ദഫുല്‍ അറബി ദഫുല്‍ അജമി

Reading Time: 2 minutes

സൂഫി സമൂഹമാണ് ദഫും അറബനയും പരിപോഷിപ്പിച്ചത്. അതുകൊണ്ടാണ് ഇതൊരു ആത്മീയ കലാരൂപമായി പ്രചാരം നേടിയത്. ഇതരകലാരൂപങ്ങളില്‍നിന്ന് ഇവയെ വ്യതിരിക്തമാക്കുന്ന ഘടകവും ഈ സൂഫി പശ്ചാത്തലമാണ്. അറേബ്യന്‍ നാടുകളില്‍ നിന്ന് നമ്മുടെ നാട്ടില്‍ കച്ചവടത്തിനെത്തിയ വ്യാപാരികള്‍ അവരുടെ ഉത്പന്നങ്ങള്‍ ഇവിടെ വിറ്റഴിക്കുക മാത്രമല്ല, ആ സംസ്‌കാരവും ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സാംസ്‌കാരികമായ ഈ കൊടുക്കല്‍ വാങ്ങല്‍ ചരിത്രത്തില്‍ ധാരാളമായി നടന്നിട്ടുണ്ട്. കലയും സാഹിത്യവും കൂടി ഉള്‍പ്പെടുന്നതാണല്ലോ സംസ്‌കാരം. അങ്ങനെ സാംസ്‌കാരികമായ കൈമാറ്റത്തിലൂടെയാണ് ദഫ്-അറബന മുട്ട് നമുക്ക് ലഭിക്കുന്നത്. കേരളത്തില്‍ ഇസ്‌ലാമിക വിജഞാനം പകരുന്നതില്‍ യമനില്‍ നിന്നെത്തിയ സാദാത്തുക്കളും പണ്ഡിതരും വഹിച്ച പങ്ക് സുവിദിതമാണ്. ആ യമനീ പാരമ്പര്യത്തിലധിഷ്ഠിതമായാണ് ഈ കലകളും ഇവിടെ വ്യാപിച്ചത്. ലക്ഷദ്വീപ് സമൂഹം വഴിയും നമ്മുടെ നാട്ടില്‍ ദഫിന് പ്രചാരം ലഭിച്ചിട്ടുണ്ട്. ദഫില്‍ കൂടുതലായും പാടിവരുന്നത് സൂഫീ പ്രകീര്‍ത്തനങ്ങളാണ്. മുത്തുനബിയുടെയും ഗൗസുല്‍ അഅ്ളം മുഹ്്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങളുടെയും രിഫാഈ ശൈഖിന്റെയും പ്രകീര്‍ത്തനങ്ങളാണ് കൂടുതലായി വരാറുള്ളത്. അറബനയില്‍ ശാദുലി ബൈത്തുകളാണ് ചൊല്ലുന്നത്.
അഹമ്മദ് കോയ ശാലിയാത്തി(റ) അവതാരിക എഴുതിയ ബുഖാറയില്‍ കോയക്കുട്ടി തങ്ങളുടെ തശവുഫുല്‍ അസ്മാഅ് ഫീ അഹ്കാമി ളര്‍ബിദ്ദഫി വ റകസി വ സമാഅ് എന്ന ഗ്രന്ഥത്തില്‍ അറബനയെ സംബന്ധിച്ച് പറയുന്നുണ്ട്. ദഫുല്‍ അജമി എന്നാണ് അറബനയെ സംബന്ധിച്ച പദപ്രയോഗം. ചിലങ്ക ഘടിപ്പിച്ച ദഫുകള്‍ക്കാണ് അങ്ങനെ പ്രയോഗിച്ചിരിക്കുന്നത്. എന്നാല്‍ ചിലങ്ക ഘടിപ്പിക്കാത്ത ദഫുല്‍ അറബിയാണ് ദഫ് മുട്ടിന് ഉപയോഗിക്കുന്നത്.
ദഫിന്റെ വായ് വട്ടത്തിന്റെ വ്യാസം എട്ട് ഇഞ്ചാണ്. അറബനയുടേത് പന്ത്രണ്ട് ഇഞ്ചും. പതിഞ്ഞ താളത്തില്‍ തുടങ്ങി ദ്രുത താളഗതിയില്‍ അവസാനിപ്പിക്കുന്ന ശൈലിയാണ് ദഫിന്റേത്. എന്നാല്‍, അറബനയില്‍ ഒരു കളരി അഭ്യാസിയുടെ മെയ് വഴക്കത്തോടെ, ദ്രുതതാളത്തില്‍ തന്നെ ആരംഭിക്കുന്നു. ആദ്യാവസാനം ദ്രുതതാളമാണ് അറബനമുട്ടിൽ. പുരാതന ബാബിലോണിലെ അര്‍ബന്‍ എന്ന ഗ്രാമത്തില്‍ നിന്ന് വളര്‍ന്നുവന്ന കലാരൂപമായതിനാലാണ് അറബന എന്ന പേര് സിദ്ധിച്ചതെന്ന് ചരിത്രഗ്രന്ഥത്തില്‍ വായിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ കുച്ചുപുടി എന്ന ഗ്രാമത്തിലെ കലാരൂപത്തിന് ഇന്ത്യയില്‍ പ്രചാരം കിട്ടിയത് നമുക്കറിയാം. ബൈത്ത്, താളം, ലയം, വേഷം, അവതരണം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ദഫ് മുട്ട് മത്സരത്തിലെ വിധി നിർണയം നടത്തുന്നത്. ബൈത്ത് ഇതിലെ ഏറ്റവും പ്രധാന ഘടകമാണ്.
എട്ട് ഇഞ്ച് വ്യാസത്തില്‍, കടഞ്ഞെടുത്ത പ്ലാവിന്റെ വേരും സ്ഫുടം ചെയ്ത ആട്ടിന്‍തോലും ഉപയോഗിച്ചാണ് ദഫ് നിർമിക്കുന്നത്. ശ്രുതി നിയന്ത്രിക്കുന്ന രൂപത്തില്‍ ചരട് മുറുക്കുകയും ചെയ്യുന്നു. കേരളത്തില്‍ ദഫ് നിർമാണ രംഗത്ത് വളരെ കുറച്ചുപേര്‍ മാത്രമേയുള്ളൂ. കുടില്‍ വ്യവസായമായും മറ്റും കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നാണ് ദഫ് നിർമാണം. ദഫ് മുട്ട് പരിശീലിക്കാനും ഈ പാരമ്പര്യ കലകളെ കുറിച്ച് പഠിക്കാനും ഇപ്പോള്‍ ധാരാളം പേര്‍ വരുന്നുണ്ട്. പക്ഷേ ഇതിന്റെ നിര്‍മാണമേഖലയില്‍ താല്പര്യപ്പെടുന്നവര്‍ നന്നേ കുറവാണ് എന്ന് പറയേണ്ടിവരും.

