ചില്ലു ചുവരുകള്‍ക്കുള്ളിലെ നീളന്‍ നഗരം

Reading Time: 4 minutes

നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന പരമ്പരാഗത നഗര വികസന സങ്കല്പങ്ങളെയും കണ്ടുപരിചയിച്ച വികസനമാതൃകകളെയും പുനര്‍നിര്‍വചിക്കുകയാണ് സഊദിയിലെ നിയോമില്‍ ചില്ലുചുവരുകള്‍ക്കുള്ളില്‍ ഉയരുന്ന നീളന്‍ നഗരം, ദി ലൈന്‍. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ തബൂക്ക് പ്രവിശ്യയില്‍ ചെങ്കടലിനോട് ചേര്‍ന്ന് നിര്‍മാണം ആരംഭിച്ച നിയോം സിറ്റിയിലെ പ്രധാന പദ്ധതിയാണ് ദി ലൈന്‍ എന്ന സ്വപ്ന നഗരം. പ്രകൃതിയെയും അത്യാധുനികതയെയും സമന്വയിപ്പിച്ച് അത്യദ്ഭുതങ്ങളും വിസ്മയങ്ങളും നിറച്ച് ഉയര്‍ന്നുവരുന്ന ഈ ഭാവിനഗരത്തിന് പ്രത്യേകതളേറെയാണ്. കാറുകളോ റോഡുകളോ ഉണ്ടാകില്ലെന്നതാണ് അതില്‍ പ്രധാനം. സ്‌കൂള്‍, മെഡിക്കല്‍ ക്ലിനിക്കുകള്‍, വിനോദ സങ്കേതങ്ങള്‍, ഹരിത കേന്ദ്രങ്ങള്‍, നടപ്പാത തുടങ്ങി മനുഷ്യജീവിതത്തിന് ആവശ്യമായ മുഴുവന്‍ സേവനങ്ങളും അടങ്ങുന്നതാണ് ദി ലൈന്‍. യാത്രക്ക് മാത്രമായി ഒരു ലെയറും സ്‌കൂള്‍, ആശുപത്രി തുടങ്ങിയ സേവനങ്ങള്‍ക്കായി മറ്റൊരു തട്ടും, താമസം, വിനോദം, കാല്‍നടയാത്ര തുടങ്ങിയവക്ക് മൂന്നാമതൊരു അടുക്കുമാണ് ദി ലൈനില്‍ ഉണ്ടാകുക. ഇവിടെ ഏറ്റവും ദൂരെയുള്ള ഭാഗത്തേക്കുപോലും അള്‍ട്രാ ഫാസ്റ്റ് ഗതാഗത സംവിധാനത്തിലൂടെ ഇരുപത് മിനിറ്റില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ടി വരില്ല. അതില്‍ കൂടുതല്‍ ഒരു യാത്രയും ഇല്ലെന്ന് മാത്രമല്ല, താമസിക്കുന്നവര്‍ക്ക് ലഭിക്കേണ്ട മുഴുവന്‍ സേവന സൗകര്യങ്ങളും ഉപയോഗിക്കാന്‍ അഞ്ചു മിനിറ്റ് മാത്രം നടന്നാല്‍ മതിയാകും.
