ആസ്വദിക്കുകയായിരുന്നു അധ്യാപനജീവിതം

Reading Time: 5 minutes

ഈ വര്‍ഷം മെയ് 31-നാണ് മുപ്പത്തിയേഴ് വര്‍ഷം നീണ്ട അധ്യാപകവേഷം അഴിച്ചുവെച്ചത്. ചെറിയ പ്രായത്തിലേ ഔദ്യോഗിക ജീവിതത്തില്‍ പ്രവേശിക്കുകയും പൂര്‍ണ സംതൃപ്തിയോടെ അധ്യാപനം ആസ്വദിക്കുകയും ചെയ്യാനായി എന്നത് ഏറെ സന്തോഷം നല്‍കുന്നു. ജോലി എന്നതിനപ്പുറത്ത് സേവനമായിരുന്നു എനിക്ക് അധ്യാപനം. തലമുറകളിലേക്ക് വിജ്ഞാനവും ആശയവും കൈമാറാന്‍ കഴിയുന്നുവെന്നതാണ് പ്രധാനം. ഫാക്ടറി ഉടമക്ക് അയാളുടെ ഫാക്ടറിയില്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നം കാണുമ്പോഴും കര്‍ഷകന് അയാളുടെ വിളവ് കാണുമ്പോഴും ലഭിക്കുന്ന അനുഭൂതിയെക്കാള്‍ എത്രയോ വലുതാണ് അധ്യാപകന് തന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ഥികളെ കാണുമ്പോള്‍ അനുഭവപ്പെടുന്നത്. ശിഷ്യഗണങ്ങള്‍ ജീവിതത്തിന്റെ നാനാതുറകളില്‍ ഉയര്‍ന്നു നില്‍ക്കുകയും വീണ്ടും അവരെ കണ്ടുമുട്ടുകയും ചെയ്യുന്നത് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ്. ഫയലുകള്‍ക്കു മുന്നിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥനും ഐടി ജീവനക്കാരനും ബിസിനസുകാരനുമൊന്നും ലഭിക്കാത്ത അംഗീകാരവും ആത്മസംതൃപ്തിയും ലഭിക്കുന്നതാണ് അധ്യാപക രംഗം. അധ്യാപകനായിരുന്നില്ലെങ്കില്‍ അതൊരു വലിയ നഷ്ടമായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ സന്തോഷം ജീവിതം മുഴുക്കെ ആസ്വദിക്കാന്‍ സാധിക്കുമെന്നുറപ്പാണ്. സാങ്കേതികമായി വിരമിച്ചുവെങ്കിലും വിശ്രമം ശീലമില്ലാത്തതിനാല്‍ സംഘടനാപ്രവര്‍ത്തനങ്ങളുമായി തിരക്കിലാണിപ്പോഴുമുളളത്.

പതിനെട്ടാം വയസില്‍ തുടങ്ങിയ അധ്യാപനം
1982 മാര്‍ച്ചിലാണ് എസ് എസ് എല്‍ സി പഠനം കഴിഞ്ഞത്. ശേഷം ദേവഗിരി കോളജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. സയന്‍സായിരുന്നു വിഷയം. ഇവിടെ പഠിച്ചുകൊണ്ടിരിക്കെ പ്രൈമറി അധ്യാപക പരിശീലന കോഴ്‌സായ ടിടിസിക്ക് അപേക്ഷ നല്‍കി. കണ്ണൂരില്‍ അഡ്മിഷന്‍ ലഭിച്ചതോടെ പ്രീഡിഗ്രി പഠനം മതിയാക്കി. ആറ് മാസത്തിനു ശേഷം കോഴിക്കോട് ട്രെയ്‌നിങ് കോളജിലേക്ക് മാറ്റം വാങ്ങി. സഹോദരനും ഈ സമയത്ത് ഇവിടെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായി പഠിക്കുന്നുണ്ടായിരുന്നു. വേഗം ജോലി കിട്ടുമെന്നതാണ് അധ്യാപനം തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. ടിടിസി പരീക്ഷാഫലം വന്നതോടെ താല്കാലിക അധ്യാപക നിയമനത്തിനായി കോഴിക്കോട് എംപ്ലോയ്‌മെന്റ് ഓഫീസറെ കണ്ടു. അദ്ദേഹത്തെ നേരത്തെ പരിചയമുണ്ടായിരുന്നു എനിക്ക്. 18 വയസ് പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ അന്ന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു വഴി അവസരം കിട്ടിയില്ല. അടുത്ത തവണ ശരിയാക്കാം എന്ന് അദ്ദേഹം നല്‍കിയ ഉറപ്പിലാണ് അന്ന് മടങ്ങിയത്. ഈ സമയത്താണ് കൊടുവള്ളി മുസ്‌ലിം ഓര്‍ഫനേജ് ഒരു അണ്‍ എയ്ഡഡ് സ്‌കൂള്‍ ആരംഭിച്ചത്. ഇവിടെയാണ് ആദ്യമായി അധ്യാപകനായെത്തുന്നത്. സയന്‍സും കണക്കുമായിരുന്നു വിഷയം. അഞ്ച് മാസം മാത്രമാണ് ഈ സ്‌കൂളില്‍ സേവനം ചെയ്തത്. എംപ്ലോയ്‌മെന്റ് ഓഫീസര്‍ നേരത്തെ നല്‍കിയ ഉറപ്പുപ്രകാരം 1985 ജനുവരിയില്‍ നല്ലളംബസാര്‍ യു പി സ്‌കൂളില്‍ താല്കാലിക അധ്യാപകനായി നിയമിച്ചു. പതിനെട്ട് വയസ് കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ അന്ന്. നാലു മാസം മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. കോഴിക്കോട് പി എസ് സി ലിസ്റ്റ് മുഖേന നിയമനത്തിന് അപേക്ഷകര്‍ കാത്തിരിപ്പുണ്ടായിരുന്നതിനാല്‍ താല്കാലിക അധ്യാപകനായി ഏറെക്കാലം തുടരാനാകില്ലെന്ന് മനസിലാക്കി. അതിനാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ മലപ്പുറം ജില്ലയിലേക്ക് മാറ്റി. അന്ന് അതിന് അവസരമുണ്ടായിരുന്നു. തുടര്‍ന്നുള്ള രണ്ടു വര്‍ഷം 1985 ജൂണ്‍ മുതല്‍ മലപ്പുറത്തെ കുഴിമണ്ണ എല്‍ പി സ്‌കൂളിലായിരുന്നു. 1987ല്‍ എടവണ്ണപ്പാറ ചാലിയപ്പുറം ഗവ. യു പി സ്‌കൂളില്‍ ഒരു മാസവും ഒന്‍പത് ദിവസവും താല്കാലിക അധ്യാപകനായി. ഇവിടെ വെച്ചാണ് താല്കാലിക അധ്യാപക വേഷം അഴിച്ചുവെക്കുന്നത്. ഇതിനിടെ പി എസ് സി പരീക്ഷകള്‍ എഴുതുന്നുണ്ടായിരുന്നു. മൂര്‍ക്കനാട് ഗവ. യു പി യിലായിരുന്നു ആദ്യമായി പി എസ് സി മുഖേന നിയമനം ലഭിച്ചത്. മികച്ച അധ്യാപക അനുഭവം സമ്മാനിച്ച സ്‌കൂളായിരുന്നുവത്. പ്രൈമറി അധ്യാപക ജീവിതത്തിലെ സുവര്‍ണ കാലഘട്ടം ഈ നാലര വര്‍ഷമായിരുന്നു. ഇതിനിടെ കോഴിക്കോട് ജില്ലയിലും പി എസ് സി നിയമനം ലഭിച്ചു. ഇതോടെ 1991ല്‍ വീടിനടുത്തുള്ള ചുള്ളിക്കാപറമ്പ് ഗവ. എല്‍ പി സ്‌കൂളിലേക്ക് മാറി. ഒരു വര്‍ഷത്തിനു ശേഷം കൊടിയത്തൂര്‍ ഗവ. യു പി സ്‌കൂളിലേക്കും ചേക്കേറി. ഇവിടെ അഞ്ചുവര്‍ഷത്തോളമുണ്ടായി. ഇവിടെ നിന്നാണ് ഹൈസ്‌കൂള്‍ അധ്യാപകനായി പ്രൊമോഷന്‍ ലഭിക്കുന്നത്.

