യൂറോപ്പിന് ഖത്വറിലേക്ക് വളരാനാകില്ല എന്ന കാരണത്താല്‍

Reading Time: 4 minutes

ലോകകപ്പ് പോലുള്ള വലിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ അറബ് ലോകവും ആഫ്രിക്കയുമൊന്നും വളര്‍ന്നിട്ടില്ലെന്ന കോളോണിയല്‍ ബോധത്തില്‍ നിന്ന് രൂപപ്പെട്ട ഖത്വര്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് വംശീയവിദ്വേഷത്തിന്റെ ഉഗ്രരൂപം പ്രാപിച്ചിരിക്കുന്നു. അതിന് മറുപടിയായി ഉദ്ഘാടനവേദിയില്‍ ഉയര്‍ത്തിയ സര്‍ഗാത്മകരാഷ്ട്രീയത്തിന്റെ പേരിലാകും ഖത്വര്‍ ചരിത്രത്തില്‍ അടയാളപ്പെടുകയെന്ന് ലേഖകന്‍.

പുതിയ താരോദയങ്ങളുണ്ടാകും. കരുത്തര്‍ വീണെന്നു വരും. ദുര്‍ബലരെന്ന് അടയാളപ്പെട്ടവര്‍ അവിശ്വസനീയമായ കരുത്തോടെ കുതിച്ചെന്ന് വരും. നിരാശയും കണ്ണീരുമുണ്ടാകും. ആഘോഷങ്ങളുണ്ടാകും. ത്രസിക്കുന്ന നിമിഷങ്ങള്‍ പിറക്കും. ഖത്വര്‍ എന്ന കുഞ്ഞുരാജ്യം വല്ലാതെ മാറിപ്പോകും. ആ മാറ്റം സമൃദ്ധിയുടേതോ ഞെരുക്കത്തിന്റേതോ ആകാം. കൂടുതല്‍ വിശാലമായ ബന്ധുബലമുള്ള രാജ്യമായി അത് മാറാം. കൂടുതല്‍ മനുഷ്യര്‍ക്ക് തൊഴിലും ജീവിതവും സമ്മാനിക്കുന്ന ഇടമായി ഗള്‍ഫിനെ തന്നെ മാറ്റുന്നതിലേക്ക് ഫിഫ ലോകകപ്പ് എന്ന ഈ ആഗോള കായിക സമാഗമം വഴിവെച്ചേക്കാം. എന്നാല്‍ ചരിത്രത്തില്‍ ഖത്വര്‍ അടയാളപ്പെടാന്‍ പോകുന്നത് ലോകകപ്പ് ഉദ്ഘാടനവേദിയെ സര്‍ഗാത്മക രാഷ്ട്രീയത്തിന്റെ അവിസ്മരണീയ മാതൃകയാക്കി മാറ്റിയതിന്റെ പേരിലാകും. ആ വേദിയെ ശ്രദ്ധേയമാക്കാന്‍ ലോകത്തെ ഏത് സെലിബ്രിറ്റിയെയും കിട്ടുമായിരുന്നു. ലോകം മുഴുവന്‍ ഇമ ചിമ്മാതെ കണ്ണു നട്ടിരിക്കുന്ന വേദിയില്‍ പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കാത്ത ആരുണ്ട്. എന്നാല്‍ ഖത്വറും ഫിഫയും തിരഞ്ഞെടുത്തത് ആ രണ്ട് മനുഷ്യരെയാണ്. ഗാനിം അല്‍ മുഫ്താഹ്, മോര്‍ഗന്‍ ഫ്രീമാന്‍. കൈകോര്‍ക്കുമ്പോള്‍ മോര്‍ഗനോട് ഗാനിം മന്ത്രിക്കുന്നത് ഈ വിശുദ്ധ വാക്യമാണ്: “ഹേ മനുഷ്യരേ തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു.’
