മഹല്ലുകൾ മഹാ സാധ്യതകൾ

Reading Time: 5 minutes

കൂട്ടുമുഖം മഹല്ല് അങ്കണത്തില്‍ ഒരു കരണ്ട് ക്ലാസ് നടക്കുകയാണ്. ശ്രദ്ധിക്കണം, മയ്യിത്ത് പരിപാലനക്ലാസോ റമളാന്‍ മുന്നൊരുക്കമോ അല്ല, വൈദ്യുതി ഉപയോഗത്തെപ്പറ്റിയുള്ള ക്ലാസാണ്. ക്ലാസെടുക്കുന്നത്, മഹല്ല് ഖത്തീബോ പള്ളി പ്രിസഡന്റോ അല്ല, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന്‍ ഹരിദാസാണ്, അതും പള്ളിയങ്കണത്തില്‍. സംഗതിയെന്തെന്നല്ലേ, മഹല്ല് ആവിഷ്‌കരിച്ച ഊര്‍ജ സംരക്ഷണ പദ്ധതിയുടെ ഭാഗമായ ബോധവത്കരണം. വൈദ്യുതി ഉപയോഗം എങ്ങനെ കുറക്കാം എന്നതാണ് വിഷയം. കീശയില്‍ കാശ് ബാക്കിയാകുന്ന വിദ്യകളാണ്. ഷോക്കടിക്കുന്ന ബില്ലുകളുടെ കാര്യമാണ്. മഹല്ലിലെ 98 വീടുകളില്‍നിന്ന് ഏറെക്കുറേപേരും ഹാജരുണ്ട്. കരണ്ട് ഉപയോഗിക്കുന്നതിനുള്ള ശാസ്ത്രീയമായ സൂത്രങ്ങള്‍ വിശദമായി പറഞ്ഞുകൊടുത്തു. മഹല്ല് നിവാസികള്‍ സശ്രദ്ധം കേട്ടിരുന്നു, സംശയങ്ങള്‍ തീര്‍ത്തു. അടുത്ത ദിവസം മുതല്‍ സ്വന്തം വീടുകളില്‍ അത് പ്രയോഗിച്ചു തുടങ്ങി. ഫലമോ 18000 യൂനിറ്റ് വൈദ്യുതി ഉപയോഗം കുറക്കാന്‍ സാധിച്ചു. അഥവാ 1,28,000 രൂപയാണ് 98 വീടുകള്‍ മാത്രമുള്ള ഒരു മഹല്ല് നിവാസികള്‍ ലാഭിച്ചത്. വൈദ്യുതി ഉപയോഗം കുറയുമ്പോള്‍ പണം മാത്രമല്ല, നമ്മുടെ പരിസ്ഥിതി നാശവും കുറയുമെന്നും ഹരിദാസ് വിശദീകരിച്ചിരുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതില്‍ ഇസ്‌ലാം മുന്തിയ പ്രാധാന്യം പറയുന്നുണ്ടല്ലോ. ഒപ്പം നമ്മുടെ കേരളത്തെ വൈദ്യുതിമിച്ച സംസ്ഥാനമാക്കുന്നതിനുള്ള യജ്ഞത്തിലേക്ക് മികച്ച സംഭാവനയും
കൂട്ടുമുഖം മഹല്ല് അവിടെയും നിര്‍ത്തിയില്ല, പാഴ് വസ്തുക്കളുടെ ശേഖരമാണമായിരുന്നു അടുത്ത ഇനം. നാടോടികളും മറ്റും പഴയ സാധനങ്ങള്‍ ശേഖരിക്കാന്‍ വീടുകളില്‍ കയറിയിറങ്ങുന്നത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍കൂടി പരിഹരിക്കണമല്ലോ. മഹല്ല് ആഭിമുഖ്യത്തില്‍ പാഴ് വസ്തുക്കള്‍ ശേഖരിച്ച് വില്‍ക്കാന്‍ തുടങ്ങുകയും അത് മഹല്ലിന് വരുമാന മാര്‍ഗമാവുകയും ചെയ്തതാണ് സംഭവകഥയുടെ ക്ലൈമാക്‌സ്. നോമ്പുകാലത്ത് സ്ത്രീകള്‍ കൂടുതല്‍ സമയം അടുക്കളയില്‍ ചെലവഴിക്കുന്നതും ഭക്ഷണത്തിലെ ധൂര്‍ത്ത് തടയുന്നതിനുമായും ഈ മഹല്ല് ഒരു ഇടപെടല്‍ നടത്തി. നോമ്പുതുറക്ക് ഒന്നോ രണ്ടോ പലഹാരമേ വേണ്ടൂ എന്നായിരുന്നു നിര്‍ദേശം. പുരുഷന്മാരും കുട്ടികളും പള്ളിയില്‍നിന്ന് നോമ്പ് തുറക്കണമെന്നും. തീന്‍മേശനിറയെ വിഭവങ്ങള്‍നിരത്തി ആസ്വദിക്കുന്ന കണ്ണൂരിലാണിതെന്നറിയണം. സംഗതി ഗംഭീരമായി. സ്ത്രീകള്‍ക്കും ആണുങ്ങളുടെ പോക്കറ്റിനും വലിയ ആശ്വാസം. വയറിനും ശരീരത്തിനും പെരും സുഖവും.
നോക്കൂ, നമ്മള്‍ കേട്ടു പരിചയിച്ച മഹല്ല് പ്രവര്‍ത്തനങ്ങളുടെ സംഭവകഥകളല്ല മുകളില്‍ ചേര്‍ത്തത്. ഇത് അല്‍പം വേറിട്ടു ചിന്തിച്ച ഒരു മഹല്ലിലെ മാത്രം അനുഭവമാണ്. ഇതുപോലെ വേറിട്ടു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മഹല്ലുകള്‍ ഉണ്ട്. എന്നാല്‍ അവ യഥേഷ്ടമില്ല. മഹല്ല് ജമാഅത്തുകള്‍ സാമൂഹികമായും രാഷ്ട്രീയമായും സാമൂദായികമായുമൊക്കെ വികസിക്കുകയും നവീകരിക്കുകയും വേണ്ടതുണ്ട്. വിശാലമായ സാധ്യതകളും സന്ദര്‍ഭങ്ങളുമാണ് മഹല്ലുകള്‍ക്കുള്ളത്. അത്തരം ചില ആലോചനകളിലേക്കാണ് ഈ കുറിപ്പ് ശ്രദ്ധ ക്ഷണിക്കുന്നത്.

