സങ്കീര്‍ണസന്ദര്‍ഭങ്ങളുടെ പരിഹാരകന്‍

Reading Time: 3 minutes

മനുഷ്യന് എന്തു മാത്രം നാച്വറലാകാന്‍ കഴിയുമോ അത്രത്തോളം നാച്വറലായ ഒരു പച്ച മനുഷ്യനായിരുന്നു കരീം കക്കാട് എന്നാണ് ഒറ്റ വാചകത്തിൽ കരീമിനെ ഞാൻ വിശേഷിപ്പിക്കുക. ഈ നാച്വറാലിറ്റി കൊണ്ട് തന്നെയാകാം അര്‍ഹത വേണ്ടുവോളമുണ്ടായിരുന്നിട്ടും കരീം വലിയ നേതാവൊന്നുമാകാതായിപ്പോയത്. ഇതിനര്‍ഥം കരീമിനെ ആരെങ്കിലും മാറ്റിനിര്‍ത്തി എന്നല്ല. നേതൃപദവി സ്വാഭാവികമായും ആവശ്യപ്പെടുന്ന, ശരീരഭാഷയിലെയും സംസാരഭാഷയിലെയും കൃത്രിമത്വത്തിലേക്ക് സ്വയം മാറാന്‍ കരീമിലെ സാദാ മനുഷ്യന് സാധിക്കില്ലായിരുന്നുവെന്നതാണ്.
എസ്എസ്എഫ് ആയിരുന്നു കരീമിന് എല്ലാം. കോഴിക്കോട് ജില്ലാ എസ് എസ് എഫ് കമ്മിറ്റിയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചുകൊണ്ടാണ് ഞങ്ങള്‍ തമ്മില്‍ അറിഞ്ഞു തുടങ്ങുന്നത്. കരീം എന്നും പിന്നണിയിലായിരുന്നല്ലോ. ഇവന്റ് പ്ലാനിങ്, കോഡിനേഷന്‍ എന്നിവയുടെ ഒരു എന്‍സൈക്‌ളോപീഡിയ ആയിരുന്നു കരീം. നാലും അഞ്ചും ദിവസം നീണ്ടു നില്‍ക്കുന്ന “വാഹനജാഥകള്‍’ അക്കാലത്ത് താലൂക്ക്, ജില്ലാ തലങ്ങളില്‍ സാധാരണമായിരുന്നു. ജില്ലയുടെ പ്രധാന കേന്ദ്രങ്ങളെല്ലാം കവര്‍ ചെയ്യുക, ഓരോ ദിവസവും ഒരു പ്രധാന കേന്ദ്രത്തില്‍ സമാപനസംഗമം വെക്കുക, രണ്ടു സ്വീകരണ കേന്ദ്രങ്ങള്‍ക്കിടയില്‍ ആവശ്യത്തിന് സമയം അനുവദിക്കുക, ഓരോ കേന്ദ്രത്തിന്റെയും പ്രാധാന്യം നോക്കി പ്രസംഗകരെ തീര്‍ച്ചപ്പെടുത്തുക തുടങ്ങിയവയൊക്കെയാണ് സാധാരണ ഒരു ജില്ലാ വാഹനജാഥയുടെ തലവേദന. കരീം കക്കാട് ന്യൂസ് പ്രിന്റിന്റെ ഒരു കെട്ടുമായി കുപ്പായം അഴിച്ചു വെച്ച് സ്റ്റുഡന്റ്‌സ് സെന്ററിന്റെ മുകളിലെ നിലയില്‍ ഒരു ഇരുത്തമിരുന്നാല്‍ 5 ദിവസത്തെ പ്ലാന്‍ ഭദ്രം! ഗൂഗ്ള്‍ മാപ്പും ലൊക്കേഷനുമൊക്കെ കരീമിന്റെ ബ്രെയിന്‍ തന്നെ! ബാക്കിയുള്ളവര്‍ കൂടിക്കൊടുത്താല്‍ മതി. വാഹന ജാഥ ഓരോ സ്ഥലത്തെത്തുമ്പോഴും കരീമിന്റെ നിര്‍ദേശം വരും. “കഴിഞ്ഞ സ്ഥലത്തു സലീം അണ്ടോണയാണ് സംസാരിച്ചത്. ഇവിടെ മജീദ് പുത്തൂര്‍ പ്രസംഗിക്കണം. അടുത്ത സ്ഥലത്ത് മജീദ് മാനിപുരം ആവട്ടെ’. ഇതും പറഞ്ഞ് കരീം ഒരു പോക്കാണ് അലി റഹ്‌മതാബാദിനെയും കൂട്ടി; ആ കവലയില്‍ കൂടിയിരിക്കുന്നവര്‍ക്കിടയില്‍ രണ്ടു രൂപ കൂപ്പണ്‍ വിതരണം ചെയ്ത് സംഘടനാ ഫണ്ട് കൊഴുപ്പിക്കാന്‍. അതിനിടയില്‍ തന്നെ, അടുത്ത കേന്ദ്രത്തിലെ അറേഞ്ച്‌മെന്റുകള്‍ കരീം പ്ലാന്‍ ചെയ്തു കഴിഞ്ഞിരിക്കും!