അങ്ങേയറ്റം ദരിദ്രമായ ചുറ്റുപാടില്‍ നിന്ന് അഭിനയത്തിന്റെ ഉന്നതമായ പടവുകളിലേക്ക് കഠിന പരിശ്രമത്തിലൂടെ നടന്നു കയറിയ മനുഷ്യനാണ് മോര്‍ഗന്‍ ഫ്രീമാന്‍. അദ്ദേഹത്തിന്റെ ഘനഗംഭീരമായ ശബ്ദത്തില്‍ ആ കടുത്ത അനുഭവങ്ങളുടെ മുഴക്കമുണ്ട്. അദ്ദേഹത്തിന്റെ പൂര്‍വികര്‍ യു എസിലെ സൗത്ത് കരോലിനയില്‍ നിന്ന് മിസ്സിസിപ്പിയിലേക്ക് കുടിയേറിയ അടിമകളായിരുന്നു. കറുത്ത മനുഷ്യരുടെ പ്രതിനിധിയാണ് അദ്ദേഹം. അമേരിക്കന്‍ സാമൂഹിക, രാഷ്ട്രീയ ക്രമം ആഫ്രോ- ഏഷ്യന്‍ വംശജരോട് ഇന്നും തുടരുന്ന വിവേചനത്തിന്റെ രാഷ്ട്രീയ അടയാളമെന്ന നിലയില്‍ തന്നെയാണ് മോര്‍ഗന്‍ ആ വേദിയിലെ സാന്നിധ്യമായത്. അദ്ദേഹം അവിടെ നില്‍ക്കുമ്പോള്‍ “എനിക്ക് ശ്വാസം മുട്ടുന്നു’വെന്ന് മരണമൊഴി പുറപ്പെടുവിച്ച ജോര്‍ജ് ഫ്ലോയിഡിനെ ഓര്‍മ വരും.
2020ല്‍ കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളില്‍ എല്ലാ പൗരശബ്ദങ്ങളും തൊണ്ടയില്‍ കുരുങ്ങിയ കാലത്താണ് ജോര്‍ജ് ഫ്‌ളോയിഡിന്റെ രക്തസാക്ഷിത്വം. അതേത്തുടര്‍ന്നാണ് യു എസിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും ശക്തമായ വംശീയവിരുദ്ധ പ്രക്ഷോഭം കത്തിപ്പടര്‍ന്നത്. ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയിഡിനെ വ്യാജരേഖയുണ്ടാക്കിയെന്ന് ആരോപിച്ചാണ് പോലീസ് പിടികൂടിയത്. പോലീസിന് ആളു മാറിയിരുന്നു. ജോര്‍ജ് കേണു പറഞ്ഞു: “നിങ്ങള്‍ അന്വേഷിക്കുന്നയാള്‍ ഞാനല്ല.’ അപ്പോഴേക്കും ആ മനുഷ്യനെ വെള്ളപ്പോലീസുകാരന്‍ വീഴ്്ത്തിക്കളഞ്ഞിരുന്നു. അടുത്ത നടപടി കാല്‍മുട്ടുകള്‍ കഴുത്തില്‍ ശക്തിയായി അമര്‍ത്തുകയായിരുന്നു. “നിങ്ങളുടെ കാല്‍മുട്ടുകള്‍ എന്റെ കഴുത്തിലാണ്, എനിക്കു ശ്വാസംമുട്ടുന്നു’ ജീവനുവേണ്ടി പിടഞ്ഞുകൊണ്ട് ജോര്‍ജ് പറഞ്ഞു. ചലനം പതിയെപ്പതിയെ നിലച്ചു. തീവ്രവലതുപക്ഷ രാഷ്ട്രീയ യുക്തി പനപോലെ വളരുന്ന ഏത് സമൂഹത്തിലും ഇത്തരം താണ്ഡവങ്ങള്‍ ഇടയ്ക്കിടക്ക് ഉണ്ടാകും. മരുന്ന് പുരട്ടിയും പ്രത്യേക സോപ്പുകള്‍ തേച്ച് വീണ്ടും വീണ്ടും കുളിച്ചും കഴുകിക്കളയേണ്ടതാണത്. കറുപ്പെന്ന ബോധം നിലനില്‍ക്കുവോളം ജോര്‍ജുമാര്‍ക്ക് ശ്വാസം മുട്ടും. മുഹമ്മദ് അലിമാര്‍ക്ക് തന്റെ ഒളിംപിക് മെഡല്‍ ഓഹിയോ നദിയിലെറിയേണ്ടി വരും. ഒരു ബരാക് ഒബാമ പ്രസിഡന്റായതു കൊണ്ടൊന്നും അത് അവസാനിക്കില്ല.
