ഞങ്ങളെ വിലയ്ക്കുവാങ്ങാന്‍ വമ്പന്‍മാര്‍ വന്നു

Reading Time: 5 minutes

പത്രപ്രവര്‍ത്തനത്തില്‍ വ്യത്യസ്തമായ വഴികള്‍ തേടണം എന്ന ആഗ്രഹത്തില്‍ നിന്നാണ് ഞങ്ങള്‍ ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് ഫ്രീപ്രസ് മാഗസിന് തുടക്കം കുറിക്കുന്നത്. ബിരുദ കാലത്തെ സഹപാഠിയായിരുന്ന സുഹൃത്ത് വിനോദ് കെ ജോസ് ബിരുദാനന്തര ബിരുദ പഠനത്തിനുശേഷം ഡല്‍ഹിയില്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ജോലി ചെയ്തിരുന്നു, ഡല്‍ഹിയെ ഒരു പത്രപ്രവര്‍ത്തകന്റെ കണ്ണിലൂടെ അടുത്തറിഞ്ഞിരുന്നു.
വിനോദിന്റ ഡിഗ്രി ബാച്ചിലുണ്ടായിരുന്ന ഞങ്ങളില്‍ ചിലര്‍ പല വഴിക്ക് മാധ്യമമേഖലയില്‍ തുടര്‍പഠനം നടത്തിയവരായിരുന്നു. മാധ്യമവിദ്യാർഥികളുടെ സ്വപ്‌നഭൂമി ആയിരുന്നു അക്കാലത്ത് ഡല്‍ഹി. വിശാലാർഥത്തില്‍ കേരളത്തെയും ലോകത്തെയും നോക്കിക്കാണാന്‍ പറ്റിയ ഇടമായി ഞങ്ങള്‍ ഡല്‍ഹിയെ കണ്ടു. ബിനു, ഷൈജിത്ത്, ബിനോയ് എന്നീ സഹപാഠികളൊത്ത് ഞാനും ഡല്‍ഹിയിലേക്ക് കളം മാറുന്നത് അങ്ങനെയാണ്. അപ്പോഴേക്കും വിനോദ് കെ. ജോസ് അമേരിക്കന്‍ റേഡിയോ ആയ റേഡിയോ പെസഫിക്കയുടെ സൗത്ത് ഏഷ്യന്‍ കറസ്‌പോണ്ടന്റ് ആയി ചുമതലയേറ്റിരുന്നു. അദ്ദേഹത്തിന്റെ ബന്ധങ്ങളും അനുഭവപരിചയവും ഞങ്ങളെ ഡല്‍ഹിയില്‍ എത്തിക്കുന്നതിന് വളരെ സഹായകമായി.
സാമ്പ്രദായികരീതികളില്‍ നിന്ന് വ്യത്യസ്തമായ ഒരു പ്രസിദ്ധീകരണത്തെക്കുറിച്ചാണ് ഞങ്ങള്‍ ആലോചിച്ചത്.വിനോദ് അത്തമൊരാശയം പലപ്പോഴായി ഞങ്ങളോട് മുമ്പേ പങ്കുവെച്ചിരുന്നു. ഒരുപാട് വന്‍കിടക്കാരും മലയാളത്തില്‍ തന്നെ ഇറങ്ങുന്ന ദേശീയ മാധ്യമങ്ങളും ഉണ്ടായിരുന്നപ്പോഴും നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തിന്റെ സ്‌പേസ് നിലനില്‍ക്കുന്നുണ്ടായിരുന്നു. ഡല്‍ഹിയിലേക്കുള്ള മാറ്റം ആലോചിക്കുമ്പോള്‍ തന്നെ അവിടെ നേരിടാന്‍ സാധ്യതയുള്ള തിക്താനുഭവങ്ങളെപ്പറ്റിയും വിനോദ് കെ ജോസ് മുന്നറിയിപ്പ് നല്‍കി. കാണുന്നതിനും കേള്‍ക്കുന്നതിനും അപ്പുറത്തുള്ള മറ്റൊരു ഡല്‍ഹിയെ കുറിച്ചായിരുന്നു ആ മുന്നറിയിപ്പ്. ഞങ്ങളുടെ നാടും പേരും മതവും പ്രശ്‌നമാവാന്‍ സാധ്യതയുണ്ടെന്ന് കേട്ടപ്പോള്‍ “നിഷാദ്’ എന്ന, പ്രത്യക്ഷത്തില്‍ മതം തിരിച്ചറിയാന്‍ കഴിയാത്ത ഒരു പേര് എങ്ങനെ പ്രശ്‌നമാവും എന്നാണ് ഞാന്‍ ആദ്യം ചിന്തിച്ചത്.
പത്രപ്രവര്‍ത്തനം എന്നത് സിനിമയില്‍ കാണുന്നതുപോലെ വീരപരിവേഷം ലഭിക്കുന്ന കാര്യമല്ലെന്ന മുന്നറിയിപ്പും വിനോദ് നല്‍കിയിരുന്നു. ലോക പ്രശസ്ത പത്രപ്രവര്‍ത്തകനായ റിച്ചാര്‍ഡ് കീബ്ള്‍ന്റെ “പത്രപ്രവര്‍ത്തനം ആരോഗ്യത്തിന് ഹാനികരം’ എന്ന പ്രശസ്ത വാചകമാണ് ടാഗ് ലൈന്‍ ആയി ഞങ്ങള്‍ കണ്ടത്.
ഡല്‍ഹിയില്‍ നിന്നും ഒരു മലയാള പ്രസിദ്ധീകരണം പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ അത് വലിയ ചാലഞ്ചിങ് ആയിരുന്നു. അതും വിദ്യാർഥികളായ ഒരു പറ്റം ചെറുപ്പക്കാരും ആക്ടിവിസ്റ്റുകളും ചേര്‍ന്നുള്ള സംരംഭം ആകുമ്പോള്‍. എസ്റ്റാബ്ലിഷ്ഡായ മാധ്യമങ്ങള്‍ക്ക് നടുവില്‍ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്ന ആശങ്കയും ഉണ്ടായിരുന്നു.
ഫ്രീപ്രസിന്റെ ആദ്യത്തെ ലക്കം ഇറങ്ങുന്നതിനു മുന്നേ തന്നെ പല ലക്കങ്ങള്‍ക്കുള്ള കവര്‍ സ്റ്റോറികള്‍ ഞങ്ങള്‍ തയാറാക്കി വെച്ചിരുന്നു.ഒരു വര്‍ഷത്തിലേറെ നീണ്ട റിസര്‍ച്ച് വര്‍ക്കുകള്‍ക്കുശേഷം മാത്രമാണ് മാഗസിന്റെ ആദ്യ ലക്കം പുറത്തിറക്കുന്നത്. വിനോദിന്റെ ഡല്‍ഹിബന്ധങ്ങള്‍ കൊണ്ട് ജെ എന്‍ യു, ബ്രിട്ടീഷ് കൗണ്‍സില്‍, കേന്ദ്ര സാഹിത്യ അക്കാദമി ലൈബ്രറികള്‍ ഞങ്ങളുടെ വായനയ്ക്കും ഗവേഷണത്തിനും അന്വേഷണങ്ങള്‍ക്കും പറ്റിയ ഇടങ്ങളായി മാറി.
മനുഷ്യാവകാശ സംഘടനകളും ആക്ടിവിസ്റ്റുകളും ഞങ്ങള്‍ക്ക് വഴികാട്ടി. പൊളിറ്റിക്കലി സ്‌ട്രോങ്ങായ കണ്ടന്റുകള്‍ ആവണം എന്ന് പത്രാധിപരായ വിനോദ് കെ ജോസിന് വലിയ നിര്‍ബന്ധമുണ്ടായിരുന്നു. അതിനായി അദ്ദേഹം ഞങ്ങളെ പരിശീലിപ്പിച്ചു. ഉപരിപ്ലവകരമായ പറഞ്ഞു പോകലുകള്‍ക്കപ്പുറം, വാര്‍ത്തകള്‍ക്കിടയിലെ വാര്‍ത്തകളിലേക്ക് ആഴ്്ന്നിറങ്ങിയുള്ള അന്വേഷണങ്ങളും, മറച്ചുവെക്കപ്പെടുന്ന വാര്‍ത്തകളും തന്നെയായിരുന്നു ഞങ്ങളുടെ ടാര്‍ഗറ്റ്. പത്രപ്രവര്‍ത്തനത്തില്‍ വിനോദിന് കിട്ടിയ പരിശീലനവും അദ്ദേഹത്തിന്റെ നേതൃഗുണവും വാര്‍ത്തകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഞങ്ങളെ വലിയ രീതിയില്‍ സഹായിച്ചു.
