ബിസ്മിയുടെ പൊരുളാഴങ്ങള്‍

Reading Time: 3 minutes

ബിസ്മിയില്‍ അല്ലാഹുവിനെക്കൊണ്ട് തുടങ്ങുന്നു എന്നു പറയാതെ അവന്റെ പേര് കൊണ്ട് തുടങ്ങുന്നു എന്നു പറയാന്‍ വ്യത്യസ്ത കാരണങ്ങളുണ്ട്. പണ്ഡിതന്മാര്‍ ഇവ്വിഷയങ്ങള്‍ ആഴത്തില്‍ സംസാരിച്ചിട്ടുണ്ട്. അല്ലാഹു എന്താണ് എന്ന് യഥാർഥത്തില്‍ മനസ്സിലാക്കാന്‍ കഴിയാത്ത നാം എങ്ങനെയാണ് അവനെ കൊണ്ട് തുടങ്ങുന്നു എന്ന് പറയുക!

“റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍ ഞാന്‍ തുടങ്ങുന്നു’ ഖുര്‍ആനിലെ ബിസ്മിക്ക് കൊടുക്കാന്‍ കഴിയുന്ന ചെറിയൊരു അര്‍ഥമാണിത്. കാരണം ബിസ്മി ഖുര്‍ആന്‍ പോലെതന്നെ സമുദ്രസമാനമാണ്. എത്ര പറഞ്ഞാലും വ്യാഖ്യാനിച്ചാലും പിന്നെയും ബാക്കിയുണ്ടാകും. അലി (റ) പറയുന്ന പ്രശസ്തമായൊരു വാക്യം ബിസ്മിയുടെ ആഴം വരച്ചിടുന്നതാണ്: മുന്‍കാല വേദങ്ങളിലുള്ളതെല്ലാം ഖുര്‍ആനിലുണ്ട്; ഖുര്‍ആന്‍ മുഴുവന്‍ ഫാതിഹയിലും ഫാതിഹ മുഴുവന്‍ ബിസ്മിയിലും ബിസ്മി മുഴുവന്‍ തുടക്കത്തിലെ ബാഇലുമുണ്ട്. അഥവാ ഖുര്‍ആനില്‍ അല്ലാഹു പറഞ്ഞ എല്ലാ കാര്യങ്ങളുടെയും സംക്ഷിപ്തമാണ് ബിസ്മി.
ബിസ്മി എന്ന് നാം ചുരുക്കിപറയുന്ന ബിസ്മില്ലാഹിര്‍റഹ്‌മാനിർറഹീം എന്നതിന് ഒരുപാട് മഹത്വങ്ങളും പ്രത്യേകതകളുമുണ്ടെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തി. ബിസ്മി ചൊല്ലാത്ത ഏതൊരു നല്ല കാര്യവും ബറകത് കുറവായിരിക്കും. മുസ്്ലിംലോകത്ത് വളരെ പ്രശസ്തമായ ഹദീസാണിത്. അതുകൊണ്ട് തന്നെ നല്ല കാര്യങ്ങളിലൊന്നും ബിസ്മി വിട്ടുപോവാന്‍ പാടില്ല. മാത്രമല്ല ബിസ്മി നാം പതിവാക്കിയാല്‍ അതിന്റെ ഫലം പെട്ടെന്നുതന്നെ നമുക്ക് അനുഭവിക്കാന്‍ സാധിക്കുകയും ചെയ്യും. കാര്യങ്ങള്‍ പെട്ടെന്ന് പൂര്‍ത്തീകരിക്കപ്പെടും.
