മാട്ടൂല്‍ തങ്ങള്‍: ശ്രേഷ്ഠ ഗുരു

Reading Time: < 1 minutes

അറിവും അനുഭവവും കൊണ്ട്
ജീവിതം അത്രമേല്‍ ധന്യമാക്കിയ
മാട്ടൂല്‍ തങ്ങളെ ഓര്‍ക്കുന്നു.

അശ്‌റഫ് മന്ന
ashrafmanna@gmail.com

മാട്ടൂല്‍ തങ്ങള്‍ എന്ന ചുരുക്കപ്പേരില്‍, സ്‌നേഹജനങ്ങളുടെ ഖല്‍ബകത്ത് കൂടു കെട്ടിയ ശ്രേഷ്ഠ ഗുരുവാണ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍.
ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ വിഹായസില്‍ ആഴ്ന്നിറങ്ങിയും വ്യക്തിവിശുദ്ധിയുടെ പാരമ്യം എത്തിപ്പിടിച്ചും സമാനതകളില്ലാതെ ജീവിതം ഫലഭൂയിഷ്ടമാക്കിയ അസാമാന്യ പ്രതിഭ.
ഒരിക്കല്‍ പരിചയപ്പെട്ട ആര്‍ക്കും ആ മുഖം മറക്കാന്‍ കഴിയില്ല; അത്രമേല്‍ ജ്വലിക്കുന്ന വ്യക്തി പ്രഭാവം. സൗഹൃദങ്ങള്‍ക്കു ഉയര്‍ന്ന മൂല്യം കല്‍പിക്കുകയും അത് തകരാതെ കാത്തുസൂക്ഷിക്കുകയും ചെയ്യുമായിരുന്നു.
എണ്‍പതുകളുടെ ആദ്യത്തില്‍ അഥവാ മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ബഹുമാനപ്പെട്ട തങ്ങളുമായുള്ള ആ നല്ല ബന്ധം തുടങ്ങുന്നത്.
കണ്ണൂരിന്റെ മലയോര പ്രദേശമായ പുളിങ്ങോം മഖാമിനോട് അനുബന്ധിച്ചുള്ള പള്ളിയില്‍ ബഹുമാനപ്പെട്ട തങ്ങള്‍ മുദരിസ് ആയിരുന്നപ്പോള്‍ അവിടുത്തെ എളിയ ശിഷ്യനാവാന്‍ അവസരം ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ്. അന്ന് തുടങ്ങിയ ആ നല്ല ബന്ധം ഇന്ന് വരെ ഇടതടവില്ലാതെ സൂക്ഷിക്കാനായത്, മഹാനായ തങ്ങള്‍ ശിഷ്യഗണങ്ങളോട് കാണിച്ച കരുതലുകളുടെ സാക്ഷ്യമാണ്.
എല്ലാവരോടും വലിയ ഗുണകാംക്ഷയായിരുന്നു. ആര്‍ഭാടങ്ങളില്ലാത്ത ജീവിതം. എളിമയുടെ പാരമ്യം. സൂക്ഷ്മതയുടെ അങ്ങേയറ്റം. വിശുദ്ധിയുടെ നേര്‍വര. വിശ്വാസ ദാര്‍ഢ്യം. ഏതു പ്രതിസന്ധിയിലും പതറാത്ത മനസ്. അനന്യമായ നേതൃപാടവം. ആരെയും വിശ്വാസത്തിലെടുക്കുന്ന ഹൃദയം. ബഹുമാനപ്പെട്ട തങ്ങളെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ക്കു കഴിയില്ല.
മാട്ടൂലില്‍ പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന മന്‍ശഅ് സ്ഥാപന സമുച്ചയങ്ങള്‍ മഹാനായ തങ്ങളുടെ ഇച്ഛാശക്തിയുടെയും അധികാര വികേന്ദ്രീകരണത്തിന്റെയും നേതൃപാടവത്തിന്റെയും ഉദാഹരണമാണ്.
ഈ സ്ഥാപനങ്ങളുടെ പ്രചാരണത്തിനു വേണ്ടി യുഎഇ, ഒമാന്‍, ഖത്തര്‍, സഊദി ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ തങ്ങള്‍ നടത്തിയ യാത്രകള്‍, വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ നെഞ്ചുരുകുന്ന ഒട്ടേറെ പ്രവാസികള്‍ക്ക് ആശ്വാസത്തിന്റെ തെളിനീര്‍ നല്‍കിയിട്ടുണ്ട്. പ്രാസ്ഥാനിക ബൗണ്ടറിക്കപ്പുറത്തും മഹാനായ തങ്ങളുമായി സ്വകാര്യ അനുഭവങ്ങള്‍ കാത്തുസൂക്ഷിക്കുന്ന പലരെയും കണ്ടിട്ടുണ്ട്. ആത്മീയ ശിക്ഷണത്തിന്റെ നൂറു നൂറ് അനുഭവങ്ങള്‍ അവര്‍ പങ്കുവെക്കുന്നുണ്ട്.
ഏതായാലും ജീവിത കാലത്തു കെട്ടിപ്പടുത്ത ആത്മീയ വിശുദ്ധിയുടെ നിറവില്‍, നരക വാതിലുകള്‍ കൊട്ടിയടക്കപ്പെടുകയും സ്വര്‍ഗ കവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുകയും ചെയ്തിട്ടുള്ള പവിത്ര റമളാന്റെ പകലില്‍ ആ പുണ്യ ദേഹം യാത്രയായി രിക്കുന്നു. അല്ലാഹു അവിടുത്തെ ദറജ ഉയര്‍ത്തട്ടെ.

Share this article

About അശ്‌റഫ് മന്ന

View all posts by അശ്‌റഫ് മന്ന →

Leave a Reply

Your email address will not be published. Required fields are marked *