ബുര്‍ദ, ബൂസ്വൂരിയുടെ നെഗറ്റീവ് കെയ്പബിലിറ്റി

Reading Time: 3 minutes

ബുര്‍ദ വിശ്വാസിയുടെ ഹൃദയാനന്ദമാണ്. സാഹിതീയതലത്തില്‍ ഉന്നത സ്ഥാനവും ആത്മീയ വഴിയിലെ ഉദാത്ത ദര്‍ശനവുമാണത്. ഹൃദയത്തിലങ്കുരിച്ച അനുരാഗത്തിന്റെ അനുരണനങ്ങളായത് കൊണ്ട് തന്നെ ബുര്‍ദ അതിരുകള്‍ക്കതീതമായി പരന്നൊഴുകി. ബൂസ്വൂരിയന്‍ കാവ്യസ്ഫുരണങ്ങളെ ലോകം ആവോളം ആസ്വദിച്ചു. ഒത്തിരി പേരാണ് ആ പ്രണയസാഗരത്തില്‍ നിര്‍വൃതി പൂണ്ടത്.
പ്രാരംഭം മുതല്‍ പര്യവസാനം വരെയുള്ള 160 വരികളിലും തിരുനബിയിലേക്ക് അലിഞ്ഞു ചേരുകയാണ് കവി. മുത്ത്‌നബിയുടെ മഹത്വവും ഉല്‍കൃഷ്ടതയും എന്തുമാത്രം ഹൃദയഹാരിയാണ്. രൂപാലങ്കാരങ്ങളും വര്‍ണനകളും ബുര്‍ദയില്‍ അതിവായനയല്ല. പ്രത്യുത, യാഥാര്‍ഥ്യത്തിന് മുമ്പില്‍ തോല്‍വി സമ്മതിക്കുകയാണ് കവി.
ഷേക്‌സ്പിയറുടെ മാക്ബത്തില്‍ ലേഡി മാക്ബത്ത് ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന രംഗം അവതരിപ്പിക്കുന്നുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഇതിനെ സബ്ജക്ടീവ് കോറിലേഷന്‍ എന്നു വിളിക്കുന്നു. ഏതെങ്കിലുമൊരു പ്രത്യേക വികാരത്തെ സൂചിപ്പിക്കുന്ന ഒരു കൂട്ടം വസ്തുക്കള്‍, ഒരു സന്ദര്‍ഭം, സംഭവങ്ങളുടെ ശൃംഖല എന്നിവ അവതരിപ്പിക്കുന്നതാണ് ഈ കാവ്യരീതി.
ബുര്‍ദയില്‍ പത്ത് ഭാഗങ്ങളില്‍ ആദ്യ ഭാഗം ഈയൊരു തലത്തില്‍ വായിക്കാനാകും. കരഞ്ഞു കരഞ്ഞ് കണ്ണീരു വറ്റി രക്തം കരഞ്ഞു തീര്‍ക്കുന്ന അനുരാഗിക്ക് തന്റെ സ്‌നേഹപാത്രത്തിന്റെ പേര് പറയാന്‍ സാധിക്കുന്നില്ല. സ്‌നേഹ ലോകത്ത് പരസ്പരം പേര് വിളിക്കാന്‍ മടിക്കുക സ്വാഭാവികമാണല്ലോ. അതു കൊണ്ട് തന്നെ പ്രകൃതിയോടും മലഞ്ചെരുവിനോടും സ്‌നേഹസംഭാഷണം നടത്തും. ഇംറുല്‍ ഖൈസ് മാന്‍പേടയോട് തന്റെ പ്രേമഭാജനത്തിന്റെ സുവിശേഷവര്‍ത്തമാനങ്ങള്‍ പറയുന്നത് കാണാം.
