മാറേണ്ടതുണ്ട് മലയാളി അടുക്കളകള്‍

Reading Time: 2 minutes

“പടച്ചോനേ.. ഉപ്പുങ്കല്ല് വാങ്ങാന്‍ പോലും ഗതി ഉണ്ടായിരുന്നില്ല. ഓരെ ഉമ്മ എത്ര പെരെലെ പാത്രം മോറിയാ കഞ്ഞിക്ക് വകയുണ്ടാക്കിയിരുന്നത്.. ഇപ്പോ ഓരെ മക്കളൊക്കെ വലുതായി.. പൈസക്കാരായി. പുതിയ പെരേലെ അടുക്കള എന്താല്ലേ..’
ഓരോ വീട്ടില്‍ കൂടലും കഴിഞ്ഞ് വന്നാൽ പ്രായമായവര്‍ക്ക് ഒത്തിരി കഥ പറയാനുണ്ടാകും. ഒരു കാലത്ത് പട്ടിണിയും പരിവട്ടവും നിറഞ്ഞ പെണ്ണിടങ്ങളായിരുന്നു അടുക്കളകള്‍. ഇന്നും ആ ചിത്രത്തിന്റെ പുതിയ കോലങ്ങള്‍ ചിലയിടത്തൊക്കെയുണ്ട്. കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ കടല്‍ കടന്ന പ്രവാസികളുടെ വരുമാനം നാട്ടിലേക്ക് എത്തിയതോടെ കേരളത്തിലെ ജീവിതം മാറി.
ആദ്യം അടുക്കളയായി, പിന്നെ കിച്ചനായി. അങ്ങിനെ പുതിയ പേരുകളിലേക്ക് വെപ്പിടങ്ങള്‍ മാറി. മുറ്റത്ത് മൂന്ന് കല്ല് നാട്ടി, ഉണക്കക്കമ്പും കരിയിലയും കത്തിച്ച് കഞ്ഞി വേവിച്ചിരുന്നതില്‍ നിന്ന് ഭക്ഷണം ഉണ്ടാക്കുന്നത് പുകയില്ലാ അടുപ്പുകളിലേക്കും ഗ്യാസ് അടുപ്പുകളിലേക്കും ആധുനിക ഓവനുകളിലേക്കുമെല്ലാം മാറി.
മലയാളികളുടെ സാമൂഹിക മാറ്റത്തില്‍ അടുക്കളകളും മാറി. കരിയും പുകയും പിടിക്കാത്ത ആര്‍ട് ഗാലറിക്ക് സമാനമായ അടുക്കളകള്‍. പുതിയ പുതിയ ഭക്ഷണങ്ങളുടെ പരീക്ഷണശാലകള്‍. രണ്ടും മൂന്നും അടുക്കളകളുള്ള വലിയ വീടുകള്‍. അടുക്കള പ്രസ്റ്റീജിന്റെ ഭാഗമായി. ലക്ഷങ്ങള്‍ ചെലവഴിച്ച് അടുക്കളകള്‍ മോടി പിടിപ്പിക്കുന്നു. അങ്ങനെ ഓരോ ദിവസവും അടുക്കളയുടെ കോലം മാറുന്നു.
പുകയും കരിയും കണ്ണീരും കുഴഞ്ഞ മണമാണ് അടുക്കളയുടെ ചരിത്രം. കഷ്ടപ്പാടും ദുരിതവും കൊണ്ട് തളര്‍ന്ന് സങ്കടം അടക്കിപ്പിടിച്ച് പൊട്ടിക്കരച്ചിലില്‍/തേങ്ങലില്‍ ഒതുക്കിയ പെണ്ണുങ്ങളെ കുറിച്ച് പറയാതെ ഒരു അടുക്കളയുടെയും ചരിത്രം പൂർണമാകില്ല. കുട്ടികളുടെയും ആണുങ്ങളുടെയും വിശപ്പ് മാറ്റി ഒരു മണി വറ്റില്ലാതെ കഞ്ഞിവെള്ളം മാത്രം കുടിച്ച് അന്തിയുറങ്ങിയ പെണ്ണുങ്ങള്‍. ആണുങ്ങളുടെ കലിയില്‍ അടിയും തൊഴിയും കിട്ടിയ പെണ്ണുങ്ങളുടെ നിസ്സഹായതയില്‍ വീര്‍പ്പുമുട്ടിയ അടുക്കളകള്‍. അമ്മായിയമ്മ പോരിന്റെ ഈറ്റില്ലം. വിശപ്പുകൊണ്ട് കാറിക്കരയുന്ന കുഞ്ഞുങ്ങള്‍. അത്ര പെട്ടെന്നൊന്നും അടുക്കള ചുമരുകളുടെ ആ ഓര്‍മകള്‍ മായില്ല.
