ഗുരുത്വമുള്ള വഴിയില്‍ സമര്‍പണ മനസോടെ

Reading Time: 5 minutes

പ്രൊഫസര്‍ എ.കെ അബ്ദുല്‍ഹമീദ് സാഹിബ് മുഖവുരകളാവശ്യമില്ലാത്തവിധം പൊതുമണ്ഡലത്തില്‍ സുപരിചിതനാണ്. പ്രസ്ഥാനം പില്‍ക്കാലത്ത് രൂപപ്പെടുത്തിയ സമന്വയ വിദ്യാഭ്യാസ സംവിധാനത്തെ, വളരെ നേരത്തെ സ്വന്തം ജീവിതം കൊണ്ട് ആവിഷ്‌കരിച്ച ഹമീദ് സാഹിബ് മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനും സ്ഥിരോത്സാഹിയായ സംഘാടകനുമാണ്. പ്രായം എഴുപതിനോടടുക്കുമ്പോഴും പ്രവര്‍ത്തനവഴിയില്‍ അദ്ദേഹത്തിന് നിറയൗവനമാണ്.
കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയില്‍ പ്രസിദ്ധമായ ഫാറൂഖ് കോളേജിന്റെ അരികിലായി സ്ഥിതിചെയ്യുന്ന അണ്ടിക്കാടന്‍കുഴിയാണ് ഹമീദ് സാഹിബിന്റെ ദേശം. പേരിനൊപ്പം പ്രസിദ്ധമായ എ.കെ എന്നത് അണ്ടിക്കാടന്‍കുഴിയുടെ ചുരുക്കമാണ്. അണ്ടിക്കാടന്‍കുഴി എന്നത് അദ്ദേഹത്തിന്റെ തറവാട് വീടായ അമ്പലത്തിങ്ങല്‍ സ്ഥിതിചെയ്ത പറമ്പിന്റെ പേരാണ്. പില്‍ക്കാലത്ത് ആ പ്രദേശമാകെ അതേ പേരിലറിയപ്പെടാന്‍ തുടങ്ങി. ഒരു നാടിന്റെ മേല്‍വിലാസമാകാന്‍തക്ക പ്രാപ്തിയുള്ള പണ്ഡിതപ്രതിഭകളെ സമ്മാനിച്ച പറമ്പ് തന്നെയായിരുന്നു അത്. അണ്ടിക്കാടന്‍കുഴി എന്ന പ്രദേശം കോഴിക്കോട് ജില്ലയുടെ ഭാഗമാണെങ്കിലും ഹമീദ് സാഹിബിന്റെ വീട് മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ വാഴയൂര്‍ പഞ്ചായത്തിലാണ്. അദ്ദേഹത്തിന്റെ പറമ്പിന്റെ അതിരുതന്നെയാണ് ജില്ലയുടെയും അതിര്‍ത്തി.
1951-ല്‍ ഒരു റമളാന്‍ രണ്ടിനാണ് ജനനം. “എന്റെ ഒരു കൊല്ലത്തെ റമളാനിലെ മുഴുവന്‍ നോമ്പും കൊളമാക്കീട്ടുണ്ടിവന്‍’ എന്ന് ഉമ്മ പലപ്പോഴും തമാശ പറയാറുണ്ടായിരുന്നു. നാട്ടുകാര്‍ ആദരവോടെ “മുസ്‌ലിയാര്‍ കുടുംബം’ എന്ന് വിശേഷിപ്പിക്കുന്ന, പ്രമുഖരായ അനേകം പണ്ഡിതരുടെ തറവാടായ അണ്ടിക്കാടന്‍കുഴിയിലെ മാമുക്കുട്ടി മുസ്‌ലിയാരാണ് ഉപ്പ.
രാമനാട്ടുകരക്കടുത്ത് പേങ്ങാട് സ്വദേശി മുഹ്‌യുദ്ദീന്‍കുട്ടി മൊല്ലയുടെ മകള്‍ ഖദീജയാണ് ഹമീദ് സാഹിബിന്റെ ഉമ്മ. പണ്ഡിതനും ആത്മീയ ചികിത്സാരിയുമായിരുന്നു മാതാമഹന്‍. ചെറുപ്രായത്തിലെ സ്‌നേഹവാത്സല്യങ്ങളെക്കാള്‍ ഹമീദ് സാഹിബിന്റെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നത് ഉപ്പയുടെ മരണശേഷം പശുവിനെ വളര്‍ത്തിയും കൃഷിചെയ്തും മക്കള്‍ പട്ടിണികിടക്കാതിരിക്കാന്‍ കഷ്ടപ്പെട്ട ഉമ്മയുടെ ഓര്‍മകളാണ്. എട്ടു വര്‍ഷം മുമ്പാണ് ഉമ്മ മരണപ്പെട്ടത്.

വിദ്യാഭ്യാസം
ഓത്തുപള്ളിയില്‍ നിന്നാണ് ഹമീദ് സാഹിബ് ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചത്. അന്ന് വിദ്യാഭ്യാസ ബോര്‍ഡ് നിലവില്‍ വന്നിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ നാട്ടില്‍ മദ്‌റസ സ്ഥാപിതമായിരുന്നില്ല. മൂര്‍ക്കനാട് സ്വദേശി അവറാന്‍ മൊല്ലാക്കയായിരുന്നു ആ ഏകാധ്യാപകവിദ്യാലയത്തിന്റെ എല്ലാമെല്ലാം. ദീനിയ്യാത്തും അമലിയ്യാത്തുമാണ് സിലബസിലുണ്ടായിരുന്ന വിഷയങ്ങള്‍. ഏറ്റവും പ്രാധാന്യം നല്‍കിയിരുന്നത് ഖുര്‍ആന്‍ പാരായണപഠനത്തിനായിരുന്നു. പാരായണനിയമങ്ങള്‍ പാലിച്ചുകൊണ്ട് മുപ്പത് ജുസ്ഉം ഓതിത്തീര്‍ത്തതോടെ ഓത്തുപള്ളിയിലെ പഠനത്തിന് പരിസമാപ്തിയായി. അപ്പോള്‍ എട്ടു വയസായിരുന്നു. അതുവരെ സ്‌കൂളില്‍ പോയിരുന്നില്ല.
ഓത്തുപള്ളിയിലെ പഠനം കഴിഞ്ഞപ്പോള്‍ ഇനിയെന്ത് എന്ന ചര്‍ച്ചയായി വീട്ടില്‍. അവസാനം ഉപ്പയും സഹോദരന്‍മാരും ആലോചിച്ച്, മൂത്താപ്പ കുഞ്ഞറമുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ക്കാമെന്നും അതിന്റെ പരിസരത്തുള്ള സ്‌കൂളില്‍ പോകാമെന്നും തീരുമാനിച്ചു. അങ്ങനെ കോഴിക്കോട് മുദാക്കര പള്ളിയിലെത്തി. പരിസരത്തുള്ള ഹിമായതുല്‍ ഇസ്‌ലാം സ്‌കൂളില്‍ ഒന്നാം തരത്തില്‍ അഡ്മിഷനെടുക്കുകയും ചെയ്തു.
പത്ത് വര്‍ഷം അവിടെ പഠിച്ചു. ഹമീദ് സാഹിബിന്റെ ദര്‍സീരംഗത്തെ ഒരേ ഒരു ഉസ്താദ് പിതൃസഹോദരന്‍ കൂടിയായ കുഞ്ഞറമുട്ടി മുസ്‌ലിയാരാണ്. കുറഞ്ഞകാലം കൊണ്ട് കൂടുതല്‍ ഓതുക എന്ന ശൈലി കുഞ്ഞറമുട്ടി മുസ്‌ലിയാര്‍ക്ക് അന്യമായിരുന്നു. സമയവും കാലവും നോക്കുന്നതിനു പകരം “തിരിയുന്നത്’ വരെ ഓതുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. ഒരു തവണ ഓതിയ കിതാബ് വീണ്ടും ഓതുക ആ ദര്‍സില്‍ പതിവായിരുന്നു. ഫത്ഹുല്‍മുഈനും അല്‍ഫിയയും ഹമീദ് സാഹിബ് പല തവണ ഓതിയിട്ടുണ്ട്. സാധാരണ ദര്‍സുകളില്‍ പതിവില്ലാത്ത നിരവധി കിതാബുകള്‍ വെള്ളിയാഴ്ച ദര്‍സ് എന്ന പേരില്‍ പ്രത്യേകം ഓതി. റസാനത്ത്, കിഫായതുല്‍അവാം, സ്വലാഹുദ്ദീന്‍ തുടങ്ങിയവയൊക്കെ അങ്ങനെ ഓതിയതാണ്. ശര്‍ഹുതഹ്ദീബ്, തസ്‌രീഹ് മന്‍ദിഖ് എന്നിവയും പൂര്‍ണമായി ഓതിയ കിതാബുകളില്‍ പെട്ടതാണ്. മുഖ്തസറിന്റെ ചില ഭാഗങ്ങള്‍ ഓതീട്ടുണ്ട്. തഫ്‌സീറും തുടങ്ങിയിട്ടുണ്ട്. “വലിയ’ കിതാബുകളൊന്നും ഓതിയിട്ടില്ലെങ്കിലും നഹ്‌വ് സ്വര്‍ഫ് പഠനത്തിന് വളരെ പ്രാധാന്യം നല്‍കുന്ന പഠനരീതിയാണ് ഉണ്ടായിരുന്നത് എന്നതിനാല്‍ ഏത് കിതാബും “നോക്കിയാല്‍’ കിട്ടും എന്ന ആത്മവിശ്വാസം ഹമീദ് സാഹിബിനുണ്ട്. സമസ്തയുടെ ഖാരിആയിരുന്ന കുഞ്ഞറമുട്ടി ഉസ്താദില്‍നിന്നും ഖുര്‍ആന്‍ പാരായണവും നിയമങ്ങളും നന്നായി പഠിച്ചു. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഖുര്‍ആന്‍ പഠനത്തിന് എല്ലാ ദിവസവും പ്രത്യേക ക്ലാസുകളുണ്ടായിരുന്നു.
ഹിമായത് സ്‌കൂളില്‍ പഠനമികവ് കൊണ്ട് അധ്യാപകരുടെ കണ്ണിലുണ്ണിയാകാന്‍ വളരെ വേഗം ഹമീദ് സാഹിബിന് സാധിച്ചു. തൊപ്പിവെച്ച് സ്‌കൂളിലെത്തുന്ന കുട്ടിയോടുള്ള കൗതുകം മാറ്റിവെച്ച് മിടുക്കനായ സഹപാഠിയായി കൂട്ടുകാര്‍ക്കിടയിലും അംഗീകാരം നേടി.
ഹിമായതുല്‍ ഇസ്‌ലാമില്‍ ഏഴാം തരം പൂര്‍ത്തിയായപ്പോള്‍ സ്‌കൂള്‍പഠനം മതിയാക്കാം എന്ന നിലപാടിലെത്തി ഉപ്പയും മൂത്താപ്പയും. അതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി മതപഠനത്തില്‍ കൂടുതല്‍ കേന്ദ്രീകരിക്കുക എന്നതായിരുന്നു. രണ്ടാമത്തെ കാര്യം പണം തന്നെയായിരുന്നു. ആ കാലത്ത് എട്ടാം തരം മുതല്‍ സ്‌കൂളില്‍ ഫീസ് നല്‍കണമായിരുന്നു. സ്‌കൂള്‍ നിര്‍ത്താന്‍ തീരുമാനിച്ചിരിക്കെയാണ് തികച്ചും യാദൃച്ഛികമായി ഒരു സംഭവമുണ്ടായത്. അവിഭക്ത സമസ്തയുടെ നേതാക്കളുടെ ഒരു സ്ഥിരം സന്ദര്‍ശനകേന്ദ്രമായിരുന്നു മുദാക്കര പള്ളി. മിക്ക മുശാവറയും നടന്നിരുന്നതും അവിടെയായിരുന്നു. ഖുതുബി ഉസ്താദ്, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ഉലമ തുടങ്ങിയ മഹാന്‍മാരോടെല്ലാം വ്യക്തിബന്ധം സ്ഥാപിക്കാന്‍ ഹമീദ് സാഹിബിന് അവസരമുണ്ടാകുന്നതങ്ങനെയാണ്. ലൗഡ്‌ സ്പീക്കര്‍ വിവാദം ചര്‍ച്ചയായ മുശാവറയടക്കം പല മുശാവറകള്‍ക്കും ദൃക്‌സാക്ഷിയായതും ഹമീദ് സാഹിബ് ഓര്‍ക്കുന്നു.
ഇങ്ങനെ മുദാക്കരയിലെത്തുന്ന നിത്യസന്ദര്‍ശകരിലൊരാളായിരുന്നു വിദ്യാഭ്യാസ ബോര്‍ഡിന്റെ മാനേജര്‍ കക്കാട് സ്വദേശി ജിഫ്‌രി തങ്ങള്‍. അദ്ദേഹം കുഞ്ഞറമുട്ടി മുസ്‌ലിയാരുമായി നല്ല സൗഹൃദത്തിലായിരുന്നു. ഒരു ദിവസം അദ്ദേഹവുമായി സംസാരിക്കുന്നതിനിടക്ക് യാദൃച്ഛികമായി ഹമീദ് സാഹിബ് അവരുടെ സംസാരത്തില്‍ കടന്നുവന്നു. സ്‌കൂള്‍ നിര്‍ത്താനുള്ള തീരുമാനം അദ്ദേഹത്തോട് പങ്കുവെച്ചു. ഒരു കാരണവശാലും നിര്‍ത്താന്‍ പാടില്ല എന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. തീരുമാനത്തിന് പിന്നില്‍ പണവും ഒരു കാരണമാണെന്ന് മനസിലാക്കിയ ജിഫ്്‌രി തങ്ങള്‍ ഫീസ് താന്‍ ഏറ്റെടുത്തെന്ന് പറയുകയും ആദ്യ ഗഡു എന്ന് പറഞ്ഞ് ഒരു സംഖ്യ കുഞ്ഞറമുട്ടി മുസ്‌ലിയാരെ ഏൽപിക്കുകയും ചെയ്തു. അതോടെയാണ് തുടര്‍പഠനത്തിന് സാഹചര്യമുണ്ടായത്.
അങ്ങനെ ഹിമായത് സ്‌കൂളില്‍ പഠനം തുടര്‍ന്നു. എസ്എസ്എല്‍സി പരീക്ഷ അടുത്ത സമയത്ത് കുഞ്ഞറമുട്ടി മുസ്‌ലിയാര്‍ മുദാക്കരയില്‍ നിന്നും പിരിഞ്ഞു. ഉസ്താദ് മുദാക്കര വിട്ടതോടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചാണ് ഹമീദ് സാഹിബ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. പരീക്ഷയുടെ ഫലം വന്നപ്പോള്‍ ഹിമായതില്‍ ഫസ്റ്റ് ക്ലാസുള്ള ഒരേ ഒരു വിദ്യാര്‍ഥി ഹമീദ് സാഹിബായിരുന്നു. അന്ന് പ്രധാനധ്യാപകനായ അബൂബക്കര്‍ മാഷ് സമ്മാനിച്ച ജനറല്‍ എഫിഷ്യന്‍സി അവാര്‍ഡ് എന്ന് മുദ്രണം ചെയ്ത ഇംഗ്ലീഷ് നിഘണ്ടു ഹമീദ് സാഹിബ് ഭംഗിയായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
എസ്എസ്എല്‍സി കഴിയുകയും മുദാക്കരയില്‍ നിന്ന് മടങ്ങുകയും ചെയ്തതോടെ ഇനി ദര്‍സ് മാത്രം മതി എന്ന തീരുമാനം ഉപ്പ എടുത്തിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഹമീദ് സാഹിബിന്റെ ഹിമായതിലെ സഹപാഠികളുടെ ഒരു സംഘം വീട്ടിലെത്തുന്നത്. “”തങ്ങളൊക്കെ ഫാറൂഖ് കോളേജില്‍ അഡ്മിഷന്‍ ലഭിക്കാന്‍ പാടുപെടുമ്പോള്‍ അതിന്റെ അയല്‍വാസിയായ, ഉയര്‍ന്ന മാര്‍ക്കുള്ളതിനാല്‍ ഉറപ്പായും അഡ്മിഷന്‍ ലഭിക്കുന്ന മകനെ ക്ലാസില്‍ പറഞ്ഞയക്കാതിരിക്കരുത്” എന്ന് അവര്‍ ഉപ്പയോട് സമ്മർദം ചെലുത്തി. പ്രീഡിഗ്രിയുടെ പുസ്തകങ്ങളും വാങ്ങിയാണ് അവര്‍ വന്നത്. അത് ഉപ്പയെ ഏൽപിക്കുക കൂടി ചെയ്തതോടെ ഉപ്പ തീരുമാനം മാറ്റി. അങ്ങനെ പ്രീഡിഗ്രിക്ക് ഫാറൂഖ് കോളേജില്‍ ചേര്‍ന്നു. കോളേജ് വീടിന്റെ തൊട്ടടുത്തായതിനാല്‍ നല്ല സൗകര്യമായിരുന്നു. തൊപ്പി ധരിച്ചാണ് കാമ്പസിലെത്തിയിരുന്നത്. അതിന്റെ പേരില്‍ അപമാനമൊന്നും അനുഭവിക്കേണ്ടി വന്നില്ലെന്നും പഠനത്തില്‍ കഴിവ് തെളിയിച്ചതിനാല്‍ അംഗീകാരമാണ് ലഭിച്ചതെന്നും ഹമീദ് സാഹിബ് പറയുന്നു.
