ഒളിച്ചോടിയ സൗഹൃദത്തിന്റെ ഓര്‍മ

Reading Time: 2 minutes

മൂവര്‍ സംഘം ഒരേ കാലയളവിലാണ് ആ കമ്പനിയില്‍ ജോലിക്ക് കയറിയത്. വിവിധ ഭാഷയും സംസ്‌കാരവും മേളിച്ച അവര്‍ ഒരേ മനസ്സോടെ ജോലിയില്‍ വ്യാപൃതരായി. താമസയിടത്തും അടുക്കളയിലും മാറിമാറി ജ്യേഷ്ഠാനുജന്മാരെ പോലെ പെരുമാറി.
കുടുംബ പ്രാരാബ്ധങ്ങള്‍, മാതാപിതാക്കളുടെ രോഗവിവരങ്ങള്‍, കുട്ടികളുടെ കളിതമാശകള്‍ എല്ലാം പരസ്പരം ഷെയര്‍ ചെയ്തും പഴയ കമ്പനിയിലെ അമളികള്‍ ഓർത്തെടുത്തും ദിനങ്ങള്‍ ആനന്ദകരമാക്കുകയും പരസ്പരം ഷെയറിങ്ങിലൂടെ ഇഴയടുപ്പം സാധ്യമാക്കുകയും ചെയ്തു.
മൂവരെയും ദുഃഖത്തിലാഴ്്ത്തിയാണ് ആ വാര്‍ത്തയറിഞ്ഞത.് കര്‍ണാടകക്കാരനായ ഉമറിന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. അത് ഓരോരുത്തരുടെയും ദുഃഖമായി. വീടിന്റെ വിളക്കാണല്ലോ ഓരോരുത്തര്‍ക്കും മാതാവ്. എല്ലാവരും ഉറങ്ങുമ്പോഴും ആ വിളക്കിന്റെ തിരി പ്രകാശമായി ജ്വലിച്ചുനില്‍ക്കുമല്ലോ. ആ വിളക്കാണ് എന്നെന്നേക്കുമായി അണഞ്ഞത്.
മരണാനന്തര ചടങ്ങുകള്‍ക്ക് ഉമറിന് എത്താന്‍ കഴിഞ്ഞില്ലെങ്കിലും രണ്ട് ദിവസത്തിനകം അവന്‍ ഉമ്മയുടെ ഖബറിനടുത്തെത്തി. വേദന തിന്നുകിടന്നിരുന്ന സമയത്ത് അവര്‍ മകന്റെ സാമീപ്യം ആഗ്രഹിച്ചു കാണും. പറയാന്‍ വിട്ടുപോയ സങ്കടങ്ങൾ അവർ മീസാന്‍ കല്ലുകളോട് പങ്കുവെച്ചുകാണും. പറയാന്‍ ബാക്കിവെച്ച ഒസ്യത്തുകള്‍ പച്ച മണ്ണ് മനസ്സിലാക്കുന്നുണ്ടാകും.
ഉമ്മയുടെ ചടങ്ങുകള്‍ക്കു ശേഷം ഉമര്‍ വന്നാല്‍ ഫായിസിന് നാട്ടില്‍ പോകണം. അവന്‍ വിവാഹം കഴിഞ്ഞു കുറച്ചു നാളുകള്‍ മാത്രമേ നാട്ടില്‍ നിന്നിട്ടുള്ളൂ. നാട്ടിലേക്കു കൊണ്ടുപോകാന്‍ പര്‍ച്ചേസ് ചെയ്യേണ്ട സാധനങ്ങളുടെ ലിസ്റ്റ് എഴുതി. പല ഘട്ടങ്ങളിലായി വിവിധയിടങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി. ഓഫീസില്‍ ഉമറിന്റെ അഭാവത്തില്‍ ഇരുവരും വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി.
ഒരുമാസത്തിന് ശേഷം ഉമര്‍ നാട്ടില്‍ നിന്നും തിരിച്ചുവന്നു. ജോലികളില്‍ പഴയ പോലെ മുഴുകി. ടിക്കറ്റ് ചാര്‍ജ് കൂടുതലായതുകൊണ്ട് ഫായിസിന്റെ യാത്ര നീണ്ടുപോയി.
ഫ്ലൈറ്റില്‍ കൊണ്ടുപോകാവുന്ന ഭാരത്തിനു മേലെയായാലും പിന്നെയും പര്‍ച്ചേസ് ചെയ്യുന്ന പ്രവാസിയുടെ പതിവുരീതിക്ക് മാറ്റം വരുത്താതെ അവന്‍ പിന്നെയും സാധനങ്ങള്‍ വാങ്ങാനിറങ്ങി. ഇപ്രാവശ്യം ഉമറും ഉത്സാഹത്തില്‍ മാളുകളില്‍ പര്‍ച്ചേസ് ചെയ്യാന്‍ ഒപ്പം കൂടി.
ഒരുനാൾ അര്‍ധരാത്രി പിന്നിട്ടപ്പോഴാണ് “ഇക്കാ എഴുന്നേല്‍ക്കൂ’ എന്ന് പറഞ്ഞു ഫായിസ് എന്നെ തട്ടിയുണര്‍ത്തുന്നത്. ഉമറിനെ കാണുന്നില്ല. റൂമിന്റെ പുറത്തേക്കുള്ള വാതില്‍ മലര്‍ക്കേ തുറന്നുകിടക്കുന്നു. രാത്രി പന്ത്രണ്ട് മണിവരെ മൊബൈല്‍ ചാറ്റിങ് വെളിച്ചത്തില്‍ അങ്ങേത്തലക്കല്‍ ബെഡ് സ്‌പെയ്‌സില്‍ അവർ കിടന്നിരുന്നു.
ഇപ്പോള്‍ രണ്ട് മണി. “ഏകദേശം രണ്ട് മണിക്കൂര്‍ മുന്നേ ഇവിടെയുണ്ടായിരുന്നല്ലോ’. ഞങ്ങള്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞു. അവന്റെ ഫോണില്‍ കോള്‍ ചെയ്തുനോക്കി, റിങ് ചെയ്യുന്നുണ്ട്. എടുക്കുന്നില്ല. ഞങ്ങള്‍ രണ്ടുപേരും എന്ത് ചെയ്യണമെന്നറിയാതെ പരസ്പരം മുഖത്തു നോക്കിനില്‍ക്കുന്നു. നേരിയ വിറയല്‍ അനുഭവപ്പെടുന്നുണ്ട്. നട്ടപ്പാതിര നേരത്ത് ആരോട് ചോദിക്കും?
ദുബൈയിലുള്ള ജ്യേഷ്ഠന്റെ അടുത്തേക്ക് പോയിക്കാണുമോ. എന്നാലും ഒരു വാക്ക് പറയാതെ… അതിനു സാധ്യതയില്ല. പരിശോധനയില്‍, കബോര്‍ഡ് തുറന്നു കിടക്കുന്നുണ്ട്. അവന്റെ ബാഗ് കാണുന്നില്ല. രാവിലെ അന്വേഷിക്കാമെന്ന് ഊഹിച്ച് ഞങ്ങള്‍ രണ്ടുപേരും കിടന്നു.
ഉറക്കത്തിലേക്ക് നീങ്ങുമ്പോള്‍ അവന്‍ വന്നു വിളിക്കുന്ന പോലെയനുഭവപ്പെടുന്നു. ഒരുവിധത്തില്‍ നേരം വെളുപ്പിച്ചു. ഓഫീസ് തുറന്നു എമിഗ്രേഷന്‍ സൈറ്റില്‍ നോക്കിയപ്പോഴാണറിയുന്നത് അവന്‍ നാട് വിട്ടിരിക്കുന്നു. ജ്യേഷ്ഠനെയും ബന്ധുക്കളെയും വിളിച്ചു ആരാഞ്ഞു. ആര്‍ക്കും ഒന്നുമറിയില്ല.
രാവിലെ കമ്പനിയില്‍ സംശയത്തിന്റെ നിഴലുകള്‍ വീഴുന്നു. ഞങ്ങള്‍ മൂന്നു പേരും ഒത്തുകളിച്ചുവെന്ന് ആരോപണം. മാനേജ്മെന്റ് മുഴുവന്‍ ഡോക്യുമെന്റുകളും പിടിച്ചുവെക്കുന്നു. അവന്‍ ആരെയാണ് ഭയന്നത്? എന്തിനാണ് ഈ ഒളിച്ചോട്ടം നടത്തിയത്?
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കിയാണ്. അഗാധമായ സൗഹൃദങ്ങളില്‍ നിന്ന് അപക്വമായ പെരുമാറ്റങ്ങള്‍ക്ക് നേര്‍സാക്ഷിയാവുമ്പോള്‍ അവിടെ ഇല്ലാതാകുന്നത് വിശ്വാസ്യതയും കൂറുമാണ്. എമര്‍ജന്‍സി യാത്രയെന്ന ഒരു വാക്കെങ്കിലും അവന് പറയാമായിരുന്നു. ഒരു ടീമിനെ തന്നെ അവന്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു!
വാതിലടക്കുമ്പോള്‍ ശബ്ദമുണ്ടായി മറ്റുള്ളവര്‍ അറിയരുത് എന്ന് കരുതിയായിരിക്കും അവന്‍ കബോര്‍ഡും വാതിലും തുറന്നിട്ടുപോയത്. ആരായിരിക്കും ആ അർധരാത്രിയില്‍ അവനെ എയര്‍പോര്‍ട്ടില്‍ വിട്ടത്? മുഴുവൻ ക്യാമറക്കണ്ണുകളെയും വെട്ടിച്ച് ഏത് വഴിയായിരിക്കും അവന്‍ പുറത്തു കടന്നത്? എന്ത് ചേതോവികാരമാണ് ഒരു വാക്ക് പറയാതിരിക്കാന്‍ അവനെ പ്രേരിപ്പിച്ചത്?
ജീവിതം, ജോലി, സമൂഹം എന്നിവയില്‍ എല്ലായിടത്തും പോസിറ്റീവ് എനര്‍ജി കിട്ടിക്കൊള്ളണമെന്നില്ല. പരിശ്രമങ്ങളിലൂടെയാണ് വിജയം എത്തിപ്പിടിക്കുക. അതിന് വിശ്വാസ്യത, ആത്മാർഥത എന്നിവയൊക്കെ കൈമുതലായുണ്ടാകണം.
ഉത്തരവാദിത്വമെന്നത് മനുഷ്യന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതാണ്. അത് കൃത്യമായി നിര്‍വഹിക്കുമ്പോഴേ സമൂഹത്തില്‍ വിലയുള്ളൂ. തോല്‍വികളില്‍ നിന്നുള്ള ഒളിച്ചോട്ടം ഭീരുത്വമാണ്. നമ്മുടെ ജീവിതമെന്ന നൗക ക്രമപ്പെടുത്തി മുന്നോട്ടു തെളിക്കുമ്പോള്‍ സ്നേഹവും സന്തോഷവും നമുക്കൊപ്പം ഓളങ്ങള്‍ സൃഷ്ടിക്കും. ആ പരന്നുകിടക്കുന്ന, തെളിമയാര്‍ന്ന ജലപ്പരപ്പ് തന്നെയാണ് നമ്മുടെയൊക്കെ പുരോഗതിയുടെ അടിസ്ഥാന ഘടകവും■

Share this article

About നിസാര്‍ പുത്തന്‍പള്ളി

nizarputhanpally@gmail.com

View all posts by നിസാര്‍ പുത്തന്‍പള്ളി →

Leave a Reply

Your email address will not be published. Required fields are marked *