മൂര്‍ക്കനാട്ടെ സുവര്‍ണകാലം
അധ്യാപകനായി സ്ഥിരനിയമനം ലഭിച്ച് ആദ്യം കടന്നുചെന്ന മൂര്‍ക്കനാട് ഗവ. യു പി സ്‌കൂളിലെ അനുഭവങ്ങള്‍ ജീവിതത്തില്‍ മറക്കാനാകില്ല. ഞങ്ങള്‍ ഏഴ് ചെറുപ്പക്കാര്‍ ഒരുമിച്ചാണ് ഇവിടെ അധ്യാപകരായി എത്തുന്നത്. ഹെഡ്മാസ്റ്ററായിരുന്ന ജബ്ബാര്‍ മാഷും സഹഅധ്യാപകരും ഒരു ടീമായി പ്രവര്‍ത്തിച്ചു. വിദ്യാര്‍ഥികളുടെ പഠനനിലവാരത്തിലും കലാ, കായിക ഇനങ്ങളിലും സ്‌കൂളിനെ നേട്ടങ്ങളുടെ നെറുകയിലെത്തിക്കാനായി. യുവത്വത്തിന്റെ പ്രസരിപ്പ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിച്ചുവെന്ന് പറയാം. സീനിയര്‍ അധ്യാപകരായിരുന്ന അബൂബക്കര്‍, അബ്ദുല്ല, ഷൗക്കത്തലി എന്നിവരെല്ലാം ഞങ്ങളെ ഉള്‍കൊള്ളുകയും സ്‌കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇടപെടാന്‍ അവസരം നല്‍കുകയും ചെയ്തു. നാല് വര്‍ഷം തുടര്‍ച്ചയായി സ്‌പോര്‍ട്‌സില്‍ ആ സ്‌കൂളിനായിരുന്നു സബ്ജില്ലയില്‍ ഒന്നാം സ്ഥാനം. അതുവരെ ചുണ്ടത്തുംപൊയില്‍ യു പി സ്‌കൂളിനായിരുന്നു വിജയം. അതുകൊണ്ടുതന്നെ മൂര്‍ക്കനാട് സ്‌കൂള്‍ വിജയികളായത് പലര്‍ക്കും അദ്ഭുതമായി. രക്ഷിതാക്കൾ അധ്യാപകരെയും വിദ്യാര്‍ഥികളെയും നന്നായി പിന്തുണച്ചു. അരീക്കോട് തെരട്ടമ്മല്‍ ഗ്രൗണ്ടില്‍ ഞങ്ങള്‍ അധ്യാപകര്‍ രാവിലെ ഏഴ് മണിക്ക് പരിശീലനത്തിനെത്തും. ഏഴരയോടെ കുട്ടികളും ഗ്രൗണ്ടില്‍ വരും. പതിനൊന്നു മണിവരെ പരിശീലനമാണ്. ഇതിന്റെ ഫലമായിരുന്നു അവരുടെ വിജയം. കലാമേളയിലും യു പിയില്‍ ഓവറോള്‍ മൂര്‍ക്കനാട് സ്‌കൂളിനായിരുന്നു. അധ്യാപകരുടെ മത്സരത്തില്‍ ഞാനും പങ്കെടുത്തിരുന്നു. 1500, 3000 മീറ്റര്‍ പോലെയുള്ള ദീര്‍ഘദൂര ഓട്ട മത്സരങ്ങളിലും ലോംഗ് ജമ്പിലും എനിക്കാകും പലപ്പോഴും പ്രൈസ് ലഭിക്കുക.

