തര്‍ക്കിക്കാം, തെറ്റരുത്‌

Reading Time: 2 minutes

മനുഷ്യജീവിതത്തിന്റെ ഓരോ അണുവിലും ഇടപെടുന്നുണ്ട് വിശുദ്ധ ഇസ്‌ലാം. ദുനിയാവില്‍ നല്ല ജീവിതം നയിച്ചവര്‍ക്കാണ് പരലോക വിജയം വാഗ്ദാനം ചെയ്യപ്പെട്ടത്. വ്യക്തിജീവിതത്തെയും സാമൂഹികജീവിതത്തെയും സൗന്ദര്യ വത്കരിക്കുന്ന മതപാഠങ്ങള്‍ പ്രമേയമാകുന്ന പുതിയ പംക്തി.


‎تُفْتَحُ أبْوابُ الجَنَّةِ يَومَ الاثْنَيْنِ، ويَومَ الخَمِيسِ، فيُغْفَرُ لِكُلِّ عَبْدٍ لا يُشْرِكُ باللَّهِ شيئًا، إلَّا رَجُلًا كانَتْ بيْنَهُ وبيْنَ أخِيهِ شَحْناءُ، فيُقالُ: أنْظِرُوا هَذَيْنِ حتَّى يَصْطَلِحا، أنْظِرُوا هَذَيْنِ حتَّى يَصْطَلِحا، أنْظِرُوا هَذَيْنِ حتَّى يَصْطَلِحا.
“സ്വര്‍ഗ വാതിലുകള്‍ എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും തുറക്കപ്പെടും. പടച്ചവന് പങ്കുകാരുണ്ടെന്ന് വാദിക്കാത്ത എല്ലാവര്‍ക്കും പാപങ്ങള്‍ പൊറുക്കപ്പെടും; പരസ്പരം തര്‍ക്കിച്ചു തെറ്റി നില്‍കുന്നവര്‍ക്കൊഴികെ. ഇവര്‍ രണ്ടു പേരും പരസ്പരം നന്നാവുന്നതു വരെ അവരുടെ കാര്യം അവിടെ നില്‍ക്കട്ടെ (3 തവണ ആവര്‍ത്തിക്കുന്നു) എന്നു പറയപ്പെടും'(മുത്ത് നബി(സ്വ): ഹദീസു മുസ്‌ലിം)
അര്‍ജന്റീന, ബ്രസീല്‍, ഫ്രാന്‍സ്, മൊറോക്കോ, ക്രൊയേഷ്യ.. 32 ടീമുകള്‍ മത്സരിക്കുന്ന കളിയില്‍ ആരു ജയിക്കുമെന്ന് കളി തുടങ്ങുന്നതിന് ആഴ്ചകള്‍ക്കു മുമ്പേ തീർപ്പു കല്പിച്ചു തര്‍ക്കം തുടങ്ങുക! അപ്പേരില്‍ പരസ്പരം തെറ്റുക. ആര്‍ക്കുവേണ്ടി തര്‍ക്കിച്ചോ അവര്‍ തോറ്റാല്‍ തല പാതി മൊട്ടയടിച്ചും മറ്റും സ്വന്തം ശരീരത്തെ തന്നെ വികൃതമാക്കുക. എതിര്‍പക്ഷത്തുള്ളയാളെ ആക്രമിക്കുകയും കണ്ടാല്‍ മിണ്ടാതിരിക്കുകയും ചെയ്യുക. ഇതാണല്ലോ ഇന്നത്തെ തര്‍ക്കങ്ങളുടെ പൊതു രീതി. ഇങ്ങനെ തര്‍ക്കിച്ചു പരസ്പരം അകന്നവർക്ക് പടച്ചവന്‍ മാപ്പ് ചെയ്യില്ലെന്ന്! തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ സ്വർഗവാതില്‍ പ്രത്യേകമായി തുറക്കപ്പെടുന്ന സമയങ്ങളിലെ ഇളവുകള്‍ ലഭ്യമാകില്ലെന്ന്! മുത്ത്നബിയെ മനസ്സുകൊണ്ട് അംഗീകരിച്ചുവെന്ന് പറയുന്നവർക്ക് ഈ താക്കീതിനെ അവഗണിച്ച് എങ്ങനെയാണ് മെസ്സിയുടെ ഗോളോ എംബാപെയുടെ ഗോളോ സുന്ദരം എന്ന് തര്‍ക്കിച്ച് കത്തിയെടുക്കാനാകുന്നത്?
