മതരാഷ്ട്രം; അസാധ്യതകളുടെ ആലോചനകള്‍

Reading Time: 3 minutes

ഇസ്‌ലാമിക് സ്റ്റേറ്റ് സാധ്യമല്ലെന്ന് സമര്‍ഥിക്കുന്ന
വാഇല്‍ ഹല്ലാഖിന്റെ ‘ദി ഇന്‍പൊസിബ്ള്‍ സ്റ്റേറ്റ്’
എന്ന കൃതിയെ വായിക്കുന്നു.

ത്വാഹിര്‍ പയ്യനടം
abuthwahir.mkd@gmail.com

ഇസ്‌ലാമിക് സ്റ്റേറ്റ്/ ഖിലാഫത് സ്ഥാപിക്കാനുള്ള അതിവൈകാരിക നീക്കങ്ങള്‍ നടക്കുകയും അത്തരം നീക്കങ്ങളെ മിക്കപ്പോഴും ഉപരിതല സ്പര്‍ശിയായി മാത്രം ചെറുക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് പതിവ് ക്രമം. എന്നാല്‍ ഇതില്‍ നിന്ന് മാറി വിഷയത്തിന്റെ അടിസ്ഥാനപരമായ അസാധ്യതകളെ (impossibility) വിശകലനം ചെയ്യുകയാണ് കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസറും ചിന്തകനുമായ വാഇല്‍ ബി ഹല്ലാഖ്. അദ്ദേഹത്തിന്റെ The impossible State; Islam, politics and modernity’s moral predicament എന്ന പുസ്തകം ആധുനിക ദേശരാഷ്ട്ര മാതൃകയില്‍ ഒരു ഇസ്‌ലാമിക രാഷ്ട്രനിര്‍മാണം എന്ന തീമിനെ വിമര്‍ശനാത്മകമായി ചര്‍ച്ചക്കെടുക്കുന്നുണ്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് സാധ്യമാണോ എന്ന ചോദ്യത്തിന് അല്ല എന്ന ഉത്തരം ആദ്യമേ പറഞ്ഞുകൊണ്ടാണ് പുസ്തകം മുന്നോട്ട് പോകുന്നത്.
‘ഈ പുസ്തകം മുന്നോട്ടുവെക്കുന്ന വാദം വളരെ ലളിതമാണ്. ആധുനിക ദേശരാഷ്ട്രത്തിന്റെ ലഭ്യമായ ഏത് നിര്‍വചനം വെച്ചുനോക്കിയാലും ഇസ്‌ലാമിക് സ്റ്റേറ്റ് എന്നത് അസാധ്യവും വൈരുധ്യാത്മകവുമാണ് (contradictory).’ പുസ്തകത്തിന്റെ ആമുഖത്തില്‍ ഈ വാചകങ്ങള്‍ കൊണ്ടാണ് പ്രൊഫെസര്‍ വാഇല്‍ സംസാരിച്ചുതുടങ്ങുന്നത്. കാള്‍ ഷിമ്മിറ്റ്, മിഷേല്‍ ഫൂക്കോ, ജോര്‍ജിയോ അഗമ്പന്‍, നീഷേ, ജോന്‍ ഗ്രേ തുടങ്ങി തത്വചിന്തയിലെയും രാഷ്ട്രീയ ചിന്തയിലെയും ഒട്ടേറെ ചിന്തകരുടെ വാക്കുകള്‍ തലക്കുറിയാക്കിയാണ് ഓരോ പുസ്തകത്തിലെ ഓരോ അധ്യായവും ആരംഭിക്കുന്നത്. കൂടാതെ ഖുര്‍ആന്‍, ഹദീസ് വചനങ്ങളും കര്‍മശാസ്ത്ര പദാവലികളുമെല്ലാം (terminology/ ഇസ്ത്വിലാഹ്) പുസ്തകത്തിന്റെ ഘടനയെ സമ്പുഷ്ടമാക്കുന്നുണ്ട്.
ഇത്തരം ഘടനാപരമായ സവിശേഷതകളെക്കാള്‍ പുസ്തകം ചര്‍ച്ചക്കെടുക്കുന്ന ആശയലോകത്തെക്കുറിച്ച് കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് ഈ ലേഖനം താത്പര്യപ്പെടുന്നത്.