ടിടിസി പഠനകാലം
സ്‌കൂള്‍ പഠനകാലത്ത് സ്‌പോര്‍ട്‌സില്‍ പങ്കെടുത്തിരുന്നില്ല. കോഴിക്കോട്ടെ ടി ടി സി പഠനകാലത്താണ് ഇതിനോട് ഇഷ്ടമുണ്ടാകുന്നത്. ഇവിടയുണ്ടായിരുന്ന ചന്ദ്രിക ടീച്ചറാണ് സ്‌പോര്‍ട്‌സിനോട് താല്പര്യമുണ്ടാക്കിയത്. മക്കളെ പോലെയാണ് ഞങ്ങളെ കണ്ടിരുന്നത്. മാനാഞ്ചിറയിലെ ചെറിയ ഗ്രൗണ്ടില്‍ പോയി എക്‌സൈസ് ചെയ്യിപ്പിക്കും. കായികക്ഷമതയുണ്ടാകാനുള്ള ടിപ്‌സ് പറഞ്ഞു തരും. ഇതാണ് മൂര്‍ക്കനാട് സ്‌കൂളിലെ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കാന്‍ ചെറിയ രീതിയിലെങ്കിലും സഹായകമായത്. പ്രസംഗമത്സരത്തില്‍ അന്ന് സ്ഥിരമായി പങ്കെടുത്തിരുന്നു. ടി ടി സിക്കാലത്തെ രണ്ടു വര്‍ഷവും പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. ഹെഡ്മിസ്ട്രസ് രാധ ടീച്ചര്‍ മക്കളെ പോലെയാണ് ഞങ്ങളോട് പെരുമാറിയത്. പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എന്റെ സര്‍ട്ടിഫിക്കറ്റില്‍ ടീച്ചര്‍ എഴുതിയത് ഗുഡ് ഫോര്‍ എക്‌സ്റ്റമ്പര്‍ സ്പീച്ച് എന്നായിരുന്നു. മലയാളം പഠിപ്പിച്ചിരുന്ന ഒരു വാര്യര്‍ സാറും കണക്കിന്റെ മേനോന്‍ സാറുമുണ്ടായിരുന്നു അന്നവിടെ. മുസ്‌ലിംകള്‍ക്കിടയിലെ ഉറുക്കും മന്ത്രത്തിനും വലിയ ഗുണങ്ങളുണ്ടെന്ന് വിശ്വസിച്ചിരുന്നയാളാണ് മേനോന്‍ മാഷ്. അക്കാര്യം അദ്ദേഹം ക്ലാസില്‍ പറയുകയും ചെയ്തിരുന്നു.

അധ്യാപനവും ഡിഗ്രി പഠനവും
പ്രൈമറിയില്‍ അധ്യാപകനായി ജോലി ചെയ്തുകൊണ്ടിരിക്കേതന്നെ കാലിക്കറ്റ് സര്‍വകലാശാലയുടെ ഓപ്പണ്‍ ഡിഗ്രി വഴി ബി എ മലയാളത്തിന് ചേര്‍ന്നു. കണക്കാണ് ഇഷ്ടവിഷയമെങ്കിലും ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ വഴി അന്ന് ബി എസ് സി പഠിക്കാന്‍ അവസരമുണ്ടായിരുന്നില്ല. അങ്ങനെയാണ് മലയാളം എടുക്കേണ്ടി വന്നത്. ഇതാണ് മലയാളം