ഇമാം ബൂസൂരി “കാളിമ’യിലെ കാറ്റിനോടും “ദൂസലമി’ലെ അയല്‍വാസികളോടും ചോദിക്കുന്നത് ഇത്തരമൊരു സ്‌നേഹബോധത്തിന് പുറത്താണ്. ഈയൊരു ഭാഗത്ത് തന്നെ സ്‌നേഹത്തിന്റെ അനന്തവിഹായസിലേക്ക് കവി എത്തിയിരിക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരൊറ്റ വ്യക്തി തന്നോട് തന്നെ കവിത ചൊല്ലുന്ന ശൈലി (ഡ്രമാറ്റിക് മോണോലോഗ്) വ്യക്തമാണ് ബൂസ്വൂരിയുടെ വരികളില്‍.
“അതേ ശരി സമ്മതിച്ചു നിന്റെ വാദമത്
സ്വപ്‌നത്തിലെന്റെ സഖീ ദര്‍ശിച്ചുവെന്ന അത്
നിദ്രപ്പുതപ്പിനെ
ഊരിക്കൊണ്ട് പോയി ശരി
പ്രേമം രസത്തില്‍
ചിലപ്പോള്‍ നൊമ്പരം ചൊരിയും’.
ആദ്യ വരിയായ “ആമിന്‍ തദക്കുരിജീറാനിൻ’യില്‍ തുടങ്ങുന്ന അനുരാഗത്തിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി കവി തന്നെ കണ്ടെത്തുയാണ് “നഅം സറാ’യിലൂടെ. രണ്ടാമതൊരു വ്യക്തിയുടെ സാന്നിധ്യമെന്ന് കവിഭാഷയില്‍ കാണാം. സ്‌നേഹത്തിന്റെ പാരമ്യതയിലാണ് ഈ അടിയൊഴുക്കുകളുണ്ടാകുന്നത്.
രാജാവ് രണ്ടാളുകളോട് വൃത്തിഹീനമായ ചുമരില്‍ മനോഹരമായ ചിത്രം വരക്കാന്‍ പറഞ്ഞു. ഒന്നാമന്‍ ഭംഗിയുള്ള ചിത്രം വരച്ചു. അദ്ദേഹത്തിന്റെ ചിത്രം ചുമരിലെ വൃത്തികേടിനെ മറച്ചുവെച്ചു. രണ്ടാമത്തെയാള്‍ മറുവശത്തുള്ള ചുമര് ഉരച്ച് ഉരച്ച് കണ്ണാടി പോലെയാക്കി. മറുവശത്തെ ചുമരിലെ ഒന്നാമത്തെയാളുടെ ചിത്രം കണ്ണാടിയില്‍ പ്രതിഫലിച്ചു. കണ്ണാടിയിലെ ചിത്രം അതിസുന്ദരമായി തോന്നിയ രാജാവ് അദ്ദേഹത്തിന് നിറയെ പാരിതോഷികങ്ങള്‍ നല്‍കി.
ഈ ചൈനീസ് പഴങ്കഥ എങ്ങനെ നമ്മുടെ ലക്ഷ്യവും മാർഗവും മനോഹരവും ആസ്വാദ്യകരവുമാക്കാന്‍ സാധിക്കുമെന്ന വലിയ പൊരുള്‍ നല്‍കുന്നുണ്ട്. മുത്ത്‌നബിയിലേക്കുള്ള സ്‌നേഹ സഞ്ചാരത്തിന്റെ ചിട്ടയും കര്‍മവുമാണ് ഇമാം ബൂസ്വൂരി(റ) ബുര്‍ദയുടെ രണ്ടാം ഭാഗത്തില്‍ വിശദീകരിക്കുന്നത്. അകം കഴുകിയവനേ ആ യാത്ര പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. സ്‌നേഹ ലോകത്ത് തന്റെ ഇഷ്ടത്തെക്കാള്‍ പ്രേയസിയുടെ ഇഷ്ടത്തിനാണല്ലോ പ്രാധാന്യം. സ്‌നേഹവായ് പുകള്‍ക്ക് ചിറകു മുളക്കുമ്പോള്‍ ഹൃദയക്കറകള്‍ അപ്രത്യക്ഷമാകും. ശരീരേഛയെ വെടിയുകയും ഹൃദയം ശുദ്ധമാക്കുകയും ചെയ്യാനുള്ള വഴിയടയാളമാണ് ബുര്‍ദയിലെ രണ്ടാമധ്യായം. കേവലമായ ദൈനം ദിന ആരാധനകളല്ല, മുത്ത് നബിയോടുള്ള ഹുബ്ബാണ് വിജയനിദാനം. വിശ്വാസി ആർജിക്കേണ്ടതും ആസ്വാദിക്കേണ്ടതും ആ സ്‌നേഹ ലോകത്തെയാണ്. ആ ബോധമാണ് കവിയെ നയിക്കുന്നത്.
