ആദരവിന്റെ പ്രകാശനങ്ങള്‍

Reading Time: 4 minutes

ഗുരു കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാരെ ഓര്‍ക്കുകയാണ് ശിഷ്യന്‍.
ഇ കെ ഹസന്‍ മുസ്‌ലിയാരോട്, അവേലത്ത് സാദാത്തുക്കളോട്, സമകാലികരും അല്ലാത്തവരുമായ പണ്ഡിതന്‍മാരോട് ചെറിയ എ പി ഉസ്താദ് പ്രകടിപ്പിച്ച സ്‌നേഹവും ബന്ധത്തിലെ ഊഷ്മളതയും കടന്നുവരുന്നു ഈ കുറിപ്പില്‍.

എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞ് റിസല്‍ട്ട് വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. റിസല്‍ട്ട് വരുന്നതുവരെ കാത്തുനിന്നാല്‍ മാര്‍ക്ക് കൂടുതലുണ്ടെങ്കില്‍ ദര്‍സില്‍ പോകേണ്ട എന്നു മനസ്സ് വിസമ്മതം പറയും. വേഗം പോകാം. രാവിലെ കുളിച്ചൊരുങ്ങി വെളുത്ത വസ്ത്രമെല്ലാം അണിഞ്ഞ് ഒരു തൊപ്പിയും ധരിച്ച് ഉമ്മയോടും അമ്മായിയോടും സമ്മതം വാങ്ങി ഉപ്പയുടെ കൂടെ വീട്ടില്‍ നിന്നിറങ്ങി. നേരെ നാട്ടിലെ പള്ളിയില്‍ ചെന്ന് ഉസ്താദിനെ കണ്ട് ദര്‍സില്‍ പോവുകയാണെന്ന് പറഞ്ഞു. എ കെ സി മുഹമ്മദ് ഫൈസി ഉസ്താദായിരുന്നു അന്ന് നാട്ടിൽ സേവനം ചെയ്തിരുന്നത്.
ദുആ ചെയ്ത് സമ്മതം തന്നു. പൂനൂരില്‍ എത്തി. ഉപ്പ അവിടെയുള്ള ഒരു വലിയ ഹോട്ടലില്‍ കയറ്റി. വയറുനിറയെ ഭക്ഷണം വാങ്ങിത്തന്നു. ഒരു ഓട്ടോ വിളിച്ച് ഞങ്ങള്‍ അസീസിയ്യാ അറബിക് കോളേജിലെത്തി. താഴെ ഉസ്താദിനെ കണ്ടില്ല. മുകള്‍ നിലയില്‍ കയറിയപ്പോള്‍ മുതിര്‍ന്ന വിദ്യാര്‍ഥികളോടൊപ്പം കിതാബുകള്‍ അലമാറയിൽ അടുക്കിഒതുക്കി വെക്കുകയായിരുന്നു ആ വലിയ പണ്ഡിതന്‍.
ദര്‍സില്‍ ചേരാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ “ആയിക്കോട്ടെ, ഒരു കൊല്ലമെങ്കിലും തികച്ചും ഇവിടെ നിന്നതിന്റെ ശേഷമേ വേറെ എങ്ങോട്ടെങ്കിലും മാറാവൂ.’ ഞാന്‍ ചിന്തിച്ചു. എന്തേ ഉസ്താദ് അങ്ങനെ പറയാന്‍? എത്ര വര്‍ഷം വേണമെങ്കിലും നില്‍ക്കണമെന്ന ആഗ്രഹത്തോടെയും ദൃഢനിശ്ചയത്തോടെയുമാണല്ലോ ഞാൻ വന്നത്. പിന്നീട് അതിന്റെ കാരണം ഇങ്ങനെയാവാമെന്ന് ഞാന്‍ ഊഹിച്ചു; നേരത്തെ നാട്ടില്‍ നിന്ന് പലരും ഇവിടെ ഓതാന്‍ വന്നിട്ട് കൊല്ലം തികയും മുമ്പ് വിട്ടുപോയിട്ടുണ്ട്. അവിടെ പഠനം തുടങ്ങി മീസാന്‍ മുതല്‍ ബൈളാവി വരെയും ഓതി. എനിക്ക് അവസാനവര്‍ഷം വിട്ടുപോവാന്‍ തീരെ താല്പര്യമില്ലായിരുന്നു. എന്റെ ശരീക്കന്മാരൊക്കെയും കേളേജിലേക്ക് പോകുമ്പോള്‍ എന്നെ മാത്രം ഉസ്താദ് ഇവിടെ നിര്‍ത്തുമോ എന്ന് എനിക്ക് ആശങ്കയായി. എങ്ങനെ ഞാന്‍ ഉസ്താദിനോട് വിഷയം പറയും?