അധ്യാപകനാകാന്‍ കാരണമായത്. യൂനിവേഴ്സിറ്റി ലൈബ്രറിയാണ് പഠനത്തിന് പ്രധാനമായും ഉപയോഗിച്ചിരുന്നത്. പഴയ പുരാണ പുസ്തകങ്ങളെല്ലാം ഇവിടെയുണ്ടാകും. എം എന്‍ കാരശ്ശേരി അന്ന് അവിടെ മലയാളം ഡിപ്പാര്‍ട്‌മെന്റില്‍ സേവനം ചെയ്തിരുന്നു. അദ്ദേഹം ലൈബ്രറിയില്‍ ഏറെ സഹായിച്ചു. ഡോ. ടി സി ആഇശാബി, എന്റെ അമ്മായിയുടെ മകള്‍ അവിടെ ലക്ചറര്‍ ആയി ജോലി ചെയ്തിരുന്നു. അവരുടെ പേരിലായിരുന്നു പുസ്തകങ്ങള്‍ എടുത്തിരുന്നത്. കാരശ്ശേരിയുടെ മൂന്ന് ട്യൂഷന്‍ ക്ലാസുകള്‍ അന്ന് ഞങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മികച്ച ക്ലാസായിരുന്നു അദ്ദേഹത്തിന്റേത്. അതിലെ ചില ഭാഗങ്ങള്‍ ഇപ്പോഴും ഓർമയിലുണ്ട്. അഭിജ്ഞാന ശാകുന്തളം നാടകത്തില്‍ നാലാമത്തെ അങ്കമാണ് ശ്രേഷഠമെന്നാണ് കരുതുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് നാലാം അങ്കത്തെക്കാള്‍ അഞ്ചാമത്തെ അങ്കമാണ് പ്രധാനമെന്ന് കാരശ്ശേരി സമര്‍ഥിച്ച് ക്ലാസെടുക്കുകയും ആ ചോദ്യം ഇരുപത് മാര്‍ക്കിന് പരീക്ഷക്കു വരികയും നന്നായി എഴുതാന്‍ സാധിക്കുകയും ചെയ്തു. രാജാവിന്റെ തെറ്റിനെ പ്രജകള്‍ ചോദ്യം ചെയ്യുന്നതാണ് അഞ്ചാമത്തെ അങ്കം. നാലാം അങ്കത്തില്‍ ശകുന്തളയുടെ വിരഹമാണ് പ്രതിപാദ്യം. നല്ല മാര്‍ക്കോടെ ബി എ പാസായി. അതിനു ശേഷം ബി എഡിന് ചേര്‍ന്നു. തളിയിലെ യൂനിവേഴ്‌സിറ്റി ബി എഡ് ട്രൈനിങ് കോളജിലായിരുന്നു പഠനം. ഇവിടെയുണ്ടായിരുന്ന ഡോ. പി കേളു എന്ന അധ്യാപകനെ ഒരിക്കലും മറക്കാനാകില്ല. കുട്ടികളെ എങ്ങനെ പഠിപ്പിക്കണം എന്ന് കൃത്യമായി മനസിലാക്കിത്തന്നത് അദ്ദേഹമാണ്. സൈക്കോളജിയിലാകും അദ്ദേഹത്തിന്റെ കൂടുതല്‍ ക്ലാസുകളും. കട്ട് ചെയ്യാതെ മുഴുവനായി ഇരുന്ന ക്ലാസ് അദ്ദേഹത്തിന്റേതു മാത്രമാണ്. കറുത്ത പാന്റും വെളുത്ത ഷര്‍ട്ടുമായിരുന്നു സ്ഥിരം വേഷം.