സമുദായത്തിന്റെ പഞ്ചായത്ത്
മുസ്‌ലിം സമുദായത്തിന്റെ നാട്ടു പഞ്ചായത്താണ് മഹല്ല് ജമാഅത്തുകള്‍. സാമുദായിക ജീവിത്തില്‍ പലവിധം ചേര്‍ന്നുനില്‍ക്കുകയും നമ്മുടെ ജീവിതത്തില്‍ ഇടപെടാന്‍ അനുവദിക്കുകയും നമുക്ക് ഇടപെടാന്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യുന്ന കൂട്ടായ്മയും കെട്ടുറപ്പും പാരസ്പര്യവുമൊക്കെയാണ് മഹല്ല് ജമാഅത്തുകള്‍. മസ്ജിദുകള്‍ ആരാധനകള്‍ക്കും ആത്മീയ വ്യവഹാരങ്ങള്‍ക്കുമായി നിലകൊള്ളുമ്പോള്‍ മഹല്ല് ജമാഅത്തുകള്‍ക്ക് സാമൂഹികമായ തലവും ഉത്തരവാദിത്വവും അവസരങ്ങളും ഉണ്ട് എന്നര്‍ഥം. മസ്ജിദുകളും മഹല്ല് ജമാഅത്തുകളും ഏറെ ചേര്‍ന്നും ഒന്നായും വേർതിരിക്കാനാകാതെയുമൊക്കെയാണ് നിലകൊള്ളുന്നതെങ്കിലും യഥാര്‍ഥത്തില്‍ രണ്ടും രണ്ടാണ്. രണ്ടാണ് എന്നത്, വേണ്ടത്ര തിരിച്ചറിയാതെയും ആലോചനകള്‍ വികസിപ്പിക്കാതെയും പള്ളിയെ ചുറ്റിപ്പറ്റിയും പള്ളി പരിപാലനത്തില്‍ കേന്ദ്രീകരിച്ചുമാണ് ഭൂരിഭാഗം മഹല്ല് ജമാഅത്തുകളും പ്രവര്‍ത്തിച്ചു വരുന്നത്. ഒരു മഹല്ല് ജമാഅത്തില്‍ പള്ളികള്‍ ഒന്നോ അതിലധികമോ ഉണ്ടാകാം. പരിപാലനാധീനതയില്‍ പള്ളി ഇല്ലെങ്കില്‍പോലും മഹല്ല് ജമാഅത്ത് എന്ന സാമൂഹിക കൂട്ടായ്മക്ക് നിലനില്‍പുണ്ട് എന്നു ചുരുക്കം.