ഖുര്‍ആന്റെ ശകലങ്ങളെഴുതിയ, പ്രത്യേകിച്ച് ബിസ്മി എഴുതിയ കടലാസുകഷ്ണങ്ങളെ പോലും ആദരിക്കണം. അത്തരക്കാര്‍ സ്വര്‍ഗത്തില്‍ സജ്ജനങ്ങളുടെ കൂടെയായിരിക്കുമെന്ന് റസൂല്‍ (സ്വ) പഠിപ്പിച്ചു. പ്രസിദ്ധ സൂഫിവര്യനായ ബിശ്്‌റുല്‍ ഹാഫി (റ) വഴിയില്‍ കിടന്ന ബിസ്മിയെഴുതിയ കടലാസ് വേണ്ട രൂപത്തില്‍ ആദരിച്ച് ബഹുമാനിച്ചപ്പോഴാണ് അല്ലാഹു അദ്ദേഹത്തിന് ഇത്രയും വലിയ പദവി നല്‍കി ആദരിച്ചതെന്നത് സൂഫിലോകത്ത് പ്രസിദ്ധമാണ്. ബിസ്മിയില്ലാത്ത വുളൂഅ് ബാഹ്യശുദ്ധീകരണം മാത്രമാണെങ്കില്‍ ബിസ്മിയോട് കൂടെയുള്ളത് ആന്തരിക, ബാഹ്യശുദ്ധീകരണമാണ്. ഇങ്ങനെ തുടങ്ങി ഒരുപാട് മഹത്വങ്ങള്‍ നിറഞ്ഞതാണ് ബിസ്മി.
ബിസ്മി പരിശുദ്ധ ഖുര്‍ആനില്‍ പെട്ടതാണോ അല്ലയോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വീക്ഷണ വ്യത്യാസങ്ങളുണ്ട്. പ്രബലവും ശാഫിഈ മദ്ഹബനുസരിച്ചും ബിസ്മി ഫാതിഹയിലും സൂറത്തു തൗബയല്ലാത്ത മറ്റെല്ലാ സൂറത്തുകളിലുമുള്ളതാണ്. അതുകൊണ്ടുതന്നെ നിസ്‌കാരത്തില്‍ ഫാതിഹ സ്വീകാര്യമാവണമെങ്കില്‍ ബിസ്മി ഓതിയേ പറ്റൂ. എന്നാല്‍ മാലികി, ഹനഫി മദ്ഹബുകളില്‍ സൂറത്തിന്റെ തുടക്കത്തിലെ ബിസ്മി ഖുര്‍ആനില്‍ പെടാത്തതുകൊണ്ടുതന്നെ ഒഴിവാക്കല്‍ നിസ്‌കാരത്തെ ബാധിക്കുകയുമില്ല.
ബസ്മിയുടെ മുഴുവന്‍ സാരവും ആദ്യ അക്ഷരമായ “ബാ’ഇല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അറബി ഭാഷ പ്രകാരം ഈ ഒരു അക്ഷരത്തെ വ്യത്യസ്ത രൂപത്തില്‍ വ്യാഖ്യാനിച്ചവരുണ്ട്. ബാഅ് സഹായം തേടാനുള്ളതാണ്, അഥവാ അറബിയനുസരിച്ച് ഇസ്തിആനത്തിനുള്ളതാണ് എന്ന അഭിപ്രാത്തില്‍ അല്ലാഹുവിന്റെ മുഴുവന്‍ പേര് കൊണ്ടും സഹായം തേടി ഞാന്‍ തുടങ്ങുന്നു എന്നായിരിക്കും അര്‍ഥം. അഥവാ അശക്തനായ മനുഷ്യന്‍ എന്ത് ചെയ്യാന്‍ ഉദ്ദേശിച്ചാലും അല്ലാഹുവിന്റെ പരിപൂര്‍ണ സഹായം ലഭിച്ചാല്‍ മാത്രമേ അത് സാധ്യമാകൂ എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ബാഇന് ബറകത് എന്നര്‍ഥം നല്‍കിയാല്‍ സർവ കാര്യങ്ങള്‍ക്കും തിരുനാമത്തിന്റെ ബറകത്് അനിവാര്യമാണെന്നും അത് കൂടാതെ ഒന്നും പൂര്‍ത്തിയാവുകയില്ല എന്നും സൂചിപ്പിക്കലുണ്ട്. അതുപോലെ ഏതൊരു നല്ലകാര്യവും തുടങ്ങാനുള്ള ഒരു മാധ്യമമാണ് ബിസ്മി എന്നതും ബാഇന്റെ വിശാലാർഥങ്ങളില്‍ പെട്ടതാണ്. ഏത് രൂപത്തില്‍ പറഞ്ഞാലും എല്ലാം സൂചിപ്പിക്കുന്നത് മനുഷ്യന് സ്വന്തമായി ഒരു ചെറിയ കാര്യം പോലും അല്ലാഹുവിനെ അവലംബിക്കാതെ ചെയ്യാന്‍ സാധിക്കുകയില്ല എന്ന് പ്രഖ്യാപിക്കലാണ്. മനുഷ്യന്‍ തീര്‍ച്ചയായും നൂറുശതമാനവും അല്ലാഹുവിനെ ആശ്രയിച്ചേ പറ്റൂ. മറ്റൊരക്ഷരവും തിരഞ്ഞെടുക്കാതെ അല്ലാഹു ഖുര്‍ആന്‍ തുടങ്ങാന്‍ ഈയക്ഷരം തന്നെ തിരഞ്ഞെടുത്തതിന്റെ അനേകം രഹസ്യങ്ങളിലൊന്നാണിത്.
ഓരോ ഹറകതുകള്‍ക്കും പ്രത്യേകം ആശയങ്ങള്‍ ഉണ്ടാവുക എന്നത് അറബി ഭാഷയുടെ മറ്റൊരു സൗന്ദര്യമാണ്. ബിസ്മിയുടെ ആദ്യ അക്ഷരമായ ബാഇന്റെ ഹറകതായ കസ്‌റത്ത് അഥവാ “ഇ’കാരം വിരല്‍ ചൂണ്ടുന്നത് വിനയത്തിലേക്കും താഴ്മയിലേക്കുമാണ്. അതാണ് കസ്‌റിന്റെ സ്വഭാവം. മറ്റു ഹറകതുകള്‍ക്ക് ഈ പ്രത്യേകതയില്ല. മനുഷ്യജീവിതം വിനയം കൊണ്ടും താഴ്്മ കൊണ്ടും സമ്പന്നമാകണം, അത് പടച്ചവന്റെ മുമ്പിലും പടപ്പുകളുടെ മുമ്പിലും അനിവാര്യമാണ്. അഹങ്കരിക്കാനോ അഹന്ത നടിക്കാനോ അവന് ഒരു അവസരം പോലുമില്ല എന്ന കാര്യം സുവ്യക്തമാണ്. അതുതന്നെയാണ് അല്ലാഹു ഈ തുടക്കം കൊണ്ട് നമ്മെ പഠിപ്പിക്കുന്നത്. ഇല്ലായ്മയില്‍ നിന്ന്, വിനയത്തോടെയുള്ള പ്രയാണമാണ് തുടക്കത്തില്‍ തന്നെ അല്ലാഹു പഠിപ്പിക്കുന്നതര്‍ഥം.