വ്യത്യസ്തമായ രൂപഭാവങ്ങളോടെയും ഉള്ളടക്കത്തോടെയും ഡല്‍ഹിയില്‍ നിന്ന് ഒരു പ്രസിദ്ധീകരണം ആരംഭിക്കുന്നു എന്നത് പല രീതിയിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാക്കി. മനുഷ്യാവകാശ പ്രവര്‍ത്തകരും യുവാക്കളും ചേര്‍ന്ന് ഒരു സംരംഭം തുടങ്ങുന്നതില്‍ ആശങ്കപ്പെടുകയോ അസൂയപ്പെടുകയോ ചെയ്തവരില്‍ പ്രമുഖ പത്രപ്രവര്‍ത്തകര്‍ പോലുമുണ്ടായിരുന്നു!
ഇങ്ങനെയൊരു മാധ്യമത്തിന്റെ വരവ് അറിഞ്ഞ് വിളിച്ചവരില്‍ അരുന്ധതി റോയിയും ഉണ്ടായിരുന്നു. അവര്‍ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു. ഫ്രീപ്രസിനെ കുറിച്ചും പ്രവര്‍ത്തനരീതിയെക്കുറിച്ചും ദീര്‍ഘമായി അന്വേഷിച്ചറിഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും സംഘ പരിവാരത്തിന്റെ കേരളത്തിലെ വളര്‍ച്ചയെക്കുറിച്ചും സംസാരിച്ചു. ഇന്ത്യയില്‍ തന്നെ ആര്‍ എസ് എസിന് ഏറ്റവും കൂടുതല്‍ ശാഖകളുള്ള സംസ്ഥാനം കേരളമാണ് എന്ന് അവര്‍ ഓര്‍മിപ്പിച്ചു. വര്‍ഗീയതയുടെ വേരുകള്‍ പല വഴികളിലായി ആഴ്്ന്നുതുടങ്ങിയതിന്റെ അടയാളങ്ങള്‍ അവര്‍ കാണിച്ചു തന്നു.
“പറയൂ ചരിത്രം തുടങ്ങുന്നതെപ്പോഴാണ്?’ എന്ന പേരില്‍ ഒരു കോളം അരുന്ധതി റോയ് ഫ്രീപ്രസിന് അനുവദിച്ചിരുന്നു. അവസാന ലക്കം വരെയും അവര്‍ അത് തുടര്‍ന്നു. അഡ്വ. നന്ദിത ഹക്‌സറിനെ പോലെയുള്ള ദേശീയ പ്രാധാന്യമുള്ള വ്യക്തികള്‍ ഫ്രീ പ്രസില്‍ എഴുതിയിരുന്നു. ഡി വിനയചന്ദ്രന്‍, പി.എം ഗിരീഷ് തുടങ്ങിയ മലയാളി എഴുത്തുകാരും കോളങ്ങള്‍ കൈകാര്യം ചെയ്തിരുന്നു എന്നത് വലിയ അംഗീകാരവും പ്രോത്സാഹനവുമായിരുന്നു.
ആദ്യലക്കത്തില്‍ “കേരളത്തിലെ യുവാക്കള്‍ നിരാശരാണ്’ എന്ന വിഷയമായിരുന്നു ചര്‍ച്ച ചെയ്തത്. ദീര്‍ഘമായ സര്‍വേയുടെയും പഠനത്തിന്റെയും അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടുകളായിരുന്നു അതില്‍. അരുന്ധതി റോയ്, എം മുകുന്ദന്‍, ഇഫ്തിഖാര്‍ ഗീലാനി (കാശ്മീരി ടൈംസ്), തരുണ്‍ തേജ്പാല്‍ (തെഹല്‍ക) തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് പ്രകാശനം നടന്നത്. ഈ ചടങ്ങ് ദ ഹിന്ദു പത്രമടക്കം കവര്‍ ചെയ്തതിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ചു.
