ശിഷ്യരോട് പിതാവെന്നപോലെ

Reading Time: 3 minutes

ചെറിയ എ പി ഉസ്താദ് എന്ന് പരിചയക്കാരും സംഘടനാ പ്രവര്‍ത്തകരും
സംബോധന ചെയ്ത ഉസ്താദ് എ പി മുഹമ്മദ് മുസ്‌ലിയാര്‍ നിയോഗം
പൂര്‍ത്തിയാക്കി റബ്ബിന്റെ റഹ് മത്തിലേക്ക് മടങ്ങി. ഒമ്പതുവര്‍ഷം
ഉസ്താദിന്റെ ദര്‍സിലോതിയ ശിഷ്യന്റെ ഓര്‍മക്കുറിപ്പ്.

സ്‌കൂളില്‍ ഒമ്പതാം ക്ലാസിലേക്ക് പാസായപ്പോഴാണ് മതപഠനം ആഗ്രഹിച്ച് മര്‍കസ് ശരീഅത്ത് കോളജ് ഒന്നാം ക്ലാസിലേക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നത്. പ്രവേശനം ലഭിച്ച് ക്ലാസ് ആരംഭിക്കുന്ന ദിവസം മര്‍കസിലെത്തിയപ്പോള്‍ സുല്‍ത്താന്‍ ഉലമ കാന്തപുരം ഉസ്താദ്, മര്‍കസിലെ അസൗകര്യം കാരണം ഈവര്‍ഷം ഒന്നാം ക്ലാസ് എന്റെ നാട്ടില്‍ കാന്തപുരം അസീസിയ്യ അറബിക് കോളജിലേക്ക് മാറ്റുകയാണ് എന്നും മര്‍കസിലെ വിദ്യാര്‍ഥികളായി നിങ്ങള്‍ക്കവിടെ പഠിക്കാമെന്നും പറഞ്ഞു. അങ്ങനെയാണ് മര്‍കസിന്റെ ബസില്‍ ഞാനടക്കം 40 പേര്‍ കാന്തപുരം അസീസിയ്യയില്‍ എത്തിയത്. കൂട്ടത്തില്‍ ഏറ്റവും ചെറിയ ആൾ ഞാനായിരുന്നു. അന്നുതന്നെ “മീസാന്‍ ആരംഭിക്കാന്‍ ഉസ്താദ് വിളിക്കുന്നു’ എന്ന് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ അറിയിച്ചു. താഴെ പള്ളിയില്‍ സാദാത്ത് മഖാമിനോട് ചേര്‍ന്നുള്ള റൂമിനുപുറത്ത് ഉസ്താദ് ഇരിക്കുന്നു. ചെറിയേപി ഉസ്താദിനെ മുമ്പ് കണ്ടിട്ടില്ലാത്തതുകൊണ്ട് വലിയ എ പി ഉസ്താദാണ് എന്ന ധാരണയിലാണ് ക്ലാസിലിരുന്നത്. “എല്ലാവരും ഭക്ഷണം കഴിച്ചോ?’ കുശലാന്വേഷണങ്ങള്‍ക്കുശേഷം ബിസ്മിയും ഹംദും ചൊല്ലി ക്ലാസാരംഭിച്ചു. സരസവും സരളവുമായിരുന്നു ആ ക്ലാസ്. ക്ലാസ് കഴിഞ്ഞ് മുകളിലെത്തിയപ്പോഴാണ് ഇത് ചെറിയ എ പി ഉസ്താദാണെന്ന് മനസിലായത്. തുടര്‍ന്ന് നീണ്ട ഒമ്പത് വര്‍ഷക്കാലം ഉസ്താദിന്റെ തണലിലായിരുന്നു രാപകലുകള്‍.
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഉസ്താദിന്റെ ഉപദേശങ്ങളും നിര്‍ദേശങ്ങളും ഉണ്ടായിരുന്നു. ശിഷ്യരുടെ കഴിവുകള്‍ കണ്ടറിഞ്ഞ് പരിപോഷിപ്പിക്കുന്നതില്‍ അതീവശ്രദ്ധാലുവായിരുന്നു. കാന്തപുരത്ത് എത്തിയതിനുശേഷമുള്ള ആദ്യസമാജത്തില്‍ സുന്നത്തും ബിദ്അത്തും ആയിരുന്നു വിഷയം. കാസറ്റ് കേട്ടും ആനുകാലികങ്ങള്‍ വായിച്ചും എഴുതിപ്പഠിച്ച പ്രസംഗം പരമാവധി നന്നാക്കി പ്രസംഗിച്ചു. താഴെ നിന്ന് പ്രസംഗം പൂര്‍ണമായും ശ്രദ്ധിച്ച് ഉസ്താദ് പിറ്റേന്ന് ക്ലാസില്‍ ഞാന്‍ പറഞ്ഞ ഒരു തമാശ എടുത്തുപറഞ്ഞ് “ആരായിരുന്നു ആ പ്രസംഗിച്ചത്’ എന്നന്വേഷിച്ചു. കൂട്ടുകാര്‍ എന്റെ പേര് പറഞ്ഞു. “വളരെ നന്നായിരുന്നു’ എന്ന ഉസ്താദിന്റെ പ്രചോദനം പ്രസംഗരംഗത്തേക്ക് കടന്നുവരാന്‍ തെല്ലൊന്നുമല്ല പ്രചോദനമായത്. പിന്നീട് സ്വകാര്യമായി വിളിച്ച് നന്നായി വായിക്കണമെന്നും മറ്റും ഉപദേശിച്ചു.
ആരെങ്കിലും പ്രസംഗങ്ങളിലോ മറ്റോ പറയുന്നത് കേട്ട് പ്രസംഗിക്കരുതെന്നും കിതാബിലോ പുസ്തകങ്ങളിലോ നേരിട്ട് കണ്ട കാര്യങ്ങള്‍ മാത്രമേ പ്രഭാഷണങ്ങളില്‍ ഉദ്ധരിക്കാവൂ എന്നും ഉപദേശിക്കുമായിരുന്നു. പ്രഭാഷണത്തിനുപോകുന്ന നാടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും അത്യാവശ്യകാര്യങ്ങള്‍ അറിയണമെന്നും നിര്‍ദേശിക്കപ്പെട്ട വിഷയത്തിലൂന്നിയാവണം പ്രഭാഷണം എന്നും ഉസ്താദ് ഉണർത്തിയിരുന്നു.
ജനങ്ങളുടെ അവസ്ഥ മനസിലാക്കിയാവണം പ്രഭാഷണം നടത്തേണ്ടതെന്നും മജ്്ലിസുകൾക്കും ആരാധനാ കർമങ്ങള്‍ക്കും നേതൃത്വം നല്‍കേണ്ടതെന്നും ഉസ്താദ് പറയുമായിരുന്നു. പൊതുജനങ്ങള്‍ പങ്കെടുക്കുന്ന ജമാഅത്തുകളില്‍ വലിയ സൂറത്തുകള്‍ ഓതുന്നതും നിസ്‌കാരശേഷം ഏറെനേരം പ്രസംഗിക്കുന്നതും ജനങ്ങളുടെ അവസ്ഥ കൂടി പരിഗണിച്ചുവേണമെന്നും ക്ലാസുകളിലും അല്ലാതെയും ഉസ്താദ് ഇടയ്ക്കിടെ ഉണര്‍ത്തി.
പ്രവര്‍ത്തകരുടെയും ശിഷ്യരുടെയും സുരക്ഷയിലും അതീവശ്രദ്ധാലുവായിരുന്നു ഉസ്താദ്. ഒരിക്കല്‍ പ്രഭാഷണം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ സംശയം ചോദിക്കാനെന്ന പേരില്‍ ഏതാനും ആളുകള്‍ എന്റെ കാര്‍ കൈകാണിച്ചു നിര്‍ത്തിയ വിവരം അറിഞ്ഞ ഉസ്താദ് പരിചയമില്ലാത്ത ആര് കൈകാണിച്ചാലും വണ്ടി നിര്‍ത്തരുതെന്നും വഅള് കഴിഞ്ഞ് തനിച്ച് വണ്ടിയോടിച്ച് പോകരുതെന്നും അല്‍പം കര്‍ക്കശസ്വരത്തിലാണ് പറഞ്ഞത്.
ഉസ്താദിന്റെ ക്ലാസില്‍ പങ്കെടുക്കുക എന്നത് വല്ലാത്തൊരു അനുഭൂതിയായിരുന്നു. മന്‍ത്വിഖ്, മആനി, നഹ്്വ്, അഫ്്ലാഖ് തുടങ്ങി ഏത് പ്രയാസകരമായ വിഷയവും വളരെ ലളിതമായി, നാടന്‍ ഉദാഹരണങ്ങളിലൂടെ സരസമായി അവതരിപ്പിക്കുമ്പോള്‍ ബുദ്ധി കുറഞ്ഞവര്‍ക്കുപോലും പെട്ടെന്ന് മനസിലാകുമായിരുന്നു. സംശയങ്ങള്‍ ചോദിക്കുന്നവരോട് ഉസ്താദിന് വല്ലാത്ത താല്‍പര്യം ആയിരുന്നു. ചിലപ്പോള്‍ ക്ലാസ് സംവാദവേദിയായി മാറും.
കുട്ടികളുടെ ചോദ്യങ്ങള്‍ക്കനുസരിച്ച മറുപടിയും മറുചോദ്യവുമായി ഉസ്താദ് കൂടെയുണ്ടാകും. അവസാനം നാവടങ്ങുന്ന ഒരു മറുപടി. ആ സംവാദം അവസാനിക്കും. ഒമ്പതുവര്‍ഷം തുടര്‍ച്ചയായി ഉസ്താദിന്റെ ക്ലാസിലിരുന്നിട്ടും ഏതെങ്കിലും ഒരു വിഭാഗത്തില്‍ പെട്ട ഒരു ആലിമിനെയോ സയ്യിദിനെയോ ഇകഴ്്ത്തിയോ ചെറുതാക്കിയോ സംസാരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.
ഉസ്താദ് ഭക്ഷണം കഴിക്കുമ്പോള്‍ ഇടയ്ക്കൊക്കെ മനപ്പൂര്‍വ്വം ഉസ്താദിനരികിലൂടെ നടന്നുപോകും. കാരണം ചിലപ്പോള്‍ ചോറ് ഉരുളയാക്കി ഒരുപിടി കയ്യില്‍ വെച്ചുതരും. ആ ചോറിന് വല്ലാത്ത രുചിയായിരുന്നു. അസര്‍ നിസ്‌കാരം കഴിഞ്ഞ് പള്ളിവരാന്തയില്‍ കുറേ സമയം ഇരിക്കുന്ന ഉസ്താദ് ജാതിമതഭേദമന്യേ അതുവഴി നടന്നുപോകുന്ന മുഴുവനാളുകളോടും സുഖവിവരങ്ങളും വീട്ടുവിശേഷങ്ങളും അന്വേഷിക്കുമായിരുന്നു. ആദ്യമൊക്കെ നാട്ടിലേക്ക് പോകുമ്പോള്‍ കാന്തപുരത്ത് നിന്ന് പൂനൂര് വരെ നടന്നുപോവുകയായിരുന്നു പതിവ്. വഴിയില്‍ കാണുന്ന പരിചയക്കാരോടൊക്കെ കുശലം പറയാനും ഈ സമയം ഉപയോഗപ്പെടുത്തും.
ജീവിതത്തിന്റെ ഓരോ മേഖലയിലും ഉസ്താദിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. മര്‍കസില്‍ പഠനം പൂര്‍ത്തിയാക്കി ഏതെങ്കിലും ഒരു മദ്റസയില്‍ ജോലി നോക്കണമെന്ന ആഗ്രഹത്തില്‍ വീട്ടിലിരിക്കുമ്പോഴാണ് അടുത്ത വീട്ടിലേക്ക് ഫോണ്‍ വരുന്നത്. മറുതലക്കല്‍ ചെറിയ എ പി ഉസ്താദ്. “നിനക്ക് കരുമലയില്‍ ദര്‍സ് ഏറ്റിട്ടുണ്ട്. വേഗം പോയി കമ്മിറ്റിക്കാരെ കാണണം.’ എന്റെ ഉള്ളൊന്ന് കാളി. വിറയലോടെ ഞാന്‍ പറഞ്ഞു: “ദര്‍സ് തുടങ്ങാന്‍ എന്റെ അരികില്‍ മുതഅല്ലിമീങ്ങളൊന്നും ഇല്ല’. “മുതഅല്ലിമീങ്ങള്‍ വന്നുകൊള്ളും. നീപോയി ദര്‍സ് ഏല്‍ക്ക്’. ഉസ്താദിന്റെ ഉറപ്പില്‍ ദര്‍സ് ഏറ്റു. ഒമ്പത് മുതഅല്ലിമീങ്ങളുമായി സുൽത്താനുൽ ഉലമയുടെ ആശീര്‍വാദത്തില്‍ ആ വര്‍ഷം ദര്‍സാരംഭിച്ചു. നാലു വര്‍ഷങ്ങള്‍ക്കുശേഷം കൈതപ്പൊയിലിലേക്ക് ദര്‍സ് മാറിയതും ചെറിയ എ പി ഉസ്താദിന്റെ നിര്‍ദേശപ്രകാരമായിരുന്നു.
ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷവും 30 മുതഅല്ലിമീങ്ങളുമായി ഇന്നും ദര്‍സ് മുന്നോട്ടുപോകുന്നു. അന്ന്് ഉസ്താദ് നിര്‍ബന്ധം പിടിച്ചില്ലായിരുന്നുവെങ്കില്‍ ദര്‍സ് സ്വപ്നം കാണാന്‍പോലും എനിക്ക് കഴിയുമായിരുന്നില്ല. കിതാബ് നന്നായി നോക്കിയിട്ടേ ഓതിക്കൊടുക്കാവൂ എന്ന് ഉസ്താദ് ഇടയ്ക്കിടെ ഉപദേശിക്കുമായിരുന്നു.
വിവാഹം കഴിഞ്ഞ് ഉസ്താദിനെ കാണാന്‍ ചെന്നപ്പോള്‍ കാശോ പൊന്നോ വല്ലതും കൈയിലുണ്ടോ എന്ന് ചോദിച്ചു. അല്‍പം കാശുണ്ട് എന്ന് പറഞ്ഞപ്പോ അഞ്ച് സെന്റ് സ്ഥലമെങ്കിലും ഉടന്‍ വാങ്ങണമെന്നായിരുന്നു നിര്‍ദേശം. എട്ട് സെന്റ് സ്ഥലവും വീടും വാങ്ങിയതും പിന്നീട് അത് വിറ്റ് ഇന്നുള്ള സ്ഥലം വാങ്ങിയതും വീടുവെച്ചതും ഉസ്താദിന്റെ മേല്‍നോട്ടത്തില്‍ തന്നെ.
കാന്തപുരത്ത് പരീക്ഷ നടക്കുന്ന സമയം. ജംഉല്‍ ജവാമിഅ് അല്‍പം കൂടുതല്‍ പഠിക്കാനുള്ളതുകൊണ്ട് കൂട്ടുകാരെല്ലാം ഉറങ്ങിയശേഷം താഴെ പള്ളിയുടെ ഒരു മൂലയിലിരുന്ന് കിതാബ് നോക്കുകയായിരുന്നു. ആ സമയത്ത് വളരെ വൈകി വഅള് കഴിഞ്ഞുവന്ന ഉസ്താദ് അരികില്‍ വിളിച്ച് കുറേ ദുആ ചെയ്തുതന്നു. അന്നുമുതല്‍ വല്ലാത്തൊരു ആത്മവിശ്വാസമായിരുന്നു. ഏത് പാതിരാക്ക് വഅള് കഴിഞ്ഞെത്തിയാലും സുബ്ഹിക്ക് ശേഷമുള്ള ക്ലാസ് ഉസ്താദ് മുടക്കില്ലായിരുന്നു.
സ്വന്തം മക്കളോടെന്നപോലെ വല്ലാത്ത സ്നേഹമായിരുന്നു ശിഷ്യരോട്. ഒരുപ്പയുടെ സ്നേഹം എന്നും ഞങ്ങള്‍ക്ക് ഉസ്താദില്‍ നിന്നും കിട്ടാറുണ്ടായിരുന്നു. എനിക്ക് ചെവിക്ക് ഒരു ഓപ്പറേഷന്‍ വന്നപ്പോള്‍ വിവരം പറയാന്‍ ഉസ്താദിനരികില്‍ എത്തിയപ്പോള്‍, ഏത് ഹോസ്പിറ്റലാണ്, ഏത് ഡോക്ടറാണ്, കൈയില്‍ കാശുണ്ടോ? എല്ലാം ചോദിച്ചറിഞ്ഞശേഷം ഓപ്പറേഷന്‍ കഴിഞ്ഞ് “മണ്ടിപ്പാച്ചിലൊന്ന് നിര്‍ത്തി’ നന്നായി റെസ്റ്റെടുക്കണമെന്നും നിര്‍ദേശിച്ചു. എന്റെ വിവാഹസമയത്തും ഉപ്പ മരണപ്പെട്ടപ്പോഴും താങ്ങും തണലുമായി ഉസ്താദ് കൂടെയുണ്ടായിരുന്നു. രണ്ടാഴ്ചയിലൊരിക്കലെങ്കിലും ഉസ്താദിനെ കാണല്‍ പതിവായിരുന്നു. കാണാന്‍ അല്‍പം വൈകിയാല്‍ പരിഭവം പറയുമായിരുന്നു.
ശിഷ്യരുടെ അസുഖങ്ങളും പ്രയാസങ്ങളും ഉസ്താദിനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. പൂര്‍വ വിദ്യാര്‍ഥികളായ ദാവൂദ് അമീനുല്ല, അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ രോഗമായപ്പോള്‍ നിരന്തരം രോഗവിവരങ്ങള്‍ അന്വേഷിക്കുകയും മരണപ്പെട്ടപ്പോള്‍ സ്വന്തം മക്കള്‍ മരണപ്പെട്ടതെന്ന പോലെ പൊട്ടിക്കരഞ്ഞ് ദുആ ചെയ്തതും അനുഭവം. അബ്ദുറഹ്‌മാന്‍ മുസ്്‌ലിയാരുടെ അനാഥ മക്കള്‍ക്ക് വീട് നിര്‍മിക്കാനും കൊറോണക്കാലത്ത് മുഴുവന്‍ പൂര്‍വ വിദ്യാര്‍ഥികള്‍ക്കും ഭക്ഷണക്കിറ്റ് എത്തിക്കാനും പിരിവെടുക്കാന്‍ മുന്നില്‍ നിന്നതും ഉസ്താദ് തന്നെയായിരുന്നു. സുല്‍ത്വാനുല്‍ ഉലമ ശൈഖുനാ ഉസ്താദിനോടുള്ള ബഹുമാനവും ആദരവും ഞങ്ങള്‍ ചെറിയ എ പി ഉസ്താദില്‍ നിന്നാണ് കണ്ടുപഠിച്ചത്. സമസ്തയുടെ സെക്രട്ടറി ആയ ശേഷവും ശൈഖുനയുടെ മുന്‍പിലേക്ക് പോകുമ്പോള്‍ വിനയാന്വിതനായി ഒരു കൊച്ചുമുതഅല്ലിമിനെപ്പോലെയായിരുന്നു. ഓരോ ക്ലാസുകളിലും ശൈഖുനയുടെ ബുദ്ധിയും പരിശ്രമവും വിശദീകരിക്കുമായിരുന്നു.
പല സ്ഥലങ്ങളിലും പുത്തനാശയക്കാര്‍ക്കും കള്ളത്വരീഖതുകാര്‍ക്കുമെതിരെ ഖണ്ഡന പ്രസംഗങ്ങള്‍ക്കും മുഖാമുഖങ്ങള്‍ക്കും ഉസ്താദിന്റെ കൂടെ ഖാദിമായി പോകാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഉസ്താദ് ഖണ്ഡനപ്രസംഗം നടത്തുന്ന സ്ഥലങ്ങളില്‍ കൂടുതലൊന്നും മറുപടി പറഞ്ഞതായി അറിവിലില്ല. ഇക്കഴിഞ്ഞ നവംബര്‍ രണ്ടിന് ഞാനും ഭാര്യയും ഉംറക്ക് പോകുമ്പോള്‍ വീട്ടില്‍നിന്ന് ഇറങ്ങുന്നതിന്റെ അരമണിക്കൂര്‍ മുമ്പ് 10.30നാണ് അവസാനമായി ഉസ്താദിനോട് ഫോണില്‍ സംസാരിച്ചത്. കുറച്ചുസമയം സംസാരിക്കുകയും ദുആ ചെയ്തു തരികയും ചെയ്തു. മദീനയില്‍ വെച്ചാണ് ഉസ്താദിന്റെ രോഗവവിവരം അറിയുന്നത്. 20-ാം തീയതി ഞായറാഴ്ച സുബ്ഹി നിസ്‌കാരം കഴിഞ്ഞ് സുഹൃത്ത് സലാം പൊന്നാനി ഫോണ്‍ വിളിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. അല്പസമയം വല്ലാത്തൊരവസ്ഥയിലായി. എനിക്ക് നഷ്ടമായത് ഉസ്താദിനെ മാത്രമല്ല, പിതാവും മാര്‍ഗദര്‍ശിയും ഏത് പ്രതിസന്ധിയിലെയും അവലംബവുമാണ് ■

Share this article

About അലവി സഖാഫി കായലം

Kayalamsaqafi@gmail.com

View all posts by അലവി സഖാഫി കായലം →

Leave a Reply

Your email address will not be published. Required fields are marked *