ഒരു നിലാവ് കടന്നുപോകുന്നു

Reading Time: 2 minutes

തളിപ്പറമ്പിനടുത്ത് വെള്ളിക്കീല്‍ പ്രദേശത്ത് ഒരു സുന്നിപ്രവര്‍ത്തകനു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനു നേരെ ബോംബേറുണ്ടായി. പലര്‍ക്കും പരിക്കേറ്റു. അക്രമികളില്‍ ചിലരെ പോലീസ് പിടിച്ചിരുന്നു. കൂട്ടത്തില്‍ അന്യായമായി സുന്നി പ്രവര്‍ത്തകരെയും അറസ്റ്റു ചെയ്തു. രാത്രി ഏറെ വൈകിയിരുന്നു. എന്നിട്ടും ലത്തീഫ് സഅദി ഉസ്താദ് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്കു കുതിച്ചെത്തി. മാന്യമായ ഭാഷയില്‍ പോലീസുദ്യോഗസ്ഥരോട് സംസാരിച്ചു. ശൈഖുനാ കാന്തപുരം ഉസ്താദിനെ ഫോണില്‍ ബന്ധപ്പെട്ടു. ഫോണ്‍ പോലീസുദ്യോഗസ്ഥനു കൈമാറി.
അന്ന് ഡിവൈഎസ് പി യോട് സഅദി ഉസ്താദ് പറഞ്ഞതോര്‍ക്കുന്നു: “ഞങ്ങള്‍ കാന്തപുരം ഉസ്താദിന്റെ മക്കളാണ്. പ്രവര്‍ത്തകരെ ഇപ്പോള്‍ തന്നെ വിട്ടില്ലെങ്കില്‍ ഞങ്ങളീ സ്റ്റേഷന്‍ പരിസരത്തുനിന്നും നേരം പുലര്‍ന്നാലും പോകില്ല.’
ധീരമായ ആ ഇടപെടല്‍ ഫലം കണ്ടു. ചിലരുടെ മനക്കരുത്ത് പര്‍വതങ്ങളെപ്പോലും അതിജയിക്കുമെന്നല്ലേ. രാത്രിതന്നെ പ്രവര്‍ത്തകരെ മോചിപ്പിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അസാമാന്യമായ മനക്കരുത്തോടെ പ്രവര്‍ത്തകര്‍ക്കൊപ്പം നിൽക്കാന്‍ സഅദി ഉസ്താദ് ഇനി ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ അകമില്‍ സങ്കടപ്പെരുമഴ പെയ്യുന്നു.
മറ്റൊരിക്കല്‍ സ്വാതന്ത്ര്യദിന പ്രോഗ്രാമിന്റെ പെര്‍മിഷനു വേണ്ടി പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ ചെന്നു. അതേ സമയത്ത് ഒരു പ്രബല രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയുള്ളതിനാല്‍ നിങ്ങള്‍ക്കു അനുമതി തരാനാവില്ലെന്ന് സി ഐ തീര്‍ത്തു പറഞ്ഞു. ഒടുവില്‍ ഡി വൈ എസ് പി ഇടപ്പെട്ടു. “ഇത് ലത്തീഫ് മാഷിന്റെ സംഘടനയാണോ? എങ്കില്‍ നടത്തിക്കോ. അവര്‍ പ്രശ്‌നക്കാരല്ല.’ (പോലീസുദ്യോഗസ്ഥന്‍ ലത്തീഫ് സഅദിയെ ആണ് ഉദ്ദേശിച്ചത്.) സഅദി ഉസ്താദ് നേടിയ സാമൂഹികാംഗീകാരത്തിന്റെ അനുഭവസാക്ഷ്യം.


