മരണം ഹാ.! എത്ര മനോഹരം

Reading Time: 3 minutes

ആറ് വര്‍ഷത്തെ ജീവിതം കൊണ്ട് തുല്യതയില്ലാത്ത
വിശ്വാസദാര്‍ഢ്യവും നബിസ്‌നേഹവും കൈമുതലാക്കിയ
സഅദുബ്‌നു മുആദ്(റ) എന്ന ധീരയോദ്ധാവിനെ കുറിച്ച്.

മുഹമ്മദ് ഇ.കെ വിളയില്‍

‘ഓ, ബനൂ അബ്ദില്‍ അശ്ഹല്‍ സമൂഹമേ! നിങ്ങള്‍ എന്നെക്കുറിച്ചെന്താണ് മനസിലാക്കിയത്?’
ഇസ്‌ലാമിലേക്ക് കടന്നുവന്നയുടനെ സഅദ്ബ്‌നു മുആദ് (റ) തന്റെ സ്വന്തം നാട്ടുകാര്‍ക്ക് നേരെ തിരിഞ്ഞ് ചോദിച്ചതാണിത്. നബി(സ്വ)യുടെ പ്രത്യേക നിര്‍ദേശ പ്രകാരം മദീനയിലെത്തി പ്രബോധനം നടത്തുന്ന മിസ്അബ് (റ) മുഖേനെയായിരുന്നു അദ്ദേഹം മുസ്‌ലിമായത്. ചോദ്യം തീര്‍ന്നയുടനെ തെല്ലും ശങ്കയില്ലാതെ മുആദ് (റ)ന്റെ ജനത പറഞ്ഞു. ‘നീ ഞങ്ങളുടെ നേതാവാണ്, കാര്യ ദര്‍ശിയാണ്.’
അപ്പോള്‍ മുആദ് (റ) പറഞ്ഞു. ‘എന്നാല്‍ ഒരു കാര്യം മനസിലാക്കുക, നിങ്ങളെല്ലാവരും ഇസ്‌ലാം പുല്‍കുന്നത് വരെ എനിക്ക് നിങ്ങളുമായി യാതൊരു ബന്ധവുമില്ല.’
വാക്ക് വെറുതെയായില്ല. ആ ഗോത്രമൊന്നടങ്കം ഇസ്‌ലാമിലേക്ക് വന്നു. അതോടെ മിസ്അബിനും സംഘത്തിനും അവര്‍ നല്ലൊരു അഭയ കേന്ദ്രമായി മാറുകയും ചെയ്തു.
സഅദ് ബ്‌നു മുആദ്(റ) മുസ്‌ലിമായതിന് ശേഷം വളരെ ചുരുങ്ങിയ കാലം മാത്രമേ ജീവിക്കാന്‍ അവസരമുണ്ടായുള്ളൂ. മുപ്പത്തെിയൊന്നാം വയസില്‍ ഇസ്‌ലാമിലേക്ക് വരികയും മുപ്പത്തി ഏഴാം വയസില്‍ ഖന്ദഖ് യുദ്ധത്തിലേറ്റ മുറിവ് കാരണമായി വഫാത്താവുകയും ചെയ്തു.
ഈ ആറ് വര്‍ഷങ്ങള്‍ സംഭവബഹുലമായിരുന്നു. ബദ്‌റും ഉഹ്ദും ഖന്ദഖും തുടങ്ങി ഇസ്‌ലാമിക ചരിത്രത്തില്‍ ഒട്ടേറെ പ്രധാനപ്പെട്ട സംഭവങ്ങളില്‍ പങ്കെടുത്താണ് അവിടുന്ന് വഫാത്താകുന്നത്.
നബി(സ്വ)യുടെമനസിന് കുളിരേകുന്ന സമാധാനം നല്‍കുന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കാന്‍ മഹാനവര്‍കള്‍ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.
ബദ്‌റ് യുദ്ധത്തിന്റെ മുന്നോടിയായി മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബത്തിനെ മുന്‍നിര്‍ത്തി തിരുനബി(സ) നിലവിലെ പ്രതിസന്ധികളവതരിപ്പിച്ചപ്പോള്‍ അന്‍സ്വാരികളുടെ പ്രതിനിധിയായി എഴുന്നേറ്റത് സഅദ്ബ്‌നു മുആദ് (റ) ആയിരുന്നു. അവിടുത്തെ വചനങ്ങള്‍ എക്കാലവും മുസ്‌ലിം ഹൃദയങ്ങള്‍ക്ക് പ്രചോദനമാണ്.
‘യാ റസൂലല്ലാഹ്! ഞങ്ങള്‍ നിങ്ങളെ വിശ്വസിച്ചു. സത്യമാണെന്ന് അംഗീകരിച്ചു. തങ്ങള്‍ പ്രബോധനം ചെയ്ത കാര്യങ്ങള്‍ സത്യമാണെന്നതിന് ഞങ്ങള്‍ സാക്ഷികളാണ്. നിങ്ങള്‍ ഞങ്ങളെ നയിക്കുന്നത് ആ കടലിലേക്കാണെങ്കിലും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും ഒരുത്തനും പിന്മാറുകയില്ല. നാളെ നിങ്ങള്‍ ഞങ്ങളെയും കൂട്ടി ശത്രുവിനെ നേരിടുന്നുവെങ്കില്‍ ഞങ്ങള്‍ക്കതില്‍ യാതൊരു വൈമനസ്യവുമില്ല. ഞങ്ങള്‍ യുദ്ധങ്ങളില്‍ ക്ഷമയോടെ അടിയുറച്ച് നില്‍ക്കുന്നവരാണ്. പോരാട്ടത്തില്‍ ആത്മാര്‍ഥതയുള്ളവരാണ്. ഒരുപക്ഷേ അല്ലാഹു ഞങ്ങളിലൂടെ നിങ്ങള്‍ക്ക് കണ്‍കുളിര്‍മയേകുന്ന പലതും കാണിച്ചു തന്നേക്കാം. അത് കൊണ്ട് അല്ലാഹുവിന്റെ ഗുണ സമൃദ്ധിയിലായി ഞങ്ങളെയും കൂട്ടി നടന്നാലും.’
ഉഹ്ദ് യുദ്ധത്തിലും മഹാനവര്‍കള്‍ നബിക്ക് വലിയ ആശ്വാസം പകര്‍ന്നിട്ടുണ്ട്. യുദ്ധം കലുഷിതമായപ്പോള്‍ മുസ്‌ലിം പക്ഷത്ത് ചില വിഹ്വലതകള്‍ ഉടലെടുക്കുകയും മുസ്‌ലിംകള്‍ ചിതറിയോടുകയും ചെയ്തപ്പോഴും നബിക്കരികില്‍ ഉറച്ച് നിന്ന് ധീരമായി പടപൊരുതുകയായിരുന്നു സഅദ് ബ്‌നു മുആദ്(റ).
മറ്റൊരു സന്ദര്‍ഭം ഖന്ദഖ് യുദ്ധമായിരുന്നു.
മുസ്‌ലികളുമായി സന്ധിയില്‍ കഴിഞ്ഞിരുന്ന ജൂത ഗോത്രമായ ബനൂഖുറൈളയിലെ ചിലര്‍ ഖുറൈശികളെ സമീപിച്ച് മുസ്‌ലിംകള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ചു. ഖുറൈശികള്‍ അതിന് സമ്മതിക്കുകയും ചെയ്തു. അതിനു പുറമെ മക്കയില്‍ നിന്ന് ഖുറൈശികളെ കണ്ട് മടങ്ങും വഴി വലിയ ഗോത്ര വിഭാഗമായിരുന്ന ഗത്വ്ഫാനികളെയും ഖുറൈശികള്‍ക്കൊപ്പം ചേരാന്‍ പ്രേരിപ്പിക്കുകയുണ്ടായി. തങ്ങളുമായി സമാധാന കരാറില്‍ കഴിഞ്ഞു വരുന്ന ബനൂഖുറൈളക്കാരുടെ ഈയൊരു നടപടി നബിയെ വളരെ വിഷമത്തിലാക്കി. നബി(സ്വ) ഗത്വ്ഫാനീ നേതാക്കളെ കണ്ട് ഈയൊരു ഉദ്യമത്തില്‍ നിന്നും പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അവരതിന് പ്രതിഫലമായി ആവശ്യപ്പെട്ടത് വലിയൊരു തുകയായിരുന്നു. അതോടെ സ്വഹാബത്തുമായി കൂടിയാലോചിച്ച് തീരുമാനം പറയാമെന്നായി തിരുനബി.
സ്വഹാബത്തിനെ വിവരം ധരിപ്പിച്ചപ്പോള്‍ സഅദ്ബ്‌നു ഉബാദ(റ) യും സഅദ് ബ്‌നു മുആദും(റ) ചോദിച്ചു,
‘തിരുദൂതരെ, ഇത് അങ്ങയുടെ അഭിപ്രായമോ, അല്ലാഹുവിന്റെ കല്‍പനയോ?
നബി(സ്വ) മറുപടി നല്‍കി. ‘ഇതെന്റെ അഭിപ്രായമാണ്. അല്ലാഹു സാക്ഷി, അറബികളെല്ലാം കൂടി സംഘടിച്ച് നിങ്ങളെ അക്രമിക്കാന്‍ ഒരുമ്പെടുന്നത് കണ്ടപ്പോള്‍, നിങ്ങളുടെ നന്മയോര്‍ത്ത് കൊണ്ട് മാത്രമാണ് ഞാനതിനു മുതിര്‍ന്നത്. അത് അവരുടെ ശക്തി പരമാവധി തകര്‍ക്കാന്‍ പര്യപ്തമാവുമെന്ന് കരുതി.’