പ്രീഡിഗ്രി ഡിസ്റ്റിങ്ഷനോടെയാണ് പാസായത്. ഫലം വന്നപ്പോള്‍ ഉപ്പയ്്ക്കുണ്ടായ സന്തോഷം ഹമീദ് സാഹിബ് മറക്കുന്നില്ല. പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ കോഴിക്കോട് എന്‍.ഐ.ടിയില്‍ (അന്ന് ആര്‍.ഇ.സി) ബി.ടെകിന് ചേരാന്‍ ഉദ്ദേശിക്കുകയും അഡ്മിഷന്‍ ഉറപ്പാക്കുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ നിന്ന് ദൂരെ പോകാന്‍ ഉപ്പ സമ്മതിച്ചില്ല. അതിനാല്‍ ബി.എസ്.സി കെമിസ്ട്രിക്ക് ഫാറൂഖ് കോളേജില്‍ തന്നെ ചേര്‍ന്നു. കെമിസ്ട്രി തിരഞ്ഞെടുക്കാന്‍ ഒരു കാരണമുണ്ടായിരുന്നു. സയന്‍സ് വിഷയങ്ങളെല്ലാം ഹമീദ് സാഹിബിന് ഇഷ്ടമായിരുന്നു. എന്നാല്‍ എത്രയും വേഗം ഒരു ജോലി നേടണമെന്ന് ചിന്തിപ്പിക്കുന്ന സാഹചര്യമായിരുന്നു വീട്ടില്‍. കെമിസ്ട്രി പഠിച്ചാല്‍ മാവൂര്‍ റയോണ്‍സില്‍ ഒരു ജോലി കിട്ടാന്‍ എളുപ്പമാണെന്ന ഒരു ധാരണ എങ്ങനെയോ മനസില്‍ വേരൂന്നിയിരുന്നു. അങ്ങനെയാണ് കെമിസ്ട്രി തിരഞ്ഞെടുത്തത്. ഹമീദ് സാഹിബ് ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് ഉപ്പ മരണപ്പെടുന്നത്. പിതൃസഹോദരന്‍മാര്‍ നന്നായി സഹായിച്ചതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഡിഗ്രി പഠനം പൂര്‍ത്തിയാക്കി.