എന്താണ് മഹല്ല് ജമാഅത്ത്
ഒരു ഗ്രാമത്തിലെ അല്ലെങ്കില്‍ പ്രദേശത്തെ മുസ്‌ലിം സമുദായം വിശ്വാസി ജീവിത വ്യവഹാരങ്ങള്‍ മുന്‍നിര്‍ത്തി രൂപപ്പെടുത്തുന്ന കൂട്ടായ്മയാണ് മഹല്ല്. രാഷ്ട്രീയമോ കുടുംബപരമോ ഒക്കെയായ വൈവിധ്യങ്ങളൊന്നും പരിഗണിക്കാതെ സമുദായം എന്ന താത്പര്യത്തില്‍ രൂപപ്പെടുന്നതാണ് മഹല്ലുകള്‍. മുസ്‌ലിം വിശ്വാസി ജീവിത്തിലെ ആരാധനകള്‍, മത കര്‍മങ്ങള്‍, ആചാരങ്ങള്‍, ചടങ്ങുകള്‍, അനുഷ്ഠാനങ്ങള്‍, വിദ്യാഭ്യാസം, ബോധനം, വിവാഹം, അന്ത്യകര്‍മങ്ങള്‍, ശ്മശാനം തുടങ്ങിയ ആവശ്യങ്ങളില്‍ കേന്ദ്രീകരിക്കുന്നതാണ് മഹല്ല് ജമാഅത്തുകളുടെ പ്രധാന ആശയം. ഒരു ജുമുഅത്തു പള്ളി കേന്ദ്രീകരിച്ച് ചുറ്റുവട്ടത്തെ പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയാണ് മഹല്ലുകള്‍ രൂപപ്പെടുക. ഒരു പേരില്‍ അറിയപ്പെടുന്ന നാട് എന്ന കര്‍മശാസ്ത്ര വിവക്ഷകൂടി മഹല്ലുകള്‍ക്ക് പരിഗണിച്ചു പോരുന്നുണ്ട്. ആ പ്രദേശത്തെ മുഴുവന്‍ മുസ്‌ലിം കുടുംബങ്ങളും അംഗങ്ങളാവുകയും ആശ്രയിക്കുകയും ചേര്‍ന്നുനിന്ന് സേവനങ്ങള്‍ സ്വീകരിക്കുകയും ചെയ്തുപോരുന്ന സാമുദായിക കെട്ടുറപ്പിന്റെ മാതൃകകളാണ് മഹല്ലുകള്‍. സമുദായം ഇത്രമേല്‍ ചേര്‍ന്നുനില്‍ക്കുന്ന സംവിധാനമാണെങ്കില്‍കൂടി മഹല്ല് ജമാഅത്തുകള്‍ സമുദായത്തിന്റെ സര്‍വോന്മുഖമായ വികസനവും പുരോഗതിയും ലക്ഷ്യമാക്കി നിര്‍വഹിക്കാവുന്ന പ്രവര്‍ത്തനങ്ങളിലേക്കും ആശയങ്ങളിലേക്കും സമഗ്രമായി പ്രവേശിക്കുക കുറവാണ്. സാമ്പ്രദമായികമായ പള്ളിപരിപാലനം അഥവാ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം എന്നതില്‍ ശ്രദ്ധയൂന്നുന്നവയാണ് ഏറെയും.

മഹല്ലുകള്‍ രാഷ്ട്രീയ സ്ഥാപനം
ഒരു നാട്ടിലെ മുസ്‌ലിം സാമുദായിക കൂട്ടായ്മ എന്ന നിലയില്‍ മഹല്ല് ജമാഅത്തുകള്‍ സമുദായത്തിന്റെ രാഷ്ട്രീയ അഭയസ്ഥാനംകൂടിയാണ്. ഇന്ത്യയിലെ സാമൂഹിക ജിവിതം എന്നത് രാഷ്ട്രീയജിവിതം കൂടിയാണല്ലോ. അഥവാ രാഷ്ട്രം പൗരന്‍മാര്‍ക്കു നല്‍കുന്ന അവസരങ്ങളും സൗകര്യങ്ങളും നിബന്ധനകളും സ്വീകരിച്ചും പുലര്‍ത്തിയും ജീവിക്കാന്‍ മറ്റാരെയും പോലെ മസ്‌ലിം സമുദായവും ബാധ്യസ്ഥരാണ്. ഈ അവസ്ഥയില്‍ പൗരന്റെ രാഷ്ട്രവാസത്തിനുവേണ്ട സര്‍വ സഹായങ്ങളും മഹല്ല് ജമാഅത്തുകള്‍ അതിലെ അംഗങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സന്നദ്ധമാകേണ്ടതാണ്. വിദ്യാഭ്യാസത്തിലും തൊഴിലിലും സാമൂഹിക അവസരങ്ങളിലും സാമ്പത്തികമായും ഏറെ പിന്നാക്കം നില്‍ക്കുന്ന സമുദായമാണ് ഇന്നും മുസ്‌ലിംകള്‍. ഈ അവസ്ഥയില്‍നിന്നുള്ള പുരോഗതിക്കു വേണ്ടി സാമുദായത്തെ ശാക്തീകരിക്കാനുള്ള പ്രഥമമായ രാഷ്ട്രീയ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടത് മഹല്ല് ജമാഅത്തുകളാണ്. അതിനുശേഷം മാത്രമേ രാജ്യത്തു പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമൊക്കെ ഈ ഉത്തരവാദിത്വം വരുന്നുള്ളൂ. എന്നാല്‍ ശരിക്കും സംഭവിക്കുന്നത് എതിര്‍ദിശയിലാണ്.
നമ്മുടെ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധി മതവര്‍ഗീയതയുമായും വിദ്വേഷങ്ങളുമായി ബന്ധപ്പെട്ടുമാണ്. മുസ്‌ലിം സമുദായം ഈ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിഭാഗവുമാണ്. സാമൂഹികവും സാമ്പത്തികവും വംശീയവുമായ വിവേചനങ്ങള്‍ക്കും ഉന്മൂലനങ്ങള്‍ക്കും ഇരകാളിയിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ അതിനെതിരായി രാജ്യത്തെ മതനിരപേക്ഷ സമൂഹങ്ങളില്‍നിന്ന് പ്രതിരോധവും സമുദായത്തെ ചേര്‍ത്തു നിര്‍ത്തുന്ന പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നു. അതേസമയം മേല്‍പറഞ്ഞ പ്രതിസന്ധിയുടെ രാഷ്ട്രീയ സന്ദര്‍ഭങ്ങള്‍ ഉപയോഗപ്പെടുത്തി സമുദായത്തില്‍ ഭീതിപടര്‍ത്തി അല്‍പം തീവ്രമായ പ്രതിരോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ സമുദായത്തിനകത്തുനിന്ന് ഉണ്ടാകുന്നുമുണ്ട്. ഇത്തരം അസ്വസ്ഥതകള്‍ക്കിടയില്‍ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളിലും ഭൂരിപക്ഷം വരുന്ന മതനിരപേക്ഷ സമൂഹത്തിന്റെ പിന്തുണയിലും വിശ്വാസമര്‍പ്പിച്ച് സമുദായത്തെ നയിക്കാന്‍ മഹല്ല് ജമാഅത്തുകള്‍ക്ക് സാധിക്കണം. വര്‍ഗീയതയും വെറുപ്പും ഇല്ലാത്ത മതനിരപേക്ഷ സമൂഹം, സൗഹൃദപരിസരം എന്ന ആശയം ഉദ്‌ഘോഷിച്ച് സമുദായം രാജ്യത്തിനൊപ്പം ചേര്‍ന്നു നില്‍ക്കേണ്ടത് വിശ്വാസപരമായ ദൗത്യംകൂടിയാണ്. ഇസ്‌ലാമിന്റെ സൗന്ദര്യവും സമീപനവും ദൃശ്യവത്കരിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. അതുകൊണ്ടാണ് മുന്തിയ ആശയഘനമുള്ള രാഷ്ട്രീയ ദൗത്യംകൂടിയാണ് മഹല്ല് ജമാഅത്തുകള്‍ എന്ന് പറയുന്നത്.

