അഗ്‌നിപഥ്: സൈന്യത്തെ വെച്ചൊരു അഗ്‌നിപരീക്ഷ

Reading Time: 4 minutes

ലോകത്തേറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കോവിഡ് കാലത്ത് അയല്‍രാജ്യങ്ങളെക്കാള്‍ കഷ്ടമായിരുന്നു ഇവിടുത്തെ സ്ഥിതി. ഗ്രാമീണ- നഗര മേഖലകളില്‍ തൊഴിലില്ലായ്മ സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. മോദി സര്‍ക്കാരിന് കീഴില്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നിലവിലെ തൊഴിലില്ലായ് മ പ്രതിസന്ധിക്ക് മുഖ്യകാരണമായതായി പ്രതിപക്ഷം ആരോപിക്കുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇപ്പോള്‍ 7.7% ആണ് തൊഴിലില്ലായ്മ നിരക്ക്. നഗരമേഖലയില്‍ 7.5%ഉം ഗ്രാമീണ മേഖലയില്‍ 7.8%ഉം.
2016ലെ നോട്ടുനിരോധനം ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ഇടിത്തീയായി മാറി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടമായി. ഏകദേശം ഒരു ലക്ഷം ചെറുകിട സംരംഭങ്ങള്‍ ഇന്ത്യയില്‍ പൂട്ടിപ്പോയെന്ന് കണക്കാക്കുന്നു. തൊഴിലാളികള്‍ മാത്രമല്ല തൊഴില്‍ദാതാക്കളും ഇന്ത്യയില്‍ നിലകിട്ടാതെ വീണു എന്ന് സാരം. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്ക് കൂട്ടത്തോടെ തൊഴില്‍ നഷ്ടമായ പ്രതിഭാസമായി നോട്ടുനിരോധന കാലത്തെ പ്രതിസന്ധികള്‍ മാറിയിരുന്നു. ശാസ്ത്രീയമല്ലാതെ നടപ്പിലാക്കിയ ജിഎസ്ടിയും സാമ്പത്തിക മേഖലയില്‍ വലിയ നഷ്ടങ്ങള്‍ക്ക് വഴിതുറന്നു. ആ വഴിക്ക് കുറെയധികം തൊഴിലവസരങ്ങളും ഒലിച്ചുപോയി.
സര്‍ക്കാരിന്റെ പിന്തിരിപ്പന്‍ നയങ്ങള്‍ കാരണം വിവിധ വിദേശ കമ്പനികള്‍ “മേക് ഇന്‍ ഇന്ത്യ’ മതിയാക്കി മടങ്ങിപ്പോയി. അതും നമുക്ക് മറ്റൊരു പ്രഹരമായി. 2019-ന്റെ രണ്ടാം പകുതിയില്‍ ഓട്ടോമൊബൈല്‍ രംഗത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി വീണ്ടും തൊഴിലില്ലായ്മ കൂട്ടി. ഇതുവരെ തൊഴിലില്ലായ്മ എന്നൊരു യാഥാർഥ്യത്തെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഒരു അഹങ്കാര സമീപനമാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത് എന്നത് വേറെ കാര്യം. കോവിഡ് മഹാമാരിക്കാലത്ത് സംഘടിതവും അസംഘടിതവുമായ തൊഴില്‍മേഖല ആടിയുലഞ്ഞു.
