ഒരു അടുക്കളയുടെ ആത്മകഥ

Reading Time: 3 minutes

അറുപതെഴുപതുകളിലെ മലബാര്‍ ഗ്രാമങ്ങളിലെ അടുക്കളയുടെ
എരിവും കയ്പുമൊക്കെയുണ്ട് ഈ എഴുത്തിന്. അടുപ്പുമായി യുദ്ധം ചെയ്ത്
വീട്ടുകാരെ തീറ്റിച്ച് ഒടുവില്‍ കഞ്ഞിവെള്ളം മാത്രം കുടിക്കേണ്ടി വന്ന
അനേകം ഉമ്മമാരെ ഓര്‍മിപ്പിക്കുന്നു ഈ ആത്മകഥനം.

ഒരു ഒരിക്കക്കൂരയ്ക്കും പിന്നെ വെള്ളത്തിനും വെളിച്ചത്തിനും വഴിക്കും വേണ്ടിയുള്ള അദാബുകള്‍കൊണ്ട് കെട്ടുപിണഞ്ഞ ഒരു മുള്‍ക്കാടായിരുന്നു 1970കള്‍ വരെയുള്ള ഞങ്ങളുടെ ജീവിതം. ആദ്യം ഇതൊന്നുമായിരുന്നില്ല. അത് ഇച്ചിരിപ്പോരം മണ്ണിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു. അതില്‍ ഒരു ഇരിക്കക്കൂര തേടിയുള്ള അലച്ചിലുകള്‍. കുടിയിറക്കുകളുടെയും ചെറിയ ചെറിയ കുടിയിരുത്തങ്ങളുടെയും കഠിന ജീവിതം. ഉമ്മ പറയാറുള്ളതുപോലെ തലചായ്ച്ച് കിടക്കാന്‍ ഇത്തിരി മണ്ണില്ലാത്ത, അടച്ചുറപ്പുള്ള ഒരു പെരയില്ലാത്ത അസ്വസ്ഥ വാസങ്ങളുടെ കാലം. പൊറുതി കിട്ടാതെ ചിതറിപ്പാര്‍ത്ത് ഉഴന്ന് നടന്നിരുന്ന കാലം. നാല് മക്കളെയും കൂട്ടി ഉമ്മ ഈ പറമ്പില്‍ എത്തിച്ചേര്‍ന്നത് കല്ലുംമുള്ളും നിറഞ്ഞ് ദുര്‍ഘടമായ സഹനപാതകള്‍ താണ്ടിക്കടന്ന് തന്നെയാണ്.
“ഹാവൂ ആശ്വാസമായി’ എന്ന് പറഞ്ഞിട്ട് കാലും നീട്ടി ഇരിക്കാന്‍ എത്രമാത്രം കൊതിച്ചിരുന്നു അവര്‍. ഉത്തരം കിട്ടാത്ത പ്രാര്‍ഥനകളുടെ പൊറുതിയില്ലാത്ത ദിനരാത്രങ്ങളിലൂടെ നിസ്‌കാരപ്പായ നിവര്‍ത്തിവെച്ച് പ്രാര്‍ഥനാഭരിതമായിരുന്നു അവരുടെ അഞ്ച് നേരങ്ങളിലെ സുജൂദൂകള്‍.
ഓല മേഞ്ഞ ചെറ്റപ്പുരകളില്‍ വേനലേറ്റ് കരിഞ്ഞ കരിയോലപ്പഴുതിലൂടെ എത്രയെത്ര മഴക്കാലങ്ങള്‍ ചോര്‍ന്നൊലിച്ചു നനഞ്ഞുകുതിര്‍ന്നു അവര്‍ കഴിച്ചുകൂട്ടി.. ഭൂതകാലങ്ങളുടെ കയ്ക്കുന്ന ചെന്നിനായകക്കാലം!
“ചോര്‍ന്നൊലിക്കുന്നതാണെങ്കിലും ഒരു പെരയായില്ലേ? ബാക്കിയൊക്കെ ഇനി പടച്ചോന്റെ കൈയിലല്ലേ..ഒക്കെ ശരിയാകും. ഇങ്ങടെ തന്തക്ക് ആവതോടെ നയിക്കാനുള്ള കെൽപുണ്ടായാല്‍ മതി.’