ബ്ലാക് ലൈവ്‌സ് മാറ്റര്‍ (കറുത്തവന്റെ ജീവന് വിലയുണ്ട്) എന്ന മുദ്രാക്യമുയര്‍ന്നത് ബരാക് ഒബാമയുടെ രണ്ടാമൂഴം അവസാനിക്കാനിരിക്കെയായിരുന്നുവല്ലോ. അമേരിക്കന്‍ ചരിത്രം തന്നെ വര്‍ണവിവേചനത്തിന്റേതും അതിനെതിരായ ചെറുത്തുനില്‍പ്പിന്റേതും പ്രക്ഷോഭത്തിന്റേതുമാണ്. എബ്രഹാം ലിങ്കണ്‍, ജോര്‍ജ് വാഷിങ്ടണ്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് എന്നൊക്കെ ഉച്ചരിച്ച് ആ ചരിത്രത്തെ മറച്ചുവെക്കാന്‍ അമേരിക്കന്‍ രാഷ്ട്രീയ വ്യവസ്ഥക്ക് സാധിക്കില്ല. 2014ല്‍ മൈക്കല്‍ ബ്രൗണ്‍ എന്ന ആഫ്രോ അമേരിക്കന്‍ കൗമാരക്കാരനെ മിസോറിയില്‍ വെടിവെച്ചുകൊന്നത് വന്‍പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. 2012ല്‍ നീഗ്രോ വിദ്യാര്‍ഥിയായ ട്രേവിയോണ്‍ മാര്‍ട്ടിനെ കൊന്ന കേസിലെ പ്രതി ജോര്‍ജ് സിമ്മര്‍മാനെ കോടതി വെറുതെ വിട്ടതും വന്‍പ്രതിഷേധത്തിനിടയാക്കി. നാല് വര്‍ഷത്തിനിടെ 62 തവണ അറസ്റ്റ് ചെയ്യപ്പെട്ട നീഗ്രോ വംശജനായ സാംപ്‌സനും അമേരിക്കന്‍ പോലീസ് സംവിധാനം എത്രമാത്രം വംശവെറി സൂക്ഷിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ട്രേവിയോണ്‍ മാര്‍ട്ടിന്റെ കൊലയുമായി ബന്ധപ്പെട്ട് ഒബാമ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും പ്രസക്തമാണ്. “മുമ്പ് ഞാനും ഒരു ട്രേവിയോണ്‍ മാര്‍ട്ടിനായിരുന്നു. സെനറ്റ് മെമ്പറായി തിരഞ്ഞെടുക്കപ്പെടുന്നത് വരെ എനിക്കും നിരന്തരം വര്‍ണവെറിയുടെ ഇരയാകേണ്ടി വന്നിട്ടുണ്ട്. കടകളിലും തെരുവോരങ്ങളിലും ഞാന്‍ വിവേചനം അനുഭവിച്ചു. കറുത്ത വര്‍ഗക്കാര്‍ക്കൊപ്പം ലിഫ്റ്റില്‍ കയറുന്ന വെള്ളക്കാരിയായ സ്ത്രീ അതില്‍ നിന്ന് ഇറങ്ങുന്നതുവരെ ശ്വാസം വിടാതെ മൂക്കുപൊത്തി നില്‍ക്കുന്ന ദുരവസ്ഥ അനുഭവിക്കാത്ത കറുത്തവര്‍ കുറവായിരിക്കും’.