ഇപ്പോള്‍ അഗ്‌നിപഥ് എന്നൊരു പദ്ധതി ഉയര്‍ത്തിക്കാണിച്ചിരിക്കുന്നു സര്‍ക്കാര്‍. പത്തുലക്ഷം ആളുകള്‍ക്ക്, 23 വയസില്‍ താഴെയുള്ള ചെറുപ്പക്കാര്‍ക്ക്, സൈനിക മേഖലയില്‍ തൊഴില്‍ നല്‍കുമെന്നാണ് വാഗ് ദാനം. പ്രായപരിധി നേരത്തേ 21 വയസാണ് പറഞ്ഞത്. പ്രതിഷേധം കനത്തപ്പോള്‍ 23 ആക്കി. ഇക്കൊല്ലം 46000 പേര്‍ക്ക് മൂന്ന് സേനകളിലുമായി നിയമനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. 40,000 പേര്‍ക്ക് കരസേനയില്‍ തന്നെയാകും നിയമനമുണ്ടാവുക. അടുത്ത നാലഞ്ചുവര്‍ഷം ഏകദേശം 60,000 വരുന്ന യുവാക്കളെ കര-നാവിക-വ്യോമ സേനകളിലേക്ക് നിയമനം നടത്തും. പിന്നീട് അത് പ്രതിവര്‍ഷം ഒന്നരലക്ഷമാക്കി ഉയര്‍ത്താന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കരുതുന്നു. കോടിക്കണക്കിന് ചെറുപ്പക്കാര്‍ തൊഴിലില്ലാതെ കഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് വെറും നാല്പത്താറായിരം പേര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ സര്‍ക്കാര്‍ ഇക്കാണാവുന്ന കോലാഹലം മുഴുവന്‍ വരുത്തിവെക്കുന്നത് എന്നത് വലിയ വിരോധഭാസമാണ്. ഇപ്പോള്‍ പത്തുലക്ഷം തൊഴിലവസരങ്ങള്‍ എന്ന വാഗ് ദാനം തന്നെ പ്രയോഗത്തില്‍ നിലവില്‍ തൊഴിലന്വേഷകരായ പ്രായപൂര്‍ത്തിയായ കോടിക്കണക്കിന് ചെറുപ്പക്കാര്‍ക്ക് അപ്രാപ്യമാണ്. അതായത് ഈയൊരു പതിറ്റാണ്ടില്‍ തൊഴിലില്ലായ്മ പരിഹരിക്കപ്പെടാനുള്ള വഴിയായി പോലും അഗ്‌നിപഥ് മാറാന്‍ പോകുന്നില്ല. 23 വയസ് എന്ന കടമ്പയില്‍ തട്ടി ദശലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ മാറ്റി നിര്‍ത്തപ്പെടുന്ന സാഹചര്യം വര്‍ഷാവര്‍ഷം കാണാം.
ഇപ്പോള്‍ തന്നെ സേനയില്‍ പ്രവേശനം നേടാന്‍ വിവിധ റിക്രൂട്‌മെന്റ് റാലികളില്‍ പങ്കെടുത്ത് എല്ലാ പരീക്ഷകളും കഴിഞ്ഞിരിക്കുന്ന അരലക്ഷം പേര്‍ ഒറ്റയടിക്ക് പുറത്തായ സാഹചര്യമുണ്ട്. സേനയില്‍ തൊഴില്‍ സ്വപ്‌നം കണ്ട് പ്രയത്‌നിച്ചുവരുന്ന ഉദ്യോഗാര്‍ഥികള്‍ കബളിപ്പിക്കപ്പെട്ടു എന്നതാണ് നിലവിലത്തെ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെ വലിയൊരു കാര്യം.
ഓരോ വര്‍ഷവും രണ്ടുകോടി തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്ന് പറഞ്ഞ ആളാണ് പ്രധാനമന്ത്രി. തിരഞ്ഞെടുപ്പുകാലത്ത് പറയുന്ന അത്തരം കാര്യങ്ങളൊക്കെ ചുമ്മാ പറയുന്നതല്ലേ എന്നാണ് ആഭ്യന്തര മന്ത്രി തന്നെ പറഞ്ഞത്. ഇങ്ങനെ ജനങ്ങളെ വിഡ്ഢികളായി കണ്ട വേറെ ഭരണാധികാരികള്‍ ബ്രിട്ടീഷുകാരില്‍ പോലും കുറവായിരിക്കണം. വര്‍ഷാവര്‍ഷം രണ്ടുകോടി പോയിട്ട് അരലക്ഷം പോലും തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന് ത്രാണിയില്ലെന്നതാണ് വസ്തുത.
അതേസമയം, തൊഴിലില്ലായ്മ പരിഹരിക്കാനുള്ള മേഖലയായി സൈനിക മേഖലയെ കാണുന്നത് അപക്വമാണ്. അത്തരം ഒരു അപക്വസമീപനമാണ് മോദി സർക്കാർ സ്വീകരിച്ചത്. തൊഴിലില്ലായ്മ സംബന്ധിച്ച പ്രതിസന്ധി രൂക്ഷമാവുകയും രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ദിനേനയെന്നോണം ഇവ്വിഷയം ഉയര്‍ത്തി മോദി സര്‍ക്കാരിന് നേരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ‘പത്തുലക്ഷം യുവാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ നല്‍കുന്നു’ എന്നത് രാജ്യം ആഘോഷിക്കുന്ന മോഹനവാഗ് ദാനമായി മാറുമെന്ന് മോദിയോട് ആരോ പറഞ്ഞുകാണണം.
ചുരുക്കിപ്പറഞ്ഞാല്‍ അഗ്‌നിപഥ് തൊഴിലില്ലായ്മക്കുള്ള പരിഹാരമല്ല. പിന്നെ ഇതെന്തിനാണ്? സൈന്യത്തെ അടിമുടി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ അഗ്‌നിപഥ് സ്‌കീം എന്ന സൈനിക മേധാവികളുടെ വിശദീകരണം പോലും അസ്ഥാനത്തായി പോകുന്നത് “തൊഴിലില്ലായ് മ പരിഹരിക്കാനുള്ള മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന മട്ടിലുള്ള പിആര്‍ ആഘോഷങ്ങള്‍ ബിജെപി തന്നെ നടത്തിവന്നതിനാലാണ്. പാര്‍ട്ടിയുടെ വക്താക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിശിദീകരിച്ചാല്‍ ഉത്തരം മുട്ടിയാലോ എന്നുകരുതിയാകണം പത്രക്കാരെ കാണാന്‍ സൈനിക മേധാവികള്‍ നിയോഗിക്കപ്പെടുന്നത്. “സമരക്കാരെ ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്, വേണ്ടതെന്താണെന്ന് ഞങ്ങള്‍ക്ക് അറിയാം’ എന്നൊക്കെയുള്ള ഭാഷ ബിജെപി നേതാക്കളിലെ തീവ്രവാദികളുടേതാണ്. അത് സൈന്യം അനുകരിക്കുന്നത് ഒട്ടും ഭൂഷണമല്ല. സൈന്യത്തെ ഇങ്ങനെ രാഷ്ട്രീയവത്കരിക്കുന്ന ഒരു സര്‍ക്കാര്‍ അഗ്‌നിപഥ് നടപ്പിലാക്കുന്നതിന് പിന്നില്‍ അപകടം പിടിച്ച രാഷ്ട്രീയ താല്പര്യങ്ങളുണ്ട് എന്ന വാദവും മറുതലക്കല്‍ സജീവമാണ്.