ഇസ്‌ലാമിക സൂഫി ദര്‍ശനങ്ങളെ പ്രതിപാദിക്കുന്ന ഈ ഭാഗം നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ക്ക് വഴിയൊരുക്കി. കൈറോയിലെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ സമര്‍പ്പിക്കപ്പെട്ട “ദ ബുര്‍ദ; ഇറ്റ്‌സ് സൂഫി കമന്ററീസ്’ എന്ന പഠനം ഇവയില്‍ ഒന്നു മാത്രം.
തെറ്റ് കൊണ്ട് നര ബാധിച്ച്, അതിനെ ഒരു വെളിപാടുകാരനായി കവി പരിചയപ്പെടുത്തുന്നുണ്ട്. പ്രവാചക സാമീപ്യത്തിന്റെ രീതിശാസ്ത്രമിവിടെ തെളിഞ്ഞ് കാണുന്നുണ്ട്.
ഇംഗ്ലീഷ് സാഹിത്യത്തില്‍ നെഗറ്റീവ് കേയ് പബിലിറ്റി എന്ന ഒരു സംജ്ഞയുണ്ട്. ഒരെഴുത്തുകാരന്‍ തന്നെക്കാള്‍ കൂടുതലായി മറ്റൊന്നിനോട് പ്രകടിപ്പിക്കുന്ന പ്രത്യേക താല്പര്യത്തെ എഴുത്തുകാരന്റെ നെഗറ്റീവ് കെയ് പബിലിറ്റി എന്ന് പറയുന്നു. സ്വയം ശൂന്യമാകുന്നതിനുള്ള കഴിവ്. സ്വന്തം വ്യക്തിത്വം, സ്വന്തം കഴിവുകള്‍, സ്വന്തം നേട്ടങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിച്ച് പ്രശംസ പിടിച്ച് പറ്റാനുള്ള ഒരു വ്യഗ്രതയും അത്തരം കവികളില്‍ കാണില്ല.എന്നല്ല, താന്‍ ഒന്നിനും കൊള്ളാത്തവനാണെന്ന ഭാവം മികച്ചു നില്‍ക്കും.
ബുര്‍ദയിലെ മൂന്നാമത്തെ ഫസ്‌ലിലെ “ഇരുളറ്റ രാത്രി നമസ്‌കാരത്തിനാലിരുകാല്‍ നീര്‍ കെട്ടി വീര്‍ത്ത നബിസുന്നത്ത് ദ്രോഹിത് ഞാന്‍’ എന്ന വരിയില്‍ ഇതു കാണാം. നീരു കെട്ടിയ കാലുമായി നിന്ന് നിസ്‌കരിക്കുന്ന മുത്ത് നബി(സ്വ) എന്തുമാത്രം ത്യാഗം സഹിച്ചു. എന്നിട്ടും ഞാന്‍ തിരുചര്യകളോട് അക്രമം കാണിച്ചല്ലോ എന്നു പറയുന്ന കവിയുടെ വാക്കുകളില്‍ മഹത്തായ ഒരു വിധേയപ്പെടലും അനുരാഗവുവും വിനയവും എഴുന്ന് നില്‍ക്കുന്നു.
