ഇടം വിശാലമായി, നമ്മുടെ മനസ്സുകളോ?

Reading Time: 2 minutes

നിന്നു തിരിയാന്‍ ഇടമില്ലാത്ത വട്ടത്തില്‍ നിന്ന് വിശാലവിസ്തൃതിയിലേക്ക് അടുക്കളകള്‍ വികാസപ്പെട്ടു. ഉപകരണങ്ങളുടെ കടന്നുവരവ് അടുക്കളജോലി എളുപ്പമാക്കി. ഈ മാറ്റങ്ങള്‍ സൃഷ്ടിപരമെങ്കിലും അയല്‍പക്ക ബന്ധങ്ങള്‍ സുദൃഢമാക്കുന്നതില്‍ മുമ്പ് അടുക്കളകള്‍ വഹിച്ച പങ്ക് ഇപ്പോഴില്ലെന്ന് പറയുന്നു ലേഖിക.

കരി വീണ വസ്ത്രവും ദേഹവും മാത്രം ഓര്‍ത്തെടുത്തിരുന്ന ഒരുകാലത്ത് നിന്ന് രസകരമായ ഓര്‍മകളും അനുഭവങ്ങളും സമ്മാനിക്കുന്ന ഇടമായി മലയാളികളുടെ അടുക്കള സംസ്‌കാരം മാറിയെന്നതാണ് ഇപ്പോഴത്തെ അനുഭവം. പല രൂപത്തിലും ഭാവത്തിലും മലയാളി അടുക്കളകള്‍ പരുവപ്പെട്ടു തുടങ്ങി. ഭക്ഷണം പാചകം ചെയ്യുക എന്നത് വലിയ സമയച്ചെലവുള്ളതും കഠിനമായതുമായ പ്രക്രിയയായിരുന്നു പണ്ട്. എന്നാലിന്ന് സമയവും കാഠിന്യവും ലഘൂകരിക്കപ്പെട്ടു. എല്ലാ മേഖലയിലുമെന്നപോലെ അടുക്കളയിലും കൂടുതല്‍ വിപുലമായ സാങ്കേതിക മികവുകള്‍ പ്രത്യക്ഷപ്പെട്ടു.
ഉരലില്‍ ഇടിച്ചും പിഴിഞ്ഞും വയറുനിറക്കാന്‍ കഷ്ടപ്പെട്ടിരുന്ന കാലംകടന്ന് മലയാളികളുടെ അടുക്കള സമൃദ്ധിയുടെ കാലത്തേക്കെത്തി എന്നു പറയാം. ഏറ്റക്കുറച്ചിലുകള്‍ ഇല്ലെന്നല്ല, എങ്കിലും ചുരുങ്ങിയത് മൂന്നു പതിറ്റാണ്ടു കാലത്തെ സാമൂഹിക പുരോഗതി അടുക്കളകളെ കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണ പദാർഥം, പാചകം ചെയ്യുന്ന രീതി, ഉപകരണങ്ങള്‍, സ്പേസ് തുടങ്ങി അടുക്കള പല വിധത്തില്‍ മാറിക്കഴിഞ്ഞു. വിശപ്പ് മാറ്റുക എന്ന കേവല ദൗത്യത്തില്‍ നിന്ന് വ്യത്യസ്തമായ രുചികള്‍ തേടുന്ന പാചകപരീക്ഷണങ്ങള്‍ വ്യാപകമായിത്തുടങ്ങി. വീടിന്റെ മുക്കിലോ മൂലയിലോ ചെറിയ സ്പേസുകളില്‍ ഒതുങ്ങിയിരുന്ന അടുക്കള എന്ന സങ്കല്പം ഇന്ന് വീടിന്റെ ഏറ്റവും വലിയ ഹൈലൈറ്റായിത്തീര്‍ന്നു.
മൂന്നു കല്ലുകൾ വെച്ച് അടുപ്പുണ്ടാക്കുന്നതായിരുന്നു അടുക്കളയുടെ ആദിസങ്കല്‍പം. പതിയെ ആ രീതിയില്‍ മാറ്റം വന്നു തുടങ്ങി. ഇന്ന് ഒരു വീട് വെക്കുമ്പോള്‍ ഏറ്റവും വിശാലത അടുക്കളക്ക് വേണമെന്നായി.
പാചകം ചെയ്തുകഴിഞ്ഞാല്‍ വിശ്രമിക്കാന്‍ വരെ അടുക്കളയില്‍ സ്‌പേസ് ഉണ്ടായിത്തുടങ്ങി. കിച്ചനില്‍ തന്നെയോ കിച്ചനോട് ചേര്‍ന്നോ വീട്ടുകാര്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണംകഴിക്കാനുള്ള സൗകര്യവും ഇപ്പോള്‍ വ്യാപകമായി കാണുന്നുണ്ട്. അടുക്കള പെണ്ണുങ്ങളുടെ സ്വകാര്യ ഇടം എന്നതില്‍ നിന്നുമാറി കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തുചേരുന്ന “പൊതുഇട’മായി വികസിക്കുന്നത് കാണുന്നു. പുരുഷന്‍മാര്‍ “തിരിഞ്ഞുനോക്കാ പ്രദേശ’മായിരുന്ന സാമൂഹികവിഭാവനകളില്‍ നിന്ന് അടുക്കള മോചിപ്പിക്കപ്പെടുന്നു എന്ന് പറയാവുന്ന സൃഷ്ടിപരമായ മാറ്റം.
പുതിയ കാലത്തെ അടുക്കളകളാണ് വീടിന്റെ മനോഹാരിത കൂട്ടുന്നത്. അടുക്കളയോട് അറ്റാച്ച് ചെയ്ത് സ്റ്റോര്‍റൂമുകള്‍ എന്നൊരു ആശയം മുമ്പുണ്ടായിരുന്നു. പാത്രം, ധാന്യങ്ങള്‍, മറ്റു സാധനങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ടിയാണ് സ്റ്റോര്‍റൂം സജ്ജീകരിച്ചിരുന്നത്. ഇപ്പോള്‍ മനോഹരമായ റാക്കുകള്‍ ഒരുക്കി സ്റ്റോര്‍റൂമിന്റെ സ്‌പേസ് കൂടി അടുക്കളക്ക് ഉപയോഗിക്കാമെന്നായി. മരം, സ്റ്റീല്‍, ഗ്ലാസ് ഇങ്ങനെ പല മെറ്റീരിയലുകളും റാക്കുകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു. പല രൂപത്തിലും ഡിസൈനിലുമുള്ള ഈ റാക്കുകള്‍ അടുക്കളയുടെ ഇന്റീരിയര്‍ സൗന്ദര്യം വര്‍ധിപ്പിക്കുന്നു.ഇത് അടുക്കളയുടെ സ്ട്രക്ചര്‍ തന്നെ മാറ്റുന്നുമുണ്ട്. അതേസമയം, അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും മാറിമാറി വരുന്നു. മുമ്പ് അടുക്കളയില്‍ കണ്ടിരുന്ന ഉപകരണങ്ങള്‍ പലതും കാലഹരണപ്പെട്ടു. സ്റ്റീലിന്റെ പാത്രങ്ങള്‍ പലതും ഫൈബറിലേക്കും സ്ഫടികത്തിലേക്കും വഴിമാറി. ചിരവ ഗ്രൈന്‍ഡറിലേക്ക് രൂപാന്തരപ്പെട്ടു.
അരയ്ക്കാനും പൊടിക്കാനും പല തരത്തിലുള്ള മിക്സികള്‍ പ്രത്യക്ഷപ്പെട്ടു. അരയ്ക്കാനൊന്ന്, ചതക്കാനൊന്ന് എന്ന രീതിയിലാണ് മിക്‌സികളുടെ മാറ്റം. അടുക്കളയോട് ചേര്‍ന്നു പണികഴിപ്പിച്ചിരുന്ന കിണറുകള്‍ക്ക് സ്ഥാനചലനം സംഭവിച്ചു. കിണറുകള്‍ കുഴല്‍കിണറുകളായും പൈപ്പ് കണക്ഷനായും പുരോഗമിച്ചു. നൂതന ഉപകരണങ്ങള്‍ എത്തിയതോടെ അടുക്കളയില്‍ പാചകം ചെയ്യാന്‍ മണിക്കൂറുകള്‍ ചെലവഴിച്ചിരുന്നത് മിനിറ്റുകളായി ചുരുങ്ങി. അമ്മിയും അമ്മിക്കല്ലും ഓര്‍മയായി. ചെറിയ അളുക്കുകളില്‍ നിന്ന് വിവിധ വലുപ്പത്തിലുള്ള ജാറുകളിലേക്ക് പൊടിയും പലവ്യഞ്ജനങ്ങളും മാറ്റപ്പെട്ടു. ഏതൊരു വിഭവം പാചകം ചെയ്യാനും കുറഞ്ഞ സമയം മതി എന്ന നില വന്നു.
പാടത്ത് പണിയെടുത്ത് കിട്ടുന്ന നെല്ല് കുത്തി, അരിയാക്കി അതില്‍ നിന്നും തവിട് വേര്‍തിരിച്ച് ഭക്ഷണമാക്കി പാചകം ചെയ്തിരുന്ന മലയാളികളുടെ പൂര്‍വകാലം വിസ്മരിക്കാനാകുന്നതല്ല. കിട്ടുന്ന നെല്ലോ അരിയോ പാചകം ചെയ്തു കഴിക്കുന്നത് വരെയുള്ള പ്രക്രിയ അന്നൊക്കെ കുറെ കടമ്പകള്‍ കടന്നുള്ളതായിരുന്നു. എന്നാല്‍ ഇന്ന് അവിടെ നിന്നും ഭക്ഷണത്തിലെ വൈവിധ്യം തേടിയുള്ള മലയാളികളുടെ യാത്രയിലേക്കെത്തി നില്‍ക്കുകയാണ്.
ഭക്ഷണപദാർഥങ്ങളിലെ അഭിരുചികൾ മാറിവരുന്നത് ഈ കാലഘട്ടത്തിന്റെ സവിശേഷതയാണ്. മലയാളികള്‍ തിന്നുശീലിച്ചതില്‍ നിന്നും കണ്ടുശീലിച്ചതില്‍ നിന്നും വ്യത്യസ്തമാണ് ഇന്നത്തെ ഭക്ഷണരീതി. ചോറും കറിയുമെന്ന സംസ്‌കാരം ഏറെക്കുറെ മാറ്റത്തിന്റെ പാതയിലാണ്. രണ്ടുനേരം ചോറ് വേണമെന്ന ശാഠ്യം വീടിന്റെ പടികടന്നുപോയി. കുട്ടികള്‍പോലും ഇപ്പോള്‍ രാത്രിയില്‍ ചപ്പാത്തി തീറ്റക്കാരായി. അതല്ലെങ്കില്‍ ഫ്രൂട്സിലും ജ്യൂസിലുമായി അവര്‍ തൃപ്തിപ്പെടുമെന്നായി.
അറേബ്യന്‍ രുചികളും പാശ്ചാത്യന്‍ രുചികളും ഹോട്ടലുകളില്‍ നിന്നും അടുക്കളയിലേക്കെത്തി നില്‍ക്കുകയാണ്. അല്‍ഫാമും ഗ്രില്‍ഡ് ചിക്കനും മയോണിസും സാന്‍വിച്ചുമെല്ലാം അടുക്കളയില്‍ പാചകം ചെയ്യാനുള്ള അറിവ് സ്വായത്തമാക്കി കഴിഞ്ഞു മലയാളികള്‍. അതിന് കൂട്ടായി യൂട്യൂബ് ചാനലുകളുമുണ്ട്. ഭക്ഷണം മാത്രം ഉള്ളടക്കമായ യൂട്യൂബ് ചാനലുകള്‍ നൂറുകണക്കിനാണ് കോവിഡ് കാലത്തുമാത്രം ഉണ്ടായിവന്നത്. അതിനെല്ലാം തരക്കേടില്ലാത്ത വ്യൂവേഴ്സുമുണ്ട്.
വൈകുന്നേരത്തെ സ്നാക്സിന് കിടിലന്‍ ഐറ്റം പരീക്ഷിക്കാം എന്നു തുടങ്ങി പത്തുമിനിറ്റില്‍ എങ്ങനെ ബിരിയാണി ഉണ്ടാക്കാം എന്നുവരെ യൂട്യൂബില്‍ നിന്ന് പഠിക്കാം! പണ്ടൊക്കെ പാചകം ചെയ്യുമ്പോള്‍ സംശയദൂരീകരണം നടത്തിയിരുന്നത് മുതിര്‍ന്നവരോടായിരുന്നെങ്കില്‍ ഇന്നത് ടെക്നോളജിയിലൂടെയാണ്. ഭക്ഷണവിഭവം തയാറാക്കാനുള്ള ഏത് വിവരവും വിരല്‍ത്തുമ്പില്‍ ലഭ്യമാണ്.
പഴയകാല അടുക്കളകള്‍ പറമ്പിലും മുറ്റത്തുമൊക്കെ സജ്ജീകരിക്കുന്നതായിരുന്നു. അന്നത്തെ കാലത്ത് അടുക്കളകളില്‍, അല്ലെങ്കില്‍ പാചകം ചെയ്യുന്ന ഇടങ്ങളില്‍ എല്ലാവര്‍ക്കും പെട്ടെന്ന് ആക്‌സസ് കിട്ടുമായിരുന്നു. അവിടെ ദരിദ്രമായ ഒരു ജീവിതത്തിന്റെ പശ്ചാത്തലമുണ്ടായിരുന്നു. മിക്ക അടുക്കളയുടെയും സ്ഥിതി അതായത് കൊണ്ടുതന്നെ ഒരു പാരസ്പര്യത്തിന്റെ സാമൂഹിക അന്തരീക്ഷം വിശാലാടിസ്ഥാനത്തില്‍ അന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇന്ന് അടുക്കളകള്‍ വിസ്തൃതമായതോടെ ആളുകളുടെ മനസിനു സങ്കുചിതത്വം സംഭവിച്ചതുപോലെയാണ് അനുഭവപ്പെടുന്നത്.
അടുക്കളയുടെ “ജാതകം’ തിരുത്തിയത് വൈദ്യുതിയുടെ കടന്നുവരവാണ്. ചിമ്മിനിവിളക്കിന്റെ വെളിച്ചത്തില്‍ ഇത്തിരിപ്പോന്ന വിസ്തൃതി മാത്രമുള്ള ഇടത്തില്‍ തീയിലും പുകയിലും വെന്തത് മണ്‍ചട്ടിയിലെ അരിയും കറിയും മാത്രമല്ല, ആ ഇടത്തില്‍ പെരുമാറിയിരുന്ന പെണ്ണുങ്ങള്‍ കൂടിയാണ്. എല്ലാ വീടുകളിലും വൈദ്യുതി എത്തിയതോടെ അടുക്കളകള്‍ കൂടുതല്‍ തെളിച്ചമുള്ളതായി. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ കൂടി എത്തിയതോടെ പെണ്ണുങ്ങളുടെ നെടുവീര്‍പ്പുകള്‍ക്കും കുറവുണ്ടായി. ഭക്ഷണം, അതിലെ വൈവിധ്യങ്ങള്‍, രുചിപ്പെരുമകള്‍ ഇതെല്ലാം നമ്മുടെ സാംസ്‌കാരികപ്രകാശനത്തിലെ ഇനങ്ങളായി മാറിയതോടെ അടുക്കളയില്‍ അനേകം രുചികള്‍ പരീക്ഷിക്കപ്പെട്ടു. അടുക്കള പതിയെപ്പതിയെ ഒരു സര്‍ഗാത്മക ഇടമായി മാറി. ആ മാറ്റം പ്രശംസനീയമെങ്കിലും അടുക്കളകളുടെ സാമൂഹികത നഷ്ടപ്പെടുന്നത് കാണാതിരുന്നുകൂടാ. നമ്മള്‍ നില്‍ക്കുന്ന ഇടങ്ങള്‍ വിശാലമാകേണ്ടതുതന്നെ. പക്ഷേ അവിടെ നില്‍ക്കുന്നവരുടെ ഹൃദയങ്ങള്‍ വിശാലമാകുന്നില്ലെങ്കില്‍, നമ്മുടെ വീട്ടിലെ വിഭവങ്ങള്‍ അയല്പക്കത്തെ പട്ടിണിക്കാരെ തേടി ചെല്ലുന്നില്ലെങ്കില്‍ അടുക്കള വിസ്തൃതമാകുന്നതില്‍ സന്തോഷിക്കാന്‍ വകയുണ്ടോ? ■

Share this article

About ഫസീല മൊയ്ദു

faseelamoidu02@gmail.com

View all posts by ഫസീല മൊയ്ദു →

Leave a Reply

Your email address will not be published. Required fields are marked *