സൈനികരുടെ ശരാശരി പ്രായം കുറച്ചുകൊണ്ടുവരാനുള്ള നീക്കമാണെന്നും സൈനികരുടെ എണ്ണം കുറക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ പറയാന്‍ ശ്രമിക്കുന്നു. പാകിസ്ഥാന്‍, ചൈന തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്ന് വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ തന്നെയാണോ ഇങ്ങനെ ഒരു തീരുമാനമെടുക്കേണ്ടത്? അകത്തും പുറത്തും സമാധാനത്തോടെ കഴിയുന്ന രാജ്യങ്ങള്‍ക്ക് ആയുധം വാങ്ങുന്നത് ചുരുക്കാം. പട്ടാള സേവനം ലഘൂകരിക്കാം. ഇന്ത്യയിലെ സ്ഥിതി അങ്ങനെയല്ല. വിവിധ വികസിത രാജ്യങ്ങളിലെ പരിഷ്‌കാരങ്ങള്‍ അതുപോലെ നടപ്പിലാക്കാവുന്ന സാഹചര്യമല്ല ഇന്ത്യയിലേത്. നിലവില്‍ പതിനഞ്ചു വര്‍ഷത്തെ സേവനം എന്നുള്ളത് ഒറ്റയടിക്ക് നാലു വര്‍ഷമാക്കി ചുരുക്കുന്നത് പ്രായോഗികമാകില്ല. കൂടാതെ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളും ഇല്ലാതാക്കുന്നത് സൈന്യത്തില്‍ സേവനം ചെയ്യുന്നവരുടെ മാനസിക സ്ഥിതിയെ ബാധിക്കും. പ്രതിരോധ ചെലവുകള്‍ കുറക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്ന് പറയുന്നവര്‍ തന്നെയാണ് കശ്മീരിലും ലഡാക്കിലുമെല്ലാം സിവിലിയന്‍സിന്റെ എണ്ണത്തിനൊപ്പിച്ച് ജവാന്മാരെ വിന്യസിച്ചിട്ടുള്ളത് എന്നത് വേറെയൊരു വൈരുധ്യം.
നാലുവര്‍ഷത്തെ സൈനിക ജോലി (ഇനിയങ്ങോട്ട് സൈനിക സേവനം സൈനിക തൊഴിലായി മാറുന്ന സ്ഥിതിയാണ് ഉണ്ടാവുന്നത്) കഴിഞ്ഞാല്‍ 25% ആളുകള്‍ക്ക് പോലും അവിടെ തുടരാന്‍ കഴിയില്ലെന്ന് പറയുന്നു. ബാക്കിയുള്ള ചെറുപ്പക്കാരില്‍ എത്ര ശതമാനം ആളുകള്‍ക്ക് മറ്റു മേഖലകളില്‍ ജോലി കിട്ടും? നാലുവര്‍ഷം കഴിഞ്ഞ് പുറത്തുവരുമ്പോള്‍ കൈയില്‍ പന്ത്രണ്ട് ലക്ഷത്തോളം വരുന്ന തുകയുണ്ടാകും എന്നതാണ് പ്രലോഭനം. എന്നാല്‍ സൈന്യം പറഞ്ഞുവിട്ടവര്‍ എന്ന ലേബലുണ്ടായാല്‍ തുടര്‍ജോലികള്‍ക്ക് തടസമാകുന്ന സ്ഥിതി വരില്ലേ? അതായത് കാര്യപ്രാപ്തി കുറഞ്ഞുപോയതിനാല്‍ സൈന്യത്തില്‍ തുടരാന്‍ കഴിയാതെ പോയവര്‍ എന്ന നോട്ടം ഇവരിലേക്ക് നീളുമല്ലോ. ഇങ്ങനെയുള്ളവരെ പരമാവധി നിര്‍മാണാത്മകതയും കാര്യക്ഷമതയും നോക്കി ജോലിക്കെടുക്കുന്ന കമ്പനികള്‍ എന്തിന് പരിഗണിക്കണം? ഇരുപത്തിയൊന്നാം വയസിലും ഇരുപത്തിമൂന്നാം വയസിലുമൊക്കെ സൈന്യത്തില്‍ പോയ ചെറുപ്പക്കാരും, അല്ലാത്ത കൂടുതല്‍ വിദ്യാസമ്പന്നരായ ചെറുപ്പക്കാരും ഒരുപോലെ ഒരിടത്ത് ജോലിക്ക് വന്നാല്‍ ആരെയാണ് തൊഴില്‍ദാതാക്കള്‍ പരിഗണിക്കേണ്ടത്? കൂടുതല്‍ നിർമാണാത്മകത ആര്‍ക്കാണെന്നാണോ നോക്കേണ്ടത് അതോ പിരിച്ചുവിടപ്പെട്ട ഒരു ജവാനെ തൊഴിലിനെടുക്കാന്‍ മാത്രം “ദേശഭക്തി’ തങ്ങള്‍ക്ക് ഉണ്ടെന്ന് നാട്ടുകാരോട് പറയുകയാണോ വേണ്ടത്? തൊഴിലന്വേഷകരായ ചെറുപ്പക്കാരുടെ ജീവിതം കൂടുതല്‍ ദുസഹമാക്കുന്ന പുതിയ കാരണങ്ങള്‍ ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ എന്നുപറയേണ്ടി വരും.