താമസിക്കുന്ന ഇടങ്ങള്‍ക്കുമുണ്ട് ഏറെ സവിശേഷതകള്‍. ചില്ലുപാളികള്‍ക്കുള്ളില്‍ ഇരുഭാഗത്തും സംവിധാനിച്ച തൂങ്ങിക്കിടക്കുന്ന രൂപകല്പനയാണ് പാര്‍പ്പിടങ്ങള്‍ക്കുള്ളത്. 2017 ല്‍ പ്രഖ്യാപിച്ച പദ്ധതി 2021 ഏപ്രിലിലാണ് പണിതുടങ്ങിയത്. 200 മീറ്റര്‍ ആണ് ഇതിന്റെ വീതി. രണ്ടു പുറവും ചില്ലു ചുവരുകള്‍. കടലില്‍ നിന്ന് 500 മീറ്റര്‍ ഉയരത്തിലായിരിക്കും നിര്‍മാണം. വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ തന്നെ ടിപിക്കല്‍ പ്രകൃതി സൗഹൃദം എന്ന പ്രഖ്യാപനത്തിനപ്പുറത്ത് സമ്പൂര്‍ണ കാര്‍ബണ്‍രഹിതമായിരിക്കും നഗരം. തൊണ്ണൂറ്റിയഞ്ച് ശതമാനവും പ്രകൃതിദത്തമായിരിക്കും നിര്‍മാണ രീതി. മനുഷ്യന്റെ സുഖജീവിതവും ആരോഗ്യവും മുന്‍നിര്‍ത്തിയുള്ള ദീര്‍ഘവീക്ഷണമാണ് ഈ ആശയത്തെ നയിക്കുന്നത്. 2030 ഓടെ പൂര്‍ത്തീകരിക്കുന്ന ദി ലൈന്‍ 170 കിലോമീറ്റര്‍ നേര്‍രേഖയിലാണ് സജ്ജീകരിക്കുന്നത്. 2030 നു മുമ്പ് തന്നെ ആദ്യഘട്ടം പൂര്‍ത്തിയാകും. ഇതോടെ ഒരു ദശലക്ഷം പേരെങ്കിലും താമസം തുടങ്ങും. തുടര്‍ന്ന് അതൊരു ജൈവപ്രക്രിയയായി വികസിക്കുകയാണ് ചെയ്യുക. ദി ലൈനിന്റെ ആകെ ആള്‍ശേഷി ഒമ്പത് ദശലക്ഷമാണ്.
നഗരസങ്കല്‍പങ്ങളെ പുനര്‍നിര്‍വചിക്കുകയാണ് ദി ലൈന്‍. ചുറ്റുമുള്ള പാറക്കൂട്ടങ്ങള്‍ക്കും മരുഭൂമിക്കും കടലിനും കോട്ടം വരുത്താതെ, അതേസമയം അവ തന്മയത്വത്തോടെ അനുഭവിക്കാന്‍ പറ്റുന്ന വിധത്തിലാണ് പദ്ധതിയുടെ രൂപകല്പന. മുമ്പ് ലോകത്തെവിടെയും കാണാത്ത വിധമുള്ള അഭൂതപൂര്‍വവും അനുഭൂതിദായകവുമായ വികസനമാണിത്.
എല്ലാ നിലക്കും തികച്ചും വിഭിന്നമായ ഈ ഭാവിനഗരം മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളോടുള്ള നേരിട്ടുള്ള പരിഹാരവും പ്രതികരണവുമാണെന്നാണ് സഊദി കിരീടാവകാശിയും നിയോം കമ്പനി ബോര്‍ഡ് ഡയറക്ടര്‍ ചെയര്‍മാനുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അവകാശപ്പെടുന്നത്. മനുഷ്യത്തിരക്ക്, ഗതാഗതക്കുരുക്ക്, മലിനീകരണം എന്നിവകൊണ്ട് വീര്‍പ്പുമുട്ടുകയാണ് ഓരോ നഗരവും. ദി ലൈന്‍ സിറ്റിയില്‍ അതുണ്ടാവില്ലെന്ന് തീര്‍പ്പുപറയുന്നു അദ്ദേഹം.
അള്‍ട്രാ ഹൈസ്പീഡ് ട്രാന്‍സിറ്റ്, ഓട്ടോണമസ് മൊബിലിറ്റി സൊല്യൂഷനുകള്‍ എന്നിവ യാത്ര എളുപ്പമാക്കുകയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി കൂടുതല്‍ സമയം ചെലവിടാന്‍ താമസക്കാര്‍ക്ക് അവസരം നല്‍കുകയും ചെയ്യും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴിയുള്ള ആശയ വിനിമയ വൈജ്ഞാനിക സൗകര്യങ്ങളാണിവിടെ. ജീവിതം സുഖകരമാക്കുന്നതിനുള്ള നൂതന മാര്‍ഗങ്ങളിലൂടെ താമസവും ബിസിനസും കൂടുതല്‍ മെച്ചപ്പെടുത്താനും ഫലപ്രദമാക്കാനുമുള്ള മാര്‍ഗങ്ങളാണ് ഇവിടെ സ്വീകരിക്കുന്നത്.
നിലവിലുള്ള സ്മാര്‍ട്ട് സിറ്റികളില്‍ സാധാരണ ഒരു ശതമാനം പശ്ചാത്തല സൗകര്യ സാധ്യതകളാണ് ഉള്ളതെങ്കില്‍ ഇവിടെ അത് 90ശതമാനം ആയിരിക്കും. സുസ്ഥിരതയെ പുനര്‍നിര്‍വചിക്കുന്നതിലൂടെ, 100 ശതമാനവും ശുദ്ധമായ ഊര്‍ജം നല്‍കുന്ന കാര്‍ബണ്‍ പോസിറ്റീവ് നഗരവികസന മാതൃക സൃഷ്ടിക്കുകയാണിവിടെ. പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍ സൗരോര്‍ജം, കാറ്റ്, ഹൈഡ്രജന്‍ എന്നിവയുടെ സംയോജനമായിരിക്കും. മലിനമുക്തവും ആരോഗ്യദായകവുമായ അന്തരീക്ഷമാണ് നിയോമില്‍ ഉണ്ടാവുക. പ്രകൃതി സൗഹൃദ വികസനാവിഷ്‌കാരമാണ് ദി ലൈന്‍. സൗദിയുടെ മുഴുവന്‍ സാധ്യതകളും തുറന്നിടുന്ന മെഗാ പ്രൊജക്റ്റാണിത്.
വെള്ളം ശുദ്ധീകരിക്കാന്‍ അതിനൂതന ഡീസലിനേഷന്‍ സംവിധാനമാണ് ഇവിടെയുണ്ടാവുക. സമുദ്രത്തില്‍ നിന്ന് സാധാരണ ജലം ശുദ്ധീകരിച്ചെടുക്കുമ്പോള്‍ ലവണങ്ങള്‍ വീണ്ടും കടലില്‍ തള്ളുന്നത് ദോഷകരമാകാറുണ്ട്. ഇതൊഴിവാക്കാന്‍ സീറോ-ബ്രൈന്‍ ഡിസ്ചാര്‍ജ് പോളിസിയാണ് സ്വീകരിക്കുക. പുനരുപയോഗത്തിന്റെ ഭാഗമായി വെള്ളവും റീസൈക്കിള്‍ ചെയ്യുകയും വീണ്ടും ഉപയോഗപ്പെടുത്തുകയും ചെയ്യും.
ചരിത്രത്തില്‍ നഗരനിര്‍മാണങ്ങള്‍ നടന്നത് മനുഷ്യന്റെ സംരക്ഷണത്തിനും സുഖത്തിനും ആണ്. എന്നാല്‍ വ്യവസായവിപ്ലവത്തിനുശേഷം ജനങ്ങളെക്കാള്‍ യന്ത്രങ്ങള്‍, വാഹനങ്ങള്‍, ഫാക്ടറികള്‍ എന്നിവ നഗരങ്ങള്‍ കൈയടക്കി. ഇവയ്ക്കുള്ള നേരിട്ടുള്ള പരിഹാരമാണ് നിയോമിലെ ദി ലൈന്‍ പദ്ധതി. ലോകത്ത് 90 ശതമാനം പേരും ശ്വസിക്കുന്നത് മലിനവായുവാണ്. മലിനീകരണം മൂലം പ്രതിവര്‍ഷം ഏഴു ദശലക്ഷം ആളുകള്‍ മരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാഹനാപകടം കാരണം പ്രതിവാരം ഒരു ദശലക്ഷം പേര്‍ക്കു ജീവഹാനി സംഭവിക്കുന്നു. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള വികസനത്തിനാണ് ഇനി പ്രസക്തി.
