മദീന: നാഗരികതയുടെ സമഗ്രതയും സമഭാവനയും

Reading Time: 4 minutes

വിശ്വാസി ഹൃദയങ്ങളില്‍ പ്രഥമ ഗണനീയ സ്ഥാനമര്‍ഹിക്കുന്ന ഒരു ഇടമാണ് മദീന. ചരിത്രപരമായി അതിനൊരുപാട് കാരണങ്ങളുണ്ട്. ഒരു മുസ്‌ലിമിന്റെ സ്വത്വബോധത്തിലേക്ക് ഉള്‍ച്ചേര്‍ന്നു കിടക്കുന്ന മൂല്യങ്ങളുടെ ഉറവിടമാണ് മദീന. മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും, പ്രായോഗിക പരിഹാരങ്ങളിലേക്ക് ചെന്നെത്താനും മദീനയുടെ ചരിത്രം ഇപ്പോഴും ലോകം വായിക്കുന്നു. ഈ നാഗരിക മുന്നേറ്റത്തിന്റെ മർമ പ്രധാനമായ ഭാഗങ്ങളിലൂടെ സഞ്ചരിച്ചാൽ പുതിയകാലത്തെ പല പ്രശ്‌നങ്ങളെയും സമീപിക്കേണ്ടതെങ്ങനെ എന്നതില്‍ വ്യക്തത ലഭിക്കും.
ഗോത്ര സംഘട്ടനങ്ങളാലും യുദ്ധങ്ങളാലും കലുഷമായിരുന്നു മദീന. പരമ്പരാഗതമായി നിലനില്‍ക്കുന്ന സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒരു മാറ്റവുമില്ലാതെ തുടരുന്ന നാട്. സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയില്‍ കാര്യമായ ചലനങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇത്തരമൊരു സാമൂഹിക ഇടത്തിലേക്കാണ് തിരുനബി(സ്വ) കടന്നുവരുന്നത്. ഒന്നാം അഖബ ഉടമ്പടിക്കു ശേഷം മുസ്അബ് ബ്‌നു ഉമൈര്‍(റ)നെ മദീനയിലേക്ക് നിയോഗിച്ചതിനാല്‍ തിരുനബി(സ്വ)യുടെ ആഗമനം അവര്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നു. ഇക്കാരണത്താല്‍ തിരുനബിയെ സ്വീകരിക്കാന്‍ കാത്തിരിക്കുകയായിരുന്നു ആ ദേശക്കാര്‍. എങ്കിലും, സാഹചര്യങ്ങള്‍ അത്ര അനുകൂലമായിരുന്നില്ല. മദീനയിലെ സാമൂഹികപ്രശ്‌നങ്ങള്‍ക്ക് പുറമെ മുഹാജിറുകളുടെ പുനരധിവാസവും വലിയൊരു ചോദ്യമായി മുമ്പിലുണ്ടായിരുന്നു. ഈ ചോദ്യങ്ങളുടെ ഉത്തരമാണ് ഇന്ന് നാം കാണുന്ന മദീന. നാഗരിക മുന്നേറ്റങ്ങളുടെ പ്രഥമ ഇടമായി മദീന മാറുന്നതും അതിന്റെ ചരിത്രപരമായ പ്രയാണത്തിലൂടെയാണ്. ആ പ്രയാണത്തിലുടനീളമുണ്ടായിരുന്ന ചാലക ശക്തിയായിരുന്നു മുഹമ്മദ് നബി(സ്വ).
മസ്ജിദുകളുടെ നിര്‍മാണം
രണ്ട് മസ്ജിദുകള്‍ പണിതുകൊണ്ടായിരുന്നു നബി(സ്വ) മദീനയില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഒന്ന് ഖുബാഇലും മറ്റൊന്ന് മദീനയിലും. കേവലം ആരാധനാലയം എന്നതിനെക്കാളുപരി ഒരു ആസ്ഥാന കേന്ദ്രമായിട്ടായിരുന്നു ഇവ പ്രവര്‍ത്തിച്ചിരുന്നത്. പാര്‍ലമെന്റ്, കോടതി, പുനരധിവാസ കേന്ദ്രം തുടങ്ങി വ്യത്യസ്ത സംരംഭങ്ങള്‍ മസ്ജിദിന്റെ ഭാഗമായിരുന്നു. പൊതുആവശ്യങ്ങള്‍ക്കു വേണ്ടി പ്രത്യേകസ്ഥലം നിജപ്പെടുത്തിയിരുന്നു. മദീനയുടെ നാഗരിക മുന്നേറ്റങ്ങളുടെ ആരംഭവും ഇവിടെ നിന്നായിരുന്നു.

പുനരധിവാസവും ഗോത്രങ്ങളുടെ രഞ്ജിപ്പും
മുഹാജിറുകളുടെ പുനരധിവാസം ഏറെ സങ്കീർണമായിരുന്നു. സ്വത്തുക്കളും കുടുംബങ്ങളും വിട്ടൊഴിയേണ്ടി വന്നവരെ സ്വീകരിക്കാന്‍ മാത്രം മദീന പര്യാപ്തമായിരുന്നില്ല. പക്ഷേ അന്‍സ്വാറുകളുടെ മാനസിക വിശാലതക്ക് മുന്നില്‍ എല്ലാ പ്രയാസങ്ങളും വഴിമാറി. റസൂലിന്റെ(സ്വ) നിര്‍ദേശങ്ങള്‍ അതേപടി സ്വീകരിച്ച് സർവതും സമര്‍പ്പിക്കാന്‍ അവര്‍ ഉല്‍സുകരായി. മുആഖാത് അഥവാ സംഘബന്ധുത്വം എന്ന പേരിലായിരുന്നു പുനരധിവാസപദ്ധതി നബിതങ്ങള്‍ ആസൂത്രണം ചെയ്തത്. മുസ്‌ലിം സാമൂഹിക വികാസത്തിലെ ആരംഭമായി ചരിത്രകാരനായ വെല്‍ ഹോസന്‍ ഇതിനെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഒരു അന്‍സ്വാറിന് ഒരു മുഹാജിര്‍ എന്ന രൂപത്തില്‍ തിരുനബി പദ്ധതിയെ മുന്നോട്ട് കൊണ്ടുപോയി. അവര്‍ സന്തോഷപൂർവം അതിനെ സ്വീകരിക്കുകയും ചെയ്തു. തനിക്കുള്ളതെല്ലാം തന്റെ കൂട്ടുകാരനും നല്‍കാന്‍ അവര്‍ തയാറായി. അതിനെ ചൂഷണാത്മകമായി ഉപയോഗിക്കാന്‍ മുഹാജിറുകള്‍ക്കാകുമായിരുന്നില്ല. എല്ലാം പകുത്തുനല്‍കാം എന്ന് പറഞ്ഞിട്ടും, മാർകറ്റ് കാണിച്ചു തന്നാല്‍ മതിയെന്നുത്തരം നല്‍കിയവരുണ്ട് മുഹാജിറുകളുടെ കൂട്ടത്തില്‍.
തിരുനബി(സ്വ) കടന്നുവരുന്ന സമയത്ത് 44 ഗോത്രസമൂഹങ്ങള്‍ മദീനയില്‍ ഉണ്ടായിരുന്നു. ഔസ്, ഖസ്‌റജ് എന്നീ ഗോത്രങ്ങളായിരുന്നു ഇവരില്‍ പ്രമുഖര്‍. വര്‍ഷങ്ങളായി വിദ്വേഷത്തിലും പകയിലും കഴിഞ്ഞിരുന്ന ഈ സഹോദര കുടുംബങ്ങളെ രഞ്ജിപ്പിലാക്കുക എന്നത് തിരുനബി(സ്വ)യുടെ പ്രഥമ ദൗത്യമായിരുന്നു.
മദീനയിലെത്തിയ ശേഷം ഖസ്‌റജ് ഗോത്രത്തിലെ അസദ് ബ്‌നുസുറാറയെ നബി(സ്വ) അന്വേഷിച്ചു. അദ്ദേഹത്തിന് ഈ പ്രവിശ്യയിലേക്ക് പ്രവേശനാനുമതിയില്ലെന്ന് അവര്‍ റസൂലിനെ അറിയിച്ചു. അസദ് എന്റെ സംരക്ഷണത്തിലാണെന്നും അദ്ദേഹത്തെ ഇങ്ങോട്ടെത്തിക്കണമെന്നും അവിടുന്ന് കൽപിച്ചു. അടുത്ത ദിവസം അന്‍പത് അനുയായികളുമായി അദ്ദേഹം മസ്ജിദ് ഖുബാഇലെത്തി. അവരോട് സാഹോദര്യത്തിന്റെയും സമ്പര്‍ക്കത്തിന്റെയും അനിവാര്യതയെക്കുറിച്ച് നബിതങ്ങള്‍ സംസാരിച്ചു.
ഖസ്‌റജ് ഗോത്രവുമായി സന്ധിയിലാവാന്‍ ഔസ് പ്രതിനിധികളും ഒരുക്കമായിരുന്നു. ഇസ്‌ലാമിക സംസ്‌കാരങ്ങളും മൂല്യങ്ങളും പകര്‍ന്നു നല്‍കി നബി അവരെ ഒരു കണ്ണിയില്‍ ഇണക്കിച്ചേര്‍ത്തു. മദീനയുടെ നാഗരിക മുന്നേറ്റത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന സംഭവങ്ങളില്‍ ഒന്നായി ഔസ്-ഖസ്‌റജ് ലയനം അടയാളപ്പെട്ടു കിടക്കുന്നു.

മദീന ചാര്‍ട്ടര്‍
വ്യത്യസ്ത മതങ്ങളും ഗോത്രങ്ങളും അടങ്ങിയ ഒരു ബഹുസ്വര സമൂഹമായിരുന്നു മദീന. ഇവരെയെല്ലാം ഒരൊറ്റ പ്രമാണത്തിനു കീഴില്‍ കൊണ്ടുവരാനായിരുന്നു തിരുനബി(സ്വ) മദീന ചാര്‍ട്ടറിലൂടെ ശ്രമിച്ചത്. യാതൊരു മുന്‍ മാതൃകകളുമില്ലാതെ, വരുംകാല സമൂഹങ്ങള്‍ക്ക് പിന്‍പറ്റാവുന്ന തരത്തിലാണ് മദീനയുടെ ഭരണഘടനയെ നബി(സ്വ) രൂപപ്പെടുത്തിയത്. അനസ് ബ്‌നു മാലികിന്റെ വീട്ടില്‍ വെച്ചായിരുന്നു പ്രാഥമിക ചര്‍ച്ചകള്‍ നടന്നത്. മദീനയിലെ ഗോത്രത്തലവന്‍മാരുമായി നബി(സ്വ) കൂടിയാലോചന നടത്തി. ജനപ്രതിനിധികളുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നതിലൂടെ ചാര്‍ട്ടറിന് ജനാധിപത്യ സ്വഭാവം കൊണ്ടുവരികയായിരുന്നു നബി തങ്ങള്‍. ബിന്‍ത് അല്‍ഫരീദിന്റെ വീട്ടില്‍ വച്ച് നടന്ന അവസാനവട്ട ചര്‍ച്ചകളിലൂടെ ഭരണഘടനക്ക് അന്തിമരൂപം കൈവന്നു.
ഇസ്‌ലാമിക പ്രമാണങ്ങളില്‍ അല്‍കിതാബ്, അസ്സ്വാഹിഫ എന്നീ പേരുകളില്‍ ചാര്‍ട്ടര്‍ അറിയപ്പെടുന്നുണ്ട്. മദീനയിലെ വിശ്വാസികളുടെയും വിഗ്രഹാരാധകരുടെയും അവകാശങ്ങളും കടമകളും ചാര്‍ട്ടര്‍ പ്രത്യേകം ഉദ്ധരിക്കുന്നുണ്ട്. നബി(സ്വ)യെ മദീനാ റിപബ്ലിക്കിന്റെ തലവനായി നിയമിക്കുകയും നീതിനിര്‍വഹണത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏൽപിക്കുകയും ചെയ്തു. നാല്പത്തിയേഴ് ഖണ്ഡികകളും അഞ്ചു ഉപഖണ്ഡികകളും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ആധുനിക ഭരണഘടനകളോട് കിടപിടിക്കുന്ന രീതിയിലാണ് മദീന ചാര്‍ട്ടര്‍ ക്രമപ്പെടുത്തിയിട്ടുള്ളത്.
പ്രവാചകരെക്കുറിച്ച് വിമര്‍ശനാത്മകമായി പഠനം നടത്തിയ വില്യം മൂറിന്റെ അഭിപ്രായം ഇവിടെ പ്രസക്തമാണ്: “ലോകത്ത് മുഹമ്മദിന് മുമ്പ് പല ഭരണകര്‍ത്താക്കളും ഭരണകൂടങ്ങളും നിലവില്‍വന്നു. സ്വന്തം സഹചാരിയുടെ ക്ഷേമ ഐശ്വര്യങ്ങള്‍ക്ക് വേണ്ടി ഇത്തരത്തില്‍ കൃത്യമായ അവകാശ പത്രിക കൊണ്ടുവന്നത് മുഹമ്മദ് മാത്രമാണ്.’ മദീന ചാര്‍ട്ടറിന്റെ ഇരുപത്തിയഞ്ചാം ഖണ്ഡിക മതസ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. “മുസ്‌ലിംകള്‍ക്ക് അവരുടെ മതം യഹൂദര്‍ക്ക് അവരുടെ മതം’എന്നാണ് ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഓരോ ഗോത്രങ്ങളെയും പ്രത്യേകം പരാമര്‍ശിക്കുകയും എല്ലാവര്‍ക്കും തുല്യപരിഗണന നല്‍കുകയും ചെയ്തു. ഇസ്‌ലാമിക കാലഘട്ടങ്ങളിലല്ലാതെ ജൂതന്മാര്‍ ഇത്രയേറെ അവകാശങ്ങള്‍ അനുഭവിച്ചതായി ചരിത്രത്തിലില്ല. തിരുനബിയുടെ കാലഘട്ടത്തില്‍ മാത്രമല്ല 1492 ല്‍ അന്തലൂസിയയുടെ പതനകാലം വരെ ഈ നില തുടര്‍ന്നു. ഖണ്ഡിക പന്ത്രണ്ടില്‍ അടിമകളുമായി ബന്ധപ്പെട്ട വിശദീകരണത്തിലൂടെ ഭരണഘടനയെ സാര്‍വത്രികമാക്കി മാറ്റി. മദീനയിക്കെത്തുന്ന വിദേശികളെയും അതിഥികളെയും കുറിച്ചാണ് നാൽപതാം ഖണ്ഡിക സംസാരിക്കുന്നത്. അവര്‍ക്ക് നല്‍കേണ്ട മര്യാദകളും പരിഗണനകളുമാണ് ഇതിലെ പ്രമേയം. ചാര്‍ട്ടറിന്റെ രണ്ടാം ഖണ്ഡികയില്‍ മദീനയിലെ എല്ലാവരെയും പൗരന്മാരായി പ്രഖ്യാപിക്കുന്നുമുണ്ട്.

സാമ്പത്തിക പരിഷ്‌കാരങ്ങള്‍
മക്കയിലെ ജനങ്ങളുടെ പ്രധാന തൊഴില്‍ കച്ചവടമായിരുന്നു. എന്നാല്‍ മദീനയില്‍ കൂടുതലും കര്‍ഷകരായിരുന്നു. ധാന്യങ്ങളില്‍ നിന്നും ഈത്തപ്പഴങ്ങളില്‍ നിന്നുമായിരുന്നു അവര്‍ ജീവിതോപാധി കണ്ടെത്തിയിരുന്നത്. ലഭ്യമായിരുന്ന കച്ചവടവിപണികളെല്ലാം ജൂതന്മാരുടെ കുത്തകയായിരുന്നു. ജനസംഖ്യാപരമായി ന്യൂനപക്ഷമാണെങ്കിലും സാമ്പത്തിക ഏകാധിപത്യം അവര്‍ക്കായിരുന്നു. കൊള്ളപ്പലിശയും ജന്മി, കുടിയാന്‍ സംഘര്‍ഷങ്ങളും മദീനയിലെ സാമ്പത്തികമേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. അസന്തുലിതമായ ഈ സമ്പദ്്‌വ്യവസ്ഥയില്‍നിന്നും ഒരു ബദല്‍ മാര്‍ഗം അനിവാര്യമായിരുന്നു. നബിതങ്ങളുടെ കടന്നുവരവോടെ മദീനയില്‍ കച്ചവടത്തിന് പുതിയ സാധ്യതകള്‍ തുറക്കപ്പെട്ടു.
വിപണികളിലെ കുത്തക അവസാനിപ്പിച്ചുകൊണ്ട് എല്ലാവര്‍ക്കും കച്ചവടത്തിനുള്ള അവസരം നല്‍കി. കച്ചവട തല്‍പരരായ മക്കക്കാര്‍ എത്തിയതോടെ പുതിയ മാര്‍കറ്റുകള്‍ ആരംഭിച്ചു. അതോടുകൂടി കച്ചവടത്തിലെ ഏകാധിപത്യസ്വഭാവം അവസാനിപ്പിച്ചു. ഉപഭോക്താക്കളെ ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. മദീനയില്‍ എത്തിയ ശേഷം അയല്‍ രാജ്യങ്ങളിലെ രാജാക്കന്മാര്‍ക്ക് ഇസ്‌ലാമിലേക്കു ക്ഷണിച്ചുകൊണ്ട് പ്രവാചകര്‍ കത്തയച്ചിരുന്നു. അതുവഴി പല രാഷ്ട്രങ്ങളും മദീനയുമായി സൗഹൃദത്തിലായി. ഈ ബന്ധത്തെ നിലനിര്‍ത്തിക്കൊണ്ട് അവരുമായി നബിതങ്ങള്‍ കച്ചവടങ്ങളില്‍ ഏര്‍പ്പെട്ടു. വിദേശബന്ധം ഊട്ടിയുറപ്പിക്കുന്നതിനും വസ്തുക്കളുടെ പരസ്പര കൈമാറ്റത്തിനും ഇത് സഹായിച്ചു.
ഉയര്‍ന്ന പലിശനിരക്കില്‍ ലോണ്‍ നല്‍കുന്ന സമ്പ്രദായം മദീനയില്‍ ഉണ്ടായിരുന്നു. കര്‍ഷകരായ മദീനക്കാരെ കൂടുതല്‍ പ്രയാസത്തിലാക്കുന്ന വ്യവസ്ഥിതിയായിരുന്നു ഇത്. ഖുര്‍ആനിക സൂക്തത്തിലൂടെ പലിശ പൂർണമായും നിരോധിച്ചു. പലിശ മൂലമുണ്ടായിരുന്ന ചൂഷണങ്ങള്‍ക്കും ഇതോടെ അറുതിയായി. പലിശക്ക് പകരം അധ്വാനത്തിലൂടെ ധനം സമ്പാദിക്കാന്‍ നബി തങ്ങള്‍ ആഹ്വാനം ചെയ്തു. തൊഴിലെടുക്കുന്നത് അല്ലാഹുവിനുള്ള ആരാധനയാണെന്ന് പഠിപ്പിച്ചു. മനുഷ്യന് ചെയ്യാവുന്നതില്‍ വെച്ച് ഏറ്റവും നല്ല തൊഴില്‍ ഏതാണെന്ന് ചോദിക്കപ്പെട്ടപ്പോള്‍ കൈത്തൊഴില്‍ എന്നായിരുന്നു റസൂലിന്റെ മറുപടി.
കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഭൂമി കൈവശം വെക്കുന്നതിന് ഉപാധികള്‍ കൊണ്ടുവരികയും കര്‍ഷക നികുതികള്‍ ലഘൂകരിക്കുകയും ചെയ്തു. ഭൂമികള്‍ തരിശാക്കിയിടുന്നതിനെ നബിതങ്ങള്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. മാത്രവുമല്ല അവിടങ്ങളില്‍ കൃഷിചെയ്ത് ഭൂമിയെ സമ്പന്നമാക്കുന്നവര്‍ക്ക് വലിയ പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു. ഇത്തരത്തില്‍ കാര്‍ഷികമേഖലയെയും കച്ചവടത്തെയും ഒരുപോലെ ഉന്നതിയിലേക്ക് കൊണ്ടുവരികയും മദീനക്കാരെ അധ്വാനശീലമുള്ള സമൂഹമാക്കി മാറ്റുകയും ചെയ്തു.

വൈജ്ഞാനിക വിപ്ലവം
ഹിജ്‌റക്ക് മുമ്പ് തന്നെ മദീനയിലെ വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്ക് നബി(സ്വ) തുടക്കം കുറിച്ചിരുന്നു. ഒന്നാം അഖബ ഉടമ്പടിയില്‍ മിസ്അബ് ബ്‌നു ഉമൈറിനെ (റ ) മദീനക്കാരോടൊപ്പം അയക്കുകയുണ്ടായി. മദീനയിലെത്തിയ ശേഷം കവലകളും സദസുകളും ഉപയോഗപ്പെടുത്തി വിജ്ഞാന കൈമാറ്റത്തിന് അവര്‍ നേതൃത്വം നല്‍കി.
വിദ്യാഭ്യാസ കേന്ദ്രങ്ങളും വിജ്ഞാന സദസ്സുകളും സംഘടിപ്പിച്ച് സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തെ പ്രവാചകര്‍ വാര്‍ത്തെടുത്തു. മദീനയില്‍ വിജ്ഞാനത്തിന്റെ പ്രജനന കേന്ദ്രങ്ങള്‍ മസ്ജിദുകളായിരുന്നു. പള്ളികള്‍ മുഖേനയാണ് നബിതങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മസ്ജിദുന്നബവിയില്‍ അഹ്്‌ലുസ്സുഫ്ഫ എന്ന പേരില്‍ ഒരു പ്രത്യേക വിഭാഗത്തെ തിരുനബി സജ്ജമാക്കിയിരുന്നു. അറിവ് കരസ്ഥമാക്കുന്നതിനുവേണ്ടി മദീനാ പള്ളിയില്‍ ഒരുമിച്ചുകൂടിയ വിദ്യാര്‍ഥി വൃന്ദമായിരുന്നു അഹ്്‌ലുസ്സുഫ്ഫ. രണ്ടു തരത്തിലുള്ള വിദ്യാര്‍ഥികളുണ്ടായിരുന്നു അവിടെ. പള്ളിയില്‍ താമസിച്ചു പഠിക്കുന്നവരും ദിനംതോറും പള്ളിയില്‍ വന്ന് പഠനം കഴിഞ്ഞു മടങ്ങുന്നവരും.
താമസിച്ചു പഠിക്കുന്നവരില്‍ ഭൂരിഭാഗവും പ്രയാസം അനുഭവിക്കുന്നവരായിരുന്നു. അവര്‍ക്കുള്ള അഭയസ്ഥാനം കൂടിയായിരുന്നു ഈ വിജ്ഞാനസങ്കേതം.
ഗവണ്‍മെന്റ് ട്രഷറിയില്‍ നിന്നും പ്രത്യേക തുക വിദ്യാഭ്യാസത്തിനുവേണ്ടി നീക്കി വെച്ചതായി കാണാം. മദീനയിലെ കൃഷിക്കാര്‍ വിളവെടുപ്പിലെ ഒരു പങ്ക് സുഫ്ഫയിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നീക്കിവെക്കാറുണ്ടായിരുന്നു. അവ സൂക്ഷിക്കുന്നതിന് വേണ്ടി പള്ളികളില്‍ പ്രത്യേക മുറികളും നിജപ്പെടുത്തിയിരുന്നതായി ചരിത്രത്തിലുണ്ട്. മുആദ് ബ്‌നു ജബലായിരുന്നു ഇതിന്റെ സൂക്ഷിപ്പുകാരന്‍.
മസ്ജിദുന്നബവിയെപ്പോലെ ഒമ്പത് വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മദീനയിലുണ്ടായിരുന്നു. ഓരോ മസ്ജിദിലും തദ്ദേശവാസികൾ വിദ്യ നുകരാനെത്തി. വിദ്യാ കേന്ദ്രങ്ങളുടെ വ്യവസ്ഥാപിതമായ നടത്തിപ്പിനുവേണ്ടി ഓരോ പ്രവിശ്യയിലെയും ഗവര്‍ണര്‍മാരെ ചുമതലപ്പെടുത്തിയിരുന്നു. പ്രാപ്തരായ അധ്യാപകരെ നിയമിച്ചും വിദ്യാര്‍ഥികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയും അവര്‍ തങ്ങളുടെ കടമ നിര്‍വഹിച്ചു. എഴുത്തും ഖുര്‍ആനും പഠിപ്പിക്കുന്നതിനുവേണ്ടി തന്നെ നിയോഗിച്ചിരുന്നതായി ഉബാദ ബ്‌നു സാമിത്(റ) വ്യക്തമാക്കുന്നുണ്ട്.
തിരുനബി(സ്വ)യുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ മദീനയില്‍ മാത്രം ഒതുങ്ങിയിരുന്നില്ല. അറേബ്യയുടെ നാനാദിക്കുകളില്‍ നിന്നും വിജ്ഞാന തത്പരരായ ആളുകള്‍ മദീനയിലേക്കെത്താന്‍ തുടങ്ങി. പഠനം പൂര്‍ത്തീകരിച്ച ശേഷം അവര്‍ സ്വന്തം നാടുകളില്‍ വിദ്യ പകര്‍ന്നുനല്‍കി. പഠനം കഴിഞ്ഞ് മടങ്ങുന്നവരോടൊപ്പം തന്റെ അനുചരന്മാരെ തിരുനബി അയക്കാറുണ്ടായിരുന്നു. മദീനക്കു പുറമേ മറ്റു രാഷ്ട്രങ്ങളിലും വൈജ്ഞാനിക മുന്നേറ്റം സാധ്യമാക്കാന്‍ ഇത് കാരണമായി. അയല്‍രാജ്യങ്ങളില്‍ നിന്നും ഇസ്‌ലാം സ്വീകരിച്ചവരോട് മദീനയിലേക്ക് വരാന്‍ നബിതങ്ങള്‍ ആവശ്യപ്പെടുമായിരുന്നു. അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ മദീനയില്‍ ഒരുക്കുകയും ചെയ്തു.
സ്ത്രീകളും കുട്ടികളും മദീനയുടെ വിദ്യാഭ്യാസ പരിധിക്ക് പുറത്തായിരുന്നില്ല. സാര്‍വത്രിക വിദ്യാഭ്യാസ നയമായിരുന്നു തിരുനബി(സ്വ) സ്വീകരിച്ചിരുന്നത്. പഠനം ഓരോ സ്ത്രീക്കും പുരുഷനും നിര്‍ബന്ധമാണ് എന്ന നബിവചനം പ്രസ്തുത ലക്ഷ്യത്തെ സൂചിപ്പിക്കുന്നുണ്ട്. ആഴ്ചയില്‍ ഒരു പ്രത്യേക ദിവസം സ്ത്രീകളുടെ സംശയനിവാരണത്തിനും മറ്റുമായി നബി(സ്വ) നീക്കിവെച്ചിരുന്നു. തിരുനബിയുടെ പത്‌നിയായിരുന്ന ആയിശ(റ) കര്‍മശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും നിപുണയായിരുന്നു. അവരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി വിജ്ഞാന സദസ്സുകള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു.
ഖുര്‍ആനിനും ഹദീസിനും പുറമേ മറ്റു വിഷയങ്ങളും മദീനയില്‍ പഠിപ്പിക്കാറുണ്ടായിരുന്നു. ഗോളശാസ്ത്രം, വൈദ്യശാസ്ത്രം ഗണിതശാസ്ത്രം എന്നിവ മദീനയുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നതായി കാണാം. ഗോളശാസ്ത്രത്തില്‍ നൈപുണ്യമുണ്ടായിരുന്നു തിരുനബിക്ക്. മസ്ജിദ് ഖുബാഇല്‍ വെച്ച് ഖിബ്്ല കണ്ടെത്തുന്നതിനും യാത്രാവേളകളില്‍ നക്ഷത്രം നോക്കി സഞ്ചാരദിശ നിര്‍ണയിക്കുന്നതിനും റസൂലിന്റെ(സ്വ) ഗോള ശാസ്ത്ര വിജ്ഞാനമായിരുന്നു ഉപകരിച്ചത്. വൈദ്യശാസ്ത്രവും പ്രവാചകര്‍ക്ക് അന്യമായിരുന്നില്ല. ത്വിബ്ബുന്നബി എന്ന പേരില്‍ ഒരു വൈദ്യശാഖ തന്നെ ലോകത്ത് പ്രസിദ്ധിയാർജിച്ചിട്ടുള്ളതാണ്. “മുഹമ്മദ് നബിയുടെ വചനങ്ങളാണ് മധ്യകാലഘട്ടത്തിലെ മുസ്‌ലിം ഭിഷഗ്വരന്മാര്‍ക്ക് ആരോഗ്യ മേഖലയില്‍ നേട്ടം കൈവരിക്കാന്‍ പ്രേരണയായത്’ എന്ന് ഡൂഗ്ലാസ് ഗുദരി തന്റെ ഹിസ്റ്ററി ഓഫ് മെഡിസിന്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യശാസ്ത്ര ചരിത്രകാരനായിരുന്ന കാംബെല്ലിന്റെ നിരീക്ഷണവും ഇവിടെ ശ്രദ്ധേയമാണ്. മന്ത്രവാദം പോലെ അരികുവത്കരിക്കപ്പെട്ട തൊഴിലായി പരിഗണിച്ചിരുന്ന വൈദ്യശാസ്ത്രത്തെ കുലീന സ്വഭാവമുള്ള ജോലിയായി പരിവര്‍ത്തനപ്പെടുത്തിയത് നബിവചനങ്ങളാല്‍ സ്വാധീനിക്കപ്പെട്ട മുസ്‌ലിം ഭിഷഗ്വരന്മാര്‍ ആണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
ചുരുങ്ങിയ കാലയളവ് കൊണ്ട് ഒരു നഗരത്തെ, മനുഷ്യസമൂഹത്തിന്റെ മുഴുവന്‍ മാനിഫെസ്റ്റോ ആയി രൂപാന്തരപ്പെടുത്താന്‍ തിരുനബി(സ്വ)ക്ക് സാധിച്ചു. ഒരു സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പോളിസികള്‍ നടപ്പാക്കുന്നിടത്താണ് തിരുനബി വിജയം കൈവരിച്ചത്. മദീനയുടെ നാഗരിക മുന്നേറ്റം ചരിത്രങ്ങളില്‍ അടയാളപ്പെട്ടു കിടക്കുന്നതും അതുകൊണ്ടാണ് ■

Share this article

About ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി

mahazhari@gmail.com

View all posts by ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി →

Leave a Reply

Your email address will not be published. Required fields are marked *