഉലമാക്കളെ അദ്ദേഹം നന്നായി പരിഗണിച്ചു. റമളാനില്‍ സംഘടിപ്പിക്കുന്ന പ്രത്യേക സദസുകളില്‍ ഒട്ടേറെ ഉലമാക്കളെ പ്രത്യേകം ക്ഷണിച്ചു വരുത്തുകയും അവര്‍ക്ക് പ്രത്യേക വിരുന്നൊരുക്കുകയും പ്രാര്‍ഥനകള്‍ സംഘടിപ്പിക്കുകയും ചെയ്തു. 2017 വര്‍ഷത്തില്‍ നടന്ന ചടങ്ങില്‍ എനിക്കും ക്ഷണം ലഭിക്കുകയും ഞാന്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. റമളാന്‍ പ്രമാണിച്ച് ഓരോ വര്‍ഷവും ഒട്ടേറെ ജയില്‍ വാസികളെ മാപ്പു നല്‍കി സ്വതന്ത്രരാക്കി പുറത്തുവിടും. അറബ് സംസ്‌കാരത്തിന്റെ പ്രതീകമായ അതിഥികളെ അങ്ങേയറ്റം ആത്മാര്‍ഥമായി ആദരിക്കുന്ന പ്രകൃതം ശെയ്ഖ് ഖലീഫയില്‍ പ്രകടമായിരുന്നു. ലോകമെങ്ങും ഇസ്‌ലാമിക പ്രബോധനത്തില്‍ ജീവിതം ഹോമിച്ചവരെ പ്രത്യേകം വിളിച്ച് നേരിട്ട് ആദരിക്കാന്‍ അദ്ദേഹം കാണിച്ച ആവേശം വിസ്മരിക്കാന്‍ കഴിയില്ല. അവരിലൂടെ വ്യത്യസ്ത നാടുകളില്‍ സാധ്യമാകുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടാനും സാധിച്ചിട്ടുണ്ട്. ശെയ്ഖ് ഖലീഫ ബിന്‍ സായിദ് ആലു നഹിയാന്‍ ഫൗണ്ടേഷന്‍ എന്ന സംഘടന വഴി ഇന്ന് 87 രാജ്യങ്ങളില്‍ വിവിധസാമൂഹിക സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.
2018ല്‍ ലോകത്തെ ഏറ്റവും പ്രബലരായ വ്യക്തികളുടെ കൂട്ടത്തില്‍ ഫോബ്‌സ് മാസിക ശെയ്ഖ് ഖലീഫയെ ഉള്‍പ്പെടുത്തിയിരുന്നു. ഭരണ കാര്യങ്ങളുടെ ഗൗരവങ്ങള്‍ക്കിടയിലും വിനോദ കാര്യങ്ങള്‍ക്കും സമയം കണ്ടെത്തിയ അദ്ദേഹം നല്ല കായിക പ്രേമി കൂടിയായിരുന്നു. 2014ലാണ് പക്ഷാഘാതം വന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാവുകയും കിടപ്പിലാവുകയും ചെയ്തത്. പിന്നീടങ്ങോട്ട് ഭരണച്ചുമതലകള്‍ നേരിട്ട് നോക്കാന്‍ അബുദാബി ഭരണകര്‍ത്താവും സഹോദരനുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനെ ഏല്‍പിക്കുകയും ചെയ്തു. അദ്ദേഹമാണ് ഇപ്പോഴത്തെ യുഎഇയുടെ പുതിയ പ്രസിഡണ്ട്. അറബ് ഐക്യനാടുകളുടെ യശസ്സുയര്‍ത്തിയ നഹിയാന്‍ കുടുംബത്തിന്റെ മഹിമയും മാനവിക മൂല്യങ്ങളും പിതാവിനെയും സഹോദരനെയും പോലെ കാത്തു സൂക്ഷിക്കാനും ഇനിയും തന്റെ രാജ്യത്തെ അഭിവൃദ്ധിയിലേക്ക് ഉയര്‍ത്താനും പുതിയ പ്രസിഡന്റിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം വിടവാങ്ങിയ മുന്‍ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് ആലു നഹിയാന്‍ എന്നവരുടെ പരലോക ഗുണത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു ■

Share this article

About ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി

mahazhari@gmail.com

View all posts by ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി →

Leave a Reply

Your email address will not be published. Required fields are marked *