മുഹ്‌യിദ്ദീന്‍ മാലയുടെ സാമൂഹിക വായന

Reading Time: 3 minutes

നിരവധി സാഹിത്യ സര്‍ഗാത്മക സൃഷ്ടികളാല്‍ സമ്പന്നമാണ് മലയാള ഭാഷയുടെ വകഭേദമായ അറബി മലയാളം. വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ ഈ ഭാഷയില്‍ പുറത്തുവന്നിട്ടുണ്ട്. അതെല്ലാം നമ്മെ അദ്ഭുതപ്പെടുത്തുന്നവ തന്നെയാണ്.
സാമ്രാജ്യത്വവിരുദ്ധ മനോഭാവവും അതോടൊപ്പം അന്ന് കേരളത്തില്‍ നില നിന്നിരുന്ന ജാതിയുടെ ഉച്ചനീചത്വങ്ങളും ഭാഷാപഠനത്തിലും സാമൂഹിക ജീവിതത്തിലും ഏറെ പ്രകടമായപ്പോള്‍ അതിനെതിരായ അതിജീവന ശ്രമമെന്ന നിലയ്ക്കാണ് അറബിമലയാള ഭാഷയില്‍ ജീവിതം പകര്‍ത്തുവാന്‍ അന്നത്തെ എഴുത്തുകാരെ പ്രേരിപ്പിച്ചത്. അങ്ങനെ നോക്കുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ തന്നെ അനിവാര്യതയായിരുന്നു ഈ ഭാഷയുടെ പ്രയോഗം. അതുകൊണ്ട് തന്നെ അറബിമലയാള ഭാഷക്ക് അത്രമേല്‍ സ്വാധീനം ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നു.
അറബിമലയാള സാഹിത്യത്തിലുള്ള പദ്യവിഭാഗങ്ങളാണ് പാട്ടുകളും, മാപ്പിളപ്പാട്ടുകളുമൊക്കെയായി അറിയപ്പെടുന്നത്. ഈ വിഭാഗത്തില്‍ എഴുതപ്പെട്ട ആദ്യകൃതിയാണ് മുഹ്്യിദ്ദീന്‍ മാല. അതിന് മുമ്പ് പാട്ടുകള്‍ എഴുതിയിട്ടില്ല എന്ന് പറയാനാവില്ലെങ്കിലും രേഖകള്‍ പ്രകാരം ആദ്യത്തെ പാട്ട് മുഹ്്യിദ്ദീന്‍ മാല തന്നെയാണ്. അത് ചരിത്രത്തില്‍ രേഖപ്പെട്ടതുമാണ്. ഇതിന്റെ രചനാകാലത്തെ കുറിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ആദ്യത്തെ കൃതി മുഹ്്യിദ്ദീന്‍ മാലയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.
അക്കാലത്തെ മുസ്‌ലിംജീവിതവുമായി ചേര്‍ന്നുനില്‍ക്കുന്നവയാണ് മാലപ്പാട്ടുകള്‍. മുസ്‌ലിം സാമൂഹികജീവിതത്തില്‍ ഇത്തരം മാലപ്പാട്ടുകള്‍ വലിയ തോതിൽ ഇടപെട്ടിട്ടുണ്ട്. മഹാന്മാരുടെ ജീവിതം തങ്ങളുടെ ജീവിതത്തിന് മാതൃകയാവുന്ന തരത്തില്‍ മനോഹരമായി ആവിഷ്‌കരിക്കുകയും അത് പാടുകയും അതിന്റെ അന്തസത്ത ഉള്‍ക്കൊള്ളുകയും ചെയ്യുന്നത് അക്കാലത്തെ ഹൃദ്യമായ ഓർമയാണ്.
1607 ലാണ് മുഹ്്യിദ്ദീന്‍ മാല എഴുതപ്പെടുന്നത്. ഖാളി മുഹമ്മദ് എന്ന പണ്ഡിത കവിയാണ് ഈ മാലപ്പാട്ട് രചിച്ചത്.