എംഎസ്്സിയുടെ സമയമായപ്പോള്‍ എങ്ങനെയെങ്കിലും ഒരു ജോലി നേടുക എന്നതായിരുന്നു മനസിലെ പ്രധാന ലക്ഷ്യം. എങ്കിലും ഫാറൂഖ് കോളേജില്‍ പി.ജിക്കു ചേര്‍ന്നു. ക്ലാസ് ആരംഭിച്ചപ്പോഴാണ് പോസ്റ്റ് ആന്റ് ടെലഗ്രാം ഡിപ്പാര്‍ട്ട്‌മെന്റ് (പി ആന്റ് ടി) ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. ഡിഗ്രിയുടെ മാര്‍ക്കായിരുന്നു ജോലി ലഭിക്കാനുള്ള മാനദണ്ഡം. 87 ശതമാനം മാര്‍ക്കുള്ളത് കൊണ്ട് സെലക്ഷന്‍ ലഭിച്ചു. അതോടെ ക്ലാസില്‍ പോകുന്നത് നിര്‍ത്താന്‍ തീരുമാനിച്ചു. വിവരം അധ്യാപകരോട് പറഞ്ഞപ്പോള്‍ കൂട്ടത്തിലുള്ള നൂര്‍ മുഹമ്മദ് സാര്‍ “കാര്യങ്ങള്‍ ഫൈനലാകുന്നത് വരെ’ ക്ലാസില്‍ വരാന്‍ നിർദേശിച്ചു. ഒരു മാസത്തെ ട്രെയിനിങിനുശേഷമാണ് നിയമനമുണ്ടാകാറുള്ളത്. എന്നാല്‍ എന്തോ കാരണത്താല്‍ അത് അനിശ്ചിതമായി നീണ്ടു. ഇതിനിടയില്‍ ആദ്യ വര്‍ഷ പി.ജി പരീക്ഷ കഴിഞ്ഞു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്ക് നേടി. രണ്ടാം വര്‍ഷം അവസാന സമയത്താണ് മേല്‍ പറഞ്ഞ ട്രെയിനിങിന് വിളിച്ചത്. ട്രെയിനിങും പരീക്ഷയും ഒരേ സമയത്തായിരുന്നു. സാധാരണഗതിയില്‍ ട്രെയിനിങിനിടയില്‍ ലീവ് അനുവദിക്കാറില്ലെങ്കിലും ആദ്യ വര്‍ഷം ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥിക്ക് അധികൃതര്‍ പ്രത്യേക ഇളവ് നല്‍കി. അങ്ങനെ പരീക്ഷാ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് നാട്ടിലെത്തി പരീക്ഷ എഴുതി മടങ്ങി. അങ്ങനെ കോഴ്‌സും ട്രെയിനിങും ഒരുമിച്ച് പൂര്‍ത്തിയായി. ട്രെയിനിങിനിടയില്‍ പുസ്തകങ്ങള്‍ എടുത്തുനോക്കാന്‍ സമയം കിട്ടാത്തതിനാല്‍ റാങ്ക് ലിസ്റ്റിലൊന്നും വന്നില്ലെങ്കിലും മികച്ച മാര്‍ക്കോടെ പാസായി. ടെലഫോണ്‍സില്‍ കോഴിക്കോട് ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയില്‍ നിയമിക്കപ്പെടുകയും ചെയ്തു.

ഔദ്യോഗികജീവിതം
1976 മുതല്‍ നാലു വര്‍ഷം കോഴിക്കോട്ടും മഞ്ചേരിയിലുമായി ടെലഫോണ്‍ എക്‌സ്‌ചേഞ്ചില്‍ കേബിള്‍ എന്‍ജിനീയറായി ജോലി ചെയ്തു. ശേഷം അധ്യാപകജീവിതത്തോട് താല്പര്യം വരികയും 1980 മുതല്‍ കോളേജ് അധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ആദ്യം തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിലാണ് നിയമിതനായത്. അധികം വൈകാതെ പി.എസ്.സി മുഖേന സര്‍ക്കാര്‍ സര്‍വീസിലേക്ക് മാറി. കോടഞ്ചേരി ഗവണ്‍മെന്റ് കോളേജ്, ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജ്, മടപ്പള്ളി ഗവണ്‍മെന്റ കോളേജ് എന്നിവിടങ്ങളില്‍ സേവനം ചെയ്ത ശേഷം 1986-ല്‍ നാടിനടുത്ത് മീഞ്ചന്ത ഗവണ്‍മെന്റ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നിയമിതനായി. ഇടയ്്ക്കിടെ സ്ഥലമാറ്റം വരുന്ന മേഖലയാണെങ്കിലും ഹമീദ് സാഹിബിന് ട്രാന്‍സ്ഫറുണ്ടായില്ല. വിരമിക്കുന്നതുവരെ, 22 വര്‍ഷം അവിടെത്തന്നെ തുടര്‍ന്നു. 2008-ല്‍ വിരമിച്ചു. തന്റെ പ്രസ്ഥാനത്തിലെ പ്രതിഭകളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ മറ്റാരെക്കാളും ശ്രദ്ധാലുവായ കാന്തപുരം ഉസ്താദ്, മീഞ്ചന്ത കോളേജില്‍നിന്ന് വിരമിക്കുന്നതിന് മുമ്പുതന്നെ ഹമീദ് സാഹിബിനെ വിളിച്ചുവരുത്തി. മര്‍കസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ പ്രിന്‍സിപ്പളായി നിയമിച്ചു. റിട്ടയര്‍മെന്റിന്റെ പിറ്റേദിവസം തന്നെ ഹമീദ് സാഹിബ് പുതിയ ദൗത്യം ഏറ്റെടുത്തു. 12 വര്‍ഷത്തിലധികം ആ തസ്തികയില്‍ തുടര്‍ന്നു.