“പത്രപ്രവര്‍ത്തനം ആരോഗ്യത്തിന് ഹാനികരം’ എന്ന ടാഗ് ലൈനിന് അടിവരയിടുന്ന ഇടപെടലുകള്‍ തുടങ്ങുന്നത് രണ്ടാം ലക്കം മുതലാണ്. പാര്‍ലമെന്റ് ആക്രമണ സംഭവത്തെ തുടര്‍ന്ന് എസ് എ ആര്‍ ഗീലാനി ജയിലിലടക്കപ്പെട്ടതിനുശേഷം അതിന്റെ പിന്നാമ്പുറങ്ങളെ അന്വേഷിക്കുന്ന റിപ്പോര്‍ട്ടുകളായിരുന്നു രണ്ടാം ലക്കത്തിന്റെ ഉള്ളടക്കം. റാഡിക്കല്‍ ജേര്‍ണലിസത്തിന്റെ രുചിയറിഞ്ഞ കാലം. ഗീലാനിയെ കേസില്‍ കുടുക്കിയതാണെന്ന് സ്ഥാപിക്കുന്ന വിവരണങ്ങള്‍. അദ്ദേഹത്തിന്റെ അഡ്വക്കേറ്റും ആക്ടിവിസ്റ്റുമായ നന്ദിത ഹക്‌സര്‍, അരുന്ധതി റോയ്, വിനോദ് കെ ജോസ് തുടങ്ങിയവരുള്‍പ്പെടുന്ന ഡിഫന്‍സ് കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കുകയായിരുന്നു ഞങ്ങള്‍ ചെയ്തത്. ഗീലാനിയും സഹോദരനും തമ്മിലുള്ള ഫോണ്‍ സംഭാഷണം തെറ്റായ രീതിയില്‍ വിവര്‍ത്തനം ചെയ്യപ്പെടുകയാണ് ഉണ്ടായത് എന്ന ഡിഫന്‍സ് കമ്മിറ്റിയുടെ കണ്ടെത്തല്‍ അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു.
ഭീകരവാദ മുദ്ര ചാര്‍ത്തപ്പെട്ട ഗീലാനിയുടെ പടം വെച്ചുള്ള മാസികയുടെ കവര്‍ പേജ് പോലീസിന്റെയും ഇന്റലിജന്‍സിന്റെയും ശ്രദ്ധയില്‍പെടുകയും അക്കാലത്ത് മാർകറ്റിങ് ഉള്‍പ്പെടെ ചെയ്തിരുന്ന ഞങ്ങളോട് അതിനെക്കുറിച്ച് പുസ്തകഷോപ്പുകാര്‍ ചോദിക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ലിമെന്റ് ആക്രമണകേസില്‍ ഡിഫന്‍സ് കമ്മിറ്റിയുടെ കണ്ടെത്തലുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇതിനുമുന്നേ തന്നെ മലയാളത്തിലെ പ്രമുഖ വാരികകള്‍ക്ക് ഞാനും എന്റെയൊരു മാധ്യമ സുഹൃത്തും നല്‍കിയിരുന്നെങ്കിലും അത് പ്രസിദ്ധീകരിക്കാന്‍ അവരൊന്നും തയാറായിരുന്നില്ല. ഫ്രീ പ്രസ് ടീമിന്റെ ഭാഗമാകാനുണ്ടായ പ്രചോദനം ഈ “നിരാകരണം’ കൂടിയായിരുന്നു എന്നും പറയാം. ഫ്രീപ്രസില്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചുവന്നതിനു ശേഷമാണ് ഇംഗ്ലീഷില്‍ ഒരു മാഗസിന്‍ അത് ആദ്യമായി പ്രസിദ്ധീകരിക്കുന്നത് എന്നത്, മാധ്യമങ്ങള്‍ എത്രത്തോളം പക്ഷപാത സമീപനങ്ങളാണ് ചില കാര്യങ്ങളില്‍ സ്വീകരിച്ചിരുന്നത് എന്നതിന് തെളിവാണ്.

റിലയന്‍സ്
ധീരുഭായ് അംബാനി എന്ന സാധാരണ ട്രഷറി ജീവനക്കാരന്‍ വിദേശത്തെ വെള്ളിനാണയങ്ങള്‍ ഉരുക്കി ധനാഢ്യനായ കഥ, ആസ്‌ട്രേലിയന്‍ പത്രപ്രവര്‍ത്തകനായ ഹമിഷ് മക്‌ഡൊണാള്‍ഡ് തന്റെ പോളിസ്റ്റര്‍ പ്രിന്‍സ് എന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. റിലയന്‍സിന്റെ വളര്‍ച്ചയില്‍ കള്ളപ്പണത്തിന്റെയും, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ റിലയന്‍സിന്റെ കള്ളപ്പണ ഇടപാടുകളുടെയും ഉള്ളുകള്ളികള്‍ വെളിപ്പെടുത്തുന്ന വിശദമായ വിവരങ്ങള്‍ ആ പുസ്തകം പുറത്തുവിടുന്നുണ്ട്. ഇന്ത്യന്‍ മാർകറ്റുകളില്‍ ആ പുസ്തകം ആര്‍ക്കും വാങ്ങാന്‍ പറ്റാതാക്കിയിരുന്നു. ഫ്രീ പ്രസ് ടീമിന് ആ പുസ്തകം കിട്ടി. അതായിരുന്നു മറ്റൊരു കവര്‍ സ്‌റ്റോറി.
റിലയന്‍സ് വിഷയത്തില്‍ സുചേത ദലാല്‍ , ജെ എന്‍ യു പ്രഫസര്‍ കമല്‍ മിത്ര ചെനോയ് തുടങ്ങിയവരുടെ അന്വേഷണാത്മക ലേഖനങ്ങളോടെ ഞങ്ങള്‍ അത് പ്രസിദ്ധീകരിച്ചു. മുംബൈ നരിമാന്‍ പോയിന്റില്‍ വ്യാജ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ബിനാമി സ്ഥാപനങ്ങളുടെ അഡ്രസ് സഹിതം ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രത്യക്ഷത്തില്‍ ഇന്നു കാണുന്ന രീതിയില്‍ അല്ലെങ്കിലും ഏതു ഭരണം വന്നാലും റിലയന്‍സ് അതിന്റെ ഇടപെടലുകള്‍ നടത്താറുള്ളത് കൊണ്ടുതന്നെ, പ്രകീര്‍ത്തനങ്ങളും വാഴ്്ത്തുപാട്ടുകളും മാത്രമേ എന്നും വാര്‍ത്തകളില്‍ വന്നിരുന്നുള്ളൂ. ഈ ലക്കം ഞങ്ങള്‍ക്ക് രണ്ടാം പതിപ്പ് ഇറക്കേണ്ടി വന്നു. ഇന്റലിജന്‍സ് ശ്രദ്ധിക്കാന്‍ തുടങ്ങി. എഡിറ്റര്‍ക്ക് നേരെ രണ്ടു മൂന്നു തവണ വധശ്രമങ്ങളുണ്ടായി. ഞങ്ങളുടെ ഫോണുകള്‍ ടാപ്പ് ചെയ്യാന്‍ തുടങ്ങി.

മറ്റു പ്രധാന ഇടപെടലുകള്‍
ഡല്‍ഹിയിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്ന ലക്കം വലിയ സ്വീകാര്യത നേടിയ ഒന്നാണ്. ഈ ലക്കം ഇറങ്ങിയതിനുശേഷം ഞങ്ങളുടെ ജേണലിസ്റ്റ് വി എം ഷൈജിത്തിന് പാര്‍ലിമെന്റ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഒരു കോള്‍ വന്നു. “നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഇതു തന്നെയാണോ’ എന്ന് ഉറപ്പിക്കാനായിരുന്നു ആ വിളി. ഈ സംഭവത്തോടെ ഞങ്ങളുടെ സ്വകാര്യതക്കും സുരക്ഷയ്ക്കും വലിയ വെല്ലുവിളികള്‍ നേരിട്ടു. സിഖ് കലാപത്തില്‍ അക്കാലത്തെ മന്ത്രിമാരുള്‍പ്പെടെയുള്ളവരുടെ ഇടപെടലുകള്‍ പുറത്തുകൊണ്ടുവന്നു മറ്റൊരു ലക്കം. ഇത് പുറത്തിറങ്ങിയതോടെ വലിയ ഒച്ചപ്പാടുകള്‍ ഉണ്ടായി. പിന്നീട് ഏറെക്കാലത്തിനുശേഷം ഞങ്ങളുടെ റിപ്പോര്‍ട്ട് ശരിവെക്കുന്ന തരത്തില്‍ വിധി വന്നു.
കേരളത്തില്‍ നല്ല രീതിയില്‍ തന്നെ ഫ്രീപ്രസ് വായിക്കപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരാണ് കൂടുതല്‍ ഞങ്ങളെ ശ്രദ്ധിച്ചത് എന്ന് പറയലാവും ശരി. കേരളത്തില്‍ പിടിമുറുക്കിയ ബ്ലേഡ് മാഫിയയെ കുറിച്ചും കരിമണല്‍ മാഫിയയെ കുറിച്ചുമൊക്കെ ഫ്രീപ്രസ് സംസാരിച്ചു. പുഴ കൈയേറ്റങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത ഞങ്ങളുടെ കോഴിക്കോട് റിപ്പോര്‍ട്ടര്‍ എ കെ വരുണ്‍ (ഇപ്പോള്‍ വരുണ്‍ രമേഷ്) അജ്ഞാതരുടെ ആക്രമണത്തിന് ഇരയായതാണ് കേരളത്തില്‍ ഉണ്ടായ പ്രധാന അനിഷ്ട സംഭവം എന്ന് പറയാം. ഡൂള്‍ ന്യൂസിന്റെ തുടക്കത്തില്‍ അദ്ദേഹത്തെ പോലുള്ള നിരവധി റിപ്പോര്‍ട്ടര്‍മാര്‍ ഞങ്ങള്‍ക്ക് വിവിധയിടങ്ങളിലുണ്ടായിരുന്നു. വ്യത്യസ്ത സംസ്ഥാനങ്ങളിലും, രാജ്യങ്ങളിലും റിപ്പോര്‍ട്ടിങിന് ഞങ്ങള്‍ക്ക് ആളുകളുണ്ടായിരുന്നു.
പിന്നീട് തെഹല്‍കയിലും ന്യൂയോര്‍ക് ടൈംസിലും എത്തിയ ബഷാറത്ത് പീര്‍ എന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഞങ്ങളുടെ കാശ്മീര്‍ റിപ്പോര്‍ട്ടറായിരുന്നു.

മുസ്‌ലിം ഐഡന്റിറ്റി
സംഘപരിവാര്‍ ഭരണമോ പ്രത്യക്ഷത്തിലുള്ള വര്‍ഗീയ വിദ്വേഷമോ ഇന്നത്തെയത്ര വ്യാപകമല്ലാതിരുന്നിട്ടും ഡല്‍ഹിയുടെ അടിത്തട്ടില്‍ വര്‍ഗീയതയും വിദ്വേഷവും വളരുന്നുണ്ടായിരുന്നു. മിക്കവാറും മലയാളികളും ബീഫ് കഴിക്കുമായിരുന്നെങ്കിലും ആരും പരസ്യമായി വാങ്ങുമായിരുന്നില്ല. ബീഫ് സ്റ്റാളുകളില്‍ നിന്ന് കൊടുക്കുന്ന കവറിന് പുറത്ത് മറ്റൊരു കവര്‍ ഇട്ടുകൊണ്ടായിരുന്നു പലരും ബീഫ് വാങ്ങിക്കൊണ്ടുപോയിരുന്നത്.
സോഷ്യല്‍ മീഡിയയും മൊബൈല്‍ ഫോണും ഇന്നത്തെ പോലെ വ്യാപകമല്ലാതിരുന്ന അക്കാലത്ത് കത്തുകള്‍ ആയിരുന്നു ഞങ്ങള്‍ സുഹൃത്തുക്കളെ ബന്ധിപ്പിച്ചിരുന്നത്. ദിവസവും പതിനഞ്ചും ഇരുപതും കത്തുകള്‍ എനിക്ക് വരാറുണ്ടായിരുന്നു. ഡല്‍ഹിയിലേക്കുള്ള മാറ്റത്തിനുശേഷം കത്തുകള്‍ കിട്ടാതായി.