300 രൂപയുടെ ആദ്യത്തെ ശമ്പളം
അധ്യാപനവും പഠനവും സംഘടനാപ്രവര്‍ത്തനവും ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിഞ്ഞുവെന്നതാണ് എടുത്തുപറയേണ്ടത്. നമ്മുടെ സംഘടനാ പ്രവര്‍ത്തകരെല്ലാം ശ്രമിച്ചാല്‍ ഇതിന് സാധിക്കും. ജോലിയും ശമ്പളവുമുള്ളതു കൊണ്ട് ഉപ്പയോട് പണം ചോദിക്കേണ്ടി വന്നിരുന്നില്ല. സഹോദരന്‍ മുഹമ്മദാണ് സംഘടനാരംഗത്തേക്ക് കൊണ്ടുവരുന്നത്. അവന്‍ അന്ന് കോഴിക്കോട് താലൂക്ക് സെക്രട്ടറിയായിരുന്നു. മറ്റൊരു സഹോദരന്‍ ലത്വീഫും അധ്യാപകനായിരുന്നു. ഉപ്പക്ക് ഗ്വാളിയോര്‍ റയോണ്‍സിലായിരുന്നു ജോലി. കൂടെ കൃഷിയുമുണ്ടായിരുന്നു. ഉമ്മയാണ് കൃഷിയില്‍ കൂടുതല്‍ ഏര്‍പ്പെട്ടിരുന്നത്. ഞങ്ങളും സഹായിക്കും. എല്ലാ രക്ഷിതാക്കളെയും പോലെ അവരും എല്ലാ രംഗത്തും മക്കള്‍ ഉയര്‍ന്നുനില്‍ക്കണമെന്ന് ആഗ്രഹിച്ചിരുന്നു. സംഘടനാപ്രവര്‍ത്തനത്തിന് സർവ പിന്തുണയും നല്‍കി. എവിടെ പോകുകയാണെങ്കിലും അക്കാര്യം വീട്ടില്‍ അറിയിച്ചിരിക്കണമെന്നാണ് ആകെയുള്ള നിബന്ധന. കൊടിയത്തൂര്‍ ഗവ. യു പി സ്‌കൂളില്‍ നിന്ന് 1998ല്‍ ഹൈസ്‌കൂള്‍ അധ്യാപകനായി ആദ്യമെത്തുന്നത് വാണിമേല്‍ ഗവ. സ്‌കൂളിലാണ്. പിന്നീട് ഫറോക്ക് ഗണപത് ഹൈസ്‌കൂളിലേക്ക് മാറി. പിന്നീട് മാവൂര്‍ ഗവ. ഹൈസ്‌കൂളില്‍ ജോയിന്‍ ചെയ്തു. കൊടുവള്ളി ഓര്‍ഫനേജില്‍ നിന്നാണ് ആദ്യത്തെ ശമ്പളം വാങ്ങുന്നത്. 300 രൂപയാണ് അന്നത്തെ ശമ്പളം. അത് മുഴുവനായി ഉപ്പയുടെ കൈയില്‍ കൊണ്ടുകൊടുത്തു. ഉപ്പ നേരെ ഉമ്മക്ക് കൈമാറുമ്പോള്‍ അവരുടെ കണ്ണുനിറഞ്ഞിരുന്നു. അതില്‍ നിന്ന് 100 രൂപ ഉമ്മ എനിക്കുതന്നെ തന്നു. ബാക്കി തുക ആവശ്യമുണ്ടാകുമ്പോള്‍ ചോദിക്കണമെന്ന് പറഞ്ഞ് ഉമ്മ സൂക്ഷിച്ചു. കുറേ കാലം കിട്ടുന്ന ശമ്പളം ഉമ്മയെ ഏല്‍പ്പിക്കുമായിരുന്നു. ആദ്യത്തെ സര്‍ക്കാര്‍ ശമ്പളം 358 രൂപയായിരുന്നു. ആദ്യകാലത്തൊക്കെ നടന്നായിരുന്നു യാത്രകള്‍. 13 കിലോമീറ്റര്‍ നടന്നാണ് മൂര്‍ക്കനാട് സ്‌കൂളിലേക്ക് പോയിരുന്നത്. വീട്ടില്‍ നിന്ന് വലിയപറമ്പിലേക്ക് നടക്കും. ഇവിടെ നിന്ന് പത്തനാപുരത്തേക്ക് ബസ് കയറും. ഇവിടെ നിന്ന് വീണ്ടും രണ്ടര കിലോമീറ്ററോളം നടന്നാണ് സ്‌കൂളിലെത്തിയിരുന്നത്. ആ നടത്തം ആ നാടിനെയും നാട്ടുകാരെയും അടുത്തറിയാനുള്ള അവസരം കൂടിയാണ്. കളിയും തമാശയും പറഞ്ഞ് കുട്ടികളും നാട്ടുകാരുമെല്ലാം കൂടെയുണ്ടാകും. വര്‍ത്തമാനം പറഞ്ഞങ്ങനെ നടക്കും. സൗഹൃദങ്ങള്‍ രൂപപ്പെടുത്താന്‍ നടക്കണം. ഇന്നത്തെ തലമുറയുടെ ഒരു നഷ്ടമാണത്.

