രണ്ടു പെണ്‍വീറുകള്‍

Reading Time: 3 minutes

ഒടുവില്‍ സുപ്രീം കോടതിയുടെ ഉദാരമായ കനിവില്‍ പേരറിവാളന് ജയില്‍മോചനം. രാജീവ്ഗാന്ധി വധവുമായി ബന്ധമുണ്ടെന്നാരോപിച്ച് 1991 ജൂണ്‍ 11ന് പിടിച്ചകത്തിട്ടതാണ് ഭരണകൂടം; പത്തൊമ്പതാം വയസില്‍. ഇപ്പോള്‍, ജയിലിനു പുറത്തെ ജീവിതത്തിലേക്ക് സ്വതന്ത്രമാക്കപ്പെടുമ്പോള്‍ പേരറിവാളന് പ്രായം അമ്പത് വയസ്. ചോദ്യം ചെയ്ത ശേഷം അടുത്ത ദിവസം വിട്ടേക്കാമെന്നുപറഞ്ഞു കൊണ്ടുപോയതാണ് ആ ചെറുപ്പക്കാരനെ. അതിക്രൂരമായ മർദനമുറകളിലൂടെ കടന്നുപോയിട്ടുണ്ട് പേരറിവാളന്‍. രാജീവ് ഗാന്ധിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബോംബിലേക്കുള്ള ബാറ്ററി വാങ്ങിനല്‍കിയത് പേരറിവാളന്‍ ആണെന്നായിരുന്നു കുറ്റപത്രം. ഏതൊരാള്‍ക്കും ഏത് കടയില്‍ നിന്നും വാങ്ങിക്കാവുന്ന ബാറ്ററിയാണത്. ടാഡ ചുമത്തിയാണ് കേസെടുത്തത്. കസ്റ്റഡിയില്‍ കൊടിയ മർദനങ്ങളാണ് പേരറിവാളന്‍ ഏറ്റുവാങ്ങിയത്. അങ്ങനെയാണ് കുറ്റം സമ്മതി(പ്പി)ക്കുന്നത്. 1998ല്‍ വിചാരണക്കോടതി 26 പേര്‍ക്ക് വധശിക്ഷക്ക് വിധിച്ചു. വിധിക്കെതിരായ അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി 19 പേരെ വെറുതെവിട്ടു. മൂന്നുപേരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു.മൂന്നുപേരുടെ വധശിക്ഷ ശരിവെച്ചു.അതിലൊരാള്‍ പേരറിവാളനായിരുന്നു. ശേഷം രാഷ്ട്രപതിക്ക് ദയാഹരജി, അതു പരിഗണിക്കുന്നതിലുണ്ടായ കാലതാമസം, സുപ്രീം കോടതിയുടെ പിന്നെയുമുള്ള ഇടപെടല്‍, തമിഴ്‌നാട് സര്‍ക്കാരിന്റെ ശിപാര്‍ശ തുടങ്ങി പല ഘട്ടങ്ങള്‍ കടന്നാണ് പേരറിവാളന്‍ അമ്പതാം വയസില്‍ സ്വാതന്ത്ര്യം നേടുന്നത്. മകന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തണമെന്നറിയിച്ച് ജയിലധികൃതര്‍ അയച്ച കത്ത് അമ്മ അര്‍പ്പുത അമ്മാള്‍ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ടാകണം! കൊലമരച്ചുവട്ടില്‍ നിന്ന് ജീവിതത്തിലേക്ക് മകനെ തിരികെ കൊണ്ടുവരാന്‍ ആ അമ്മ നടത്തിയ വിശ്രമമില്ലാത്ത