2050 ആകുമ്പോഴേക്കും യാത്രാദൈര്‍ഘ്യം ഇരട്ടിയാകാനിരിക്കുകയാണ്. പ്രകൃതിയിലെ കൈകടത്തല്‍ കാരണം ഒരു ബില്യന്‍ ആളുകള്‍ക്കെങ്കിലും അവര്‍ താമസിക്കുന്ന സ്ഥലം മാറേണ്ടിവരുമെന്നാണ് പഠനം. എന്നാല്‍ വികസനത്തിന് പ്രകൃതിയെ ത്യജിക്കേണ്ടതില്ലെന്ന പാഠം നല്‍കുകയാണ് സഊദി. പാരമ്പര്യവും പ്രകൃതിയും പൈതൃകവും മേളിച്ച നഗരസങ്കല്പമാണ് നിയോമും അതിനകത്തെ ദി ലൈനും വിഭാവന ചെയ്യുന്നത്.
ആഗോള വ്യവസായ പ്രമുഖരുടെ നേതൃത്വത്തില്‍ പുതിയ ഒരു വിപണിയായും പുതുമകള്‍ നിറഞ്ഞ നഗരമായും നിയോം മാറും. പ്രകൃതിയോടിണങ്ങിയ നിക്ഷേപങ്ങള്‍ക്ക് വലിയ സാധ്യതകളുള്ള ഇടംകൂടിയായിരിക്കും നിയോം. ലോകത്തിലെ 40 ശതമാനം മേഖലകളില്‍ താമസിക്കുന്നവര്‍ക്കും നാലു മണിക്കൂറിനുള്ളില്‍ നിയോം നഗരത്തിലെത്താനാകും.
സഊദി പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 ന്റെ ഭാഗമായി സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെ പ്രധാന മുന്നേറ്റകേന്ദ്രമായി നിയോം മാറും. 3,80,000 തൊഴിലവസരങ്ങള്‍ സമ്മാനിക്കുന്നതോടൊപ്പം 2030 ആകുന്നതോടെ സമ്പദ് വ്യവസ്ഥയിലേക്ക് 180 ബില്യന്‍ റിയാല്‍ സംഭാവന ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാവസായിക, ലോജിസ്റ്റിക് മേഖലകള്‍ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന പ്രൊജക്ട് പൂര്‍ത്തിയാകാന്‍ ഇനി എട്ടു വര്‍ഷം കാത്തിരുന്നാല്‍ മതിയാകും. വിനോദസഞ്ചാരമേഖലയിലും സഊദിയുടെ ഇതുവരെ കാണാത്ത കാഴ്ചപ്പാടാണ് നിയോം പദ്ധതിയിലൂടെ അവതരിപ്പിക്കുന്നത്.
ഇവിടെ സഊദി നിയമമായിരിക്കുമോ എന്ന ചോദ്യം പല ഭാഗത്തു നിന്നും ഉയരുന്നുണ്ട്. നിയോം പദ്ധതി പ്രദേശം പൂര്‍ണമായും സഊദിയുടെ പരമാധികാരത്തിന് കീഴില്‍ തന്നെയായിരിക്കുമെന്ന് ഔദ്യോഗികമായി രാജ്യം വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ സഊദിയുടെ പ്രത്യേക സാമ്പത്തിക മേഖലയായിട്ടായിരിക്കും നിയോം നിലകൊള്ളുക. അതിനാല്‍ തന്നെ സാമ്പത്തിക ഇളവുകളും അതിനനുസൃതമായ നിയമങ്ങളുമായിരിക്കും നിയോമിലുണ്ടാവുകയെന്നും സഊദി വ്യക്തമാക്കുന്നു.