ബിസ്മിയില്‍ അല്ലാഹുവിനെക്കൊണ്ട് തുടങ്ങുന്നു എന്നു പറയാതെ അവന്റെ പേര് കൊണ്ട് തുടങ്ങുന്നു എന്നു പറയാന്‍ വ്യത്യസ്ത കാരണങ്ങളുണ്ട്. പണ്ഡിതന്മാര്‍ ഇവ്വിഷയങ്ങള്‍ ആഴത്തില്‍ സംസാരിച്ചിട്ടുണ്ട്. അല്ലാഹു എന്താണ് എന്ന് യഥാർഥത്തില്‍ മനസ്സിലാക്കാന്‍ കഴിയാത്ത നാം എങ്ങനെയാണ് അവനെ കൊണ്ട് തുടങ്ങുന്നു എന്ന് പറയുക! മാത്രമല്ല അല്ലാഹുവിനെക്കൊണ്ട് തുടങ്ങുന്നു എന്നു പറഞ്ഞാല്‍ അവന്റെ ഒരു നാമം മാത്രം പറയലേ അവിടെ വരൂ. കാരണം അല്ലാഹു എന്നത് അവന്റെ ഒരു നാമം മാത്രമാണ്. ഇതിനെല്ലാം പരിഹാരമാണ് അല്ലാഹുവിന്റെ മുഴുവന്‍ പേരുകള്‍ കൊണ്ടും സഹായം ചോദിച്ചവനായി ഞാന്‍ തുടങ്ങുന്നു എന്ന് പറയല്‍. ബിസ്മില്ലാഹ് എന്ന് പറഞ്ഞാല്‍ അല്ലാഹുവിന്റെ മുഴുവന്‍ പേരുകള്‍ കൊണ്ടും സഹായം ചോദിച്ചവനായി ഞാന്‍ തുടങ്ങുന്നുവെന്ന് ചുരുക്കിപ്പറയാം. ഇങ്ങനെ പലവിധത്തിലുള്ള വ്യാഖ്യാനങ്ങളുമുണ്ട്.
സര്‍വപരിപാലകനായ അല്ലാഹുവിന്റെ ആ പേരിന് തന്നെ അഥവാ അല്ലാഹു എന്ന പേരിനുതന്നെ ധാരാളം പ്രത്യേകതകളുണ്ട്, ഭാഷാ പരമായും ആശയപരമായും. അല്ലാഹ് എന്ന നാമം വായ നിറച്ച് മുഴക്കത്തോടെ(അറബിയില്‍ തഫ്ഖീം എന്ന് പറയും) യാണ് നാം ഉച്ചരിക്കാറ്. അത് അവന്റെ മഹത്വത്തെയും ഗാംഭീര്യത്തെയും സൂചിപ്പിക്കുന്നു. യഥാര്‍ഥത്തില്‍ എല്ലാ മഹത്വങ്ങൾക്കും അവകാശപ്പെട്ടവന്‍ അവന്‍ മാത്രമാണല്ലോ. ഈ ഒരു വിശേഷണമുള്ളത് കൊണ്ടുതന്നെ നാവിനെ പൂര്‍ണമായും ഉപയോഗിക്കേണ്ടിവരുന്നു. അതു നിമിത്തം ലഭിക്കുന്ന പ്രതിഫലം ചെറുതൊന്നുമാകില്ല. മാത്രമല്ല, അല്ലാഹ് എന്നതില്‍ നാല് അക്ഷരങ്ങളാണുള്ളത്. ഒരു ഹംസും രണ്ട് ലാമും ഒരു ഹാഉം. ഇതില്‍ ഹംസിന്റെ ഉച്ചാരണസ്ഥലം ഹല്‍ഖിന്റെ അഥവാ അണ്ണാക്കിന്റെ അങ്ങേ അറ്റവും ലാമിന്റേത് നാവിന്റെ ഇങ്ങേ അറ്റവും ഹാഇന്റേത് ഹല്‍ഖിന്റെ മുരട്ടിലെ ഉള്‍വശവുമാണ്. അഥവാ ശബ്ദം തുടങ്ങിയിടത്തേക്ക് തന്നെ മടങ്ങുന്നു എന്നര്‍ഥം. ഈ ഒരു നാമം തന്നെ സര്‍വ വസ്തുക്കളും അല്ലാഹുവില്‍ നിന്ന് തുടങ്ങി അല്ലാഹുവിലേക്ക് തന്നെ മടങ്ങാനുള്ളതാണ് എന്ന് സൂചിപ്പിക്കുന്നുണ്ട്. അവനാണല്ലോ എല്ലാത്തിന്റെയും തുടക്കം. മടക്കവും അവനിലേക്ക് തന്നെ. അല്ലാഹുവിന് ഒരുപാട് നാമങ്ങളുണ്ട്. അവയെല്ലാം തൗഫീഖിയ്യുമാണ്. അഥവാ അല്ലാഹു പഠിപ്പിച്ചുതന്നതാണ്. പുതുതായി നമുക്കൊന്ന് ഉണ്ടാക്കാന്‍ സാധിക്കുകയില്ല. അതിലേറ്റവും മഹത്വമുള്ളതാണ് അല്ലാഹ് എന്നതുതന്നെ.