സാഹിത്യോത്സവിലെ ഏറ്റവും കോംപ്ലിക്കേറ്റഡ് ആയ സംഗതി, വിവിധ സ്റ്റേജുകളില്‍ നടക്കുന്ന മത്സരങ്ങളില്‍ പലതിലും ഒരുമിച്ച് മത്സരിക്കുന്നവരെ കൂടി പരിഗണിച്ച് മത്സരങ്ങളുടെ ഷെഡ്യൂള്‍ തയാറാക്കലാണല്ലോ. എങ്ങനെ ശ്രമിച്ചാലും ഓവര്‍ലാപിങ് വരാനുള്ള സാധ്യതയുണ്ട്. കംപ്യൂട്ടറും പ്രോഗ്രാമുകളുമൊന്നുമില്ലാത്ത അക്കാലത്ത് അതും ഭംഗിയായി ചെയ്യുക കരീം തന്നെയായിരിക്കും. ജില്ലാ മത്സരങ്ങളില്‍ നിന്ന് ക്വാളിഫൈ ചെയ്തു വന്നവരുടെ ലിസ്റ്റുമായി കരീം ഒരു ഇരുത്തമുണ്ട്. കടലാസില്‍ കള്ളികള്‍ വരച്ച് പേരും ഇനങ്ങളും വേദികളും അടയാളപ്പെടുത്തി കരീം തലപുണ്ണാക്കി എഴുന്നേല്‍ക്കുമ്പോഴേക്ക് സാഹിത്യോത്സവ് പ്ലാന്‍ റെഡിയായിട്ടുണ്ടാവും. സംഘടനയില്‍ ഉത്തരവാദിത്തം കൈയാളുമ്പോള്‍ കോംപ്ലിക്കേറ്റഡ് ഇവന്റ്‌സ് എങ്ങനെ മാനേജ് ചെയ്യണമെന്ന് ഞാന്‍ ഏറ്റവും കൂടുതല്‍ പഠിച്ചത് കരീമില്‍ നിന്നാണ്. ഗള്‍ഫില്‍ എത്തിപ്പെട്ട ശേഷം ഈ പാഠങ്ങള്‍ നന്നായി ഉപകാരപ്പെടുകയും ചെയ്തിട്ടുണ്ട്.
ജാഡ ഒട്ടുമില്ലാത്ത പച്ചമനുഷ്യനായിരുന്നു കരീം. നേരത്തെ പറഞ്ഞതു പോലെ, സ്റ്റുഡന്റസ് സെന്ററിലെത്തി കഴിഞ്ഞാല്‍ കരീം കുപ്പായമഴിച്ച് വെച്ചായിരിക്കും ഉണ്ടാവുക മിക്കവാറും. കള്ളി മുണ്ടും ഉടുത്ത് സ്റ്റുഡന്റസ് സെന്ററിന്റെ മുകള്‍ നിലയില്‍ കരീം ഉലാത്തുമായിരുന്നു. കരീമിന് കിടന്നുറങ്ങാന്‍ പ്രത്യേകിച്ച് കിടക്കയോ കട്ടിലോ പായ പോലുമോ വേണ്ട. കാവി പാകിയ ആ നിലത്ത് കടലാസ് നിവര്‍ത്തി കരീം കിടക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.
സൗഹൃദം ഇത്ര നന്നായി ആസ്വദിക്കാന്‍ അറിയുന്നവര്‍ കരീമിനെപ്പോലെ അധികമുണ്ടാവില്ല. സൗഹൃദവലയത്തിലെ ഒരാളെ കണ്ടു കിട്ടിയാല്‍ അയാളുമൊത്ത് തൊട്ടടുത്ത ഹോട്ടലില്‍ കയറി വയറു നിറയെ ഭക്ഷണം കഴിക്കാന്‍ കരീം റെഡി. കരീം അടക്കം എല്ലാവരുടെയും പോക്കറ്റുകള്‍ പരതി ലഭിക്കുന്ന സംഖ്യയുടെ കനം അനുസരിച്ചായിരിക്കും ഹോട്ടല്‍ തീരുമാനിക്കുക. കോഴിക്കോട് മര്‍കസ് കോംപ്ലക്‌സിനോട് ചേര്‍ന്നുള്ള കാലിക്കറ്റ് ടവറിലെ മാസ് റസ്റ്റാറന്റ്, സ്റ്റുഡന്റസ് സെന്ററിന്റെ പുറകിലെ പുതിയറയിലെ ഖാദിരിയ്യ ഹോട്ടല്‍, ഭരണാക്ഷിയമ്മയെന്ന് ഞങ്ങള്‍ സ്വയം പേരിട്ടു വിളിച്ച അമ്മച്ചിയുടെ നാടന്‍ ഭക്ഷണശാല തുടങ്ങിയവയില്‍ സൗഹൃദത്തിന്റെ എത്ര രാപ്പകലുകളാണ് കരീമിന്റെ നർമവും പൊട്ടിച്ചിരിയും കൊണ്ട് പൂത്തുലഞ്ഞത്?! അടുത്തവരുടെ പോക്കറ്റില്‍ കരീമിനും അവര്‍ക്ക് കരീമിന്റെ പോക്കറ്റില്‍ അങ്ങോട്ടും കൈയിടാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു. രണ്ടു പേരെ സംബന്ധിച്ച് അവര്‍ തമ്മില്‍ അപാര സൗഹൃദമാണെന്ന് അബൂഹുറൈറ(റ)യുടെ മുമ്പില്‍ പറയപ്പെട്ടപ്പോള്‍, പരസ്പരം പോക്കറ്റില്‍ കൈയിടാന്‍ മാത്രമുള്ള ബന്ധമില്ലെങ്കില്‍ പിന്നെന്ത് സൗഹൃദമെന്ന് അബൂഹുറൈറ(റ) ചോദിച്ചതായി ഇമാം ഗസാലി(റ) ഉദ്ധരിക്കുന്നുണ്ട്.
ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ കരീം വളരെ ശ്രദ്ധാലുവായിരുന്നു. ഞാന്‍ പ്രവാസം വരിച്ച ആദ്യ നാളുകളില്‍ കരീം നിരന്തരമായി കത്തയക്കാറുണ്ടായിരുന്നു. ആദ്യമായി കരീം കക്കാടിനു ഞാന്‍ അയച്ച മറുപടി കത്തില്‍ എന്റെ അഡ്രസ് എഴുതിയിട്ടുണ്ടായിരുന്നില്ല. സഊദിയില്‍ എത്തിയ ഉടനെ ആയിരുന്നതിനാല്‍ എന്റെ അഡ്രസ് എനിക്കത്ര കൃത്യം ഓര്‍മയില്ലായിരുന്നതാണ് കാരണം. കരീമിനോടായതുകൊണ്ട് എന്തും പറയാമല്ലോ. എന്റെ കത്തില്‍ ഞാന്‍ ഇങ്ങനെ എഴുതി. “എന്റെ അഡ്രസ് എനിക്ക് ഓര്‍മയില്ല. മറുപടി അയക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ എന്റെ വീട്ടില്‍ വിളിച്ച് അന്വേഷിച്ച് അഡ്രസ് വാങ്ങി അയച്ചാല്‍ മതി’. അഡ്രസ് കണ്ടു പിടിച്ചു കരീം മറുപടി എഴുതി. ആ എഴുത്തിന്റെ അവസാനം ഇങ്ങനെയായിരുന്നു. “നീ സഊദിയില്‍ പോയിട്ടും വലിയ മാറ്റമൊന്നുമില്ല അല്ലേ?’ സ്വന്തം അഡ്രസ് വീട്ടില്‍ ചോദിച്ച് കണ്ടുപിടിക്കാന്‍ പറഞ്ഞ ആളാണ് അബ്ദുല്ലയെന്ന് സുഹൃദ് സദസുകളില്‍ കരീം പറയാറുമുണ്ടായിരുന്നു.
കരീമിലെ നര്‍മത്തിന് ഏതു കഠിന സാഹചര്യത്തെയും നോർമലാക്കാന്‍ ശേഷിയുണ്ടായിരുന്നു. 1993-94 കാലം. എസ് എസ് എഫ് ജില്ലാ റാലി വടകരയില്‍ തീരുമാനിച്ചിരിക്കുന്നു. റാലിയുടെ തലേദിവസം ഒരുക്കങ്ങള്‍ വിലയിരുത്താനായി കരീമും ഞാനും കോഴിക്കോട് നിന്ന് വടകരയിലേക്ക് പോവുകയാണ്. ബസ് കയറാനായി മാവൂര്‍ റോഡിലെ ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കവേ സ്റ്റാന്‍ഡില്‍ നിന്നും പുറത്തേക്ക് വരുന്ന രണ്ട് ബസുകള്‍ക്കിടയില്‍ ഞാന്‍ ശരിക്കും പെട്ടുപോയി. ആകെ പേടിച്ചുപോയ ഒരു രംഗം. കണ്ടു നിന്ന കരീമിന്റെ അന്ധാളിപ്പ് രണ്ടു ബസുകള്‍ക്കിടയിലെ വിടവിലൂടെ ഞാന്‍ കാണുന്നുണ്ട്. തലനാരിഴക്ക് രക്ഷപ്പെട്ടു ബേജാറായി നില്‍ക്കുന്ന എന്നെ നോക്കി അന്ന് കരീം പറഞ്ഞത് ഇങ്ങനെയാണ്. “ഞാന്‍ വിചാരിച്ചു ജില്ലാ റാലിയുടെ നഗരിക്ക് പേര് മാറ്റേണ്ടി വരുമെന്ന്’. ആ രംഗത്തെ അങ്ങനെയൊരു നര്‍മത്തിനല്ലാതെ വേറെ ഒന്നിനും നോര്‍മലാക്കാന്‍ കഴിയുമായിരുന്നില്ല!