അപ്പോള്‍ സഅദ് (റ) പറഞ്ഞു.
‘അല്ലാഹുവിന്റെ തിരുദൂതരെ ഞങ്ങളും അവരും ബഹുദൈവ വിശ്വാസത്തിലും ബിംബാരാധനയിലുമായിരുന്നു. അല്ലാഹുവിനെ ഞങ്ങള്‍ അറിയുകയോ ആരാധിക്കുകയോ ചെയ്തിരുന്നില്ല. ഇക്കാലത്ത് പോലും വിരുന്നും വില്‍പനയുമായിട്ടല്ലാതെ ഞങ്ങളുടെ പട്ടണത്തില്‍ നിന്ന് ഒരു പഴം തിന്നാമെന്ന മോഹം അവര്‍ക്കുണ്ടായിട്ടില്ല. എന്നിട്ടിപ്പോള്‍ അല്ലാഹു ഞങ്ങളെ ഇസ്‌ലാം കൊണ്ട് ആദരിക്കുകയും സന്മാര്‍ഗത്തിലാക്കുകയും അങ്ങയെക്കൊണ്ടും ഇസ്‌ലാം മുഖേനെയും ഞങ്ങളെ ശക്തരാക്കുകയും ചെയ്തപ്പോള്‍ ഞങ്ങളുടെ സ്വത്ത് അവര്‍ക്ക് കൊടുക്കുകയോ?അവരെ സ്വാധീനിക്കേണ്ട ആവശ്യം നമുക്കില്ല. അല്ലാഹുവിന്റെ വിധിപോലെ നടക്കും.’
നബി(സ്വ) ചര്‍ച്ചയില്‍ നിന്നും പിന്മാറിയതായി ദൂതന്‍മാര്‍ മുഖേനെ ഗത്വ്ഫാന്‍ നേതാക്കന്‍മാരെ അറിയിച്ചു.
കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ മദീനയെ ശത്രുക്കള്‍ ഉപരോധിച്ചു. എന്നാല്‍ ഉപരോധത്തെ പ്രതിരോധിക്കാന്‍ നേരത്തെ തന്നെ ആസൂത്രണം ചെയ്തത് പ്രകാരം വലിയ കിടങ്ങുകള്‍ കീറി യുദ്ധത്തിന് തയാറായി നില്‍ക്കുകയായിരുന്നു. അത് കൊണ്ട് ശത്രുക്കളുടെ ഉപരോധം വിലപോയില്ല. യുദ്ധം ആരംഭിച്ചു. ‘മരണം എത്ര ആസ്വാദകരം’ എന്ന് പാടിക്കൊണ്ടായിരുന്നു സഅദ് ബ്‌നു മുആദ്(റ) യുദ്ധഭൂമികയിലേക്ക് ചുവട് വെച്ചത്. എന്നാല്‍ യുദ്ധത്തിനിടെ ശത്രുവിന്റെ അമ്പ് തറച്ച് കൈകളില്‍ നിന്നും നിലക്കാതെ രക്തം പ്രവഹിക്കാന്‍ തുടങ്ങി. അതോടെ സഅദ്ബ്‌നു മുആദ്(റ) രണഭൂമിയില്‍ നിന്നും പിന്‍വാങ്ങാന്‍ നിര്‍ബന്ധിതനായി.
തിരുനബിയുടെ പള്ളിയില്‍ വിശ്രമിക്കുന്ന സഅദ് (റ) ദുആ ചെയ്തു: ‘അല്ലാഹുവേ, ഖുറൈശികളുമായുള്ള യുദ്ധം ഇനിയും അവശേഷിക്കുന്നുവെങ്കില്‍ എന്റെ ആയുസ് നീട്ടിത്തരണേ, കാരണം നിന്റെ ദൂതനെ മര്‍ദിക്കുകയും അവിശ്വസിക്കുകയും പുറത്താക്കുകയും ചെയ്ത ഒരു ജനതക്ക് വേണ്ടി പോരാടും പോലെ, മറ്റൊരു വര്‍ഗത്തിന് വേണ്ടിയും പോരാടാന്‍ എനിക്ക് താത്പര്യമില്ല. ഇനി, അവരുമായുള്ള യുദ്ധം നിലക്കുകയാണെങ്കില്‍ ഇന്നെനിക്ക് പറ്റിയ പരുക്ക് കാരണമായി എന്നെ നീ രക്തസാക്ഷികളില്‍ പെടുത്തണേ. ബനൂ ഖുറൈളക്കാരുടെ കാര്യത്തില്‍ എന്റെ കണ്‍കുളിര്‍ക്കുന്നത് വരെ നീ എന്നെ മരിപ്പിക്കരുതേ!