“ആറോ ഏഴോ കുടിയിരുപ്പുകള്‍ മാറി മാറി പാര്‍ത്തിട്ടാണ് ഇപ്പോള്‍ ഇവിടെ താമയിക്കാന്‍ തുടങ്ങിയത്്.’ ഉമ്മ ഒറ്റയ്ക്കിരുന്ന് പറയുന്നത് കേള്‍ക്കാം. അവര്‍ ആദ്യം പാര്‍ത്തിരുന്നത് കോരപ്പന്റെ കായിലായിരുന്നത്രെ! അന്നൊന്നും ഞാന്‍ ജനിച്ചിട്ടില്ല. അവിടെ നിന്ന് കുടിയിറക്കി കാട്ടിലെ പറമ്പിലേക്ക് മാറി. പിന്നെ ഉമ്മാടെ കല്ല്യാണം കഴിഞ്ഞു, പേര്‍ഷ്യക്കാരന്‍ മൊയ്തുണ്ണിയുമായി. കല്ല്യാണം കഴിഞ്ഞ് മുളാനുള്ളി പറമ്പിലെ ഉപ്പവീട്ടിലേക്ക് പോന്നു. രണ്ടാംകുടി എളേമയുടെ ഭരണവും അമ്മായിയമ്മപ്പോരുമായിരുന്നു അവിടെ. ഉമ്മവീട്ടുകാരെയും കൂട്ടി പിന്നെ ചപ്പയിലെ പറമ്പിലേക്ക് ഒരു ചെറ്റപ്പുര കെട്ടി മാറിത്താമസിച്ചു. അവിടെ നിന്നും കാണപ്പണം കുറഞ്ഞതിന്റെ പേരില്‍ അധികാരി കുടിയിറക്കി. പിന്നേയും ആമറ്റൂരെ പറമ്പിലെ കോരാച്ചന്‍കുളങ്ങര അമ്പലത്തിനുസമീപം നെടുമ്പുര കെട്ടി കുറച്ചുകാലം. ഓരോ കുടിയിരിപ്പുകാലത്തെക്കുറിച്ചും ആ പറമ്പിലെ അയല്‍പ്പക്കക്കാരെ കുറിച്ചും പറഞ്ഞതുകേട്ട് മടുത്ത് ഞങ്ങള്‍ വിളക്കൂതി കിടക്കാന്‍ തുടങ്ങുമ്പോള്‍ ഉമ്മ കഥകള്‍ താനേ നിറുത്തും.
“അങ്ങനെ എട്ടാമത്തെ കുടിയിരിപ്പാണ് മക്കളേ ഈ പെരയും പറമ്പും.’ എന്നിട്ട് നെടുവീര്‍പ്പയക്കും. ഇനിയും ഒരു സ്വസ്ഥതയും സമാധാനവുമായിട്ടില്ല ഞങ്ങള്‍ക്ക്. ആശ്വാസത്തോടെ ഒരു കവിള്‍ വെള്ളം കോരികുടിക്കാനും പെരയിലേക്ക് നേരെചൊവ്വേ നേര്‍വഴിക്ക് നടന്നുവരാനും ഇനിയും കഴിഞ്ഞിട്ടില്ല. രാത്രിയായാല്‍ മണ്ണെണ്ണ തീരാതെ വിളക്ക് കത്തിച്ചുവെച്ച് ഇരിക്കണം. മുന്നൂറ് മില്ലി മണ്ണെണ്ണയാണ് ഒരു രാത്രിയില്‍ വിളക്കില്‍ എരിഞ്ഞിരുന്നത്. എണ്ണ തീര്‍ന്നാല്‍ പിന്നെ ഇരുട്ടാണ്. കൂരാകൂരിരുട്ട്.