കാപ്പാട് ജുമുഅത്ത് പള്ളിയുടെ ഓരം ചേര്‍ന്നുള്ള ആലസ്സം വീട്ടില്‍ ഗുരുകുല സമ്പ്രദായത്തില്‍ ദഫ് മുട്ടിലും അറബന മുട്ടിലും പരിശീലനം ആരംഭിച്ചിട്ട് 140 വര്‍ഷമായി. ഈ കലാരൂപത്തെ പ്രാദേശിക സ്വഭാവത്തില്‍ നിന്ന് ജനകീയ മണ്ഡലത്തിലേക്ക് കൊണ്ടുവന്നതില്‍ വലിയ പങ്കുവഹിച്ചത് ഉസ്താദ് അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ ആണ്. ഉപ്പയില്‍ നിന്ന് പകര്‍ന്നുകിട്ടിയ അറിവും അനുഭവവും കൈമുതലാക്കി മകന്‍ കോയ കാപ്പാട് ഈ മേഖലയില്‍ വളരെ സജീവമായിത്തന്നെയുണ്ട്. ഈ രണ്ടു കലാരൂപങ്ങളും ഉള്‍വഹിക്കുന്ന ആത്മീയശോഭക്ക് മങ്ങലേറ്റുകൂടാ എന്ന നിഷ്‌കര്‍ഷ അദ്ദേഹത്തിനുണ്ട്.
“ചേലിയ പള്ളിയില്‍ ഖത്തീബായിരുന്നു ഉപ്പ. ആത്മീയ വഴികളില്‍ തിളങ്ങി നില്‍ക്കുന്നതോടൊപ്പം ദഫിനെ ഉത്തേജിപ്പിച്ചു നിര്‍ത്താൻ ഉപ്പയ് ക്കു സാധിച്ചു. ഉപ്പയുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് ചോയി ഏട്ടന്‍ ആയിരുന്നു. അവര്‍ തമ്മിലുള്ള ബന്ധം വലിയ പാഠങ്ങളാണ് പകര്‍ന്നത്. നിഴല്‍ പോലെ കൂടെയുണ്ടായിരുന്നു. ഉമ്മറപ്പടിയിലെ ഓടിന്റെ ഉള്ളില്‍ കരുതിവെച്ച മിസ് വാക്ക് നിലത്ത് വീണപ്പോള്‍, “മുസ്‌ലിയാരേ നിങ്ങളുടെ വളഞ്ഞ സുന്നത്ത് താഴെ വീണു’ എന്ന് തമാശയില്‍ പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അവരുടെ മൈത്രി വലിയ സന്ദേശമാണ് ജീവിതത്തിന് നല്‍കിയത്’- ഉപ്പ അഹമ്മദ് കുട്ടി മുസ്‌ലിയാരെ കുറിച്ചുള്ള ഉസ്താദ് കോയ കാപ്പാടിന്റെ ഈ ഓര്‍മയില്‍ നമ്മുടെ കാലത്തെ വിദ്വേഷത്തിന്റെ മഞ്ഞുരുക്കാന്‍ കഴിയുന്ന ചിലത് ഉള്ളടങ്ങിയിട്ടുണ്ട്. മതജീവിതം നയിച്ചുകൊണ്ടുതന്നെ ഇതര മതസ്ഥരോട് കളങ്കമില്ലാതെ സഹവസിക്കാന്‍ കഴിയുമെന്നതാണ് അതില്‍ പ്രധാനം. യഥാർഥത്തില്‍ കല നിര്‍വഹിക്കുന്നതും ഈ ധര്‍മം തന്നെയാണല്ലോ.
“1992 ലാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദഫ് മുട്ടും അറബനയും ഔദ്യോഗികമായി ഉള്‍പ്പെടുത്തുന്നത്. അന്ന് ഇ ടി മുഹമ്മദ് ബഷീറാണ് വിദ്യഭ്യാസ മന്ത്രി. അദ്ദേഹത്തെ കണ്ട് ഉപ്പ ഈ കാര്യങ്ങള്‍ നിരന്തരമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. ജഡ്്ജിങ് പാനലില്‍ ഉപ്പയുമുണ്ട്. കക്കോടിയിലുള്ള