ജനസേവന കേന്ദ്രം
റേഷന്‍ കടയില്‍ അരിയും ഗോതമ്പും വിതരണത്തിനെതത്തുന്നതും ഗ്രാമ പഞ്ചായത്തില്‍നിന്നുള്ള ക്ഷേമ പെന്‍ഷന്‍ മസ്റ്ററിങ് വിവരങ്ങളും ജനങ്ങള്‍ അറിയേണ്ട സര്‍ക്കാര്‍ സംബന്ധിയായ മറ്റു മുഴുവന്‍ കാര്യങ്ങളും പള്ളിയിലെയും മഹല്ല് ഓഫീസിലെയും നോട്ടീസ് ബോര്‍ഡില്‍നിന്നും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും മഹല്ല് നിവാസികള്‍ക്ക് ലഭിക്കുന്നതു മുതല്‍ ചെറുതും വലുതുമായ അറിയിപ്പുകളുടെയും വിവരങ്ങളുടെയും വിതരണം മുതല്‍ വിവിധ സര്‍ക്കാർ-സര്‍ക്കാരിതര സേവനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനും സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും മഹല്ല് ഓഫീസില്‍ സൗകര്യം വേണം. പഞ്ചായത്ത്, വില്ലേജ്, കൃഷിഭവന്‍ ഓഫീസുകളില്‍നിന്നു ലഭിക്കേണ്ട സേവനങ്ങള്‍ സംബന്ധിച്ചുള്ള അറിയിപ്പുകളും സഹായങ്ങളും മഹല്ല് കേന്ദ്രത്തില്‍ ലഭ്യമാക്കുമ്പോള്‍ വിശ്വാസികള്‍ക്ക് മസ്ജിദുമായും മഹല്ല് നേതൃത്വവുമായും കൂടുതല്‍ അടുപ്പവും പാരസ്പപര്യവും ശക്തിപ്പെടുന്നു. ഇതു നന്മയിലേക്കും സാംസ്‌കാരിക ജീവിതത്തിലേക്കും ആളുകളെ നയിക്കാന്‍ സഹായിക്കും. രോഗികള്‍ക്കും അവശര്‍ക്കും പ്രായം ചെന്നവര്‍ക്കും വേണ്ട സഹായങ്ങളും ക്ഷേമ പദ്ധതികളും മഹല്ലുകളുടെ സവിശേഷ ശ്രദ്ധ വേണ്ട മേഖലയാണ്. മരുന്നിനും ചികിത്സക്കും വിഷമിക്കുന്നവര്‍ക്ക് അവ ലഭ്യമാക്കുന്നതിനും പട്ടിണി കിടക്കുന്നവരും പാർപ്പിടം, വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്കു പ്രയാസപ്പെടുന്നവര്‍ക്കും നേരിട്ടു സഹായം നൽകുക എന്നതിനേക്കാള്‍ സഹായം ലഭിക്കുന്ന സ്രോതസുകള്‍ പരിചയപ്പെടുത്താനും സംഘടിപ്പിച്ചു കൊടുക്കാനും മഹല്ലിനു സാധിക്കും. ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി തത്പരരായ വ്യക്തികളെ ഉൾപ്പെടുത്തി സ്ഥിരം ക്ഷേമസമിതികള്‍ മഹല്ലിനു കീഴില്‍ പ്രവര്‍ത്തിക്കണം.

വിദ്യാഭ്യാസം/കരിയര്‍
സാമൂഹിക വികസനത്തിന്റെ അടിത്തറ വിദ്യാഭ്യാസമാണെന്നതില്‍ തര്‍ക്കമില്ലല്ലോ. വിദ്യാഭ്യാസ അവസരങ്ങള്‍ സൃഷ്ടിക്കുകയും അതിനു വഴിയൊരുക്കുകയും ചെയ്യുന്നതിലൂടെ മികച്ച തൊഴില്‍ ലഭ്യമാക്കുന്നതിനും ജാലകമായി പ്രവര്‍ത്തിക്കാന്‍ മഹല്ല് ജമാഅത്തുകള്‍ക്കു സാധിക്കേണ്ടതാണ്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മുതല്‍ തന്നെ മഹല്ലിലെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുടരുകയും അവരുടെ പഠനത്തില്‍ മാര്‍ഗനിര്‍ദേശവും കോച്ചിങുകളും നല്‍കുന്നതിന് മഹല്ലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സമിതിക്ക് പ്രൊജക്ടുകളുണ്ടാകണം. വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠന കോഴ്‌സുകള്‍ പറഞ്ഞു കൊടുക്കുന്നതിനും സഹായം നല്‍കാനും ഈ സമിതിക്കു സാധിക്കണം. കരിയര്‍ ഗൈഡന്‍സ് പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി തേടുന്നതിനും നേടുന്നതിനും വഴിയൊരുക്കാന്‍ സാധിക്കും. വല്ലപ്പോഴും സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പകരം സ്ഥിരം സ്വഭാവത്തില്‍ നടപ്പിലാക്കുന്ന പ്രൊജക്ടുകളിലൂടെയാണ് ഇതു സാധ്യമാവുക. മഹല്ലിലെ വിദ്യാര്‍ഥികളുടെ കൃത്യമായ ഡാറ്റാബേസുകള്‍വെച്ച് പിന്തുടരുന്ന രീതിയാണ് സ്വീകരിക്കേണ്ടത്. മഹല്ലിലെ മദ്‌റസകളെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഇതിനായി ഉപയോഗിക്കാം. മഹല്ലിലെ അഭ്യസ്ഥവിദ്യരെയും വിദ്യാഭ്യാസ പ്രവര്‍ത്തകരെയും ഉള്‍പെടുത്തി രൂപവത്കരിക്കുന്ന സമിതികളിലൂടെയാണ് ഇത്തരം പ്രൊജക്ടുകള്‍ നടപ്പിലാക്കാന്‍ സാധിക്കുക. മഹല്ലിലെ വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസ മേഖലകളിലും ഉയര്‍ന്ന തൊഴിലിലും എത്തിപ്പെടണം എന്നു സ്വപ്‌നം കാണാന്‍ കഴിയുന്ന മഹല്ല് നേതൃത്വത്തിനു മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങളിൽ ശ്രദ്ധയൂന്നാന്‍ സാധിക്കൂ. മതവിദ്യാഭ്യാസ രംഗത്തേക്ക് മഹല്ലിലെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും പഠനത്തിന് അയക്കാനും പ്രവര്‍ത്തനം വേണം. മഹല്ല് നിവാസികള്‍ക്ക് തൊഴിലിനു പുറമേ സംരംഭങ്ങള്‍ തുടങ്ങുന്നതിനും നടത്തിക്കൊണ്ടുപോകുന്നതിനും വേണ്ട മാര്‍ഗനിര്‍ദേശങ്ങളും പരിശീലനങ്ങളും നല്‍കാനും സാധിക്കേണ്ടതുണ്ട്.

