ഇത് നിങ്ങളുടെ ഭക്ഷണമാണ്, ഞാന്‍ നിങ്ങളുടെ അതിഥിയും

Reading Time: 2 minutes

ജീവിതത്തില്‍ പകര്‍ത്തേണ്ട മാതൃകകളുടെ നിദർശനമാണ് ശൈഖ് ജീലാനിയുടെ ജീവിതം. കുട്ടിക്കാലം മുതല്‍ ജീവിതത്തില്‍ വിശുദ്ധി സൂക്ഷിച്ചിരുന്നു. പ്രായത്തിന്റെ പ്രലോഭനങ്ങള്‍ മഹാനവര്‍കളിൽ ഇടർച്ച ഉണ്ടാക്കിയില്ല. ഒരദൃശ്യ ശക്തിയുടെ നിയന്ത്രണം എല്ലാ ഘട്ടങ്ങളിലുമുണ്ടായിരുന്നു. മുലകുടിക്കാലത്ത് നോമ്പിന്റെ പകലില്‍ പാല്‍ കുടിച്ചിരുന്നില്ലെന്ന കാര്യം ഉമ്മ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിനോദങ്ങളിലേര്‍പ്പെട്ട് കൊല്ലാനുള്ള സമയം തനിക്കില്ലെന്ന ഭാവമായിരുന്നു.
സത്യസന്ധത കുട്ടിക്കാലം മുതലേ കൂടെയുണ്ടായിരുന്നു. പഠനത്തിനുവേണ്ടി യാത്ര തിരിക്കുന്ന മകനെ ചേര്‍ത്തുപിടിച്ചുകൊണ്ട് മാതാവ് കളവ് പറയരുതെന്ന് ഉപദേശിച്ചതും ആ കുഞ്ഞ് ഹൃദയം കൊണ്ട് അത് സ്വീകരിച്ചതും ചരിത്രത്തിന്റെ ഓര്‍മകളിലെന്നുമുണ്ടാകും. കീശയില്‍ തുന്നിയുറപ്പിച്ചിരുന്ന നാല്പതു സ്വര്‍ണനാണയങ്ങള്‍ക്ക് കൊള്ളക്കാരുടെ ജീവിതം തിരുത്താനുള്ള ശേഷിയുണ്ടായിരുന്നു.
സമയം ഒട്ടും പാഴാക്കതെ, പഠനകാലം നന്നായി അധ്വാനിച്ചു. പഠിച്ചതിന്റെ വെളിച്ചം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാന്‍ മഹാനവര്‍കള്‍ക്കായി. നാല്പതു വര്‍ഷത്തെ അധ്യാപന ജീവിതത്തിനൊടുവിലാണ് ശൈഖ് ത്വരീഖത്തിന്റെ വഴിയിലേക്ക് കടന്നത്. ഒരവസരത്തില്‍ ദാഹിച്ച ശൈഖവര്‍കള്‍ക്ക് സ്വര്‍ണ തളികയില്‍ വെള്ളം ലഭിച്ചു. അകലെ നിന്നൊരു അശരീരിയും മുഴങ്ങി. “നിങ്ങള്‍ക്ക് നാം സ്വര്‍ണ പാത്രത്തിന്റെ ഉപയോഗം അനുവദിച്ചുതന്നിരിക്കുന്നു. വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന പിശാചിന്റെ കുതന്ത്രമാണിതെന്ന് പഠിച്ചെടുത്ത വിജ്ഞാനങ്ങളുടെ സഹായം കൊണ്ടാണറിയാന്‍ കഴിഞ്ഞത്.
മിക്കദിവസങ്ങളിലും പട്ടിണി കൂട്ടായിരുന്നു. അനുവദനീയമാണെന്ന് പൂര്‍ണ ബോധ്യമുള്ളതു മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ന്യായങ്ങള്‍ നിരത്തി നിരോധനങ്ങളെ അനുവദനീയമാക്കാന്‍ ശ്രമിച്ചിരുന്നില്ല. മരണത്തെ മുഖാമുഖം കണ്ട പല ഘട്ടങ്ങളിലും പ്രതീക്ഷിക്കാത്ത രൂപങ്ങളില്‍ ഭക്ഷണത്തളിക മഹാനെ തേടിയെത്തിയിരുന്നു. വിശപ്പ് സഹിക്കാനാവാതെയാണ് അന്ന് പള്ളിയിലേക്കെത്തിയത്. ഒരു മൂലയില്‍ പതിഞ്ഞിരുന്നു. ആ സമയത്തൊരു വിദേശി പള്ളിയിലേക്ക് കയറിവന്നു. അയാളുടെ കണ്ണിലും വിശപ്പ് ഇരുട്ടായി പെയ്യുന്നുണ്ട്. ഒരിടത്തിരുന്ന് അയാള്‍ പൊതി തുറന്ന് റൊട്ടിയെടുത്തു. അയാള്‍ റൊട്ടി വായിലേക്കിടുമ്പോഴെല്ലാം അറിയാതെ മഹാനവര്‍കളും വായ തുറന്നുപോയി. പെട്ടെന്നയാള്‍ ഇതു കണ്ടു. കൂടെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. അയാളെ പ്രയാസപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചു. അയാള്‍ വീണ്ടും നിര്‍ബന്ധിച്ചു. ഒടുവില്‍ ഒരല്പം കഴിച്ചു ക്ഷണം സ്വീകരിച്ചു എന്നു വരുത്തി. അവര്‍ പരസ്പരം സംസാരിച്ചു. “നിങ്ങളെവിടുന്നാ?’ “ഞാന്‍ ജീലാനുകാരനാണ്.’ “ഞാനും ജീലാനുകാരനാണ്, അബ്ദുല്ലാഹി സ്വൂമഇയുടെ ഗോത്രക്കാരനായ അബ്ദുല്‍ ഖാദിറെന്ന ജീലാനുകാരന്‍ യുവാവിനെ നിങ്ങള്‍ക്ക് പരിചയമുണ്ടോ?’ “ഞാനാണത്.’ അയാള്‍ക്ക് ആശ്വാസമായി. ഉമ്മ ഏല്‍പ്പിച്ച നാണയങ്ങളുമായി ദിവസങ്ങളോളം അലയേണ്ടിവന്നതും കൈയില്‍ ‍കരുതിയതെല്ലാം തീര്‍ന്നുപോയതും പറഞ്ഞു. ജീവന്‍ നഷ്ടപ്പെടുമെന്ന് കണ്ടപ്പോള്‍ നിങ്ങള്‍ക്ക് നല്‍കാന്‍ ഉമ്മ ഏല്‍പ്പിച്ച നാണയങ്ങളില്‍ നിന്ന് അല്പം കടമായെടുത്ത് റൊട്ടി വാങ്ങിയതാണിത്. നിങ്ങള്‍ നന്നായി കഴിക്കൂ. ഇത് നിങ്ങളുടെ ഭക്ഷണമാണ്. ഞാന്‍ നിങ്ങളുടെ അതിഥിയും.
ജീവിതത്തിലനുഭവിച്ച പ്രയാസങ്ങള്‍ മഹാനവര്‍കളെ പാകപ്പെടുത്തുകയായിരുന്നു. സ്വാധീനവും സമ്പാദ്യവുണ്ടായപ്പോള്‍ തന്മയീഭാവത്തോടെ കാര്യങ്ങള്‍ തിരിച്ചറിയാനുള്ള പരിശീലനമായി ആ കാലം മാറി. ജനങ്ങളുടെ ആവശ്യങ്ങള്‍ അധികാരികളെ ബോധിപ്പിക്കുകയും പരിഹാരം കാണുകയും ചെയ്യുമായിരുന്നു. അധികാരികളെ പ്രീണിപ്പിക്കുന്ന കൊട്ടാര പണ്ഡിതന്മാരെ ഗുണദോഷിക്കുമായിരുന്നു. നേര്‍ച്ചയായി സമ്മാനിക്കപ്പെടുന്ന പണവും വസ്ത്രവും ഭക്ഷണങ്ങളും ആവശ്യക്കാര്‍ക്കിടയില്‍ വിതരണം ചെയ്യുന്ന പ്രകൃതമായിരുന്നു. രാത്രി സമയങ്ങളില്‍ നഗരത്തിലെത്തുന്നവര്‍ക്ക് അത്താഴവും കിടക്കാനുള്ള സൗകര്യം ഒരുക്കാന്‍ ഖാൻഖാഹിന്റെ പടിപ്പുരയില്‍ റൊട്ടിയുമായി സേവകരെ നിയോഗിച്ചിരുന്നു.
സൂഫികള്‍ക്കിടയില്‍ അത്യുന്നത സ്ഥാനമായിരുന്നു അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങള്‍ക്ക്. ഗൗസുല്‍ അഅ്‌ളം, ഖുതുബുര്‍റബ്ബാനി, സുല്‍ത്താനുല്‍ ഔലിയ, മുഹ്്യിദ്ദീന്‍ എന്നൊക്കെയാണ് ആത്മീയ ജ്ഞാനികള്‍ക്കിടയില്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഓരോ പേരിനു പിറകിലും ഓരോ കാരണങ്ങളുണ്ട്. ഉത്തമ നൂറ്റാണ്ടിനു ശേഷം ദീനിനെ പുനരുജ്ജീവിപ്പിച്ചരില്‍ പ്രധാനിയാണ് മഹാന്‍. അതു കൊണ്ടാണ് ദീനിനെ പുനരുജ്ജീവിപ്പിച്ചവര്‍ എന്ന അര്‍ഥത്തിലുള്ള മുഹിയുദ്ദീന്‍ എന്ന സ്ഥാനപ്പേര് ലഭിച്ചത്.
ഹിജ്‌റ 470ല്‍ ഇറാനിലെ ജീലാനിലാണ് ജനനം. വിദേശികള്‍ ഈ സ്ഥലത്തെ കൈലാന്‍ എന്നും വിളിക്കാറുണ്ട്. സൂഫി സിദ്ധനായിരുന്ന സയ്യിദ് അബൂസ്വാലിഹ് ഇബ്‌നു മൂസ പിതാവും, ഉമ്മുല്‍ ഖൈര്‍ ഫാത്വിമ മാതാവുമാണ്. മാതാപിതാക്കള്‍ ഹസന്‍, ഹുസൈന്‍ വഴിയുള്ള വംശപരമ്പരയില്‍ മുഹമ്മദ് നബിയിലേക്ക് എത്തിച്ചേരുന്നു. ഇറാഖിലെ ബഗ്ദാദായിരുന്നു പ്രധാന പ്രവര്‍ത്തന മേഖല. പതിനെട്ടാം വയസിലാണ് ബദ് ദാദിലെത്തിയത്. ഹിജ്‌റ 561 റബീഉല്‍ ആഖര്‍ പതിനൊന്നിനാണ് മഹാന്‍ വിടപറഞ്ഞത് ■

Share this article

About അബ്ദുൽ ബാരി ബുഖാരി പുല്ലാളൂര്‍

baripullaloor@gmail.com

View all posts by അബ്ദുൽ ബാരി ബുഖാരി പുല്ലാളൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *