മസ്ജിദുല്‍ ബൈഅഃ ഉടമ്പടികളുടെ സ്മാരകം

Reading Time: < 1 minutes

മുത്തുനബിയുടെ ജീവിതസന്ദര്‍ഭങ്ങളുമായി ബന്ധപ്പെടുന്ന മസ്ജിദുകളുടെ ചരിത്രത്തിലേക്കുള്ള എത്തിനോട്ടം.



ഇസ്‌ലാമിക പ്രബോധനത്തിന് രാജ്യത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് പുതിയ വാതായനങ്ങള്‍ തുറന്ന, സുശക്തമായ രാഷ്ട്രനിര്‍മിതിക്ക് വഴിയൊരുക്കിയ മദീനാ നിവാസികള്‍ പ്രവാചകര്‍(സ്വ)യുമായി നടത്തിയ രണ്ട് സുപ്രധാന കരാറുകളുടെ ഓര്‍മയിലാണ് ഈ പള്ളിയുടെ സംസ്ഥാപനം. ഒന്നാം അഖബഃ, രണ്ടാം അഖബഃ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ചരിത്ര പ്രസിദ്ധമായ രണ്ട് ഉടമ്പടികള്‍ നടന്നതിവിടെയായിരുന്നു.
പ്രവാചകത്വത്തിന്റെ പന്ത്രണ്ടാം വര്‍ഷം ഹജ്ജ് സീസണില്‍ മദീനയില്‍ നിന്നെത്തിയ പന്ത്രണ്ട് പേരടങ്ങുന്ന സംഘം അഖബയില്‍ വെച്ച് രഹസ്യമായി ഉടമ്പടി ചെയ്തു. “ഞങ്ങള്‍ ബഹുദൈവാരാധന നടത്തുകയില്ല, കളവ് നടത്തുകയോ വ്യഭിചരിക്കുകയോ കൊലപാതകം ചെയ്യുകയോ ഇല്ല, വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളും മതകാര്യങ്ങള്‍ക്കെതിരെയുള്ള ഇടപെടലുകളും ഞങ്ങളില്‍ നിന്നുണ്ടാവില്ല’ തുടങ്ങിയ കാര്യങ്ങളായിരുന്നു കരാറിലുണ്ടായിരുന്നത്.
“മേല്‍ പ്രഖ്യാപനങ്ങള്‍ സാധൂകരിച്ചാല്‍ നിങ്ങള്‍ക്ക് സ്വര്‍ഗം ലഭിക്കും. വൈരുധ്യാധിഷ്ഠിത മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ നിങ്ങളുടെ വിഷയങ്ങളില്‍ അല്ലാഹു യുക്തമായ തീരുമാനം കൈകൊള്ളും’. നബി(സ്വ) അവരെ ബോധ്യപ്പെടുത്തി. ഇത്തരം നീതിനിഷ്ഠമായ സമര്‍പ്പണങ്ങളായിരുന്നു ആദ്യ അഖബാ കരാറിന്റെ സംക്ഷിപ്തം.
അടുത്ത വര്‍ഷം ഹജ്ജിനെത്തിയ അന്‍സ്വാരികളായ രണ്ട് സ്ത്രീകളും എഴുപത്തിമൂന്ന് പുരുഷന്‍മാരുമടങ്ങുന്ന വലിയൊരു സംഘം രാത്രിയില്‍ അതീവ രഹസ്യമായി അഖബയില്‍ വെച്ച് തിരുനബി(സ്വ)യോട് പ്രതിജ്ഞ ചെയ്തു.
അവിശ്വാസിയായിരുന്ന പിതൃവ്യനായ അബ്ബാസ് ബ്നു അബ്ദുല്‍ മുത്വലിബായിരുന്നു റസൂല്‍(സ്വ)യുടെ സംരക്ഷകനും സഹായിയുമായി അന്നേരം കൂടെ ഉണ്ടായിരുന്നത്.
“മുഹമ്മദിന് ഞങ്ങള്‍ നല്‍കുന്ന സ്ഥാനം നിങ്ങള്‍ക്കറിയില്ലേ? ഇത്രയും കാലം പൂര്‍ണ സംരക്ഷണം അദ്ദേഹത്തിന് ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്വരാജ്യത്ത് അഭിമാനത്തോടെയും സ്വതന്ത്രമായും ജീവിക്കുകയാണദ്ദേഹം. എങ്കിലും നിങ്ങളുടെ നാട്ടിലേക്ക് താമസം മാറ്റണമെന്നും നിങ്ങളോടൊപ്പം നില്‍ക്കണമെന്നും മുഹമ്മദ് ആഗ്രഹിക്കുന്നുണ്ട്. പറഞ്ഞ കരാറുകള്‍ പാലിക്കാന്‍ നിങ്ങള്‍ പ്രതിജ്ഞാബദ്ധരാവുകയും മുഹമ്മദിന് പൂര്‍ണ സുരക്ഷിതത്വം നല്‍കുകയും ചെയ്യണം’. എന്നിങ്ങനെ അർഥഗര്‍ഭമായിത്തന്നെ അബ്ബാസ് (റ) അവരോട് സംസാരിച്ചു. അബ്ബാസ് (റ)ന്റെ ഈ ഇടപെടലിന്റെ സ്മരണ കൂടി ഈ മസ്ജിദിന്റെ നിര്‍മാണത്തിലൂടെ അബ്ബാസിയ്യ ഭരണകൂടം ലക്ഷ്യം വെച്ചിരുന്നു.
“നിങ്ങള്‍ അല്ലാഹുവിന് മാത്രം ആരാധിക്കുക, അവനില്‍ പങ്കുചേര്‍ക്കരുത്, നിങ്ങള്‍ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതുപ്രകാരം എന്നെയും സംക്ഷിക്കുക’. വിശുദ്ധ ഖുര്‍ആനിന്റെ സൂക്തങ്ങളുദ്ധരിച്ച് നബി(സ്വ) പ്രഖാപിച്ചു.
“അങ്ങ് ആഗ്രഹിക്കുന്നതിലപ്പുറം ഞങ്ങള്‍ കാര്യനിര്‍വ്വഹണം നടത്തു’മെന്ന നിശ്ചയത്തോടെ തിരുനബി(സ്വ)യുടെ കരങ്ങള്‍ പിടിച്ച് അവര്‍ ബൈഅത് ചെയ്തു. ഇതായിരുന്നു രണ്ടാം ഉടമ്പടിയുടെ ഹ്രസ്വരൂപം. ഇസ്‌ലാമിക ചരിത്രത്തിലെ നാഴികക്കല്ലായ ഈ രണ്ട് കരാറുകളുടെയും അവിസ്മരണീയമായ കഥപറയുകയാണ് മസ്ജിദുല്‍ ബൈഅഃ.
മസ്ജിദുല്‍ അഖബഃയെന്നും ഈ പള്ളിക്ക് പേരുണ്ട്. ഹിജ്റ 144 ല്‍ അബ്ബാസിയ്യ ഭരണാധികാരി അബൂ ജഅ്ഫറുല്‍ മന്‍സൂറാണ് ഈ മസ്ജിദ് നിര്‍മിച്ചത്. മസ്ജിദിന്റെ പഴമ വിളിച്ചോതുന്ന പൗരാണിക അറബി ലിബിയില്‍ എഴുതപ്പെട്ട രണ്ട് ശിലകള്‍ പുനരുദ്ധാരണം നടത്തപ്പെട്ട പള്ളിയുടെ ഭിത്തിയില്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇപ്പോള്‍ ദൃശ്യമാകുന്ന മസ്ജിദിന്റെ നിര്‍മിതി ഫഹദ് ബ്നു അബ്ദില്‍ അസീസ് രാജാവിന്റെ ഭരണകാലത്തുള്ളതാണ്. 500 മീറ്റര്‍ വിസ്തൃതിയുള്ള ഈ പള്ളിയില്‍ ഒരേ സമയം അറുപതിലധികം പേര്‍ക്ക് നിസ്‌കരിക്കാന്‍ സാധിക്കും. ദീര്‍ഘ ചതുരാകൃതിയിലുളള പള്ളിക്ക് ഉയര്‍ന്ന ചുറ്റുമതിലോട് കൂടെ വിശാലമായ നടുമുറ്റവുമുണ്ട്. മിനായിലെ ജംറതുല്‍ അഖബഃയില്‍ നിന്ന് 300 മീറ്റര്‍ അകലത്തിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.
സഊദി ഭരണകൂടത്തിന്റ ചരിത്രസംരക്ഷണത്തിന്റെ ഭാഗമായി പൈതൃക തനിമയോടെ മസ്ജിദുല്‍ ബൈഅഃ ഇന്നും നിലനില്‍ക്കുന്നു ■
അവലംബം: താരീഖു മക്കത്തില്‍ മുകര്‍റമഃ

Share this article

About അബ്ദുല്ല സഖാഫി വിളത്തൂര്‍

vilathoorsaqafi@gmail.com

View all posts by അബ്ദുല്ല സഖാഫി വിളത്തൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *