മറക്കാനാകാത്ത സര്‍ഗാത്മക വ്യക്തിത്വം

Reading Time: 2 minutes

ആധുനിക-ഉത്തരാധുനിക ഭാവുകത്വങ്ങളിലെ ലാവണ്യ-ബൗദ്ധിക സാന്നിധ്യമായിരുന്നു കഴിഞ്ഞ നവംബര്‍ മൂന്നിന് നമ്മെ പിരിഞ്ഞുപോയ ടി പി രാജീവന്‍. അദ്ദേഹത്തിന്റെ സമകാലികനായി എഴുതാനും സൗഹൃദം പങ്കിടാനും കഴിഞ്ഞത് ഭാഗ്യമാണെന്ന് കരുതുന്നു. രാഷ്ട്രീയാധുനികതയുടെ ഭാവുകത്വത്തില്‍ കവിതയെഴുതുകയും പിന്നീട് ഉത്തരാധുനിക പ്രവണതകളിലേക്ക് സഞ്ചരിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ കവിത നവീനവഴികളിലൂടെയാണ് സഞ്ചരിച്ചിരുന്നത്. ആറ് കവിതാസമാഹരങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. അദ്ദേഹത്തിന്റെ വേര്‍പിരിയലിനുശേഷമാണ് “നീല കൊടുംവേലി’ എന്ന സമാഹാരം പുറത്തിറങ്ങിയത്. കണ്ണകി, വാതില്‍, രാഷ്ട്രതന്ത്രം, ഹൊഗനല്‍, നീല കൊടുംവേലി തുടങ്ങി അനേകം കവിതകള്‍ വായനക്കാരുടെ മനസില്‍ മായാതെ കിടക്കുന്നു.
കവിയായി എഴുത്തുജീവിതം ആരംഭിച്ച അദ്ദേഹം ആവിഷ്‌കാരത്തിന്റെ പുതിയ തലങ്ങള്‍ തേടി നോവലുകളും എഴുതി. തന്റെ ദേശത്തിന്റെ നാട്ടോര്‍മകളില്‍ നിന്ന് പരുവപ്പെടുത്തിയെടുത്തവയായിരുന്നു അവ. അദ്ദേഹമെഴുതിയ മൂന്ന് നോവലുകളെയും വായനക്കാര്‍ താത്പര്യത്തോടെ സ്വീകരിച്ചു. അവയില്‍ രണ്ടെണ്ണം പ്രമുഖ സംവിധായകന്‍ സിനിമയാക്കുകയും മലയാളിയുടെ ദൃശ്യസംസ്‌കാരത്തിന്റെ ഭാഗമാകുകയും ചെയ്തു.
മലയാളത്തില്‍ കവിതകളെഴുതി ലബ്ധപ്രതിഷ്ഠനായ ശേഷം ഇംഗ്ലീഷിലും കവിതകളെഴുതി ആഗോളതലത്തില്‍ എത്തിച്ചേരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹത്തിലൂടെ നമ്മുടെ നാട് വിദേശങ്ങളില്‍ അറിയപ്പെട്ടു. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് കവിതകള്‍ വിദേശങ്ങളിലെ പല സ്ഥലങ്ങളിലും പ്രസിദ്ധീകരിച്ചു. “തേര്‍ഡ് വേര്‍ഡ് പോസ്റ്റ് സോഷ്യലിസ്റ്റ് പോയട്രി’ എന്ന പേരില്‍ ഒരു വിദേശ കവിയുമൊന്നിച്ച് പുസ്തകം അദ്ദേഹം എഡിറ്റു ചെയ്യുകയും ചെയ്തു. ലോകത്തെ പല പ്രമുഖ കവികളുമായി നേരിട്ട് സന്ധിക്കാനും കവിതാ വർക്്ഷോപ്പുകളില്‍ പങ്കാളിയാകാനും കഴിഞ്ഞു.
എന്റെ ജീവിതത്തിന്റെ ഒരു പ്രത്യേക സന്ദർഭത്തിലാണ് ഞാൻ രാജീവനെ കണ്ടുമുട്ടുന്നത്. കൗമാരശേഷം കവിതയില്‍ മുഴുകി ജീവിച്ചിരുന്ന എന്റെ രചനകള്‍ പന്ത്രണ്ടുവര്‍ഷത്തോളം ഒരു കൈയെഴുത്തു മാസികയില്‍ പോലും വെളിച്ചം കണ്ടിരുന്നില്ല. തൊണ്ണൂറുകളുടെ തുടക്കത്തില്‍ പ്രമുഖ കവി കെ ജി ശങ്കരപ്പിള്ളയെ കണ്ടുമുട്ടിയതോടെ അദ്ദേഹത്തിലൂടെ എന്റെ കവിതകള്‍ പുറംലോകത്തെത്തി. അദ്ദേഹം അന്ന് എഡിറ്റു ചെയ്തിരുന്ന സമകാലീന കവിതയിലൂടെയാണ് അവ പുറത്തുവന്നത്. കോഴിക്കോട്ട് നിന്നിറങ്ങിയ ജയകേരളം മാസികയിലാണ് കവിത ആദ്യമായി വന്നത്. അതിന്റെ പത്രാധിപസമിതിയില്‍ ടി പി രാജീവന്‍ ഉണ്ടായിരുന്നു.
കവിതകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരുന്ന ആ നാളുകളില്‍, കൈയില്‍ വേണ്ടത്ര പണം ഇല്ലാതെ ഞാന്‍ ദീര്‍ഘയാത്രകള്‍ നടത്തി. ഒരിക്കല്‍ നിത്യചൈതന്യയതിയുടെ ഊട്ടിയിലെ ആശ്രമത്തിലേക്കാണ് പോയത്. അവിടെ നിന്ന് കോഴിക്കോട് എലത്തൂരൂള്ള പി എന്‍ ദാസിന്റെ അടുക്കലെത്തി. അദ്ദേഹത്തിന്റെ വൈദ്യശാസ്ത്രം ഓഫീസില്‍ കുറച്ചുനാള്‍ തങ്ങി. ദാസ് എനിക്ക് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ വനശാസ്ത്ര വിഭാഗം പ്രൊഫസര്‍ ജോണ്‍ ബേബിക്ക് ഒരു കത്തു തന്നു. യൂനിവേഴ്സിറ്റിയില്‍ എത്തിയപ്പോള്‍ രാജീവന്‍ പബ്ലിക് റിലേഷന്‍ ഓഫീസറായി അവിടെയുണ്ടെന്നറിഞ്ഞു. വൈസ് ചാന്‍സലറുടെ ഓഫീസിനരികിലുള്ള അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ചാണ് രാജീവനെ ഞാന്‍ ആദ്യമായി നേരില്‍ കാണുന്നത്. ഞാന്‍ എത്തിയത് അദ്ദേഹത്തിന് വളരെ സന്തോഷമായി. ഞങ്ങള്‍ പുതിയ കവിതകള്‍ വായിക്കുകയും പരസ്പരം അഭിപ്രായങ്ങള്‍ ആരായുകയും ചെയ്തു. ജോണ്‍ ബേബി തന്റെ വീട്ടില്‍ എന്നെ കുറച്ചുനാള്‍ താമസിപ്പിച്ചിരുന്നു. യൂനിവേഴ്സിറ്റി ക്യാമ്പസിലായിരുന്നു രാജീവന്റെ വീടും ജോണ്‍ ബേബിയുടെ വീടും. അതുകൊണ്ട് നിത്യം രാജീവനെ കാണാനും സൗഹൃദം കുറേക്കൂടി ദൃഢമാക്കാനും സാധിച്ചു.
പിന്നീട് വീട്ടിലെത്തിയ ശേഷം ഞാന്‍ രാജീവനെഴുതി. അതിനെല്ലാം കൃത്യമായ മറുപടിയും വന്നു. എന്റെ കുറച്ചു കവിതകള്‍ അദ്ദേഹം മുന്‍കൈയെടുത്ത് പ്രമുഖ മാസികകളില്‍ തുടർച്ചയായി പ്രസിദ്ധീകരിച്ചു. ഇടയ്ക്ക് നീണ്ട അലച്ചിലുകള്‍ക്കിടയില്‍ കോഴിക്കോട്ടെത്തുമ്പോള്‍ രാജീവനെ യൂനിവേഴ്സിറ്റിയില്‍ പോയി കണ്ടു. പലപ്പോഴും അദ്ദേഹം വീട്ടില്‍ കൊണ്ടുപോയി ചോറുതരികയും ചെറിയ സാമ്പത്തിക സഹായങ്ങള്‍ ചെയ്കയും ചെയ്തു. ഇത്തരം കൂടിച്ചേരലുകളില്‍ കവിതയോടുള്ള ഉറച്ച സമീപനം പങ്കുവെക്കുക പതിവായിരുന്നു. അതിവൈകാരികതയെയും കാല്‍പനികതയെയും ഒട്ടും അംഗീകരിച്ചിരുന്നില്ല. എഴുതുമ്പോള്‍ വാക്കുകളുടെ ഒഴുക്കില്‍ മുങ്ങിപ്പോകാതെ അവയ്ക്കുമേല്‍ നടക്കാൻ കഴിയണമെന്ന് എന്നോട് പലവട്ടം പറയുമായിരുന്നു. ഭാഷയെ എങ്ങനെ മൂര്‍ച്ചയുള്ളതാക്കാമെന്നും കവിതയില്‍ എഡിറ്റിങിന് എത്ര വലിയ പങ്കുണ്ട് എന്നും അദ്ദേഹത്തില്‍ നിന്നും ഞാന്‍ മനസിലാക്കി.
അവാങ്ങ് ഗാര്‍ഡ് സ്വഭാവം കൊണ്ടാണ് എന്റെ കവിതയെ അദ്ദേഹം ഇഷ്ടപ്പെടുന്നതെന്ന് ഒരിക്കല്‍ പറഞ്ഞു. പിന്നീട് കാലത്തിന്റെയൊഴുക്കില്‍ ഞങ്ങളുടെ ബന്ധം ക്രമേണേ നിലച്ചുപോയി.
രണ്ടായിരത്തിന്റെ മധ്യത്തില്‍ ഞാന്‍ കോഴിക്കോട് വെള്ളിമാട്കുന്നില്‍ മലര്‍വാടിയുടെ എഡിറ്ററായി ചാര്‍ജെടുത്തതോടെയാണ് വീണ്ടും അടുത്തത്. നളന്ദക്കരികിലെ കോംപ്ലക്സിലെ ഫിലിം സൊസൈറ്റി ഓഫീസില്‍ സുഹൃത്തുക്കള്‍ എന്റെ കവിതയെക്കുറിച്ച് ഒരു ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. വളരെ തിരക്കായിട്ടും അദ്ദേഹം അതില്‍ പങ്കെടുത്തു. ആ ദിവസത്തെ മറക്കാത്ത ഒരു ഓര്‍മ, എനിക്ക് ഒരു കുട്ടിക്കവിത നിന്ന നില്പില്‍ ചുമരില്‍ കടലാസ് വെച്ച് എഴുതി തന്നതാണ്. അത് ഞാന്‍ മലര്‍വാടിയില്‍ പ്രസിദ്ധീകരിച്ചു.
“പാലേരി മാണിക്യം ഒരു പാതിരകൊലപാതകം’ എന്ന നോവൽ സിനിമയായപ്പോള്‍ അതിനെപ്പറ്റി ഒരു ചര്‍ച്ച എസ് കെ പൊറ്റക്കാട് നിലയത്തില്‍ സംഘടിപ്പിച്ചിരുന്നു. സംവിധായകന്‍ രഞ്ജിത്, കല്‍പറ്റ നാരായണന്‍ മുതലായവര്‍ പങ്കെടുത്ത ആ പ്രോഗ്രാമില്‍ ഞാനും പോയിരുന്നു. പിന്നീടും ഞങ്ങള്‍ നഗരത്തില്‍ പലയിടത്തും വെച്ച് കണ്ടുമുട്ടുക പതിവായിരുന്നു. വ്യക്തിയില്‍ ഉണ്ടായിരിക്കേണ്ട അന്വേഷണ സ്വാതന്ത്ര്യത്തെ അസാധാരണമാം വണ്ണം നിലനിര്‍ത്തിയിരുന്ന എഴുത്തുകാരനാണ് അദ്ദേഹം. സാംസ്‌കാരിക വകുപ്പു സെക്രട്ടറിയായി നിയമിതനായ കാലത്തും ആരെയും കൂസാത്ത പ്രകൃതം നിലനിറുത്തി.
താന്‍ ജനിച്ച സ്ഥലത്ത് വരാന്‍പോകുന്ന കരിങ്കല്‍ ക്വാറികളെ തടയാനും ചെങ്ങോട്ടുമലയെ സംരക്ഷിക്കാനും മുന്നില്‍നിന്നു പ്രവര്‍ത്തിച്ചു. 2018ലായിരുന്നു അത്. വലിയ പദവികളില്‍ ഇരിക്കുമ്പോഴും, വലിയ ബഹുമതികള്‍ നേടുമ്പോഴും എല്ലാവരെയും തുല്യരായി കാണാനുള്ള മനസ് അദ്ദേഹത്തിനുണ്ടായിരുന്നു. സൗഹൃദത്തെ വലിയ കാര്യമായി അദ്ദേഹം കണ്ടിരുന്നു. എല്ലാവരുടെയും തോളില്‍ കൈയിട്ടു സ്നേഹിക്കുന്ന ഒരു നാടന്‍ മനുഷ്യന്‍ അദ്ദേഹത്തില്‍ വസിച്ചിരുന്നു. ഞാന്‍ ഉന്മാദിയായ് അലഞ്ഞിരുന്ന കാലത്ത് എന്നെ നല്ല നിലയില്‍ പരിഗണിച്ചിരുന്നു. “നാസിമുദ്ദീനേ…’ ആ വിളി ചെവിയില്‍ ഇപ്പോഴും മുഴങ്ങുന്നു ■

Share this article

About പി എ നാസിമുദ്ദീന്‍

panazeem@gmail.com

View all posts by പി എ നാസിമുദ്ദീന്‍ →

Leave a Reply

Your email address will not be published. Required fields are marked *