ബിജെപിക്ക് പദ്ധതിയുണ്ട്, മതേതരപ്പാര്‍ട്ടികള്‍ക്കോ?

Reading Time: 3 minutes

കേരളം പിടിക്കാന്‍ പുതിയ കര്‍മപദ്ധതികള്‍ ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നുവെന്ന് മാധ്യമവാര്‍ത്തകള്‍. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ നേതൃത്വത്തിലാണ് പദ്ധതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടാം പകുതിയിൽ അദ്ദേഹം കേരളത്തിലെത്തിയിരുന്നു. ദേശീയനേതാക്കള്‍ എല്ലാ മാസവും കേരളത്തിലെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നാണ് തിരുവനന്തപുരത്ത് നടന്ന കോര്‍ കമ്മിറ്റി മീറ്റിങില്‍ ജെപി നദ്ദ അറിയിച്ചിരിക്കുന്നത്. അതിനര്‍ഥം ജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി ദേശീയ നേതൃത്വം ആഗ്രഹിക്കുന്നില്ല എന്നുതന്നെ. “അതൊന്നും നടക്കാന്‍ പോകുന്നില്ല’ എന്ന് ഒറ്റവാചകത്തില്‍ നിസ്സന്ദേഹം നമുക്ക് അവഗണിക്കാവുന്നതേയുള്ളൂ ആ വാര്‍ത്ത. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ആറ് മണ്ഡലങ്ങളില്‍ (തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂര്‍, പാലക്കാട്) ശ്രദ്ധകേന്ദ്രീകരിക്കാനാണ് നദ്ദ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പഠിച്ചപണിയെല്ലാം പയറ്റിയിട്ടും, പ്രധാനമന്ത്രി മുതല്‍ ബഡാ നേതാക്കള്‍ കളത്തിലിറങ്ങിയിട്ടും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലം തൊട്ടിട്ടില്ല ബിജെപി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ വിജയപ്രതീക്ഷയുണ്ടായിട്ടും ഒരിടത്തും ജയിച്ചുകയറിയില്ല അവര്‍. ആ നിലക്ക് 2024ലും കേരളം ബിജെപിയെ നിലം തൊടീക്കില്ല എന്ന് ആശ്വസിക്കാന്‍ വകയുണ്ട്. പക്ഷേ, കേരളത്തിന്റെ രാഷ്ട്രീയമനോനില 2021ല്‍ നിന്ന് ഏറെ മാറിയിരിക്കുന്നു എന്ന യാഥാര്‍ഥ്യം കാണാതിരുന്നുകൂടാ.
കേരളത്തില്‍ ബിജെപിയെ പ്രതിരോധിച്ചത് പ്രധാനമായും രണ്ടു ഘടകങ്ങളാണ്. ഒന്ന്, ഇടതുപക്ഷത്തിന്റെ വിശിഷ്യാ സിപിഎമ്മിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍. സംഘപരിവാറിന്റെ കേരളത്തിലേക്കുള്ള പ്രവേശം മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിരോധവും ആരംഭിക്കുന്നുണ്ട്. കായികമായി നേരിടേണ്ടി വന്ന ഘട്ടത്തില്‍ അതിനും മടിച്ചുനിന്നിട്ടില്ല അവര്‍. ജീവന്‍ കൊടുത്തും സംഘപരിവാറിനെ ചെറുത്തു എന്നവകാശപ്പെടാന്‍ കഴിയുന്ന കേരളത്തിലെ ഒരേയൊരു രാഷ്ട്രീയധാര സിപിഐയും പില്‍കാലത്ത് സിപിഎമ്മുമാണ്. അതേസമയംതന്നെ ഹിന്ദുത്വക്കെതിരെ പ്രത്യയശാസ്ത്ര പ്രതിരോധവും തീര്‍ക്കുന്നുണ്ടായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. എന്തുകൊണ്ട് “ഹിന്ദുത്വ’ ജനാധിപത്യവിരുദ്ധമാകുന്നു എന്ന് കേരളത്തിലെ തെരുവുകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പ്രസംഗിക്കുന്ന കാലത്ത് ആര്‍എസ്എസ് ഒരു മാരകാര്‍ബുദമായി ഇന്ത്യയുടെ രാഷ്ട്രീയശരീരത്തെ ഗ്രസിച്ചുതുടങ്ങിയിട്ടില്ല. അവര്‍ അണിയറയില്‍ സജീവമായിരുന്നു എങ്കിലും അരങ്ങില്‍ വന്നുനില്‍ക്കാനുള്ള കരുത്തോ ആത്മവിശ്വാസമോ ആര്‍ജിച്ചിരുന്നില്ല. അധികാരം ഒരു വിദൂരസാധ്യത ആയിപ്പോലും അവരുടെ മുന്നില്‍ തെളിഞ്ഞിരുന്നില്ല. എങ്കിൽപോലും അവര്‍ക്കെതിരായ പ്രചാരണം സിപിഎം മുന്നോട്ടുകൊണ്ടുപോയി.
കേന്ദ്രത്തില്‍ ഇപ്പോള്‍ ബിജെപിയാണ് ഭരണം കൈയാളുന്നത്.അല്ല, ആര്‍എസ്എസ് തന്നെയാണ് രാജ്യം ഭരിക്കുന്നത്. കേരളത്തിലെ ബിജെപി ഘടകം കേന്ദ്രഭരണത്തിന്റെ തിണ്ണമിടുക്ക് ഇവിടെ കാണിക്കുന്നുമുണ്ട്. സിപിഎമ്മിനോട് നേര്‍ക്കുനേര്‍ നിന്ന് എതിരിടാനുള്ള “ശേഷി’ അവരില്‍ പ്രകടമാണ്. കേരളത്തിലെ ബിജെപിക്ക് പണം യഥേഷ്ടം ലഭിക്കുന്നുണ്ട്. സംസ്ഥാനത്തെ ഏത് വികസനപദ്ധതിക്കും അള്ളുവെക്കാന്‍ സാധിക്കുന്നവിധത്തില്‍ ബിജെപി വളര്‍ന്നിരിക്കുന്നു. അത് സിപിഎമ്മിനുമറിയാം. പിണറായി വിജയന്റെ സ്വപ്നപദ്ധതിയായ സില്‍വര്‍ലൈന്‍ സ്തംഭിച്ചുനില്‍ക്കുന്നത് ബിജെപിയുടെ കേരളഘടകം വട്ടം ഉടക്കിയതുകൊണ്ടാണ്. മംഗലാപുരത്തേക്ക് അതിവേഗ റെയില്‍പാത നീട്ടി കര്‍ണാടക സര്‍ക്കാര്‍ മുഖേന പദ്ധതിക്ക് കേന്ദ്രാനുമതി വാങ്ങിയെടുക്കാനുള്ള കേരള മുഖ്യമന്ത്രിയുടെ ശ്രമം പാഴായതും കേരളത്തിലെ ബിജെപിയുടെ നിഷേധ നിലപാട് കാരണമാണ്. അതുകൊണ്ട് ബിജെപിയെ പാടെ അവഗണിച്ചുകൊണ്ട് സിപിഎമ്മിന് ഇപ്പോൾ മുന്നോട്ടുപോകാന്‍ കഴിയില്ല. എന്നല്ല, ചിലപ്പോഴെങ്കിലും ബിജെപിയെ തൃപ്തിപ്പെടുത്തിത്തന്നെ നിലപാടുകള്‍ കൈകൊള്ളേണ്ടിവന്നേക്കാം. അത് രാഷ്ട്രീയത്തിലെ നിവൃത്തികേട് ആണ്. ബിജെപിയുടെ കേരള അധ്യക്ഷന്‍ ഉള്‍പ്പെട്ട കൊടകര കുഴല്‍പ്പണക്കേസ് എങ്ങനെ തേഞ്ഞുമാഞ്ഞുപോയി? ബിജെപി നേതാക്കള്‍ പ്രതികളാകുന്ന കേസുകള്‍ പൊടുന്നനെ മുങ്ങിപ്പോകുന്നത് എന്തുകൊണ്ട്? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് പറഞ്ഞത്: “നിവൃത്തികേട്’.
ആര്‍എസ്എസ്/ ബിജെപി അണികളില്‍ അതുണ്ടാക്കുന്ന സുരക്ഷിതബോധം അളന്നെടുക്കാവുന്നതല്ല. ഭരണമില്ലെങ്കിലും, നിയമസഭയില്‍ ഒരംഗം പോലുമില്ലെങ്കിലും നിയമത്തിനുമുമ്പില്‍ പോലും സേഫ് ആണെന്നുവരുകില്‍ പ്രത്യേക രാഷ്ട്രീയാഭിമുഖ്യമില്ലാത്ത യുവാക്കളെ ഒപ്പം നിര്‍ത്താന്‍ ബിജെപിക്ക് എളുപ്പം കഴിയും. കേരളത്തില്‍ പിടിമുറുക്കാനുള്ള ബിജെപിയുടെ സാധ്യതകളിലൊന്ന് അതുതന്നെയാണ്.
ബിജെപിയെ കേരളത്തില്‍ പ്രതിരോധിച്ച രണ്ടാമത്തെ ഘടകം, ഇവിടത്തെ ന്യൂനപക്ഷസമുദായങ്ങളുടെ ബിജെപി വിരോധമാണ്. മുസ്‌ലിംകളും ക്രൈസ്തവരുമാണ് കേരളത്തിലെ പ്രധാന മതന്യൂനപക്ഷങ്ങള്‍. ആര്‍എസ്എസ് തലവനായിരുന്ന എംഎസ് ഗോള്‍വാള്‍ക്കറുടെ “വിചാരധാര’ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും രാജ്യത്തെ ആന്തരികഭീഷണികള്‍ ആയാണ് എണ്ണുന്നത്. അതുകൊണ്ടുതന്നെ ഇരുസമുദായങ്ങളോടും നിത്യവൈര്യം ആര്‍എസ്എസ് സൂക്ഷിച്ചിരുന്നു. മുസ്‌ലിം, ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ സംഘപരിവാര്‍ വ്യാപകമായി അക്രമിച്ചിരുന്നു. ഇപ്പോഴും അതിന് മാറ്റമൊന്നുമില്ല. പക്ഷേ, ക്രൈസ്തവസമൂഹത്തിലൊരു വിഭാഗം ഇപ്പോള്‍ കടുത്ത മുസ്‌ലിംദ്വേഷം വെച്ചുപുലര്‍ത്തുകയും ആര്‍എസ്എസിന്റെ അജണ്ടകള്‍ക്ക് പൂര്‍ണമായും വിധേയപ്പെടുകയും ചെയ്യുന്നതാണ് അനുഭവം. കാസ പോലുള്ള ചില തീവ്രവാദ സംഘടനകള്‍ ആര്‍എസ്എസിനോളം പോന്ന മുസ്‌ലിം വിരുദ്ധ വര്‍ഗീയ പ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യം ഭരിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന പതിവുതന്ത്രം മാത്രമല്ല അത്. അതിനപ്പുറം ആര്‍എസ്എസ് അജണ്ടയുടെ നടത്തിപ്പുകാരായി ക്രൈസ്തവരിലെ ഒരു സംഘം മാറിയിരിക്കുന്നു. മുസ്‌ലിം-ക്രൈസ്തവ സൗഹൃദത്തില്‍ വിള്ളല്‍ വീഴ്്ത്താനുദ്ദേശിച്ച് ലവ് ജിഹാദ് ഉള്‍പ്പടെ വ്യാജങ്ങള്‍ നിര്‍ബാധം ഒഴുകിപ്പരക്കുന്നുണ്ടിപ്പോഴും കേരളത്തില്‍. തെളിവെവിടെ എന്ന ചോദ്യം ആരുടെയും കണ്ണ് തുറപ്പിക്കുന്നില്ല. നിഴലിനോട് യുദ്ധം ചെയ്യുകയാണ് ഇക്കൂട്ടര്‍. അവര്‍ക്ക് മുസ്‌ലിംകളെ എതിര്‍ക്കണമെന്നേയുള്ളൂ. അതിനുവേണ്ടി എന്തും പറയും എന്ന നിലയുണ്ട്. പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പ്രസംഗമോര്‍ക്കുക. അതൊരു പെരുംനുണയായിരുന്നു എന്ന് എല്ലാവര്‍ക്കുമറിയാം.തൃശ്ശൂരിലെയും തലശ്ശേരിയിലെയുമൊക്കെ അരമനകളില്‍നിന്ന് ഇടയ്ക്കിടെ പുറത്തുവരുന്ന പ്രസംഗവും പ്രസ്താവനയും ഒട്ടും യാദൃച്ഛികമല്ല. മുസ്‌ലിംകളെ ആരോപണങ്ങളുടെ പുകമറയില്‍ തളച്ചിടാന്‍ എവിടെയെല്ലാമോ ചില ആസൂത്രണങ്ങള്‍ നടക്കുന്നു എന്ന് സംശയം ജനിപ്പിക്കുമാറ് ഒന്നിന് പിറകെ ഒന്നെന്ന മട്ടില്‍ ആരോപണങ്ങള്‍ കുത്തിയൊലിച്ചുവരുന്നത് കാണുന്നില്ലേ? ആരുടെ കുടിലബുദ്ധിയാണ് ഇതെന്ന് തല പുകക്കേണ്ടതില്ല. അത് വ്യക്തമാണ്. വര്‍ഗീയമായി ജനങ്ങളെ പിളര്‍ത്തുന്നവരുടെ ലക്ഷ്യവും അജ്ഞാതമല്ല. അവരുടെ കൈക്കോടാലിയായി പ്രബല ന്യൂനപക്ഷ സമുദായത്തിലെ ഒരു വിഭാഗം മാറുന്നത് ജനാധിപത്യത്തിന് സന്തോഷം പകരുന്നതല്ല, ബിജെപിയെ അത് സന്തോഷിപ്പിക്കാതെയും തരമില്ല!
ബിജെപിയെ സന്തോഷിപ്പിക്കുന്ന മറ്റൊരു ഘടകം കൂടി ഇപ്പോള്‍ കേരളത്തില്‍ പ്രകടമാണ്. അത് മാധ്യമങ്ങളുടെ പരിലാളനയാണ്. ബിജെപിക്ക് മുമ്പെങ്ങുമില്ലാത്ത ദൃശ്യതയും സ്വീകാര്യതയും ഇപ്പോള്‍ മാധ്യമങ്ങള്‍ നല്കുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി ഒരിക്കല്‍ നിലകൊണ്ട മാതൃഭൂമി ഇന്ന് എത്തിനില്‍ക്കുന്നത് കടുത്ത ആര്‍എസ്എസ് പക്ഷപാതിത്വത്തിലാണ്. ചില സന്ദര്‍ഭങ്ങളില്‍ ബിജെപിയുടെ ഔദ്യോഗിക മാധ്യമങ്ങളെപ്പോലും കവച്ചുവെക്കുന്ന വിധത്തിലാണ് മാതൃഭൂമിയുടെ റിപ്പോര്‍ട്ടിങ് രീതി. മലയാളത്തിലെ ഏതാണ്ടെല്ലാ പ്രധാന പത്രങ്ങളും ചാനലുകളും ആ വഴിയില്‍ത്തന്നെയാണ്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് സിങ് താക്കൂര്‍ ഈ വര്‍ഷം ജൂലൈയില്‍ കോഴിക്കോട്ട് മാധ്യമസ്ഥാപന മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടതുപക്ഷാനുകൂല മാധ്യമങ്ങള്‍ക്കും മുസ്‌ലിം മാനേജ്മെന്റിന് കീഴിലുള്ള മാധ്യമസ്ഥാപനങ്ങള്‍ക്കും യോഗത്തിലേക്ക് ക്ഷണമുണ്ടായിരുന്നില്ല. ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, 24 ന്യൂസ്, ന്യൂസ് 18, ജനം ടി.വി, അമൃത ടി.വി എന്നീ ചാനലുകളുടെയും മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, ദീപിക, മംഗളം, ജന്മഭൂമി, മെട്രോവാര്‍ത്ത തുടങ്ങിയ പത്രങ്ങളുടെയും മേധാവികൾക്ക് ക്ഷണം ലഭിച്ചപ്പോള്‍ കൈരളി, ജയ്ഹിന്ദ് ചാനലുകള്‍ക്കും ചന്ദ്രിക, സിറാജ്, മാധ്യമം ഉള്‍പ്പടെ പത്രങ്ങള്‍ക്കും മീറ്റിങിലേക്ക് ക്ഷണമുണ്ടായില്ല. എന്തുകൊണ്ട് ചിലരെ മാത്രം ക്ഷണിച്ചു, മറ്റു ചിലരെ ഒഴിവാക്കി എന്നന്വേഷിക്കേണ്ടതില്ല. തങ്ങളുടെ വഴിയേ കൊണ്ടുവരാന്‍ കഴിയുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നവരെയാകണം പങ്കെടുപ്പിച്ചത്. ആ മീറ്റിങിന് ശേഷം അന്ന് പങ്കെടുത്ത മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും, ബിജെപി ആഗ്രഹിക്കുന്നിടത്തേക്ക് തോണി അടുക്കുകയാണെന്ന്.
മാധ്യമങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട് കേരളത്തില്‍. പറയുന്നത് നുണയാണ് എന്നറിഞ്ഞുകൊണ്ട് ചാനലുകള്‍ക്ക് മുമ്പിലിരിക്കുന്ന മലയാളികളുണ്ട്. ഒരു പത്രമെങ്കിലും വായിച്ചില്ലെങ്കില്‍ അസ്വസ്ഥമാകുന്നവരുമുണ്ട്. എന്തിനു മാധ്യമങ്ങളെ ഒപ്പം നിര്‍ത്താന്‍ ബിജെപി തിടുക്കപ്പെടുന്നു എന്ന് ചികഞ്ഞാല്‍ മലയാളികള്‍ക്ക് മാധ്യമങ്ങളോടുള്ള അഭിനിവേശം മുതലാക്കാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നതുകൊണ്ടാണെന്ന് ഉത്തരം കിട്ടും. വഴങ്ങാത്തവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിയെ ആരും പഠിപ്പിക്കേണ്ടതുമില്ല.
കേരളത്തിലെ ഏതെങ്കിലും മണ്ഡലം ഇപ്പോള്‍ ബിജെപിക്ക് അനുകൂലമല്ല എന്നിരിക്കിലും അവര്‍ക്ക് വിജയസാധ്യത ഉണ്ട് എന്ന പ്രതീതി ജനിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയും. അതുതന്നെയാണ് ബിജെപി ആഗ്രഹിക്കുന്നതും. അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് വ്യക്തതയില്ലാതെ ഇളകിനില്‍ക്കുന്ന വോട്ടുകള്‍ ബിജെപിയുടെ പെട്ടിയില്‍ വീഴ്്ത്താന്‍ ആ “പ്രതീതി’ മാത്രം മതിയാകും. ജയസാധ്യതയുള്ളവര്‍ക്ക് വോട്ട് നല്‍കുന്നവരും കേരളത്തിലുണ്ട് എന്നത് നമുക്ക് മറക്കാതിരിക്കാം.
കേരളം പിടിക്കാന്‍ ബിജെപിക്ക് കര്‍മപദ്ധതി എന്ന് വായിക്കുമ്പോള്‍ പാടേ അവഗണിക്കുകയെന്ന പതിവ് ആവര്‍ത്തിക്കാതെ, മാറിയ കേരളത്തെ മനസിലാക്കിക്കൊണ്ട് ആ നീക്കത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജനാധിപത്യപ്രസ്ഥാനങ്ങളും മതനിരപേക്ഷ രാഷ്ട്രീയ കക്ഷികളും ബദല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. അവഗണന ചില സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയപ്രവര്‍ത്തനമാണ്, മറ്റു ചില സന്ദര്‍ഭങ്ങളില്‍ അത് രാഷ്ട്രീയ ആത്മഹത്യയായി മാറുകയും ചെയ്യും. വര്‍ത്തമാനകാല കേരളത്തില്‍ ബിജെപിയെ ചിരിച്ചുതള്ളിക്കളയുക എന്നത് സാധ്യമല്ലെന്ന നിലയുണ്ട്. അത് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ മതേതരപ്പാര്‍ട്ടികള്‍ സന്നദ്ധമാകുമോ എന്നാണ് കാത്തിരുന്നുകാണേണ്ടത് ■

Share this article

Leave a Reply

Your email address will not be published. Required fields are marked *