സാംസ്‌കാരിക മികവ്
മഹല്ലിലെ ജനങ്ങളുടെ, വിശിഷ്യാ ചെറുപ്പക്കാരുടെ സാംസ്‌കാരിക ജീവിതം നമ്മുടെ ഉത്കണ്ഠയാകേണ്ടതാണ്. യുവതികളും യുവാക്കളും വിശ്വാസപരമായും സാമൂഹികമായും വെല്ലുവിളികളെ അഭിമുഖീകരിച്ചു മാത്രം ജീവിതം നയിക്കേണ്ട സ്ഥിതിയിലാണ്. വിവിധ രീതിയിലുള്ള ലഹരിയുടെ ഉപയോഗം യുവാക്കളെയും യുവതികളെയും നല്ലവണ്ണം സ്വാധീനിക്കുന്നു. കലാലയങ്ങളിലൂടെയുള്ള വ്യാപനം ശക്തമാണ്. നാട്ടിലെ ചെറുപ്പക്കാര്‍ക്കിടയില്‍ ലഹരി ഉപയോഗവും അവിഹിത ബന്ധങ്ങളും വര്‍ധിച്ചു. യുവതികളുടെ വിവാഹേതരബന്ധങ്ങള്‍ വ്യാപകമാണ്. സമൂഹത്തില്‍ വേരുപടര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന നവലിബറല്‍ കാഴ്ചപ്പാടുകള്‍ കുട്ടികളില്‍ വഴിവിട്ട സ്വതന്ത്രബോധവും പാരമ്പര്യനിഷധവും ശക്തിപ്പെടുത്തുന്നുണ്ട്. വിശ്വാസം പോലും നിരാകരിക്കുന്ന രീതികളുമുണ്ട്. ഈ സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ അസ്വസ്ഥരാണ്. പലരെയുംകുറിച്ച് പരാതി പറയാന്‍ നമ്മള്‍ മിടുക്കരാണ്. അതേസമയം പരിഹാരങ്ങളിലേക്ക് നമ്മില്‍ പലരും എത്തുന്നില്ല. മദ്യം, മയക്കുമരുന്ന് അടക്കമുള്ള സാമൂഹ്യ ദുരന്തങ്ങള്‍ക്ക് പലവിധേന നമ്മുടെ കുട്ടികള്‍ ഇരകളായേക്കാം. അതില്‍ നിന്ന് അവരെ കൈപിടിച്ചുയര്‍ത്താന്‍ വേര് തേടിപ്പോകേണ്ടത് അനിവാര്യമാണ്. കുറ്റപ്പെടുത്തുന്നതിന് പകരം അവരെ ചേര്‍ത്തു നിര്‍ത്താനും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും ആരാണോ തയാറാകുന്നത്, അവരെ ദൈവതുല്യം സ്‌നേഹിക്കാന്‍ ഇരകള്‍ ശ്രമിക്കുമെന്നത് മനഃശാസ്ത്രം. ചെറുപ്പക്കാരെയും മുതിര്‍ന്നവരെയും സാംസ്‌കാരികവും മൗലികവുമായ ജീവിതം നയിക്കുന്നതിന് ഉദ്‌ബോധനം നടത്താനും സാഹചര്യങ്ങള്‍ കുറച്ചുകൊണ്ടുവന്നുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മഹല്ല് കമ്മിറ്റികള്‍ക്ക് വലിയ അവസരവും ഭാരിച്ച ഉത്തരവാദിത്വവുമുണ്ട്. നാട്ടിലെ ജനങ്ങളില്‍ മുഴുവന്‍ അവബോധം ഉണ്ടാക്കുകയും മക്കളുടെ ജീവിതത്തെയും സംസ്‌കാരത്തെയും കുറിച്ച് ധാരണകള്‍ ഉണ്ടാക്കുകയുമാണ് പോംവഴി. ചെറുപ്പക്കാരെ മതസാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ ആകൃഷ്ടരാക്കാനും സാധിക്കും. കുറ്റവാളികളും സാമൂഹികദ്രോഹ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരും മഹല്ല് നിവാസികളില്‍ ഉണ്ടാകും. ഇതിലൊന്നും തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നോ ചെയ്യേണ്ടതില്ലെന്നോ ഉള്ള മനോഭാവമാണ് അധികപേര്‍ക്കും. എന്നാല്‍ അവധാനതയോടെയും കരുതലോടെയും ഇടപെട്ടാല്‍ നാടിനെയും കുടുംബങ്ങളെയും രക്ഷിക്കാനാകും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി മഹല്ലുകളില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കണം. മഹല്ല് ഖത്തീബിനു പുറമേ നാട്ടിലെ പണ്ഡിതന്മാരെയും സാമൂഹിക പ്രവര്‍ത്തകരെയും അധ്യാപകരെയുമൊക്കെ ജാഗ്രതാ സമിതികളില്‍ ഉള്‍പെടുത്തണം. കുറ്റവാളികളുൾപ്പെടെയുള്ളവരുടെ വീടുകളിലേക്ക് ഇറങ്ങിച്ചെല്ലണം. വിശേഷങ്ങളന്വേഷിച്ചു കൊണ്ടുള്ള സംസാരം അവരില്‍ മാറ്റം കൊണ്ടുവരും. അങ്ങോട്ടു സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം അവരെ കേള്‍ക്കാനാണ് തയാറാകേണ്ടത്.