രാത്രിയില്‍ എപ്പോഴും കെട്ട് പോകാമെന്നുള്ള ഒരു ഭയമായിരുന്നു ഞങ്ങള്‍ക്ക് വെളിച്ചം. ഇത് ഞങ്ങളുടെ മാത്രം പ്രശ്നമായിരുന്നില്ല. വലിയ ജന്മിമാരുടെ വിശാലമായ തെങ്ങിന്‍പറമ്പുകളിലെ താമസക്കാരായിരുന്നു മിക്ക ആളുകളും. കുടിയിരിപ്പുകള്‍ കുടിയിരിക്കുന്ന വലിയ പറമ്പുകള്‍. ആ പറമ്പില്‍ വീണ തേങ്ങകളും ഓലയും മടലും മറ്റു കാര്‍ഷിക വിഭവങ്ങളും അധികാരിക്ക് കൃത്യമായി കൈമാറണം. ഇല്ലെങ്കില്‍ കുടിയിറക്ക് ഭീഷണിവരും. ഇപ്പോള്‍ ഞങ്ങള്‍ താമസിക്കുന്നത് പണിക്കരുടെ കാവിന് പുറകിലുള്ള എഴുപ്പുറത്തെ പറമ്പിലാണ്. തെക്ക് ഭാഗത്ത് തെക്കാമക്കാരുടെ ആറ്ഏക്ര തെങ്ങിന്‍പറമ്പ്. പടിഞ്ഞാറ് ഭാഗത്ത് കോടഞ്ചേരി പള്ളിയുടെ ഏഴ് ഏക്ര വഖഫ് ഭൂമി. അതില്‍ മൂന്ന് കുടിയിരിപ്പുകളുണ്ട്. വടക്ക് ഭാഗത്ത് ഭഗവതിപറമ്പില്‍ ഏനുവിന്റെ വീടാണ്. അതും നാലഞ്ചേക്രയുണ്ട്. വീടിന്റെ കിഴക്ക് വടക്ക് ഭാഗത്തുകൂടെ ഒരു ചെറിയ ഇടവഴിയിലൂടെയോ പെരയിലെത്താനാവൂ. പെരയുടെ നേരെ മുമ്പില്‍ എഴുപ്പുറത്തെ കാവാണ്. ഭീകരമായ പച്ചപ്പിന്റെ ക്രൗര കാനനം.


“എരമംഗലത്ത് നൂറ് മത്തിക്ക് ഒരുറുപ്പികയാണെന്ന് കേട്ടു. വേലായിയേ ഇജ്ജി ഒരുറുപ്പികക്ക് മത്തി വാങ്ങിക്കൊണ്ടന്നേ’.
അപ്പോഴേക്കും ശ്രീലങ്ക പ്രക്ഷേപണ നിലയത്തിലെ പാട്ടും വെച്ച് മര്‍ഫി റേഡിയോയുമായി വേലായുധേട്ടന്‍ കയ്യാലയിലേക്ക് പോയിരുന്നു. അടുക്കളയില്‍ തകൃതിയായ പണികളാണ് ഇനിയുള്ളത്. ഉച്ചയ്ക്ക് എല്ലാവരും തിന്ന് വെച്ച പാത്രങ്ങള്‍ വെണ്ണീറിട്ട് ഉരച്ചു വൃത്തിയാക്കുകയാണ് ബീവുമ്മ. വെള്ളമില്ലാത്തതിനാല്‍ കഴുകാത്ത ബസ്സിയും കാസപ്പിഞ്ഞാണങ്ങളും സ്റ്റീലിന്റെ ഗ്ലാസുകളും കൈപ്പാട്ടയും കൂട്ടാന്‍ കുടുക്കയും കഞ്ഞിയും ചോറ്റിന്‍കലവും കൊട്ടക്കയിലും ചോറ്റു കൊട്ടയും കൊട്ടത്തളത്തില്‍ വെച്ച് നന്നായി തേച്ചുരച്ച് കഴുകുന്നുണ്ട് ഉമ്മ.
മുമ്പാരത്ത് ഉപ്പയും മയമുണ്ണി അളിയനും തമ്മിലുള്ള ചതുരംഗക്കളി തീരാറായിരിക്കുന്നു. ചാന്തിട്ട നിലത്ത് അറുപത്തിനാല് കളങ്ങളില്‍ പോരാടിത്തളര്‍ന്ന വാഴക്കരുക്കള്‍ തേരും ആനയും കാലാളുകളും യുദ്ധത്തോല്‍വിയോടെ ഉണങ്ങിത്തുടങ്ങിയിരിക്കുന്നു. മയമുണ്ണി അളിയന്റെ മന്ത്രിയുടെ തലയില്‍ ഉറുമ്പരിക്കുന്നുണ്ട്. പേര്‍ഷ്യക്കാരന്‍ മൊയ്തുണ്ണിക്ക് തന്നെയാണ് ഇന്നും ജയം. കളി മതിയാക്കി കളങ്ങള്‍ മായ്ച് ഉപ്പ എന്നെ നീട്ടി വിളിച്ചു. “സഊദ്, സഊദ്..’
ഞാന്‍ ഫസ്റ്റ് ഗിയറില്‍ ഭയഭക്തി ബഹുമാനങ്ങളോടെ അറ്റന്‍ഷിതനായി. പുറത്ത് മകരമഞ്ഞില്‍ പൊതിഞ്ഞ ഒരു തണുത്ത കാറ്റ് ഞങ്ങളുടെ മുഖദാവ് തഴുകിക്കൊണ്ട് കുളത്തിന്റെ വക്കത്തെ രാമച്ചക്കാടുകളില്‍ പോയി ഒളിച്ചു.
ഒരു സുലൈമാനി വേണമായിരുന്നു വന്ദ്യപിതാവിന്. അദ്ദേഹം തന്റെ കൊമ്പന്‍ മീശ പിരിച്ചു വെള്ളത്തലേക്കെട്ട് അഴിച്ചുവെച്ച് ഉമ്മയെ വിളിച്ച് രണ്ട് കോഴിമുട്ട കൊണ്ടുവരാന്‍ ആജ്ഞാപിച്ചു.
“കുടീല് എന്തെല്ലാം കടസാരങ്ങള് ഇണ്ട്. ഇങ്ങളെ ഒരു മുട്ടച്ചായ.’ ആവി പാറുന്ന തിളച്ച കട്ടന്‍ ചായയിലേക്ക് രണ്ട് കോഴിമുട്ടകള്‍ പൊട്ടിച്ച് ഉപ്പ തൊണ്ട് താഴത്തെ തെങ്ങിന്റെ കടക്കലേക്കിട്ടു. ബുള്‍ബുളും ടോമിയും മുട്ടത്തോട് കടിച്ച് മണപ്പിക്കുന്നുണ്ട്. മൊളയാനുള്ള എട്ട് പത്ത് പിടക്കോഴികളും അടുക്കളയുടെ ഭാഗത്ത് ചുറ്റിത്തിരിയുന്നുണ്ട്. താത്ത, ആച്ചു, പെറ്റമ്മ എന്നിവര്‍ കൂട ഒഴിച്ച് മത്തി നന്നാക്കാന്‍ തുടങ്ങി. മൂന്നു നാലു കാടന്‍ പൂച്ചയും ഞങ്ങളുടെ കുറിഞ്ഞിപ്പൂച്ചയും മത്തി നന്നാക്കുന്നതിന് ചുറ്റിലുമുണ്ട്. വെളിയങ്കോട് നേര്‍ച്ചക്കുള്ള തേങ്ങാപ്പിരിവുകാര്‍ മുറ്റത്ത് വന്ന് ആനക്കാര്യം പറഞ്ഞ് തര്‍ക്കത്തിലാണ്.
ഉമ്മ തലയില്‍ തട്ടി അടുക്കളയില്‍ തന്നെയാണ്. പെട്ടെന്ന് ചൂലെടുത്ത് അമ്മിക്ക് ചുറ്റുമുള്ള മണ്ണും പൊടിയും വൃത്തിയാക്കാന്‍ തുടങ്ങി.
അടുക്കളയിലെ മൂന്ന് മണ്ണടുപ്പുകളില്‍ നിന്ന് കനലുകള്‍ വാരിയെടുത്ത് വെണ്ണൂറിന്‍ പുരയിലേക്ക് പതുങ്ങിപ്പോകുന്നതും ഉമ്മ തന്നെയാണ്. ഞാന്‍ അടുക്കള വാതിലിന്റെ കട്ടിളപ്പടിയിലിരുന്നു മത്തി നന്നാക്കുന്നതിലേക്ക് പ്രേക്ഷകനായി. നല്ല പഞ്ഞീനുള്ള മത്തിയാണ്. തരിപ്പഞ്ഞീനും പഞ്ഞീനും ഒരു ചേമ്പിലയില്‍ വെവ്വേറെയാക്കി വെക്കുന്നു.
ഒരടുപ്പില്‍ അരി വേവിക്കാനുള്ള വലിയ അലൂമിനിയക്കലം വെച്ചു. രണ്ടാമത്തെ അടുപ്പില്‍ കൂട്ടാന്‍ കലവും മൂന്നാമത്തെ അടുപ്പില്‍ ചീനച്ചട്ടിയും തയാറായി. നേരം ഇരുട്ടിത്തുടങ്ങി. കോഴികള്‍ കൂട്ടിലേക്ക് കയറി. ഉസ്മാന്‍ക്ക കോളേജ് വിട്ടു വന്നു. ഉമ്മ ഇക്കാക്കക്ക് നല്ല നുരയും പതയുമുള്ള, മുട്ടച്ചായയും ഒരു പാത്രത്തിലിട്ട് തേങ്ങ ചേര്‍ത്ത അരി മണി വറുത്തതും കൊടുത്തു.
ഉപ്പ വെള്ളത്തലേക്കെട്ട് കെട്ടി തന്റെ കൊമ്പന്‍ മീശ പിരിച്ച് അടുക്കളയിലേക്ക് വന്നു. എല്ലാവരും അമ്മിയുടെ ഭാഗത്തേക്ക് പോയി. ആച്ചു അരവിലാണ്. തേങ്ങയരച്ച് വറുത്ത കൊത്തമ്പാലിയും അമ്മിക്കല്ലില്‍ കിടന്ന് അമ്മിക്കുട്ടിയിലൂടെ ഇളകി മറിഞ്ഞു.
ഇരുട്ട് തിക്ക് മുട്ടിത്തന്നെ പറമ്പിലേക്ക് വന്നു. ഉമ്മ എന്നോട് റാന്തലിന്റെ ചില്ല് തുടച്ചു വിളക്കു കത്തിക്കാന്‍ പറഞ്ഞു. ഇടനാഴിയില്‍ നിന്ന് നാല് ചിമ്മിനി വിളക്കിലും കമ്പി റാന്തലിലും മണ്ണെണ്ണ ഒഴിച്ച് വിളക്ക് കത്തിച്ച് കട്ടിലപ്പടികളില്‍ വെച്ചു. വീട്ടിലിപ്പോള്‍ ചിമ്മിനി വിളക്കിന്റെ അരണ്ട മ്ലാനമായ വെളിച്ചവും മുമ്പാരത്ത് റാന്തലിന്റെ ചിതറി ഉടഞ്ഞ ചില്ലു വെളിച്ചവും പരന്നു.
ധാരാളം മത്തിയുള്ള ദിവസം ഉപ്പ അടുക്കളയില്‍ കയറി മത്തി തപ്പിടാറുണ്ട്. നന്നാക്കി വൃത്തിയാക്കിയ മത്തി മസാലക്കൂട്ടുകളും തേങ്ങ ചിരണ്ടി വേവിച്ച് ചീനച്ചട്ടിയില്‍ ഉള്ളിയരിഞ്ഞതും വേപ്പിലയുമൊക്കെ ചേര്‍ത്ത് പാകത്തിന് ഉപ്പു ചേര്‍ത്ത് നല്ല ദമ്മില്‍ മേലെ വാഴയില വെച്ച് കെട്ടി നല്ല ചൂടില്‍ വേവിക്കുന്നു. ചീനച്ചട്ടിയുടെ മേലെ വാഴയില കൊണ്ട് കെട്ടി മേലെ നന്നായി കനലിട്ട് വെക്കും. ഒരു മണിക്കൂര്‍ കൊണ്ട് ഐറ്റം റെഡിയാക്കി ഉപ്പ പോയി.