‘Can sharia be restored?’ എന്ന ഹല്ലാഖിന്റെ പഠനത്തിന്റെ തുടര്‍ച്ചയായാണ് അദ്ദേഹം ഈ പുസ്തകം രചിക്കുന്നത്. അവിടെനിന്നും വായിച്ചുതുടങ്ങിയാലേ വായനക്ക് പൂര്‍ണത കിട്ടൂ എന്ന് തോന്നിയിട്ടുണ്ട്. ഇസ്‌ലാമിക ഭരണ ക്രമങ്ങള്‍ എങ്ങനെയാണ് പരിവര്‍ത്തന ശ്രമങ്ങള്‍ക്കിടെ ആത്മാവ് നഷ്ടപ്പെട്ടതായി മാറിയത് എന്നും അതിന്റെ കാരണങ്ങളില്‍ മുഖ്യപങ്ക് പാശ്ചാത്യ രീതികളെ അനുകരിക്കാനുള്ള ശ്രമങ്ങള്‍ക്കുണ്ടെന്ന് സമര്‍ഥിക്കുകയും കര്‍മശാസ്ത്ര വിധികളുടെ വ്യത്യസ്ത വിതാനങ്ങള്‍, (അസ്വഹ്/correct, സ്വഹീഹ്/more correct, മശ്ഹൂര്‍/widespread തുടങ്ങിയവ) എങ്ങനെ അവ ആധുനിക നിയമ വ്യവസ്ഥിതികള്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത വിധം ശരീഅത്തിനെ അതുല്യമാക്കുന്നു എന്നിവയൊക്കെയാണ് ആ പഠനത്തിന്റെ പ്രതിപാദ്യം.
ഇസ്‌ലാമിക് സ്റ്റേറ്റും ആധുനിക സ്റ്റേറ്റും തമ്മിലുള്ള അടിസ്ഥാന വ്യത്യാസമായി ഹല്ലാഖ് എണ്ണുന്നത് രണ്ടും പരസ്പര വിരുദ്ധങ്ങളായ സ്രോതസുകളില്‍ നിന്നാണ് ഉരുത്തിരിഞ്ഞുവരുന്നത് എന്നതാണ്. ആധുനിക ദേശരാഷ്ട്രം പാശ്ചാത്യ ചിന്തയില്‍ നിന്ന് വരുമ്പോള്‍ ഇസ്‌ലാമിക ഭരണ ക്രമം ശരീഅ: എന്ന നിയമ വ്യവസ്ഥയില്‍ നിന്നാണ് ആശയോര്‍ജ്ജം സ്വീകരിക്കുന്നത്. മോഡേണ്‍ സ്റ്റേറ്റിന്റെ അകക്കാമ്പായ യൂറോപ്യന്‍ ചിന്തയുടെ കേന്ദ്ര മണ്ഡലം (central domain) സാങ്കേതിക വിദ്യയാണെന്നും (technology) ഇസ്‌ലാമിന്റേത് ധാര്‍മിക ചിന്ത (morality) ആണ് എന്നതും രണ്ടും തമ്മില്‍ വൈരുധ്യം നിലനില്‍ക്കുന്നു എന്നതിന് പ്രത്യക്ഷ തെളിവായി ഹല്ലാഖ് എണ്ണുന്നുണ്ട്. മറ്റൊന്ന് പാശ്ചാത്യ രാഷ്ട്ര വ്യവസ്ഥകള്‍ ജ്ഞാനോദയ ചിന്തയില്‍ നിന്ന് ഉയിര്‍ക്കൊണ്ടതാകയാല്‍ തന്നെ അതിന്റെ ലക്ഷ്യം ആധുനികരാവുക എന്നതാണ്. മാര്‍ഗം വികസന സിദ്ധാന്തവുമാണ് (theory of progress). നൈതികതയുടെ മേല്‍ അല്ല ആധുനിക ദേശരാഷ്ട്രം സ്ഥാപിക്കപ്പെടുന്നത് എന്നും അത് അതിന്റെ ലക്ഷ്യമേയല്ലെന്നും സാരം. എന്നാല്‍ ശരീഅത്ത് മുന്നോട്ടുവെക്കുന്നത് ധാര്‍മികമായി ജനങ്ങളെ സമുദ്ധരിക്കുക എന്ന ലക്ഷ്യം കൂടിയാണ്.