നിരന്തര ഉദ്ബോധനം
പ്രഭാഷണങ്ങളും പരിപാടികളും ശ്രവിക്കാന്‍ ആളുകളില്ലെന്ന കാരണത്താല്‍ പൊതുവേ നാടുകളില്‍ പരിപാടികള്‍ കുറഞ്ഞു. വെള്ളിയാഴ്ച പ്രഭാഷണങ്ങള്‍ പോലും വിരളം. ഉള്ള പ്രഭാഷണങ്ങളാകട്ടെ ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളല്ല. മഹല്ല് നിവാസികള്‍ക്കുവേണ്ടി നിരന്തര ഉദ്‌ബോധനങ്ങള്‍ നടക്കണം. ഖതീബിന്റെ നേതൃത്വത്തിലും മഹല്ലിലെ പണ്ഡിതന്‍മാരെയും ഉപയോഗിക്കാം. മഗ്‌രിബ് നിസ്‌കാരശേഷം വളരെ ദൈർഘ്യം കുറഞ്ഞ സംസാരങ്ങള്‍ ജനം ശ്രദ്ധിക്കും. പത്തോ ഇരുപതോ വീടുകളെ മാത്രം കേന്ദ്രീകരിച്ച് സ്ത്രീകളെക്കൂടി ലക്ഷ്യം വെച്ച് കുടുംബ യോഗങ്ങള്‍ വിളിച്ചുകൂട്ടിയും ഉദ്‌ബോധനങ്ങള്‍ നടത്തണം. മഹല്ലുകളില്‍ ഉദ്‌ബോധനം കുറഞ്ഞു പോയിട്ടുണ്ട് എന്ന പരാതി ഒരു ഭാഗത്ത് ശക്തിപ്പെട്ടിട്ടുണ്ട്. അതേ സമയം സമൂഹത്തില്‍ വേരോടിക്കൊണ്ടിരിക്കുന്ന ലിബറല്‍ കാഴ്ചപ്പാടുകളുടെ ഭാഗമായി മതബോധനം അത്ര വേണ്ട എന്ന നിലപാടും കനപ്പെട്ടിട്ടുണ്ട്. ഇതിനിടയില്‍ നിന്നു കൊണ്ടു തന്നെ വേണം ബോധനം സ്ഥാപിച്ചെടുക്കാന്‍.