സൈന്യത്തില്‍ നിന്ന് തിരിച്ചുവന്നിട്ട് ജോലിയൊന്നും കിട്ടാതെയായാല്‍, സമൂഹത്തില്‍ പട്ടാളമനസുള്ള വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ വര്‍ഷാവര്‍ഷം തൊഴില്‍രഹിതരായി ഉണ്ടാകുന്ന സാഹചര്യം അപകടം ചെയ്യില്ലേ? അമേരിക്ക പോലുള്ള പാശ്ചാത്യന്‍ നാടുകളില്‍ സ്‌കൂളുകളിലും മറ്റുമുണ്ടാകുന്ന വെടിവെപ്പുകള്‍ കേട്ടിട്ടില്ലേ? ഇറാഖിലും അഫ്ഗാനിസ്ഥാനിലുമൊക്കെ സേവനം കഴിഞ്ഞെത്തിയ ചെറുപ്പക്കാര്‍ പലരും പിന്നീട് വിഷാദരോഗത്തിനടിമയാവുകയും സൈനിക ദേശീയതയുടെ മനോനിലയില്‍ തീവ്രവാദികളെപോലെ പെരുമാറുകയും ചെയ്യുകയാണത്രെ. നാലുവര്‍ഷത്തെ സൈനിക ജീവിതം കഴിഞ്ഞ് നാട്ടില്‍ നടക്കുന്ന ചെറുപ്പക്കാര്‍ അവരുടെ ജോലി, ദാമ്പത്യം, പഠനം, കുടുംബം തുടങ്ങിയ വിഷയങ്ങളില്‍ ഉണ്ടാകുന്ന പരാജയങ്ങളിലോ മറ്റോ പ്രകോപിതരായിതീര്‍ന്നാല്‍ എങ്ങനെയൊക്കെ പ്രതികരിക്കാന്‍ തുടങ്ങും എന്നത് ഒരു പ്രശ്‌നമാണ്. പന്ത്രണ്ടു ലക്ഷം രൂപ കൊണ്ട്, വിലക്കയറ്റം ദിനചര്യയായ ഒരു രാജ്യത്ത് എത്ര കാലം കഴിയാനാവും എന്ന ചോദ്യം പ്രധാനപ്പെട്ടതാണ്.
എല്ലാത്തിലുമുപരി ഇത്തരം ചെറുപ്പക്കാരെ തീവ്രദേശീയത രാഷ്ട്രീയ വ്യവഹാരമാക്കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ആകര്‍ഷിക്കുകയും അവരെ മിലീഷ്യകളാക്കി കൊണ്ടുനടക്കുകയും ചെയ്യാനുള്ള സാഹചര്യമാണ് ഉരുത്തിരിയുക. ബിജെപി ഓഫീസുകള്‍ക്ക് കാവല്‍നില്‍ക്കുന്ന പണിയിലേക്ക് ആളെ വെക്കുമ്പോള്‍ അഗ്‌നിവീരന്മാര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന ബിജെപി നേതാവിന്റെ പ്രസ്താവന ഇവിടെ ചേര്‍ത്തുവെക്കണം.
ഇനി അഗ്‌നിപഥ് വഴിയുള്ള ഈ നിയമനങ്ങളുടെ യോഗ്യത എന്തൊക്കെയാകും? സംവരണം അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കപ്പെടുമോ? അങ്ങനെയല്ലാതെ തൊഴില്‍രഹിതരായ ആര്‍ക്കും നിയമനമെന്നാണെങ്കില്‍ ശാഖയില്‍ പോയി വര്‍ഗീയത പ്രചരിപ്പിക്കുന്ന, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന, രാജ്യത്തിന്റെ അഖണ്ഡതക്ക് വിഘാതം നില്‍ക്കുന്ന, ഒരു പണിയുമില്ലാതെ നടക്കുന്ന ആര്‍എസ്എസുകാരെ സൈന്യത്തില്‍ തിരുകിക്കയറ്റാനുള്ള ഗൂഢനീക്കമല്ലേ ഇത്? അങ്ങനെയാണെന്ന് പറഞ്ഞാല്‍ എങ്ങനെ നിഷേധിക്കും? അല്ലെങ്കിലേ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് ശാഖകളില്‍ സായുധ പരിശീലനമുണ്ട്. പ്രഗ്യാസിംഗ് താക്കൂറും, പുരോഹിതുമൊക്കെ ഈ വിഷയങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. തീവ്ര ഹിന്ദുത്വ സംഘടനകള്‍ വ്യാപകമായി ആയുധ പ്രദര്‍ശനം നടത്തുന്നവരാണ്. ഇങ്ങനെയുള്ള ചെറുപ്പക്കാര്‍ സൈന്യത്തില്‍ ചെന്നുചേര്‍ന്ന് പരിശീലനം നേടുന്നത് അപകടം ചെയ്യും എന്നിത്യാദി വിമര്‍ശങ്ങള്‍ ഒട്ടും അസ്ഥാനത്തല്ല. നിലവിലെ സാഹചര്യത്തില്‍ സൈന്യത്തിന്റെ തലപ്പത്തുള്ളവരെ സര്‍ക്കാര്‍ ഇഷ്ടത്തിന് നിയമിക്കുന്നതാണ് സ്ഥിതി. അതിനി സാധാരണ പട്ടാളക്കാരന്റെ നിയമനത്തിലേക്കും വരുന്നത് രാജ്യത്തിന്റെ അഖണ്ഡതക്ക് ഗുരുതരമാം വിധം പ്രശ്‌നമാണ്. നീണ്ട പരിശീലനങ്ങളും പരീക്ഷകളും കഴിഞ്ഞുമാത്രം സൈന്യത്തിന്റെ ഭാഗമാകുന്ന രീതിയില്‍ നിന്നുമാറി ഹ്രസ്വകാലത്തെ പരിശീലനത്തിലൂടെ സൈന്യത്തിന്റെ അകത്തുവരുന്നവര്‍ സൈന്യത്തിന്റെ ഭാഗമാകുമ്പോള്‍ ശീലിക്കേണ്ട അച്ചടക്കം ഉള്‍ക്കൊള്ളുമോ എന്ന ആശങ്കയുമുണ്ട്.
സൈന്യത്തിന്റെ നവീകരണത്തിന് വേണ്ടതിനെക്കാള്‍ തുക സൈനികരുടെ പെന്‍ഷന്‍-മറ്റു ആനുകൂല്യങ്ങളുടെ ഇനത്തില്‍ ചെലവാക്കേണ്ടതായി വരുന്നുണ്ടത്രേ. ഇത് പരിഹരിക്കാനാണ് പുതിയ നീക്കമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിക്കാന്‍ തയാറായ സൈനികരുടെ പെന്‍ഷന്‍ സംവിധാനം നിര്‍ത്തലാക്കിയിട്ടാണോ സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനുള്ള വഴികള്‍ തേടേണ്ടത് എന്നാണ് വിമര്‍ശനം. അതേസമയം പ്രതിരോധചെലവ് കുറക്കാനുള്ള നീക്കമാണിതെന്ന് പറയുമ്പോള്‍ തന്നെ നാലുവര്‍ഷത്തിന് ശേഷം സൈന്യത്തില്‍ നിന്ന് പുറപ്പെട്ടുപോരേണ്ട “അഗ്‌നിവീരന്മാര്‍’ക്ക് പാരാ മിലിറ്ററിയില്‍ നിയമനത്തിന് പരിഗണന നല്‍കുമെന്നാണ് വാഗ്ദാനം. ഇന്ത്യയില്‍ കരസേന പോലെ തന്നെ സജീവ സാന്നിധ്യമായ വിവിധ പാരാ മിലിറ്ററി സംവിധാനങ്ങളിലേക്ക് വേറെ റിക്രൂട്‌മെന്റുകള്‍ ഇപ്പോഴുള്ളതുപോലെ തന്നെ തുടര്‍ന്നേക്കും. പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും അവിടെ ഉണ്ടായേക്കും. പ്രതിരോധചെലവ് അപ്പോള്‍ കുറയുന്നത് എങ്ങനെയാണ്? ഇനി അഗ്‌നീവീരന്മാരെ എടുക്കുന്നതില്‍ അവിടെയും നിയന്ത്രണങ്ങളുണ്ടെങ്കില്‍ അവര്‍ മറ്റു ഇടങ്ങളില്‍ തൊഴിലിന് സ്വീകരിക്കപ്പെടുമെന്ന് എങ്ങനെ കരുതാനാകും?
പരസ്പര ബന്ധമില്ലാത്ത, വൈരുധ്യങ്ങള്‍ നിറഞ്ഞ, മതിയായ തയാറെടുപ്പില്ലാത്ത, പ്രതിപക്ഷ വിമര്‍ശനം വന്നതിനാല്‍ തിരക്കിട്ടു നടത്തുന്ന, പൈലറ്റ് പദ്ധതികളാല്‍ പരിശോധിക്കപ്പെടാത്ത ഒരു അഗ്‌നിപരീക്ഷ തന്നെയാണിത്. ഉദ്യോഗാര്‍ഥികളുടെയും യുവാക്കളുടെയും പ്രതിഷേധം കനക്കുകയാണ്. ട്രെയിനുകളും ബസുകളുമടക്കം നിരവധി പൊതുമുതലുകള്‍ തീവെക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. യുപിയില്‍ പൊലീസ് സ്റ്റേഷനും വാഹനവും അഗ്‌നിക്കിരയാക്കിയപ്പോള്‍ ബിഹാറില്‍ മന്ത്രിയും എംഎല്‍എയുംവരെ കല്ലേറുകൊണ്ട് ഓടേണ്ടി വന്നു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പ്രസ്തുത പദ്ധതിയെ ശക്തമായിത്തന്നെ എതിര്‍ക്കുകയാണ്. രാജ്യതലസ്ഥാനത്ത് കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്നാണ് മനസിലാകുന്നത്. കര്‍ഷകനിയമങ്ങള്‍ പിന്‍വലിച്ചതുപോലെ പ്രതിഷേധങ്ങള്‍ കനത്താല്‍ അഗ്‌നിപഥ് സ്‌കീമും പിന്‍വലിക്കേണ്ടി വരുമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ പ്രവചിക്കുന്നത്.
ഇത് സി എ എ സമരം പോലെയോ, കര്‍ഷക സമരം പോലെയോ ഒന്നുമല്ല. ഇത് ഏതു നിമിഷവും കത്തിക്കയറാന്‍ മാത്രം ഗൗരവമുള്ളതും സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്നതുമാണ്. പ്രതിഷേധിക്കുന്ന മുസ്‌ലിംകളുടെ വീടുകള്‍ പൊളിക്കുന്നതുപോലെയോ, കര്‍ഷകരെ വണ്ടി കയറ്റിക്കൊല്ലുന്നതുപോലെയോ ബിജെപി സര്‍ക്കാരിന് ഈ ചെറുപ്പക്കാരെ നേരിടാന്‍ കഴിയില്ല. കാര്യങ്ങള്‍ കൂടുതല്‍ വഷളാകും ■

Share this article

About എന്‍ എസ് അബ്ദുല്‍ ഹമീദ്

nsabdulhameed@gmail.com

View all posts by എന്‍ എസ് അബ്ദുല്‍ ഹമീദ് →

Leave a Reply

Your email address will not be published. Required fields are marked *