എന്‍. കാദിരിക്കോയയും പക്കര്‍ പന്നൂരുമൊക്കെ അന്ന് ഉപ്പയോടൊപ്പമുള്ളവരാണ്. ദഫും അറബനയും സ്‌കൂള്‍ കലോത്സവ വേദികളില്‍ എത്തിച്ചുവെന്നത് തന്നെ ശ്രദ്ധേയമാണ്. പിന്നീട് ബി സോണ്‍ കലോത്സവത്തിലും ഇന്റര്‍സോണ്‍ കലോത്സവത്തിലും ഗ്രേസ് മാര്‍ക്കോടെ ദഫ് ഉള്‍പ്പെടുത്തി. ഇതില്‍ പഠനം നടത്തുന്ന വിദ്യാർഥികള്‍ക്ക് ഫോക് ലോര്‍ അക്കാദമി സ്റ്റൈപന്റ് നല്‍കുകയും ചെയ്യുന്നു’.
എസ്എസ്എഫ് സാഹിത്യോത്സവുകള്‍ ദഫ്-അറബന മുട്ടിലേക്ക് പുതുതലമുറയെ ആകര്‍ഷിപ്പിച്ചതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഏതാനും പ്രദേശങ്ങളിലോ കുടുംബങ്ങളിലോ ഒതുങ്ങിനിന്നിരുന്ന ഈ കലാരൂപങ്ങളെ ഒരു മത്സരഇനം എന്നതിനപ്പുറത്തേക്ക് ആഴത്തില്‍ പഠിക്കാന്‍ പുതുനിര വിദ്യാര്‍ഥികളും ഗവേഷകരും കടന്നുവരുന്നുണ്ട്. സാഹിത്യോത്സവ്-കലോത്സവ വേദികളില്‍ ഈ കലാരൂപങ്ങൾ കണ്ടുപരിചയിച്ചു എന്നതുകൊണ്ട് കൂടിയാണ് ഈ താല്പര്യം ജനിക്കുന്നത്.
കേരളത്തിലങ്ങോളമിങ്ങോളം ഇടതടവില്ലാതെ പരിപാടികള്‍ അവതരിപ്പിച്ച് പാരമ്പര്യകലകള്‍ക്ക് പുത്തനുണര്‍വേകുന്ന ഉസ്താദ് കോയ കാപ്പാട് ഗള്‍ഫ് രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും ഫിജിയിലുമൊക്കെ പരിപാടികളുമായി യാത്ര ചെയ്തിട്ടുണ്ട്. 2014 ലെ ആദ്യ ഫിജി യാത്ര മറക്കാനാവാത്തതാണ്. കേരളത്തിന്റെ തനിപ്പകര്‍പ്പുള്ള ഫിജിയില്‍ മാല-മൗലിദുകള്‍ ജീവസുറ്റതായി ഇന്നും നിലനില്‍ക്കുന്നതിന്റെ രഹസ്യം, പാരമ്പര്യം കൈമോശം വരരുതെന്ന അവരുടെ ജാഗ്രതയാണ്. 2017ല്‍ രണ്ടാം തവണയും ഫിജിയില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ ഭാഗ്യമുണ്ടായി. അടുത്ത മാസം വീണ്ടും പോവുന്നുണ്ട്. ജിസിസി രാഷ്ട്രങ്ങളില്‍ നിന്ന് ലഭിക്കുന്ന കലര്‍പ്പില്ലാത്ത സ്‌നേഹം പ്രവാസി മലയാളികളുടെ സുകൃതമാണ്. ഐസിഎഫും ആർ എസ് സിയും നല്‍കുന്ന പിന്തുണയും മാപ്പിളകലകളോടുള്ള അവരുടെ ഉത്സാഹവും എടുത്തുപറയേണ്ടതാണ് ■

തയാറാക്കിയത്: സജീര്‍ വാളൂര്‍

Share this article

About ഡോ. കോയ കാപ്പാട്

View all posts by ഡോ. കോയ കാപ്പാട് →

Leave a Reply

Your email address will not be published. Required fields are marked *