മോര്‍ഗന്‍ ഫ്രീമാന്‍, ഗാനിമിന് മുന്നില്‍ നിലത്തിരിക്കുമ്പോള്‍, എല്ലാ ക്യാമറകളും ആ നിമിഷം ഒപ്പിയെടുക്കുമ്പോള്‍ പാശ്ചാത്യ ലോകത്തിന്റെ മാത്രമല്ല ലോകത്താകെ നിലനില്‍ക്കുന്ന എല്ലാ തരം അവര്‍ണ/ സവര്‍ണ ബോധങ്ങളെയും വിസമ്മതിക്കുകയാണ് ചെയ്യുന്നത്. ഖുര്‍ആന്‍ വചനം എത്ര മനോഹരമായാണ് ആ വിസമ്മതത്തിന് പശ്ചാത്തലമായത്. ഇസ്‌ലാമോഫോബിയയുടെ പ്രയോക്താക്കളായ കേവല യുക്തിവാദികള്‍ക്കും സയണിസ്റ്റുകള്‍ക്കും കുരിശുയുദ്ധക്കാര്‍ക്കും ഖുര്‍ആനെ വളച്ചൊടിക്കുന്ന സര്‍വര്‍ക്കുമുള്ള മറുപടി കൂടിയാണ് അത്. ഗാനിം തന്റെ ശാരീരിക പരിമിതകളോട് പൊരുതിയാണ് ആ വേദിയിലെത്തിയത്. അരയ്ക്ക് താഴേക്ക് ചലനമില്ലെന്നത് നിവര്‍ന്നുനില്‍ക്കാനും സംരംഭകത്വത്തിലേക്ക് ചുവടുവെക്കാനും മനുഷ്യരെ പ്രചോദിപ്പിക്കാനും അവന് തടസമാകുന്നില്ല. ഇത്തരം മനുഷ്യരെ ജീവിതത്തിന്റെ കാണാമറയത്തേക്ക് മാറ്റുന്ന ഒരു ലോകക്രമം നിലനില്‍ക്കുമ്പാഴാണ് കാഴ്ചയുടെ ആഘോഷത്തിലേക്ക് ഗാനിം ആനയിക്കപ്പെടുന്നത്. ഭിന്നശേഷിക്കാരോട്, ദുര്‍ബലരോട്, പാര്‍ശ്വവത്കരിക്കപ്പെട്ടവരോട് ഇതാ ഇങ്ങനെയാണ് പെരുമാറേണ്ടതെന്ന സന്ദേശം ഇതിനേക്കാള്‍ സര്‍ഗാത്മകമായി എങ്ങനെ നല്‍കാനാകും?
ഖത്വര്‍ ലോകകപ്പിനെതിരെ ഒരു വ്യാഴവട്ടക്കാലമായി തുടരുന്ന നെഗറ്റീവ് പ്രൊപ്പഗണ്ട പലപ്പോഴും വംശീയതയുടെ തലം കൈവരിച്ചിരുന്നു. സ്റ്റേഡിയങ്ങള്‍ ഉണര്‍ന്നതോടെ അത് ഉച്ചസ്ഥായിയിലെത്തിയെന്ന് മാത്രം. സ്വവര്‍ഗരതിക്കാരോടുള്ള സമീപനം, മദ്യ ലഭ്യത, വേഷവിതാനം, ഫാന്‍ ആവിഷ്‌കാരങ്ങള്‍ തുടങ്ങി ഖത്വറും ഫിഫയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ അസാധാരണമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ഫുട്‌ബോള്‍ പലപ്പോഴും ഇത്തരം രാഷ്ട്രീയ ആവിഷ്‌കാരങ്ങളുടെ വേദിയായിട്ടുണ്ട്. ആം ബാന്‍ഡ് പ്രതിഷേധങ്ങള്‍, വാ പൊത്തുന്നതടക്കമുള്ള ജസ്റ്ററുകള്‍, ബാനറുകള്‍ ഉയര്‍ത്തല്‍, ടീം വരുന്ന വിമാനത്തിലും മറ്റ് വാഹനങ്ങളിലും രാഷ്ട്രീയ സന്ദേശമടങ്ങിയ നിറങ്ങളും ചിത്രങ്ങളും ഉപയോഗിക്കല്‍ എല്ലാം പ്രതിഷേധത്തിന്റെയും ആശയപ്രചാരണത്തിന്റെയും പല ആവിഷ്‌കാരങ്ങളാണ്. അവയൊന്നും തെറ്റെന്ന് പറയാനാകില്ല. എന്നാല്‍ ഖത്വറിന്റെ കാര്യത്തില്‍ വല്ലാത്തൊരു ആക്രോശത്തിന്റെ സ്വഭാവത്തിലേക്ക് അത് എത്തിച്ചേര്‍ന്നു. ഖത്വര്‍ എന്ന മരുഭൂമിയില്‍ ലോകകപ്പ് പോലുള്ള ഒരു ഗ്ലോബല്‍ ഇവന്റ് നടക്കുമോയെന്നാണ് സംഘടിതമായ ചോദ്യമുയര്‍ന്നത്. 