സൂറതുല്‍ മുല്‍ക് ഖബ്‌റിലെ കൂട്ടുകാരന്‍

Reading Time: 3 minutes

വിശുദ്ധ ഖുര്‍ആനിലെ അറുപത്തിയേഴാമത്തെ അധ്യായമാണ് സൂറതുല്‍ മുല്‍ക്. “തബാറക’ എന്ന വചനം കൊണ്ട് ആരംഭിക്കുന്നത് നിമിത്തം “തബാറക സൂറത്’ എന്നാണ് സാധാരണ പറയാറുള്ളത്. മുന്‍ജിയ, വാഖിയ, മുജാദില എന്നീ പേരുകളിലും ഈ സൂറത് അറിയപ്പെടുന്നു. ഈ അധ്യായം പാരായണം ചെയ്യുന്ന വ്യക്തിക്ക് ഖബ്ർ ശിക്ഷയില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതുകൊണ്ടാണ് മുന്‍ജിയ, വാഖിയ എന്നീ പേരുകള്‍ നൽകപ്പെട്ടിരിക്കുന്നത്. രണ്ടിന്റെയും ഭാഷാര്‍ഥം സംരക്ഷിക്കുന്നത് എന്നാണ്. മുജാദില എന്ന പദത്തിന്റെയര്‍ഥം തര്‍ക്കിക്കുന്നത്, വാദിക്കുന്നത് എന്നെല്ലാമാണ്. ഈ സൂറത് പതിവാക്കുന്ന വ്യക്തിക്കുവേണ്ടി ശക്തിയായി ഖബ്‌റില്‍ വാദിക്കുന്നത് കാരണമാണ് ഇങ്ങനെ നാമകരണം ചെയ്തിരിക്കുന്നത്. അപകടങ്ങളില്‍നിന്നും മറ്റു ബുദ്ധിമുട്ടുകളില്‍ നിന്നും സംരക്ഷണമേകാന്‍ സാധിക്കുന്ന സൂറത് എന്ന നിലയില്‍ മാനിഅ എന്നും വിളിക്കെപ്പെടാറുണ്ട്. ഏതര്‍ഥപ്രകാരവും ഈ സൂറത് മനുഷ്യന് ഖബ്‌റിലെ ശിക്ഷയില്‍ നിന്നും ശക്തമായ കാവലും സംരക്ഷണവും നല്‍കുന്നു. ഇഹലോകത്തെ അപകടങ്ങളില്‍നിന്നും രക്ഷ പ്രാപിക്കാന്‍ നിമിത്തമാകുന്നു.
വിശുദ്ധ ഖുര്‍ആനിലെ ഓരോ സൂറതുകള്‍ പാരായണം ചെയ്യുമ്പോഴും മനുഷ്യന് പ്രത്യേകമായ ചില ശ്രേഷ്ഠതകളും പ്രതിഫലവും ആനുകൂല്യവും കൈവരുന്നതാണ്. ഓരോ സൂറതിനെയും അല്ലാഹു സംവിധാനിച്ചിരിക്കുന്നത് മനുഷ്യന്റെ ഇത്തരം ഗുണങ്ങള്‍ക്കുവേണ്ടി കൂടിയാണ്. ബുദ്ധിമുട്ടും പ്രയാസവും നേരിടുമ്പോള്‍ ഖുര്‍ആനിലെ ഇത്തരം സൂറതുകളും ആയത്തുകളും വളരെ വലിയ ആശ്വാസമായി മുന്നില്‍ വരികയും നിലയുറപ്പിക്കുകയും ചെയ്യും. ഇതില്‍ ഐഹിക നേട്ടങ്ങള്‍ നേടിത്തരുന്നതും പാരത്രിക നേട്ടങ്ങള്‍ നേടിത്തരുന്നവയുമുണ്ട്. ഒരു മനുഷ്യന്റെ പരലോകം ആരംഭിക്കുന്നത് മരണത്തോടെയാണല്ലോ. മരിച്ചാലുള്ള അടുത്ത സ്റ്റെപ്പാവട്ടെ ഖബ്‌റും. ഖബ്‌റില്‍ രക്ഷപ്പെടുക എന്നത് പരലോകജീവിതം രക്ഷപ്പെട്ടുവെന്നതിന്റെ അടയാളമാണ്. ദീര്‍ഘകാലം മറ്റുള്ളവര്‍ക്കൊപ്പം പലതും ആസ്വദിച്ചുനടന്നിരുന്ന മനുഷ്യന്‍ ഒരൊറ്റ നിമിഷംകൊണ്ട് മരണത്തിനു കീഴടങ്ങുന്നു. തീര്‍ത്തും അപരിചിതമായ ലോകത്ത് ഒറ്റപ്പെട്ട് ജീവിക്കേണ്ടിവരുന്നു. ഇത്രയും കാലം ചെയ്ത പ്രവൃത്തികളെക്കുറിച്ചും വിശ്വാസകാര്യങ്ങളെക്കുറിച്ചും ചോദ്യം ചെയ്യപ്പെടുന്നു. ഒറ്റപ്പെട്ട, ഇരുണ്ട, വളരെ കുടുസായ യാത്രയായ ഖബ്‌റില്‍ ഒരു കൂട്ടുകാരനും രക്ഷകനും പ്രത്യക്ഷപ്പെടുക എന്നത് ഓരോ വിശ്വാസിയുടെയും ഏറ്റവും വലിയ അഭിലാഷങ്ങളില്‍ ഒന്നാകാതെ വയ്യ. ബുദ്ധിയുള്ള മനുഷ്യര്‍ ഈ വഴിക്ക് ചിന്തിക്കാതിരിക്കുകയുമില്ല. ഭൂമുഖത്തു വെച്ച് എത്ര അധ്വാനിച്ചാലും അതെല്ലാം അടുത്ത നിമിഷം കൈയില്‍ നിന്നും പോകാനുള്ളതാണ്. ബുദ്ധിയുള്ള മനുഷ്യനെ എപ്പോഴും ഈ ചിന്ത വേട്ടയാടിക്കൊണ്ടിരിക്കുന്നു. എന്നാല്‍ എക്കാലവും ഒറ്റക്ക് ജീവിക്കേണ്ട പുരയിടമാണ് ഖബ്ർ. നാളെ മരിക്കേണ്ട മനുഷ്യന്‍ ഇന്ന് എല്ലു മുറിയെ അധ്വാനിക്കുന്നുവെങ്കില്‍, തീര്‍ച്ചയായും ബുദ്ധിയുള്ളവര്‍ നാളേക്ക് വേണ്ടി അധ്വാനിക്കുന്നവരാണ്. ആ അധ്വാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സൂറതുല്‍ മുല്‍ക് എല്ലാ ദിവസവും പാരായണം ചെയ്യുക എന്നത്. മുഴുവന്‍ പാരായണ നിയമങ്ങളും പാലിച്ച് സമ്പൂര്‍ണ ഭംഗിയോടെ പാരായണം ചെയ്താൽ പോലും അഞ്ചു മിനിറ്റ് മാത്രമാണ് ഈ സൂറത് ഓതാന്‍ ആവശ്യമുള്ളത് എന്നറിയുമ്പോഴാണ് ഈ സൂറത് എല്ലാ ദിവസവും ഓതേണ്ടതാണെന്നും ഓതാന്‍ ആര്‍ക്കും സാധിക്കുന്നതാണെന്നും ബോധ്യപ്പെടുന്നത്.
സൂറതുല്‍ മുല്‍കിന്റെ ശ്രേഷ്ഠതകള്‍ വിവരിക്കുന്ന ധാരാളം ഹദീസുകളുണ്ട്. അബൂഹുറൈറയില്‍(റ) നിന്ന് ഇമാം അഹ്‌മദ്(റ) ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ: നബി(സ്വ) പറഞ്ഞു: “തബാറക സൂറത്, മുപ്പത് ആയത്തുകളുള്ള ഈ അധ്യായം അതിന്റെയാളുകള്‍ക്ക് (അഥവാ അത് പാരായണം ചെയ്യുന്നവര്‍ക്ക്) പരലോകത്ത് ശിപാര്‍ശ പറയും-അദ്ദേഹത്തിന് പൊറുത്തുകിട്ടുന്നതു വരെ’ (അഹ്‌മദ്: 8276). ഇമാം തുര്‍മുദി(റ), ഇമാം അബൂദാവൂദ്(റ), ഇമാം നസാഈ(റ), ഇമാം ഇബ്‌നുമാജ(റ) എന്നീ പ്രശസ്ത ഹദീസ് പണ്ഡിതന്മാരും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. മറ്റൊരു ഹദീസില്‍ നബി(സ്വ) പറഞ്ഞത് ഇങ്ങനെയാണ്: “തബാറക എന്ന വിശുദ്ധ ഖുര്‍ആനിലെ സൂറത് അതിന്റെയാളുകള്‍ക്ക് വേണ്ടി സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നതുവരെ വാദിക്കും’ (ത്വബ്‌റാനി/മുഅ്ജമുസ്സ്വഗീര്‍: 1/176). ഇബ്‌നു അബ്ബാസില്‍(റ) നിന്നും ഇമാം തുര്‍മുദി(റ) റിപോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെയാണ്: നബിയുടെ(സ്വ) സ്വഹാബികളില്‍ പെട്ട ചിലര്‍ ഒരു സ്ഥലത്ത് തമ്പുകെട്ടി താമസിച്ചു. അതൊരു ഖബ്‌റിനു മുകളിലായിരുന്നു. ഖബ്‌റാണെന്നു അറിയാതെയാണ് താമസിച്ചത്. അധികം വൈകാതെ ഖബറില്‍ നിന്നും ഖുര്‍ആന്‍ പാരായണം കേള്‍ക്കാന്‍ തുടങ്ങി-സൂറതുല്‍ മുല്‍ക് അവസാനം വരെ ഓതുകയാണ് ചെയ്തത്. ഇതുകേട്ട സ്വഹാബികള്‍ നബി(സ്വ)യുടെ അടുത്ത് കാര്യങ്ങള്‍ ബോധിപ്പിച്ചു. നബി(സ്വ) ഇങ്ങനെയാണ് പ്രതിവചിച്ചത്: “അത്- സൂറതുല്‍ മുല്‍ക്- സംരക്ഷണമാണ്; അത് കാവലുമാണ്- ഖബ്ർ ശിക്ഷയില്‍നിന്നുള്ള കാവല്‍’ (തുര്‍മുദി: 2890).
നബി(സ്വ) എല്ലാ ദിവസവും ഈ സൂറത് ഓതിയിരുന്നുവെന്ന് ഹദീസുകളില്‍ കാണാം. ജാബിര്‍(റ) ഇക്കാര്യം പറയുന്നുണ്ട്: “നബി(സ്വ) സജദ സൂറതും തബാറക സൂറതും പാരായണം ചെയ്യാതെ ഉറങ്ങിയിരുന്നില്ല’ (തുര്‍മുദി: 2892). നബിക്ക്(സ്വ) ഈ സൂറത് വളരെ ഇഷ്ടമായിരുന്നുവെന്ന് മാത്രമല്ല, ഓരോ വിശ്വാസിയുടെ ഹൃദയങ്ങളിലും ഈ സൂറത് ഉണ്ടാവാന്‍ അവിടുന്ന് വല്ലാതെ ആഗ്രഹിച്ചു. ഇബ്‌നു അബ്ബാസില്‍(റ) നിന്ന് ഉദ്ധാരണം: നബി(സ്വ) പറഞ്ഞു: “തബാറക എന്ന അധ്യായം എന്റെ ഉമ്മത്തില്‍പെട്ട ഓരോ മനുഷ്യന്റെയും ഹൃദയത്തിലുണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ വല്ലാതെ ആശിക്കുന്നു’ (ത്വബ്‌റാനി/ മുഅ്ജമുല്‍ കബീര്‍: 11616).
സൂറതുല്‍ മുല്‍ക് പാരായണം ചെയ്യുക മാത്രമല്ല ചെയ്യേണ്ടതെന്നും ഓരോ വിശ്വാസിയുടെയും ഹൃദയാന്തരങ്ങളില്‍ കുടികൊള്ളേണ്ടതുണ്ടെന്നും ഈ വചനം വ്യക്തമാക്കുന്നു. ഹൃദയങ്ങളില്‍ കുടികൊള്ളാന്‍ തീര്‍ച്ചയായും ഈ അധ്യായം ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. ഓരോ വചനത്തിലും എന്താണ് പറഞ്ഞതെന്ന് മനസിലാക്കേണ്ടതുണ്ട്. ലോകം മൊത്തം നിയന്ത്രിക്കാന്‍ പര്യാപ്തമായ, അദ്ഭുതങ്ങളുടെ പ്രപഞ്ചമായ, കോടാനുകോടി മനുഷ്യരുടെ എല്ലാമെല്ലാമായ വിശുദ്ധ ഖുര്‍ആനിലെ ഒരല്പം വചനങ്ങളെങ്കിലും പഠിക്കാന്‍ ലഭിക്കുന്ന ഭാഗ്യം എത്ര വലുതാണ്..! അത് പഠിക്കാന്‍ മടിക്കുന്നത് എത്രമാത്രം നിര്‍ഭാഗ്യവും വിവരദോഷവുമാണ്.
ഇബ്‌നു അബ്ബാസ്(റ) തന്നെ ഒരിക്കല്‍ ഒരാളോട് ഇങ്ങനെ ചോദിച്ചു: ഞാന്‍ നിനക്ക് നീ സന്തോഷിക്കുന്ന നല്ലൊരു സമ്മാനം തരട്ടെ? അദ്ദേഹം പറഞ്ഞു: “അതേ!’ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: “നീ തബാറക സൂറത് പാരായണം ചെയ്യുക. അത് പഠിക്കുകയും നിന്റെ ഭാര്യക്കും കുട്ടികള്‍ക്കും വീട്ടിലുള്ള മറ്റു കുട്ടികള്‍ക്കും അയല്‍വാസികള്‍ക്കുമെല്ലാം പഠിപ്പിക്കുകയും ചെയ്യുക. കാരണം അത് സംരക്ഷണമാണ്. അതോതുന്നവര്‍ക്ക് വേണ്ടി അന്ത്യനാളില്‍ റബ്ബിനോട് വാദിക്കുന്നതുമാണ്. അവരെ നരകത്തില്‍ നിന്നും കാക്കാന്‍ ആവശ്യപ്പെടുന്നതുമാണ്. ഖബ്ർ ശിക്ഷയില്‍ നിന്നും അവര്‍ക്ക് സംരക്ഷണം നല്‍കുന്നതുമാണ്. എന്റെ ഉമ്മത്തിലെ ഓരോരുത്തരുടെയും ഹൃദയത്തില്‍ ഈ സൂറതുണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാനാശിക്കുന്നുവെന്ന് നബി(സ്വ) തന്നെ പറഞ്ഞിട്ടുണ്ട്’ (തഫ്‌സീര്‍ ഇബ്‌നു കസീര്‍: 7/329). തബാറക സൂറത് നാം മാത്രം പഠിച്ചാല്‍ പോരെന്നും കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കും അയല്‍വാസികള്‍ക്ക് വരെയും പഠിപ്പിക്കണമെന്നും ഈ ഹദീസ് അടിവരയിടുന്നു. ഒരു ഹദീസില്‍ നബി(സ്വ) പറഞ്ഞു: “നിങ്ങളില്‍ ഏറ്റവും ഉത്തമനും ശ്രേഷ്ഠനും ഖുര്‍ആന്‍ പഠിക്കുന്നവനും പഠിപ്പിക്കുന്നവനുമാണ്’ (ബുഖാരി: 5027). ഇസ്‌ലാമിലെ ശ്രേഷ്ഠതയുടെ മാനദണ്ഡങ്ങള്‍ ഇതൊക്കെയാണ്. തിരക്കുപിടിച്ച്, ഓടിനടന്ന് സമ്പത്തും പ്രശസ്തിയും വാരിക്കോരി അവസാനം കൈമലര്‍ത്തി മടങ്ങേണ്ട ദുര്യോഗം സംഭവിക്കുന്നവന് ഒരു പ്രസക്തിയുമില്ലെന്ന് സാരം. ചിന്താശേഷിയുള്ള ഒരു മനുഷ്യനും അത്തരം ദുര്യോഗം ക്ഷണിച്ചുവരുത്തില്ല താനും. അതുകൊണ്ടുതന്നെ ഖുര്‍ആനിനൊപ്പം സഞ്ചരിക്കുകയും ഖുര്‍ആന്‍ പഠിക്കുകയും വേണം. അത് ബുദ്ധിയുള്ളവന്റെ ലക്ഷണമാണ്, മനുഷ്യന് അലങ്കാരമാണ്, അനുഗ്രഹമാണ്. വരും ലക്കങ്ങളില്‍ നമുക്ക് ഖുര്‍ആനൊപ്പം സഞ്ചരിക്കാം; ലോകം അദ്ഭുതം പൂണ്ട ഈ കലവറ കൈവെള്ളയിലൊതുക്കാന്‍ ശ്രമിക്കാം ■

Share this article

About ഡോ. ഉമറുല്‍ഫാറൂഖ് സഖാഫി കോട്ടുമല

farooquemk@gmail.com

View all posts by ഡോ. ഉമറുല്‍ഫാറൂഖ് സഖാഫി കോട്ടുമല →

Leave a Reply

Your email address will not be published. Required fields are marked *