കാലം മാറി. പക്ഷേ, അടുക്കള പെണ്ണിടങ്ങള്‍ തന്നെ. വെക്കാനും മോറാനും എല്ലാം പെണ്ണുങ്ങള്‍. ചിലേടത്തൊക്കെ ആണുങ്ങളെ കണ്ടുതുടങ്ങി. പഠിപ്പും ജോലിയുമുള്ള അടുക്കളക്കാരികള്‍.. ഞാന്‍ മരിച്ചാല്‍ അടുക്കളയുടെ കഥ എന്താകും എന്ന വേവലാതി മാത്രമേയുള്ളൂ ഈ പെണ്ണുങ്ങള്‍ക്കെന്ന് തോന്നിപ്പോകും.
തിരക്ക് പിടിച്ച അടുക്കള സമയം. ഇപ്പോഴും വീട്ടിലുള്ളവരെ മാത്രം ഊട്ടാന്‍ മാത്രം സമയം ചെലവഴിക്കുന്ന സ്ത്രീകള്‍. തലേന്ന് രാത്രി തന്നെ നാളെ എന്ത് ഉണ്ടാക്കണമെന്ന് ചിന്തിച്ച് ഭ്രാന്താകുന്നവര്‍. രാവിലെ പത്ത് കൈകളുടെ പണിയെടുക്കുന്ന അമ്മമാര്‍.. നേരം കിട്ടാത്തതുകൊണ്ട് പ്രാതലേ കഴിക്കാത്തവര്‍.. മുഴുസമയ അടുക്കളവാസികള്‍. ഇതിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല. എന്നാണാവോ മാറ്റം ഉണ്ടാവുക?
പുതിയ തലമുറയില്‍ ശീലങ്ങള്‍ക്കൊക്കെ ഇളക്കം തുടങ്ങിയിട്ടുണ്ട്. പാചകം കലയാക്കുന്ന ആണ്‍കുട്ടികള്‍, പാര്‍ട്ണറെ സഹായിക്കുന്ന യുവാക്കള്‍, ചായയും സ്‌നാക്‌സും ഉണ്ടാക്കാന്‍ പഠിക്കുന്ന ചെറുപ്പക്കാര്‍. എല്ലാ പണികളും എല്ലാവരും ചെയ്യണമെന്ന് തിരിച്ചറിയുന്നവര്‍.. കുഞ്ഞ് കുഞ്ഞ് മാറ്റങ്ങളുടെ വെളിച്ചം കാണുന്നു.
പക്ഷേ, അടുക്കളയില്‍ മറ്റൊരു വിപ്ലവം ഉണ്ടാവേണ്ടതില്ലേ? “ആരോഗ്യത്തിന് നല്ല ഭക്ഷണം’. ജീവിതശൈലീ രോഗങ്ങള്‍ കൊണ്ട് മരിച്ചു ജീവിക്കുന്ന എത്രയെത്ര മനുഷ്യരാണ് നമുക്ക് ചുറ്റും. സമ്പാദിച്ചതെല്ലാം പെറുക്കി വിറ്റ് ശ്മശാനം പോലെ മൂകമായി കിടക്കുന്ന വീടുകള്‍. പട്ടിണിയുടെ മറ്റൊരു മുഖത്തില്‍ ഇനിയും അടുക്കളകളെ കാണാന്‍ ത്രാണിയില്ല.
ആരോഗ്യമായിരിക്കണം പ്രധാനം. നല്ല ഭക്ഷണ ശീലങ്ങള്‍ വളര്‍ത്തിയും പഴയ ശീലങ്ങള്‍ തുടച്ചുകളഞ്ഞും അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് സമൂഹം വരേണ്ട സമയം അതിക്രമിച്ചു ■

Share this article

About സഫീറ മഠത്തിലകത്ത്

safeera368@gmail.com

View all posts by സഫീറ മഠത്തിലകത്ത് →

Leave a Reply

Your email address will not be published. Required fields are marked *