കുട്ടിക്കാലത്തെ ലോക്ഡൗണ്‍

Reading Time: 2 minutes

 

ഒരു പകല്‍ മുഴുക്കെ വാതിലടഞ്ഞ്
പുറം ലോകം മറഞ്ഞ കുട്ടിക്കാലത്തെ
ഒരു ‘ലോക് ഡൗണ്‍’ ഓര്‍മ.

സി എന്‍ ആരിഫ്
cnarif@gmail.com

ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പത്തെ ഒരു വേനലവധിക്കാലം! അന്ന് സ്‌കൂള്‍ അവധിയെന്നു കേട്ടാല്‍ തന്നെ വീട്ടിലെ ഉമ്മമാര്‍ക്ക് ഭയമായിരുന്നു. ഇനി രണ്ടു മാസം എങ്ങനെ സഹിക്കും എന്ന സ്‌നേഹത്തോടെയുള്ള ആശങ്ക. രാവിലെ മദ്‌റസ കഴിഞ്ഞാല്‍ പിന്നെ കളി മാത്രം, മഴയില്ല, വെയിലില്ല. പോരാത്തതിന് മാങ്ങയുടെയും ചക്കയുടെയും സീസണ്‍ കൂടി ആവുന്നതിനാല്‍ കാട്ടിലൂടെ ഓടിച്ചാടി നടക്കും. വീണു കിട്ടുന്ന പഴുത്ത കാട്ടു മാങ്ങയുടെ ഞെട്ട് പാറക്കല്ലില്‍ ഉരച്ചു ചുണ കളഞ്ഞു തിന്നും. എത്ര സൂക്ഷിച്ചാലും മാങ്ങാ ചാര്‍ ഇറ്റി വീണു കുപ്പായത്തില്‍ കറ പിടിച്ചിരിക്കും. വേറൊരു ഭാഗത്തു പഴുത്ത ചക്കയുടെ മണം മന്ദമാരുതാനൊപ്പം പാട്ടുപാടി വരുന്നുണ്ടാവും. കൂട്ടിനു നെല്ലിക്കയും പേരറിയാത്ത നിരവധി കാട്ടു പഴങ്ങളുമുണ്ടാകും.
കാടെന്നു പറയുമ്പോള്‍ ഇന്നത്തെ കുട്ടികള്‍ക്ക് പരിചയമുണ്ടോ ആവോ? വീടുകള്‍ കുറവായിരുന്നതിനാല്‍ വിശാലമായ മരങ്ങള്‍ ഇടതൂര്‍ന്ന ഏക്കര്‍ കണക്കിന് സ്ഥലങ്ങള്‍ വെറുതെ കിടക്കുന്നുണ്ടാവും. അതായിരുന്നു കുട്ടികളുടെ കാട്. മരത്തില്‍ നിന്ന് മരത്തിലേക്ക് ചാടിക്കളിച്ചിരുന്ന മനോഹര ബല്യകാലം. എത്ര സുന്ദരമായിരുന്നു! ചില ദിവസങ്ങളില്‍ കളിയായിരിക്കും. രാവിലെ തുടങ്ങുന്ന കളി ചിലപ്പോള്‍ വൈകുന്നേരം വരെ നീളും. സമയം വൈകിയാല്‍ ഉപ്പയെ പേടിച്ചു പിന്നാമ്പുറത്തെ മതില്‍ കെട്ട് ചാടി അടുക്കള വാതിലിലൂടെ അകത്തു കയറും. പക്ഷേ, കളി എന്തു തന്നെ ആയാലും ഇരുട്ട് ആവുന്നതിന് മുമ്പ് വീട്ടിലെത്തിയില്ലെങ്കില്‍ കഥ മാറും.
പക്ഷേ, ഇന്നത്തെ ന്യൂ ജെന്‍ അവധിക്കാലം മിക്കവാറും വീട്ടിലെ നാല് കെട്ടിനുള്ളില്‍ ഒതുങ്ങുന്നു. മാങ്ങ പറിച്ചു തിന്നാന്‍ മാവെവിടെ, കാടെവിടെ? അതൊക്കെ പെറുക്കി തിന്നാനും നോക്കാനും കുട്ടികള്‍ക്ക് സമയവുമില്ല, സ്വാതന്ത്ര്യവുമില്ല. അവര്‍ മിക്കപ്പോഴും മൊബൈലിലും ടാബിലും തിരയുകയായിരിക്കും. അല്ലെങ്കില്‍ വീട്ടുകാര്‍ അവരെ ഭദ്രമായി ലോക്ക് ചെയ്ത് വെച്ചിട്ടുണ്ടാവും.
സാധാരണ കളിക്കാന്‍ പുറത്ത് പോയില്ലെങ്കില്‍ വീട്ടില്‍ അനിയനുമൊത്ത് എന്തെങ്കിലും കളി തുടങ്ങും. ഞാനും അനിയനും തമ്മില്‍ ഏകദേശം രണ്ടു വയസിന്റെ വ്യത്യാസമാണുള്ളത്. എന്ത് കളി തുടങ്ങിയാലും മിക്കവാറും ദിവസങ്ങളില്‍ അടിപിടിയോടെ അവസാനിക്കാറാണ് പതിവ്. അന്നും എന്തോ കളി തുടങ്ങി, പതിവ് പോലെ വഴക്കായി, അടിപിടിയായി. അവസരം കിട്ടിയപ്പോള്‍ ഞാന്‍ നല്ലൊരു വീക്ക് കൊടുത്തു, തിരിച്ചു കിട്ടാതിരിക്കാന്‍ ഓടി റൂമില്‍ കയറി വാതിലടച്ചു. വാതില്‍ ഹാന്‍ഡ് ലോക്ക് ആയിരുന്നതിനാല്‍ അവന്‍ പുറത്തു നിന്ന് തുറക്കാനും ഞാന്‍ അകത്തു നിന്ന് അടക്കാനും ശ്രമിച്ചു കൊണ്ടേയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഡോര്‍ ലോക്ക് ആയിപ്പോയി. ഒരു നിലക്കും അടച്ച വാതില്‍ തുറക്കാനേ പറ്റുന്നില്ല, ശരിക്കും ലോക്ക് ഡൗണ്‍. കിണറ്റില്‍ വീണ പൂച്ചയെ പോലെയായി ഞാന്‍. വാതിലിനു പുറത്തു എല്ലാവരും എന്തൊക്കെയോ പറയുന്നു. ശകാരം മുഴുവന്‍ അവന്‍ കേട്ടു കാണും. ഞാന്‍ അകത്തായതിനാല്‍ വീട്ടുകാരുടെ വഴക്കില്‍ നിന്നും തത്കാലം രക്ഷപ്പെട്ടു. നിമിഷ നേരം കൊണ്ട് അനിയന്‍ പുറത്തെ കിളിവാതിലിലൂടെ എന്നെ നോക്കി ഇളിച്ചു കാട്ടിയപ്പോള്‍ പരിഹാസ്യനായ എന്നിലെ ദേഷ്യവും സങ്കടവും വീണ്ടും പതച്ചു പൊങ്ങി. പക്ഷേ എന്തു ചെയ്യാന്‍. സങ്കടം അടക്കി പിടിച്ചു നിലത്ത് ഒരു മൂലയിലിരുന്നു. വീട്ടുകാരൊക്കെ പണി പതിനെട്ടും പയറ്റിയെങ്കിലും വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ആശാരിയെ വിളിക്കുന്ന സംസാരമാണ് പുറത്തു നിന്ന് കേള്‍ക്കുന്നത്.
കുറച്ചു കഴിഞ്ഞു സഹോദരി ചോറ് കൊണ്ടുവന്നു ജനലിലൂടെ വിളിച്ചപ്പോഴാണ് സമയം ഉച്ചയായി എന്നറിയുന്നത്. നല്ല വിശപ്പുണ്ടായിരുന്നതിനാല്‍ വാങ്ങി വെച്ചു. അവളും ഒരു ചിരി പാസാക്കിയത് തീരെ സഹിച്ചില്ല. ഭക്ഷണം കഴിച്ചു നിസഹായാനായി കട്ടിലില്‍ കിടന്നു. അല്പം മയങ്ങി പോയതോ എന്തോ അറിയില്ല, കുറച്ചു നേരത്തേക്ക് പരിസരം മറന്നു.
പുറത്തു ആരൊക്കെയോ ചിരിക്കുന്ന ശബ്ദം കേട്ടാണ് പിന്നീട് ഉണര്‍ന്നത്. നോക്കുമ്പോള്‍ മൂത്ത സഹോദരിയുടെ വീട്ടിലെ ഏതോ ഒരു കല്യാണ കാര്യം സംസാരിക്കാന്‍ വന്ന രണ്ടു പേര്‍. അവര്‍ കൂട്ടിലടച്ച കുട്ടിക്കുരങ്ങനെ നോക്കുന്നത് പോലെ എന്നെ നോക്കി ചിരിയോ ചിരി. വിങ്ങിപ്പൊട്ടിയാണെങ്കിലും എനിക്കും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കണ്ണീരില്‍ കുതിര്‍ന്ന ചിരി.
ഓടു മേഞ്ഞ വീടായതിനാല്‍ ഏണിയിലൂടെ മുകളില്‍ കയറാന്‍ വഴിയുണ്ട്. പക്ഷേ മുറിയുടെ മുകള്‍ ഭാഗം പലകയടിച്ചുറപ്പിച്ചിട്ടുണ്ട്. ഒരു കമ്പിപ്പാര സംഘടിപ്പിച്ചു രണ്ടു പലകകള്‍ അവര്‍ ഇളക്കി മാറ്റി. റൂമിലുണ്ടായിരുന്ന മേശപ്പുറത്ത് കയറി രണ്ടു കൈയും മുകളിലേക്ക് പൊക്കി നിന്നു. മുകളില്‍ നിന്നും രണ്ടു കൈകള്‍ താഴേക്കും. ഒറ്റ വലിക്ക് ഞാന്‍ മുകളില്‍! അപ്പോഴേക്കും നേരം കുറേ കഴിഞ്ഞിരുന്നു.

Share this article

About admin

@ Pravasi Risala Publishing Desk

View all posts by admin →

One Comment on “കുട്ടിക്കാലത്തെ ലോക്ഡൗണ്‍”

Leave a Reply

Your email address will not be published. Required fields are marked *