മഹല്ലുകള്‍ മതം കാക്കണം
മഹല്ല് ജമാഅത്ത് കമ്മിറ്റികള്‍ അഭിമുഖീകരിക്കുന്ന ഒരു സങ്കീര്‍ണത, കമ്മിറ്റി തിരഞ്ഞെടുപ്പിന്റെ മുന്‍ഗണനകളാണ്. നമ്മുടെ നാടുകളിലെ മഹല്ല് കമ്മിറ്റികളുടെ സ്ഥിതി നാട്ടു പ്രമാണിമാരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സോഷ്യല്‍ സ്റ്റാറ്റസ് മെയിന്റയിന്‍ ചെയ്യാനുള്ള ഇടം ആയി മാറിയിട്ടുണ്ട്. മതവും മത പണ്ഡിതരും പലപ്പോഴും സൈഡ് ആകുന്ന സ്ഥിതി പലയിടത്തും ഉണ്ട്. എന്നാൽ മതത്തിന് മുന്‍ഗണന നല്‍കുന്ന ഉമറാക്കള്‍ നയിക്കുന്ന കമ്മിറ്റികളും ഉണ്ട്. കമ്മിറ്റി തിരഞ്ഞെടുപ്പ് ഏതു പരിഗണനയില്‍ ആയാലും പള്ളിയും മഹല്ലും മദ്റസയും ആത്യന്തികമായി ദീനീ കേന്ദ്രങ്ങള്‍ ആണെന്നും അവിടെ അടിസ്ഥാനപരമായി ദീന്‍ ആണ് പുലര്‍ത്തപ്പെടേണ്ടത് എന്ന് അംഗീകരിക്കുകയും ചെയ്യുന്ന കമ്മിറ്റികളും ഭാരവാഹികളും ആകാന്‍ സാധിക്കണം. മതം പഠിച്ചവരുടെയും നീതിബോധവും സേവന മനോഭാവവും ഉള്ള കുറച്ചു പേരെ എങ്കിലും കമ്മിറ്റികളില്‍ ഉള്‍പ്പെടുത്താന്‍ നാട്ടു കാരണവന്മാരും മുത്തവല്ലിമാരും ശ്രദ്ധിക്കണം. അല്ലെങ്കില്‍ നാം ഇവിടെയും അല്ലാഹുവിന്റെ അടുത്തും വലിയ തെറ്റുകാര്‍ ആകും.

സൗകര്യ വികസനം
മഹല്ല് കമ്മിറ്റികള്‍ സജീവമായി ചെയ്തു വരുന്ന പള്ളികളുടെ അടിസ്ഥാന സൗകര്യ വികസനവും ശുചീകരണവും കൂടുതല്‍ മികവോടെ തുടരണം. മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉള്ള, ശീതീകരിച്ചതും മോടിയുള്ളതുമായ പള്ളികള്‍ തന്നെയാണ് വേണ്ടത്. ആധുനിക സൗകര്യങ്ങള്‍ ഉള്ള, ഡിജിറ്റല്‍ വത്കരിച്ച ഓഫീസും സേവനങ്ങളും സജ്ജമാക്കണം. ഇമാമുമാര്‍ക്ക് മികച്ച സൗകര്യമുള്ള താമസവും സന്ദര്‍ശകരെ സ്വീകരിക്കാന്‍ സാധിക്കുന്ന ഗസ്റ്റ് റൂമും ഒരുക്കണം. യാത്രക്കാരെ കൂടി ലക്ഷ്യം വെച്ച് തുറന്നിടുന്ന ടോയ്‌ലറ്റുകള്‍ ഉണ്ടാകണം. അക്കൗണ്ടിങ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഡിജിറ്റല്‍ ആയി ചെയ്യുകയും അനുവദിക്കുകയും വേണം.
മഹല്ലുകളുടെ നവീകരണം സംബന്ധിച്ച് ഒരു ആമുഖം മാത്രമാണിവിടെ കുറിക്കാന്‍ ശ്രമിച്ചത്. വിശദമായ പഠനവും പദ്ധതികളും ഈ രംഗത്ത് ആവിഷ്‌കരിക്കാന്‍ സാധിക്കണം. ഒടുവില്‍, കൂട്ടുമുഖം മഹല്ലിനെ തന്നെ കുറിച്ച് പറഞ്ഞു നിര്‍ത്താം. മഹല്ലിലെ ആകെ കുടുംബങ്ങളെ കുറഞ്ഞ കുടുംബങ്ങളടങ്ങുന്ന വിവിധ സെക്ടറുകളാക്കിയാണ് അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. ഇരുപത് കുടുംബങ്ങള്‍ക്ക് ഒരു സെക്ടര്‍ എന്ന തോതില്‍ അഞ്ച് സെക്ടറുകള്‍. ഓരോ സെക്ടറിലും ഒരു ചെയര്‍മാനും കണ്‍വീനറും. ഓരോ സെക്ടറിന്റെ മുഖ്യകാര്‍മികത്വത്തിലും സ്ത്രീകളും പങ്കാളികളായി. ആഴ്ചയില്‍ ഒരിക്കല്‍ ഓരോ സെക്ടറിലും സംഗമങ്ങള്‍ നടക്കും. ഒരു മാസത്തില്‍ നൂറ് കുടുംബങ്ങളോട് സംസാരിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവര്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ കൊടുക്കാനും സാധിക്കുന്ന അപൂര്‍വ അവസരം. മഹല്ല് ആക്ടിവിസത്തിന്റെ നല്ല മാതൃക ■

Share this article

About സ്വാദിഖ് അരീക്കോട്, അലി അക്ബർ

View all posts by സ്വാദിഖ് അരീക്കോട്, അലി അക്ബർ →

Leave a Reply

Your email address will not be published. Required fields are marked *