അടുപ്പിന്റെ അണിയിൽ ഇരുന്നും കുനിഞ്ഞും ഉമ്മ അടുപ്പുകളുമായി യുദ്ധത്തിലാണ്. കനലൂതുന്ന ഉമ്മ നല്ല കലിപ്പിലുമാണ്. മയമുണ്ണി അളിയന്‍ പിന്നെയും വന്നിട്ടുണ്ട്. പുറത്ത് മഞ്ഞ് പെയ്യുന്നുണ്ടെങ്കിലും തണുപ്പിന് ഇപ്പോള്‍ അത്ര തന്നെ കുത്തിനോവിക്കുന്നില്ല. ഉപ്പ
തലയില്‍ തണുപ്പിനെ ചെറുക്കാന്‍ മഫ്‌ളര്‍ കെട്ടിയിട്ടുണ്ട്. മുമ്പാരത്തെ ചാന്തിട്ട നിലത്ത് പുതിയ ചതുരംഗക്കളവും പതിനാറ് കരുക്കളും ചിമ്മിനി വെട്ടത്തിലിരുന്ന് കളി തുടങ്ങി.
ചോറ് വെന്ത് ചോറ്റു കൊട്ടയില്‍ ഊറ്റിവെച്ചു. കൂട്ടാന്‍ കുടുക്ക തിളച്ച് മറിഞ്ഞു. തപ്പിട്ട മത്തി പെറ്റമ്മ ഉറിയിലേക്ക് വെച്ചു. രണ്ടാമത്തെ ഉറിയില്‍ നിന്ന് ഉപ്പാക്ക് കൊടുക്കാനുള്ള പാല്‍ കൈപ്പാട്ടയിലേക്ക് പാര്‍ന്നു വെച്ചു ബീവാത്തുട്ടി താത്ത. കുഞ്ഞിമ്മാടെ മകളാണ് ബീവാത്തുട്ടിത്താത്ത. അടുക്കളയിലെ യോദ്ധാവാണ് താത്ത .
എനിക്ക് ഓർമ വെച്ച നാളേ അവരും ഉമ്മയെ സഹായിക്കാനായി പെരയിലുണ്ട്. ചോറും കൂട്ടാനുമൊക്കെ തയാറായി. ഉപ്പാക്കും മയമുണ്ണി അളിയനും മുമ്പാരത്ത് പായയില്‍ സുപ്ര വിരിച്ച് ചോറ് വിളമ്പി. അവര്‍ക്ക് കൈ കഴുകാന്‍ വലിയ മൂളിയില്‍ തന്നെ വെള്ളം വെച്ചു തിണ്ണയില്‍.
ഞങ്ങള്‍ അടുക്കളയില്‍ നാല് പലകയില്‍ ചോറ് തിന്നാന്‍ നിരന്നിരുന്നു. പെറ്റമ്മ വെയ്ച്ചു. ആച്ചു വെയ്ച്ചു, താത്തയും വേലായു ചേട്ടനും വെയ്ച്ചു. ഉസ്മാന്‍ക്കയും ഇജാസും വെയ്ച്ചു.
നേരം ഒമ്പതരയായി. ഞാന്‍ അടുക്കളയില്‍ ചെന്ന് നോക്കുമ്പോള്‍ ഉമ്മ കാലിയായ ചോറ്റു കൊട്ടയിലേക്ക് നോക്കി തള്ളക്കയില് കൊണ്ട് ബാക്കിയായ കഞ്ഞി വെള്ളം കോരിക്കുടിക്കുന്നത് കണ്ടു. രാത്രിയില്‍ ഉമ്മ ഉപ്പയുടെ പുറം തലോടുന്നത് കണ്ടു. ഉമ്മ ഉറങ്ങുന്നത് അന്നൊന്നും ഞാന്‍ തീരെ കണ്ടിട്ടില്ല. നദികളും പുഴകളും കായലുകളും സമുദ്രങ്ങളും ഉറങ്ങാറില്ലാത്തതു പോലെ ഉമ്മയും ഉറങ്ങാറില്ല ■

Share this article

About ഷൗക്കത്തലിഖാന്‍

shoukath.alighan@gmail.com

View all posts by ഷൗക്കത്തലിഖാന്‍ →

Leave a Reply

Your email address will not be published. Required fields are marked *