2010ല്‍ ഫിഫ ഗവേണിങ് ബോഡി ഖത്വറിന്റെ ആതിഥ്യം അംഗീകരിച്ചപ്പോള്‍ ജര്‍മന്‍ ടാബ്ലോയ്ഡ് “ദി ബില്‍ഡ്’ കൊടുത്ത തലക്കെട്ട് “Qatarstrophe’ എന്നായിരുന്നു. ദുരന്തത്തെ (കറ്റാസ്‌ട്രോഫ്) ഖത്വറുമായി ചേര്‍ത്തായിരുന്നു തലക്കെട്ട് നിര്‍മാണം. കൈക്കൂലി കൊടുത്താണ് ഖത്വര്‍ ആതിഥ്യം തരപ്പെടുത്തിയതെന്ന വ്യാപക പ്രചാരമുണ്ടായി. കൃത്യമായ തെളിവുകളില്ലാതെയാണ് പലരും സംസാരിച്ചത്. ഖത്വറില്‍ സ്റ്റേഡിയങ്ങളുടേതടക്കമുള്ള നിര്‍മാണ പ്രവൃത്തിയില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ മരിച്ചുവെന്നും അടിമപ്പണിയാണ് നടന്നതെന്നും ആരോപണങ്ങളുയര്‍ന്നു. 5,760 മിനുട്ട് ഫുട്‌ബോളിന് 5,000 ജീവന്‍ എന്നായിരുന്നു ടാഗ്‌ലൈന്‍. ഖത്വറില്‍ മരിച്ചവരുടെ ബന്ധുക്കളെ കണ്ട് സ്റ്റോറികള്‍ ഉണ്ടാക്കാനായി മാത്രം വന്‍കിട പാശ്ചാത്യ മാധ്യമങ്ങള്‍ ജേണലിസ്സുകളെ അസൈന്‍ ചെയ്ത് അയച്ചു. കേരളത്തില്‍ അത്തരത്തില്‍ നിരവധി പത്രപ്രവര്‍ത്തകര്‍ എത്തി. ആനുകൂല്യങ്ങള്‍ തന്നില്ലെന്ന ഉത്തരമായിരുന്നു അവര്‍ക്ക് വേണ്ടത്. 12 വര്‍ഷത്തിനിടെ 38 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇന്‍ഷ്വറന്‍സ് നിയമങ്ങള്‍ ശക്തമായ ഈ ഡിജിറ്റല്‍ യുഗത്തില്‍ കണക്കുകള്‍ മറച്ചുവെക്കാനാകില്ലെന്നു തന്നെയാണ് കരുതേണ്ടത്. യു എസ് ന്യൂസ് ചാനലുകളായ ഫോക്‌സ്, സിഎന്‍എന്‍, എം എസ് എന്‍ ബി സി എന്നിവയും ബ്രിട്ടനില്‍ നിന്നുള്ള ഐ ടി വി, ടു ചാനല്‍, ബി ബി സി എന്നിവയും ഖത്വര്‍വിരുദ്ധ വാര്‍ത്തകള്‍ക്കായി കഴിഞ്ഞ 12 വര്‍ഷമായി ഓവര്‍ടൈമെടുക്കുകയാണ്. വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍, ഇന്‍ഡിപെന്‍ഡന്റ്, ഗാര്‍ഡിയന്‍ എന്നീ പത്രങ്ങളും ഈ കോറസ്സില്‍ പങ്കെടുത്തു. എണ്ണിയാലൊടുങ്ങാത്ത ന്യൂസ് പോര്‍ട്ടലുകള്‍ രാപ്പകല്‍ പണിയെടുത്തു. അറബികളെ കളിയാക്കുന്ന ട്രോളുകളായും ചാവേര്‍ ബോംബറായി ഖത്വറിനെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകളായും ചെറുവീഡിയോകളായും വംശീയത നിറഞ്ഞു തുളുമ്പി. എല്ലാ ആരോപണങ്ങള്‍ക്കും അപ്പപ്പോള്‍, അതേ അര്‍ഥത്തില്‍ ഖത്വര്‍ ലോകകപ്പ് സി ഇ ഒ നാസര്‍ അല്‍ഖാതിര്‍ മറുപടി പറഞ്ഞതാണ്. അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനി തന്നെ പലപ്പോഴും രംഗത്തുവന്നു. ഒഴിഞ്ഞു മാറുകയല്ല, പറഞ്ഞു പോകുകയാണ് വേണ്ടതെന്ന നിശ്ചയദര്‍ഢ്യത്തെ പിന്തുണച്ച് ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫാന്റിനോ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ 3,000 വര്‍ഷങ്ങളില്‍ യൂറോപ്യന്മാര്‍ ചെയ്ത തെറ്റുകള്‍ക്ക് മാപ്പിരന്നിട്ട് വേണം മറ്റുള്ളവരെ ധാര്‍മികത പഠിപ്പിക്കാനെന്ന് അദ്ദേഹം തുറന്നടിച്ചു.