അതിനിടെയാണ് കാന്തപുരം ഉസ്താദിന്റെ ഒന്നാം കേരളയാത്ര നടക്കുന്നത്. കോഴിക്കോട് ജില്ലയിലേക്ക് കടക്കുമ്പോള്‍ ഉസ്താദിനെ സ്വീകരിക്കാന്‍ ചെറിയ എ പി ഉസ്താദ് കൊയിലാണ്ടിയിലേക്ക് പുറപ്പെടുന്നു. എന്നെ വിളിച്ച് പറഞ്ഞു. “നീ ഒരു ടോര്‍ച്ചെടുത്ത് എന്റെ കൂടെ ചേപ്പാലയിലേക്ക് പോരണം.’ ഞാനുടനെ ടോര്‍ച്ചെടുത്ത് പോകാന്‍ തയാറായി. ഉസ്താദിന് പിന്നില്‍ ഞാന്‍ മെല്ലെ നടന്നു. ഇപ്പോള്‍ വിഷയം പറയാന്‍ പറ്റിയ അവസരമാണ്. ഞാന്‍ ആശങ്കയോടെ ഉസ്താദിനോട് ചോദിച്ചു. “ഈ വര്‍ഷം ഞാന്‍ എന്തു ചെയ്യണം’. ഉസ്താദ് കേട്ടപാടെ തിരിച്ചുചോദിച്ചു. “എന്താ നീ പോകുന്നില്ലേ, എങ്കില്‍ നമുക്ക് തുഹ്ഫ ഓതാം’. അന്ന് എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. ഒരു വര്‍ഷം പൂര്‍ത്തിയാക്കേണ്ടിടത്ത് സാധാരണക്ക് വിപരീതമായി എട്ടു വര്‍ഷമാണ് ഞാന്‍ അസീസിയ്യയില്‍ ഓതിപ്പഠിച്ചിട്ടുള്ളത്. ഉസ്താദിന്റെ ക്ലാസുകള്‍ വളരെ ലളിതമാണ്. പെട്ടെന്ന് മനസിലാക്കാന്‍ പറ്റുന്ന വിധത്തിലുള്ള അവതരണവുമാണ്. എത് തിരിയാത്തവനും മനസ്സിലാകും വിധത്തില്‍ ലളിതമായി, ചുരുക്കി ഉസ്താദ് വിഷയം പറയും. ഞാന്‍ പറഞ്ഞതുപോലെ തന്നെ നാളെ ക്ലാസിലേക്ക് വരുമ്പോള്‍ പറഞ്ഞുതരണമെന്ന് പറയും. “എന്നോട് വന്ന് ചോദിച്ചു പഠിക്കണമെന്ന്’ ഉസ്താദ് പ്രത്യേകം പറയുമായിരുന്നു. ഉസ്താദ് പറഞ്ഞ അതേ വാക്കുകള്‍ തന്നെയാവണം നമ്മളും പറയുന്നത്. എന്തെങ്കിലും ഒരു വ്യത്യാസം അതില്‍ വന്നാല്‍ ആശയത്തില്‍ തന്നെ വലിയ മാറ്റം സംഭവിച്ചേക്കും. അത്രയും സൂക്ഷ്മതയോടുകൂടിയാണ് ഉസ്താദ് കാര്യങ്ങള്‍ പറഞ്ഞുതരാറുള്ളത്.
ഉസ്താദിന്റെ പല പ്രസംഗവേദികളിലും കൂടെ പോകാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഒരിക്കല്‍ തെക്കൻ കേരളത്തിലെ ഒരു ഉസ്താദിന്റെ പൂര്‍വവിദ്യാര്‍ഥി സംഗമം നടക്കുന്നു. അദ്ദേഹം മുശാവറ അംഗമാണ്. ഖുത്വുബയുടെ ഭാഷ എന്ന വിഷയത്തിലാണ് ചര്‍ച്ച നടക്കേണ്ടത്. അതിനുവേണ്ടി മാറ്റര്‍ തയാറാക്കുകയാണ് ചെറിയ എ പി ഉസ്താദ്. അന്ന് സലാം സഖാഫി വെള്ളലശ്ശേരി മൂന്നാം മുദരിസായി ഉള്ള സമയമാണ്. ഖുത്വുബയുമായി ബന്ധപ്പെട്ട എല്ലാ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍നിന്നും എടുത്ത് കാണിച്ചുതന്ന് ഇത് സലാം മുസ്്ലിയാരോട് ഡയറിയില്‍ എഴുതിത്തരാന്‍ പറയണമെന്ന് പറയുകയും ഓരോന്നായി ക്രമത്തില്‍ തന്നെ എഴുതിക്കുകയും ചെയ്തു. എല്ലാം എഴുതിത്തീര്‍ന്ന് കൊണ്ടുപോയി കാണിച്ചുകൊടുത്തപ്പോള്‍ ഉസ്താദ് പറഞ്ഞു: “എന്റെ ഡയറിയില്‍ ഉള്ള എന്തും നിന്റെ ഡയറിയിലും വേണം’. ഞാന്‍ ചിന്തിച്ചു. ഒന്നുമറിയാത്ത എന്നോട് എന്തിനാണ് ഉസ്താദ് ഇങ്ങനെ പറഞ്ഞത്. പക്ഷേ എല്ലാം ഞാന്‍ എന്റെ ഡയറിയിലേക്കു പകര്‍ത്തി. ഇന്ന് എനിക്കതൊക്കെ വലിയ ഫലം ചെയ്യുന്നു. സബ്ഖുകളില്‍ പുത്തനാശയക്കാരുടെ വാദങ്ങള്‍ പലതും പറയും. കുറേ പറഞ്ഞിട്ട് “നിങ്ങള്‍ ആലോചിച്ച് നോക്കൂ’ എന്ന് മാത്രം പറയും. എന്നിട്ട് ഉസ്താദ് തന്നെ പറയും. “ഞാന്‍ ഇങ്ങനെയൊക്കെ നിങ്ങളോട് പറയുന്നത,് ഇതുപോലെ ബിദഈകള്‍ നിങ്ങളോട് ചോദിക്കുമ്പോള്‍ ഞാന്‍ ഇങ്ങനത്തെ നൂറെണ്ണം കേട്ടതാണ് എന്ന് പറയാനും ബിദഈകള്‍ ചോദിക്കുമ്പോള്‍ പേടിക്കാതിരിക്കാനും വേണ്ടിയാണ്’.
“പേരോടാണ് പറഞ്ഞത്, എവിടെയെങ്കിലും ഉണ്ടാവാതിരിക്കില്ല’. ഒരിക്കല്‍ ഉസ്താദ് പറഞ്ഞതാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച വാദപ്രതിവാദമായിരുന്നു വളപുരം ത്വലാഖുമായി ബന്ധപ്പെട്ടുള്ളത്. ഫാഇല് പറയാത്തതുകൊണ്ട് ത്വലാഖ് പോയിട്ടില്ല എന്ന് മറുവിഭാഗം. ഫാഇല് പറയേണ്ടതില്ല, ഫാഇല് ഉണ്ടായാല്‍ അല്ലെങ്കില്‍ മജ്ഹൂല്‍ ആയ പ്രയോഗങ്ങള്‍ നിരര്‍ഥകമാണെന്ന് പറയേണ്ടിവരും എന്നൊക്കെ ഇതുമായി ബന്ധപ്പെട്ട് പേരോട് ഉസ്താദിന്റെ ആധികാരിക ലേഖനം സിറാജില്‍ വന്നു. തുഹ്ഫയുടെ ഇതുസംബന്ധമായ ആശയമടങ്ങിയ പേജ് നമ്പര്‍ കൊടുത്തിട്ടുണ്ട്. പക്ഷേ എവിടെ പരതിയിട്ടും കാണുന്നില്ല. അപ്പോഴാണ് ഉസ്താദ് അത് പറഞ്ഞത്. “പേരോടാണ് പറഞ്ഞത്, എവിടെയെങ്കിലും ഉണ്ടാകാതിരിക്കില്ല’. പേരോടുസ്താദിന്റെ പാണ്ഡിത്യത്തെക്കുറിച്ചും അവിടത്തെ സൂക്ഷ്മതയെക്കുറിച്ചുമൊക്കെ വല്ലാതെ ബോധമുള്ള ആളായിരുന്നു ചെറിയ എ പി ഉസ്താദ്. മാത്രമല്ല ഒരാള്‍ക്ക് തന്നെക്കാള്‍ പവറുണ്ട് എന്നതുകൊണ്ട് അതില്‍ പ്രോത്സാഹിപ്പിക്കുകയല്ലാതെ അസൂയവെക്കുന്ന സ്വഭാവം ചെറിയ എ പി ഉസ്താദില്‍ നമുക്ക് കാണാന്‍ കഴിയില്ല. ഉസ്താദിന്റെ മകന്‍ അന്‍വര്‍ സഖാഫിയെ ഓതാന്‍ പറഞ്ഞയച്ചത് പേരോടുസ്താദിന്റെ അടുക്കലാണ്.
നേരില്‍ അനുഭവിച്ച ഒരു വാദപ്രതിവാദത്തെക്കുറിച്ച് പറയാം. എസ് വൈ എസ് വയനാട് ജില്ലാ കമ്മിറ്റി കല്‍പറ്റ ഹൈസ്‌കൂളിന്റെ മുറ്റത്ത് സംഘടിപ്പിച്ചതായിരുന്നു അത്. അന്ന് ഞാന്‍ ഉസ്താദിന്റെ അടുക്കല്‍ ഓതുന്ന ചെറിയ ഒരു വിദ്യാര്‍ഥിയാണ്. കല്പറ്റ അഷ്‌റഫ് എന്ന് പറയുന്ന ഒരു മുജാഹിദ് നേതാവ് സുന്നി വിഭാഗത്തെ വെല്ലുവിളിക്കുന്നു. ഇസ്തിഗാസയുടെയും തവസ്സുലിന്റെയുമൊക്കെ വിഷയത്തിലാണ്. ചെറിയ എ പി ഉസ്താദാണ് വിഷയം അവതരിപ്പിക്കുന്നത്. ഉസ്താദ് പറഞ്ഞു. “കല്പറ്റ അഷ്‌റഫിന്റെ പ്രസംഗം കേട്ടപ്പോള്‍ തന്നെ അതിനു മറുപടി പറയണമെന്ന് ഞാന്‍ തീരുമാനിച്ചതാണ്. കാരണം കല്‍പറ്റ അഷ്‌റഫ്, ഹസന്‍ മുസ്്ലിയാരെക്കുറിച്ച് വല്ലാതെ ചീത്ത പറഞ്ഞിട്ടുണ്ട്. കുറേ വാദങ്ങള്‍ക്ക് മറുപടി പറഞ്ഞ ശേഷം ഉസ്താദ് പറഞ്ഞു. ആ സംവാദത്തിന് വെല്ലുവിളിച്ച് അരങ്ങ് ഒരുങ്ങി എന്നല്ലാതെ പുത്തനാശയക്കാര്‍ സംവാദത്തിന് വന്നില്ല. “ഹസന്‍ മുസ്്ലിയാരുടെ നൂറില്‍ ഒന്ന് പോലുമില്ലാത്ത ഞങ്ങളെ ഈ നിലക്ക് നിങ്ങള്‍ പേടിക്കുമെങ്കില്‍ ഹസന്‍ മുസ്്ലിയാരെ നിങ്ങള്‍ ഉറക്കത്തില്‍ പേടിക്കുമെടാ’ എന്ന് ഗൗരവത്തില്‍ പറഞ്ഞു. ഇ. കെ ഹസന്‍ മുസ്‌ലിയാരുമായി ഉസ്താദിനുള്ള ബന്ധമതാണ്. ആ സ്‌നേഹവും ബഹുമാനവുമാണ് അന്നവിടെ പ്രകടിപ്പിച്ചത്. അത് പറയുന്നതിനിടയിലാണ് പേരോടുസ്താദ് കയറി വന്നത്. ഉസ്താദ് പറഞ്ഞു. “മൂട്ടയെ കൊല്ലാന്‍ ഉലക്കയുടെ ആവശ്യമില്ല. പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി വരുന്നുണ്ട്. നമുക്കെല്ലാവര്‍ക്കും കൂടി ഇത് കൈകാര്യം ചെയ്യണം.’ വയനാട്ടില്‍ ഇവരുടെ ശല്യമുണ്ടാകരുത് എന്ന് ഉസ്താദ് അന്ന് പറഞ്ഞത് ഓര്‍ക്കുന്നു.
ഒരു സ്ഥലത്ത് വഹാബികള്‍ക്കുള്ള മറുപടി പ്രസംഗം കഴിഞ്ഞ് സദസില്‍ നിന്ന് ചോദ്യങ്ങള്‍ വരാന്‍ തുടങ്ങി. നേര്‍ച്ചകളില്‍ ആനകളെ കൊണ്ടുപോകാന്‍ പറ്റുമോ എന്ന് ആരോ ചോദിച്ചു. ഉസ്താദ് പറഞ്ഞു. “ആനയെ എവിടെയാ കൊണ്ടുപോകാന്‍ പറ്റാത്തത്. ഇടവഴികളിലൂടെയൊന്നും പറ്റില്ല’. പിന്നീട് നേര്‍ച്ചകളില്‍ പറ്റുമോ പറ്റില്ലയോ എന്നതിന് രേഖകള്‍ നിരത്തി വിശദീകരിച്ചു. അതേ സദസ്സില്‍ നിന്ന് മറ്റൊരു ചോദ്യം. എ പി, ഇ കെ എന്നിങ്ങനെ രണ്ടു വിഭാഗമായി ഭിന്നിച്ചു നില്‍ക്കുക എന്നത് മുസ്‌ലിംകള്‍ക്കിടയിലുള്ള അനൈക്യത്തെ ബോധ്യപ്പെടുത്തൂലേ, അത് ഒന്നിക്കലല്ലേ ആവശ്യം. ഉസ്താദ് മറുപടി പറഞ്ഞു. “ഞങ്ങള്‍ ഭിന്നിച്ചു നില്‍ക്കുന്നത് നിങ്ങളെ എതിര്‍ക്കുന്ന വിഷയത്തില്‍ തീവ്രത കൂട്ടണോ വേണ്ടേ എന്ന കാര്യത്തിലാണ്. അത് ഞങ്ങളുടെ ആഭ്യന്തര പ്രശ്‌നമാണ്. നിങ്ങളെ എതിര്‍ക്കുന്ന വിഷയത്തില്‍ ഞങ്ങള്‍ ഒന്നാണ്’.
അവേലത്ത് സയ്യിദന്മാരോട് വല്ലാത്ത ബഹുമാനവും ആദരവുമാണ്. അവേലത്ത് സയ്യിദന്മാര്‍ വരുമ്പോള്‍ ഉസ്താദ് പെട്ടെന്ന് എഴുന്നേറ്റുനില്‍ക്കും. കൈയിലെ വാച്ചൊന്നും ശരിക്ക് ധരിക്കില്ല. തലേക്കെട്ട് നല്ല മട്ടത്തിലാണെങ്കിൽ അത് പൊന്തിച്ച് വെക്കും. സയ്യിദുമാരോടുള്ള ആദരസൂചകമായി ചെയ്യുന്നതാണത്. ഉസ്താദ് അങ്ങനെയാണ്, വളരെ താഴ്മയിലാണ് ബഹുമാനം കാണിക്കാറ്. ഒരിക്കല്‍ ഒരു സയ്യിദ് ഖബീലയുമായി ബന്ധപ്പെട്ട് “സനദില്ലാത്തവരാണ്’ എന്ന വിവാദത്തെക്കുറിച്ച് പരാമർശമുണ്ടായപ്പോള്‍ ചെറിയ എ പി ഉസ്താദ് പറഞ്ഞു. “ഞമ്മളെ തങ്ങള്‍ക്ക്(അവേലത്ത് തങ്ങളെയാണ് ഉദ്ദേശിച്ചത്) സനദില്ലാ എന്ന് പറഞ്ഞ് ആരെങ്കിലും വരട്ടെ. അപ്പോള്‍ കാണിച്ചുകൊടുക്കാം നമുക്ക്’.
ഒരു പ്രധാനപ്പെട്ട സയ്യിദ് കാന്തപുരത്ത് വന്നു. സാധാരണ ഇഖാമത്ത് കൊടുക്കാന്‍ സമയമായാല്‍ ഉസ്താദ് വേഗം നിസ്‌കാരത്തിന് നില്‍ക്കും. സയ്യിദ് വരുന്നത് കണ്ടപ്പോള്‍ ഉസ്താദ് ഇഖാമത്ത് കൊടുക്കരുതെന്ന് പറഞ്ഞു. സയ്യിദ് വുളൂഅ് ചെയ്ത് വന്ന ശേഷമാണ് ഇഖാമത് കൊടുക്കാന്‍ സമ്മതം നല്‍കിയത്. സയ്യിദന്മാരെ എങ്ങനെ ബഹുമാനിക്കണമെന്ന് ഉസ്താദില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു.
