എഴുത്തുകാരനാകാന്‍ വല്യ ബുദ്ധിയൊന്നും വേണ്ട

Reading Time: 2 minutes

പഴത്തിനുള്ളില്‍ വിത്തെന്ന പോലെയാണ് ബഷീര്‍സാഹിത്യവും ജീവിതവും. “എന്റെ ജീവിതമാണ് എന്റെ കഥ. എന്റെ ഭാഷയാണ് എന്റെ സാഹിത്യം’ എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. ബഷീറിന്റെ ആത്മകഥാംശമുള്ള രചനകളിലേക്ക് ഒരെത്തി നോട്ടമാണ് ഈ എഴുത്ത്.
ഭാവനയുടെ മേമ്പൊടി ചേര്‍ത്ത് തന്റെ തീക്ഷ്ണമായ അനുഭവങ്ങളെ അക്ഷരങ്ങളിലൂടെ അനശ്വരമാക്കുകയായിരുന്നല്ലോ അദ്ദേഹം. അനുഭവവും ഭാവനയുമാണ് എഴുത്തുകാരന്റെ പാഥേയം. ബഷീറിന്റെ ആത്മകഥ “ഓർമയുടെ അറകളി’ല്‍ മാത്രം ഒതുങ്ങുന്നില്ല, ബഷീര്‍ എഴുതിയതിലെല്ലാം അലിഞ്ഞുചേര്‍ന്നിരിക്കയാണത്. ബഷീറിന്റെ സ്വകാര്യ സംഭാഷണങ്ങള്‍, എഴുത്തുകുത്തുകള്‍, ബഷീറുമായിട്ടുള്ള കുശലം പറച്ചിലുകള്‍.. തുടങ്ങി ബഷീറിനെ തൊട്ടത്/ബഷീര്‍ തൊട്ടതെല്ലാം നേരിട്ട് സാഹിത്യമായി എന്ന് “എന്റെ ബഷീറി’ല്‍ കല്‍പ്പറ്റ നാരായണന്‍ സ്മരിക്കുന്നുണ്ട്. ബഷീറിന്റെ കഥാപാത്രങ്ങളധികവും ഭാവനാലോകത്തെ മിഥ്യയായിരുന്നില്ല. അദ്ദേഹത്തിന്റെ ജീവിതത്തിലെ പൊള്ളിക്കുന്നതും രസിപ്പിക്കുന്നതുമായ ഏറെ വൈരുധ്യങ്ങള്‍ നിറഞ്ഞ യാഥാര്‍ഥ്യങ്ങളായിരുന്നു. ഒരു ദശകത്തോളം ഉലകം ചുറ്റിയ അനുഭവങ്ങളുടെ മരിക്കാത്ത ഓര്‍മകളെ അറകളില്‍ നിന്നും ഖനനം ചെയ്താണ് ബഷീര്‍ എഴുതിയത്. “കുഴിമടിയന്‍മാരായ ബഡുക്കൂസുകള്‍ക്കു പറ്റിയ പണിയെപ്പറ്റി തല പുകഞ്ഞ് ആലോചിച്ചപ്പോള്‍ നിധി കിട്ടിയ മാതിരി ഒരെണ്ണം കിട്ടി. സാഹിത്യം. എഴുത്തുകാരനാവുക. വലിയ ബുദ്ധിയൊന്നും വേണ്ട. ഭാവനയും വേണ്ട. ചുമ്മാ എവിടെ എങ്കിലും കുത്തിയിരുന്ന് എഴുതിയാല്‍ മതി. അനുഭവങ്ങള്‍ ച്ചിരിപ്പിടിയോളമുണ്ടല്ലോ. അവനെയൊക്കെ കാച്ചിയാല്‍ മതി’. ദേശാടനത്തിനു ശേഷം തലയോലപ്പറമ്പിലെത്തിയ ബഷീര്‍ അനുഭവങ്ങളെ അക്ഷരങ്ങളുടെ നെരിപ്പോടില്‍ കാച്ചിയെടുക്കുകയായിരുന്നു. എഴുത്തുകള്‍ വായിച്ച് അദ്ദേഹം തന്നെയായിരുന്നു ഏറ്റവും കൂടുതല്‍ ചിരിക്കുകയും കരയുകയും ചെയ്തത്. കാരണം അതെല്ലാം അദ്ദേഹത്തിന്റെ അനുഭവങ്ങളായിരുന്നു. അനുഭവങ്ങള്‍ക്ക് ചിറകുനല്‍കുകയായിരുന്നു അദ്ദേഹം. ആ അനുഭവങ്ങള്‍ നശ്വര ലോകത്ത് അക്ഷരങ്ങളായി പാറിപ്പറക്കുന്നു.
ഭൂമിയുടെ അവകാശികള്‍, മാന്ത്രികപ്പൂച്ച, ബാല്യകാല സഖി, ന്റുപ്പുപ്പാക്കൊരാനണ്ടാര്‍ന്ന്, പാത്തുമ്മായുടെ ആട്, മതിലുകള്‍, അമ്മ, ജന്മദിനം, ജീവിതം ഒരനുഗ്രഹം തുടങ്ങിയ ബഷീര്‍ കൃതികളുടെ ഒരു നീണ്ടനിര തന്നെ ബഷീറിന്റെ ജീവിതത്തെ പ്രതിനിധാനം ചെയ്യുന്നു. അതു വരെ മലയാളനോവല്‍ സാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ട മിക്കതും അനുഭവിച്ചറിഞ്ഞ യാഥാര്‍ഥ്യമായിരുന്നില്ല. “ഒരാള്‍ തന്റെ ജീവിതയാത്രയില്‍ ആത്മാവു കൊണ്ട് അനുഭവിച്ചറിഞ്ഞ യാഥാര്‍ഥ്യം’ മലയാള നോവലില്‍ വരുന്നത് ബഷീറില്‍ മാത്രമാണെന്ന് പ്രശസ്ത നിരൂപകന്‍ എം എന്‍ വിജയന്‍ അഭിപ്രായപ്പെടുന്നുണ്ട്. “ബാല്യകാല സഖി’യെ കുറിച്ച് ബഷീര്‍ പറഞ്ഞതിങ്ങനെയാണ്: “അത് നടന്ന കഥയാണ്. മജീദ് ഞാന്‍ തന്നെയാണ്. അങ്ങനെ ആളുകള്‍ക്ക് തോന്നാതിരിക്കാന്‍ മജീദിന്റെ കാലു മുറിച്ചുകളഞ്ഞുവെന്നു മാത്രം.. സുഹറ എന്റെ അയല്‍ക്കാരിയായിരുന്നു.. എന്റെ ബാപ്പായുടെയും ഉമ്മയുടെയും ചരിത്രമാണത്. ‘(ബാല്യകാല സഖി)
ഇതുകൊണ്ടു തന്നെയാണ് അവതാരികയില്‍ എംപി പോള്‍ എഴുതിയത്: “ബാല്യകാല സഖി ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ ഒരേടാണ്. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു.’
“ന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്ന്’ലെ വട്ടനടിമ എന്റെ അമ്മാവനാണ്, കുഞ്ഞു പാത്തുമ്മ അമ്മാവന്റെ മകളും. അമ്മാവന്‍ പെങ്ങന്‍മാരുടെയെല്ലാം സ്വത്തുക്കള്‍ സ്വന്തമാക്കി.. പാത്തുമ്മായുടെ ആട് മുഴുവന്‍ യഥാര്‍ഥ സംഭവങ്ങളാണ്.’ ബഷീറിന്റെ ഈ വാക്കുകള്‍, അനുഭവങ്ങളെയാണ് ബഷീര്‍ സാഹിത്യമാക്കിയതെന്നതിന് ഉപോല്‍ബലകമായ തെളിവുകളാണ്. “മാന്ത്രികപ്പൂച്ച’യിലും “ജന്മദിന’ത്തിലും ബഷീറിന്റെ ജീവിത നിമിഷങ്ങള്‍ തന്നെയാണ് ഇതിവൃത്തമാകുന്നത്. അമ്മ എന്ന കഥയില്‍ സ്‌നേഹം തുളുമ്പുന്ന ഉമ്മയെ ആവിഷ്‌കരിക്കുന്നുണ്ട്. രാഷ്ട്രീയത്തടവുകാരനായി ജയിലിലെത്തുന്ന ബഷീര്‍ അവിടെ നേരിടുന്ന ചില അനുഭവങ്ങളാണു “മതിലുകളി’ല്‍ കോറിയിടുന്നത്. ഈ അണ്ഡകടാഹത്തിലെ ഒരംഗമെന്ന നിലയില്‍ സ്വന്തം ആത്മാവിനെ സമൂഹത്തോട് ചേര്‍ത്തുവെച്ച് സമൂഹത്തിന്റെ മിടിപ്പ് സ്വന്തത്തിലൂടെ ആവിഷ്‌കരിച്ചെടുക്കുകയായിരുന്നു. “കാടായിത്തീര്‍ന്ന ഒറ്റ മരത്തിന്റെ ആത്മകഥയാണ് ബഷീര്‍ സാഹിത്യം. അത് വൃഷ്ടിയില്‍ നിന്നും സമഷ്ടിയിലേക്ക് കടന്ന് ഒച്ചയില്ലാത്തവരുടെ ശബ്ദമായും അവകാശികളുടെ പ്രമാണ പുസ്തകമായും കേരളീയതയുടെ നടപ്പന്തലില്‍ വെളിച്ചമായി വിളങ്ങുന്നു.’
“നെല്ല് പുഴുങ്ങുന്നതിന് ഇടയ്ക്കാണ് കുഞ്ഞാച്ചുമ്മക്ക് പ്രസവ വേദന വന്നത്. പുഴുങ്ങുന്ന നെല്ല് നിറച്ച കൊട്ടയുടെ ഓരത്ത് തന്നെ പ്രസവവും നടന്നു’. എന്ന് ഭൂമിയിലേക്കുള്ള പ്രവേശത്തെ ഒരിടത്ത് ബഷീര്‍ തന്നെ അവിഷ്‌കരിക്കുന്നുണ്ട്. ജനനക്കുറിപ്പെഴുതിയ ബഷീര്‍ ചരമക്കുറിപ്പ് എഴുതാന്‍ മറന്നില്ല. അതിന്റെ അവസാനത്തില്‍ ഇങ്ങനെ കുറിച്ചു: “എല്ലാവര്‍ക്കും സലാം. മാങ്കോസ്റ്റൈന്‍ മരത്തിനും സര്‍വമാന ജന്തുക്കള്‍ക്കും സലാം. എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അണ്ഡകടാഹമേ, മാപ്പ്! എല്ലാവര്‍ക്കും മംഗളം. ശുഭം.’ അനുഭവങ്ങളുടെ തീക്ഷ്ണത കൊണ്ടാണ് “ബഷീര്‍ എഴുതുമ്പോള്‍ വാക്കുകള്‍ വിറച്ചിരുന്നു’വെന്ന് പറയുന്നത്. ജീവിതമെന്ന അനുഗ്രഹത്തിലെ അനര്‍ഘ നിമിഷങ്ങളത്രയും അക്ഷരങ്ങള്‍ കൊണ്ട് ഒപ്പിയെടുത്ത് അനശ്വരമാക്കുന്ന മാസ്മര വിദ്യ തന്നെയാണ് ബഷീര്‍ സാഹിത്യം ■

Share this article

About മുഹമ്മദ് സിനാന്‍

muktharrazy786@gmail.com

View all posts by മുഹമ്മദ് സിനാന്‍ →

Leave a Reply

Your email address will not be published. Required fields are marked *