പ്രവാസത്തിന്റെ ഇടവേളകളില്‍ നാട്ടിലെത്തുമ്പോള്‍ വിചാരിച്ചതു പോലെ കാണാന്‍ പറ്റാതായതാണ് ഇപ്പോഴത്തെ സങ്കടം. എസ് എസ് എഫ് നാല്പതാം വാര്‍ഷിക സമ്മേളനം കഴിഞ്ഞ് എറണാകുളത്ത് നിന്ന് മടങ്ങുമ്പോഴാണ് അവസാനമായി വിശദമായി കണ്ടത്. അന്ന് സമ്മേളനം കഴിഞ്ഞ് ഞങ്ങള്‍ കരീമിന്റെ കാറില്‍ ഒരുമിച്ചായിരുന്നു മടങ്ങിയത്. തിരിച്ചു വരാന്‍ നേരത്ത് “എന്റെ പാട്ടയില്‍ കയറുമെങ്കില്‍ നമുക്ക് ഒന്നിച്ചു പോകാം’ എന്ന് പറഞ്ഞത് കരീം തന്നെയാണ്. കോഴിക്കോട് കാലത്തെ സൗഹൃദത്തിലെ പ്രധാന കണ്ണിയായ മുഹ്്യിദ്ദീന്‍ കുട്ടി സഖാഫി പുകയൂര്‍, കബീര്‍ എളേറ്റില്‍ എന്നിവരും അന്ന് ഒരുമിച്ചുണ്ടായിരുന്നു. കഥകള്‍ പറഞ്ഞും ചിരിച്ചും ചിരിപ്പിച്ചുമുള്ള വല്ലാത്തൊരു യാത്രയായിരുന്നു അത്. കരീമിന്റെ മരണവിവരം അറിഞ്ഞ ശേഷം ആ യാത്രയെപ്പറ്റി പറഞ്ഞ് പുകയൂര്‍ വികാരാധീനനാവുകയുണ്ടായി. കരീം മരണപ്പെടുന്നതിന് ഒരാഴ്ച മാത്രം മുമ്പ് ബന്ധപ്പെട്ടപ്പോഴും പുകയൂര്‍ സഖാഫി ആ കാര്‍ യാത്രയെക്കുറിച്ച് സംസാരിച്ചിരുന്നു.
ചില മരണങ്ങള്‍ കേവലം ശൂന്യത മാത്രം സൃഷ്ടിച്ച് കടന്നു കളയുകയല്ല ചെയ്യുന്നത്. അവ നമ്മുടെ അന്തമില്ലായ്മയുടെ മുഖത്തേക്ക് രൂക്ഷമായി തുറിച്ച് നോക്കിയായിരിക്കും കടന്നു പോവുക. അങ്ങനെ എന്റെ അന്തമില്ലായ്മയെ അതിരൂക്ഷമായി തുറിച്ചു നോക്കിയാണ് കരീം കക്കാട് മരണത്തിലേക്ക് നടന്നു നീങ്ങിയത്. ചരിത്രമെന്നാല്‍ മുമ്പെന്നോ നടന്ന കാര്യങ്ങള്‍ മാത്രമല്ലെന്നും നമ്മുടെ ചുറ്റും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതും ഒരു കാലത്ത് ചരിത്രമാവേണ്ടവയാണെന്നുമുള്ള ബോധം എനിക്കില്ലാതെ പോയ അന്തക്കേടിന്റെ മുഖത്താണ് കരീമിന്റെ മരണം തുറിച്ചുനോക്കിയത്. കരീം എഴുതിയ കത്തുകളോ കൂടെയുള്ള ഫോട്ടോകളോ ഒന്നും സൂക്ഷിപ്പില്ല ■

Share this article

About അബ്ദുല്ല വടകര

a.nalupurayil@mushrif.com

View all posts by അബ്ദുല്ല വടകര →

Leave a Reply

Your email address will not be published. Required fields are marked *