എഡിറ്ററായ വിനോദ് ഒരിക്കല്‍ ഒരു കെട്ട് കത്തുകള്‍ എന്നെ ഏല്‍പ്പിച്ചു. എല്ലാം പൊട്ടിച്ച് വായിച്ച നിലയിലായിരുന്നു. “ഡല്‍ഹിയില്‍ പുതുതായി വന്ന ഒരു മുസ്‌ലിം യുവാവിന് ധാരാളം കത്തുകള്‍ വരുന്നു; അവിടെ എന്താ ഭീകരവാദി താമസിക്കുന്നുണ്ടോ’ എന്ന് പോലീസ് ഞങ്ങളുടെ ഫ്ലാറ്റിന്റെ ലാന്റ് ഓണറോട് ചോദിച്ചതായി അദ്ദേഹം പറഞ്ഞു. നിഷാദ് എന്നത് നിഷാദ് അഹമ്മദോ, നിഷാദ് മുഹമ്മദോ മാത്രമായിരുന്നു അവര്‍ക്ക്. അതൊരു മുസ്‌ലിം പേരായി മാത്രമാണ് പോലീസ് അടക്കം ദല്‍ഹിയില്‍ പലരും കണ്ടിരുന്നത്. എനിക്ക് വരുന്ന കത്തുകള്‍ പൊലീസ് രഹസ്യമായി തുറന്നു വായിച്ചിരുന്നു എന്ന വസ്തുത ഞെട്ടലോടെ മനസിലാക്കുകയായിരുന്നു!
കത്തുകളില്‍ എഴുതുന്ന തമാശകള്‍ പലതും ഡീകോഡ് ചെയ്യുമ്പോള്‍ അർഥവ്യത്യാസം വരുന്നതിന്റെ അപകടമോര്‍ത്ത് സുഹൃത്തുക്കളോട് ഇനി കത്തുകള്‍ അയക്കേണ്ടതില്ലെന്ന് പറയേണ്ടി വന്നു. “അസാധാരണമെന്ന് ‘ പോലീസ് വിലയിരുത്തിയ ആ കത്തുകള്‍ നിലച്ചുപോയതാണ് എന്നെ സംബന്ധിച്ചിടത്തോളം ഡല്‍ഹിക്കാലത്തെ മറക്കാനാവാത്ത അനുഭവം.
“നിരാശാഭരിതരായ സുഹൃത്തുക്കള്‍ക്ക് ഒരു കത്ത്’, “നിഷാദിനാരും എഴുതുന്നില്ല’ തുടങ്ങിയ തലക്കെട്ടുകളില്‍ ഇതിനെക്കുറിച്ച് പിന്നീട് ഞാന്‍ എഴുതിയിട്ടുണ്ട്. ഫ്രീപ്രസിന്റെ ഇസ്‌ലാമോഫോബിയ ലക്കത്തിലും ഈ അനുഭവം എഴുതിയിരുന്നു. മനോരമയിലും മാതൃഭൂമിയിലും ഉള്‍പ്പെടെയുള്ള പല പത്രസുഹൃത്തുക്കളും അവ വായിച്ച് വിളിച്ചതോര്‍ക്കുന്നു.

നിര്‍ത്താനുണ്ടായ സാഹചര്യം
രണ്ടു വര്‍ഷത്തോളം നീണ്ട പ്രവര്‍ത്തനകാലമായിരുന്നു ഞങ്ങളുടേത്. അതിൽ തന്നെ ഒരു വർഷം മാത്രമാണ് പ്രസിദ്ധീകരണം പുറത്തിറക്കിയത്. 2004 ജൂണിൽ ആദ്യ ലക്കമിറങ്ങി. 2005 മെയ് മാസത്തോടെ അവസാനിപ്പിച്ചു. ഒരു മലയാള പ്രസിദ്ധീകരണമായിട്ടുപോലും അതിനകം തന്നെ ഫ്രീ പ്രസ് ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. പോലീസിന്റെയും ഇന്റലിജന്‍സിന്റെയും നിരന്തരമായ പിന്തുടരല്‍ ഞങ്ങളുടെ സ്വകാര്യതകളെ ഇല്ലാതാക്കി. മഫ്തിയില്‍ അവര്‍ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. പലപ്പോഴും കോപ്പികള്‍ വില്‍ക്കപ്പെടാതെ ന്യൂസ് സ്റ്റാന്‍ഡുകളില്‍ നിന്ന് എടുത്തുമാറ്റപ്പെട്ടു. നേരിട്ടല്ലെങ്കിലും ഭരണകൂടത്തിന്റെയും കോർപറേറ്റുകളുടെയും ഇടപെടലുകള്‍ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കി. തല്‍ഫലമായി സാമ്പത്തിക ഞെരുക്കമുണ്ടായി. ഞങ്ങളെത്തന്നെ സ്റ്റാഫായി നിലനിര്‍ത്തിക്കൊണ്ട് പല വമ്പന്മാരും ഫ്രീപ്രസ് വിലക്കെടുക്കാന്‍ സന്നദ്ധത അറിയിച്ചു.വിപണിയിലെ ഉല്പന്നമായി വില്പനക്കു നിന്നുകൊടുക്കാന്‍ ഞങ്ങള്‍ ഒരുക്കമായിരുന്നില്ല. പ്രസാധനം കേരളത്തിലേക്ക് മാറ്റുന്നതിനെ കുറിച്ചും ഞങ്ങള്‍ ആലോചിച്ചിരുന്നു.