പ്രാര്‍ഥന വെറുതെയായില്ല.
യുദ്ധത്തിനൊരുങ്ങി വന്ന ഖുറൈശികള്‍ മദീനയില്‍ കടക്കാനാവാതെ, പരാജയഭീതിയില്‍ യുദ്ധസാമഗ്രികളുമെടുത്ത് മക്കയിലേക്ക് മടങ്ങി. അതോടെ ജൂതന്മാരെ വെറുതെ വിടാന്‍ പാടില്ലെന്ന് നബിയുടെ നിര്‍ദേശം വരികയും ചെയ്തു. കാരണം വഞ്ചകരാണവര്‍. മുസ്‌ലിംകളുമായി നിലവിലുള്ള കരാറിന് വിരുദ്ധമായി അവസരം കിട്ടുമ്പോഴെല്ലാം മുസ്‌ലിംകള്‍ക്ക് എതിരില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു അവര്‍.
ബനൂഖുറൈളയുടെ പതനവും കണ്ട് നിര്‍വൃതിയോടെ സഅദ് (റ) ശഹീദായി. യുദ്ധത്തില്‍ പരുക്കേറ്റതിന്റെ മുപ്പതാം നാള്‍ ആയിരുന്നു മഹാനവര്‍കളുടെ ശഹാദത്ത്. പരുക്കേറ്റ് കിടപ്പിലായിരുന്നപ്പോഴും മഹാനവര്‍കളെ തിരുനബി(സ്വ) ദൗത്യം ഏല്‍പ്പിച്ചു. കൂറ് മാറിയ ജൂതരെ മുസ്‌ലിം സൈന്യം ദീര്‍ഘമായി ഉപരോധിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ അവര്‍ സഅദ്ബ്‌നു മുആദ് (റ)വിന്റെ തീരുമാനത്തിന് വിടണമെന്ന ആവശ്യമുന്നയിച്ചു. കാരണം ഇസ്‌ലാമിനു മുമ്പ് സഅദ് (റ) മായി ജൂതര്‍ സഖ്യത്തിലായിരുന്നു. അത് പ്രകാരം ചികിത്സയില്‍ കഴിയുന്ന മഹാനവര്‍കളെ കൊണ്ടുവരാന്‍ നബി(സ്വ) ആളെ അയച്ചു. രോഗകാഠിന്യത്താല്‍ അവശനായിരുന്ന അദ്ദേഹത്തെ ഒരു കഴുതപ്പുറത്ത് ഇരുത്തി താങ്ങിയാണ് കൊണ്ടുവന്നിരുന്നത്. നബിയോടും ഇസ്‌ലാമിനോടും വഞ്ചന പതിവാക്കിയിരുന്ന ബനൂഖുറൈളക്കാരുടെ തനിനിറം അറിയാമായിരുന്ന സഅദ്(റ) വിധിച്ചു: ‘യോദ്ധാക്കളെ വധിക്കുക, സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തടവുകാരായി പിടിക്കുക, സ്വത്ത് കണ്ടുകെട്ടുക.’ ഇതാണെന്റെ തീരുമാനം.
അല്ലാഹുവിന്റെ റസൂലിനെ അതിരറ്റ് സ്‌നേഹിക്കുകയും അവിടുന്നിന് പ്രതിസന്ധികളില്‍ സമാധാനപ്പെടുത്തുകയും ചെയ്ത സഅദി(റ)ന്റെ അന്ത്യം വലിയ ബഹുമതികളോടെ ആയിരുന്നു.
വഫാത്തിനോട് അടുത്ത സമയം തിരുനബി അദ്ദേഹത്തിന്റെ തലയെടുത്ത് മടിയില്‍ വെച്ച് ദുആ ഇരന്നു.’ അല്ലാഹുവേ! സഅദ് നിന്റെ മാര്‍ഗത്തില്‍ പോരാടി. നിന്റെ റസൂലിനെ വിശ്വസിച്ചു. ചുമതലകള്‍ നിറവേറ്റി. അതിനാല്‍ ഒരു ആത്മാവിനെ സ്വീകരിക്കുന്ന സര്‍വ ബഹുമതികളോടെയും നീ ഇദ്ദേഹത്തിന്റെ ആത്മാവിനെ സ്വീകരിക്കണേ!.

Share this article

About മുഹമ്മദ് ഇ.കെ വിളയില്‍

View all posts by മുഹമ്മദ് ഇ.കെ വിളയില്‍ →

Leave a Reply

Your email address will not be published. Required fields are marked *