ബിസ്മി നല്‍കുന്ന മറ്റൊരു പ്രധാന വിഷയമാണ് അല്ലാഹുവിന്റെ റഹ്‌മത്ത് അല്ലെങ്കില്‍ കാരുണ്യം. റഹ്‌മത്തിനെ അല്ലെങ്കില്‍ റഹീം, റഹ്‌മാന്‍ എന്നിവയെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ സാധിക്കില്ല. കാരുണ്യം, കാരുണ്യവാന്‍ എന്നെല്ലാം പറഞ്ഞ് ഒപ്പിക്കാറാണ് പതിവ്. അല്ലാഹുവിനെ അവന്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത് വിശേഷിപ്പിച്ചത് കാരുണ്യവാന്‍ എന്നാണ്. അല്ലാഹ് എന്ന ഗാംഭീര്യഭാവം നിലനില്‍ക്കുന്നുണ്ടെങ്കിലും ശേഷം കാരുണ്യത്തെക്കുറിച്ച് പറയുമ്പോഴാണ് നമ്മുടെ പ്രതീക്ഷകള്‍ക്ക് ചിറക് മുളക്കുന്നത്. ഇഹലോകത്ത് നാം അനുഭവിക്കുന്ന സര്‍വ കാരുണ്യങ്ങളും അല്ലാഹു ആകെ പടച്ചതിന്റെ നൂറിലൊന്ന് മാത്രമേയുള്ളൂ. ബാക്കി തൊണ്ണൂറ്റിയൊന്‍പതെണ്ണവും പരലോകത്ത് അനുഭവിക്കാനുള്ളതാണ്. അപ്പോള്‍ നാം കാത്തിരിക്കുന്ന പരലോകം എത്ര റഹ്‌മത്ത് നിറഞ്ഞതായിരിക്കും!. ഇതുതന്നെയാണ് ഒരു വിശ്വാസിയുടെ പ്രതീക്ഷയും. കാരുണ്യവാനായ അല്ലാഹു നമ്മെ രക്ഷിക്കും എന്ന പ്രതീക്ഷ.
ബിസ്മിയില്‍ പറഞ്ഞ റഹ്‌മാന്‍ എന്നതിന് ഇഹലോകത്തും പരലോകത്തും ഗുണം ചെയ്യുന്നവന്‍ എന്നും റഹീം എന്നതിന് പരലോകത്ത് മാത്രം ഗുണം ചെയ്യുന്നവന്‍ എന്നും അര്‍ഥം നല്‍കാറുണ്ട്. എന്നാല്‍ ഇതിലും വിശാലമായി വ്യാഖ്യാനിച്ച മഹാന്മാരുമുണ്ട്.
അല്ലാഹുവിന്റെ കാരുണ്യം നമ്മുടെ എല്ലാ കണക്കുകൂട്ടലുകള്‍ക്കുമപ്പുറമാണ്. ജനനം മുതല്‍ മരണം വരെ അത് നമ്മെ പിന്തുടരുന്നു. അല്ലാത്ത പക്ഷം നമുക്ക് നിലനിൽപുണ്ടാവുകയില്ല. നാം ശ്വസിക്കുന്ന വായുവും കഴിക്കുന്ന ഭക്ഷണവുമെല്ലാം അതിലെ ഒരു ചെറിയ ഭാഗം മാത്രമാണ്. അവന്റെ കാരുണ്യത്തെ എണ്ണിത്തീര്‍ക്കാന്‍ തീരുമാനിച്ചാല്‍ നാം അശക്തരാവുകയേയുള്ളൂ. കാരണം സൂറത്ത് ഇബ്‌റാഹീമില്‍ പറയുന്നത് ഇങ്ങനെ: “അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ എണ്ണാന്‍ ഉദ്ദേശിച്ചാല്‍ അതിനെ ഒരുമിച്ചുകൂട്ടാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല’.
ഒരോ നിമിഷവും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍, സഹായങ്ങള്‍ നമുക്ക് നാമറിയാതെ ലഭിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇബ്‌റാഹീം ഇബ്നു അദ്ഹം (റ) ന്റെ ചരിത്രത്തിലെ ചെറിയൊരു ഏട്. ഒരിക്കല്‍ മഹാന്‍ റൊട്ടി കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു കാക്ക വന്ന് അത് കൊത്തിക്കൊണ്ടുപോവുകയും മഹാന്‍ അതിനെ പിന്തുടരുകയും ചെയ്തു. കാതങ്ങള്‍ പിന്നിട്ടപ്പോള്‍ കാണാന്‍ സാധിച്ചത് കൊടുംവനത്തില്‍ കൈകാലുകള്‍ ബന്ധിക്കപ്പെട്ട നിലയിലുള്ള ഒരു മനുഷ്യന്റെ വായില്‍ പ്രസ്തുത റൊട്ടിക്കഷ്ണം വെച്ചുകൊടുക്കുന്ന കാക്കയെയാണ്. അന്നം മുട്ടിനില്‍ക്കുന്ന ഒരു മനുഷ്യനെ അല്ലാഹു ഭക്ഷിപ്പിക്കുന്ന രീതിയാണിത്. അതുപോലെത്തന്നെ ഓരോ നിമിഷവും നമ്മുടെ എന്തെല്ലാം പ്രയാസങ്ങളെയാണ് അല്ലാഹു തട്ടിമാറ്റുന്നത് എന്ന് നാം ചിന്തിച്ചിട്ടുണ്ടോ!. ദുന്നൂനുല്‍ മിസ്്രി (റ) വഴിയില്‍ ഒരു തേളിനെ കാണുകയും അതിനെ പിന്തുടരുകയും ചെയ്തു. നൈല്‍ നദി മുറിച്ച് കടന്നുപോയ തേള്‍, ഉറങ്ങിക്കിടക്കുന്ന ഒരു മനുഷ്യനെ കൊത്താനിരിക്കുന്ന ഒരു പാമ്പിനെ കൊത്തുകയും അത് തിരിച്ച് കൊത്തുകയും അങ്ങനെ പാമ്പും തേളും മരിക്കുകയും ചെയ്തു. ഉറങ്ങിക്കിടന്നിരുന്ന മനുഷ്യന്‍ ഉണര്‍ന്ന് ഒന്നുമറിയാതെ എഴുന്നേറ്റ് പോവുകയും ചെയ്തു. ഇങ്ങനെ എത്ര പ്രാവശ്യം നാമും രക്ഷപ്പെട്ടിരിക്കാം, നാമുണ്ടോ അതിനെക്കുറിച്ച് അറിയുന്നു. അല്ലെങ്കില്‍ ചിന്തിക്കുക പോലും ചെയ്യുന്നു. റഹ്‌മാനായ റബ്ബിന് നമ്മെ അറിയിക്കേണ്ട ഒരാവശ്യവുമില്ല. അവന്‍ അത്രമാത്രം കാരുണ്യവാനാണ്. അവന്‍ പറഞ്ഞതിനെതിരെ ചെയ്താലും അവന്റെ കാരുണ്യം വിട്ടകലുന്നില്ല. ഇതാണ് റഹ്‌മാന്‍.
ബിസ്മിയുടെ വിശാലാർഥങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ലെന്നു മാത്രമല്ല അത് നൂറുകണക്കിന് ഒട്ടകങ്ങള്‍ക്ക് ചുമക്കാന്‍ മാത്രമുള്ളതാണെന്നും മഹാന്മാര്‍ പറഞ്ഞുവെച്ചു■

Share this article

About ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല

farooquemk@gmail.com

View all posts by ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല →

Leave a Reply

Your email address will not be published. Required fields are marked *