ഈ പാശ്ചാത്യ വ്യവസ്ഥയില്‍ സ്റ്റേറ്റുകള്‍ക്ക് പൂര്‍ണപരമാധികാരം (sovereignty) ഉണ്ട്. അതിനാല്‍ തന്നെ സ്റ്റേറ്റിന് പൂര്‍ണമായും വഴിപ്പെടുന്ന സ്റ്റേറ്റ് പ്രൊഡക്ടുകളെ നിര്‍മിക്കുക എന്നതാണ് പൗരന്‍മാരെ കൊണ്ട് ആധുനിക ദേശരാഷ്ട്രങ്ങള്‍ ലക്ഷ്യമാക്കുന്നതും. എന്നാല്‍ ഇസ്‌ലാമിക ഭരണ ക്രമം അങ്ങനെയല്ല, ദൗല: എന്ന പേര് തന്നെ സൂചിപ്പിക്കുന്നത് താത്കാലിക അധികാരം എന്നതിനെയാണ്. അല്ലാഹുവാണ് അതില്‍ പരമാധികാരി. ദൈവനിര്‍മിതമായ ശരീഅ കൊണ്ട് വിധിക്കുന്നതാകട്ടെ, ദൈവിക വചനങ്ങള്‍ വ്യാഖ്യാനിക്കാന്‍ കഴിവുള്ള പണ്ഡിതരുമാണ്.
പൂര്‍വ കൊളോണിയല്‍ കാലഘട്ടത്തില്‍ നിന്നും തന്റെ വാദങ്ങള്‍ക്ക് ചരിത്രപരമായ പിന്തുണയും ഹല്ലാഖ് തേടുന്നുണ്ട്. ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ അന്ന് വ്യക്തിയെ രൂപപ്പെടുത്തിയത് ഇസ്‌ലാമിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കനുസൃതമായാണ് എന്നും ഇതിനു വേണ്ടി പ്രവര്‍ത്തിച്ചത് പണ്ഡിതരും വിദ്യാഭ്യാസ സംവിധാനങ്ങളുമാണ് എന്നതും വസ്തുതാപരമായി ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നുണ്ട്. എന്നാല്‍ ഈ സിസ്റ്റത്തെ കൊളോണിയലിസം നശിപ്പിക്കുകയും തദ്സ്ഥാനത്ത് ഇന്ന് കാണുന്ന വിധത്തിലുള്ള രാഷ്ട്ര സങ്കല്പം സ്ഥാപിക്കുകയും ചെയ്തതോടെയാണ് അത്തരം ഇസ്‌ലാമിക രാഷ്ട്ര വ്യവസ്ഥകള്‍ക്ക് അന്ത്യംകുറിക്കുന്നത്. കൊളോണിയലിസത്തിന്റെ വരവിനു ശേഷം ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ ശരീഅത്ത് ഭരണം പോയെന്നും ശരീഅതും ശറഈ പണ്ഡിതരും സ്റ്റേറ്റിന് നിയമങ്ങളും ഫത് വകളും നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ (raw materials) മാത്രമായി മാറിയെന്നും അദ്ദേഹം പറയുന്നുണ്ട്.
ഇസ്‌ലാമിക രാഷ്ട്രനിര്‍മാണത്തിനായി ഉയര്‍ത്തിപ്പിടിക്കുന്ന വാദമുഖങ്ങള്‍ അഥവാ ുൃശാലലെ/െഖളിയകള്‍ തന്നെ തെറ്റാണെന്നും അതിനാല്‍ ഒരു ശരിയായ conclusion/നതീജയിലേക്ക് എത്താന്‍ സാധിക്കുകയില്ലെന്നും ലോജിക്കല്‍ ആയി പറഞ്ഞുവെക്കുകയാണ് പുസ്തകത്തിലെ ഒന്നാം അധ്യായം. മോഡേണ്‍ സ്റ്റേറ്റ് എന്ന രണ്ടാം അധ്യായം ചര്‍ച്ച ചെയ്യുന്നത് ആധുനിക ദേശരാഷ്ട്രത്തിന്റെ നിര്‍വചനങ്ങളും മറ്റുമൊക്കെയാണ്. മാര്‍ക്‌സിനെ സംബന്ധിച്ചിടത്തോളം സ്റ്റേറ്റ് എന്നാല്‍ സമൂഹത്തിലെ ചിലര്‍ക്ക് ചിലരെക്കാള്‍ സാമ്പത്തികമായി അധീശത്വം വകവെച്ചുകൊടുക്കുന്ന ഒന്നാണ്. പ്രാഥമികമായി ഒരു നിയമ പ്രതിഭാസം (legal phenomenon) എന്നതാണ് സ്റ്റേറ്റിന്റെ ഉദ്ദേശ്യമെന്ന് കെല്‍സനും രാഷ്ട്രീയത്തിന്റെ മൂര്‍ത്തഭാവമാണതെന്ന് കാള്‍ ഷിമ്മിറ്റും നിരീക്ഷിക്കുന്നു. കേവലം ഒരു ആധിപത്യ വ്യവസ്ഥയായാണ് ഗ്രാംഷി സ്റ്റേറ്റിനെ നോക്കിക്കാണുന്നത്. ഇത്തരത്തില്‍ വിവിധങ്ങളായ കാഴ്ചപ്പാടുകള്‍ പങ്കുവച്ചശേഷം ഇവയിലോരോന്നും കേവലം നിശ്ചിത സാഹചര്യങ്ങളില്‍ രൂപപ്പെട്ടവയാണെന്നും സ്റ്റേറ്റ് എന്താണെന്ന ചോദ്യത്തിന് ഇവയൊന്നും കൃത്യമായ മറുപടി നല്‍കുന്നില്ലെന്നും ഈ ഭാഗത്തിന്റെ തുടക്കത്തില്‍ പറയുന്നുണ്ട്. പുസ്തകത്തിന്റെ പ്രധാന ആശയങ്ങളിലൊന്നായ ആധുനിക രാഷ്ട്ര വ്യവസ്ഥയുടെ അഞ്ചു വ്യതിരിക്തതകള്‍ വിവരിക്കുന്നത് ഈ അധ്യായത്തിലാണ്. സ്റ്റേറ്റ് ഒരു സവിശേഷ ചരിത്രബന്ധിതമായ സംഗതിയാണ് എന്നതും സ്റ്റേറ്റിന്റെ പരമാധികാര വ്യവസ്ഥയും അതിന് ജീവന്‍ നല്‍കിയ മെറ്റാഫിസിക്‌സും തീര്‍ത്തും വിഭിന്നമാണ്, അതിലെ നിയമങ്ങളും നിയമപരമായ അധികാരങ്ങളും, ഉദ്യോഗസ്ഥ സംവിധാനം, പൗരര്‍ക്കു മേലുള്ള സ്റ്റേറ്റിന്റെ സാംസ്‌കാരിക അധീശത്വം എന്നിവയെയുമാണ് ആ അഞ്ചു വ്യത്യാസങ്ങളായി എണ്ണപ്പെടുന്നത്.
മൂന്നാം അധ്യായം അധികാര വികേന്ദ്രീകരണത്തെക്കുറിച്ചാണ്. ആധുനിക രാഷ്ട്രത്തിലെ അധികാര വിഭജനരീതി, ഇസ്‌ലാമിക ഭരണ വ്യവസ്ഥയിലെ മാതൃക, രണ്ടിനുമിടയിലെ താരതമ്യങ്ങള്‍ എന്നിവയും ഇവക്കൊരു ഉപസംഹാരവുമാണ് ഈ അധ്യായത്തില്‍ ഉള്ളത്.
നാലാം അധ്യായം ധാര്‍മികത, രാഷ്ട്രീയം, നിയമ വ്യവസ്ഥ എന്നിവയെക്കുറിച്ചാണ്. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലെ ചില സാങ്കേതിക പദാവലികള്‍, എന്താണ് ധാര്‍മികതയുടെ അളവുകോല്‍ എന്നിവ കൂടി ഇവിടെ ചര്‍ച്ചയാകുന്നുണ്ട്. രാഷ്ട്രീയ കര്‍തൃത്വം, സ്വത്വം എന്നിവ അഞ്ചാം അധ്യായത്തിലും ആഗോളീകരണം, ധാര്‍മിക സമ്പദ് വ്യവസ്ഥ എന്നീ വിഷയങ്ങള്‍ പുസ്തകത്തിന്റെ ആറാം ഭാഗത്തും ധാര്‍മികതയുടെ കേന്ദ്ര മണ്ഡലം (Central domain) എന്നത് അവസാന ശീര്‍ഷകത്തിന് കീഴിലും വിവരിക്കപ്പെടുന്നു.
ഇസില്‍ (islamic state of iraq and levant) സംഘടന ഇറാഖിന്റെ ചില ഭാഗങ്ങളില്‍ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിച്ചതാണ് ഈ പുസ്തകത്തിന്റെ രചനാ പശ്ചാത്തലമെങ്കിലും ഇസ്‌ലാമിക ഭരണ വ്യവസ്ഥ, ആധുനിക ദേശ രാഷ്ട്രം എന്നിവയെ സംബന്ധിചുള്ള മിക്ക സഹചര്യങ്ങളിലേക്കും വെച്ചുകൊടുക്കാന്‍ പറ്റിയ വാദമുഖങ്ങളാണ് പുസ്തകം മുന്നോട്ട് വെക്കുന്നത്.
ഹല്ലാഖിന്റെ പുസ്തകത്തിന് ഒരുപാട് വിമര്‍ശനങ്ങളും ഇതിനിടെ വന്നിട്ടുണ്ട്. ശരീഅത്ത് പുനഃസ്ഥാപിക്കാന്‍ പറ്റാത്ത വിധം അതിന് മരണം സംഭവിച്ചു എന്ന് പറഞ്ഞാല്‍ നമ്മള്‍ മുസ്‌ലിമായി ജീവിക്കുന്നു എന്നു പറയുന്നതില്‍ എന്തര്‍ഥമാണുള്ളത് എന്നാണ് നരവംശ ശാസ്ത്രജ്ഞനായ തലാല്‍ അസദ് ചോദിക്കുന്നത്. ആധുനികതയുമായി എന്‍ഗേജ് ചെയ്തു കൊണ്ട് തന്നെ ഇസ്‌ലാം പ്രാക്ടീസ് ചെയ്യാം എന്നതാണല്ലോ അദ്ദേഹത്തിന്റെ രീതി ശാസ്ത്രം. അമേരിക്കന്‍ ഇസ്‌ലാമിക് പണ്ഡിതനായ ഒവൈമിര്‍ അഞ്ചും ഹല്ലാഖ് ആധുനികതയെ മനസിലാക്കിയിട്ടില്ലെന്നാണ് പറയുന്നു. അതുപോലെ ഓട്ടോമന്‍ ഖിലാഫതിനെക്കുറിച്ച് ശരിക്ക് പഠിക്കാതെയാണ് ഹല്ലാഖ് പുസ്തകത്തില്‍ വ്യാപകമായി ഓട്ടോമന്‍ പരാജയ ചരിത്രങ്ങള്‍ ഉദ്ധരിച്ചിട്ടുള്ളത് എന്നും വിമര്‍ശനമുണ്ട്.
ഒരു ഭാഗത്ത് വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ തന്നെ ഹല്ലാഖ് പുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന സമര്‍ഥനരീതിക്കും രീതിശാസ്ത്രത്തിനും മതരാഷ്ട്ര വാദത്തെ പ്രതിരോധിക്കുന്നതില്‍ നല്ല പ്രാധാന്യമുണ്ട് എന്നത് വാസ്തവമാണ്. ഉദാഹരണത്തിന് ഇങ്ങനെ നിര്‍മിക്കപ്പെടുന്ന ഇസ്‌ലാമിക രാഷ്ട്രത്തില്‍ സ്റ്റേറ്റിന് കൂടി നിയമനിര്‍മാണത്തിന് അധികാരം നല്കുന്നതോടെ ശരീഅത്തിന്റെ പരമാധികാരത്തില്‍ കൈകടത്തപ്പെടുകയല്ലേ സംഭവിക്കുന്നത് എന്നവിധത്തിലുള്ള കൃത്യമായ ചോദ്യങ്ങള്‍ ഇസ്‌ലാമിസത്തോട് ഉന്നയിക്കാന്‍ ഇമ്പോസ്സിബ്ള്‍ സ്റ്റേറ്റ് നമ്മെ പ്രാപ്തരാക്കുന്നു. ചരിത്രവും ലോജികും രാഷ്ട്രീയ ചിന്തയുമെല്ലാം ഉള്‍പ്പെടുത്തി രചിക്കപ്പെട്ട പുസ്തകം ഈ മേഖലയിലെ അക്കാദമിക വ്യവഹാരങ്ങളില്‍ മാസ്റ്റര്‍ പീസ് ആണെന്ന് തന്നെ പറയാം. Shari’a: Theory, Practice, Transformations; An Introduction to Islamic Law, Authority, continuity, and Change in Islamic Law എന്നിവയാണ് ഹല്ലാഖിന്റെ മറ്റു പ്രധാന പുസ്തകങ്ങള്‍.

Share this article

About ത്വാഹിര്‍ പയ്യനടം

View all posts by ത്വാഹിര്‍ പയ്യനടം →

Leave a Reply

Your email address will not be published. Required fields are marked *