വിമര്‍ശങ്ങളിലെ ഇരട്ടത്താപ്പ് വ്യക്തമാണ്. 1954ലെ ലോകകപ്പ് നടന്നത് സ്വിറ്റ്‌സര്‍ലാന്‍ഡിലാണ്. അന്ന് രാജ്യത്തിന്റെ വലിപ്പവും കാലാവസ്ഥയും ഇന്നത്തെ പോലെ ചര്‍ച്ചയായില്ല. 1994ലെ ലോസ് ആഞ്ചല്‍സ് ലോകകപ്പിന് തൊട്ടുമുമ്പാണ് യു എസില്‍ വംശീയ കലാപമുണ്ടായത്. അന്ന് ആ കലാപത്തില്‍ ഭരണകൂടം അതിക്രൂരമായാണ് ഇടപെട്ടത്. അന്ന് അമേരിക്ക ലോകകപ്പ് വേദിയാകരുതെന്ന തരത്തില്‍ വിലയിരുത്തലുകള്‍ ഉയര്‍ന്നില്ല. 1934ലെ ലോകകപ്പ് ഫാഷിസ്റ്റ് പ്രചാരണത്തിന്റെ ഉപാധിയായാണ് മുസ്സോളിനി ഉപയോഗിച്ചത്. അര്‍ജന്റീനയില്‍ ലോകകപ്പ് നടക്കുമ്പോള്‍ പട്ടാള ഭരണമായിരുന്നു. ലോകകപ്പ് പോലുള്ള വലിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ അറബ് ലോകവും ഏഷ്യയും ആഫ്രിക്കയുമൊന്നും വളര്‍ന്നിട്ടില്ലെന്ന കൊളോണിയല്‍ ബോധമാണ് ഖത്വര്‍ വിരുദ്ധ പ്രചാരണത്തിന്റെ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്നത്.