സീറോ ഗ്രാവിറ്റി അര്‍ബനിസമാണ് ദി ലൈനില്‍ നടപ്പാക്കുന്നത്. ഉയരത്തില്‍ ലംബമായി ക്രമീകരിക്കുകയും ഒന്നിലധികം ഗ്രൗണ്ട് പ്രതലം നിര്‍മിക്കുകയും ചെയ്ത് പ്രകൃതിദത്തമായ ഭൂതലത്തെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുള്ള സംവിധാനത്തെ വിളിക്കുന്ന പേരാണ് ഇത്. അടിസ്ഥാനപരമായി നഗരജീവിതം സൃഷ്ടിക്കുന്നതിനോടൊപ്പം പ്രകൃതിയെ ആസ്വദിക്കാനാവുന്ന വ്യതിരിക്ത അന്തരീക്ഷം സമ്മാനിക്കുക എന്നതാണ് ലക്ഷ്യം. ഈ രീതിയിലുള്ള നിര്‍മാണവും സമീപനവും സ്വീകരിക്കുമ്പോള്‍ സമാന ജനസംഖ്യയുള്ള ഒരു പരമ്പരാഗത നഗരത്തിന്റെ രണ്ടു ശതമാനം മാത്രം വിസ്തൃതി മതിയാകും ദി ലൈനിന്. അതായത് ഏകദേശം 9 ദശലക്ഷം ജനസംഖ്യയുള്ള ലണ്ടന്‍ നഗരത്തിന് 1600 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുണ്ടെങ്കിലും ഇത്രയും മനുഷ്യര്‍ക്ക് അധിവസിക്കാന്‍ നിര്‍മിക്കുന്ന ദി ലൈന്‍ നഗരത്തിന്റെ വിസ്തൃതി 34 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രമാണ്. ലോകജനസംഖ്യ വര്‍ധിക്കുകയും നഗര കുടിയേറ്റങ്ങള്‍ തുടരുകയും ചെയ്യുമ്പോള്‍ പ്രകൃതിയോടും പരിസ്ഥിതിയോടും ഭൂപ്രകൃതിയോടും ചേര്‍ന്നുനിന്നുകൊണ്ടുള്ള പ്രായോഗിക ബദലായി ഈ പദ്ധതിയെ കാണാം.
സാങ്കേതികമായി ത്രിമാന സ്വഭാവത്തോടെ സീറോ ഗ്രാവിറ്റി അര്‍ബനിസം അനുസരിച്ച് രൂപകല്‍പന ചെയ്യുന്ന പദ്ധതിയുടെ പ്രധാന രണ്ട് പ്രത്യേകതകളാണ് ഹൈപര്‍ പ്രോക്സിമിറ്റിയും ഹൈപര്‍ മിക്‌സഡ് യൂസും. ഇതില്‍ ആദ്യത്തേത് മുന്‍മാതൃകയനുസരിച്ച് ഒരിക്കലും സങ്കല്പിക്കാന്‍ കഴിയാത്തതും കൂടുതല്‍ ആളുകള്‍ ഒരുമിച്ചുചേരുകയും ചെയ്യുന്ന പ്രതിഭാസം ആണ്. അസാധാരണമായ സാമൂഹിക ഇടപെടലും സാംസ്‌കാരിക വിനിമയവും പ്രോത്സാഹിപ്പിക്കുന്ന വിസ്മയാന്തരീക്ഷമായിരിക്കും ഇവിടെ. ഉയര്‍ന്ന സാന്ദ്രതയും സംവിധാനങ്ങളുമുള്ള ഒരു സാമ്പ്രദായിക നഗരത്തില്‍ പരമാവധി 25000 പേരാണ് ഉള്‍ക്കൊള്ളുന്നതെങ്കില്‍ ഈ കോണ്‍സെപ്റ്റില്‍ നിര്‍മിക്കുന്ന ദി ലൈനില്‍ സന്തുലിതമായ സൗകര്യങ്ങളോടെ 80,000 പേരെയാണ് ഉള്‍ക്കൊള്ളുക.
രൂപം കൊണ്ടും സവിശേഷത കൊണ്ടും ഏറ്റവും നൂതനവും അനിതര സാധാരണവുമായ ജീവിതാന്തരീക്ഷമാണ് ദി ലൈനില്‍. ഇവിടെ താമസിക്കുന്ന ആര്‍ക്കും 170 കിലോമീറ്റര്‍ നീളെ സഞ്ചരിക്കാന്‍ പരിധി നിശ്ചയിച്ചിട്ടില്ല. ഇതുപോലെ അനായാസം മുകളിലേക്കും താഴോട്ടും സഞ്ചരിച്ച് പുതിയ അയല്‍പക്കങ്ങളിലേക്ക് എത്താനും പരിമിതികള്‍ ഇല്ല.
ഹൈപര്‍ മിക്സഡ് യൂസ് എന്നത് ഈ നഗര പരിതസ്ഥിതിയില്‍ എല്ലാവര്‍ക്കും എല്ലായിടത്തും എല്ലാം ലഭ്യമാകുന്നു എന്ന സങ്കല്പമാണ്. സാധാരണ ഭൂപ്രകൃതിയെ തരംതിരിക്കുന്നതുപോലെ പ്രത്യേക സോണായോ ജില്ലയായോ വര്‍ഗീകരണങ്ങള്‍ ഇവിടെയില്ല. മനുഷ്യജീവിതത്തിന് ആവശ്യമായ എല്ലാം, മുഴുവന്‍ താമസക്കാര്‍ക്കും ഒരേ സംതൃപ്തിയോടെ ലഭ്യമാക്കുന്ന രീതിയാണിത്. പരമ്പരാഗത നഗര രീതി അനുസരിച്ച് വ്യവസായങ്ങളും സൗകര്യങ്ങളും ചില മേഖലകളെയും പ്രദേശങ്ങളെയും മാത്രമാണ് കേന്ദ്രീകരിക്കുന്നത് എങ്കില്‍ ഇവിടെ ജോലി, സാംസ്‌കാരിക വിനിമയങ്ങള്‍, വിദ്യാഭ്യാസം, വിനോദം തുടങ്ങി എന്തും കൈയെത്തും ദൂരത്ത് ഒരു പോലെ ലഭ്യമാക്കുന്ന രീതിയാണ് അവലംബിക്കുന്നത്. അഞ്ചു മിനിറ്റിനുള്ളില്‍ ചുരുങ്ങിയത് 8000 ആളുകളുമായി ആക്സസ് ലഭിക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ഇരുവശത്തുമുള്ള പ്രകൃതിയെ ഏതു തട്ടില്‍ നിന്നും നേരിട്ട് ആസ്വദിക്കാന്‍ കഴിയുന്ന അനന്യമായ രൂപഘടന. പാര്‍ക്കുകളിലേക്കും നടപ്പാതകളിലേക്കും ഇഷ്ടാനുസരണം പ്രവേശിക്കാനുമാകും.
ഏറ്റവും താഴ്്ന്ന നിലകളിലും മധ്യനിരകളിലും പോലും, സ്വാഭാവികവും പ്രകൃതിദത്തവുമായ സൂര്യപ്രകാശവും ശുദ്ധവായുവും ധാരാളം ലഭിക്കും. പ്രകൃതിയുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി പരിസ്ഥിതിയെ സംയോജിപ്പിച്ച് നൂതന സാങ്കേതികവിദ്യയിലൂടെ ശാസ്ത്രീയമായ, തുറസ്സായ ഉല്ലാസ വിനോദ ഇടങ്ങള്‍ സൃഷ്ടിക്കുന്ന അനുഭവവും വ്യത്യസ്തമായിരിക്കും.
