പൈസാക്കീറ്റ് ബന്നിട്ടെന്തായി

Reading Time: < 1 minutes

കാസര്‍കോഡ്, കേരളത്തിന്റെ വടക്കേയറ്റം. കണ്ണൂരിന്റെയും ദക്ഷിണ കന്നടയുടെയും ഇടയിലുള്ള ദേശം. 1984ല്‍ സ്വതന്ത്ര ജില്ലയായി പ്രഖ്യാപിക്കപ്പെട്ടു. ഇസ്‌ലാമിക, രാഷ്ട്രീയ, സാംസ്‌കാരിക ചരിത്രശേഷിപ്പുകള്‍ കൊണ്ട് സമ്പന്നമായ മണ്ണ്. 38 ശതമാനമാണ് ജില്ലയിലെ മുസ്‌ലിം പോപുലേഷന്‍. അടക്കയും നെല്ലും ധാരാളമായും മറ്റു ധാന്യങ്ങള്‍ സാമാന്യം കുറഞ്ഞ അളവിലും കൃഷി ചെയ്ത് കഴിയുന്ന മധ്യവര്‍ഗ കുടുംബങ്ങള്‍. ഭൂമിശാസ്ത്രപരമായി, തീരപ്രദേശവും കൃഷിഭൂമിയും കുന്നുകളുമായി തരംതിരിക്കാവുന്നതാണ് ജില്ലയിലെ ഭൂരിഭാഗവും.
അതിര്‍ത്തി ഭൂമികൂടി ആയതിനാല്‍ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ പോലും ലഭ്യമാകാത്ത ജില്ലയാണ് കാസര്‍കോഡ്. വിദ്യാഭ്യാസ രംഗത്തും താരതമ്യേന പുറകില്‍. ഈ പശ്ചാത്തലത്തില്‍ നിന്നു വേണം കാസര്‍കോഡും പ്രവാസവും എന്ന ആലോചനയിലേക്ക് കടക്കാന്‍.
പ്രവാസാനന്തരം കേരള മുസ്‌ലിംകളിലെ, മലബാര്‍ റീജ്യനിലെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാസര്‍കോഡും ആ ഗതിമാറ്റം പ്രകടമാണ്. ഏതുതരം വ്യവഹാരങ്ങളിലാണ് പക്ഷേ അത് കൂടുതല്‍ പ്രകടമായത് എന്നത് സംവാദാത്മക കാര്യമാണ്. കാസർകോട്ടെ പ്രവാസികള്‍ തങ്ങളുടെ പ്രവാസകാല സമ്പാദ്യത്തെ അലങ്കാരങ്ങളിലും ആര്‍ഭാടങ്ങളിലും നിക്ഷേപിക്കുകയായിരുന്നു എന്നൊരാക്ഷേപം നിലനില്‍ക്കുന്നുണ്ട്. അതൊരു യാഥാര്‍ഥ്യമാണ്. ഡെഡ് ഇന്‍വെസ്റ്റ് എന്ന് പറയാവുന്ന കുറേ ഇടങ്ങളിലാണ് കാസര്‍കോഡിന്റെ പ്രവാസം വെന്തുതീര്‍ന്നത്. ഇത് സംബന്ധിച്ച ഒരു കഥാഖ്യാനമാണല്ലോ ഏച്ചിക്കാനത്തിന്റെ “ബിരിയാണി.’
വിവാഹം, സത്കാരം, സ്‌പെഷ്യല്‍ ഡേ പാര്‍ട്ടികള്‍ തുടങ്ങിയ പരിപാടികള്‍ക്ക് കാസര്‍കോട്ടുകാര്‍ പലതരം ഭക്ഷണവിഭവങ്ങള്‍ അലങ്കരിച്ചുവച്ചു. പുതിയാപ്ലമാരെ വരവേല്‍ക്കാന്‍ പലതരം അപ്പങ്ങളും പലഹാരങ്ങളും ഒരുക്കിവച്ചു. അങ്ങനെയുണ്ടായതാണ്, “അപ്പങ്ങള്‍ എമ്പാടും ചുട്ടമ്മായി’ പാട്ടുകള്‍. ഇതിന്റെ ചെറുരൂപങ്ങള്‍ മറ്റു പലയിടങ്ങളിലും ദൃശ്യമാണെങ്കിലും കാസര്‍കോഡിനെ പോലെ (തലശ്ശേരി പോലെയും) ഇത്തരമൊരു “അന്ന വിചാരം മുന്ന വിചാരമായി’ വേറെയെവിടെയും ഇത്ര കേമമായി കൊണ്ടുനടക്കുന്നില്ല.
വസ്ത്രം, സ്വര്‍ണം അടങ്ങുന്ന ആടയാഭരണങ്ങളോടും സമാനമായ ഭ്രമം കാസര്‍കോഡ് പുലര്‍ത്തിപ്പോന്നു. വസ്ത്രത്തെ കേന്ദ്രമായി ഒറ്റക്കല്യാണത്തെ തന്നെ മഞ്ഞയെന്നും പച്ചയെന്നും ചോപ്പെന്നും ഭാഗമാക്കി. കല്യാണത്തിന് പുറമേ സത്കാരങ്ങള്‍ക്കും വീടുപ്രവേശത്തിനും പെരുന്നാളിനും ഡ്രസ് കോഡ് സെറ്റ് ചെയ്തു. കാസര്‍കോഡ് പുള്ളന്മാരുടെ (ചെറുപ്പക്കാരുടെ) കല്യാണവേഷം പരീക്ഷിക്കാന്‍ മറ്റു ജില്ലയില്‍ നിന്ന് ചിലര്‍ ഇങ്ങോട്ടെത്തി. പരസ്പരം കൊണ്ടും കൊടുത്തും കാസര്‍കോഡ് വേറിട്ടൊരു കാഴ്ചയിടമായി പരിണമിക്കപ്പെട്ടു. പരിമിതപ്പെട്ടു. ആനിവേഴ്‌സറി, ബേബീഷോര്‍, തൊട്ടില്‍ കെട്ടല്‍, പാട്ട്‌കെട്ടല്‍, കാത്കുത്ത് തുടങ്ങിയ കുറേയധികം തീറ്റപ്പരിപാടികള്‍ വേറെയുമുണ്ട്.
ഗള്‍ഫ് മണി എവിടെ ഇന്‍വെസ്റ്റ് ചെയ്യണമെന്നറിയാത്ത കുറേ കുടുംബങ്ങളുടെ അജണ്ടയില്ലാത്ത ആഘോഷഭൂമിയായി ജില്ല മാറിയ കഥ വെളിപ്പെട്ടത് മലബാറിലെ മറ്റു ജില്ലകളിലേക്ക് കണ്ണെറിഞ്ഞപ്പോഴാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസവും പ്രൊഫഷനല്‍ കോഴ്‌സുകളും സ്വന്തമാക്കിയ വലിയൊരു തലമുറയെ അവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍, “ദുബൈക്ക് പോവാം, പൈസാക്കീറ്റ് ബരാം’ എന്ന വിചാരത്തില്‍ നിന്ന് ഒരടി മുന്നോട്ടുപോകാത്ത തലമുറയാണ് കാസര്‍കോഡിന് സ്വന്തം. ഈ വിചാരത്തെ വിമര്‍ശിക്കുക മാത്രമാണ് ഇവിടത്തെ അമിതവ്യയബോധത്തെ വിമര്‍ശിക്കുന്നതിന്റെ താത്പര്യം. ഗള്‍ഫാനന്തരം എന്തു സംസ്‌കാരിക ശേഷിപ്പാണ് ജില്ലക്കുണ്ടായത് എന്നതിന് ഉറക്കെപ്പറയാവുന്ന ഒരുത്തരം ജില്ലക്കുണ്ടോ? പ്രവാസം കാസര്‍കോഡിന്റെ ജീവിത വ്യവഹാരങ്ങളെ എങ്ങനെ ബാധിച്ചു? ഈ വിചാരങ്ങളെ മുന്‍നിര്‍ത്തി ചുരുക്കം ഇടപെടലുകള്‍ കൂടിയാണ് നമ്മളിവിടെ വായിക്കുന്നത് ■

Share this article

About എന്‍ ബി സിദ്ദീഖ് ബുഖാരി

nbsbukhari@gmail.com

View all posts by എന്‍ ബി സിദ്ദീഖ് ബുഖാരി →

Leave a Reply

Your email address will not be published. Required fields are marked *