പോരാട്ടത്തിന് കൂടിയാണ് ഇതോടെ അറുതിയാകുന്നത്. അത് വെറുമൊരു നിയമയുദ്ധം മാത്രമായിരുന്നില്ല. തനിക്ക് പരിചിതമല്ലാത്ത വഴികളിലൂടെ നിര്‍ത്താതെ, നില്പുറക്കാതെ ഓടുകയായിരുന്നു അവര്‍. കൈലേസു കൊണ്ട് കണ്ണീര് തുടക്കാന്‍ പോലും ഇടവേളയെടുക്കാനാകാത്ത ഓട്ടം. ഓരോ തവണ റിവ്യൂ പെറ്റീഷന്‍ തള്ളപ്പെടുമ്പോഴും അവര്‍ പ്രതീക്ഷ കൈവിട്ടില്ല. “അടഞ്ഞ വാതിലുകള്‍ക്കു മുമ്പില്‍’ അവര്‍ വീണ്ടും വീണ്ടും മുട്ടിക്കൊണ്ടിരുന്നു. ഒരഭിമുഖത്തില്‍ അവര്‍ പറഞ്ഞതിങ്ങനെ: “എന്റെ മകനെ പുറത്തുകൊണ്ടുവരിക എന്നതൊഴിച്ച് ഒരു ചിന്തയും ഉണ്ടായിരുന്നില്ല മനസില്‍. എന്റെ വീട്, എന്റെ ഗ്രാമം, അവിടത്തെ ആള്‍ക്കാര്‍, അതിനപ്പുറം ഈ ലോകത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. പുറത്തുപോകണമെങ്കില്‍ ഭര്‍ത്താവാണ് എന്നെ കൊണ്ടുപോവുക. ആ ഞാനാണ് ഇങ്ങനെ മാറിപ്പോയതെന്ന് എനിക്കുതന്നെ വിശ്വാസം വരുന്നില്ല. ഈ സംഭവത്തിനുശേഷം എല്ലായിടത്തും ഞാന്‍ ഒറ്റക്ക് പോകുന്നു. അറിയാത്ത വഴി ചോദിച്ച് മനസിലാക്കി, പരിചയമില്ലാത്ത ആള്‍ക്കാരെ അന്വേഷിച്ച്, രാത്രി അസമയങ്ങളിലാണ് പലപ്പോഴും വീട്ടിലെത്തുക’.
കുറച്ചു കാര്യങ്ങള്‍ ചോദിച്ചറിയാന്‍ മാത്രമാണെന്ന് വിശ്വസിപ്പിച്ചാണ് പേരറിവാളനെ സിബിഐ കൊണ്ടുപോകുന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് പേരറിവാളന്‍ സിബിഐ ഓഫീസില്‍ എത്തിയത്. മകനെ ഉടനെ തിരിച്ചുവിടുമെന്ന വാക്ക് സത്യമായിരിക്കുമെന്ന് ആ അച്ഛനും അമ്മയും വിശ്വസിച്ചു. ആ പ്രതീക്ഷ നീണ്ടുനീണ്ടു പോയി. ആഴ്ചകള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍, പതിറ്റാണ്ടുകള്‍. നീതി മാത്രം അകന്നുനിന്നു. “അറിവിനെ ചോദ്യം ചെയ്യാനായി കൊണ്ടുപോയ നാള്‍ മുതല്‍ ഞാന്‍ അവനുവേണ്ടിയുള്ള സമരത്തിലാണ്. ഓരോ വിധിയും എന്നെ സംബന്ധിച്ചിടത്തോളം ഓരോ വധശിക്ഷതന്നെയായിരുന്നു. ഇപ്പോഴും മരിച്ചുകൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്’ എന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ അനുശ്രീയുമായി സംസാരിക്കുമ്പോള്‍ പറയുന്നുണ്ട് (അര്‍പ്പുത അമ്മാളുമായി സംസാരിച്ച് “അടഞ്ഞ വാതിലുകള്‍ക്കു മുമ്പില്‍’ എന്ന പുസ്തകം തയാറാക്കിയത് അനുശ്രീ ആണ്). രാഷ്ട്രീയവും നിയമവും സമം ചേര്‍ന്ന കേസായിരുന്നല്ലോ രാജീവ്ഗാന്ധിയുടെ കൊലപാതകം. രാഷ്ട്രീയത്തിലെ ചതിക്കുഴികളും നിയമത്തിലെ നൂലാമാലകളും വശമുണ്ടായിരുന്നില്ല അര്‍പ്പുത അമ്മാള്‍ക്ക്. ആദ്യകാലങ്ങളില്‍ അവര്‍ക്കൊപ്പം നിൽക്കാന്‍ ഏറെപ്പേരുണ്ടായിരുന്നില്ല. പതിയെപ്പതിയെ തമിഴകം അവരുടെ ശബ്ദംകേട്ടു. അവര്‍ പോരാട്ടത്തിന്റെ ഉപ്പും വിയര്‍പ്പുമായി. തെരുവുകള്‍ അവരുടേത് കൂടിയായി. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെ പോലുള്ള അനേകം പേര്‍ അവര്‍ക്കൊപ്പം നിന്നു. അവരുടെ കണ്ണീര്‍ തമിഴ്‌നാട്ടിലെ മുഴുവന്‍ അമ്മമാരുടേതുമായി.അവരുടെ മകന്‍ ഓരോ തമിഴന്റേയും മകനായി. ഒറ്റക്കൊരു സ്ത്രീ, രാവെന്നോ പകലെന്നോ ഭേദമില്ലാതെ, വെയിലെന്നോ മഴയെന്നോ ശ്രദ്ധിക്കാതെ “മകന്‍’ എന്ന ഒരേയൊരു ലക്ഷ്യത്തിലേക്ക് ആഞ്ഞുതുഴഞ്ഞതിന്റെ ഫലശ്രുതിയാണ് പേരറിവാളന്റെ മോചനം. നീതിയുടെ വെളിച്ചം കെട്ടുപോകുമെന്നു ഭയന്ന സന്ദര്‍ഭങ്ങളിലെല്ലാം അവര്‍ കൂടുതല്‍ കരുത്തയായി. രാഷ്ട്രീയവും സാമൂഹികവുമായ എല്ലാ ബന്ധങ്ങളെയും അവര്‍ അന്നേരം മകനിലേക്ക് തിരിച്ചുവിട്ടു. രാജീവ്ഗാന്ധിയുടെ വധത്തെ കുറിച്ച് പേരറിവാളന് അറിവുണ്ടായിരുന്നോ എന്നത് ഇപ്പോഴും ദുരൂഹമാണ്. അറിവിന് എല്‍ടിടിഇയുമായുള്ള ബന്ധത്തിലും ഇനിയും വ്യക്തത വരാനുണ്ട്. അപ്പോഴും ആ അമ്മയുടെ വെന്തപാദങ്ങള്‍ ചരിത്രത്തില്‍ എന്നും എഴുന്നുനില്‍ക്കും. കാരണം അവര്‍ ഓടിയത് മകന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ വേണ്ടി മാത്രമല്ല, നിസഹായരായ മനുഷ്യരെ വെയിലത്ത് നിര്‍ത്തുന്ന നിയമവ്യവസ്ഥക്കെതിരെ കൂടിയാണ്. അതുകൊണ്ടുതന്നെ ആ പോരാട്ടത്തെ അഭിവാദ്യം ചെയ്യാതെ ഇന്ത്യയിലെ മനുഷ്യാവകാശപ്രസ്ഥാനങ്ങള്‍ക്ക് ഇനി മുന്നോട്ടുപോകാനാകില്ല.
◆ ◆ ◆

“എനിക്ക് സത്യമുണ്ട്/ ശക്തിയില്ല./ നിങ്ങള്‍ക്ക് ശക്തിയുണ്ട്/ സത്യമില്ല./ നിങ്ങള്‍ക്കെന്നെ ജീവനോടെ കുഴിച്ചുമൂടാം./ ഞാന്‍ പൊരുതും./ സന്ധിയുടെ പ്രശ്‌നമേയില്ല/ യുദ്ധം തുടങ്ങട്ടെ’.
ഇതെഴുതിയത് ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. ധരിച്ച യൂനിഫോമിനോട് നീതിപുലര്‍ത്തണമെന്ന കാര്‍ക്കശ്യമുണ്ടായിരുന്നു. നീതിക്ക് നിരക്കാത്തതൊന്നും ചെയ്തുകൂടെന്ന ബോധ്യത്തോടെയാണ് പ്രവര്‍ത്തിച്ചത്. സത്യത്തോടായിരുന്നു അദ്ദേഹത്തിന്റെ ആഭിമുഖ്യം. ഭരണഘടനയായിരുന്നു പ്രമാണം. പറഞ്ഞിട്ടെന്താണ്? അദ്ദേഹമിപ്പോള്‍ ജയിലിലാണ്. കാരണം, അദ്ദേഹമൊരു മോദി വിമര്‍ശകനാണ്. ഗുജറാത്ത് വംശഹത്യ എങ്ങനെ സംഭവിച്ചു എന്നതിന്റെ സത്യവാങ്മൂലങ്ങളിലൊന്ന് ഈ മനുഷ്യന്റേതാണ്. ആളുടെ പേര് സഞ്ജീവ് ഭട്ട്. 2002ല്‍ ഗുജറാത്തില്‍ നടന്ന മുസ്‌ലിംവിരുദ്ധ വംശഹത്യ അന്ന് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോദിയുടെ അറിവോടെയാണ് എന്ന് അന്വേഷണക്കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയതാണ് അദ്ദേഹത്തിന്റെ “വിധി’ നിര്‍ണയിച്ചത്.
1990ല്‍ നടന്ന ഒരു കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടാണ് 2018 സെപ്റ്റംബര്‍ അഞ്ചിന് സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ജാംനഗറില്‍ അഡീഷനല്‍ പോലീസ് സൂപ്രണ്ട് ആയിരിക്കെ പ്രഭുദാസ് വൈഷ്ണവി എന്നയാള്‍ മരിച്ചിരുന്നു. പോലീസ് കസ്റ്റഡിയിലേറ്റ പീഡനമാണ് മരണകാരണം എന്നാരോപിച്ചാണ് സഞ്ജീവ് ഭട്ടിന് കുരുക്ക് മുറുക്കിയത്. വര്‍ഗീയകലാപം തടയുന്നതിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത 150 പേരില്‍ ഒരാളായിരുന്നു പ്രഭുദാസ്. ആ മരണവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല സഞ്ജീവിന്. ആള്‍ കസ്റ്റഡിയില്‍ നിന്ന് വിട്ടയക്കപ്പെട്ടു പത്തുദിവസം കഴിഞ്ഞാണ് മരണപ്പെടുന്നത്. ശാരീരികോപദ്രവം ഏല്പിച്ച് സമ്മതിപ്പിക്കേണ്ട ഒരു കുറ്റവും അവര്‍ക്കുമേല്‍ ചാര്‍ത്തിയിരുന്നില്ല. പക്ഷേ ഗുജറാത്ത് ഭരണകൂടത്തിന് സഞ്ജീവ് ഭട്ടിനെ പൂട്ടണമായിരുന്നു. കേസില്‍ പുനര്‍വിചാരണ നടത്തി അവര്‍ ലക്ഷ്യം നടപ്പാക്കി. ഇപ്പോള്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് സഞ്ജീവ് ഭട്ട്. അന്നുതുടങ്ങിയതാണ് ശ്വേതാ ഭട്ടിന്റെ നിയമപോരാട്ടം. അപ്പുറത്ത് വന്മലകളാണ് എന്നത് അവരെ പിന്തിരിപ്പിക്കുന്നില്ല.
പ്രതികാരനടപടി എന്ന് നിസംശയം പറയാവുന്ന നീക്കങ്ങളാണ് സഞ്ജീവ് ഭട്ടിനെതിരെ ഉണ്ടായത്. ശബ്ദിക്കുന്ന നാവുകളെയും ചലിക്കുന്ന പേനകളെയും പേടിക്കുന്നതാണല്ലോ ഫാഷിസത്തിന്റെ ജനിതകസ്വഭാവം. അതാണ് സഞ്ജീവ് ഭട്ടിനെ ജയിലിലേക്കു നയിച്ചത്. നിലനില്‍പ്പിനെ ഭയക്കുന്ന ഭരണകൂടങ്ങള്‍ ജനങ്ങളെ എപ്പോഴും പേടിപ്പിച്ചുനിര്‍ത്താന്‍ ശ്രമിക്കും. പേടിക്കാതിരിക്കുക എന്നത് ഫാഷിസ്റ്റുകാലത്തെ ഒരു ജനാധിപത്യസമരമായി മാറുന്നത് അതുകൊണ്ട് കൂടിയാണ്.
സഞ്ജീവിനെതിരായ നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും ചെറുക്കണമായിരുന്നു ശ്വേതാ ഭട്ടിന്. വിചാരണ കോടതി മുതല്‍ സുപ്രീം കോടതി വരെ നീണ്ട നിയമപോരാട്ടം. മോഡി ഭരണകൂടത്തിന് സുസമ്മതമായ വിധി പ്രസ്താവങ്ങളിലൂടെ ശ്രദ്ധേയനായ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചാണ് സുപ്രീം കോടതിയില്‍ സഞ്ജീവിന്റെ ജാമ്യഹരജി പരിഗണിച്ചത്. വിധി പ്രതീക്ഷിച്ചത് തന്നെ. ഇതൊരു രാഷ്ട്രീയപകപോക്കല്‍ ആയതുകൊണ്ട് രാഷ്ട്രീയമായി കൂടി ഈ പ്രശ്‌നത്തെ സംബോധന ചെയ്യണമായിരുന്നു ശ്വേതാഭട്ടിന്. സഞ്ജീവിന്റെ നീതിക്കുവേണ്ടിയുള്ള സമരത്തോട് ഒപ്പം നില്‍ക്കാന്‍ അഭ്യർഥിച്ചുകൊണ്ട് അവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്തു. മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമായി സംസാരിച്ചു. രാഷ്ട്രീയ നേതാക്കളുമായി നേരില്‍ കണ്ടു, പിന്തുണ അഭ്യർഥിച്ചു. ഭരണകൂടം വിധിച്ച ശിക്ഷയാണിതെന്ന ഉറച്ച ബോധ്യമാണ് അവരെ മുന്നോട്ടുനയിച്ചത്. ആ ശിക്ഷ കോടതികള്‍ ശരിവെച്ചിട്ടും അവര്‍ പതറിയില്ല. പ്രിയതമനു വേണ്ടിയുള്ള സമരം നീതി നിഷേധിക്കപ്പെട്ട ഓരോ മനുഷ്യനും വേണ്ടിയുള്ള സമരമായി വികസിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. വീണുപോയപ്പോഴെല്ലാം കൈപിടിക്കാന്‍ നീതി ബോധമുള്ള മനുഷ്യരുണ്ടായിരുന്നു. ആ കരുതലാണ് അവരെ ഊര്‍ജസ്വലമാക്കിയത്.
2019ല്‍ കേരളത്തിലെ ഒരു വേദിയില്‍ അവര്‍ പറഞ്ഞ വാക്കുകള്‍ കേള്‍ക്കുക: “മുപ്പത് വര്‍ഷം മുമ്പ് സഞ്ജീവ്ഭട്ടിനെ വിവാഹം ചെയ്യുമ്പോള്‍ ഞങ്ങളെടുത്ത ഒരു കരാറുണ്ടായിരുന്നു. ഏത് ജീവിത സാഹചര്യങ്ങളിലും പ്രതിസന്ധികളും ഞങ്ങള്‍ ഒരുമിച്ചുനില്‍ക്കും എന്നാണ് ആ ഉടമ്പടി. എന്റെ ഭര്‍ത്താവിനെതിരെ ഭരണകൂട ഭീകരത നടത്തുന്ന അതിക്രമത്തെ മറികടക്കാന്‍ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്. എന്റെ പോരാട്ടം ആരംഭിച്ചിട്ടേയുള്ളൂ. ഓരോ നിമിഷവും മുന്നോട്ടുള്ള പ്രയാണത്തെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. നിങ്ങളെ സാക്ഷി നിര്‍ത്തി പറയട്ടെ, ഇന്ന് ഞാന്‍ പ്രസംഗിക്കുന്ന ഈ സ്ഥലത്ത്, കഴിഞ്ഞ ഇരുപത്തിയേഴ് വര്‍ഷം ഈ രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി സേവനമനുഷ്ഠിച്ച ആ നല്ല മനുഷ്യനെ കൊണ്ടുവന്ന് നിര്‍ത്തിയിട്ടേ എന്റെ പോരാട്ടം അവസാനിക്കുകയുള്ളൂ’. അവര്‍ക്ക് അതിനു സാധിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.
അര്‍പ്പുത അമ്മാളിനും ശ്വേതാഭട്ടിനുമിടയില്‍ പൊതുവായി ചിലതുണ്ട്. ഒരാള്‍ മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പൊരുതി ജയിച്ചു. മറ്റെയാള്‍ ഭര്‍ത്താവിനെ സ്വാതന്ത്ര്യത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുന്നു. സത്യത്തില്‍ രണ്ടുപേരും പൊരുതിയത്/ പൊരുതുന്നത് ഭരണഘടനയുടെയും നിയമവാഴ്ചയുടെയും അന്തസ് സംരക്ഷിക്കപ്പെടാന്‍ വേണ്ടിയാണ്. ജാമ്യമാണ് നിയമം. നീതിയാണ് പ്രമാണം. വൈകി എത്തുന്ന നീതി, ഫലത്തില്‍ നീതിനിഷേധം തന്നെയാണ്. നിരാര്‍ദ്രമാകുന്ന നിയമത്തോട്, അതിന്റെ പരിപാലകരോട്, ജുഡീഷ്യറിയോട് തന്നെയും ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടേ നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കാന്‍ കഴിയൂ എന്നാണെങ്കില്‍ ആ ചോദ്യങ്ങള്‍ ഉയരുകതന്നെ വേണമല്ലോ. അതിനു ധൈര്യപ്പെട്ടു എന്നതാണ് അര്‍പ്പുത അമ്മാളിന്റെയും ശ്വേതാഭട്ടിന്റെയും രാഷ്ട്രീയപ്രസക്തി ■

Share this article

About മുഹമ്മദലി കിനാലൂർ

mdalikinalur@gmail.com

View all posts by മുഹമ്മദലി കിനാലൂർ →

Leave a Reply

Your email address will not be published. Required fields are marked *