നബി പ്രകീര്‍ത്തനങ്ങളുടെ പൊതു സ്വഭാവമായ “ശിപാര്‍ശ’ ബുര്‍ദയുടെ മൂന്നാം ഫസ്‌ലില്‍ നമുക്ക് കാണാനാകും. പ്രേയസിയുടെ സ്വഭാവ മഹിമയും വ്യക്തി പ്രഭാവവും അപദാനങ്ങള്‍ക്കുമപ്പുറമാണ്. തന്റെ സ്‌നേഹപാത്രത്തെ പാടിപ്പാടി കവിയുടെ വാക്ക് മുറിയുന്നു.
“മനുഷ്യനും
സൃഷ്ടിയില്‍ വെച്ചേറ്റമുത്തമനും’ ഇനി എങ്ങനെ തുടരണം. അനന്തമായ മാഹാത്മ്യങ്ങള്‍ക്ക് മുമ്പില്‍ ഇമാം ശറഫുദ്ദീന്‍ അബീ അബ്ദില്ലാഹി മുഹമ്മദ് അല്‍ ബൂസ്വൂരിയുടെ പോയ കാലത്തെ കൊട്ടാരകാവ്യ വിലാസങ്ങളെല്ലാം പരാജപ്പെട്ടപ്പോള്‍ മുത്ത് നബി(സ്വ) പാടി കൊടുക്കുകയാണ്. “അത് മാത്രമാണറിവിന്റാകത്തുക നബിയില്‍’

എന്തൊരു മനോഹാരിത
“ലോകൈക ഗുരുവിനെ എങ്ങനെ പാടി തീര്‍ക്കാനാകും. വരികളിലൊതുങ്ങുമോ എന്റെ മുത്ത് നബി(സ്വ)’. ക്ലിയോപാട്രയെക്കുറിച്ച് ഷേക്‌സ്പിയര്‍ പറഞ്ഞതാണോർമ വരുന്നത്.

“Age cannot wither her Nor custom stale her infinite variety’
“കാലത്തിന് അവളെ പൊഴിക്കാന്‍ കഴിയില്ല.
അവളുടെ അനന്തമായ വൈവിധ്യത്തിന്റെ ശോഭയെ ഒരു ശീലത്തിനും കെടുത്താനാവില്ല.’
അവർണനീയമായ അമാനുഷികതയില്‍ ലയിച്ചിരിക്കുകയാണ് ഇമാം ബൂസ്വൂരി. മരം മുത്ത് നബിയിലേക്ക് വരുന്നത്, സന്തത സഹചാരിയായ സിദ്ദീഖ്(റ) മുത്ത് നബിയോടൊപ്പം ഗാര്‍ സൗറില്‍ കഴിഞ്ഞ് കൂടിയത്, ഏറ്റവും വലിയ മുഅ്ജിസത്തായ ഖുര്‍ആന്‍, ഇസ്‌റാഅ് മിഅ്റാജ്.. എല്ലാം മനോഹരമായി അവതരിപ്പിക്കുന്നുണ്ട് മൂന്ന് ഫസ്‌ലുകളിലായി.
സ്‌നേഹ ലോകത്ത് നിന്ന് ഇമാം ബൂസ്വൂരി പാടുമ്പോള്‍ കാലാതിവര്‍ത്തിയായ ഖുര്‍ആനിന്റെ അമാനുഷികതക്ക് സവിശേഷമായൊരാനന്ദമാണ്. പതിവു ശൈലിയില്‍ നിന്ന് മാറി മുത്ത് നബി(സ്വ)യോടുള്ള നേരിട്ടുള്ള സംബോധനയായിട്ടാണ് ഇസ്‌റാഅ് മിഅ്റാജ് പാടുന്നത്.