തര്‍ക്കം പാടില്ലെന്ന് ഇസ്‌ലാം പറയുന്നില്ല. തര്‍ക്കിക്കാത്തവരായി ഇവിടെ ആരുണ്ട്? കാര്യമില്ലാത്ത കാര്യത്തിന് തര്‍ക്കിക്കുന്ന അന്തക്കേടിനോടാണ് ഇസ്‌ലാമിന്റെ വിയോജിപ്പ്; വീക്ഷണവ്യത്യാസങ്ങളുടെ പേരില്‍ നടക്കുന്ന ധൈഷണിക സംവാദങ്ങളോടല്ല. ധൈഷണിക സംവാദങ്ങളിലും തര്‍ക്കം വിഷയത്തില്‍ ചുരുക്കുകയും എതിര്‍പക്ഷത്ത് നില്‍ക്കുന്നയാളിലെ മനുഷ്യനെ ബഹുമാനിക്കുകയും വേണം. തര്‍ക്കത്തിന് മുമ്പുണ്ടായിരുന്ന അതേ ഊഷ്മളതയില്‍ വ്യക്തിബന്ധങ്ങള്‍ തുടരാനാകണം. എന്നാലേ പാപമോചനവും സ്വര്‍ഗപ്രവേശനവും സാധ്യമാകൂ എന്നാണ് തിരുദൂതരുടെ അരുളപ്പാട്. എല്ലാ തരം ഫാന്‍സുകളോടും സോഷ്യല്‍ മീഡിയ വാഴുന്നവരോടും കൂടിയാണ് ഈ അരുളപ്പാട്.
പരിഹാസം, എതിര്‍വാദങ്ങള്‍ കേള്‍ക്കാനുള്ള ക്ഷമയില്ലായ്മ, എതിര്‍ ന്യായങ്ങളെപ്പറ്റിയുള്ള അറിവില്ലായ്മ, മറ്റുള്ളവര്‍ക്കൊന്നും ഒരു ചുക്കും അറിയില്ലെന്ന പുച്ഛം തുടങ്ങിയവയെല്ലാം ചേരുമ്പോഴാണ് സംവാദത്തിന്റെ സൗന്ദര്യം അവസാനിച്ച് തര്‍ക്കത്തിന്റെ രൗദ്രത പ്രകടമാകുന്നത്. ലിബറലിസ്റ്റുകളുടെ സംവാദങ്ങള്‍ അങ്ങാടിതര്‍ക്കങ്ങളെ പോലെ നിലവാരം താഴുന്നത് ഇക്കാരണത്താലാണ്. ഈയിടെ നടന്ന ലിബറലിസ്റ്റ് / മുസ്‌ലിം സംവാദത്തിലും കണ്ടു ഡിങ്കനും മുങ്കനും തുടങ്ങിയുള്ള പരിഹാസങ്ങള്‍.
ഏറ്റവും വലിയ സത്യനിഷേധിയായ ഫിര്‍ഔനിനൊട് ചെന്ന് സംവദിക്കാന്‍ മൂസാ നബിയോടും ഹാറൂണ്‍ നബിയോടും പടച്ചവന്‍ കല്പിക്കുന്നുണ്ട്. മാന്യമായ ശൈലിയിലും ഭാഷയിലുമേ അത് പാടുള്ളുവെന്ന് മുന്നറിയിപ്പ് നല്‍കിയാണ് പറഞ്ഞു വിടുന്നത്.
(و قولا له قولا لينا) ഫിര്‍ഔനിനെ അയാള്‍ക്കിഷ്ടപ്പെടും വിധമുള്ള പേര് കൊണ്ടേ സംബോധന ചെയ്യാവൂ എന്നതു കൂടി ഈ കല്പനയുടെ പരിധിയിലുണ്ടെന്നത് ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ പണ്ഡിതന്മാര്‍ പറയുന്നുണ്ട്. നോക്കൂ, തര്‍ക്കത്തിന്റെ സൗന്ദര്യം ഇസ്‌ലാം എത്ര മനോഹരമായാണ് പഠിപ്പിക്കുന്നതെന്ന്. ഏറ്റവും മഹത്തായ സത്യമായ തൗഹീദുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ എതിരാളിയോട് സംവദിക്കുമ്പോള്‍ പോലും അയാൾക്ക് ഏറ്റവും ഇഷ്ടമുള്ള വാക്കുകള്‍ കൊണ്ട് അയാളെ സംബോധന ചെയ്യണം. മതത്തിന്റെ ബാഹ്യ / ആന്തരിക എതിരാളികളോട് മതത്തിനു വേണ്ടി തര്‍ക്കിക്കുന്നവരില്‍ പലരും മറന്നു പോയ ഒരു പാഠം. സംവാദ രാഷ്ട്രീയത്തിലൂടെ നാട് നിര്‍മിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ആശയങ്ങൾക്ക് പകരം കസേരകള്‍ കൊണ്ട് പരസ്പരം എറിയുകയും കോടതി നിരങ്ങുകയും ചെയ്യുന്ന ഇക്കാലത്ത് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സംവാദത്തിന്റെ ഈ സൗന്ദര്യം എന്തുമാത്രം പ്രസക്തമാണ്! ■

Share this article

About അബ്ദുല്ല വടകര

a.nalupurayil@mushrif.com

View all posts by അബ്ദുല്ല വടകര →

Leave a Reply

Your email address will not be published. Required fields are marked *