“കൊല്ലം എഴുന്നൂറ്റി
എണ്‍പത്തിരണ്ടില്‍ ഞാന്‍ –
കോര്‍ത്ത ഈ മാലനെ
നൂറ്റമ്പത്തഞ്ച്മ്മല്‍
കോഴിക്കോട്ടത്തുറ
തന്നില്‍ പിറന്നോവര്‍ –
കോര്‍വ ഇതൊക്കെയും നോക്കിയെടുത്തോവര്‍’ എന്ന വരികള്‍ രചനാകാലത്തെക്കൂടി സൂചിപ്പിക്കുന്നതാണ്.
മുഹ്്യിദ്ദീന്‍ മാല എഴുതി പ്രചാരം നേടിയ കാലഘട്ടത്തിലാണ് മലബാറിലേക്ക് പോര്‍ച്ചുഗീസുകാരുടെ അധിനിവേശം ഉണ്ടാകുന്നത്. വൈദേശിക ആധിപത്യത്തിന്റെ തുടക്കമായിരുന്നു അതെന്ന കാര്യത്തില്‍ സംശയമില്ല. നാടിനെ ഏറെ സ്‌നേഹിച്ച രാജാക്കന്‍മാര്‍ ഈ വൈദേശിക ശക്തികള്‍ക്കെതിരെ പടപൊരുതി തങ്ങളുടെ ദൗത്യം നിറവേറ്റിയിട്ടുണ്ട്. അവരോടൊപ്പം ചേര്‍ന്ന് നില്‍ക്കുകയായിരുന്നു കേരളത്തിലെ മാപ്പിളമാര്‍ ചെയ്തിരുന്നത്. സാമൂതിരി രാജാവിന്റെയും കുഞ്ഞാലി മരയ്ക്കാരുടെയും ചരിത്രങ്ങള്‍ ഇതില്‍ വളരെ പ്രധാനപ്പെട്ടതാണ്.
പലതരത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയരായ ഈ നാട്ടിലെ പ്രജകളും ഭരണാധികാരികളും വൈദേശികാധിപത്യ മനോഭാവത്തില്‍ ഏറെ ആശങ്കാകുലരായിരുന്നു. ചെറുതും വലുതുമായ പല തരത്തിലുള്ള സംഘട്ടനങ്ങളും പ്രശ്‌നങ്ങളും ആ കാലത്ത് ഉടലെടുത്തിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഖാളി മുഹമ്മദ് മുഹ്്യിദ്ദീന്‍ മാലയ്ക്കു ശേഷം ഫത്ഹുല്‍ മുബീന്‍ എന്ന അറബി കാവ്യമെഴുതുന്നത്. വൈദേശിക ആധിപത്യത്തിന് എതിരെയുള്ള കൃത്യമായ ചുവടുവെപ്പായിരുന്നു ഈ കൃതി. അതിന്റെ പഠനങ്ങളും വിശദീകരണങ്ങളും മലയാളത്തിൽ വന്നിട്ടുണ്ട്. വൈദേശികാധിപത്യത്തിന്റെ അടിച്ചമര്‍ത്തലിന് വിധേയരായ നാട്ടുകാരുടെ മാനസികാവസ്ഥയില്‍ ഈ കൃതിയുടെ പിറവിക്കും അതിന്റെ ആലാപനത്തിനും ഏറെ പ്രസക്തിയുണ്ട്.
അന്ന് ആശങ്കാകുലരായ ജനങ്ങള്‍ക്ക് ഒരു തുരുത്തായിരുന്നു ഈ സാഹിത്യകൃതികള്‍. അവര്‍ ആനന്ദം കണ്ടെത്തിയിരുന്നതും ഈ സാഹിത്യ സൃഷ്ടികളിലൂടെ തന്നെയായിരുന്നു. അതുകൊണ്ട് തന്നെയാണ് ആ കാലത്ത് ഇത് ഏറെ പ്രസിദ്ധിയാർജിച്ചത്. സാമൂതിരിയുടെ സവിശേഷതകളെ കുറിച്ചും വൈദേശികാധിപത്യത്തെ കുറിച്ചും പറയുന്ന ഫത്ഹുല്‍ മുബീന്‍ എന്ന കൃതിയുടെ കര്‍ത്താവ് തന്നെയാണ് മുഹ്്യിദ്ദീന്‍ മാല എഴുതിയതെന്നതിനാല്‍ രണ്ടു കൃതികള്‍ക്കും നല്ല സ്വീകാര്യത ലഭിച്ചു.
ഉത്തരേന്ത്യയിലെ ഭക്തി പ്രസ്ഥാനവും കേരളത്തില്‍ എഴുത്തച്ഛന്‍ പോലെയുള്ളവര്‍ ഭക്തിയുടെ നിറവില്‍ നിര്‍വഹിച്ച കാവ്യസൃഷ്ടികളും ചെലുത്തിയ സ്വാധീനത്തോട് സമാന്തരമായി ഇസ്‌ലാം മത വിശ്വാസികള്‍ക്കിടയില്‍ വലിയൊരു സ്വാധീനം ഇത്തരം മാലപ്പാട്ടുകള്‍ക്കുണ്ടായിരുന്നു. അതാണ് മുഹ്്യിദ്ദീന്‍ മാലയെ കുറിച്ചുള്ള പഠനത്തില്‍ മുന്നോട്ടുവയ്‌ക്കേണ്ട പ്രധാനകാര്യമെന്ന് ഞാന്‍ വിചാരിക്കുന്നു. അതോടൊപ്പം മറ്റു ചില കാര്യങ്ങള്‍ കൂടി ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
1572മുതല്‍ 1617 വരെ ജീവിച്ച മഹാനായ ഖാളി മുഹമ്മദ് നൂറ്റിയമ്പത്തിയഞ്ച് വരികളിലായിട്ടാണ് മാലപ്പാട്ട് രചിച്ചത്. മലയാള ഭാഷക്ക് ആ കാലഘട്ടത്തില്‍ അനിവാര്യമായ അതിജീവനം ഈ കൃതിയിലൂടെ നടന്നു എന്ന കാര്യവും ആലോചനാമൃതമാണ്.
1600ല്‍ എഴുതപ്പെട്ട വിശ്വസാഹിത്യത്തിലെ ഷേക്‌സ്പിയറിന്റെ മാക്‌ബെത്ത്, തുഞ്ചത്ത് എഴുത്തച്ഛന്റ അധ്യാത്മ രാമായണം ഇതൊക്കെ ചേര്‍ത്തു വെക്കുമ്പോള്‍ അന്നത്തെ മഹാന്‍മാരുടെ ചിന്താധാര ഒന്നായിരുന്നു എന്നത് സ്വാഭാവികം മാത്രമാണ്. ഇത്തരം കൃതികള്‍ അവരുടെ നാട്ടില്‍ ചെലുത്തിയ സ്വാധീനം പോലെ കേരളത്തില്‍ മുഹ്്യിദ്ദീന്‍ മാലക്കും സ്വാധീനമുണ്ടായി. അറബി കവിതയുടെ വൃത്തത്തില്‍ എഴുതപ്പെട്ട ഈ കാവ്യം മലയാള വൃത്തത്തോട് സാമ്യമുള്ള രീതി കൂടി അവലംബിച്ചതിനാല്‍ മലയാളികള്‍ക്കും ആലപിക്കാന്‍ കഴിയുമെന്ന സൗകര്യമുണ്ട്.
മുഹ്്യിദ്ദീന്‍ മാലയുടെ ഭാഷാലാവണ്യം എടുത്തുപറയേണ്ടതാണ്. എത്ര മനോഹരമായിട്ടാണ് സാധാരണക്കാരന്റെ ഭാഷയില്‍ നാല് പതിറ്റാണ്ട് മുമ്പ് ഈ കൃതി സംസാരിച്ചത് എന്ന കാര്യം ഏറെ ആശ്ചര്യകരമാണ്. ലളിത സുന്ദരമായിട്ടാണ് മുഹ്്യിദ്ദീന്‍ മാലയെ കവി കോര്‍ത്തിണക്കിയത്, അതും മാപ്പിളപ്പാട്ടിന്റെ ഭാഷയെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ നടക്കുന്ന കാലത്ത്.
“വല്ലനിലെത്തീന്നും
എന്നെ വിളിപ്പോര്‍ക്ക് –
വായ്ക്കൂടാതുത്തീരും
ചെയ്യും ഞാനെന്നോവര്‍’ എന്ന പോലെയുള്ള അറബിയും മലയാളവും കലര്‍ന്ന സംസാര ഭാഷയിലെ പ്രയോഗങ്ങളും “എല്ലാ കിളയിലും കേളി മികച്ചോവര്‍’ എന്നുള്ള പ്രയോഗവുമൊക്കെ ഒരു പുണ്യപുരുഷനെ കുറിച്ചുള്ള ആവേശകരവും ആത്മീയവുമായ ഒരു നിര്‍വൃതി നമുക്ക് സമ്മാനിക്കുന്നു. അതുകൊണ്ട് തന്നെ മുഹ്്യിദ്ദീന്‍ മാലയുടെ സവിശേഷതകള്‍ ഇനിയും ഏറെ ചര്‍ച്ചക്ക് വിധേയമാകേണ്ടതാണ്. ഭാഷക്ക് എതിരെ നിന്നവരെന്നും അക്ഷരവിരോധികളെന്നും മുദ്രകുത്തപ്പെട്ട ഒരു സമൂഹത്തില്‍ നാല് പതിറ്റാണ്ട് മുമ്പ് തങ്ങളുടെ വികാരവിചാരങ്ങളെ കൃത്യമായ രീതിയില്‍ രേഖപെടുത്താനും തങ്ങളുടെ കൊച്ചുലോകത്തില്‍ ഇരുന്ന് വലിയൊരു ലോകം സൃഷ്ടിക്കാനും സാധിച്ചുവെങ്കിലും ഇന്നും ഭാഷാ ചരിത്ര പണ്ഡിതന്‍മാരുടെ ഇടയില്‍ അതിന് വേണ്ടത്ര സ്ഥാനം ലഭിച്ചില്ല എന്നത് ഏറെ സങ്കടകരമാണ്.
മുഹ്്യിദ്ദീന്‍ മാലയുമായി ബന്ധപ്പെട്ട ഒട്ടേറെ കൃതികള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുകയാണ് ചിലര്‍ ചെയ്തിട്ടുള്ളത്. കവിയുടെ ഭാഷാപരമായ കഴിവുകള്‍ ചോദ്യം ചെയ്യുന്ന വിധത്തിൽ പോലും വ്യാഖ്യാനങ്ങള്‍ കഴിഞ്ഞ കാലത്തില്‍ നടന്നിട്ടുണ്ട്. ഒരുവേള അത് തങ്ങളുടെ സ്വാർഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ഏറെ ഉപകരിക്കുമെങ്കിലും വലിയൊരു സാഹിത്യ സമ്പത്തിനെയാണ് അവര്‍ നിരാകരിക്കുന്നത് എന്ന തിരിച്ചറിവ് പുതിയ സമൂഹത്തിന് ഉണ്ടാവേണ്ടതാണ്.
1607-ല്‍ എഴുതി എന്നു പറയുമ്പോള്‍ തന്നെ മലയാള ഭാഷാ സംസ്‌കാരത്തില്‍ മാറ്റങ്ങള്‍ വരുന്നതിനു മുമ്പ് തന്നെ അറബിമലയാളം ഭാഷയിലൂടെ ഏത് സാധാരണക്കാരനും മനസിലാകുന്ന തരത്തില്‍ എഴുത്തു നടത്തി എന്നുള്ളതാണ് ചര്‍ച്ചക്ക് വെക്കേണ്ടത്. മലയാള ഭാഷയുടെ പരിപോഷണത്തിനും അതിന്റെ സംരക്ഷണത്തിനും വേണ്ടി പലതരത്തിലുള്ള സംഘടനകളും സ്ഥാപനങ്ങളും അതുമായി ബന്ധപ്പെട്ട സംഭവങ്ങളെ ഉദ്ധരിക്കുമ്പോള്‍ അറബി മലയാളത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ നടക്കുന്നില്ല എന്നുള്ളത് ആലോചിക്കേണ്ടിയിരിക്കുന്നു.
പുതിയ ചരിത്രശേഷിപ്പുകള്‍ തേടുന്ന ചരിത്രാന്വേഷികളോട് സൂചിപ്പിക്കാനുള്ളത്, മുഹ്്യിദ്ദീന്‍ മാലയുടെ സവിശേഷതയെക്കുറിച്ചും ആ കാലത്തുണ്ടാക്കിയ വലിയ തോതിലുള്ള മാറ്റങ്ങളെ കുറിച്ചും ഗൗരവമായ പഠനം നിങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട് എന്ന് തന്നെയാണ്. 400 വര്‍ഷങ്ങള്‍ക്കു മുന്‍പ് സവിശേഷ വൃത്തത്തില്‍ എഴുതപ്പെട്ട മുഹ്്യിദ്ദീന്‍ മാലയും ആലാപന വൈവിധ്യവും ആഴത്തിൽ വിശകലനവിധേയമാകണം. തട്ടുപൊളിപ്പന്‍ സിനിമകളില്‍ പോലും മുഹ്്യിദ്ദീന്‍ മാലയുടെ ശൈലിയിലുള്ള പാട്ടുകള്‍ വരുമ്പോള്‍, ഇതിന്റെ ഇശല്‍ സൗന്ദര്യത്തിന്റെ ആഴം നമ്മള്‍ തിരിച്ചറിയണം.
മനുഷ്യന്റെ മനസിനോട് ചേര്‍ന്നുനില്‍ക്കുന്ന ആലാപന സൗകുമാര്യത ഈ ഒരു ഈണത്തിന്റെ സംസ്‌കാരത്തിന് ഉണ്ട്. സാഹിത്യ ഭംഗിയെ കുറിച്ചുള്ള ഭാഷാപരമായ കാര്യങ്ങൾ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ തന്നെ മനസിന് ആസ്വാദ്യകരമായ വിധത്തില്‍ ആലപിക്കാനുള്ള രീതി എങ്ങനെ ഉണ്ടായി എന്നുള്ളതും ചര്‍ച്ചയാകണം. മാപ്പിളപ്പാട്ട് മേഖലയില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഒന്നാണ് അതിന്റെ ആലാപന രീതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍. മുഹ്്യിദ്ദീന്‍ മാലയുടെ വൈവിധ്യമാര്‍ന്ന ആലാപന സൗന്ദര്യം യമന്‍ കെട്ട് എന്ന ശൈലിയില്‍ ഇന്നും പ്രചുരപ്രചാരം സൃഷ്ടിക്കുമ്പോള്‍ സംഗീതവിദഗ്ധര്‍ക്കിടയില്‍ അത്തരം ചര്‍ച്ചകള്‍ ആഴത്തില്‍ നടക്കേണ്ടതുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. പുതിയ തലമുറക്ക് ഒരു വിജ്ഞാനവിഹായസായി ഈ കൃതിയുടെ ചര്‍ച്ച പ്രയോജനപ്പെടുമെന്ന് വിശ്വസിക്കാം ■

Share this article

About ഫൈസല്‍ എളേറ്റില്‍

View all posts by ഫൈസല്‍ എളേറ്റില്‍ →

Leave a Reply

Your email address will not be published. Required fields are marked *