“നിശാ പ്രയാണം നടത്തിയങ്ങു ഹറമുമുതല്‍
ബൈത്തുല്‍മുഖദ്ദിസ് കൊള്ളെ പൂര്‍ണ ചന്ദ്രിക പോല്‍
ആരോഹണം ചെയ്തുവങ്ങു
പിന്നെ വാനമുകള്‍
അപ്രാപ്യമാം ഖാബ
ഖൗസൈനിയിലെത്തുകയാണ്’
എന്തൊരു ആസ്വാദകമാണത്. അവിടുത്തെ ഔന്നത്യം എന്തുമാത്രം ഉന്നതം.
ബുര്‍ദയിലെ ഏട്ടാമത്തെ ഫസ്‌ലില്‍ ഒരു വരി കാണാം.
“ഖത്വ് മരക്കന്തമാം
പേന മുഖേനയവര്‍
പുള്ളിയിടാതെ
ഒഴിച്ചില്ലൊരു ജഡക്ഷരവും’
ഇതിലെ “സുംറില്‍ ഖത്വ്’ എന്നത് ഇന്ത്യന്‍ നിർമിത കുന്തമാണെന്ന് അല്ലാമാ ബാജൂരി രേഖപ്പെടുത്തിയിട്ടുണ്ട്. കഅബ് ബ്‌നു സുഹൈര്‍ (റ)ന്റെ ബാനതുസ്സുആദയിലും ഇന്ത്യന്‍ നിർമിത വാളിനെ പരാമര്‍ശിച്ചിട്ടുണ്ട്.
“ഇന്നർറസൂല ല നൂറുന്‍ യുസ്തളാഉ ബിഹി
മുഹന്നദുന്‍ മിന്‍ സുയൂഫില്ലാഹി മസ്‌ലൂലു.’
പ്രവാചക ജീവിതത്തിന്റെ ഓരോ നിമിഷവും വിശ്വാസിയുടെ ജീവിത ദര്‍ശനമാണ്. അവിടുത്തെ ധീരത വിശ്വാസികള്‍ക്ക് ആവേശവും ഊർജവുമാണ്. നബിയുടെയും സ്വഹാബത്തിന്റെയും ധീരമായ പോരാട്ടങ്ങള്‍ ഇമാം ബൂസ്വൂരി വശ്യമായി ആവിഷ്‌കരിച്ചിട്ടുണ്ട്.ഇത്തരം വീരഗാഥകളെ പാടിപുകഴ് ത്തുന്നതിനെ എപിക് പോയട്രി എന്ന് വിളിക്കുന്നു.
സാഹിതീയ തലത്തെക്കാള്‍ ഹൃദയാവിഷ്‌കാരങ്ങളാണ് വിശ്വാസിക്ക് ബുര്‍ദ. വിജയത്തിന്റെ നിദാനം മുത്ത് നബിയാണല്ലോ. അവസാനത്തെ രണ്ട് ഫസ്‌ലുകളില്‍ കവി പുണ്യ നബിയോട് കൂടുതല്‍ അടുത്ത് സംസാരിക്കുകയാണ്. ഇടതേട്ടവും നേരിട്ടുള്ള സംബോധനയുമാണവ രണ്ടും. ഹൃദയത്തിന് ആന്ധ്യം ബാധിച്ച പുത്തന്‍വാദികള്‍ക്ക് ആ മധു നുകരാന്‍ സാധിക്കില്ല. വിശ്വാസിക്ക് സർവസ്വവും മുത്ത് നബിയാണല്ലോ. അവിടുത്തെ പ്രകീര്‍ത്തനം എത്രമേല്‍ മനോഹരം മഹത്തരം.
“നബികീര്‍ത്തനത്തില്‍ ഞാന്‍ ചിന്തതളച്ച മുതല്‍
നബിയെന്റെ മോചകനായ് ഞാന്‍ കണ്ടുസർവതിലും’
എല്ലാവര്‍ക്കും പ്രതീക്ഷ അവിടുത്തോടുള്ള സ്‌നേഹ പ്രകീര്‍ത്തനമാണ്. ജഡവത്കരിച്ച ജീവിതം എന്തിന് കൊള്ളും.