ഒരിക്കല്‍ തൃശൂര്‍ ജില്ലയിലെ ഖതീബുമാര്‍ക്കുള്ള ക്ലാസില്‍ ഉസ്താദ് പറഞ്ഞു. തറപ്രസംഗം പറയേണ്ടി വരുന്നത് നമ്മുടെ കുഴപ്പം കൊണ്ടാണ്. കാരണം നമ്മള്‍ ജുമുഅ കഴിഞ്ഞ് ഒരു മണിക്കൂറോളം പ്രസംഗിക്കും. അത് ഉണ്ടാകാന്‍ പാടില്ല. ഏതായാലും ജുമുഅക്ക് പോകണമല്ലോ. അതിന് ലേശം നേരത്തെ അങ്ങ് പോകാം. എന്നിട്ട് മുഅദ്ദിനോട് ആ ആഴ്ചയില്‍ അവിടെയുണ്ടായ സംഭവങ്ങളെല്ലാം ചോദിച്ചറിഞ്ഞ് ആറോ ഏഴോ മിനിറ്റിലൊതുങ്ങുന്ന പ്രസംഗം തയാറാക്കുകയും അങ്ങനെ എല്ലാ ആഴ്ചയിലും പ്രസംഗിക്കുകയും ചെയ്താല്‍ എല്ലാവരും അവിടെ ഇരിക്കും. ആരും എഴുന്നേറ്റു പോകില്ല. മോല്യേര് എന്തായാലും അഞ്ചു മിനിറ്റേ പ്രസംഗിക്കൂ എന്ന് കരുതി എല്ലാവരും അവിടെ ഇരിക്കും. അല്ലാതെ ഒരു മണിക്കൂറ് പ്രസംഗിക്കുന്നതു കൊണ്ടാണ് എല്ലാവരും എഴുന്നേറ്റ് പോകുന്നതും തറപ്രസംഗം നടത്തേണ്ടി വരുന്നതെന്നും ഉസ്താദ് പറഞ്ഞു. കാരപ്പറമ്പ് പള്ളിയില്‍ ഉസ്താദ് അങ്ങനെയാണ് ചെയ്യാറ്. ആറോ ഏഴോ മിനിറ്റ് പ്രസംഗിക്കും. കിനാലൂരില്‍ വൈദ്യശാല നടത്തിയിരുന്ന കാരപ്പറമ്പ് മഹല്ല് നിവാസിയായ ഹസന്‍ വൈദ്യരുടെ അടുത്ത് മരുന്ന് വാങ്ങാന്‍ പോയപ്പോള്‍ അദ്ദേഹം പറഞ്ഞത് ഞാനോര്‍ക്കുന്നു. “ചെറിയ എ പി ഉസ്താദ് എല്ലാ ആഴ്ചയും കുറഞ്ഞ സമയം പ്രസംഗിക്കും. അത് കേള്‍ക്കാന്‍ എല്ലാവരും അവിടെ ഇരിക്കും. കഴിഞ്ഞ കൊല്ലം പറഞ്ഞത് ഇക്കൊല്ലം പറയില്ല. ഓരോ ആഴ്ചയിലും വ്യത്യസ്ത വിഷയങ്ങളാണ് പറയാറ്. ഇതെല്ലാ ഖതീബുമാര്‍ക്കും നല്ലൊരു മാതൃകയാണ്.’
പൂനൂരില്‍ പലപ്പോഴും ഖണ്ഡനപ്രഭാഷണങ്ങളുണ്ടാകും. പലരും വന്ന് പ്രസംഗിച്ചു പോകും. എന്നാല്‍ ചെറിയ എ പി ഉസ്താദ് വന്ന് പ്രഭാഷണം നടത്തിയാല്‍ എല്ലാവര്‍ക്കും നല്ല സന്തോഷമാണ്. കാരണം അദ്ദേഹം മാന്യമായിട്ടേ പ്രസംഗിക്കൂ. അതേസമയം ഉസ്താദിന്റെ പ്രസംഗത്തിന് വഹാബികൾക്ക് മറുപടി ഉണ്ടാവുകയും ഇല്ല ■

Share this article

About ജഅ്ഫർ സഖാഫി അണ്ടോണ

View all posts by ജഅ്ഫർ സഖാഫി അണ്ടോണ →

Leave a Reply

Your email address will not be published. Required fields are marked *