പരീക്ഷയെഴുതാന്‍ കാല്‍നടയായി മുപ്പത് കിലോമീറ്റര്‍
ഹൈസ്‌കൂളിലെ ദീര്‍ഘമായ കാലഘട്ടം മാവൂരിലേതായിരുന്നു. ഓഫീസ് ജോലികളെല്ലാം ഇക്കാലത്തിനിടയില്‍ പഠിച്ചെടുത്തിരുന്നു. പ്രൈമറിയില്‍ ക്ലര്‍ക്കുമാരില്ലാതിരുന്നതിനാല്‍ അധ്യാപകര്‍ തന്നെയായിരുന്നു ഓഫീസ് വര്‍ക്ക് ചെയ്തിരുന്നത്. 1987ല്‍ പി എസ് സി നിയമനം കിട്ടി നാല് വര്‍ഷം കഴിഞ്ഞപ്പോഴേക്കും അക്കൗണ്ട് ടെസ്റ്റുകളായ ലോവറും ഹയറുമെല്ലാം പാസായി. 1992ല്‍ ബാബരി മസ്ജിദ് തകര്‍ച്ചയുടെ പിറ്റേദിവസമാണ് മഞ്ചേരിയില്‍ പി എസ് സിയുടെ അക്കൗണ്ട് ടെസ്റ്റ് നടക്കുന്നത്. ഞാന്‍ രാത്രി തന്നെ മഞ്ചേരിയിലെത്തിയിരുന്നു. പിറ്റേന്ന് ഹര്‍ത്താലാണെന്ന് പിന്നീടാണ് അറിയുന്നത്. പക്ഷേ, പരീക്ഷ മാറ്റിവെച്ചില്ല. വാഹനമോ കടകളോ ഇല്ല. മുപ്പത് കിലോമീറ്ററോളം നടന്നാണ് അന്ന് വീട്ടിലെത്തിയത്. നടത്തത്തിനിടയില്‍ വെള്ളം കുടിക്കാന്‍ ഹോട്ടലുകളില്ലാത്തതിനാല്‍ ദാഹിച്ചുവലഞ്ഞ ഞങ്ങള്‍ ചെങ്ങരയിലെ ഒരു വീട്ടില്‍ കയറി. കൂടെ നാലഞ്ചു പേര്‍ വേറെയുമുണ്ടായിരുന്നു. വീട്ടുകാരന്‍ ഒരു അധ്യാപകനായിരുന്നു. അന്ന് അദ്ദേഹം നല്‍കിയ പാനീയത്തിന്റെ രുചി ഇപ്പോഴും നാവിലുണ്ട്.

ആദിവാസികള്‍ക്കൊപ്പം രണ്ടുവര്‍ഷം
മാവൂര്‍ സ്‌കൂളില്‍ നിന്ന് 2019 ഒക്ടോബര്‍ പത്തിനാണ് പ്രധാനാധ്യാപകനായി പ്രമോഷന്‍ ലഭിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ വെച്ചൂചിറ കോളനി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു ആദ്യ നിയമനം. അവിടെ 12 ദിവസം മാത്രമാണുണ്ടായത്. ഇവിടെ നിന്ന് വീണ്ടും മലപ്പുറം ജില്ലയിലേക്ക്. നിലമ്പൂര്‍ ഐ ജി എം ആര്‍ എസില്‍ പ്രധാന അധ്യാപകനായി ജോയിന്‍ ചെയ്തു. കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍ വിഭാഗങ്ങളിലെ ആദിവാസി കുട്ടികള്‍ താമസിച്ചുപഠിക്കുന്ന സ്‌കൂളാണിത്. കാടിനുള്ളിലെ അളകളിലും പുറത്തും താമസിക്കുന്ന വിഭാഗമാണിവര്‍. അധ്യാപകജീവിതത്തിലെ വേറിട്ട അനുഭവമായിരുന്നു അത്. മറ്റു സ്‌കൂളുകളിലെ സാഹചര്യമായിരുന്നില്ല അവിടെ. തീര്‍ത്തും വ്യത്യസ്തരായ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രദേശവും. 44 ഊരുകളിലെ നാനൂറോളം കുട്ടികളാണ് ഇവിടെ പഠിക്കാനെത്തിയത്. ഇതില്‍ 24 ഊരുകളിലും നേരിട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിനുവേണ്ടിയാണ് കൂടുതലും പോയത്. സ്വതന്ത്രമായ ഭാഷ സംസാരിക്കുന്ന ഈ കുട്ടികള്‍ അദ്ഭുതമായിരുന്നു. ചാലിയാര്‍, കരുളായി, കാളികാവ്, വഴിക്കടവ്, ചോക്കാട് പഞ്ചായത്തുകളിലെ വനാന്തരങ്ങളില്‍ നിന്നായിരുന്നു കുട്ടികള്‍ ഏറെയും. മാഞ്ചീരി എന്നൊരു കോളനിയുള്ളത് വനാതിര്‍ത്തിയില്‍ നിന്ന് 19 കിലോമീറ്റര്‍ ഉള്ളിലാണ്. സര്‍ക്കാര്‍ വീട് നിര്‍മിച്ചുകൊടുത്തെങ്കിലും ഇവര്‍ ഒരാഴ്ചകാലം മാത്രമാണ് അവിടെ താമസിച്ചത്. വീണ്ടും ഗുഹകളിലേക്ക് തന്നെ മടങ്ങി. സീസണ്‍ അനുസരിച്ച് ഇവര്‍ താമസം മാറ്റും. അവധിക്കാലത്ത് ഊരുകളിലേക്ക് പോയിക്കഴിഞ്ഞാല്‍ പിന്നെ സ്‌കൂള്‍ തുറന്നാലും തിരിച്ചെത്തില്ല. ഇവരെ കൊണ്ടുവരാന്‍ പിന്നീട് ജീപ്പെടുത്ത് കാടിനുള്ളിലേക്ക് തന്നെ പോകണം. ഞങ്ങളെ കണ്ടാല്‍ ഓടിയൊളിക്കും. തിരികെ സ്‌കൂളിലെത്തിക്കുക കടുത്ത ടാസ്‌കാണ്. ഏറെനേരത്തെ ശ്രമങ്ങള്‍ക്കു ശേഷമേ പലരും സ്‌കൂളിലെത്തുകയുള്ളൂ. ഇതുകൊണ്ടുതന്നെ ഏറെ ആസ്വദിക്കുകയും വ്യത്യസ്തമായ അനുഭവം നല്‍കുകയും ചെയ്ത കാലമാണ് ഇവിടത്തേത്. ആദിവാസികളെ കുറിച്ച് പഠനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നാടിനടുത്തുള്ള നായര്‍കുഴി ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലായിരുന്നു സര്‍വീസിന്റെ അവസാനകാലം. മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിച്ചു 37 വര്‍ഷത്തെ അധ്യാപനജീവിതം. പിന്തിരിഞ്ഞു നോക്കുമ്പോള്‍ നിറഞ്ഞ സംതൃപ്തി മാത്രം ■
എഴുത്ത്: ജലീല്‍ കല്ലേങ്ങല്‍പടി

Share this article

About മജീദ് കക്കാട്

View all posts by മജീദ് കക്കാട് →

Leave a Reply

Your email address will not be published. Required fields are marked *