ബുര്‍ദയില്‍ ഇന്റണ്‍ഷനല്‍ ഫാലസിക്ക് (കവിയുടെ ഉദ്ദേശ്യം നിറവേറ്റിയിട്ടുണ്ടോ എന്ന പരിശോധന) പ്രസക്തിയേ ഇല്ല. അനുവാചകര്‍ക്ക് പോലും ബുര്‍ദ ശമനവും അവാച്യമായ ശക്തിയുമാണല്ലോ. ലോകം അത് ആവോളം ആസ്വദിച്ചറിയുന്നുണ്ട്. കേരളത്തിന്റെ സർവദിക്കിലും ബുര്‍ദയുടെ മധുരം അറിഞ്ഞത് ആശിഖു റസൂല്‍ കുണ്ടൂര്‍ ഉസ്താദിലൂടെയാണ്. ഒട്ടുവളരെ സവിശേഷതകള്‍ നിറഞ്ഞ ബുര്‍ദ എങ്ങനെ പറഞ്ഞ് തീര്‍ക്കും.
ഏറ്റവും കൂടുതല്‍ വ്യാഖ്യാനങ്ങള്‍ രചിക്കപ്പെട്ട, വിവര്‍ത്തനം ചെയ്യപ്പെട്ട, തസ്ബീ തഹ്ശീര്‍, തഖ്മീസ് തുടങ്ങി അനുബന്ധകൃതികള്‍ രചിക്കപ്പെട്ട പ്രകീര്‍ത്തന കാവ്യം എന്ന ഖ്യാതി ബുര്‍ദക്ക് സ്വന്തം. തൊണ്ണൂറിലേറെ തഖ്മീസുകളും മുന്നൂറിലേറെ വ്യാഖ്യാനങ്ങളുമുണ്ടെന്ന് ഡോ. ഫിലിപ് “ദ ഹിസ്റ്ററി ഓഫ് അറബി’യില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രകീര്‍ത്തന കാവ്യവും ഇത്രയധികം ജനകീയമായിട്ടില്ലെന്ന് “ദ ന്യൂ എന്‍സൈക്ലോപീഡിയ ഓഫ് ഇസ്‌ലാം’ വ്യക്തമാക്കുന്നു. എന്നല്ല, കേരളത്തിലെ ആദ്യ അറബി കവിത തന്നെ ബുര്‍ദയുടെ തഖ്മീസാണ്, അബൂബക്കര്‍ ബ്‌നു റമളാനിശ്ശാലിയാത്തിയുടെ “അല്‍ വര്‍ദത്തുദക്കിയ്യ; ഫീ തഖ്മീസി ഖസ്വീദത്തില്‍ ബുര്‍ദ’.
ഹൃദയം പൊട്ടിയൊഴുകിയ സംവേദനങ്ങളായത് കൊണ്ട് തന്നെ വിവേകമുള്ളവര്‍ക്ക് അമൃതാണത്. വിശദീകരിക്കാന്‍ വാക്കുകളില്ല. സ്‌നേഹസംഭാഷണത്തിന് മുന്നില്‍ ഞാന്‍ പരാജയപ്പെട്ടു. ശെയ്ഖ് ജലാലുദ്ദീന്‍ റൂമിയുടെ വാക്കുകള്‍ എത്ര പ്രസക്തം.
“നിന്റെ ഭാഷണം മുഴുവന്‍
വില കുറഞ്ഞത്
സ്‌നേഹഭാജനത്തിന്റെ ഒരു മന്ത്രം
താരതമ്യം ചെയ്യുമ്പോള്‍’ ■

Share this article

About കെ എ റഹീം പതിനാറുങ്ങല്‍

karaheem27@gmail.com

View all posts by കെ എ റഹീം പതിനാറുങ്ങല്‍ →

Leave a Reply

Your email address will not be published. Required fields are marked *