പ്രസ്ഥാനം
1973-ല്‍ എസ്എസ്എഫ് രൂപീകൃതമാവുമ്പോള്‍ ഹമീദ് സാഹിബ് ഫാറൂഖ് കോളേജില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. അധികം വൈകാതെ തന്നെ കാമ്പസില്‍ സംഘടനക്ക് യൂനിറ്റ് രൂപീകരിക്കുകയും അതിന്റെ ജനറല്‍ സെക്രട്ടറിയാവുകയും ചെയ്തു. കൊടുവള്ളി സ്വദേശി എ.കെ മുഹമ്മദ് മാസ്റ്ററാണ് ഫാറൂഖ് കോളേജ് കാമ്പസ് യൂനിറ്റ് എസ്എസ്എഫിന്റെ പ്രഥമ പ്രസിഡന്റ്.
പഠനകാലം കഴിഞ്ഞ് ജോലിയും മറ്റുമായി ഒതുങ്ങിക്കഴിയുകയായിരുന്ന അദ്ദേഹത്തെ വീണ്ടും രംഗത്തിറക്കിയത് ടി.സി ഉസ്താദാണ്. യൂനിറ്റ് കൊണ്ട് കോഴിക്കോട്ടുകാരനാണെങ്കിലും വീട് കൊണ്ട് മലപ്പുറത്തുകാരനാണ് എന്ന പരിഗണന വെച്ച് ടി.സി ഉസ്താദ് ഹമീദ് സാഹിബിനെ എസ്്വൈഎസ് മലപ്പുറം ജില്ലാ കമ്മിറ്റിയില്‍ അംഗമാക്കി. ഘടകങ്ങള്‍ വഴി കൗണ്‍സിലര്‍മാരെ തിരഞ്ഞെടുക്കുന്ന രീതി അന്ന് അത്രമാത്രം കൃത്യമായിരുന്നില്ല. പിന്നീട് യൂനിറ്റ് സംവിധാനത്തിലൂടെ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ കര്‍മമണ്ഡലം കോഴിക്കോട്ടേക്ക് മാറി. ഫറോക്ക് മേഖല ജനറല്‍ സെക്രട്ടറി, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ തസ്തികകള്‍ എസ്്വൈഎസില്‍ വഹിച്ചിട്ടുണ്ട്. കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രഥമ കമ്മിറ്റിയില്‍ കോഴിക്കോട് ജില്ലാ ഭാരവാഹിയായ ഹമീദ് സാഹിബ് ഇപ്പോള്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ്. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെയും എജുക്കേഷനല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെയും തുടക്കം മുതലുള്ള സെക്രട്ടറിമാരില്‍ ഒരാളായ ഹമീദ് സാഹിബ് ഇന്നും ആ പദവികൾ വഹിക്കുന്നു.
അഭ്യസ്ഥവിദ്യര്‍ക്ക് ഒരു കൂട്ടായ്മയുണ്ടാക്കാന്‍ പ്രസ്ഥാനം തീരുമാനിച്ചതിന്റെ ഫലമായിരുന്നു സുന്നി എംപ്ലോയീസ് അസോസിയേഷന്‍ (എസ്ഇഎ). അതിന്റെ പ്രഥമ ജനറല്‍ സെക്രട്ടറി ഹമീദ് സാഹിബാണ്. തളിപ്പറമ്പിലെ ഡോ. സുബൈറായിരുന്നു പ്രസിഡന്റ്. പ്രാസ്ഥാനികമായി ഘടനയിലും പേരിലും പുതിയ പരിഷ്‌കരണങ്ങള്‍ വന്നപ്പോള്‍ ഈ സംഘടന വഴിമാറുകയായിരുന്നു. മുതിര്‍ന്ന നേതാക്കളെ കൂടാതെ സഹപ്രവര്‍ത്തകരായിരുന്ന മൊയ്തീന്‍ഷാ മാസ്റ്റര്‍, വി.എം കോയ മാസ്റ്റര്‍ തുടങ്ങിയവരുടെ പ്രേരണയും ഇടവേളകളില്ലാത്ത, അഞ്ച് പതിറ്റാണ്ടിനോടടുക്കുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകര്‍ന്നു എന്ന് ഹമീദ് സാഹിബ് നന്ദിയോടെ സ്മരിക്കുന്നു.

ഹജ്ജ് കമ്മിറ്റി
1990-ല്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വളണ്ടിയറായി സേവനം ചെയ്തിട്ടുണ്ട് ഹമീദ് സാഹിബ്. രണ്ടുപേര്‍ക്ക് മാത്രമാണ് അന്ന് അതിന് അവസരമുണ്ടായത്. കപ്പല്‍ മാര്‍ഗമുള്ള ആ യാത്രയില്‍ വടകര മുഹമ്മദാജി തങ്ങള്‍ ഉണ്ടായിരുന്നു. ആ വര്‍ഷം മിനയില്‍ വെച്ച് അവേലത്ത് തങ്ങളുടെയും കാന്തപുരം ഉസ്താദിന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് എസ്്വൈഎസ് ഹജ്ജ് കമ്മിറ്റി രൂപീകരിക്കാന്‍ ധാരണയായത്. ആ യോഗത്തില്‍ ഹമീദ് സാഹിബും സന്നിഹിതനായിരുന്നു. 1992 മുതല്‍ പല തവണ എസ്്വൈഎസ് ഹജ്ജ് ഗ്രൂപ്പിന്റെ അമീറായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
2006-ല്‍ സുന്നി സംഘടനാ പ്രതിനിധിക്ക് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ പ്രസ്ഥാനം ഹമീദ് സാഹിബിനെയാണ് നാമനിർദേശം ചെയ്തത്. ഹമീദ് സാഹിബ് ചെയര്‍മാനായിരിക്കെയാണ്, ഹജ്ജ് കമ്മിറ്റിയുടെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായ ഹജ്ജ് ക്യാമ്പിന് സ്ഥിരം സൗകര്യമില്ല എന്ന പ്രശ്‌നത്തിന് പരിഹാരമുണ്ടായത്. എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് താത്ക്കാലിക ഷെഡുകള്‍ ഒരുക്കലായിരുന്നു പതിവ്. ഹജ്ജ് വകുപ്പ് മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ് കുട്ടിയുടെ ശക്തമായ പിന്തുണയുണ്ടായതിനാല്‍ ഹമീദ് സാഹിബിന്റെ നേതൃത്വത്തില്‍ ഹജ്ജ് ഹൗസ് എന്ന പദ്ധതി ആവിഷ്‌കരിക്കാനും ചുരുങ്ങിയ കാലം കൊണ്ട് യാഥാർഥ്യമാക്കാനും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കായി.
കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തികരിച്ച സമയത്ത് കേന്ദ്ര ഹജ്ജ് കമ്മിറ്റി മെമ്പര്‍ സ്ഥാനത്തേക്ക് കേരളത്തില്‍നിന്ന് ഹമീദ് സാഹിബിന്റെ പേര് പാലോളി മുഹമ്മദ് കുട്ടി നിര്‍ദേശിച്ചതും മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായിരുന്നു.

കുടുംബം
മാത്യസഹോദരി പുത്രി മൈമൂനയാണ് ഹമീദ് സാഹിബിന്റെ സഹധര്‍മ്മിണി. മുഹമ്മദ് ശരീഫ്, ബുശ്‌റ, മുഹമ്മദ് ശാക്കിര്‍ എന്നിവരാണ് മക്കള്‍. തലപ്പാറ സ്വദേശി ശിഹാബുദ്ദീനാണ് മകളെ വിവാഹം ചെയ്തത്■

Share this article

About എം ടി ശിഹാബുദ്ദീന്‍ സഖാഫി

nadishihab@gmail.com

View all posts by എം ടി ശിഹാബുദ്ദീന്‍ സഖാഫി →

Leave a Reply

Your email address will not be published. Required fields are marked *