ഇവിടുത്തെ പ്രാഥമിക സഞ്ചാരമാര്‍ഗം നടത്തമാണ്. ദൈനംദിന ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി അഞ്ചുമിനിറ്റ് നടന്നാല്‍ എത്താവുന്ന വിധം മൈക്രോ മൊബിലിറ്റി പാതകള്‍ ധാരാളമുണ്ടാകും. 10 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് സ്വന്തം വാഹനങ്ങളോ ഗ്രൂപ്പ് ഷട്ടിലുകളോ ആണ് ഉള്ളത്. താഴെ നിലത്ത് തൊടാതെയാണ് ഇവ സേവനം നടത്തുക. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ സഞ്ചരിക്കാന്‍ ഏറ്റവും താഴെയുള്ള അതിവേഗ ഗതാഗത (eVTOL) പാതയാണ് ഉപയോഗിക്കേണ്ടത്.
ലൈനിന്റെ കണ്ണാടിച്ചുവരുകള്‍ക്ക് പുറത്തും ഇവിടുത്തുകാര്‍ക്ക് പ്രവേശിക്കാം. ചെങ്കടലിന്റെയും അഖബ ഉള്‍ക്കടലിന്റെയും മനോഹാരിത ആസ്വദിക്കാനും കടല്‍ത്തീരവും പര്‍വതനിരകളും ഗിരിതടവും ഉപയോഗപ്പെടുത്താനും കഴിയും. ഇവിടെ, ആളുകള്‍ക്ക് ലോകത്തെ ഏറ്റവും മികച്ചത് നേടാനുള്ള അഭൂതപൂര്‍വമായ അവസരമാണുള്ളത്.
ഗ്രാമീണ ജീവിതത്തെ വിലമതിക്കുന്ന ഒരാള്‍ക്ക് ഒരു നെടുനീളന്‍ നഗരത്തിന്റെ ആസ്വാദ്യത എങ്ങനെയായിരിക്കും എന്നത് ഒരു ചോദ്യമാണ്. താമസയിടങ്ങള്‍ മനോഹരമായ പ്രകൃതിയോട് ചേര്‍ന്നാണ് ഉള്ളത്. ശുദ്ധവായു ആവോളം ലഭ്യമാകുന്നു. ഒരു നഗരത്തിന്റെ ശബ്ദകോലാഹലങ്ങളോ മലിനീകരണങ്ങളോ ഇല്ല. പ്രകൃതിയെ കണ്ടും ഇടപഴകിയും നടക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങള്‍ക്ക് പുറമെ കടലും മലനിരകളും മരുഭൂമിയും ചേര്‍ന്ന അവിശ്വസനീയ ദൃശ്യതയും ഈ ആധുനിക നഗരത്തെ വ്യതിരിക്തമാക്കുന്നു. മലിനീകരണത്തെയും ശബ്ദത്തെയും ഇല്ലായ്മ ചെയ്യുന്നതോടെ ആരോഗ്യവും ക്ഷേമവും വീണ്ടെടുക്കാനുമാകും. എല്ലാത്തിനുമപ്പുറം, സമയവും ദൂരവും പ്രശ്നമാകാതെ കൂടുതല്‍ മനുഷ്യരുമായുള്ള പരസ്പര ബന്ധ സൃഷ്ടിയും അയല്‍പക്ക സാധ്യത പുനഃസ്ഥാപിക്കലും എല്ലാം ചേര്‍ന്ന് ദി ലൈന്‍ ആധുനിക നഗരവിചാരങ്ങള്‍ക്ക് തികച്ചും ഒരു ബദലാകുകയാണ് ■

Share this article

About ലുഖ്മാന്‍ വിളത്തൂര്‍

luqmanvilathur@gmail.com

View all posts by ലുഖ്മാന്‍ വിളത്തൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *