സര്‍വാധിപനായ അല്ലാഹു

Reading Time: 2 minutes

“സര്‍വാധിപത്യം ആരുടെ കൈയിലാണോ അവന്‍ അങ്ങേയറ്റം അനുഗ്രഹപൂര്‍ണനായിരിക്കുന്നു. അവന്‍ ഏതു കാര്യത്തിനും പൂര്‍ണമായും കഴിവുള്ളവനാകുന്നു’. (മുൽക് 1)
സൂറത്തുല്‍ മുല്‍കിലെ ആദ്യ വചനമാണിത്. മുപ്പത് ആയത്തുകളുള്‍ക്കൊള്ളുന്ന സൂറത്തുല്‍ മുല്‍ക് തുടങ്ങുന്നത് തന്നെ തബാറക എന്ന പദം പ്രയോഗിച്ചുകൊണ്ടാണ്. വിശുദ്ധ ഖുര്‍ആനില്‍ തബാറക എന്ന പദം കൊണ്ട് രണ്ടു സൂറത്തുകളാണ് തുടങ്ങിയിരിക്കുന്നത്. സൂറത്തുല്‍ ഫുര്‍ഖാനും സൂറത്തുല്‍ മുല്‍കും. ഈ രണ്ടു സൂറത്തും അല്ലാഹുവിന്റെ ഏറ്റവും ഉന്നതവും മഹത്വപൂര്‍ണവുമായ വിശേഷണങ്ങള്‍ അവതരിപ്പിച്ചാണ് തുടങ്ങുന്നത്. പ്രസ്തുത വിശേഷണങ്ങള്‍ക്ക് മുമ്പാണ് തബാറക പ്രയോഗിച്ചിരിക്കുന്നത്. അഥവാ ഏറ്റവും മഹത്വമുള്ള വിശേഷണങ്ങളില്‍ രണ്ടെണ്ണം അവതരിപ്പിച്ചരിക്കുന്നത് തബാറക എന്ന് മുന്നില്‍ ചേര്‍ത്തിയാണ്. സൂറത്തുല്‍ ഫുര്‍ഖാനില്‍ അല്ലാഹു വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ച തന്റെ വിശേഷണത്തെയാണ് പരിചയപ്പെടുത്തുന്നത്. എന്നാല്‍ സൂറത്തുല്‍ മുൽകില്‍ സര്‍വാധിപത്യം അല്ലാഹുവിന്റെ കൈയിലാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.
“ആരുടെ കൈയിലാണോ അവന്‍’ എന്നാണല്ലോ ഇവിടെ തബാറകയോടൊപ്പം അല്ലാഹു പറഞ്ഞത്. രണ്ടു സൂറത്തുകളിലും ഇപ്രകാരം അല്ലാഹ് എന്ന പേര് പറയാതെ അല്ലാഹുവിന്റെ വിശേഷണം കൊണ്ട് തുടങ്ങുന്നതുതന്നെ പ്രസ്തുത വിഷയങ്ങളുടെ ഗൗരവം അറിയിക്കുന്നതാണ്. അറബിഭാഷയില്‍ ഇത്തരം പ്രയോഗങ്ങള്‍ ഗൗരവതരമായ ഇടങ്ങളില്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ; അല്ലെങ്കില്‍ അതീവ ശ്രദ്ധ ആവശ്യമുള്ളിടത്ത്. ഇങ്ങനെ ആവശ്യാനുസാരം ഉപയോഗിക്കുന്നത് അറബിഭാഷയുടെ സാഹിത്യഭംഗിയില്‍ പെട്ടതുമാണ്. അഥവാ വളരെ വലിയ സാഹിത്യഭംഗിയിലും ആശയസമ്പുഷ്ടതയിലുമാണ് ഈ സൂറത്ത് ആരംഭിക്കുന്നതു തന്നെ.