നിറഞ്ഞ ആള്‍ക്കൂട്ടത്തില്‍ നിന്നും പൊടുന്നനെ അപ്രത്യക്ഷമായ പോലെ, കണ്‍മുന്നിലെ പൗര്‍ണമി പെട്ടെന്നു മിഴിയടച്ച പോലെ.. അങ്ങനെയാണ് അബ്ദുല്ലത്തീഫ് സഅദി പഴശ്ശി ഉസ്താദിന്റെ വിടപറയല്‍ അനുഭവപ്പെട്ടത്.
അവസാനത്തെ ശ്വാസവും അഹ്‌ലുസ്സുന്നയുടെ ഉയര്‍ച്ചക്കായി വിനിമയം ചെയ്ത്, യാത്രാമൊഴി പോലും നേരാതെ വിട്ടകന്നത് താങ്ങാനാവുന്നില്ല. കെഎം ബഷീറിന് വേണ്ടിയുള്ള സമരമുഖത്ത് തീച്ചൂടുള്ള വാക്കുകളാല്‍ അനീതിയോട് കലഹിച്ചാണ് ഉസ്താദ് ജീവിതത്തിന്റെ ദൗത്യം പൂര്‍ത്തീകരിച്ചത്. ഓര്‍ക്കുമ്പോള്‍ ഹൃദയം മുറിയുന്നു, ഉള്ളിൽ നോവ് വന്നു നിറയുന്നു. ഏതുതിരക്കിലും, എത്ര വലിയ ആള്‍ക്കൂട്ടത്തിലും പഴശ്ശി ഉസ്താദിന് ഒരു പുഞ്ചിരിയുണ്ട്. കഫന്‍ പുടയില്‍ നീണ്ടുനിവര്‍ന്നു കിടക്കുമ്പോഴും കാണാറായി, ജീവിതകാലത്തെന്ന പോലെ ആ തെളിമയുള്ള പുഞ്ചിരി.
പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു ഉസ്താദ്. വലിയ സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ വേദിയില്‍ നിന്നും ഇടയ്‌ക്കൊന്നു താഴെയിറങ്ങും. പിന്നെ പ്രവര്‍ത്തകരുടെ തോളില്‍ കൈയിട്ട് കുശലാന്വേഷണം. ചിലപ്പോള്‍ കവിളില്‍ നുള്ളി, അല്ലേല്‍ താടിയില്‍ സ്‌നേഹത്തോടെ തലോടിയാവും സംസാരം. ആ സ്‌നേഹമസൃണമായ പെരുമാറ്റമാണ് രാവേറെ ചെന്നിട്ടും പഴശ്ശിയിലെ വസതിയിലേക്ക് ആയിരങ്ങളെ എത്തിച്ചത്.
നേതാക്കളുടെ, സയ്യിദന്‍മാരുടെ, പ്രവര്‍ത്തകരുടെ ഉറ്റ തോഴനായിരുന്നു സഅദി ഉസ്താദ്. വലുപ്പച്ചെറുപ്പമില്ലാതെ വിനയത്തോടെ മാത്രം പെരുമാറി. ജനാസ ഒരു നോക്കുകാണാന്‍ മാത്രമായി കുവൈറ്റില്‍ നിന്നും എത്തിയ ഒരു ചെറുപ്പക്കാരനെ കണ്ടു. “ഞങ്ങളെ കുടുംബാംഗമാണ് സഅദി ഉസ്താദ്.’ അത് പറയുമ്പോള്‍ ചെറുപ്പക്കാരന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു.
“ലബ്ബൈക്കൂ..’ സയ്യിദന്‍മാരോട് സൗമ്യമായി ചിരിച്ച് ഇങ്ങനെ നീട്ടി ഒരു വിളിയുണ്ട്. സയ്യിദന്‍മാരോട് അതിരറ്റ സ്‌നേഹമായിരുന്നു. ബാപ്പയും ഇതു പോലെയായിരുന്നത്രെ.
അത്യാകര്‍ഷകമായിരുന്നു ആ വഅ്‌ള്. എത്രയെത്ര പള്ളികള്‍, മദ്രസകള്‍, സുന്നി സെന്ററുകള്‍, സാന്ത്വന കേന്ദ്രങ്ങള്‍, ഓഫീസുകള്‍.. ആ ഈണത്തിലുള്ള വഅ്‌ള് കൊണ്ട് കെട്ടിപ്പടുത്തിട്ടുണ്ട്. സ്ത്രീകള്‍ സ്വര്‍ണം പറിച്ചെടുത്തു കൊടുത്ത പാതിരാവുകള്‍. ദിവസങ്ങളോളം നീണ്ടു നിന്ന മദ്ഹുറസൂല്‍ പ്രഭാഷണങ്ങള്‍.
മനോഹരമായ ശബ്ദ വ്യന്യാസത്തില്‍ ഇസ്‌ലാമിക ചരിത്രങ്ങള്‍ പറയുന്നത് കേട്ടിരിക്കാന്‍ എന്തൊരു രസമായിരുന്നു. ഖല്‍ബ് ലെങ്കിക്കുന്ന വാഗ്‌ധോരണി. മാലയും മദ്ഹും ബൈത്തും ചൊല്ലിയുള്ള ആ അവതരണ മികവ് വേറെത്തന്നെയാണ്.
മരണത്തിന്റെ രണ്ടു ദിവസം മുമ്പ് തളിപ്പറമ്പ് എളമ്പേരം പാറയില്‍ നടന്ന സോണ്‍ ജാഗ്രതാ സംഗമത്തില്‍ നടത്തിയ പ്രഭാഷണം ഓര്‍ക്കുന്നു. “മതേതര രാജ്യത്തെ ഇസ്‌ലാമിക ജീവിതം’ എന്ന വിഷയമാണ് അവതരിപ്പിച്ചത്. ഇരുനൂറോളം പേര്‍ പങ്കെടുത്ത സദസില്‍ പറഞ്ഞുവെച്ച ആശയം ശ്രദ്ധേയമായിരുന്നു.
“അമുസ്‌ലിം സഹോദരന്‍മാരോട് സൗഹൃദമാവാം, ഇടപാട് നടത്താം, കൊടുക്കലും വാങ്ങലുമെല്ലാം സഹവര്‍ത്തിത്വത്തിന്റെ ഭാഗമാണ്. മതേതര രാജ്യത്തുള്ള നമ്മുടെ ജീവിതം ഭാരമല്ല. മുത്തുനബി(സ്വ) ബഹുദൈവ വിശ്വാസിയില്‍ നിന്നും ആടിനെ വിലയ്ക്കു വാങ്ങിയിരുന്നു.. നീതിക്കുവേണ്ടി നിലകൊള്ളാനും അനീതിയെ ചെറുക്കാനുമുള്ള ഖുര്‍ആനിക അധ്യാപനം നാം മറക്കരുത്.’ വളരെ ഊര്‍ജസ്വലതയുള്ള വാക്കുകളായിരുന്നു ഉസ്താദിന്റേത്.


സംഘാടകനും പണ്ഡിതനുമാണ് സഅദി ഉസ്താദ്. സൂഫിവര്യനായ ഉസ്താദ് അബൂബക്ർ ഹാജിയുടെ മകന്‍. കിടയറ്റ പണ്ഡിതരായ പിഎ അബ്ദുല്ല മുസ്‌ലിയാരുടെയും കന്‍സുല്‍ ഉലമയുടെയും അരുമ ശിഷ്യന്‍. ഗുരു പി എ ഉസ്താദിന്റെ വഫാത് ദിനം മുഹര്‍റം ഒന്നാണ്. അതേ ദിവസം തന്നെ ഈ ദുനിയാവില്‍ നിന്നും യാത്ര പോകാന്‍ അല്ലാഹു അവസരം നൽകി.
ഓരോ മുഹര്‍റം വരുമ്പോഴും ഉപ്പയുടെ ആണ്ട് ഉത്സാഹത്തോടെ ഞങ്ങളെ ഉണര്‍ത്താറുണ്ടെന്ന് പിഎ ഉസ്താദിന്റെ മകന്‍ പറഞ്ഞിരുന്നു. ഇനി ഉസ്താദിനെയും അരുമ ശിഷ്യനെയും ഒന്നിച്ചോര്‍ക്കാം. അല്ലെങ്കിലും സഅദി ഉസ്താദിനെ എങ്ങനെ മറക്കും? കൊടിപിടിച്ചല്ലേ പോയത്?
ഹിജ്‌റ എട്ടാം വര്‍ഷം മുഅ്തത് യുദ്ധത്തിലേക്കു അനുയായികളെ കൊടി നൽകി പറഞ്ഞയക്കുമ്പോള്‍ മുത്തുനബി(സ്വ) നല്‍കിയ നിര്‍ദേശം ഓര്‍ത്തുപോയി. “ജഅ്ഫര്‍ ബ്‌നു അബീത്വാലിബ്(റ) ശഹീദായാല്‍ അബ്ദുല്ലാഹിബ്‌നു റവാഹ പതാകയേന്തണം.’ മരണം മണത്ത നേരത്തും എത്ര ആവേശത്തോടെയാണവര്‍ തിരുസന്നിധിയില്‍ നിന്നും പോയത്. കലക് ട്രേറ്റ് മാര്‍ച്ചില്‍ പ്രസ്ഥാനത്തിന്റെ കൊടിയേന്തി മരണത്തിന്റെ തീരത്തേക്കു പോയതോര്‍ക്കുമ്പോള്‍ ചരിത്രത്തിലെ ചിരന്തന സ്മൃതികള്‍ തെളിഞ്ഞുവരുന്നു. പ്രസ്ഥാനത്തിന്റെ കൊടിപിടിക്കാൻ അനേകരെ രൂപപ്പെടുത്തിയാണ് സഅദി ഉസ്താദ് കടന്നുപോയത്.
ലത്തീഫ് സഅദി ഉസ്താദ് കലക് ട്രേറ്റ് മാര്‍ച്ചില്‍ ഒരു കിലോമീറ്ററിലധികം നടന്നു. ഗംഭീരമായ പ്രഭാഷണം നടത്തി. തിരികെയുള്ള യാത്രയില്‍ കാറില്‍ സഞ്ചരിക്കവേ വേദനയെടുത്തപ്പോള്‍ അസ്വസ്ഥതയോടെ നെഞ്ചിൽ കൈവെച്ചു. കൂടെയുള്ളവര്‍ എന്തു പറ്റി എന്നന്വേഷിച്ചപ്പോള്‍ സ്വതസിദ്ധമായി പുഞ്ചിരിച്ച് പറഞ്ഞത്രെ: “ഞാന്‍ അല്പം ഔറാദ് ചൊല്ലുകയാണ്.’ വേദന കലശലായപ്പോള്‍ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ചാണ് വിയോഗം സംഭവിക്കുന്നത്.
അന്ത്യനാളില്‍ മുത്തു നബി(സ്വ)യുടെ സമുദായത്തിലെ ഒരു പണ്ഡിതന്‍ അല്ലാഹുവിനു മുമ്പില്‍ വരും. അപ്പോള്‍ അല്ലാഹു ജിബ് രീൽ(അ) നെ വിളിച്ചു പറയും. ഇദ്ദേഹത്തെ മുഹമ്മദ് നബിയുടെ അടുക്കല്‍ കൊണ്ടുപോകുക.നബിയുടെ അടുക്കല്‍ എത്തുമ്പോള്‍ അവിടുന്ന് ഹൗളുല്‍ കൗസര്‍ വിതരണം ചെയ്യുകയായിരിക്കും. പണ്ഡിതനെ കാണുമ്പോള്‍ തിരുനബി അവിടുത്തെ തിരുകരങ്ങളില്‍നിന്നുതന്നെ അദ്ദേഹത്തിനു ഹൗളുല്‍ കൗസര്‍ നല്‍കും. ജനങ്ങള്‍ ചോദിക്കും. എല്ലാവര്‍ക്കും ഹൗളുല്‍ കൗസര്‍ കപ്പുകളുപയോഗിച്ചല്ലേ നല്‍കിയത്. പക്ഷേ ഇദ്ദേഹത്തിനുമാത്രം അങ്ങയുടെ തൃക്കരങ്ങളില്‍ നല്‍കാന്‍ കാരണമെന്ത്? മറുപടി: “ജനങ്ങള്‍ കച്ചവടങ്ങളില്‍ മുഴുകുമ്പോള്‍ ഇദ്ദേഹം ഇല്‍മില്‍ മുഴുകുകയായിരുന്നു.’ അങ്ങനെയൊരു ധന്യജീവിതമാണ് സമരമുഖത്തുനിന്ന് അല്ലാഹുവിലേക്ക് മടങ്ങിയിരിക്കുന്നത്. നമുക്ക് മറക്കാതിരിക്കാം ■

Share this article

About അബ്ദുല്‍ ഹകീം സഖാഫി അരിയില്‍

abujumana@gmail.com

View all posts by അബ്ദുല്‍ ഹകീം സഖാഫി അരിയില്‍ →

Leave a Reply

Your email address will not be published. Required fields are marked *