ഫുട്‌ബോളില്‍ തന്നെ ഇതിന് ഉത്തരമുണ്ട്. ഇന്ത്യയിലെ സാധ്വി പ്രാചിയോടോ പ്രഗ്യാസിങ് ഠാക്കൂറിനോടോ ഉപമിക്കാവുന്ന ഫ്രാന്‍സിലെ നേതാവാണ് മാരിനെ ലീ പെന്‍. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയത്തിനോട് അടുത്തെത്തിയ നേതാവ്. അവര്‍ ഫ്രഞ്ച് ടീമിനെ ചൂണ്ടി ചോദിച്ചതിതാണ്: ‘ഇത് ആഫ്രിക്കന്‍ ടീമോ? ഫ്രഞ്ച് ടീമോ?’. 2018ല്‍ റഷ്യയില്‍ കപ്പുയര്‍ത്തിയ ടീമിലെ കറുത്ത മനുഷ്യരുടെ സാന്നിധ്യമാണ് മാരിനെ ലീ പെന്നിന്റെ ചൊറിച്ചിലിന് കാരണമെന്നോര്‍ക്കണം. വംശീയാഗ്നിയില്‍ ദേശീയത ചാരമായൊടുങ്ങുന്നു. കപ്പെടുത്ത ഫ്രഞ്ച് ടീമിലെ 23 കളിക്കാരില്‍ 17 പേരും കാമറൂണ്‍, മൊറോക്കൊ, അംഗോള, അള്‍ജീരിയ എന്നിവിടങ്ങളില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരുടെ പിന്‍മുറക്കാരാണ്. ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ ഗോളടിച്ച എംബാപ്പെയും പോഗ്ബയും കുടിയേറ്റക്കാരുടെ മക്കളാണ്. ഗിനിയയില്‍ നിന്നും കുടിയേറിയതാണ് പോഗ്‌ബെയുടെ മാതാപിതാക്കള്‍. എംബാപ്പെയുടെ അമ്മ അള്‍ജീരിയക്കാരിയും പിതാവ് കാമറൂണുകാരനുമാണ്. സാമുവല്‍ ഉംറ്റിറ്റി കാമറൂണിലാണ് ജനിച്ചത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കാന്റെയുടെ വേരുകള്‍ മാലിയിലാണ്. ബ്ലെയ്‌സ് മറ്റിയൂഡിയുടെ കുടുംബം അംഗോളയില്‍ നിന്ന് കുടിയേറിയവരാണ്. പ്രതിരോധ താരം പ്രെസ്‌നെല്‍ കിംപെബെയുടെയും സ്റ്റീവന്‍ എന്‍സോന്‍സിയുടെയും വേരുകള്‍ കോംഗോയിലാണ്. സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ ടൊളിസ്സോയുടെ പിതാവ് ടോഗോക്കാരനാണ്. നബീല്‍ ഫെക്കീറിന്റെ കുടുബം അള്‍ജീരിയയില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരാണ്. മാരക രാഷ്ട്രീയം കൊണ്ട് ശ്രദ്ധേയമായ അന്നത്തെ ഒരു ട്വീറ്റ് ഇതായിരുന്നു: “മണലില്‍ മുഖം പൂഴ്്ത്തി മരിച്ചു കിടന്ന മൂന്ന് വയസ് മാത്രമുള്ള സിറിയന്‍ അഭയാര്‍ഥി ബാലന്‍ അയ്‌ലാന്‍ കുര്‍ദിക്ക് യൂറോപിന്റെ മനസു മാറ്റാന്‍ കഴിഞ്ഞില്ല. ഫ്രാന്‍സ് കാല്‍പന്ത് കളിയുടെ നെറുകയില്‍ നില്‍ക്കുമ്പോഴെങ്കിലും കുടിയേറ്റത്തിന്റെ ഇന്നത്തെയും എന്നത്തെയും ഗുണങ്ങള്‍ ലോകം തിരിച്ചറിയുമായിരിക്കും’.
നിങ്ങള്‍ക്ക് വേണമെങ്കില്‍ അകം പൊള്ളയായ ഫാന്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെടാം. തോറ്റവരെയും അവരുടെ ഇഷ്ടക്കാരെയും അപഹസിക്കാം. കൂറ്റന്‍ കട്ട് ഔട്ടുകള്‍ക്ക് താഴെ വലിപ്പമില്ലാത്ത മനുഷ്യരാകാം. അല്ലെങ്കില്‍ ഫുട്‌ബോളില്‍ വിരിയുന്ന മഴവില്ല് കാണാം. ദേശീയതയുടെ അതിരുകള്‍ മായുന്നത് കാണാം. കള്ളുകുടിക്കാതെയും ലഹരിയില്ലാതെയും ഫുട്‌ബോള്‍ കാണാം. അപ്പോഴേ രാഷ്ട്രീയ അര്‍ഥങ്ങളുള്ള ആ മഴവില്ല് കാണാനാകൂ. അത് കാണാനാകാതെ പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന ബഹുവര്‍ണ കൊടികള്‍ക്ക് എന്ത് അര്‍ഥമാണുള്ളത്? ■

Share this article

About മുസ്തഫ പി എറയ്ക്കല്‍

musthafalogam@gmail.com

View all posts by മുസ്തഫ പി എറയ്ക്കല്‍ →

Leave a Reply

Your email address will not be published. Required fields are marked *