കാപ്പി കുടിക്കുമ്പോള്‍

Reading Time: < 1 minutes

സയ്യിദ് ഇയാസ്

കാപ്പിയുടെ ചരിത്രം തുടങ്ങുന്നത് എത്യോപ്യയില്‍ നിന്നാണ്. അവിടെയാണ് കാപ്പിച്ചെടികള്‍ വ്യാപകമായി വളര്‍ന്നിരുന്നത്. സ്റ്റീഫന്‍ ടോപിക് എഴുതുന്നു, പൊതുചടങ്ങുകളിലും വേട്ടക്ക് പോകുന്നതിനിടയില്‍ ഊര്‍ജം സംഭരിക്കാനും വിശപ്പടക്കാനും എത്യോപ്യന്‍സ് കാപ്പി ഉപയോഗിച്ചിരുന്നു. ക്രമേണ ആഫ്രിക്കയുടെ മറ്റു ഭാഗങ്ങളിലേക്ക് കാപ്പിച്ചെടികള്‍ വ്യാപിച്ചു. ചിലര്‍ കാപ്പിച്ചെടികളെ വെള്ളത്തില്‍ അരച്ചുചേര്‍ത്തും മറ്റുചിലര്‍ അതിനെ വേവിച്ചും വേവിക്കാതെയും കഴിച്ചു. ടാന്‍സാനിയയിലെ യഹ്‌യ ജനത കാപ്പിയെ കറന്‍സിയായി സ്വീകരിച്ചു. ചരക്കുകള്‍ക്ക് വിലയായി കാപ്പി ഉപയോഗിച്ചു.
കാപ്പിയെ ആഗോളമാര്‍ക്കറ്റിലെത്തിച്ചത് അറബ് കച്ചവടക്കാരായിരുന്നു. യമനിലെ സൂഫി മുസ്‌ലിംകള്‍ കാപ്പിപാനീയത്തിനു വലിയ പ്രാധാന്യം നല്‍കി. അവരുടെ രാത്രി ആരാധനകളില്‍ ഖഹ്‌വകള്‍ സ്ഥാനം പിടിച്ചു. എല്ലാവരും കൂടിയിരുന്നു ഒരു വലിയ പാത്രത്തിലെ കാപ്പി പരസ്പരം കൈമാറി കുടിക്കലായിരുന്നു പതിവ്.
യമനിന്റെ ഖഹ്‌വ പാരമ്പര്യം വിശ്രുതമാണ്. 250 വര്‍ഷമായി യമന്‍ കാപ്പി ഉത്പാദനത്തിന് പേരുകേട്ട ഇടമാണ്. ചില അറബ് രാജ്യങ്ങളില്‍ കാപ്പി വിവാദങ്ങള്‍ക്ക് കാരണമായി. മദ്യം നിരോധിക്കപ്പെട്ട സമൂഹത്തില്‍ കാപ്പിക്ക് വലിയ പ്രചാരം ഉണ്ടായി. പ്രത്യേകിച്ചും രാത്രികാലങ്ങളില്‍ കാപ്പി പരന്നൊഴുകി. ചില പണ്ഡിതര്‍ കാപ്പി ഉപയോഗിക്കുന്നതിനെ വിമര്‍ശിക്കുകയും ചെയ്തു. കാപ്പി ഉണ്ടാക്കുന്നതിന് സാങ്കേതികമായ പരിശീലനം ആവശ്യമായതിനാല്‍ കച്ചവടക്കാര്‍ പോകുന്നിടത്തൊക്കെ കോഫി സ്റ്റാളുകള്‍ സ്ഥാപിച്ചു. ഇത് വ്യാപകമാവുകയും പൊതുയിടമാവുകയും ചെയ്തു.
മിഡില്‍ഈസ്റ്റില്‍ പാലു ചേര്‍ക്കാത്ത കാപ്പിയാണ് പതിവ്. ഇതിനെയാണ് ഖഹ്‌വ എന്നവര്‍ വിളിക്കുന്നത്. യുറോപ്യന്‍സ് കാപ്പി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ വന്നു. 1789ലെ ഫ്രഞ്ച് റവല്യൂഷനും 1848 ലെ ബെര്‍ലിനിലെയും വെനിസിലെയും സമരങ്ങള്‍ക്കും ആസൂത്രണ കേന്ദ്രമായി നില കൊണ്ടത് കോഫി ഹൗസുകള്‍ ആയിരുന്നുവത്രെ.
യൂറോപ്പിലും യുഎസിലും ഉപഭോക്തൃ സമൂഹങ്ങള്‍ വളര്‍ന്നുവന്നതോടെ കാപ്പി തൊഴിലാളിവര്‍ഗത്തിലേക്ക് കൂടി വ്യാപിച്ചു. അമേരിക്കന്‍ വിപ്ലവകാലത്ത് പൗരന്മാര്‍ക്ക് കാപ്പി റേഷനായി ലഭിച്ചിരുന്നു. ‘പുതിയൊരു മതം ഉണ്ടാക്കാന്‍ അവര്‍ താത്പര്യപ്പെട്ടിരുന്നെങ്കില്‍ അതിന്റെ ദൈവങ്ങള്‍ അഗ്‌നിയും കാപ്പിയും ആകുമായിരുന്നു’ എന്നുവരെ പറയപ്പെട്ടു.
ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ് കാപ്പി ഇത്രമേല്‍ വ്യാപകമാകുന്നത്. കാപ്പിയിലെ അപ്‌ഡേഷനുകള്‍ കാപ്പിയെ തരംഗമാക്കി മാറ്റിയിട്ടുണ്ട്.

Share this article

Leave a Reply

Your email address will not be published. Required fields are marked *