സ്വരം നന്നായിരിക്കേ തന്നെ പാട്ട് തല്‍ക്കാലം നിര്‍ത്തുകയാണ് അഭികാമ്യം എന്ന് ചീഫ് എഡിറ്റര്‍ വിനോദ് കെ. ജോസിന്റെ നേതൃത്വത്തിലുള്ള ഞങ്ങളുടെ ടീം മനസിലാക്കി. അങ്ങനെ ഫ്രീ പ്രസ് എന്ന പ്രസിദ്ധീകരണത്തിന് അർധവിരാമം കുറിച്ചു, അപ്പോഴും ആ ആശയം ഞങ്ങളുടെ ഉള്ളില്‍ ഒരു വിരാമചിഹ്നത്തിനും പിടികൊടുക്കാതെ ബാക്കിനിന്നു.വലിയ ഒച്ചപ്പാടുകള്‍ ഇല്ലാതെ, ഫാഷനെക്കുറിച്ച് ഒരു സാധാരണ ലക്കമായിരുന്നു ഫ്രീ പ്രസിന്റെ അവസാനത്തെ ലക്കം.
കേരളത്തിലെ ഉയര്‍ന്ന തലത്തിലുള്ള ഉദ്യോഗസ്ഥരില്‍ നിന്നൊക്കെ അപ്രതീക്ഷിത പിന്തുന്ന ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഒരിക്കല്‍ എഡിറ്റര്‍ വിനോദ് കെ ജോസിനെ ഇന്റര്‍ സ്റ്റേറ്റ് പോലീസ് ചോദ്യം ചെയ്തപ്പോള്‍ കേരളത്തിലെ അറിയപ്പെടുന്ന ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ച് പിന്തുണ അറിയിച്ചിരുന്നു.
സോഷ്യല്‍ മീഡിയ വ്യാപകമായ ഇക്കാലത്തായിരുന്നു ഫ്രീ പ്രസ് എങ്കില്‍, ഞങ്ങളുടെ പല റിപ്പോര്‍ട്ടുകളും ഇതിനെക്കാള്‍ വലിയ രാഷ്ട്രീയ പ്രഹരങ്ങ ളുണ്ടാക്കുമായിരുന്നു. ഫ്രീ പ്രസ് പോലെ വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ മറ്റൊരു പ്രസിദ്ധീകരണം മലയാളത്തില്‍ പിന്നീട് ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഫ്രീ പ്രസിന് ലിബറല്‍ ലെഫ്റ്റ് സ്വഭാവം ഉണ്ടായിരുന്നുവെങ്കിലും ജെ.എന്‍.യു.വിലെ എസ് എഫ് ഐ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളെ വസ്തുതാപരമായി വിമര്‍ശിക്കാന്‍ ഒട്ടും മടിച്ചിരുന്നില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ അക്കാലത്തുതന്നെ കോർപറേറ്റുവത്കരിക്കപ്പെട്ടിട്ടുണ്ട്. അതിപ്പോള്‍ കൂടുതല്‍ പ്രകടമായിരിക്കുന്നു എന്നേയുള്ളൂ. വാര്‍ത്തയെ തന്നെ വന്‍
വിപണിയാക്കി മാറ്റുന്ന, സ്വതന്ത്ര മാധ്യമപ്രവർത്തനം മിത്തായി മാറുന്ന ഇക്കാലം തീര്‍ച്ചയായും മറ്റൊരു ഫ്രീ പ്രസ് അഥവാ സ്വതന്ത്ര മാധ്യമ ഇടപെടല്‍ അര്‍ഹിക്കുന്നുണ്ട് ■
തയാറാക്കിയത്: ഷാനിഫ് ഉളിയില്‍

Share this article

About വി എച്ച് നിഷാദ്

View all posts by വി എച്ച് നിഷാദ് →

Leave a Reply

Your email address will not be published. Required fields are marked *