തബാറക എന്ന പദം വര്‍ധനവ്, ഒരുപാട് ഗുണങ്ങള്‍ എന്നൊക്കെ അര്‍ഥം വരുന്ന ബറകത് എന്ന പദത്തില്‍ നിന്ന് വന്നതാണ്. പ്രസ്തുത പദം അല്ലാഹുവിലേക്ക് ചേര്‍ത്തിപ്പറയുമ്പോള്‍ കൂടുതല്‍ ഗുണവും അനുഗ്രഹവും ചെയ്യുന്നവന്‍ എന്നൊക്കെ അര്‍ഥം കൈവരും. ജനനം മുതല്‍ മരണം വരെ നമുക്ക് ഓരോ നിമിഷവും അവന്‍ തരുന്ന അനുഗ്രഹങ്ങള്‍ക്ക് ഒരു കണക്കുമില്ലല്ലോ. അവയോരോന്നും എണ്ണാന്‍ തീരുമാനിച്ചാല്‍ നിങ്ങള്‍ക്ക് അതിന് സാധിക്കുകയില്ല എന്നും അല്ലാഹു പരിശുദ്ധ ഖുര്‍ആന്‍ മുഖേന ഉണര്‍ത്തി. ഇതിലപ്പുറം അനുഗ്രഹങ്ങളാണ് വിശ്വാസികള്‍ക്ക് മരണാനന്തരം വരുന്നത്. മരണശേഷവും തുടരുന്ന അവന്റെ അനുഗ്രഹങ്ങള്‍ക്ക് തീര്‍ച്ചയായും നാം നന്ദി ചെയ്‌തേ മതിയാവൂ. നന്ദി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ നല്‍കും എന്നാണ് അവന്‍ നമ്മോട് വാഗ്ദാനം ചെയ്തത്.
തബാറകയുടെ മറ്റൊരര്‍ഥത്തില്‍ അല്ലാഹുവിന്റെ പരിശുദ്ധി വളരെ ഉന്നതമാണ് എന്ന് സൂചിപ്പിക്കുന്നു. മറ്റൊന്നിലേക്കും ആവശ്യമില്ലാത്തവനും സ്വയം നിലനില്പുള്ളവനും യഥാർഥത്തില്‍ ഉള്ളവനും അവന്‍ മാത്രമുള്ളൂ എന്നും ഇതിലൂടെ അല്ലാഹു പ്രഖ്യാപിക്കുകയാണ്. അതാണ് യഥാര്‍ഥ പരിശുദ്ധി. വേറെയൊന്നിനെയും ആശ്രയിക്കാത്ത അല്ലാഹു എന്നാണ് ഇതിനര്‍ഥം. മറ്റൊന്നിനെ ആശ്രയിക്കുക എന്നത് ഒരു ന്യൂനതയാണ്. അല്ലാഹു എല്ലാത്തിന്റെയും സ്രഷ്ടാവായതുകൊണ്ടുതന്നെ അതൊരിക്കലുമുണ്ടാവില്ല.
തബാറകക്കു ശേഷം പറയുന്ന വിശേഷണങ്ങള്‍ക്ക് യഥാർഥത്തില്‍ അവകാശപ്പെട്ടവന്‍ അല്ലാഹു മാത്രമാണ് എന്നതിനാൽ തബാറക എന്ന വിശേഷണം അല്ലാഹു അല്ലാത്തവര്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല എന്ന് പണ്ഡിതലോകം പറയുന്നതായി കാണാം. ഇമാം ഇസ്മാഈലുല്‍ ഹിഖി(റ) തന്റെ റൂഹുല്‍ ബയാന്‍ എന്ന തഫ്‌സീറില്‍ ഇക്കാര്യം വിശദീകരിച്ചിരിക്കുന്നു.
സര്‍വാധികാരവും അവന്റെ കൈയില്‍ സുഭദ്രമാണ് എന്നാണു പ്രധാനമായും ഈ ആയത്തില്‍ അല്ലാഹു പറയുന്നത്. കൈ എന്ന പ്രയോഗം ആലങ്കാരികം മാത്രമാണ് എന്ന് പറയേണ്ടതില്ല. കാരണം അല്ലാഹു അവയവങ്ങള്‍ ഉള്ളവനോ അതില്‍ ആശ്രിതനോ അല്ല. അവയവങ്ങളോ ശരീരമോ ഉള്ള ഒന്നിനെ അതിലേക്ക് ആശ്രയമുള്ളവന്‍ എന്നേ പറയൂ. ശരീരമില്ലെങ്കില്‍ ആ ഒന്ന് ഉണ്ടാവില്ല. അപ്പോള്‍ ശരീരത്തിലേക്ക്, അവയവങ്ങളിലേക്ക്, അവയുടെ കൂടിച്ചേരലിലേക്ക് എല്ലാം ആവശ്യമുള്ള ഒരു അല്ലാഹുവിനെയായിരിക്കും സങ്കല്പിക്കാനാവുക. ഇത് അവന്‍ നിരാശ്രയനാണ് എന്ന ആശയത്തിന് വിപരീതമാണ്. സൂറത്തുല്‍ ഇഖ്‌ലാസില്‍ അല്ലാഹു പ്രധാനമായും പഠിപ്പിച്ചത് അല്ലാഹു നിരാശ്രയനാണ് എന്നാണല്ലോ. ഒരാള്‍ ചെറുവിരല്‍ കൊണ്ട് നിയന്ത്രിക്കുമെന്ന് പറഞ്ഞാല്‍, അതൊരു ആലങ്കാരികമായി ഗണിക്കുന്നതുപോലെ മാത്രമാണ് ലോകം മൊത്തം ഒരാളുടെ കൈയിലാണെന്നു പറഞ്ഞാലും. ഇവിടെപ്പറഞ്ഞ ആയത്തിന്റെ വിവക്ഷയും മറ്റൊന്നല്ല. കാരണം അല്ലാഹു ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം അവന്‍ കഴിവുള്ളവനാണ്. ഇരുലോകത്തുമുള്ള പൂര്‍ണാധികാരം അവകാശപ്പെട്ടവന്‍ അവന്‍ മാത്രമാണു താനും. നശ്വരമായ ഈ ലോകത്ത് നാം അനുഭവിക്കുന്ന അല്ലെങ്കില്‍ അഭിമാനമായി കാണുന്ന അധികാരങ്ങളും സ്ഥാനമാനങ്ങളുമെല്ലാം ഏതെങ്കിലുമൊരു സമയം അവസാനിക്കാനുള്ളതും പകരം മറ്റൊരാള്‍ അതെല്ലാം നിയന്ത്രിക്കാനുമുള്ളതാണെങ്കില്‍, അല്ലാഹുവിന്റെ അധികാരം അവസാനമില്ലാതെ തുടരുന്നതും പകരം ഒരാള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്തതുമാണ്. മാത്രമല്ല, എല്ലാ അധികാരവും നല്‍കുന്നവനും അത് എടുത്തുകളയുന്നവനും അവന്‍ മാത്രമാണ്. ഇതുതന്നെയാണ് പരിശുദ്ധ ഖുര്‍ആനിലെ സൂറത്തു ആലുഇംറാനിലെ ഇരുപത്തിആറാമത്തെ ആയത്തില്‍ പറയുന്നതും. രാജാധിരാജനായ അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അധികാരം നല്‍കുകയും അവനുദ്ദേശിക്കുന്നവരുടെ അധികാരം എടുത്തുകളയുകയും ചെയ്യും. നല്‍കാനും എടുത്തുകളയാനും ഒരുപോലെ സാധിക്കുന്നവനെക്കാളും വലിയ അധികാരം മറ്റാര്‍ക്കാണുള്ളത്?
അവനാണധികാരം എന്ന വസ്തതുതയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ശേഷമുള്ള വാക്കുകള്‍, എല്ലാ വസ്തുക്കളുടെ മേലിലും കഴിവുള്ളവന്‍ അവനാണ് എന്നത്. പരിശുദ്ധ ഖുര്‍ആനില്‍ ഇതേ ആശയം പല രൂപത്തില്‍ പല പ്രാവശ്യം പറഞ്ഞിട്ടുണ്ടെങ്കിലും, പത്ത് സ്ഥലങ്ങളിലാണ് അല്ലാഹു ഇതേ രൂപത്തില്‍ തന്റെ കഴിവിനെക്കുറിച്ച് ആവര്‍ത്തിച്ചു പറഞ്ഞത്. അല്ലാഹുവിന്റെ കഴിവിനെ അശക്തമാകുന്ന ഒരു വസ്തുവും ഇതുവരെ ഉണ്ടായിട്ടില്ല; ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല. ഉണ്ടാകുന്നപക്ഷം അത് അല്ലാഹുവിന്റെ ദൈവത്വത്തെ ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ടുതന്നെ അവന് കഴിയാത്ത ഒന്നും ഇവിടെ ഇല്ല എന്ന് മാത്രമല്ല മറ്റുള്ളവര്‍ക്കെല്ലാം എല്ലാ കഴിവും നല്‍കുന്നവന്‍ അവനാണ്, അതെത്ര ചെറുതായാലും. നമുക്കും സ്വതന്ത്രമായ കഴിവും അധികാരവും ഉണ്ടായിരുന്നെങ്കില്‍ നാം തീരുമാനിക്കും പോലെ കാര്യങ്ങള്‍ നടക്കണമായിരുന്നു. പക്ഷേ അലി(റ) പറഞ്ഞതുപോലെ നമ്മുടെ തീരുമാനങ്ങള്‍ക്കപ്പുറം അല്ലാഹുവിന്റെ തീരുമാനങ്ങളാണല്ലോ ഇവിടെ നടപ്പിലാകുന്നത്. ഖാദിര്‍ എന്ന് പറയുന്നതിന് പകരം ഖദീര്‍ എന്ന് പറയാനുള്ള കാരണവും ഇതുതന്നെയാണ്. ഖദീര്‍ എന്നാല്‍ കൂടുതല്‍ കഴിവുള്ളവന്‍ എന്നാണര്‍ഥം.
തബാറക സൂറത്തിന്റെ ആദ്യവചനം തരുന്ന ഏറ്റവും വലിയ സന്ദേശവും ഇതുതന്നെ. എല്ലാ കഴിവും അല്ലാഹുവിന്റേതാണ്. മനുഷ്യര്‍ പൂര്‍ണമായും അല്ലാഹുവിനെ ആശ്രയിച്ച്, അവന്‍ പറഞ്ഞതുപോലെ ജീവിക്കുക. അവന്‍ തരുന്നതില്‍ തൃപ്തിപ്പെടുക. തരാത്തതിലും തൃപ്തിപ്പെടുക. അപ്പോള്‍ ജീവിതം സന്തോഷകരമായിരിക്കും എന്നുമാത്രമല്ല, അല്ലാഹുവിനു വഴിപ്പെട്ടതുമായിരിക്കും. ലോകത്ത് മറ്റാരു വിചാരിച്ചാലും ഒന്നും നടക്കില്ലെന്നും എല്ലാം അല്ലാഹുവിന്റെ വിചാരവും ഇച്ഛയുമനുസരിച്ചാണെന്നും വിശ്വസിക്കുന്നതോടെ ഒരാള്‍ യഥാര്‍ഥ വിശ്വാസിയാകുകയാണ്. യഥാര്‍ഥ വിശ്വാസിക്ക് എപ്പോഴും സന്തോഷമായിരിക്കും. കാരണം എന്ത് സംഭവിച്ചാലും അല്ലാഹു തന്നതാണെന്ന ബോധം അവന് സന്തോഷം പകരുകയും ദുഃഖം ഇല്ലാതാക്കുകയും ചെയ്യുന്നു ■

Share this article

About ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല

farooquemk@gmail.com

View all posts by ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല →

Leave a Reply

Your email address will not be published. Required fields are marked *